എൻ്റെ കുറുമ്പിനും കുസൃതികൾക്കും ചുക്കാൻ പിടിക്കുന്നൊരാൾ, സങ്കടവും സന്തോഷവും പങ്കുവയ്ക്കാൻ എന്നെ…

_upscale

അരികെ…

Story written by Anu George Anchani

=====================

“ആതി..

നാളെ പത്തുമണിയുടെ ബസിനു തന്നെ നീ എത്തുകയില്ലേ.? ബസ്റ്റോപ്പിൽ ഞാൻ ഉണ്ടാവും “.

റെനിയുടെ ഫോൺ കട്ട്‌ ചെയ്തു ബെഡിലേയ്ക്ക് ചാഞ്ഞപ്പോൾ പോകണോ വേണ്ടയോ എന്ന ചിന്തയായിരുന്നു മനസ്സ് മുഴുവനും. നേരത്തെ ലീവിന് പറഞ്ഞതു കൊണ്ട് അത് ആ കാര്യത്തിൽ പേടിയില്ല. നാളെ തൊട്ട് ഒരാഴ്ച യാതൊരു ടെൻഷനും ഇല്ലാതെ ജീവിക്കാം. എങ്കിലും ഒരുപാട് നാളുകൾക്കു ശേഷം നാട്ടിലേക്കുള്ള യാത്ര, അതാണ് മനസ്സിനെ മടിപിടിപ്പിക്കുന്നത്. ഈ യാത്ര ആർക്ക് വേണ്ടി എന്ന ചിന്ത മനസ്സിനെ വല്ലാതെ മദിക്കുന്നുണ്ട്. കാത്തിരിയ്ക്കാനും കൂട്ടു കൂടാനും ആരുമില്ലാത്തൊരു അവസ്ഥ, അത് അനുഭവിച്ചു തന്നെ അറിയണം. പിന്നെ ഇപ്പൊ ആകെയുള്ള സൗഹൃദം റെനിയാണ്.

“റെനീഷ് “കവിയും, ചിത്രകാരനും ഗായകനും സാമൂഹ്യ പ്രവർത്തകനും ഒട്ടുമിക്ക എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭ..എൻ്റെ ഓൺലൈൻ സൗഹൃദം. നേരിട്ട് ഇതുവരെയും കണ്ടിട്ടില്ലെങ്കിലും പലപ്പോഴും തോന്നിയിട്ടുണ്ട് ഞങ്ങളുടെ ചിന്താഗതിയും കാഴ്ചപ്പാടും ഒക്കെ ഒരുപോലെയാണെന്നു.

കഴിഞ്ഞ 4 വർഷമായി ഇവിടെ ഇപ്പോൾ ബാംഗ്ലൂരിൽ ഒരു ഐ ടി കമ്പനിയിൽ ജോലിചെയ്യുന്നു. ബാംഗ്ലൂർ നഗരത്തിലെ തിരക്കിട്ട ജീവിതം ഇപ്പോൾ എനിക്കും ശീലമായിരിക്കുന്നു. റെഡിമെയ്ഡ് കുശലാന്വേഷണങ്ങളും, ചുണ്ടിൽ ഒട്ടിച്ചു വച്ച പുഞ്ചിരിയും ആകാംഷ ഒട്ടുമില്ലാതിരുന്നിട്ടും മനപ്പൂർവ്വം കണ്ണിലൊളിപ്പിക്കുന്ന കൗതുകവും തുടങ്ങി ജീവിതം ആവർത്തന വിരസതയുടെ പരമകോടിയിൽ എത്തിയിരിക്കുന്നു. മുഷിപ്പുകൾ മാത്രം അവശേഷിക്കുന്ന വൈകുന്നേരങ്ങളിലാണ്, പണ്ടെങ്ങോ മനഃപൂർവം മറന്നുവച്ച വായനയെ വീണ്ടെടുത്തത്. ഇടയ്ക്കെപ്പോഴോ വന്നു വിളിക്കാതെ വന്നു കേറിയ വിരുന്നുകാരനായി റെനി., സൗഹൃദത്തിന്റെ ഒരായിരം അർഥങ്ങൾ പറഞ്ഞു തന്ന കൂട്ടുകാരൻ. അവരുടെ പാലിയേറ്റിവ് കെയർ ഗ്രുപിന്റെ പ്രോഗ്രാം നടക്കുന്നു നാട്ടിൽ. അതിൽ പങ്കെടുക്കാൻ വേണ്ടിയാണ് നാളത്തെ യാത്ര. കൂട്ടത്തിൽ ഇതുവരെയും നേരിട്ട് കാണാത്ത പ്രിയ കൂട്ടുകാരനെയും അവന്റെ വീട്ടുകാരെയും കാണുകയും വേണം. രാവിലത്തെ ചെറു തണുപ്പുകൊണ്ട് ആവാം മനസ്സിനൊരു ഉന്മേഷമൊക്കെ വന്നു തുടങ്ങിരിയുന്നു. ഉച്ചവരെ ഷോപ്പിംഗ് മാളുകളിൽ കറങ്ങി നടന്നു റെനിക്ക് വേണ്ടിയൊരു സമ്മാനം വാങ്ങി. തിരിച്ചു ഫ്ലാറ്റിൽ എത്തിയപ്പോൾ നേരം വൈകുന്നേരം ആയി. പായ്ക്ക് ചെയ്ത സാധനങ്ങൾ എല്ലാം ഒന്ന് കൂടി തിട്ടപ്പെടുത്തി. 10 മണിക്ക് മടിവാളയിൽ നിന്നുമാണ് ബസ് അരമണിക്കൂർ മുന്നേ അവിടെയെത്തി ചേർന്നു.

കാലടികളിൽ തീപാറുന്ന കറുത്ത കുതിരകളുടെ ചിത്രം ആലേഖനം ചെയ്ത ” “കല്ലട ” യുടെ സെമി സ്പ്ലീപർ സീറ്റിൽ അമർന്നിരുന്നപ്പോൾ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനം.. ” അരികിൽ നീ…ഉണ്ടായിരുന്നെങ്കിൽ.”..

ഏഴുകൊല്ലം മുൻപ് ഹരിയേട്ടൻ പാടി തന്നപ്പോളാണ് ഇത്രയേറെ ഈ ഗാനം ഹൃദ്യാമായി തോന്നിയത്. അത് അല്ലെങ്കിലും അങ്ങിനെയായിരുന്നു ഹരിയേട്ടന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമായിരുന്നു ഒരുകാലത്തു തന്റെ ലോകം.

പഠനകാലത്തിൽ എൻ്റെ സീനിയർ ആരുന്നു. കോളേജിലെ ഗാനഗന്ധർവനായിരുന്ന ഹരിപ്രസാദ്. പിന്നീട് എപ്പോഴാണ് ഹരിയേട്ടൻ തന്റെ പ്രാണന്റെ പാതിയായത് എന്ന് ഓർമ്മയില്ല. ഒരു ആശ്രമവാസിയായ തന്നോടുള്ള ഹരിയേട്ടന്റെ സഹതാപം പ്രണയം ആയി മാറിയതറിഞ്ഞു അന്ന് ഞാൻ ഒരുപാട് പരിഭ്രമിച്ചു. പക്ഷേ ആ പരിഭ്രമത്തെ ഒട്ടുതെല്ലുമില്ലാതെ മായ്ചുകളയാൻ ഹരിയേട്ടനു കഴിഞ്ഞു. കാരണം, അച്ഛൻ മരിച്ചു, അമ്മയുടെയും പെങ്ങളുടെയും സംരക്ഷണത്തിൽ ജീവിച്ച ഏട്ടന് എൻ്റെ അനാഥത്വത്തെ മനസ്സിലാക്കാനും. അന്ഗീകരിക്കാനും വളരെയെളുപ്പം കഴിഞ്ഞു.

പിന്നീടങ്ങോട് സന്തോഷത്തിന്റെ നാളുകളായിരുന്നു. എൻ്റെ കുറുമ്പിനും കുസൃതികൾക്കും ചുക്കാൻ പിടിക്കുന്നൊരാൾ, സങ്കടവും സന്തോഷവും പങ്കുവയ്ക്കാൻ എന്നെ ജീവനെ പോലെ കരുതുന്ന ഒരാൾ. ജീവിതം ആഘോഷമാക്കിയ ദിവസങ്ങൾ. പരീക്ഷകളിലെ വിജയങ്ങൾ എല്ലാം ഹരിയേട്ടനുമൊത്തുള്ള ജീവിതം സ്വപ്നം കണ്ടുകൊണ്ട് മാത്രം നേടിയെടുത്തതായിരുന്നു. കോളേജിലെ അവസാനവര്ഷമാണ് ഞങ്ങളുടെ ജീവിതത്തിലെ ആ വലിയ സന്തോഷം കടന്നു വന്നത്. ഹരിയേട്ടനൊരു ബാങ്ക് ജോലി അതും തൊട്ടടുത്ത ബ്രാഞ്ചിൽ തന്നെ…സ്വപ്നങ്ങൾക്ക് നിറമേറി തുടങ്ങുകയായിരുന്നു. അതിനിടയിൽ ഏട്ടന്റെ ചേച്ചിയുടെ വിവാഹവും ഉറപ്പിച്ചു, അതും മുറച്ചെറുക്കനുമായിട്ട് .

അതിനിടയിൽ എപ്പോഴാണ് ഹരിയേട്ടൻ എന്നിൽ നിന്നും അകലം പാലിച്ചതെന്നു അറിയില്ല. പരീക്ഷ തിരക്കിനിടയിൽ അന്ന് അതത്ര ശ്രദ്ധിച്ചില്ല എന്നതാണ് ശരി. ചേച്ചിയുടെ കല്യാണ തിരക്കിലാവും ഏട്ടൻ എന്നൊരു മുൻധാരണയും ഉണ്ടായിരുന്നു എൻ്റെ മനസ്സിൽ. അവധിക്കാലം എന്നെ സംബന്ധിച്ചു വളരെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു. സമപ്രായക്കാരില്ലാത്ത ആശ്രമത്തിൽ പുസ്തകങ്ങൾ മാത്രാമായിരുന്നു കൂട്ട്. അതുകൊണ്ടാണ് അവധി തുടങ്ങുന്നതിനു തലേ ദിവസം തന്നെ ഏട്ടനെ ഫോണിൽ വിളിച്ചു സംസാരിക്കാം എന്ന് വച്ചത്. ഫോണിൽ കേട്ട ഗാംഭീര്യ സ്ത്രീ ശബ്‍ദം ഏട്ടന്റെ അമ്മയുടേതാണെന്നു തിരിച്ചറിഞ്ഞു തെല്ലൊരാശങ്കയോടെയാണ് ഹരിയേട്ടനോട് സംസാരിക്കണം എന്ന് ആവശ്യപെട്ടത്.

ആരാണെന്ന ചോദ്യത്തിന് ആതിരയെന്ന എൻ്റെ മറുപടിയ്ക്ക് പകരം കേട്ടത് ഒരലർച്ചയായിരുന്നു. ജനിപ്പിച്ച ത ന്ത യ്ക്കും ത ള്ള യ്ക്കും വേണ്ടാത്ത അനാഥ ജന്മങ്ങളെ തീറ്റി പോറ്റാൻ ഉള്ള സത്രമല്ലത്രെ അവരുടെ വീട്. പിന്നെയും എന്തൊക്കെയോ അവര് ആക്രോശിക്കുന്നുണ്ടായിരുന്നു. പക്ഷെ, അവസാന വാചകം എന്നെ അടിമുടി പിടിച്ചു ഉലച്ചു കളഞ്ഞു. ഹരിയേട്ടന്റെ വിവാഹം ഉറപ്പിച്ചു പോലും. മുറപെണ്ണുമായിട്ടു.

എല്ലാം പറഞ്ഞു അവസാനിപ്പിച്ചേക്കു എന്ന് പറഞ്ഞു അമ്മ ഫോൺ ഹരിയേട്ടനു കൈമാറിയപ്പോളും ചെറിയൊരു പ്രതീക്ഷ ഉള്ളിന്റെയുള്ളിൽ തുടിയ്ക്കുന്നുണ്ടായിരുന്നു. എൻ്റെ പ്രാണൻ എന്നെ വിട്ടുപോകില്ല എന്നൊരു അവസാന പ്രതീക്ഷ. മൗനത്തിനു കനമേറിയപ്പോഴാണ് ഇടഞ്ഞെഞ്ഞു പൊട്ടി, “ഹരിയേട്ടാ… എന്ന് വിളിച്ചത്.

എന്നിട്ടും ആ മൗനത്തെ ഭജിക്കാനുള്ള ശക്തി എൻ്റെ പ്രണയത്തിനു ഉണ്ടായിരുന്നില്ല എന്ന തിരിച്ചറിവ് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു. പിന്നീട് ഒരുതരം വാശിയായിരുന്നു എല്ലാവരോടും എല്ലാത്തിനോടും.. ഉള്ളിന്റെ ഉള്ളിൽ ഭയമായിരുന്നു മനസ്സിൽ ഉറഞ്ഞു കൂടിയിരിക്കുന്ന അരക്ഷിതത്വം വീണ്ടും അബദ്ധങ്ങളിൽ കൊണ്ടുചെന്നു എത്തിയ്ക്കുമോ ? എന്ന്.

എല്ലാം കഴിഞ്ഞിട്ടിപ്പോൾ 4വർഷം. അതിനു ശേഷം, അകലം പാലിച്ചിട്ടേ ഉള്ളു എല്ലാ സൗഹൃദങ്ങളോടും. പക്ഷെ, ഇപ്പോൾ മനസ്സിനെ തൊട്ടുണർത്തുന്ന ഒരു തണുപ്പായ് റെനി. അവന്റെ സൗഹൃദം ….

വഴിയിലെ ചെറിയൊരു ഗതാഗത കുരുക്കു കാരണം പ്രതീക്ഷിച്ചതിലും അരമണിക്കൂർ വൈകിയാണ് ബസ് കോഴിക്കോട് നഗരത്തിൽ എത്തിച്ചേർന്നത്. യാത്ര ക്ഷീണത്തെ അപ്പാടെയും മറികടക്കാൻ പോലുന്ന ഒരു പുഞ്ചിരിയുമായി റെനിയുണ്ടായിരുന്നു അവിടെ. ഫോട്ടോയിൽ കാണുന്ന പോലെ തന്നെ നിഷ്കളങ്കത നിറഞ്ഞ മുഖവും, പക്വതയേറിയ സംസാരവും. അവനോടൊപ്പം കാറിൽ നഗരത്തിനു പുറത്തേയ്ക്കു യാത്ര തിരിയ്ക്കുമ്പോൾ ഞങ്ങളുടെ ഇടയിൽ ആദ്യമായി കണ്ടതിന്റെ ഔചിത്യമോ, അപരിചിതത്വമോ ഉണ്ടായിരുന്നില്ല.

ഒരുപക്ഷെ ഒരുപാട് നാളുകൾക് ശേഷം ഉള്ളു തുറന്നു സംസാരിച്ചത് അന്ന് ആകാം. വളരെ ശാന്തവും പ്രകൃതി സുന്ദരവുമായ സ്ഥലത്തായിരുന്നു ആ സ്ഥാപനം. ജീവിതത്തിൽ പ്രതീക്ഷകളേറെയും അറ്റുപോയ, വിവിധ രോഗങ്ങളാൽ പീ ഡിപ്പിക്കപ്പെടുന്നവരെ മാനസികമായും ശാരീരികമായും മുന്നേറാൻ സഹായിക്കുന്ന ലാഭേച്ഛ തെല്ലുമില്ലാതെ പ്രവർത്തിക്കുന്ന

” തണൽ “.

എന്നെ കാത്തിരുന്ന കൂട്ടുകാരെ പരിചയപ്പെട്ടു. എല്ലാവരും റെനിയുടെ വാക്കുകളിലൂടെ അറിഞ്ഞവരാണ്. ദൂരയാത്രയുടെ ക്ഷീണം കാരണം എനിക്ക് കിട്ടിയ മുറിക്കുള്ളിൽ ഉച്ചവരെയും ചടഞ്ഞിരുന്നു. നാലു മണി ചായയും കഴിച്ചു കൂട്ടുകാരുടെ ഒപ്പം തണലിലെ അന്തേവാസികളെ സന്ദർശിക്കാൻ ഇറങ്ങി. അവിടെ രണ്ട് ബ്ലോക്ക്‌ ഉണ്ട്. എയും ബിയും. എ ബ്ലോക്കിലുള്ളവർ ആരോരുമില്ലാതെ ഉപേക്ഷിക്കപെട്ടവരാണ്., ബി യിലുള്ളവർ അത്യാവശ്യം ഉയർന്ന സാമ്പത്തിക സ്ഥിതി ഉള്ളവർ ആണ്‌, എന്നാൽ വിവിധ രോഗപീഢയാൽ നീറുന്നവരും. ജീവിതത്തിലെ പ്രതീക്ഷ നശിച്ചവരുമാണ്.

ഈ രണ്ട് ബ്ലോക്കിലുള്ളവർക്കും ഉയർന്ന ചികിത്സ രീതികളും മറ്റു കാര്യങ്ങളും , “തണൽ “ഉറപ്പുവരുത്തുണ്ട്. അതിനു സഹായിക്കുന്നത് ചില വിദേശ സംഘടനകളും. ബി ബ്ലോക്കിലുള്ളവരെ കാണാനായിരുന്നു എനിക്ക് തിടുക്കം. അനാഥത്വത്തിന്റെ ചുവ ഒരുപാട് അറിഞ്ഞതിനാലാവാം. പ്രായമായവരും കിടപ്പുരോഗികളുമായി കുറെയേറെ ആൾക്കാർ ഉണ്ടായിരുന്നു അവിടെ. അവരെ നോക്കാൻ ആയമാരും, വൃത്തിയും വെടിപ്പുമുള്ള കിടക്കകളും ഭക്ഷണ ശാലയുമെല്ലാം ” തണലിനെ ” വേറിട്ടു നിർത്തുന്നു. നേരമേറെയെടുത്തു ബി ബ്ലോക്ക്‌ ഒന്ന് കടന്നു കിട്ടാൻ. പരിഭവം പറഞ്ഞും വിശേഷങ്ങൾ പങ്കു വയ്ച്ചും സമയം പോയതറിഞ്ഞില്ല.

റെനി വന്നു വിളിച്ചപ്പോളാണ് എ ബ്ലോക്കിലേയ്ക്ക് പോയത്‌. അവിടെ ഓരോരുത്തര്ക്കും മുറികൾ തിരിച്ചു നൽകിയിട്ടുണ്ട്. രോഗികൾക്കൊപ്പം അവരുടെ ഒരു അറ്റന്ററിനു തങ്ങാൻ ഉള്ള സൗകര്യവുമുണ്ട്. ഒരു വലിയ ഹാളിലേക്കാണ് ആദ്യം കടന്നു ചെന്നത്. അതിന്റെ അങ്ങേ അറ്റത്തു ഭംഗിയായി ഒരു കൊച്ചു ലൈബ്രറി ഒരുക്കിയിരിക്കുന്നു. നല്ലവണ്ണം അടുക്കി വച്ചിരിക്കുന്ന കുറെയേറെ പുസ്തകങ്ങൾ. അത് കണ്ടപ്പോൾആദ്യം ഓർമവന്നത് ആശ്രമത്തിൽ കഴിച്ചു കൂട്ടിയ കാലമായിരുന്നു. എല്ലാദിവസവും ആ ഹാളിൽ ചെറിയൊരു കലാപരിപാടി കാണും. അവിടുത്തെ അന്തേവാസികൾക്കും അവരെ സന്ദര്ശിക്കാനെത്തുന്ന ഞങ്ങളെ പോലെ ഉള്ളവർക്കും പരിപാടിയാവതരിപ്പിക്കാം. എൻ്റെ കൂട്ടുകാരുടെ ചെറിയൊരു സംഗീത വിരുന്നു ഉണ്ട് ഇന്നവിടെ,

റെനി നല്ലൊരു ഗിറ്റാർ പ്ലയെർ കൂടിയാണ്. ബുദ്ധിമാദ്യം സംഭവിച്ച ഒരു 12 വയസുകാരി കുഞ്ഞിന്റെ പാട്ടായിരുന്നു ആദ്യം. കൊഞ്ചൽ നിറഞ്ഞ ശബ്ദത്തോടെ തെല്ലൊരു നാണത്തിന്റെ പരിവേഷമണിഞ്ഞു, സങ്കോചം ഏതുമില്ലാതെ അവളതു പാടി തീർത്തപ്പോൾ നിറഞ്ഞതു മനസ്സ് മാത്രമല്ല മിഴികൾ കൂടിയായിരുന്നു. പിന്നെ അവളായിരുന്നു എൻ്റെ ശ്രദ്ധാകേന്ദ്രം. ഞങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വന്ന അവളെ വാരി പുണർന്നു ഉമ്മവയ്ക്കുന്ന ഒരു സ്ത്രീയെ കണ്ടു. അമ്മയാവണം,

“അരികിൽ നീയുണ്ടയിരുന്നെങ്കിലെന്നു ഞാൻ… ഒരു മാത്രാ വെറുതെ നിനച്ചു പോയി…!പൊടുന്നനെയാണ് ആ ഗാനം സ്റ്റേജിൽ നിന്നും ഉയർന്നത്. കേട്ടു തഴമ്പിച്ച ശബ്ദം. അതേ..ഹരിയേട്ടന്റെ ശബ്ദം..

പഴയ ഗാംഭീര്യം ഇല്ലെങ്കിലും സൗമ്യമായ ഈണത്തിലും താളത്തിലും ആ സ്വരമങ്ങനെ ആ ഹാളിലാകെ ഒഴുകി നടന്നു. നിറഞ്ഞു വന്ന മിഴികൾ കാഴചയെ മറച്ചുവെങ്കിലും അവയ്ക്തമായി കാണാമായിരുന്നു റെനിയുടെ അടുത്ത് വീൽചെയറിൽ ഇരിക്കുന്ന ഒരാൾ. വീണുപോകാതെ ഇരുന്നിരുന്ന കസേരയിൽ മുറുകെ പിടിച്ചു. ഒരുകുന്നോളം ഓർമ്മകൾ മനസ്സിനെയാകെ ഭ്രാന്ത് പിടിപ്പിക്കുന്ന പോലെ, പാട്ടുകഴിഞ്ഞു കരഘോഷം ഏവരും മുഴക്കുമ്പോൾ. ഞാൻ മാത്രം…എൻ്റെ മനസ്സ് മാത്രം വിങ്ങി പൊട്ടുകയായിരുന്നു.

ഒരുപാട് നാളുകൾക്കു ശേഷമെന്റെ തലയിണകൾ വീണ്ടും നനഞ്ഞു. രാവിലെ അവിടുത്തെ പൂന്തോപ്പിൽ ആ മിഴികൾ ഞാൻ വീണ്ടും കണ്ടു. അടുത്തു നിൽക്കുന്നത് അമ്മയാണെന്ന് മനസ്സിലായി ഒരുപാട് വട്ടം ഹരിയേട്ടന്റെ ഫോണിൽ കണ്ടിട്ടുണ്ട് ആ മുഖം, പഴയ പ്രൗഢിയോട് കൂടി തന്നെയിരിക്കുന്നു. അരികിലേക്ക് ചെന്ന എന്നെ കണ്ടു ആ മിഴികൾ വിടരുന്നത് ഞാൻ കണ്ടു.

ആതി….

ഹരിയേട്ടൻ മന്ത്രിക്കുന്നത് കേട്ടിട്ട് അമ്മയും തിരിഞ്ഞു നോക്കി. ആദ്യമായ് കാണുന്നതിന്റെ കൗതുകം ആ കണ്ണുകളിൽ ഞാൻ കണ്ടു. ആർത്തലച്ചു വന്ന കരച്ചിൽ അടക്കുന്ന എന്നെ കണ്ടു ഏട്ടനൊന്നു പുഞ്ചിരിച്ചു.

“നിന്റെ മനസ്സ് വേദനിപ്പിച്ചതിന്റെ ശിക്ഷ “

എന്ത്. ..?. എങ്ങിനെ… ? എന്നൊക്കെയുള്ള ചോദ്യത്തിനെല്ലാം ഉത്തരമായി ഹരിയേട്ടൻ പറഞ്ഞു തുടങ്ങി.

” ബാങ്ക് ജോലിക്കാരനായ മരുമകനെ മകൾക്കു നേടി കൊടുക്കാൻ അമ്മാവൻ കണ്ടെത്തിയ തന്ത്രമായിരുന്നു അദേഹത്തിന്റെ മകനെ കൊണ്ട് ചേച്ചിയെ വിവാഹം കഴിപ്പിച്ചത്. പക്ഷെ പൂർണ്ണമായും അദ്ദേഹത്തെയും തെറ്റു പറയാനും കഴിയില്ല. തങ്ങളേക്കാൾ ഉയർന്ന സാമ്പദ്യ സ്ഥിതിയും വിദ്യാഭ്യാസ യോഗ്യതയും ഉള്ള കാർത്തുവിനെയും അനാഥത്വം മാത്രം അവകാശപ്പെടാൻ ഉള്ള നിന്നെയും ഒരേ ത്രാസിൽ തൂക്കി നോക്കിയ എൻ്റെ വീട്ടുകാരുടെ മുൻപിൽ അവളുടെ തട്ട് അരല്പം അല്ല., ഒരുപാട് മുകളിലായിരുന്നു.

അച്ഛനില്ലാതെ വളർത്തിയ അമ്മ വളർത്തിയ കണക്കുകൾക്കും പറയാനുണ്ടായിരുന്നു ഭീമമായ കടപ്പാടിന്റെ കഥ. അന്ന് ഒരു ഫോൺ വിളിയ്ക്കു പിന്നാലെ നിന്റെ ഒരു വിവരവും ഇല്ലാതായപ്പോൾ മറന്നു തുടങ്ങുന്നതായിരുന്നു എനിക്കും സൗകര്യം.

അങ്ങിനെ വലിയ ആർഭാടത്തോടെ ഞാനും കാർത്തികയുമായുള്ള വിവാഹം നടന്നു..സൗകര്യപൂർവ്വം മറന്നു തുടങ്ങിയ നിന്നെ പറ്റി ഓർക്കാൻ എനിക്ക് കാരണമേയില്ലാതായി.

ജോലിയ്ക്ക് പോയി തുടങ്ങി. ജീവിതം മധുരം നിറഞ്ഞത് മാത്രമായി. അന്നൊരു ദിവസം ഞങ്ങളുടെ ബാങ്കിൽ നിന്നും ലോൺ എടുത്തു നടത്തുന്ന ഒരു വ്യവസായ സ്ഥാപത്തിന്റെ സൈറ്റ് സന്ദർശനം ആരുന്നു. തുടക്കക്കാരൻ എന്ന നിലയിൽ എനിക്കായിരുന്നു റിപ്പോർട്ട്‌ സമർപ്പിക്കേണ്ടതിന്റെ ചുമതല. പണി നടക്കുന്ന ആ കെട്ടിടത്തിന്റെ ഏഴാം നിലയിലേയ്ക്ക്, പുറമേ നിന്നും ഘടിപ്പിച്ച ലിഫ്റ്റ് വഴി കയറിയതാണ്. സേഫ്റ്റി ബെൽറ്റ്‌ പൊട്ടിയതാണെന്നു പറയുന്നു.

പിന്നെ കുറേക്കാലം ആശുപത്രിയിൽ, അവിടെ നിന്നും പ്രതീക്ഷ ഒട്ടുമേയില്ലാതെ എവിടെ വന്നു പെട്ടു. പൂര്ണമായും തളര്ന്നു പോയതായിരുന്നു ഇവിടുത്തെ ചികിത്സയുടെ ബലമായി അരയ്ക്കു താഴേയ്ക്ക് മാത്രമേ തളർച്ചയുള്ളു”.

” കാർത്തിക…… ?

എൻ്റെ ആ ചോദ്യത്തിനും ഉത്തരം പുഞ്ചിരിച്ചു കൊണ്ടു തന്നെയായിരുന്നു. ആശുപത്രി വാസത്തിന്റെ ആദ്യ കാലം തന്നെ എന്നെ തേടിയെത്തിയത് ഒരു ഡിവോഴ്സ് നോട്ടീസ് ആണ്‌. അവർ കാശുകൊടുത്തു വാങ്ങിച്ച കളിപ്പാട്ടം മാത്രമാണെന്ന് ഞാനെന്ന തിരിച്ചറിവുണ്ടാകുകയായിരുന്നു അന്ന്. കഴിഞ്ഞ രണ്ട് രണ്ടര വർഷമായി അവളുടെ ഒരു ഫോൺ കാൾ പോലുമെന്നെ തേടിയെത്തിയിട്ടില്ല “.

“മോളേ….

അമ്മയാണ്. സ്വരത്തിന് ആക്രോശത്തിനു പകരം ദൈന്യതയാണ്.

“മാപ്പാക്കണം “. എല്ലാത്തിനും എന്നോടും എൻ്റെ മോനോടും.. നീ ശപിച്ചിട്ടില്ല, എന്ന് ഞങ്ങൾക്ക് നന്നായിയറിയാം, പക്ഷെ നിന്റെ കണ്ണീരിന്റെ ചൂടിൽ ചുട്ടുപൊള്ളിയത് എൻ്റെ മോന്റെ ജീവിതമാണ്”. ആ കൈകൾ ചേർത്തു കരഞ്ഞപ്പോൾ മനസ്സിലെ വലിയൊരു ഭാരമാണ് ഒഴിഞ്ഞു പോയത്‌.

ആശ്രമത്തിലെ അമ്മമാർ പറഞ്ഞു കേട്ടിട്ടുണ്ട് നമ്മൾ എത്തേണ്ട സ്ഥലത്തു നമ്മെ എത്തിയ്ക്കാൻ ദൈവം കാവൽ മാലാഖമാരെ ഏർപ്പെടുത്തുമെന്ന് . എൻ്റെ റെനിയ്ക്കപ്പോൾ ഒരു മാലാഖയുടെ മുഖമായിരുന്നു. നക്ഷത്ര കണ്ണുള്ള മാലാഖയുടെ.

ഒരാഴച വെറും നിമിഷങ്ങൾ എന്നതുപോലെ കൊഴിഞ്ഞു പോയി. ഹരിയേട്ടന്റെ മിഴികളിലെ തിളക്കത്തിന് ഭംഗിയേറിയതു പോലെ. റെനിയുടെ കയ്യും പിടിച്ചു ” തണലിൽ ” നിന്നും ഇറങ്ങുമ്പോൾ, യാത്രയാക്കാൻ നിറഞ്ഞ നാലു മിഴികൾ കൂടിയുണ്ടായിരുന്നു. കാത്തിരിയാക്കാൻ ആരുമില്ലെന്ന എൻ്റെ സങ്കടം കടലെടുത്തതുപോലെ. കൈവീശി യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ അറിയാമായിരുന്നു. ഇനിയാ വീല്ചെയറിനു പിന്നിൽ ഞാൻ ഉണ്ടാവും എൻ്റെ ഹരിയേട്ടനു വഴികാട്ടിയായി.. ആ അരികിൽ…ഞാൻ മാത്രം…

അനു അഞ്ചാനീ