നിങ്ങളാരും എന്നെക്കുറിച്ചോർത്തു വിഷമിക്കണ്ട. ഞാൻ ഈ വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞോളും. നീ നിന്റെ ഓളെയും കൂട്ടി…

അവസാനത്തെ തണലിൽ….

Story written by Nisha Pillai

=====================

“എന്താ ഗോപു മോനേ, നിങ്ങൾ അമേരിക്കയിൽ പോകുന്ന കാര്യമൊക്കെ ചർച്ച ചെയ്യുന്നത് കേട്ടല്ലോ.എന്താണെന്നു അമ്മയ്ക്ക് ഒന്നും മനസിലായതുമില്ല.ആരാണ് അമേരിക്കയിൽ പോകുന്നത്.?

മറുപടി പറഞ്ഞത് ആരതിയാണ്.

“അമ്മയ്ക്കെപ്പോഴും ഞങ്ങളുടെ കിടപ്പു മുറിയുടെ മുന്നിൽ ചെവി വട്ടം പിടിക്കലാണല്ലോ ജോലി.സമയമാകുമ്പോൾ ഞങ്ങൾ തന്നെ അങ്ങ് പറയുമല്ലോ.അതിന് ഒളിച്ച് നിന്ന് കേൾക്കണോ.”

സുനന്ദയ്ക്ക് വിഷമം ആയി.മരുമകൾ ആരതി ഇപ്പോഴും അങ്ങനെയാണ്. മകൻ ഗോപുവിനെ ഓർത്തു എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുകയാണ്. വാർദ്ധക്യത്തിൽ സ്നേഹം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ ചെറുപ്പത്തിൽ മക്കൾക്ക് വേണ്ടി ആത്മത്യാഗം ചെയ്യുന്ന മാതാപിതാക്കൾ എത്ര വിഡ്ഢികളാണ്. ആർക്കും ആരോടും സ്നേഹമില്ലാത്ത കപട ലോകമാണിത് എന്നവൾക്കു തോന്നി തുടങ്ങിയിട്ട് കുറെ കാലമായി.വൃദ്ധയായ വിധവയുടെ തപം ആരറിയുന്നു.മൗനമാണ് ഈ പ്രായത്തിൽ നല്ലത്,ഭർത്താവിന്റെ ആശ്രിത പെൻഷനുണ്ട് ജീവിക്കാൻ ,ഇനി ഒറ്റക്കാണെങ്കിൽ അങ്ങനെ തന്നെ ധൈര്യത്തോടെ ജീവിയ്ക്കും.

“ആരതി നീയൊന്നടങ്ങു്, അമ്മേ ആരതിയുടെ കമ്പനി അവളെ ഒരു വർഷത്തേയ്ക്ക് അമേരിക്കയിൽ വിടുന്നു.ഒരു വർഷം കഴിയുമ്പോൾ വിസ നീട്ടി കൊടുക്കും. കുഞ്ഞിക്ക് ഒരു വയസായതല്ലേയുള്ളു .അവളെ പിരിയാൻ ആരതിയ്ക്കു വയ്യ.പിന്നെ അവൾക്കു കുഞ്ഞിയെ ഒറ്റയ്ക്ക് നോക്കാനും പറ്റില്ല.ഞാനും കൂടെ ലീവെടുത്തു അവരുടെ കൂടെ പോകാമെന്നു വിചാരിക്കുന്നു.ഒരു അഞ്ച് വർഷത്തെ ലീവിന് കൊടുത്തിട്ടുണ്ട്.അവിടെ ചെന്നിട്ടു വേറെ ജോലിക്കു അപേക്ഷിക്കാം.ഒന്നും തീരുമാനം ആയില്ല.തീരുമാനം ആയിട്ട് അമ്മയോട് പറഞ്ഞാൽ മതിയെന്ന് ആരതിയുടെ അമ്മ പറഞ്ഞിരുന്നു.”

“അതിനിപ്പോൾ എന്താ മോനേ ,അമ്മയിപ്പോൾ നേരത്തെ അറിഞ്ഞിട്ടും ഒരു വിശേഷവുമില്ലല്ലോ.എല്ലാം അവർ തീരുമാനിക്കുന്നു ,ഞാൻ തലകുലുക്കി സമ്മതിക്കുന്നു.”

സുനന്ദ പരിഹാസത്തോടെ മറുപടി പറഞ്ഞു.

“അതല്ല അമ്മേ പ്രശ്നം.ഞങ്ങൾ പോയാൽ അമ്മയിവിടെ തനിയെ ആകില്ലേ ? ഒറ്റയ്ക്ക് ഈ പ്രായത്തിൽ,അതും തനിച്ചൊരു വലിയ വീട്ടിൽ എങ്ങനെ കഴിയാനാണ്.അമ്മ കുറച്ചു നാള് ഡൽഹിയിൽ ചേച്ചിയുടെ ഫ്ലാറ്റിൽ പോയി നില്ക്കൂ ,ഞാൻ ചേച്ചിയോട് പറഞ്ഞിട്ടുണ്ട്.അവൾക്കു സമ്മതമാണ്.വെക്കേഷനല്ലേ പകലൊക്കെ അവിടെ കുട്ടികൾ തനിച്ചാണ് അമ്മ കൂടെയുണ്ടെങ്കിൽ അവൾക്കും ഒരു സഹായമാകും.”

“അപ്പോൾ എല്ലാവരും കൂടി തീരുമാനിച്ചതാണല്ലേ.പക്ഷെ മോനെ നിനക്കറിയാവുന്നതല്ലേ അമ്മയുടെ വാതത്തിന്റെ പ്രശ്നം.തണുപ്പടിച്ചാൽ പേശികൾ ഉരുണ്ടു കയറി അസഹ്യമായ വേദനയാണ്.എനിക്ക് വേദന സഹിക്കാൻ പറ്റില്ല.നിങ്ങളാരും എന്നെക്കുറിച്ചോർത്തു വിഷമിക്കണ്ട.ഞാൻ ഈ വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞോളും.നീ നിന്റെ ഓളെയും കൂട്ടി എങ്ങോട്ടാണ് വച്ചാൽ പൊയ്ക്കോളൂ. ഈ സുനന്ദയ്ക്ക് അവളുടെ ഭർത്താവു നിർമിച്ച ഈ വീടുണ്ട് ,അത് മതി അവൾക്ക് മരണം വരേയും.അത് വിട്ടു ഞാൻ എങ്ങും പോകത്തില്ല.”

ആരതിയാണ് മറുപടി പറഞ്ഞത്.

“അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ്.ഈ വീട് ഗോപുവേട്ടന്റെ പേരിലല്ലേ, അമ്മ തന്നെയല്ലേ അതെഴുതി കൊടുത്തത്.അപ്പോൾ അത് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ഗോപുവേട്ടനില്ലേ.അമേരിക്കയിൽ പോയാൽ ഞങ്ങൾക്ക് ആദ്യം കുറച്ചു ചെലവ് ഒക്കെ വരില്ലേ.ഈ വീട് തൽക്കാലം വിറ്റാൽ ആവശ്യത്തിനുള്ള പണം കിട്ടും.പിന്നെ ഞങ്ങൾ മടങ്ങി വരുമ്പോൾ ഇതിനേക്കാൾ നല്ലൊരു വീട് വാങ്ങാമല്ലോ. ആവശ്യമല്ലേ ഇപ്പോൾ പ്രധാനം.”

“ഈ വീട് വിൽക്കാൻ ഞാൻ സമ്മതിക്കില്ല.എന്നെ സംരക്ഷിക്കുന്നില്ല എന്നൊരു പരാതി പോലീസിൽ കൊടുത്താൽ മതി.”

“അല്ലെങ്കിലും അമ്മയ്ക്ക് സ്വന്തം കാര്യം മാത്രമാണല്ലോ പ്രധാനം.”

“സ്വന്തം കാര്യം നോക്കിയിട്ടാണോ ഞാൻ ഗോപുവിനെയും അവന്റെ മകൾ കുഞ്ഞിയെയും പൊന്നു പോലെ നോക്കുന്നത്.എന്റെ അനാരോഗ്യം പോലും ഞാൻ വക വയ്ക്കാറില്ലല്ലോ ആരതി.”

“എന്നെ കുഞ്ഞിനെ നോക്കിയ കണക്കൊക്കെ അമ്മ സൂക്ഷിക്കുന്നുണ്ടോ ? അറിഞ്ഞതിൽ സന്തോഷം.ഇനി അമ്മ അവളെ നോക്കി സങ്കടപെടേണ്ട.കുഞ്ഞിനെ നോക്കാനായി ഞാൻ എന്റെ അമ്മയെ കൊണ്ട് പോയ്ക്കോളാം. ആരുടെയും പരാതിയും പരിഭവവും കേൾക്കേണ്ടല്ലോ.”

ആരതി മുഖം വീർപ്പിച്ചു കൊണ്ട് മുറിയിലേയ്ക്കു പോയി.പിറകെ കുഞ്ഞിനേയും കൊണ്ട് ഗോപുവും.ഇങ്ങനേയും ഒരു അച്ചിക്കോന്തൻ.

ഒരാഴ്ചയായി മകൻ അമ്മയോട് മിണ്ടിയിട്ട്,രണ്ടാളും വീട്ടിൽ നിന്ന് ഒന്നും കഴിക്കുന്നില്ല.കുഞ്ഞിനെ പോലും സുനന്ദയ്ക്ക് എടുക്കാൻ നൽകുന്നില്ല.അതിനു മാത്രം താൻ എന്ത് തെറ്റാണു ചെയ്തതെന്ന് സുനന്ദയ്ക്ക് മനസിലായതുമില്ല.സ്വന്തം ഭർത്താവിന്റെ ഒരു ജന്മത്തെ സമ്പാദ്യമാണ് ,ഈ വീടും മുപ്പതു സെന്റ് സ്ഥലവും.ആ വീട്ടിൽ മരണം വരെ ജീവിക്കണമെന്ന് പറഞ്ഞതാണോ താൻ ചെയ്ത അപരാധം.ഡൽഹിയിൽ നിന്ന് മകളും അമ്മയോട് വിളിച്ചു പറഞ്ഞു,

“വീട് വില്ക്കട്ടേയമ്മേ,കുറച്ചു പണം അവൻ എനിക്കും തരും ഇവിടെ ഒരു ഫ്ലാറ്റ് വാങ്ങണമെന്ന് രാജീവേട്ടൻ കുറെ നാളായി പറയുന്നു.ഒരു പത്തു ലക്ഷം രൂപ കിട്ടിയാൽ എനിക്കെന്താ പുളിക്കുമോ,എനിക്ക് അഞ്ചിലൊന്ന് തരണമെന്ന് ഞാൻ കട്ടായം പറഞ്ഞു.അമ്മ സമ്മതിക്കൂ .എന്നിട്ടു അമ്മ ഇങ്ങോട്ടു പോരെ.ഞാനമ്മയെ പൊന്ന് പോലെ നോക്കാം.”

രാവിലെ ഗോപുവും ആരതിയും ജോലിക്കു പോയപ്പോൾ സുനന്ദ വീട്ടിൽ നിന്നുമിറങ്ങി.ആത്മാർത്ഥ സുഹൃത്തായ വനജയെ ,അവൾ താമസിക്കുന്ന സ്നേഹക്കൂട്ടിൽ പോയി കാണാൻ.

” സ്നേഹക്കൂട് ” ഒരു ന്യൂ ജനറേഷൻ സ്റ്റൈലിലുള്ള ഒരു വൃദ്ധ സദനമാണ്.പണ്ട് വിവാഹം കഴിയ്ക്കാത്തതിന് കൂട്ടുകാരികൾ വനജയെ കളിയാക്കും,ഉപദേശിക്കും.

“പ്രായം ചെന്നാൽ നിന്നെ ആര് നോക്കും വനജേ? ചെറുപ്പത്തിൽ കുഞ്ഞുങ്ങളെയൊക്കെ നല്ല നിലയിൽ വളർത്തി ,പഠിപ്പിച്ചാൽ ,നമ്മുടെ വാർദ്ധക്യത്തിൽ അവർ നമുക്ക് തണലാകും.അത് കൊണ്ട് എത്രയും പെട്ടെന്ന് നീയൊരു കല്യാണം കഴിക്കൂ.”

“എന്റെ കാര്യം പോകട്ടെ ,നിങ്ങളെ നിങ്ങളുടെ ഭർത്താക്കന്മാരും മക്കളും നോക്കുമെന്നു നിങ്ങൾക്ക് ഉറപ്പുണ്ടോ സുനന്ദേ.”

വനജ കല്യാണം കഴിച്ചില്ല .അദ്ധ്യാപികയായി ജോലി നോക്കി.അച്ഛനമ്മമാരുടെ മരണശേഷം വർക്കിംഗ് വിമൻസ് ഹോസ്റ്റലുകളിലായി താമസം. വർദ്ധക്യമെടുത്തപ്പോൾ സ്നേഹക്കൂട്ടിൽ വന്നു ചേർന്നു.നല്ല പെൻഷനും ബാങ്ക് ബാലൻസുമുള്ള വനജ അവിടെ ഒരു മഹാറാണിയെ പോലെ സുഖമായി ശിഷ്ട ജീവിതം നയിക്കുന്നു.

സുനന്ദയെ കണ്ടപ്പോൾ വനജയ്ക്കു സന്തോഷമായി.പണ്ടേയുള്ള ആത്മാർത്ഥ സുഹൃത്താണ്.വനജയെ കണ്ടപ്പോൾ സങ്കടം കൊണ്ട് വിങ്ങി പൊട്ടിപ്പോയി സുനന്ദയ്ക്ക്.കൂട്ടുകാരിയുടെ സ്നേഹത്തോടെയുള്ള അന്വേഷണത്തിൽ അവൾ കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു.

“എന്റെ പൊന്നുമോളെ നീയിങ്ങു പോരെ ,മനസ് കൊണ്ട് ചേരാൻ പറ്റാത്ത സ്ഥലത്തു ഇത്തിൾ കണ്ണിപോലെ കഴിയേണ്ട ആവശ്യമെന്ത്.? ഞാൻ പറഞ്ഞപോലെ നീ ചെയ്യൂ.”

ഒരാഴ്ചകൊണ്ട് കുറെ കാര്യങ്ങൾ ചെയ്യാനുണ്ട്.തന്റെ കുറച്ചു വസ്ത്രങ്ങളും ആഭരണങ്ങളും പഴയ ഫോട്ടോസും പാക്ക് ചെയ്തു വച്ചു.ബാക്കി വസ്ത്രങ്ങൾ പാവപ്പെട്ടവർക്ക് വിതരണം ചെയ്തു.വീടിന്റെ ആധാരം ഗോപുവിന്റെ കയ്യിലേൽപിച്ചു.

“ഈ വീട് വിറ്റ് കിട്ടുന്ന തുകയുടെ അഞ്ചിലൊന്ന് ഭാഗം എനിക്ക് നൽകണം. സമ്മതമാണെങ്കിൽ വിൽക്കാൻ എനിക്ക് സമ്മതം.ഞാൻ ഒപ്പിട്ട് തരാം”

രണ്ടു പേരുടെയും മുഖം മങ്ങിയത് ശ്രദ്ധയിൽപ്പെട്ടെങ്കിലും തീരുമാനത്തിൽ ഉറച്ചു തന്നെ നിന്നു.രണ്ടാഴ്ച കൊണ്ട് കച്ചവടമായി.പതിനൊന്നു ലക്ഷം രൂപ സുനന്ദ അക്കൗണ്ടിൽ ഇട്ടു.രാത്രിയിൽ തന്നെ ഗോപുവിനോട് യാത്ര ചോദിച്ചു.

“നാളെ ഞാൻ താമസം മാറുകയാണ്.നിന്റെ അച്ഛന്റെ സ്വപ്നമായ ഈ വീട് വെറും അൻപത്തിയഞ്ചു ലക്ഷം രൂപയ്ക്കാണ് നീ വിറ്റു കളഞ്ഞത്.അമേരിക്കയിൽ പോകാൻ പണം വേണമെന്ന് നീ പറഞ്ഞതൊക്കെ കളവാണെന്നെനിക്കറിയാം.ബാങ്ക് ജോലിക്കാരനായ നിനക്ക് മുപ്പതു ലക്ഷം രൂപ സമ്പാദിക്കാൻ അമ്മയെ ഇറക്കി വിട്ട് ഈ വീട് വിൽക്കണമായിരുന്നോ,ഒക്കെ നീ പറഞ്ഞ കളവല്ലേ.നീ അവിടെ സെറ്റിൽ ചെയ്യാനാണ് പോകുന്നതെന്ന് ബാങ്കിൽ മുഴുവൻ അറിയാമല്ലോ,ജോലിയും നീ രാജി വച്ചെന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടി പോയി മോനെ.നീ കഷ്ടപ്പെട്ട് പഠിച്ചു മേടിച്ച ആ ജോലി എന്ത് വേഗമാണ് നീ രാജി വച്ചൊഴിഞ്ഞത്.എല്ലാ കാര്യവും ഭാര്യയുടെ തീരുമാനത്തിന് വിടാതെ ചിലതൊക്കെ സ്വയം തീരുമാനിക്കാൻ പഠിക്കണം. ജീവിതത്തിൽ ന്യായത്തിനും നീതിക്കും പ്രാധാന്യം നൽകണം.നാളെ നീയും നിന്റെ മക്കളുടെ തീരുമാനങ്ങൾ കൊണ്ട് പൊറുതി മുട്ടുന്ന ഒരു കാലം വരും.അമ്മ എന്നന്നേക്കുമായി പോകുകയാണ്.തിരക്കി വരരുത്.”

രാവിലെ തന്നെ വനജ കൂട്ടികൊണ്ടു പോകാനായി എത്തി.വളരെ നാളുകൾക്കു ശേഷം നല്ലപോലെ ഭക്ഷണം കഴിച്ചു ,ആവലാതികളില്ലാതെ സുഖമായി ഉറങ്ങാൻ പറ്റി.പഴയ സിം മാറ്റി പുതിയതൊന്ന് എടുത്തു.ഇനിയുള്ള ജീവിതം മറ്റുള്ളവർക്ക് വേണ്ടിയാണു.മക്കൾക്ക് വേണ്ടി മാത്രം ജീവിച്ചത് തനിക്കു പറ്റിയ ഏറ്റവും വലിയൊരു അമളിയാണ് എന്ന തിരിച്ചറിവ് ഉണ്ടായി.തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ ഒന്നും കൊടുക്കരുത്,ധനമായാലും സ്നേഹമായാലും.

ഒരാഴ്ചകൊണ്ട് സുനന്ദ എല്ലാവരുടെയും പ്രിയ കൂട്ടുകാരിയായി മാറി. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പ്രത്യേക ബ്ലോക്കുകൾ ഉണ്ട്.ഭക്ഷണ സമയത്തും വൈകുന്നേരത്തെ സല്ലാപ സദസ്സുകളിലും എല്ലാവരും ഒന്നിച്ചാണ്.മേട്രൺ ദിവ്യ ചെറുപ്പക്കാരിയായ ഒരു യുവതിയാണ്.അവരുടെ നേതൃത്തിൽ എല്ലാ ദിവസവും വിവിധങ്ങളായ പരിപാടികൾ അവിടെ നടത്തപ്പെടും.

മാനേജർ വിഷ്ണുവിനാണ്,ബർത്ത്ഡേ സെലിബ്രേഷന്റെ ചുമതല.അതിന്റെ മെനു തീരുമാനിക്കുന്നത് മിക്കവാറും അവിടത്തെ സ്ത്രീ അംഗങ്ങൾ വനജയുടെ നേതൃത്വത്തിലാണ്.സഹോദരിയുടെ മകളുടെ കല്യാണം കൂടാൻ വനജ ബാംഗ്ലൂരിൽ പോയ ദിവസങ്ങളിൽ അത്തരം ജോലി കൂട്ടുകാരിയായ സുനന്ദയെ ഏല്പിച്ചു.മുൻ ജഡ്ജി ശങ്കരനാരായണന്റെ പിറന്നാൾ സദ്യയുടെ മെനു സുനന്ദയാണ് തീരുമാനിച്ചത്.

റിട്ടയർ ചെയ്തിട്ടും ,മക്കളൊക്കെ ഉപേക്ഷിച്ചിട്ടും പഴയ ജോലിയുടെ പത്രാസിൽ കഴിയുന്ന ശങ്കരനാരായണനെ ആർക്കും അത്ര ഇഷ്ടവുമല്ല.ആരോടും അധികം മിണ്ടില്ല,എപ്പോഴും കുറെ ബുക്കുകളുമായി ലൈബ്രറിയിൽ കാണും.അവിടത്തെ നിയമ പ്രകാരം ആരും ദേഷ്യവും വെറുപ്പും പരസ്പരം വച്ചു പുലർത്താൻ പാടില്ല.അതിനാൽ എല്ലാവരും പരസ്പരം സഹകരിച്ചു കഴിയുന്നു.പ്രായം ചെന്ന വിഭാര്യൻമാരായ പുരുഷന്മാരെ സഹിക്കാൻ വളരെ പ്രയാസമാണെന്ന് മേട്രൺ ദിവ്യയും പറയാറുണ്ട്.അതിൽ ഏറ്റവും കഠിനം ശങ്കരനാരായണനെയാണ്.

അന്നത്തെ പിറന്നാൾ സദ്യ കഴിച്ചിട്ട് ശങ്കരനാരായണൻ കരഞ്ഞു പോയി.അയാളുടെ ഇഷ്ടം കണ്ടറിഞ്ഞ് തയാറാക്കിയ രുചികരമായ ഭക്ഷണം.ഭാര്യയുടെ മരണശേഷം അയാളുടെ ഇഷ്ട വിഭവങ്ങളുമായി ഇങ്ങനെയൊരൂണ് ആദ്യമായിട്ടാണ്. വൈകിട്ടത്തെ സായാഹ്‌ന സദസ്സിൽ സുനന്ദയുടെ മനോഹരമായ ഗാനം കൂടി കേട്ടപ്പോൾ അയാളുടെ ഓർമ്മകളെ അനേക വർഷം പിറകോട്ടു കൊണ്ട് പോയി.കോളേജിലെ യുവജനോത്സവത്തിനു അയാൾക്ക്‌ വേണ്ടി മാത്രം പാടിയ ഒരു പത്തൊൻപത്കാരിയെ അയാൾക്ക്‌ പെട്ടെന്ന് ഓർമ്മ വന്നു.

അന്വേഷിച്ചപ്പോൾ സുനന്ദ രണ്ടാഴ്ച മുൻപ് വന്ന അഡ്മിഷനാണെന്ന് മനസിലായി. താൻ എത്ര സ്വാർത്ഥനാണ് ,എന്നയാൾക്ക്‌ തോന്നി.മനോഹരമായ സദ്യയ്ക്കും ഗാനത്തിനും നന്ദി പറയാനായി അയാൾ സുനന്ദയെ കാത്ത് ക്ഷമയോടെ മെസ് ഹാളിൽ നിന്നു.

“ഞാനെങ്ങനെയാ നന്ദി പറയേണ്ടത്.എന്റെ ഓർമ്മകൾ ഒത്തിരി വർഷം പിറകോട്ടു പോയി,പാവയ്ക്ക തീയലും ചക്ക പായസവും ഒക്കെ നാടൻ രുചിയിൽ കഴിച്ച പഴയ ഓർമ്മകൾ എന്നിലേയ്ക്ക് മടങ്ങി വന്നു.”

അയാൾ തന്റെ ഒപ്പു പതിഞ്ഞ ഒരു നോവൽ അവൾക്കു നേരെ നീട്ടി.അവളതു ഏറ്റു വാങ്ങി.

“സാധാരണ പിറന്നാളുകാരന് അങ്ങോട്ടാണ് സമ്മാനം തരേണ്ടത്.പിന്നെ ശങ്കരൻ മറന്നു പോയോ? നമ്മളുടെ ഇടയിൽ നന്ദിയോ മാപ്പോ സമ്മാനങ്ങളോ വേണ്ടെന്നു നമ്മൾ തീരുമാനിച്ചിരുന്നത്.ഭൂമി ഉരുണ്ടതാണെന്നും സമയം ആകുമ്പോൾ നമ്മൾ വീണ്ടു കണ്ടുമുട്ടുമെന്നും എന്റെ വിവാഹത്തലേന്ന് വന്നു പറഞ്ഞ പൊടിമീശക്കാരനെ ഞാൻ മറന്നിട്ടില്ല ശങ്കരാ.”

അവളിൽ നിന്നും ഒരു തേങ്ങൽ പുറപ്പെട്ടു.

“സുനന്ദേ….”

“ഓർക്കുന്നുണ്ടല്ലോ, എന്നെ നീ, സന്തോഷം.”

“ഞാൻ മറന്നിട്ടില്ല നിന്നെ.പക്ഷെ സ്നേഹിച്ച് വളർത്തിയ മക്കൾ വീട്ടിൽ നിന്നിറക്കി വിട്ടപ്പോൾ മനസ് തളർന്നു പോയി.ഒരു തരം മരവിപ്പ് തലച്ചോറിനെയും ബാധിച്ചിരുന്നു. ഇന്നത്തെ നിന്റെ ആ പാട്ടു, അകലെ അകലെ നീലാകാശം ….അത് കേട്ടപ്പോൾ ഞാൻ ചെറുപ്പമായത് പോലെ.നീ എന്നെ തിരിച്ചറിഞ്ഞുവോ സുനന്ദേ.? എനിക്ക് സന്തോഷമായി.ഞാൻ ഇനി സന്തോഷത്തോടെ ജീവിക്കും.”

“ശങ്കരാ, എല്ലാവർക്കും വേണ്ടി ജീവിക്കണം.നമ്മുടെ സഹനങ്ങൾ നമ്മുടെ മറ്റു ബന്ധങ്ങളെ ബാധിക്കാത്ത രീതിയിൽ വേണം നമ്മൾ പെരുമാറാൻ….”

ശങ്കരനാരായണനും സുനന്ദയ്ക്കും വന്ന മാറ്റം വനജയ്ക്കു മനസിലായി.രണ്ടുപേരും പരസ്പരം താങ്ങും തണലുമായി മാറി തുടങ്ങി കഴിഞ്ഞിരുന്നു.അതിനെ പറ്റി സുനന്ദയോട് സംസാരിക്കാനായി വന്ന വനജയോട് സ്നേഹത്തിലുള്ള അവളുടെ വിശ്വാസം കൂടിയെന്ന അഭിപ്രായമാണ് സുനന്ദ പങ്ക് വച്ചത്.

ശങ്കരനാരായണൻ എല്ലാവരുമായി കൂടുതൽ സഹവസിക്കാൻ തുടങ്ങി.അയാൾ എല്ലായിടത്തും, എല്ലായിപ്പോഴും സന്തോഷവാനായി കാണാൻ തുടങ്ങി.

ഇന്ന് ശങ്കരനാരായണന്റെയും സുനന്ദയുടെയും വിവാഹമാണ്.വിവാഹം കഴിഞ്ഞാലും അവർ സ്നേഹക്കൂടിൽ തന്നെ തുടരും .ദമ്പതികൾക്കായുള്ള ബ്ലോക്ക് ഇതുവരെ ഒഴിഞ്ഞു കിടക്കുവായിരുന്നു.ആദ്യമായി അതിൽ താമസിക്കാൻ പോകുന്ന ദമ്പതികൾ അവരാണ്.ആ വിവാഹത്തിന് അതിഥിയായി പുറത്തു നിന്നും ഒരാൾ മാത്രമേയുള്ളു.സുനന്ദയുടെ മകൻ ഗോപു മാത്രം.അമേരിക്കയിലെ പുതിയ വാസത്തിനിടയിൽ ഭാര്യയാൽ ഉപേക്ഷിക്കപ്പെട്ട ഒരാളായി മാറിയിരുന്നു അയാൾ.ബന്ധങ്ങളുടെ തടവറയിൽ പെട്ട് കിടന്നപ്പോൾ ചെയ്തു പോയ തെറ്റുകൾക്ക് അമ്മയോട് മാപ്പു ചോദിക്കാനായി എത്തിയപ്പോഴാണ് അമ്മയുടെ വിവാഹവാർത്ത അറിഞ്ഞത്.ആദ്യമൊരു ഞെട്ടൽ ഉണ്ടാക്കിയെങ്കിലും അയാൾക്ക്‌ ആ വാർത്ത കേട്ട് സന്തോഷമായി.അയാളും പുതിയ തണലുകൾ തേടി അലയാൻ ആഗ്രഹിച്ചു

✍️നിശീഥിനി.