നന്ദന രാവിലെ മുറ്റമടിക്കുമ്പോഴായിരുന്നൂ പോസ്റ്റ്മാൻ തൊട്ടടുത്തുള്ള വീട്ടിലേക്ക് കയറി പോകുന്നത് കണ്ടത്….

_lowlight _upscale

Story written by Jishnu Ramesan

==================

നന്ദന രാവിലെ മുറ്റമടിക്കുമ്പോഴായിരുന്നൂ പോസ്റ്റ്മാൻ തൊട്ടടുത്തുള്ള വീട്ടിലേക്ക് കയറി പോകുന്നത് കണ്ടത്… “ചേട്ടാ അവിടെ ആരും താമസമില്ലല്ലോ…!”

താമസമില്ലെന്നോ, ഒരു കത്തുണ്ട് ഈ വീട്ടിലേക്ക്…

“അതാരാ അവിടേക്ക് എഴുത്തയക്കാൻ…! ഈ അഡ്രസ്സ് തന്നെയാണോ…?”

അതേ മോളെ, അഡ്രസ്സ് ഇതു തന്നെയാ..

“എന്നാ ചേട്ടൻ ആ എഴുത്ത് എനിക്ക് തന്നേക്ക്‌..ഞാൻ എന്റെ അച്ഛന്റെ കയ്യിൽ കൊടുക്കാം…”

പോസ്റ്റ്മാൻ എഴുത്ത് അവളുടെ കയ്യിൽ കൊടുത്തിട്ട് പോയി..എഴുത്തിന്റെ കവറിൽ നിന്നും അവൾക്ക് മനസ്സിലായി കത്ത് ബോംബയിൽ നിന്നാണെന്ന്..നന്ദന എഴുത്ത് അച്ഛന്റെ കയ്യിൽ കൊടുത്തിട്ട് കാര്യം പറഞ്ഞു..

അച്ഛൻ എഴുത്ത് വായിച്ചു കഴിഞ്ഞപ്പോ നിറഞ്ഞ കണ്ണുകളോടെ അകത്തേക്ക് നോക്കി പറഞ്ഞു, “എടീ ഇങ്ങ് വന്നേ, ദേ എബി മോന്റെ കത്ത്…”

നന്ദന ഒരു സംശയത്തോടെ എഴുത്തിലേക്ക് എത്തി നോക്കി..അപ്പോഴേക്കും അവളുടെ അമ്മയും വന്നു..

“ആരുടെ കാര്യമാ നിങ്ങളീ പറഞ്ഞത്..? നമ്മടെ ഫിലോമിനയുടെ മോൻ എബിയുടെ കാര്യമാണോ..: അവനിപ്പോ എവിടെ ഉണ്ട്..; ഇത്ര വർഷമായിട്ടും അവനെന്താ നമ്മളെയോന്നും തിരക്കി വരാതിരുന്നത്..! എബി മോൻ എന്താ എഴുതിയിരിക്കുന്നത്…?” ഒറ്റ ശ്വാസത്തിലാണ് അവര് അത്രയും കാര്യങ്ങള് ചോദിച്ചത്..

വിശേഷമൊന്നും എഴുതിയിട്ടില്ല അവൻ..പതിനെട്ടാം തിയതി വരും എന്ന് മാത്രമേ വിവരമുള്ളൂ..പിന്നെ നമുക്കൊക്കെ സുഖമാണോ എന്നും എഴുത്തിലുണ്ട്..

“എടീ സുമേ നിനക്ക് ഓർമ്മയുണ്ടോ, അവന്റെ അമ്മച്ചി ഫിലോമിന മരിച്ചതിന് ശേഷം പോയതാ അവൻ, അവന്റെ അങ്കിളിന്റെ കൂടെ ബോംബക്ക്‌.. പിന്നെ ഇന്നാ എബി മോന്റെ ഒരു വിവരം അറിയുന്നത്…”

ശരിയാ, അന്ന് കണ്ണീരൊഴുക്കി കൊണ്ട് ഇവിടുന്ന് ഇറങ്ങി പോയതാ അവൻ.. അന്ന് ആ കുഞ്ഞു മനസ്സ് ഒന്നേ പറഞ്ഞുള്ളൂ, “എന്റെ വീട് പൊന്നു പോലെ നോക്കണം” എന്ന്..

എബി നന്ദനയുടെ വീടിന് അടുത്താണ് താമസിച്ചിരുന്നത്.. അയൽക്കാരെ പോലെയല്ല സ്വന്തക്കാരെ പോലെയാണ് ഇരുവരും തമ്മിലുള്ള ബന്ധം.. എബിയുടെ അപ്പച്ചൻ മരിച്ചതിന് ശേഷം അവന്റെ അമ്മച്ചിയാണ് അവന് എല്ലാം… പക്ഷേ വിധി അവനെ ഒറ്റപ്പെടുത്തി.. ഒരു നെഞ്ചു വേദനയുടെ രൂപത്തിൽ അവന്റെ അമ്മച്ചിയും പോയി..അതിനു ശേഷം ബോംബയിലുള്ള അവന്റെ ഒരു അങ്കിൾ എബിയെ അവിടേക്ക് കൊണ്ടു പോയി… അന്ന് അവിടുന്ന് പോയതാണ് എബി…

കത്തിൽ എഴുതിയ ദിവസം അവരൊക്കെ എബിയെ കാത്തിരുന്നു.. അങ്ങനെ പതിനെട്ടാം തിയതി രാവിലെ എബി അവിടെ എത്തി.. കാറിൽ നിന്നും ഇറങ്ങിയപാടെ എബി തന്റെ വീട്ടിലേക്ക് നിറകണ്ണുകളോടെ നോക്കി നിന്നു.. അപ്പോഴേക്കും നന്ദനയുടെ അച്ഛൻ അവനെ അകത്തേക്ക് വിളിച്ചു..

അകത്തേക്ക് കയറിയ എബി നന്ദനയുടെ അമ്മയെ കണ്ടതും “കുഞ്ഞി” എന്ന് വിളിച്ചു…

മോനെ എബി ഈ കുഞ്ഞിയെ നീ മറന്നിട്ടില്ല അല്ലേ…!

“അയ്യോ മറന്നു എന്നു മാത്രം കുഞ്ഞി പറയരുത്..”

കുളിയൊക്കെ കഴിഞ്ഞ് ഭക്ഷണവും കഴിച്ച് എബി തന്റെ വീട്ടിലേക്ക് ചെന്നു.. എന്നും തന്റെ വീട് കുഞ്ഞി വൃത്തിയാക്കി ഇടാറുണ്ടായിരുന്നു…എബിയുടെ പുറകെ പതുങ്ങി പതുങ്ങി നന്ദനയും ചെന്നു… എബി തന്റെ അമ്മച്ചിയുടെ ഫോട്ടോയിൽ നോക്കി നിന്നു.. ഇതൊക്കെ ഒളിച്ചു നിന്ന് കാണുകയായിരുന്നു നന്ദന…തന്റെ കളികൂട്ടുകാരിയെ കണ്ടതും എബി ചോദിച്ചു,

“എന്താ അവിടെ തന്നെ നിന്നത് അകത്തേക്ക് വാടോ…”

ഒരു നാണത്തോടെ അവൾ അകത്തേക്ക് കയറി ചെന്നു..വീടിനകം മുഴുവൻ നടന്നു നോക്കിയതിനു ശേഷം എബി നന്ദനയോടു പറഞ്ഞു,.”എന്റെ ഈ കൊച്ചു വീട് ഇത്രയും വർഷം സ്വന്തം വീട് പോലെ വൃത്തിയായി സൂക്ഷിച്ചതിന് തന്റെ അമ്മയോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്..തന്റെ അമ്മ എന്ന് പറയുന്നതിനേക്കാൾ എനിക്കിഷ്ടം എന്റെ ‘ കുഞ്ഞി ‘ എന്ന് പറയാനാ…”

ഇതൊക്കെ കേട്ടിട്ട് ഒരു ഗൗരവത്തോടെ അവള് പറഞ്ഞു, “അതേ എനിക്കൊരു പേരുണ്ട്…എന്തിനാ താൻ, തന്റെ എന്നൊക്കെ പറയുന്നത്….?”

അതിനു മറുപടിയെന്നോണം അവളെ നോക്കിയോന്ന് ചിരിച്ചതേ ഉള്ളൂ അവൻ..എന്നിട്ട് അവളോടായി പറഞ്ഞു, ” നന്ദൂ നീ പോയിട്ട് അമ്മയോട് പറ ഞങ്ങൾ പാടം വരെ പോയിട്ട് വരാമെന്ന്…!”

തന്നെ നന്ദു എന്ന് വിളിച്ചത് കേട്ട് ഒരു നിറഞ്ഞ ചിരിയോടെ ” ഞാനിപ്പോ അമ്മയോട് പറഞ്ഞിട്ട് വരാം എബി ചേട്ടാ…” എന്നും പറഞ്ഞ് അവൾ വീട്ടിലേക്ക് ഓടി…

വീടിനു പുറകിലൂടെയുളള ഇടവഴിയിലൂടെ പാടത്തേക്ക് നടക്കുമ്പോ അവൾ ചോദിച്ചു, “ഞാൻ വിചാരിച്ചു എബി ചേട്ടൻ ഇത്രയും കാലം കഴിഞ്ഞിട്ട് വന്നപ്പോ പഴയ ആ കളിക്കൂട്ടുകാരിയെ മറന്നു എന്ന്…;!”

ഏയ് ഇല്ല നന്ദു, ഇവിടുന്നു പോയ ഈ പതിനഞ്ച് വർഷത്തിനിടയിൽ നന്ദുന്‍റെ അച്ഛൻ കുമാരേട്ടനെയും കുഞ്ഞിയെയും പിന്നെ എന്റെ ഈ കൂട്ടുകാരി നന്ദൂനെയും ഓർക്കാത്ത ഒരു ദിവസം പോലും ഇല്ലെന്ന് തന്നെ പറയാം…അവിടെ ബോംബയിൽ അങ്കിളിന്റെ കൂടെ നിന്ന് ഡിഗ്രീ വരെ പഠിച്ചു..പിന്നെ അങ്കിളിന്റെ കൂട്ടുകാരന്റെ കമ്പനിയിൽ ജോലിക്കു കയറി..പക്ഷേ ഈ നാടും എന്റെ അമ്മച്ചിയും എന്റെ കൂടെ ഇല്ലാത്തത് വലിയൊരു നഷ്ടം തന്നെയാണ്… എനിക്കിവിടെ ആകെ ഉള്ളത് നിങ്ങളാ..

പലപ്പോഴും വിചാരിച്ചിട്ടുണ്ട് നിനക്കെങ്കിലും ഒരു കത്തയക്കണം എന്ന്..പിന്നീട് തോന്നും, സ്വാതന്ത്ര്യത്തോടെ മിണ്ടാനും പറയാനും ഒക്കെയുള്ള ബന്ധം നിങ്ങളൊക്കെ മറന്നിട്ടുണ്ടാവും എന്ന്…ഒരു അഞ്ചു മാസം ഞാനിവിടെ ഉണ്ടാവും… അതു കഴിഞ്ഞ് തിരിച്ചു പോകണം..പിന്നെ വരുമോ എന്നൊന്നും അറിയില്ല…

പാടത്തെ തണുത്ത കാറ്റും കൊണ്ട് നിൽക്കുന്ന എബിയെ നോക്കി നന്ദു പറഞ്ഞു, “എബി ചേട്ടൻ ഇനി പോകണ്ട… എന്റെ അമ്മക്ക് അത് വല്ല്യ സങ്കടാവും…അമ്മയും അച്ഛനും കൂടി ചേട്ടന്റെ കാര്യങ്ങൾ പറയാറുണ്ട്… സത്യം പറയാമല്ലോ, കുട്ടിക്കാലത്തെ ആ മുഖം മനസ്സിൽ നിന്ന് പോയിട്ടില്ല.. അന്ന് കത്ത് വന്നപ്പോ മുതൽ ഇന്നു എബി ചേട്ടൻ വരുന്നത് വരെ ഒരു ആകാംഷ ആയിരുന്നു..”

എബി അവിടെ ഉള്ള ആ അഞ്ചു മാസം പഴയ അവരുടെ സന്തോഷം തിരിച്ചു കിട്ടിയത് പോലെ ആയിരുന്നു.. കുട്ടിക്കാലത്ത് ഉള്ളത് പോലെ എബി എവിടെ പോയാലും നന്ദുവും വാലു പോലെ പുറകെ ഉണ്ടാവും..അവനു തിരിച്ചു ബോംബക്ക്‌ പോകാൻ രണ്ടു ദിവസം മുമ്പേ നന്ദുവിന്റെ അമ്മ അവനിഷ്ടമുള്ളതെല്ലാം പാക്ക്‌ ചെയ്തു..

പോകാനുള്ള ദിവസം രാവിലെ ഒരുങ്ങി ഇറങ്ങിയ എബി തന്റെ വീട്ടിലേക്ക് ഒന്ന് നോക്കി…വീടിനകത്ത് കയറേണ്ട എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു..അപ്പോഴാണ് ഒരാള് കുമാരേട്ടനെ അന്വേഷിച്ചു വന്നത്… അയാളെ കണ്ട് എബി കാര്യം തിരക്കി..

“കുമാരേട്ടൻ ഈ വീടും സ്ഥലവും വിൽക്കാൻ എന്നെ ഏൽപ്പിച്ചിരുന്നു..കച്ചവടം ഒത്തിട്ടുണ്ട്…അത് പറയാനാ വന്നത്..” അത് കേട്ട് “കുമാരേട്ടൻ ഇവിടെയില്ല” എന്നൊരു കള്ളം പറഞ്ഞ് അയാളെ തിരിച്ചയച്ചൂ…എന്നിട്ട് അകത്ത് ചെന്ന് കുമാരേട്ടനോട് എബി കാര്യം ചോദിച്ചു…

“മോനെ എബി അത്, നന്ദൂനെ വിവാഹം കഴിപ്പിച്ച് അയക്കാൻ വേറെ വഴിയില്ല…വരുന്ന ആലോചന മുഴുവനും മുടങ്ങുവാ.. സ്ത്രീധനം തന്നെ പ്രശ്നം..ഈ വീടും പറമ്പും വിറ്റാൽ ഇവളെ നല്ല നിലക്ക് ഇറക്കി വിടാം…”

ഓഹോ എന്നിട്ട് നിങ്ങള് രണ്ടും എവിടെ പോവും…കാശിന് വിൽക്കാൻ നന്ദു എന്താ വല്ല……! അവനാ വാക്ക് മുഴുവിപ്പിച്ചില്ല…

എബി തന്റെ കയ്യിലുള്ള ട്രെയിൻ ടിക്കറ്റ് കുമാരേട്ടനെ കാണിച്ചിട്ട് പറഞ്ഞു, “ഇത് കണ്ടോ എന്റെ ഇങ്ങോട്ടെക്കുള്ള മടക്ക ടിക്കറ്റ് കൂടിയാണ്…ഞാനിപ്പോ പോയിട്ട് അവിടുത്തെ കുറച്ച് ജോലികൾ ചെയ്തു തീർത്തിട്ട് അടുത്ത മാസം തന്നെ ഇവിടേക്ക് തിരിച്ചു വരും.. ഞാൻ ഇവളോട് പറഞ്ഞിരുന്നു ഇനി ഇങ്ങോട്ടേക്കു ഇല്ലെന്ന്…പക്ഷേ ഇത്രയും നാളും ഇവിടെ നിങ്ങളുടെ കൂടെ കഴിഞ്ഞപ്പോ ആ തീരുമാനം വേണ്ടെന്ന് വെച്ചു..”

മോനെ എബി “നന്ദുവിന്റെ അച്ഛന്റെ കണ്ണു നിറഞ്ഞിരുന്നു..

കുമാരേട്ടന് അറിയോ, അങ്ങനെ ഞാൻ പോയിട്ട് വരുമ്പോ നിങ്ങളോട് ചോദിക്കാൻ മനസ്സിൽ ഒതുക്കി വെച്ചൊരു ചോദ്യമുണ്ട്…

“ജാതിയും മതവുമൊന്നും പ്രശ്നമില്ലെങ്കിൽ ഇവളെ, എന്റെ കളിക്കൂട്ടുകാരിയെ എനിക്ക് തന്നൂടെ, കുമാരേട്ടാന്നും കുഞ്ഞിയെന്നും വിളിക്കുന്ന നിങ്ങളെ അച്ഛാ എന്നും അമ്മയെന്നും വിളിക്കാൻ എന്നെ അനുവദിച്ചുകൂടെ..! എനിക്കിനി നിങ്ങളൊക്കെ അല്ലേ ഉള്ളൂ…”

എബി അത് പറഞ്ഞതും, ആ അച്ഛനും അമ്മയും അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു…സന്തോഷം കൊണ്ടുള്ള അവരുടെ ചുടു കണ്ണീരിൽ അവന്റെ കണ്ണും ഈറനണിയിച്ചു…

ഇത് കണ്ട് വിതുമ്പി കൊണ്ട് നന്ദു അകത്തേക്ക് കയറിപ്പോയി…പക്ഷേ ആ മുഖത്ത് ഒരായിരം ഇരട്ടി സന്തോഷം കൂടി ഉണ്ടായിരുന്നു..

ബാഗോക്കെ എടുത്ത് എബി ഇറങ്ങാൻ നേരം അകത്തേക്ക് നോക്കി പറഞ്ഞു , “നന്ദൂ നീ എന്താ അകത്ത് ഒളിച്ചിരിക്കാണോ…?”

ഒരു നാണം കലർന്ന ചിരിയോടെ നന്ദു വാതിലിനു അരികിലൂടെ അവനെ നോക്കി…

“ഡി നന്ദൂ ഒരേ ഒരു മാസം, അതു കഴിഞ്ഞാ ഞാൻ വരും..എല്ലാം നഷ്ടപ്പെട്ട എനിക്കിപ്പോ എല്ലാരും ഉണ്ട്..അച്ഛൻ അമ്മ പിന്നെ എന്റെ നന്ദു, അങ്ങനെ എല്ലാരും…”

അത്രയും പറഞ്ഞ് എബി യാത്രയായി… തന്റെ ഉള്ളിൽ ഒളിപ്പിച്ചു വെച്ച എബിയോടുള്ള ഇഷ്ടം അവളുടെ മുഖത്ത് ഒരു പുഞ്ചിരിയിലൂടെ തെളിഞ്ഞു വന്നു…

“ഇന്ന് രണ്ടു വർഷങ്ങൾക്ക് ഇപ്പുറം ഒരു ഓണക്കാലം, അച്ഛനും അമ്മയും എബിയും നന്ദുവും പിന്നെ അവരുടെ കാന്താരി മോളും കൂടി മുറ്റത്ത് പൂക്കളം ഒരുക്കുന്ന തിരക്കിലാണ്..ചില നഷ്ടങ്ങൾ ഒഴിച്ചാൽ, എബിക്ക്‌ തന്റെ പഴയ ജീവിതം തിരിച്ചു കിട്ടിയിരുന്നു…. “

~ജിഷ്ണു രമേശൻ