ഒരു ദിവസം രാത്രി അച്ഛനും അമ്മയുമായുള്ള വഴക്കിന്റെ ബഹളം കേട്ടാണ് ഉണരുന്നത്..അന്ന് ആദ്യമായി അച്ഛൻ അമ്മയെ….

കാലം കാത്തുവെച്ചത്….

എഴുത്ത് : ദേവാംശി ദേവ

=================

“നീ ഈ കാണിക്കുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ ഉഷേ..ആരതി അല്ലെ നിന്റെ മൂത്ത മകൾ.അവള് നിൽക്കവേ ഇളയവളുടെ കല്യാണം നടത്തുന്നത് ശരിയാണോ..” രമണി ചോദിച്ചതും ഉഷ ദേഷ്യത്തോടെ അവരെ നോക്കി.

“തലക്ക് സുഖമില്ലാത്ത പെണ്ണിനെ ആര് കെട്ടാൻ വരുമെന്ന അമ്മ പറയുന്നത്.”

“അനാവശ്യം പറയരുത് ഉഷേ..അവൾക്ക് അങ്ങനെ പ്രശ്നമൊന്നു ഇല്ല..എന്നിട്ടും അവൾക്ക് ഭ്രാന്താണെന്ന് പറഞ്ഞുണ്ടാക്കിയയ് നീയും നിന്റെ ഭർത്താവും കൂടിയാണ്.”

“അവൾക്ക് ഭ്രാന്ത് ഇല്ലാത്തത് കൊണ്ടാണോ സൈക്കോളജിസ്റ്റിൻെറ അടുത്ത് കൊണ്ടുപോയി ചികിൽസിച്ചത്.”

“അതിന് കാരണക്കാരി ആരാടി..”

ഉഷയും അമ്മയും തമ്മിലുള്ള വാക്പോര് മുറുകിയപ്പോൾ ജനലിലൂടെ പുറത്തേക്ക് നോക്കി നിന്ന ആരതി വാതിൽ അടച്ച് കുറ്റിയിട്ട് കട്ടിലിൽ വന്നു കിടന്നു..

ഭ്രാന്തിപ്പെണ്ണ്…ആ വിളി കേൾക്കാൻ തുടങ്ങിയിട്ട് വർഷം കുറെയായി..എപ്പോഴോ താനും അത് അംഗീകരിച്ചു.പ്ലസ് ടു വരെ പഠിച്ചു..അതും മുത്തശ്ശിയുടെ നിർബന്ധം കൊണ്ട്.പ്ലസ് ടു കഴിഞ്ഞതും പഠിത്തം നിർത്തി റൂമിനുള്ളിൽ തന്നെ ഒതുങ്ങി..മുത്തശ്ശി ഉള്ളതുകൊണ്ട് കൃത്യമായി ആഹാരം എത്തിച്ചു തരും..ചിലപ്പോഴൊക്കെ നിർബന്ധിച്ച് പുറത്തിറക്കും അമ്പലത്തിൽ കൂട്ടിക്കൊണ്ടു പോകും..അപ്പോഴൊക്കെ നാട്ടുകാരുടെ സഹതാപം നിറഞ്ഞ നോട്ടങ്ങൾ തന്നിലേക്ക് എത്തും..

“മംഗലത്ത് തറാവാട്ടിലെ ഉഷകുഞ്ഞിന്റെ മൂത്തകുട്ടിയ..ആ കൊച്ചിന്റെ അച്ഛൻ ആ ത്മ ഹ ത്യ ചെയ്തതാ..അതുതൊട്ട് ഇതിന് തലക്ക് സുഖമില്ലാതായി..കുറേ ചിൽകിസിപ്പിച്ചു..ഇപ്പൊ അങ്ങനെ പുറത്തേക്കൊന്നും ഇറങ്ങാറില്ല.” വാക്കുകൾ കൂരമ്പുകൾ പോലെ തൻെറ കാതിലേക്ക് കുത്തികയറുമ്പോൾ അവിടുന്നൊക്കെ ഓടി തന്റെ മുറിയിലെ ഇരുട്ടിൽ വന്ന് ഒളിക്കാൻ ആഗ്രഹിച്ചിട്ടുണ്ട്.

അച്ഛന്റെ മരണം ഭ്രാന്തിയാക്കിയൊരു പെണ്ണ്.അത് മരണമായിരുന്നോ..അല്ല കൊ ലപാതകമായിരുന്നു. താനാണ് തന്റെ അച്ഛനെ കൊ ന്നത്.

ആ ഏഴു വയസ്സുകരിക്ക് അമ്മയെക്കാളും തന്റെ അച്ഛനെയായിരുന്നു ഇഷ്ടം. ജോലിക്കാരിയായ അമ്മക്ക് തന്നെ നോക്കാനോ സ്നേഹിക്കാനോ സമയമില്ലാത്ത തിരക്കായിരുന്നു.ആ സ്നേഹം കൂടി തനിക്ക് തന്നത് തന്റെ അച്ഛനായിരുന്നു എന്നിട്ടും ആ അച്ഛനെ താൻ തന്നെ കൊ ന്നു.

ഒരിക്കൽ പോലും അമ്മയുടെ മുഖത്ത് പുഞ്ചിരിയോ സ്നേഹമോ കണ്ടിട്ടില്ല. എപ്പോഴും അച്ഛനോടും തന്നോടും ദേഷ്യപ്പെട്ടുകൊണ്ടിരിക്കും. കൂട്ടുകാരൊക്കെ അവരുടെ അച്ഛന്റെയും അമ്മയുടെയും കൂടെ പാർക്കിലും ബീച്ചിലും സിനിമയ്ക്കുമൊക്കെ പോയ കഥ പറയുമ്പോൾ തന്റെയും അച്ഛന്റെയും കൂടെ ഒരുമിച്ചിരുന്ന് ആഹാരം പോലും കഴിക്കാൻ തയാറാകാത്ത അമ്മയുടെ മുഖമായിരുന്നു മനസ്സിൽ.

MBA കാരിയായ അമ്മക്ക് പത്താം ക്ലാസ്സുകാരനും കർഷകനുമായ അച്ഛനെ ,ജാതക ദോഷത്തിന്റെ പേരിൽ വിവാഹം കഴിക്കേണ്ടി വന്നെങ്കിലും ഒരു കുഞ്ഞു ജനിച്ചെങ്കിലും സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ല എന്നുതിരിച്ചറിയാനുള്ള പ്രായം തനിക്കും ആയിട്ടുണ്ടായിരുന്നില്ല.

ഒരു ദിവസം രാത്രി അച്ഛനും അമ്മയുമായുള്ള വഴക്കിന്റെ ബഹളം കേട്ടാണ് ഉണരുന്നത്..അന്ന് ആദ്യമായി അച്ഛൻ അമ്മയെ ത ല്ലുന്നത് കണ്ടു..അന്ന് അവർക്കിടയിൽ പലവട്ടം ഉയർന്നു കേട്ട പേരാണ് രവി.

പിറ്റേദിവസം രാവിലെ തന്നെ അമ്മ എന്നെയും കൂട്ടി മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുത്തേക്ക് വന്നു. അച്ഛനെ കാണണമെന്ന് പറയുമ്പോഴൊക്കെ അമ്മയിൽ നിന്നും തല്ലും ശകാരങ്ങളും കിട്ടിയിരുന്നുതിനാൽ പിന്നീട് അങ്ങനെയൊരു ആഗ്രഹം പറയാൻ തന്നെ പേടി ആയിരുന്നു. ഒരു ദിവസം അമ്മ സ്നേഹത്തോടെ അടുത്തേക്ക് വിളിച്ച് ചോദിച്ചു.

“മോൾക്ക് അച്ഛനെ കാണണോ..” വേണമെന്ന് ഞാൻ തലയാട്ടി.

“എങ്കിൽ നാളെ നമ്മൾ ഒരു സ്ഥലത്ത് പോകും..അവിടെയുള്ള ആളുകളുടെ മുന്നിൽ വെച്ച് മോള് അച്ഛനോട് ചിരിക്കാനോ സംസാരിക്കാനോ പാടില്ല. പിന്നെ അവിടെയുള്ളൊരു അങ്കിൾ മോളോട് ചോദിക്കുമ്പോൾ അമ്മ പറഞ്ഞു തരുന്നത് പോലെ പറയണം. അങ്ങനെ പറഞ്ഞാൽ മാത്രമേ മോൾക്കും അമ്മക്കും അച്ഛന്റെ അടുത്തേക്ക് പോകാൻ പറ്റു.”

“ഞാൻ പറയാം അമ്മേ..എനിക്ക് അച്ഛന്റെ അടുത്ത് പോയാൽ മതി.”

പിറ്റേന്ന് കോടതിയിൽ അമ്മ പറഞ്ഞു തന്നത് പോലെ അച്ഛൻ തന്നെ ലൈം ഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന് മൊഴികൊടുക്കുമ്പോൾ അച്ഛന്റെ അടുത്തേക്ക് പോകാൻ പറ്റുമല്ലോ എന്ന സന്തോഷമായിരുന്നു.

അടുത്ത ദിവസം രാവിലെ മുത്തശ്ശൻ എന്നെയും കൂട്ടി അച്ഛന്റെ വീട്ടിലേക്ക് പോയി..അച്ഛനെ കാണാൻ ഓടിയെത്തിയ ഞാൻ കണ്ടത് ഒരു ജനക്കൂട്ടത്തെയാണ്..അതിന്റെ നടുവിൽ അച്ഛൻ ഉറങ്ങിക്കിടക്കുന്നു..അച്ഛമ്മയും അപ്പച്ചിയും അടുത്തിരുന്ന് കരയുകയാണ്..

“എന്തിനാ മോളെ നീ അവനെ കൊ ന്നുകളഞ്ഞത്.” കരഞ്ഞുകൊണ്ട് അച്ഛമ്മ ചോദിച്ചപ്പോൾ മുത്തശ്ശൻ എന്നെ വാരിയെടുത്ത് നെഞ്ചോട് ചേർത്തു.

ചടങ്ങുകളൊക്കെ കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുമ്പോഴും ആ വാക്കുകളായിരുന്നു കാതിൽ.

“അമ്മേ ഞാനാണോ അച്ഛനെ കൊ ന്നത്” പേടിയോടെ അമ്മയോട് ചോദിക്കുമ്പോൾ അമ്മയുടെ മറുപടി എന്റെ ജീവിതം തകർക്കാൻ കഴിയുന്നത് ആയിരുന്നു.

“അതേ..നീയാ നിന്റെ അച്ഛനെ കൊ ന്നത്. പോലീസുവന്ന് നിന്നെ പിടിച്ചുകൊണ്ടുപോയി തൂക്കി കൊ ല്ലും. അതുവേണ്ടെങ്കിൽ ഞാൻ പറഞ്ഞിട്ടാണ് നീ കോടതിയിൽ അങ്ങനെയൊക്കെ പറഞ്ഞതെന്ന് ആരോടും പറയരുത്.. പറഞ്ഞാൽ ഞാൻ തന്നെ നിന്നെ പിടിച്ച് പൊലീസിന് കൊടുക്കും.”

പിന്നീട് അങ്ങോട്ട് ഉറക്കം നഷ്ടപ്പെട്ട രാത്രികളായിരുന്നു. ഏത് നിമിഷം വേണമെങ്കികും പോലീസ് വരും തന്നെ കൊണ്ടുപോകാൻ..ഉറങ്ങുമ്പോൾ തൂക്കികൊല്ലുന്നത് സ്വപ്നം കണ്ട് ഞെട്ടിയുണരും.വീട്ടിലേക്ക് ആരെങ്കിലും വന്നാൽ ഓടി പോയി കട്ടിലിനടിയിലോ മറ്റോ ഒളിക്കും..പിന്നെ പിന്നെ ആരെ കണ്ടാലും നിലവിളിക്കാൻ തുടങ്ങി..

മുത്തശ്ശനും മുത്തശ്ശിയും കൂടിയാണ് തന്നെ ഡോക്ടറെ കാണാൻ കൊണ്ടുപോയത്..
അതോടെ അമ്മയുടെ കണ്ണിൽ ഞാനൊരു ഭ്രാന്തിയായി.. എട്ടോ ഒൻപതോ വയസ്സുള്ള കുഞ്ഞിൽ നിന്ന് വരുന്ന തെറ്റുകളൊക്കെ ഭ്രാന്തി പെണ്ണിന്റെ വിക്രിയകളായി..അമ്മയിൽ നിന്ന് നാട്ടുകാരും അത് ഏറ്റെടുത്തു..

കുറച്ചു നാളുകൾക്കുള്ളിൽ തന്നെ അമ്മ രവിയങ്കിളിനെ വിവാഹം ചെയ്തു..അങ്കിളിന്റെ വീട്ടിലേക്ക് പോയെങ്കിലും ആറ് മാസം കഴിഞ്ഞപ്പോൾ അവർ ഇങ്ങോട്ടേക്ക് താമസം മാറ്റി..അന്ന് അമ്മ ഗർഭിണിയായിരുന്നു..എനിക്കൊരു അനിയത്തി ജനിച്ചു. അനുഷ.

അവളെയൊന്ന് നോക്കാൻ പോലും അമ്മ സമ്മതിച്ചില്ല..ഭ്രാന്തിപ്പെണ് കുഞ്ഞിനെ ഉപദ്രവിക്കുമത്രെ..രവിയങ്കിളിനും അനുഷക്കും അമ്മയുടെ അതേ ചിന്താഗതിയായിരുന്നത് കൊണ്ടുതന്നെ തന്നോടവർ മിണ്ടില്ലായിരുന്നു..അമ്മക്കെന്നും ഇഷ്ടം അവളെ മാത്രമായിരുന്നു. അച്ഛനോടുള്ള ദേഷ്യം മുഴുവൻ അമ്മ എന്നോട് കാണിച്ചു.

“എടി..” അമ്മയുടെ വിളികേട്ട് ചാടി എഴുന്നേറ്റു.

“അനുമോളെ കാണാൻ വന്ന ചെക്കന് നിന്നെക്കൂടെ കാണണമെന്ന്. വാ ഇങ്ങോട്ട്.” ഭ്രാന്തി എന്നും മറ്റുള്ളവർക്കൊരു കാഴ്ച വസ്തു ആണല്ലോ..അതുകൊണ്ട് ഒന്നും മിണ്ടാതെ അമ്മയുടെ പുറകെ പോയി.

ഹാളിലെ സോഫയിൽ ഇരിക്കുന്ന ചെറുപ്പക്കാരൻ തന്നെ നോക്കി ചിരിച്ചു.

“ഞാൻ വിവാഹം കഴിക്കുന്നത് അനുഷയെ അല്ല ആരതിയെയാണ്.” ഞാനുൾപ്പെടെ എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു അയാൾ പറഞ്ഞ വാക്കുകൾ.

“മോനെ അവള് സുഖമില്ലാത്ത കുട്ടിയാണ്.” വിനയത്തോടെയുള്ള അമ്മയുടെ മറുപടികേട്ട് അയാളൊന്ന് പുച്ഛിച്ച് ചിരിച്ചു.

“അറിയാം..ഭ്രാന്ത് അല്ലെ..സാരമില്ല ഞാനൊരു സൈക്കോളജിസ്റ്റ് ആണ്..എനിക്ക് മാറ്റിയെടുക്കാൻ കഴിയുന്നതെയുള്ളൂ ഇവളുടെ അസുഖം.

പിന്നെ നിങ്ങള് അറിയാത്തൊരു കാര്യം ഞാൻ പറയാം..ഇവളുടെ അച്ഛന്റെ സഹോദരിയുടെ മകനാണ് ഞാൻ.”

ശ്രീജിത്തേട്ടൻ..അത്ഭുതത്തോടെ ഞാനാ മനുഷ്യനെ നോക്കി. ഒരു പതിമൂന്ന് വയസ്സുകാരന്റെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞു.

“നിങ്ങളുടെ കൂടെ ഇവള് സന്തോഷത്തോടെ ജീവിക്കുന്നുണ്ടാകുമെന്ന് കരുതിയാണ് ഞങ്ങളിതുവരെ അന്വേഷിച്ച് വരാതിരുന്നത്. വന്നാലും നിങ്ങള് ഇവളെ കാണാൻ കൂടി സമ്മതിക്കില്ലെന്നറിയാം. ഇവളുടെ അച്ഛന്റെ പേരിലുള്ള വസ്തുവും വീടും ഇവളുടെ പേരിലേക്ക് മാറ്റനായാണ് ഞാനിവളെ അന്വേഷിച്ചു വരുന്നത്..അപ്പോഴറിഞ്ഞു ഇവൾക്ക് ഭ്രാന്ത് ആണെന്നും എങ്ങനെയാ ഇവള് ഭ്രാന്തി ആയതെന്നും. പറഞ്ഞു തന്നത് നിങ്ങളുടെ അമ്മ തന്നെയാ..”

അമ്മ ദേഷ്യത്തോടെ മുത്തശ്ശിയെ നോക്കി. അവിടെ നിറഞ്ഞ ചിരിയായിരുന്നു.

“എന്റെ മോളെ ഞാൻ അങ്ങോട്ടേക്ക് വിടില്ല..” അമ്മ ദേഷ്യത്തോടെ പറഞ്ഞു.

“നിന്റെ മോളോ..എന്നുമുതൽ. നിനക്ക് ഒരു മോളേയുള്ളൂ.. ഇവളെ വളർത്തിയത് ഞാനാ..ഇവളെ ആർക്ക് വിവാഹം കഴിച്ചു കൊടുക്കണമെന്നും എനിക്കറിയാം. അതിന് നീ തടസം നിന്നാൽ നിന്നെ കൊ ന്നിട്ട് ആണെങ്കിലും ഞാനിത് നടത്തും.”

അത്രയും ദേഷ്യത്തോടെ മുത്തശ്ശിയെ ആദ്യമായാകും അമ്മ കാണുന്നത്..അതുകൊണ്ടുതന്നെ പിന്നെയൊന്നും മിണ്ടാൻ അമ്മക്ക് കഴിഞ്ഞില്ല.

“കൊണ്ടു പൊയ്ക്കോ മോനെ..ഇനിയെങ്കിലും എന്റെ കുഞ്ഞ് സന്തോഷം എന്തെന്ന് അറിയട്ടെ.”

എന്റെ കൈപിടിച്ച് ശ്രീജിത്തേട്ടന്റെ കൈയ്യിൽ വെച്ചുകൊടുത്തു മുത്തശ്ശി..മുത്തശ്ശിയെ ഒന്നു നോക്കിയിട്ട് ഏട്ടൻ എന്നെയും ചേർത്തുപിടിച്ച് മുന്നോട്ട് നടന്നു..

***********************

“പോകാം.” ശ്രീജിത്തേട്ടന്റെ ശബ്ദം കേട്ടാണ് ഞാൻ ഓർമകളിൽ നിന്നും ഉണർന്നത്.

മുന്നിലെ സെല്ലിനുള്ളിൽ തലമുടികൾ പിച്ചി പറിച്ചും അവ്യക്തമായി എന്തൊക്കെ സംസാരിച്ചുമരിക്കുന്ന അമ്മയെ ഞാനൊന്നുകൂടി നോക്കി. അമ്മയിന്ന് ശ്രീജിത്തേട്ടന്റെ പെഷ്യന്റാണ്. മകളുടെ വിവാഹം ഉന്നത വിദ്യാഭ്യാസവും ജോലിയുമുള്ളൊരു കോടീശ്വരനുയുമായി നടത്തിയതാണ്..ഭർത്താവിൻെറ പീ ഡനം സഹിക്കാൻ കഴിയാതെ അവൾ ആ ത്മ ഹത്യ ചെയ്തു..

മകളൊരു തീഗോളമായി മാറുന്നത് കണ്ട് മനോ നില തെറ്റിയതാണ്.രവിയങ്കിൾ ഇപ്പൊ അമ്മയെ തിരിഞ്ഞു നോക്കാറില്ല..വേറെയേതോ സ്ത്രീയോടൊപ്പമാണ് താമസമെന്ന് മുത്തശ്ശി പറഞ്ഞു.

“പോകാം വാ..”

ശ്രീജിത്തേട്ടൻ എന്നെ ചേർത്തു പിടിച്ചു..ഓർമകളെ പിന്നോട്ട് തള്ളിക്കൊണ്ട് നിറവയറുമായി ഞാനാ കൈക്കുള്ളിൽ ഒതുങ്ങി മുന്നോട്ട് നടന്നു.