കൂടെപ്പിറപ്പിനുവേണ്ടിയുള്ള കാത്തിരിപ്പിന്, ഈ രാത്രിയോടെ വിടയെന്നോർത്തപ്പോൾ, എന്തെന്നില്ലാത്തൊരനുഭൂതി

Story written by Saran Prakash

=================

“ശാന്തേടത്തീം കുട്ടീം എത്തീണ്ട്… നാളെ പേരുവിളിയാത്രേ…”

കൈ കഴുകി അത്താഴം കഴിക്കാനെത്തിയ അച്ഛനോടായി അമ്മ പറയുമ്പോഴാണ്, അയലത്തെ വീട്ടിലെ പതിവില്ലാത്ത ആളനകത്തിന്റെ പൊരുൾ ഞാൻ അറിഞ്ഞത്…

പ്രസവത്തിനായി ശാന്തമ്മായി പോയതുമുതൽ ആളനക്കമില്ലാതെ ഉറങ്ങിക്കിടക്കുകയായിരുന്ന അവിടെയിപ്പോൾ, ഇടയ്ക്കിടെ കുഞ്ഞുകരച്ചിൽ ഉയർന്നുകേൾക്കുന്നുണ്ട്… ഭവാനിയമ്മയുടെ താരാട്ടുയരുന്നുണ്ട്….

കൂട്ടിനൊരു കൂടെപ്പിറപ്പില്ലാത്തതിൽ പരിഭവം പങ്കുവെക്കുമ്പോഴെല്ലാം ഒരു പുഞ്ചിരിയോടെ എന്റെ നെറുകയിൽ തലോടി അമ്മ പറയുമായിരുന്നു…

”ശാന്തേടത്തി ഒന്നിങ്ങു വരട്ടെ ഡാ..”

ഒരുപക്ഷേ,, പ്രസവം കഴിഞ്ഞുള്ള ശാന്തമ്മായിയുടെ വരവിനായി ഭർത്താവ് ദിവാകരൻ മാമനേക്കാൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നത് ഈ ഞാനാകാം…

കൂടെപ്പിറപ്പിനുവേണ്ടിയുള്ള കാത്തിരിപ്പിന്, ഈ രാത്രിയോടെ വിടയെന്നോർത്തപ്പോൾ, എന്തെന്നില്ലാത്തൊരനുഭൂതി ഉച്ചിയിലേക്കരിച്ചുകയറി…

പേരുവിളിയും ചടങ്ങളുമെല്ലാം കഴിഞ്ഞ്, ആളൊഴിഞ്ഞ ദിവാകരൻമാമന്റെ വീട്ടുവളപ്പിലേക്ക് തലയെത്തിച്ചിരിക്കുമ്പോഴായിരുന്നു, ഭവാനിയമ്മാമ ഉറക്കെ വിളിച്ചുകൂവിയത്..

“ഡാ ഷാജ്യെ,, ഒന്നിങ്ങു വന്നേറാ..”

ഉമ്മറപ്പടിയിൽ തന്റെ പേരകുട്ടിയെയും കളിപ്പിച്ചിരിക്കുന്ന ഭവാനിയമ്മാമേടെ മുഖത്ത് ഇതുവരെയില്ലാത്ത ഒരു തിളക്കം അലയടിക്കുന്നുണ്ടായിരുന്നു..

“നീ കണ്ടാ എന്റെ കൊച്ചുമോളെ.. ദേ നോക്ക്യേ..”

മടിത്തട്ടിൽ അമ്മാമേടെ ചൂടേറ്റു കിടക്കുന്ന ആ കുഞ്ഞു മാലാഖയെ ഞാൻ ആകാംക്ഷയോടെ നോക്കി…

കാർമേഘതുണ്ടിനിടയിൽ ഒളിച്ചിരിക്കാറുള്ള അമ്പിളിയമ്മാവനെപോലെ,, പഞ്ഞികെട്ടുപോലെയുള്ള തുണിക്കിടയിൽ ആ കുഞ്ഞു മുഖം മാത്രം തിളങ്ങി നിൽപ്പുണ്ടായിരുന്നു…

”അയ്യേ…”

അപ്രതീക്ഷിതമായെന്റെ മുഖം ചുളിഞ്ഞപ്പോൾ, ഭവാനിയമ്മാമ എന്നെ മിഴിച്ചു നോക്കി….

”എന്തൂട്ടാ ഈ കാട്ടിവെച്ചിരിക്കണേ… ക്ടാവിന്റെ പൊട്ട് നോക്ക്യേ… ചെരിഞ്ഞിണ്ടല്ലോ…”

ചെറിയ വായിൽ വലിയ ഉത്തരവാദിത്തബോധം ആർത്തിരമ്പുന്നത് കേട്ടിട്ടാകാം, മുറുക്കാൻ നിറഞ്ഞ വായിൽ വിടർന്ന ചിരിയടക്കാൻ അമ്മാമ പാടുപെടുന്നുണ്ടായിരുന്നു….

”കണ്ണ് തട്ടാതിരിക്കാൻ വേണ്ടി കുട്ട്യോൾക്ക് പൊട്ടുതൊടുന്നതങ്ങനെയാ..”

പുറകിൽ നിന്നും എന്റെ സംശയത്തിനുള്ള ഉത്തരവുമായെത്തിയ അമ്മയുടെ മുഖത്തും ഒരു ചെറു ചിരി നിഴലിക്കുന്നുണ്ടായിരുന്നു….

ഉമ്മറത്തെ കളിയും ചിരിയും കേട്ടിട്ടാകാം അകത്തുനിന്നും ശാന്തമ്മായീം ഉമ്മറത്തേക്കെത്തി…

”എന്തൂട്ടാ ഇവൾക്ക് പേരിട്ടേ??”

ആ കുഞ്ഞു കൈകളിൽ തലോടി, അമ്മാമക്കരികിലായി ഇരിപ്പുറപ്പിച്ചുകൊണ്ട് ഞാൻ ചോദിക്കുമ്പോൾ, നാട്ടിൽ പ്രസിദ്ധമായ മീനാക്ഷിക്കും, കല്ല്യാണിക്കും, കമലക്കും, വെല്ലുവിളിയുയർത്തുന്ന ആ പേര് അമ്മാമയുടെ ചുണ്ടുകൾ അഹങ്കാരത്തോടെ മൊഴിഞ്ഞു….

”സിന്ധു…”

ഊട്ടിയുറപ്പിച്ചു പറഞ്ഞതിനാലാകാം, അമ്മാമയുടെ വായിൽ നിന്നും ഒരു തുള്ളി മുറുക്കാൻ എന്റെ കൈകളിൽ വീണുടഞ്ഞത്…

സിന്ധുവിന്റെ കുഞ്ഞു കരങ്ങളിൽ, കൂടെപ്പിറപ്പിനോടെന്ന പോലെ സ്നേഹചുംബനമേകുമ്പോൾ,, കണ്ടു നിന്നിരുന്നവരുടെ മുഖത്തെല്ലാം, ഒരു നേർത്ത പുഞ്ചിരിവിടർന്നിരുന്നു….

”സിന്ധു വലുതാകുമ്പോ മ്മക്ക് ഷാജിയെക്കൊണ്ട് കെട്ടിക്കാം,, ല്ലേ ശാന്തേ….??”

വായിലെ മുറുക്കാൻ നീട്ടിത്തുപ്പി, ഭവാനിയമ്മാമ അത് പറയുമ്പോൾ, അമ്മാമയുടെ ആ വാക്കുകളിലെ നർമ്മബോധം തിരിച്ചറിഞ്ഞതുകൊണ്ടാകാം അമ്മയും ശാന്തമ്മായിയും ഒരുപോലെ പൊട്ടിച്ചിരിച്ചു…

പക്ഷേ,,

ആ വാക്കുകൾ, ഞാനെന്ന രണ്ടാം ക്ലാസുകാരന്റെ ഉള്ളിൽ കോരിയിട്ടത്, സംശയങ്ങളും, അതിലുപരി ഒരുപിടി ചോദ്യചിഹ്നങ്ങളുമായിരുന്നു….

ഉത്തരങ്ങൾ തേടിയുള്ള അലച്ചലിൽ, അന്ന് ആ പാടവരമ്പത്ത് തെക്കേടത്തെ കല്ല്യാണി ചേച്ചിയുടെ കഴുത്തിൽ, തെച്ചിപ്പൂ മാല ചാർത്തികളിക്കുന്ന ദാസേട്ടനെ കണ്ടതോടെ, എന്റെ സംശങ്ങൾക്ക് അറുതിവീഴുകയായിരുന്നു…

കൂടെപ്പിറപ്പല്ല സിന്ധു… പകരം,, കൂട്ടിനൊരാളാണ്…

അവളുടെ വളർച്ചക്കൊപ്പം, ഭവാനിയമ്മാമയുടെ വാക്കുകളും കാതിൽ മുഴങ്ങിക്കൊണ്ടേയിരുന്നു….

ചരിത്ര പുസ്തകങ്ങളിലെ, സിന്ധു നദി തട സംസ്ക്കാര ഇതളുകളിൽ പിന്നീട് അവളുടെ മുഖം മാത്രമായിരുന്നു…ഹിമാലയൻ കൊടുമുടികൾക്കപ്പുറത്തുനിന്നും ഒഴുകിയെത്തുന്ന സിന്ധുനദിയിൽ ഞാൻ കണ്ടത് അവളോടൊപ്പമുള്ള പ്രണയമായിരുന്നു….

പക്ഷേ, എല്ലാം തിരിച്ചറിഞ്ഞ ശാന്തമ്മായി ചാലുകീറി അവളെ എന്നിൽ നിന്നും വഴിതിരിച്ചുവിടാൻ ഒരു ശ്രമം നടത്തിയെങ്കിലും, അതപ്പാടെ വിഫലമായി…

അതിരുകെട്ടി ബന്ധം വിച്ഛേദിക്കാൻ ശ്രമിച്ചെങ്കിലും, കെട്ടിയ വേലിയോലകൾ ഞാൻ തുരന്നു നൽകിയപ്പോൾ, അതിലൂടെ വീണ്ടും സിന്ധു എന്നിലേക്കൊഴുകിയെത്തി….

വർഷങ്ങളോളം ഞാനതു തുടർന്നപ്പോൾ,, ഞാൻ നേടിയെടുത്തത് ഒന്നല്ല… രണ്ടു കാര്യങ്ങളായിരുന്നു…

കടുത്തവേനലിൽ പോലും ഉറവ വറ്റാത്ത സിന്ധുവിന്റെ പ്രണയവും, ഒപ്പം വേലിയോലകളിൽ പഠിച്ചെടുത്ത കീറിമുറിക്കലുകൾ, തുണിത്തരങ്ങളിലേക്ക് മാറ്റി നേടിയെടുത്ത തയ്യൽക്കാരൻ പദവിയും….

“അറം പറ്റിയല്ലോ തള്ളെ നിങ്ങളുടെ വാക്ക്..”

ഒടുവിലൊരുനാൾ വീടിന്റെ ചുമരിൽ, മുറുക്കാൻ നിറഞ്ഞ വാ കൊണ്ടു പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ഭവാനിയമ്മാമേടെ ചിത്രത്തിലേക്ക് നോക്കി, മനസ്സില്ലാ മനസ്സോടെ ശാന്തമ്മായിയും പ്രഖ്യാപിച്ചു…

‘ഈ സിന്ധു അറബിക്കടലിനല്ല.. ഷാജിക്കുള്ളതാ…’

”ഡാ ഷാജ്യേ,, എന്തൂട്ടണ്ടാ നീ ആലോയ്ക്കണെ??”

പേരിടലും കഴിഞ്ഞെന്റെ കൊച്ചിനെയും കളിപ്പിച്ചിരിക്കുന്ന ശാന്തമ്മായി തട്ടിവിളിച്ചപ്പോഴാണ് ഓർമ്മകളിൽ നിന്നും ഞാൻ ഉണർന്നത്…

അയൽക്കാർ പലരും, കുഞ്ഞിനെ കാണാനായി വന്നുപോകുന്നുണ്ട്… ഇടക്കൊരു കുഞ്ഞിക്കണ്ണുകൾ അവളെ നോക്കി മിഴിച്ചു നിൽക്കുമ്പോൾ മുറുക്കാൻ നീട്ടി തുപ്പി, ശാന്തമ്മായി പറഞ്ഞു….

”ഡാ കണ്ണാ… അനുമോള് വലുതാകുമ്പോ നിനക്ക്…”

പറഞ്ഞുതീരും മുൻപേ,, ശാന്തമ്മായിയുടെ മുറുക്കാൻ നിറഞ്ഞ വായിൽ എന്റെ കൈകളമർന്നു…

”അരുത്… കുഞ്ഞുമനസ്സാണ്… പഠിച്ചതേ അവർ പാടൂ… ചരിത്രമാവർത്തിക്കാൻ നമ്മളായൊരവസരമൊരുക്കരുത്..”

ശാന്തമ്മായിയുടെ കണ്ണുകൾ, പുറകിലെ ചുമരിലേക്ക് നീണ്ടു…

കൂടെപ്പിറപ്പെന്നതിനെ കൂട്ടിനൊരാളാക്കി മാറ്റി ചരിത്രം സൃഷ്‌ടിച്ച ഭവാനിയമ്മാമ അപ്പോഴും, മുറുക്കാൻ നിറച്ച വാ കൊണ്ട് പുഞ്ചിരിക്കാൻ പാടുപെടുന്നുണ്ടായിരുന്നു..