നാല് ദിവസം മുൻപാണ് മകൻ നീരജിനു പെണ്ണ് കാണാൻ കാർത്തികയുടെ വീട്ടിൽ ചെല്ലുന്നതു..

Story written by Kannan Saju

===============

“ഇവളെ നമ്മള് വേണ്ടെന്നു പറഞ്ഞതല്ലേ ദേവേട്ടാ….പിന്നെ ഇവളെന്തിനാ നമ്മളേം നോക്കി നമ്മുടെ കാറിനു മുന്നിൽ നിക്കുന്നെ??? ഇനി മോനും കൂടെ ഇണ്ടന്നു കരുതിയാണോ?”

അമ്പലത്തിൽ നിന്നും ഇറങ്ങി തന്റെ ആഡംബര ചെരുപ്പ് ഡ്രൈവറുടെ കയ്യിൽ നിന്നും വാങ്ങി ധരിച്ചു കൊണ്ട് രുക്മിണി അമ്മ ഭർത്താവിനോട് ചോദിച്ചു..

ദേവൻ കാറിനു അരികിലേക്ക് നോക്കി..അവിടെ കാർത്തിക നിൽക്കുന്നുണ്ടായിരുന്നു….

“അവൾ നിന്നോടെന്തെങ്കിലും ചോദിച്ചോ ??” ഡ്രൈവറോടായി ദേവൻ ചോദിച്ചു…

“എന്റെ വീട്ടിലെ കാര്യങ്ങൾ ചോദിച്ചു സർ..വേറൊന്നും ചോദിച്ചില്ല…”

വെള്ളമുണ്ടും കസവു പുടവ ദേഹത്തും ഇട്ടു പൊ ക്കിൾ വരെ ഇറക്കവും ഉള്ള സ്വർണമാലയും ധരിച്ച ദേവനെ കണ്ടാൽ സിനിമ നടൻ ദേവൻ മാറി നിക്കും..അത്രക്കും തേജസ്സായിരുന്നു ആ മുഖത്ത്…അവർ കാറിനു അരികിലേക്ക് നടന്നു.

നാല് ദിവസം മുൻപാണ് മകൻ നീരജിനു പെണ്ണ് കാണാൻ കാർത്തികയുടെ വീട്ടിൽ ചെല്ലുന്നതു..

പാവപ്പെട്ട വീട്ടിലെ പെണ്ണ് മതി എന്നത് രുക്മിണി അമ്മയുടെ തീരുമാനം ആയിരുന്നു..അങ്ങനെയാണ് കാർത്തികയുടെ വീട്ടിൽ പെണ്ണ് കാണാൻ ചെല്ലുന്നതും….

പക്ഷെ പതിവുപോലെ ഒരു കാര്യം ബ്രോക്കർ മറച്ചു വെച്ചു..പെണ്ണ് നഴ്സ് ആണെന്ന കാര്യം…

രുക്മിണി അമ്മയുടെ ആദ്യ നിബന്ധന അതായിരുന്നു….

“പേരിനൊരു ഡിഗ്രി….ജോലി ഉണ്ടാവുകയേ അരുത്…ഒരുപാടു വിവരവും വിദ്യാഭ്യാസവും കാര്യപ്രാപ്തിയും ഉള്ള പെണ്ണ് വന്നാൽ ശരിയാവില്ല”

പെണ്ണ് കണ്ടു കഴിഞ്ഞാണ് പെണ്ണ് നഴ്സ് ആണെന്നും ജോലി ഉണ്ടന്നും കല്ല്യാണം കഴിഞ്ഞാലും ജോലിക്കു പോണമെന്നാണ് താല്പര്യം എന്നും രുക്മിണി അമ്മ അറിയുന്നത്.

പക്ഷെ ആദ്യ കാഴ്ച്ചയിൽ ഇരുവർക്കും ഇഷ്ടമാവുകയും ചെയ്തു. എന്നാൽ രുക്മിണി അമ്മ അമ്പിനും വില്ലിനും അടുക്കില്ല..

“ആ കുട്ടിയെ വേണ്ടെന്നു പറഞ്ഞേക്ക് ബഷീറേ….”

ആ ഒറ്റ പറച്ചിലിൽ എല്ലാം അവസാനിച്ചു. അവർ കാറിനരുകിൽ എത്തി. രുക്മിണി അവളുടെ മുഖത്തേക്കു നോക്കാതെ ചുറ്റും നോക്കി നിന്നു.

“ഉം…എന്താ കുട്ട്യേ ???  ബ്രോക്കർ കാര്യങ്ങൾ ഒന്നും പറഞ്ഞില്ലായിരുന്നോ??” ദേവൻ ഗൗരവത്തിൽ ചോദിച്ചു.

“ബ്രോക്കർ അല്ലല്ലോ അങ്കിളേ നിങ്ങൾ അല്ലേ എന്നെ പെണ്ണ് കാണാൻ വന്നേ…അന്നേരം ഇഷ്ടായിന്നു പറഞ്ഞു പോയിട്ട് പിന്നെ തീരുമാനം മാറ്റുമ്പോൾ എന്റെ അച്ഛനോട് ഒന്ന് വിളിച്ചു പറയായിരുന്നില്ലേ?”

ചിരിച്ചുകൊണ്ടാണ് അവളതു ചോദിച്ചതെങ്കിലും അത് രുക്മിണി അമ്മയുടെ ദുരഭിമാനത്തിനു ഏറ്റ ഏറ്റവും വലിയ ക്ഷതമായിരുന്നു

“അവളുടെ ദിക്കാരം കണ്ടില്ലേ ദേവേട്ടാ…ഓഹ് ഇവളെ ഒക്കെ കുടുംബത്തിലേക്ക് കെട്ടി എടുക്കാത്തതു നമ്മുടെ ഭാഗ്യം.

നിന്റെ ഒക്കെ വീട്ടിലെ ഞങ്ങള് പെണ്ണ് കാണാൻ വന്നത് തന്നെ നിന്റെ ഒക്ക ഭാഗ്യം എന്ന് കരുതിയാ മതി..അല്ലേ..ഒണക്ക മീൻ മണത്തു കൂട്ടി കഞ്ഞി കുടിക്കുന്നവളാ…അവള് ഞങ്ങളെ ഉപദേശിക്കാൻ വന്നേക്കണു“

”എന്ത് ഭാഗ്യമാണ് ആന്റി ?? ഒരു വേലേം കൂലീം ഇല്ലാത്തവന് തുണി അലക്കാനും കിടന്നു കൊടുക്കാനും ഒരുത്തിയെ തപ്പി ഇറങ്ങിയതാണോ ഞങ്ങൾ ഭാഗ്യമായി കരുതണ്ടേ ? “

”വേലേം കൂലീം ഇല്ലാത്തവനോ ??  ഞങ്ങൾക്ക് എത്ര ജ്വല്ലറി ഉണ്ടെന്നു നിനക്കറിയുവോ ?? ” ഞെട്ടലോടെ ദേവൻ ചോദിച്ചു

”അങ്കിളേ..അതൊക്കെ അങ്കിള് കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ…അത് വെറുതെ നോക്കി നടക്കുന്നതല്ലേ അവന്റെ പണി..

ചെറുക്കന്റെ സ്വഭാവം നല്ലതാ സമ്മതിച്ചു പക്ഷെ എനിക്കൊരു ഇന്നർവിയർ വാങ്ങി തരണം എങ്കിൽ അവൻ നിങ്ങളുണ്ടാക്കിയ പൈസയിൽ നിന്നും കയ്യിട്ടു വാരണം..

പക്ഷെ എന്റെ വീട്ടിൽ ഒരു ഒണക്ക മീൻ കഷ്ണം മണത്തു കൂട്ടി കഞ്ഞി കുടിച്ചാലും അതിൽ എന്റെ വിയർപ്പിന്റെ ഉപ്പു രസവും ഉണ്ടാവും “

”മതിയെടി നിന്റെ അഹങ്കാരം പറച്ചില്..അപ്പൊ നിനക്കൊക്കെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിലോ..വെറുതെ അല്ലേടി ദൈവം നിനക്കൊന്നും ഒന്നും തരാത്തേ “

”ആന്റി…എനിക്ക് ആവശ്യത്തിനുള്ളത് എന്റെ ദൈവം തന്നിട്ടുണ്ട്..എന്റെ അച്ഛൻ…ഒരായുസ്സ് മുഴുവൻ ലാത്തി പിടിച്ച മനുഷ്യൻ…

എനിക്ക് വിദ്യാഭ്യാസം തന്നു…എന്റെ അമ്മ ഒരു പെണ്ണിന് എന്തൊക്കെ പോരായ്മകൾ ഉണ്ടാവരുതെന്നു പഠിപ്പിച്ചു തന്നു …ഇതൊക്കെ മതി എനിക്ക് ജീവിക്കാൻ..

ഈ പ്രസംഗിക്കുന്ന നിങ്ങളും സ്വന്തമായി എന്തെങ്കിലും ഉണ്ടാക്കിയിട്ടുണ്ടോ? നാളെ നിങ്ങളുടെ ഭർത്താവു നിങ്ങളേം മകനെയും വേണ്ടെന്നു പറഞ്ഞു ഇറക്കി വിട്ടാൽ എന്ത് ചെയ്യും നിങ്ങൾ ???”

അവർ പകച്ചു നിന്നു

“ഞങ്ങൾ പാവപ്പെട്ടവരാ…അതിൽ ഒരു ദുഖവും ഇല്ല..ആത്മാഭിമാനം എന്നൊന്ന് എല്ലാ മനുഷ്യർക്കും ഉണ്ട്. ഒരച്ഛന്റെ മോളാ ഞാൻ…

ഇത്രയെങ്കിലും ഞാൻ നിങ്ങളോടു പറഞ്ഞില്ലെങ്കിൽ എനിക്കൊരു സമാധാനവും ഉണ്ടാവില്ല…ഇനി നിങ്ങള് വേണോന്നു പറഞ്ഞാലും നിങ്ങടെ മോനേ എനിക്ക് വേണ്ട….”

അവൾ തിരിഞ്ഞു നടന്നു…

”മോള് നിന്നെ… “

ദേവൻ പിന്നിൽ നിന്നും വിളിച്ചു..കാർത്തിക തിരിഞ്ഞു നോക്കി..രുക്മിണി ഞെട്ടലോടെ ദേവനെ നോക്കി നിന്നു

”ഞങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായ തെറ്റിന് ഞാൻ ക്ഷമ ചോദിക്കുന്നു..മോളുടെ അച്ഛനോട് ഞാൻ വിളിച്ചു പറയേണ്ടതായിരുന്നു..

മോള് ഞങ്ങളോട് ക്ഷമിക്കണം…എന്റെ മരുമകളായി ഞങ്ങളുടെ വീട്ടിലേക്കു തന്നെ വരണം..നിന്നെക്കാൾ തിരിച്ചറിവുള്ള ഒരു കുട്ടിയെ അവനു കിട്ടില്ല”

”ക്ഷമിക്കണം അങ്കിളേ…എനിക്ക് പറ്റില്ല…അവനെ എനിക്ക് ഇഷ്ടമാണ്..പക്ഷെ സ്വയം ജീവിക്കാൻ പ്രാപ്തി ഇല്ലാത്തൊരാളെ വിവാഹം ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.

മാത്രമല്ല ഇനിയും ഈ ബന്ധം ആലോചിക്കുന്നത് അവസാനം അറിയാവുന്ന പുസ്തകം ഒന്ന് കൂടി വായിക്കുന്ന പോലിരിക്കും…അത് വേണ്ട അങ്കിളേ..ക്ഷമിക്കണം…”

ഉറച്ച നിലപാടോടെ അവൾ തിരിച്ചു നടന്നു…