ഡോർമിറ്ററിയിൽ അവനെ ബെഡിലേക്കിരുത്തിയിട്ട് ആയ അവന്റെ സാധനങ്ങൾ ഓരോന്നായി പായ്ക്ക് ചെയ്യാൻ തുടങ്ങി….

ബാല്യം

എഴുത്ത്: ലച്ചൂട്ടി ലച്ചു

==============

“നമുക്ക് ആ കുട്ടിയെ മതി ….”

ഇരുനിറമുള്ള നീലമിഴികളിൽ ജീവൻ തുടിയ്ക്കുന്ന പുഞ്ചിരിയോടെ നിൽക്കുന്ന ആ എട്ടു വയസുകാരനെ നോക്കി സത്യഭാമ പറഞ്ഞു ….

“പക്ഷേ ഭാമേ ……കുറച്ചുകൂടി ചെറിയ കുട്ടിയെ നോക്കിയാൽ പോരെ ….?? .നമുക്ക് നമ്മുടെ സ്വന്തം കുഞ്ഞായിട്ട് വളർത്തണ്ടേ …ഇവന് തിരിച്ചറിവുണ്ട് ഒരു അനാഥനാണെന്ന് ……!!”

അനിരുദ്ധൻ സംശയത്തോടെ അവന്റെ കുട്ടിത്തം തുളുമ്പുന്ന മുഖത്തേയ്ക്ക് നോക്കി…..

“അതാണ് വേണ്ടത് …..!! ആ തിരിച്ചറിവ് അവനെ നല്ലൊരു മനുഷ്യനാക്കും ……ആരെക്കാളും നമ്മളെ കൂടുതൽ സ്നേഹിക്കാൻ പ്രേരണ നൽകും …..അനിയേട്ടാ മറുത്തൊന്നും പറയരുത് ….!!”

അവൾ മെല്ലെ ആ ബാലന്റെ നെറ്റിമേൽ വീണുകിടന്ന ചുരുണ്ടമുടി മാടിയൊതുക്കി ……

“പോയി ഉടുപ്പൊക്കെ ഒന്ന് മാറിവരൂ കുട്ടി …..!!

ഇനി നീയ് ഇവരുടെ കൂടെയാണ് ജീവിക്കേണ്ടത് …

ഈശ്വര ഭയത്തോടെ മാതാപിതാക്കളെ അനുസരിച്ചു ജീവിക്കുക …..കർത്താവ് നിന്നെ രക്ഷിക്കട്ടെ …!!!”

ഡോർമിറ്ററിയിൽ അവനെ ബെഡിലേക്കിരുത്തിയിട്ട് ആയ അവന്റെ സാധനങ്ങൾ ഓരോന്നായി പായ്ക്ക് ചെയ്യാൻ തുടങ്ങി ……

കണ്ണീർ കൊണ്ട് അവന്റെ മിഴികൾ ഇരുണ്ടുമൂടി …..!!

“എനിക്ക് പോകണ്ട …..!!”

അടുത്ത ബെഡിൽ കിടന്നുറങ്ങുന്ന പെൺകുട്ടിയെ നോക്കി അവൻ പറഞ്ഞു…..ആശ്ചര്യത്തോടെ അവർ അവനെ നോക്കി … …അവരെ ശ്രദ്ധിക്കാതെ അവൻ സ്വീകരണ മുറിയിലേക്ക് ഓടിച്ചെന്നു …..

“എന്തുപറ്റി ജോയൽ …..??”

സത്യഭാമയോടും അനിരുദ്ധനോടുമായി സംസാരിച്ചുകൊണ്ടിരുന്നു മരിയ സിസ്റ്റർ ശബ്ദം കേട്ട് തിരിഞ്ഞുനോക്കി ….

“എനിക്ക് ഇവരുടെ കൂടെ പോകണ്ട സിസ്റ്റർ …..!!.ഇവിടെ കഴിഞ്ഞാൽ മതി …”

ദമ്പതികളുടെ മുഖമിരുണ്ടു ….

“അത് പാടില്ല കുട്ടി …..!! സഭാനിയമങ്ങൾക്ക് എതിരാണ് ….”

മരിയ സിസ്റ്റർ അവനെ പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിച്ചു …….കാരണമേതും പറയാൻ കൂട്ടാക്കാതെ അവൻ വാശിയിൽ തന്നെ ഉറച്ചുനിന്നു …..നിരാശരായി സത്യഭാമയും അനിരുദ്ധനും അനാഥാലയത്തിന്റെ പടിക്കെട്ടുകളിറങ്ങി …..

കാറിലേക്ക് കയറുന്നതിന് മുൻപ് സത്യഭാമ അവനെ അടുത്തേയ്ക്കു വിളിച്ചു …….

കയ്യിൽ കരുതിയിരുന്ന മിഠായിയുടെ തൊലി പൊളിച്ചുകൊണ്ട് അവന്റെ വായിലേയ്ക്ക് വച്ചു …..

അവളുടെ കൈകൾ തടുത്തുകൊണ്ട് ക്ഷീണവും വിശപ്പുമുറ്റുന്ന കണ്ണുകളോടെ ആ വർണ്ണക്കടലാസ് അവൻ കൈകളിലൊതുക്കി …..

“കഴിച്ചോളൂ ജോയൽ …സന്തോഷത്തോടെ തരുന്നതല്ലേ …..!!”

അരികിൽ നിന്ന സിസ്റ്റർ അവന്റെ ചുമലിൽ തട്ടി …

“ഇതുപോലെ ഒന്നുകൂടി എടുക്കാനുണ്ടാവുമോ …..??”

പ്രതീക്ഷയോടെ അവന്റെ നീലമിഴികൾ അവളിൽ നോട്ടം പായിച്ചു ….

“ആർക്കാണ് ??…”

“എന്റെ കുഞ്ഞാറ്റയ്ക്ക് …..!!”

അത്ഭുദത്തോടെ സത്യഭാമ അവനെ നോക്കി …

“എന്നിട്ടെവിടെ കുഞ്ഞാറ്റ ….??

ഞങ്ങളെ കാട്ടിയില്ലല്ലോ …..??”

സത്യഭാമ പരിഭവം ഭാവിച്ചുകൊണ്ട് അവനു നേരെ മുട്ടുകുത്തി ഇരുന്നു …..

“ഒരുപാട് പേരെ കാട്ടി …..!!! ആർക്കും അവളെ വേണ്ട …….ജനിച്ചിട്ട് ഇന്നുവരെ അവൾ സംസാരിക്കാത്തൊണ്ടാണെന്ന് മേരിസിസ്റ്റർ പറഞ്ഞു …..”

കുറച്ചകലെയായി നിന്ന ആയയെ ചൂണ്ടി അവൻ പറഞ്ഞു …..

“പക്ഷെ ……കുഞ്ഞാറ്റ എന്നോട് സംസാരിക്കുമല്ലോ …….ആർക്കും കേൾക്കാൻ പറ്റില്ലെന്നേയുള്ളു….!!!”

ആ പേര് പറയുമ്പോൾ തന്നെ അവന്റെ നീലക്കണ്ണുകൾ ഒന്നുകൂടി തിളങ്ങുന്നത് ഭാമ ശ്രദ്ധിച്ചു ….!!

അറിയാതെ ഒരു മിഴിനീർക്കണം അവളുടെ ഹൃദയത്തിലും പൊഴിഞ്ഞുവീണു …

കയ്യിലിരുന്ന മറ്റൊരു മിഠായി കൂടി അവന്റെ കൈകളിലേക്ക് ഭാമ വെച്ചുകൊടുത്തു ….

“സിസ്റ്റർ…..!! എന്റെ മകനൊരു കൂട്ടു വേണം ….അവന്റെ കുഞ്ഞുപെങ്ങളാകാൻ…..ഈ കുസൃതിയെയും ഇവന്റെ കുഞ്ഞാറ്റയെയും ഞങ്ങൾ കൊണ്ടുപോയ്‌ക്കോട്ടെ …..!!”

തുളുമ്പുന്ന കണ്ണുകളോടെ ഭാമ അനിരുദ്ധനെ നോക്കി …..അയാൾ സമ്മതത്തോടെ മന്ദഹസിച്ചു …

ആ പിഞ്ചുബാലന്റെ അധരങ്ങളിൽ കൈവിട്ടതെന്തോ തിരിച്ചുപിടിച്ചതിന്റെ പുഞ്ചിരി വിടർന്നു …..!!!

അവന്റെ നീലക്കണ്ണുകൾ അനാഥാലയത്തിന്റെ പടിക്കെട്ടുകൾ ഭേദിച്ചുകൊണ്ട് അകത്തേയ്ക്ക് പായാനാഗ്രഹിച്ചു …

രക്തബന്ധത്തിന്റെ കെട്ടുപാടുകളില്ലാതെ തന്റെ കുഞ്ഞുപെങ്ങളുമായി നാലുചുവരുകൾക്കപ്പുറം പുതിയൊരു ജീവിതത്തിലേയ്ക്ക് ചേക്കേറാൻ ……!!!