എന്നും നിനക്കായ് ~ ഭാഗം 04, എഴുത്ത്: സോണി അഭിലാഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

” അമ്മച്ചി ഒരു കവർ ഇങ്ങു തന്നേക്ക്..”

അടുത്തു നിന്ന എൽസിയോട് ജോജി പറഞ്ഞു..അത് കേട്ടപ്പോൾ ശ്രുതിക്കും ലില്ലിക്കും ആശ്വാസമായി..എൽസി കൊടുത്ത കവറും വാങ്ങി ജോജി പറമ്പിലേക്ക് നടന്നു..

” നിങ്ങൾ ഇരിക്ക്..എൽസി ഈ പിള്ളേർക്ക് എന്തെങ്കിലും കഴിക്കാൻ കൊടുക്ക് ഞാനൊന്ന് ആ കപ്യാരെ കണ്ടിട്ട് വരാം..” അതും പറഞ്ഞു ജോസ് പുറത്തേക്കിറങ്ങി..

ശ്രുതിക്ക് അതുകേട്ടപ്പോൾ എന്തോ ഒരു വല്ലായ്മ തോന്നി ഇത്രയും ദ്രോഹിച്ചിട്ടും അതൊന്നും ഇവര് തന്നോട് കാണിക്കുന്നില്ല ഒരു ദേഷ്യവും ഇല്ലാതെ സംസാരിക്കുന്നു..

എൽസി രണ്ടുപേരോടും ഇരിക്കാൻ പറഞ്ഞു..അപ്പോൾ ശ്രുതി ലില്ലിയുടെ ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞു അതുകണ്ട് എൽസി ചോദിച്ചു

” എന്താ ലില്ലി ഈ കുട്ടി പറയുന്നേ..? “

” അത് അമ്മച്ചി വേറെ ഒന്നുമല്ല ഇവൾക്ക് ഈ പറമ്പ് ഒക്കെ ഒന്ന് കാണണം എന്ന്..”

” അതേയോ..എന്നാൽ നിങ്ങള് പോയി കണ്ടിട്ട് വാ..”

അത് കേട്ടതും ശ്രുതി ലില്ലിയേ വലിച്ചുകൊണ്ട് പുറത്തിറങ്ങി. അവൾ അവിടെയാകെ ഒന്ന് വീക്ഷിച്ചു..പിന്നേ മുന്നോട്ട് നടന്നു തുടെങ്ങി..

ആ രണ്ടേക്കറിൽ ഒരുവിധപ്പെട്ട എല്ലാ പച്ചക്കറികളും മാവും പ്ലാവും ചാമ്പയും പേരയും എല്ലാം കൊണ്ട് സമ്പന്നമായിരുന്നു ശ്രുതി അതിശയത്തോ
ടെ എല്ലാം നോക്കിക്കണ്ടു..

നിറയെ ചാമ്പങ്ങ നിറഞ്ഞ ചാമ്പയിൽ നിന്നും ഒരെണ്ണം പെട്ടിച്ചെടുത്തു അവൾ കടിച്ചു അതിന്റെ ചെറിയ പുളിയിൽ അവളുടെ മുഖം ചുളുങ്ങി..

” ഇത് മുഴുവനും ജോജിയും അപ്പനും കൂടി കൃഷി ചെയ്യുന്നതാണോ ലില്ലി..? “

” അതേ..ഇതെല്ലാം അവരുടെ അധ്വാനത്തിന്റെ ഫലമാണ്..മണ്ണിൽ പണിത് പൊന്ന് വിളയിക്കുന്നവരാണവർ.”

” അതെന്താ അവിടെ കുറച്ചു സ്ഥലത്തു മാത്രം നെല്ല്..? ” ശ്രുതി ചോദിച്ചു

” ഇവർക്ക് മാത്രമുള്ള നെല്ലാണത്.. ഇവർക്ക് ആവശ്യത്തിന് എടുത്തിട്ട് ബാക്കി ജിനിചേച്ചിക്ക് കൊടുക്കും..”

” ജിനിച്ചേച്ചിയോ അതാരാ..? “

” ജോജിക്ക് ആകെ ഉള്ള ഒരു കൂടപ്പിറപ്പാണ് കല്ല്യണം കഴിച്ചു വിട്ടു..”

സംശയങ്ങൾ ചോദിച്ചും പറഞ്ഞും അവർ ഉള്ളിലോട്ട് നടന്ന് അവരെത്തിയത് കുള
ത്തിന്റെ അടുത്താണ്…

” ഇത് എന്താ രണ്ട് കുളം ഒരു പറമ്പിൽ..? “

” അത് ഒന്നിൽ നിറയെ മീനുകളാണ്.. മറ്റേത് ഇവർ പണികഴിഞ്ഞു കൈയും കാലും കഴുകാനായിട്ടുള്ളതാണ് ” ലില്ലി സംശയം തീർത്തു കൊടുത്തു..

പലതരം വാഴകളും കപ്പയും ചേനയും ചേമ്പും പച്ചക്കറികളും സമൃദ്ധമായി വിളഞ്ഞു നിൽക്കുന്നത് കണ്ട്‌ ശ്രുതിക്ക് ജോജിയോട് വല്ലാത്തൊരു ആരാധന തോന്നി..

“അല്ല ഈ ജോജി എത്ര വരെ പഠിച്ചിട്ടുണ്ട്..? “

” അവൻ ഡിഗ്രിക്കാരനാ..പോലീസ് ആകാൻ വലിയ താല്പര്യമായിരുന്നു..പക്ഷേ ജോസേട്ടൻ ഒറ്റക്ക് പറമ്പിൽ പണിയുന്നത് കണ്ട്‌ അവനും ഇതിലേക്ക് തിരിഞ്ഞു..”

ജോജി ഡിഗ്രിക്കാരൻ ആണെന്നത് ശ്രുതിയെ ഞെട്ടിച്ചു..

ഈ നാട്ടിലെ പഠിപ്പും വിവരവുമില്ലാത്ത ഒരുത്തൻ എന്നേ ഇത് വരെ അവൾ വിചാരിച്ചിരുന്നുള്ളു..

ആ ഒരു വിലയെ ആദ്യമൊക്കെ അവനു അവളുടെ മനസിൽ കൊടുത്തിരുന്നുള്ളു. അത്പോലെയുള്ള കൂട്ടുകാരും ആയിരുന്നു അവന്റേത് എന്നതും ഒരു പുച്ഛമായി അവളിൽ വളർന്നിരുന്നു..

എന്നാൽ ഇപ്പോൾ അവനെ കുറിച്ച് കേൾക്കുന്നതും ഈ പറമ്പിൽ കാണുന്ന അവന്റെ കൂടി അധ്വാനത്തിന്റെ ഫലവും അവളിൽ ജോജിയോടുള്ള പ്രണയത്തെ
വാനോളം ഉയർത്തുന്നതായിരുന്നു..

അവർ നടന്ന് പുളി മരം നിൽക്കുന്നിടത്തെത്തി അപ്പോഴും ജോജി മരത്തിന്റെ മുകളിൽ നിന്നും പുളി പറിച്ചു കവറിൽ ആക്കുകയായിരുന്നു താഴെ വീണ് കിടന്നപുളിയിൽ നിന്നും ശ്രുതിയും ലില്ലിയും ഓരോന്നെടുത്തു കടിച്ചു..

അവരെ കണ്ട്‌ ജോജി താഴേക്കിറങ്ങി ആ
കവർ ലില്ലിക്ക് നേരെ നീട്ടിയിട്ട് പറഞ്ഞു

” എന്റെ പൊന്ന് ലില്ലി..നീ ഇനി ആർക്കുവേ
ണ്ടി ആണെങ്കിലും ഇമ്മാതിരി പണിയും ഏറ്റുകൊണ്ട് വരരുത്..അതിൽ നിറച്ചും ഉറുമ്പാണ്..കടിച്ചെന്നെ ഒരു പരുവം ആക്കി..”

അവൻ പറഞ്ഞത് കേട്ട് നോക്കിയ അവർ കണ്ടത് നല്ല വെളുത്ത നിറമുള്ള അവന്റെ ശരീരം മുഴുവനും ഉറുമ്പുകടിച്ചു തിണർത്തു കിടക്കുന്നു..അത് കണ്ടപ്പോൾ ശ്രുതിക്ക് സങ്കടമായി വീട്ടിലേക്ക് നടന്ന ജോജിയുടെ പിറകെ അവരും നടന്നു..

” എടാ..ജോജി ” ലില്ലി വിളിച്ചു

” ഉം..എന്താടി..”

” അത് പിന്നേ ശ്രുതിക്ക് കുറച്ചു ചാമ്പക്ക കൊടുക്കൊന്നു..”

അവൻ ശ്രുതിയെ ഒന്ന് നോക്കി..ആ നോട്ടം തന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ അവളുടെ ശരീരത്തിലെ രക്തത്തിനു ചൂട് പിടിച്ചത് പോലെ അവൾക്ക് തോന്നി..ജോജി വേഗം അവിടെ കിടന്ന തോട്ടിയെടുത്തു ചാമ്പക്ക പറിച്ചു കൊടുത്തു..

വീട്ടിലേക്ക് കയറിയ ഉടനെ അവൻ ചോദിച്ചു

” അമ്മച്ചി അപ്പച്ചനെന്ത്യേ..? “

” അച്ചായൻ ആ കപ്യാരെ കാണണം എന്നും പറഞ്ഞു പോയി നിങ്ങൾ ഇരിക്ക് ഞാൻ കാപ്പി എടുക്കാം..” അതും പറഞ്ഞു എൽസി അടുക്കളയിലേക്ക് പോയി

ആ ഓടിട്ട വീടിന്റെ അകത്തു കിട്ടുന്ന സുഖം എ സി ഉള്ള തന്റെ വീടിനില്ല എന്നവളറിഞ്ഞു..എന്നാൽ ജോജിയുടെ കണ്ണുകൾ അവളറിയാതെ അവളുടെ ഓരോ നീക്കങ്ങളും നോക്കി കൊണ്ടിരുന്നു…

എൽസി ഒരു പാത്രത്തിൽ കപ്പയും ചേമ്പും ചേനയും കാച്ചിലുമെല്ലാം കൂടി പുഴുങ്ങി
യതും മുളക് ചമ്മന്തിയും പിന്നേ പുളിയിട്ട് വറ്റിച്ച മുളകരച്ചു വച്ച നല്ല അയിലക്കറി
യും ചൂട് കട്ടൻ കാപ്പിയും കൊണ്ടുവച്ചിട്ട് അവരോട് കഴിക്കാൻ പറഞ്ഞു..

ശ്രുതി ലില്ലിയെ നോക്കി..അവൾ കണ്ണ് കാണിച്ചു..

” അല്ല ഈപ്പച്ചൻ മുതലാളിയുടെ മകൾ ഇതൊക്കെ കഴിക്കോ..? ” ജോജി ചോദിച്ചു

അതുകേട്ട് അവൾക്ക് വിഷമമായി..അത് മനസിലായ എൽസി ജോജിയെ വഴക്ക് പറഞ്ഞിട്ട് ശ്രുതിയോട് കഴിക്കാൻ പറഞ്ഞു

” അല്ല മോള് ദൂരെ എവിടെയോ അല്ലേ പഠിക്കാൻ പോയത്..? “

” അതേ അമ്മച്ചി ചെന്നൈയിൽ ആയിരുന്നു..” ശ്രുതി പറഞ്ഞു

” ഇനി അപ്പോ പോകണ്ടേ..അതോ തീർന്നോ പഠിത്തം ? “

” ഇല്ല അമ്മച്ചി ഞാൻ അടുത്തയാഴ്ച്ച പോകും..” ജോജിയെ നോക്കികൊണ്ട് ആണ് അവൾ മറുപടി പറഞ്ഞത്.

എൽസി കൊടുത്ത ഭക്ഷണം വളരെ സ്വാദോടെ അവർ കഴിച്ചു..താൻ അടുത്ത കാലത്തൊന്നും ഇത്രയും രുചികരമായ ഫുഡ്‌ കഴിച്ചിട്ടില്ല എന്ന് അവളോർത്തു.. മുഴുവനും കഴിച്ചു കഴിഞ്ഞപ്പോൾ അവൾക്ക് വയറും മനസും വല്ലാതെ നിറഞ്ഞ ഒരു ഫീലാണ് തോന്നിയത്..

ഇറങ്ങാൻ നേരം എൽസിയോടും ജോജിയോടും യാത്ര പറഞ്ഞുകൊണ്ട്
ഇറങ്ങുമ്പോൾ അവൾ മനസിൽ ഒരു തീരുമാനം എടുത്തു
എത്ര കഷ്ടപെട്ടിട്ട് ആണെങ്കിലും ജോജിയുടെ ഭാര്യയായി ഈ വീടിന്റെ
മരുമകളായി തിരികെ വരുമെന്ന്…

ദിവസങ്ങൾ കടന്നുപോയി..അങ്ങിനെ ശ്രുതിക്ക് തിരിച്ചു പോകാനുള്ള ദിവസം അടുത്തുവന്നു…എന്നാൽ ഈ പ്രാവശ്യം തിരികെ പോകാൻ അവൾക്ക് തീരെ താല്പര്യം ഇല്ലായിരുന്നു..

പോകുന്നതിനു മുൻപ് ജോജിയെ കാണാൻ അവൾ ശ്രെമിച്ചു..അങ്ങിനെയിരിക്കെ ഒരു ദിവസം
സാറയുടെ ബന്ധുവായ സിറിയക് അച്ഛൻ
ആ ഇടവകയിൽ വന്നു പുള്ളിയെ കാണാൻ സാറയും ശ്രുതിയും
അവിടെ ചെന്നു..

സാറയും അച്ഛനും കൂടി കുടുംബകഥകൾ
പറഞ്ഞിരുന്ന സമയത്തു ശ്രുതി പുറത്തിറങ്ങി അവിടുത്തെ പൂന്തോട്ടത്തിലൂടെ നടന്നു..

പള്ളിയുടെ പിറകിൽ ആരുടെയൊക്കയോ ശബ്ദം കേട്ട് അവൾ അങ്ങോട്ട് ചെന്നു അപ്പോൾ കാണുന്നത് ജോജിയും കപ്യാരും കൂടി വാഴ നടാനുള്ള കുഴിയെടുക്കുകയാണ് അതേ സമയം തന്നെ അച്ഛൻ വിളിച്ചിട്ട് കപ്യാർ അകത്തേക്ക് പോയി..ഇതിലും നല്ലൊരവസരം തനിക്കുമുന്നിൽ ഇല്ലാ എന്നറിയാവുന്ന ശ്രുതി അവന്റടുത്തേക്ക് നടന്നു..

” ഹാലോ…”

പിറകിൽ പ്രതീക്ഷിക്കാതെ ഒരു പെൺ ശബ്ദം കേട്ട് ജോജി ഒന്ന് ഞെട്ടി..

” ങ്ഹേ..ഇതിപ്പോ ഇതാരുടെ ശബ്ദമാണ്.. കപ്യാര് മിമിക്രിയും തുടെങ്ങിയോ..? “

തിരിഞ്ഞു നോക്കിയ ജോജി പിറകിൽ നിൽക്കുന്ന ശ്രുതിയെ കണ്ട്‌ ഒന്നും കൂടി ഞെട്ടി…എന്നിട്ട് ചോദിച്ചു

” നീ..നീയെന്താ ഇവിടെ..? “

” അതെന്താ എനിക്ക് ഇവിടെ വരാൻ പാടില്ലെന്ന് എഴുതി വച്ചിട്ടുണ്ടോ…? “

” ദേ..കൂടുതൽ സീൻ ഉണ്ടാകാതെ നീ ചോദിച്ചതിന് ഉത്തരം പറഞ്ഞാൽ മതി..”

ജോജി പെട്ടന്ന് ചൂടായി..

” ആഹാ..ഇങ്ങനെ ചൂടാകല്ലേ മാഷേ..ഞാൻ പറയാം…അതേ നമ്മുടെ വികാരിയച്ചനെ കാണാൻ ഇവിടെ വേറെ ഒരച്ഛൻ വന്നിട്ടുണ്ട് അത് എന്റെ മമ്മിയുടെ ബന്ധുവാണ് പുള്ളിയെ കാണാൻ വന്നതാ അവര് കുടുംബകഥ പറഞ്ഞു തുടെങ്ങിയപ്പോൾ ഞാൻ പുറത്തിറങ്ങി അപ്പോളാണ് നിങ്ങളെ കണ്ടത്..”

” കണ്ടു കഴിഞ്ഞില്ലേ…എന്നാ ഇനി വിട്ടോ..”

” അങ്ങിനെ വിട്ടിട്ട് എങ്ങിനെയാ ഞാൻ പോകുന്നത് മാഷേ…ഒന്നില്ലങ്കിൽ നമ്മള് തമ്മിൽ ഒരു ബന്ധമില്ലേ…”

അവളുടെ ആ സംസാരം കേട്ട ജോജി സംശയത്തോടെ അവളെ നോക്കി ചോദിച്ചു..

” എന്ത് ബന്ധം…? “

അവൾ അവന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് പറഞ്ഞു..

” ഒരു..രക്തബന്ധം…”

അതുകേട്ട ജോജി ഷോക്കടിച്ചതുപോലെ നിന്നു പോയി…

” ഇത്…ഇത് പിന്നേ നീ എങ്ങിനെയറിഞ്ഞു.. ആര് പറഞ്ഞു നിന്നോട്..”

” അതൊക്കെ ഞാനറിഞ്ഞു ജോജി..ചില കാര്യങ്ങൾ നമ്മളറിയേണ്ട സമയത്തു അറിയും…അതുപോലെ ചില കാര്യങ്ങൾ പറയേണ്ട സമയത്തു പറയുകയും വേണം..”

അവൾ പറയുന്നത് മനസിലാകാതെ അവൻ അവളെ നോക്കി നിന്നു..

” ഇനി ഞാൻ പറയുന്ന കാര്യങ്ങൾ ജോജി എങ്ങിനെയെടുക്കും എന്നെനിക്കറിയില്ല
തിരിച്ചു പോകുന്നതിനു മുൻപ് ഇത് ജോജി അറിയണം എന്നെനിക് തോന്നി…

എന്റെ ഭാഗത്തുനിന്നും ജോജിക്ക് ക്ഷമിക്കാനും മറക്കാനും പറ്റാത്ത ഒരുപാട് തെറ്റുകൾ ഉണ്ടായിട്ടുണ്ട്..അതിനൊക്കെ മാപ്പ് പറയാൻ എനിക്ക് അര്ഹതയില്ലെന്നു
മറിയാം..പക്ഷേ എന്റെ ജീവൻ രക്ഷിക്കാനായി ജോജി സ്വന്തം രക്തം
തന്നു എന്നറിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി..” അവൾ ഒന്ന് നിർത്തി.

” അതൊക്കെ കഴിഞ്ഞ കഥകൾ അല്ലേ..” ജോജി പറഞ്ഞു

” അതേ…എന്നാൽ ഇപ്പോൾ ഉള്ള കഥ കേട്ടോളു…ചെയ്തുപോയ തെറ്റുകൾ ഓർത്തു വേദനിച്ചപ്പോളാണ് ഞാൻ മറ്റൊരു കാര്യം തിരിച്ചറിഞ്ഞത് എന്റെ ഞരമ്പുകൾ ജോജിയുടെ രക്തത്തെ ചേർത്തുവച്ചതുപോലെ എന്റെ ഹൃദയം ആ മുഖവും എന്നിൽ ചേർത്തുവച്ചു എന്ന്.

അതേ ജോജി അധികം വളച്ചുകെട്ടുന്നില്ല എനിക്ക് ജോജിയെ എനിക്കിഷ്ടമാണ്… എന്റെ പ്രാണനുതുല്യം..

ഇനി ആ സ്ഥാനം മറ്റൊരാൾക്ക് കൊടുക്കാനാവില്ല ജോജിയുടെ മറുപടി എന്താണ് എന്നെനിക്കറിയില്ല….

അത് അനുകൂലമായാലും മറിച്ചായാലും എന്നും നിനക്കായി മാത്രമായിരിക്കും എന്റെ കാത്തിരിപ്പ്…ഞായറാഴ്ച്ച ഉച്ചക്ക് ഞാൻ പോകും..ഉച്ചക്കു 2.30നു ള്ള ബസിന് പോകുo ഇനി മൂന്നു മാസം കഴിഞ്ഞേ ഞാൻ വരൂ എന്റെ കോഴ്സ് കഴിഞ്ഞ്..പോകും മുൻപ് ഒന്ന് കൂടി കാണണമെന്നുണ്ട് ഞാൻ പ്രതീക്ഷിക്കും..”

അത്രയും പറഞ്ഞ് ജോജിയെ ഒന്ന് നോക്കിയിട്ട് ശ്രുതി നടന്നു…

കേട്ടതൊന്നും വിശ്വസിക്കാനാവാതെ ജോജി അത് നോക്കി നിന്നു….

തുടരും