ഒരിക്കൽ കണ്ട സ്വപ്നമാണ് കൺമുന്നിൽ അരങ്ങേറുന്നത് എന്ന് കണ്ട് എന്റെ ഹൃദയം വേദനിച്ചു തുടങ്ങിയിരുന്നു….

Story written by Anu George Anchani

=====================

” നിനക്ക് എന്നോട് നേരത്തെ ഒന്ന് പറയാമായിരുന്നു”.

കുനിഞ്ഞ മുഖത്തോടെ ശ്യാം എന്നോട് അങ്ങിനെ പറയുമ്പോൾ. ചെറിയ ഒരു നിരാശ അവന്റെ ശബ്ദത്തിൽ ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.

” നിനക്കും പറയാമായിരുന്നു. എത്രയോ മുൻപ് തന്നെ “

എന്റെ മറുപടി അവനെ ഒന്ന് ഞെട്ടിച്ചു എന്ന് തോന്നുന്നു.

ചുണ്ടോടാടുപ്പിച്ച ചായക്കപ്പ് പൊള്ളിയാലെന്നത് പോലെ അവൻ ടേബിളിൽ തന്നെ തിരികേ വച്ചു.

“എന്ത്‌..?

എന്ന് മറുചോദ്യത്തിന് ശക്തി തീരെ കുറഞ്ഞിരുന്നു.

“കാലങ്ങൾ കഴിഞ്ഞുള്ള നമ്മുടെ ഈ കൂടി കാഴ്ചയും നിന്റെ കണ്ണിലെ തിളക്കവും പിന്നെ, ദേ, ഇതു കണ്ടപ്പോൾ കള്ളം പറയാത്ത നിന്റെ കണ്ണിലെയും മുഖത്തേയും ഭാവമാറ്റവും ഞാൻ ശ്രദ്ധിച്ചു .

ടേബിളിൽ ഇരുന്ന ഓഫ്‌ വൈറ്റ് കാർഡിലെ സ്വർണ്ണ നിറമാർണ്ണ ലിപികളിൽ എഴുതിയ പേരുകളിൽ വിരലോടിച്ചു കൊണ്ടാണ് ഞാൻ അത്രയും പറഞ്ഞു നിർത്തിയത്.

“വീണ വെഡ്സ് വിഹാൻ “

” വീണാ… ഞാൻ..,അത് പിന്നെ.!

” ഒന്നും പറയണ്ട ശ്യാം..ഇനി ഒന്നും പറയാനുള്ള സമയവും ഇല്ല. രണ്ടു പേരുടെയും ശബ്ദം ഇടറിയത് ഞങ്ങൾ പരസ്പരം മനസിലാക്കി എന്നറിഞ്ഞപ്പോൾ എന്റെ കണ്ണുകൾക്ക് പിടിച്ചു നിൽക്കാനായില്ല.

“വീണാ…..!

ഒരു നിലവിളി ശബ്ദം പോലെ ശ്യാം എന്റെ പേര് വിളിക്കുന്നത് കേൾക്കുകയും, നീർപ്പോളകൾക്ക് ഇടയിലൂടെ എന്റെ ഇരുകൈകളും അവന്റെ കൈകുമ്പിളിലാക്കുന്നതും ഞാൻ കണ്ടു, അറിഞ്ഞു.

” എനിക്ക് വേണം.. നിന്നേ. വീണാ.. എന്റെ മാത്രമായി, എന്റെ സ്വന്തമായി.. !

ഒരിക്കൽ കണ്ട സ്വപ്നമാണ് കൺമുന്നിൽ അരങ്ങേറുന്നത് എന്ന് കണ്ട് എന്റെ ഹൃദയം വേദനിച്ചു തുടങ്ങിയിരുന്നു.

ആ കൈകുമ്പിളിൽ നിന്നും കരതലം മോചിപ്പിച്ചു കണ്ണ് തുടച്ചു കൊണ്ട് ഞാൻ തുടർന്നു.

” തുറന്നു പറയാൻ ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു ശ്യാം നമുക്ക് ഇടയിൽ. പരിചയപ്പെട്ട പത്തു വർഷങ്ങൾക് ഇടയിൽ മനസ്സ് തുറക്കാൻ ഒത്തിരി ഒത്തിരി അവസരങ്ങൾ ഉണ്ടായിരുന്നു. ഏറ്റവും ഒടുവിൽ രണ്ടു കൊല്ലം മുന്നേ ഒരു വാക്ക് പോലും പറയാതെ മാഞ്ഞു പോയത് പോലെ നീയെന്റെ ജീവിതത്തിൽ നിന്നും ഇറങ്ങി പോയപ്പോൾ ഞാൻ. മനസിലാക്കിയിരുന്നു. നീയെന്നിലുള്ളത് പോലെ ഞാൻ നിന്നിൽ ഇല്ല എന്ന്.

” നീയെന്റെ അരികിലുള്ളപ്പോൾ ഞാൻ അനുഭവിക്കുന്ന പ്രണയം, നിനക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല എന്ന്.

അങ്ങിനെ കുറെയേറെ തിരിച്ചറിവുകളുടെ അനന്തര ഫലമാണ് ശ്യാം, ദാ.. ഈ ഇരിക്കുന്നത് “.

വെഡിങ് കാർഡ് മുന്നോട്ട് നീക്കിവച്ചു അത്രയും പറഞ്ഞു തീർന്നപ്പോൾ എന്നേ ചെറുതായി കിതച്ചു തുടങ്ങിയിരുന്നു.

ശബ്ദവും ഉയർന്നുവെന്ന് തോന്നുന്നു. തൊട്ടടുത്ത ടേബിലുകളിൽ നിന്നും ഞങ്ങൾക്ക് ആവിശ്യമില്ലാത്ത കരുതലിന്റെ തലയനക്കങ്ങൾ ഉയർന്നു തുടങ്ങിയിരുന്നു.

” എന്റെ തെറ്റാണ് വീണാ.. ഒരു പെൺകുട്ടിക്ക് പിടിച്ചു നിൽക്കുവാൻ പരിധിയുണ്ടെന്നു ഞാൻ ഓർത്തതേയില്ല…! അല്ലെങ്കിൽ തന്നെ എന്റെ മനസ്സ് അറിയാതെ നീ എന്തിനു വേണ്ടി എനിക്കായ് കാത്തിരിക്കണം., എന്റെ തെറ്റാണ്, വീണാ.. എന്റെ മാത്രം തെറ്റ്. “

സ്വതവേ കുസൃതി നിറഞ്ഞ മുഖത്തു ആദ്യമായാണ് ഞാൻ ഇത്രയും സങ്കടം കാണുന്നത്.

ഏറ്റവും ഒടുവിലത്തെ കൂടി കാഴ്ച ഞാൻ വെറുതെ ഓർത്തു പോയി.

മൂന്നുകൊല്ലം മുന്നേയെന്റെ പിറന്നാൾ ദിനത്തിലായിരുന്നു അത്. പതിവ് പോലെ നന്നേ ചുരുണ്ടയെന്റെ മുടിയിഴകളെ കളിയാക്കികൊണ്ടാണ് അന്നത്തെ ഞങ്ങളുടെ അടിപിടികൾക്ക് തുടക്കം കുറിച്ചത്. വളർന്നു തുടങ്ങുന്ന താടി രോമങ്ങളിൽ കയ്യോടിച്ചു കൊണ്ട് അടി മുടി നോക്കി അന്നും അതേ ഡയലോഗ് പറഞ്ഞു. ” നീ ഇപ്പോഴും നിലത്തു നിന്നും പൊങ്ങിയിട്ടില്ലല്ലോ എന്റെ പെണ്ണേ എന്ന്.

അന്ന് ആ ” എന്റെ പെണ്ണേ ഒന്ന് ഉറപ്പിച്ചു വിളിച്ചിരുന്നു എങ്കിൽ എന്ന് ഞാൻ അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു.

കയ്യിലിരുന്നു മൊബൈൽ ഫോൺ ഒന്ന് വിറച്ചപ്പോഴാണ്. സ്ഥലകാല ബോധം ഉണ്ടായത് .

മുന്നിലെ, രണ്ടു കണ്ണുകളും നിറഞ്ഞിരുന്നു. സമൃദ്ധമായി വളർന്ന താടി രോമങ്ങൾക്ക് ഇടയിലേയ്ക്ക് ഒരു കണ്ണീർ തുള്ളികൾ ഊളിയിട്ട് തുടങ്ങിയിരിക്കുന്നു. എനിക്ക് അപ്പുറമേതോ ലക്ഷ്യസ്ഥാനത്തെന്ന പോലെ ആ കണ്ണുകൾ വെറുതെ തപ്പി തടഞ്ഞു നടക്കുന്നു.

ശ്യാം..!

എന്റെ വിളിക്ക് മറുപടിയെന്ന പോലെ ആ കണ്ണുകൾ എന്റെ മുഖത്തു തറഞ്ഞു നിന്നു.

“എനിക്ക് പോണം, സമയം ഒരുപാട് ആയി. വീട്ടിൽ അന്വേഷിക്കും.

“മ്മ്മ്…..!

” ഞാൻ കൊണ്ട് വിടണോ..?

“വേണ്ടാ… ഇതു വരെ ഇല്ലാത്ത ശീലം, ഇനി ആദ്യമായും അവസാനമായും ഇന്നത്തേയ്ക്ക് മാത്രമായി വേണ്ട.!

എന്റെ മറുപടിക്ക് നിസംഗഭാവത്തോടെയുള്ള അവന്റെ ഇരിപ്പ് വീണ്ടുമെന്റെ ഹൃദയത്തെ വേദനിപ്പിച്ചു തുടങ്ങിയിരുന്നു .

“എനിക്ക് അങ്ങിനെ ഒന്നുമില്ല വീണാ.. അതൊക്കെ നിന്റെ മനസ്സിലെ, നിന്റ മാത്രം ചിന്തകളാണ് എന്നെങ്കിലും അവൻ പറഞ്ഞിരുന്നെങ്കിൽ എന്ന് എന്റെ ഹൃദയം ഉറക്കെയുറക്കെ അലറി വിളിച്ചു കൊണ്ടിരുന്നു.

പക്ഷേ, വെറുതെ… എല്ലാം വെറുതെ…പരസ്പരം അറിയാതെ ഞങ്ങൾ പ്രണയിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്ന തിരിച്ചറിവ്. അതേ തിരിച്ചറിവോടെ ഒരാൾ മറ്റൊരാളുടെ ജീവിതത്തിൽ നിന്നും ഇറങ്ങി പോകുന്ന അവസ്ഥ.

അവസാനമായി കൈ കൊടുത്തു പിരിയുമ്പോൾ അവനെന്റെ കയ്യിൽ അമർത്തി പിടിച്ചു വെന്ന് എനിക്ക് തോന്നി. ആ തോന്നൽ എന്റെ മനസ്സിൽ കടന്ന് വന്നപ്പോഴേ,എന്റെ കണ്ണുകൾ നിറയുവാൻ തുടങ്ങിയതും. തൊണ്ടക്കുഴിയിൽ ഉപ്പുതറച്ചിരിക്കുന്നത് പോലെ ഒരു കരച്ചിൽ തടയുന്നതും ഞാൻ അറിഞ്ഞു.

അവന്റെ ഉള്ളം കയ്യിലെ ചൂടിൽ നിന്നും, എന്റെ തണുത്തുറഞ്ഞ വലം കൈ വലിച്ചെടുത്തു ഒന്ന് തിരിഞ്ഞു പോലും നോക്കാതെ നടന്ന് അകലുമ്പോൾ എനിക്കറിയാമായിരുന്നു.

“തിരിച്ചു കിട്ടാത്ത പ്രണയം മാത്രമല്ല, തിരിച്ചറിയപ്പെടാതെ പോകുന്ന പ്രണയവും ഹൃദയത്തെ അത്രമേൽ കീറി മുറിക്കുമെന്നു.”..!

~അനു അഞ്ചാനി