Story written by Sumayya Beegum T A
=====================
ഇക്കാ, ഡ്യൂട്ടി കഴിഞ്ഞു എപ്പോ എത്തി.
കുറച്ചു നേരമായി.
റാഹി,മക്കൾ ഉറങ്ങിയോ?
ഉവ്വ്.പക്ഷേ ഇളയ ആൾ ഇപ്പൊ ഉണരും. അവൾക്ക് പകലിനെക്കാൾ ഉണർന്നിരിക്കാൻ ഇഷ്ടം രാത്രിയാണ്.
ശരിക്കും നിങ്ങളെ വല്ലാണ്ട് മിസ്സ് ചെയ്യുന്നുണ്ട് റാഹി.
ഇക്കാ ഒരു ഒറ്റ ആഴ്ച അതുകഴിയുമ്പോൾ ഞാനും മക്കളും അങ്ങ് പറന്നെത്തുവല്ലേ.
ഇൻശാ അല്ലാഹ്, ഞാൻ കാത്തിരിക്കുന്നു. പിറ്റേദിവസം നിനക്ക് പുതിയ ജോലിക്ക് ജോയിൻ ചെയ്യണം. കുഴപ്പമില്ലല്ലോ.
എന്ത് കുഴപ്പം? മോളെ ഉമ്മയെ ഏല്പിച്ചു ഞാൻ പൊക്കോളാം അതൊന്നും ഓർത്തു ടെൻഷൻ അടിക്കണ്ട. നഴ്സിംഗ് പഠിച്ചിട്ട് വെറുതെ ഇരിക്കാൻ തുടങ്ങിയിട്ട് ഇപ്പൊ കുറച്ചായില്ലേ. എനിക്കും ബോറടിക്കുന്നു.
എന്നാ ശെരിയെടി ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ കുറച്ചു കഴിഞ്ഞു വിളിക്കാം.
എന്തൊക്കെ സ്വപ്നങ്ങളുമായി ആണ് മക്കളും ഉമ്മയ്ക്കും ഒപ്പം ഇക്കയുടെ അടുത്തേക്ക് പറന്നെത്തിയത്. പക്ഷേ പടച്ചോൻ കരുതി വെച്ചത് ഒരിക്കലും പ്രതീക്ഷിക്കാത്തത് ആയിരുന്നു.
റാഹി..നേർത്ത നിരാശ കലർന്ന സ്വരത്തിൽ ഇക്കാ വിളിച്ചു.
എന്ത് വന്നാലും ഫേസ് ചെയ്തല്ലേ പറ്റു. നീ ഒരു നഴ്സ് അല്ലേ. ധൈര്യായിട്ട് ഇരിക്കു.
ഡോക്ടറെ കാണാൻ വെയ്റ്റിംഗ് റൂമിൽ ഇരിക്കുമ്പോൾ തന്റെ കൈ ചേർത്തുപിടിച്ചു ഇക്കാ അതുപറഞ്ഞപ്പോൾ എന്തിനാണ് മൂപ്പരുടെ കണ്ണ് നിറഞ്ഞതെന്നു ഞാൻ ചോദിച്ചില്ല.
ഒരു വൈകുന്നേരം മക്കളെ ഉമ്മയുടെ അടുത്താക്കി ഇത്തിരി നേരം പ്രിയപെട്ടവനൊപ്പം സൊറ പറഞ്ഞിരിക്കുമ്പോൾ ആണ് ഇക്കാ അത് ശ്രദ്ധിച്ചത്.
എന്റെ തൊണ്ടയിൽ ഒരു വീർപ്പു ഒരു ചെറിയ മുഴ പോലെ.
പക്ഷേ അങ്ങനെ ഒരു മുഴ ഉള്ളതിന്റെ ഒരു ബുദ്ധിമുട്ടും എനിക്ക് ഉണ്ടായിരുന്നില്ല. ചിലപ്പോൾ എന്റേതായ തിരക്കിൽ ഞാൻ ശ്രദ്ധിക്കാതിരുന്നതാവും.
ഇക്കാ പറഞ്ഞപ്പോൾ ഓ നിങ്ങൾക് തോന്നുന്നത് ആണെന്ന് പറഞ്ഞു ഒഴിഞ്ഞുമാറി. ജോലി ഹോസ്പിറ്റലിൽ ആണെങ്കിലും ഒരു രോഗിയായി പോകുന്നത് പണ്ടേ തീരെ ഇഷ്ടല്ല.
പക്ഷേ ഡോക്ടറെ കാണണമെന്ന് മൂപ്പർക്ക് നിർബന്ധം.
ആൾ അങ്ങനെ ആണ്. മറ്റുള്ളവരുടെ കാര്യത്തിൽ ഭയങ്കര ശ്രദ്ധ ആണ്.
വേണ്ട എന്നുപറഞ്ഞിട്ടും ഡോക്ടറെ കാണിച്ചു.
തൈറോയ്ഡ് ആവാൻ ചാൻസ് ഉണ്ടെന്നു അറിഞ്ഞപ്പോൾ ബ്ലഡ് ടെസ്റ്റ്, സ്കാനിംഗ് ചെയ്തു. അതേ തൈറോയ്ഡ് ഉണ്ട്.
അടുത്ത സ്റ്റെപ് ആയി ഡോക്ടർ പറഞ്ഞതാണ് തൊണ്ടയിലെ മുഴയിൽ നിന്നും കുത്തിയെടുത്തു ബയോപ്സിക്ക് അയക്കാൻ.
ഞാൻ വാ പൊളിച്ചു അതൊന്നും വേണ്ടാട്ടോ ഇക്കാ നിങ്ങൾക്കിട്ട് ഞാനൊരു കുത്തു തരും. ചുമ്മാ ഇരുന്നോ എന്റെ തൊണ്ടയിൽ കുത്തി ഒന്നും പരിശോധിക്കുന്നില്ല.
ഡി നീ ഒരു നേഴ്സ് ആണല്ലോ മുഴയുള്ള ഏതു തൈറോയ്ഡ് രോഗിക്കും ബയോപ്സി ചെയ്തിട്ടാണ് അടുത്ത സ്റ്റെപ്പിലോട്ട് പോയി ട്രീറ്റ്മെന്റ് തുടങ്ങുക എന്ന് നിനക്ക് നന്നായി അറിയാല്ലോ. മുഴ സാധാ ട്യൂമർ ആണെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.
എന്റിക്ക നിങ്ങളുടെ കാര്യം മനുഷ്യനെ ചുമ്മാ ബേജാറാക്കാൻ. ഞാൻ വരാം ഇനി അതിന്റെ ഒരു കുറവ് വേണ്ട.
ആ റിസൾട്ട് കാണിക്കാൻ ആണ് ഇന്ന് ഡോക്ടറെ കാത്തിരിക്കുന്നത്. ആ റിസൾട്ട് എന്താണെന്നു ഇനി ആരും പറഞ്ഞു തരേണ്ട കാര്യമില്ല. അത് വെറുമൊരു മുഴയല്ല. കാൻസർ ആണ്.
ഞാൻ കരയില്ല പണ്ടേ കരയുന്നത് എനിക്കിഷ്ടമല്ല. കഴിഞ്ഞുപോയ ഒന്നിനെ പറ്റിയും ഓർത്തു ഒരിക്കൽ പോലും ജീവിതത്തിൽ സങ്കടപെടാത്ത ആൾ ആണ്. പാസ്ററ് ഈസ് പാസ്ററ് അതാണ് പോളിസി.
പക്ഷേ അത്രയും പോസിറ്റീവ് എനർജി നിറഞ്ഞൊരു മനസ്സിൽ കരിനിഴലായി പെട്ടന്ന് ഒരു ദിവസം ഇങ്ങനെ ഒരു അസുഖം.
ഉള്ള് വിങ്ങിപൊട്ടുന്നുണ്ട്. സ്നേഹം കൊണ്ടുമൂടുന്ന കെട്ടിയോൻ, മാലാഖ പോലെ രണ്ടു പെണ്മക്കൾ ആഗ്രഹിച്ച ജോലി എല്ലാം ഇന്നലെ വരെ ഇന്ന് ഒരു മാരക രോഗത്തിന്റെ വാഹകയായി ഈ ആശുപത്രി മുറിയിൽ. എല്ലാം പടച്ചോന്റെ തീരുമാനം.
ഇക്കയുടെ കയ്യെടുത്തു മുത്തി കവിൾ ചേർത്തുവെച്ചു.
എനിക്ക് ഒന്നും പറയാൻ അപ്പൊ ഇല്ലായിരുന്നു.
ഡോക്ടറെ കണ്ടു. ട്രീറ്റ്മെന്റ് തുടങ്ങാൻ പോകുകയാണ്. അഞ്ചാറുമാസം ഒറ്റയ്ക്കു കഴിയേണ്ടിവരും. സർജറിയും റേഡിയേഷനും ഒക്കെ നടക്കുമ്പോൾ ഇൻഫെക്ഷൻ ആവാൻ പാടില്ല.
തിരിച്ചുള്ള യാത്രയിൽ ഇക്കാ ഒന്നും മിണ്ടിയില്ല.
ഇക്കാ.. ഇക്കോ നിങ്ങള് എന്താണ് സെന്റി അടിച്ചിരിക്കുന്നത്.
ഒന്നുമില്ല.
ഇല്ലേ, ഞാൻ തട്ടിപോയാൽ അടുത്തൊരു നികാഹ് ഉടനുണ്ടാവും ഇല്ലേ കള്ളാ.
ഡി മിണ്ടാതിരിക്കുന്നുണ്ടോ.
മിണ്ടാണ്ടിരിക്കാൻ എനിക്ക് വയ്യ ഇനി ഈ ശബ്ദം എത്ര നാൾ എന്നുപോലും അറിയില്ല. അപ്പൊ പറയാനുള്ളതൊക്കെ ഞാൻ പറയും.
റാഹി നിർത്തുന്നുണ്ടോ.
എന്തിനാ ഇക്കാ ഇത്ര മൂഡ് ഓഫ് ആകുന്നത്?
എനിക്ക് ഒന്നും വരില്ല.
പിന്നെ ട്രീറ്റ്മെന്റ് തുടങ്ങുമ്പോൾ സ്ട്രിക്ട് ഡയറ്റ് അല്ലേ അതോണ്ട് എനിക്കിഷ്ടമുള്ളതൊക്കെ കഴിക്കണം.
മ് വാങ്ങി തരാം.
ഇപ്പൊ വേണം.
ഇപ്പോഴോ.
അതേ വണ്ടി ഒരു നല്ല റെസ്റ്റോറന്റിന് മുമ്പിൽ നിർത്തിക്കോ എനിക്ക് വിശന്നിട്ടു വയ്യ.
നല്ലൊരു സ്ഥലത്തു കേറി ഇഷ്ടമുള്ളതൊക്കെ വാങ്ങി വാരി വലിച്ചു തിന്നുന്ന എന്നെക്കണ്ടു അങ്ങേരു കിളി പോയി ഇരിക്കുമ്പോൾ ഞാൻ കുറച്ചു ഡിഷസ് പാർസൽ ഓർഡർ ചെയ്യുക ആയിരുന്നു.
നിങ്ങൾക്ക് ഒന്നും വേണ്ടേ?
വേണ്ട.
അതെന്താ ആരേലും ഇവിടെ ചത്തോ.
മര്യാദയ്ക്ക് കഴിക്ക് മനുഷ്യ.
ലാസ്റ്റ് ഫേവറൈറ്റ് ഐസ് ക്രീം കൂടി കഴിച്ചു മൂത്തെയാൾക്ക് പാർസലും എടുത്തു ഇറങ്ങുമ്പോൾ കയ്യിൽ ഒരു ലോഡ് സാധനങ്ങൾ ഉണ്ടായിരുന്നു.
വീട്ടിൽ ചെന്ന് ഉമ്മച്ചിയോട് ആഘോഷമായി കാര്യം അവതരിപ്പിച്ചതും ഞാൻ തന്നെ. മോൾ അറിയരുത് എന്നൊരു കണ്ടിഷൻ മാത്രേ എനിക്ക് ഉണ്ടായിരുന്നുള്ളു.
കണ്ണീരും നിലവിളിയുമായി ഉമ്മച്ചി തകർന്നു വീഴുമ്പോൾ ഞാൻ മക്കളെ റൂമിൽ കിടത്തി ഉറക്കി.
നാട്ടിൽ ഉമ്മച്ചി വിളിച്ചുപറഞ്ഞു അന്വേഷണക്കാരുടെ ബഹളം ആയിരുന്നു. വാപ്പ, കൂടപ്പിറപ്പുകൾ, ഭർതൃ വീട്ടുകാർ. നല്ല സ്റ്റൈൽ ആയി ഫോൺ സ്വിച്ച് ഓഫ് ആക്കി.
ഫോണുമായി പോയി മാറിയിരുന്നു സംസാരിക്കുന്ന ഇക്കയെ പിടിച്ചു റൂമിൽ കൊണ്ടുവന്നു.
നോക്കുമ്പോൾ കണ്ണൊക്കെ ചുവന്നിട്ടുണ്ട് കവിളൊക്കെ വീർത്തു ഒറ്റ ദിവസം കൊണ്ട് കിളവനായി.
മൂപ്പരെ ബാത്‌റൂമിൽ കേറ്റി കുളിപ്പിച്ചു തോർത്തി കട്ടിലിൽ പിടിച്ചിരുത്തുമ്പോൾ മുഖം പിന്നെയും ഡിം.
സാധാരണ ഇപ്പൊ വേണ്ട എന്നുപറയുന്ന ഞാൻ തന്നെ എല്ലാത്തിനും മുൻകൈ എടുത്തു ഒന്നാവുമ്പോൾ കുറച്ചു നേരം ഇക്കയും എല്ലാം മറന്നു.
മക്കളും മൂപ്പരും ഉറങ്ങുമ്പോൾ ജനാലയിലൂടെ ഞാൻ നിലാവ് നോക്കി നിന്നു.
ന്നാലും ഇച്ചിരി കൂടിപ്പോയി ന്റെ റബ്ബേ, ഞങ്ങൾ ജീവിക്കാൻ തുടങ്ങിയതല്ലേ ഉള്ളു. ഇളയമോൾക്ക് ആറുമാസം ആണ് പ്രായം. പാല് കുടിക്കുന്ന അവളെ പറിച്ചെറിഞ്ഞു ഞാൻ എങ്ങനെ മാറിനിൽക്കും?
നെഞ്ചിൽ പാൽ കെട്ടുന്നപോലെ വല്ലാത്ത കനം.
കണ്ണീരൊരു പുഴയായി ഒഴുകി തുടങ്ങി.
ഒരു മണിക്കൂറോളം ഒറ്റയ്ക്ക് നിന്നിട്ട് ഉമ്മയുടെ അടുത്ത് ചെന്നു.
മൂപ്പത്തി ഖുർആൻ ഓതുകയാണ്. കണ്ണീർ ഒഴുകുന്നു.
ഉമ്മാ.
എന്റെ വിളികേട്ടു ഉമ്മച്ചി മുഖമുയർത്തി ഖുർആൻ അടച്ചുവെച്ചു.
ഉമ്മയെ കെട്ടിപിടിച്ചു കുറേനേരം അശ്വസിപ്പിച്ചു ധൈര്യം കൊടുത്തു…
പിറ്റേന്ന് തൊട്ട് ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിവസങ്ങൾ.
വേദന, വിരഹം, ഏകാന്തത, മരണഭീതി എല്ലാം ഒരേ അളവിൽ അറിഞ്ഞു.
അപ്പോഴും ചങ്കായി കെട്ടിയോൻ കൂടെനിന്നു എന്റെ കുറവ് അറിയിക്കാതെ മക്കളെ പൊന്നുപോലെ നോക്കി.
മാസങ്ങൾക്ക് ശേഷം എന്നോ തീർന്നു എന്നുകരുതിയ ജീവിതത്തിന്റെ തളിരുകൾ വീണ്ടും കിളിർത്തു തുടങ്ങി..
അൽഹംദുലില്ലാഹ്..
ഇടയ്ക്ക് പിണങ്ങുന്ന ശബ്ദം ഒഴിച്ച് ബാക്കിയെല്ലാം ഓക്കേ ആയി.
അതിനിടയ്ക്ക് ആരും പ്രതീക്ഷിക്കാതെ അത്ഭുതം പോലെ മൂന്നാമതൊരു മോൾ കൂടി ഞങ്ങൾക്കിടയിൽ എത്തി.
ഒരുപാട് സങ്കടപെടുത്തിയതിനു റബ്ബ് തന്ന സമ്മാനം.
അതേ മരുഭൂമിയിൽ കറുപ്പ് പടർന്ന രാവുകളിൽ വീണ്ടും നിലാവ് ഉദിക്കുന്നത് കണ്ടു ഞാൻ വീണ്ടും ചിരിച്ചു. ഇക്കയെ പറ്റിക്കാൻ ഉള്ള ചിരിയല്ല നല്ല ഒന്നാംതരം നിലാവ് പോലുള്ള ചിരി.
(ഇതൊരു കഥ അല്ല എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ ജീവിതം എന്റേതായ രീതിയിൽ പകർത്തിയതാണ്. എന്റെ ജീവിതത്തിലും പ്രകാശം പരത്തുന്ന എന്റെ റാഹിലയ്ക്ക് നാഥൻ എന്നെന്നും ജീവിതത്തിൽ ചിരികൾ നിറയ്ക്കട്ടെ അതുപോലെ തന്നെ മഹാ വ്യാധികളോട് പൊരുതുന്ന ഓരോരുത്തർക്കും അവളൊരു പ്രചോദനം ആവട്ടെ ❤)