മകൾക്ക്…
Story written by Sarath Krishna
====================
ഓഫീസിന്റെ മുന്നിലെ ഫിംഗർ പ്രിന്റ് മെഷീനിൽ വിരൽ അമർത്തി ഞാൻ പുറത്തേക്ക് കടക്കുമ്പോൾ സമയം 7 മണി കഴിഞ്ഞിരുന്നു.
ഒരു ദിവസം മുഴുവൻ കംപ്യൂട്ടറിന്റെ മുന്നിൽ ഇരുന്നതിന് പ്രതികാര സൂചകമായി തരിപ്പ് ഓരോ കാൽവെപ്പിലും എന്റെ കാലിനെ കീഴപ്പെടുത്തികൊണ്ടേ ഇരുന്നു.
അതിലേറെ ആയിരുന്നു എവിടെയെങ്കിലും തളർന്ന് വീഴാൻ പ്രേരിപ്പിക്കുന്ന പോലെയുള്ള ശരീരത്തെ ബാധിച്ച ക്ഷീണം
പുറത്തെത്തി..
കുറെ മണിക്കൂറുകൾക് ശേഷം പുറം ലോകം കണ്ടതിന്റെ സന്തോഷത്തിൽ ഞാൻ ഗേറ്റിൽ നിൽക്കുന്ന വാച്ച്മാനെ നോക്കി പതിയെ ചിരിച്ചു വിരലുകൾ കൈകളിൽ വെച്ചു ഒന്നു അമർത്തി മടക്കി ..
Bike വെച്ചിരുന്നയിടത്തേക്ക് നടക്കുമ്പോൾ പതിവ് പോലെ ആ ചോദ്യം ഞാൻ മനസിൽ ചോദിച്ചു..
വീട്ടിലേക്ക് എന്തെങ്കിലും വാങ്ങാൻ ഏല്പിച്ചിട്ടുണ്ടോ .. ??
ഓർത്തെടുക്കാൻ നോക്കിയിട്ട് ഒന്നും ഓർമ വന്നില്ല..
നടത്തം പതുക്കെയാക്കി ഞാൻ ഫോൺ എടുത്തു ഭാര്യയെ വിളിച്ചു..
വീട്ടിലേക്ക് എന്തേലും വാങ്ങണോ…?
ഒന്നും വേണ്ട…..
മോളുടെ സ്കൂളിലെ പേരൻറ്‌സ് മീറ്റിങ്ങ് കഴിഞ്ഞു വരുമ്പോൾ വേണ്ടതെല്ലാം ഞാൻ വാങ്ങി…
ഫോൺ കട്ട് ചെയ്യാൻ ഒരുങ്ങിയ എന്നെ തടഞ്ഞു കൊണ്ട് ഒരു ആവേശത്തോടെ അവൾ പറഞ്ഞു
നമ്മുടെ മോളുടെ പഠനകാര്യത്തിൽ എല്ല ടീച്ചർമാർക്കും നല്ല അഭിപ്രായമാണ് .. ചേട്ടൻ വരുമ്പോൾ മോൾക്കായി എന്തെങ്കിലും വാങ്ങണമെന്ന്…
ഒന്നും പറയാതെ ഞാൻ ഫോൺ വെച്ചു..
സത്യത്തിൽ അവൾ അത് പറഞ്ഞത് കേട്ടപ്പോൾ സന്തോഷം കൊണ്ട് വാക്കുകൾ പുറത്തേക്ക് വന്നില്ലന്ന് പറയുന്നതാകും ശരി.
ആണായും പെണ്ണായും ഒരു മോളേയ ദൈവം ഞങ്ങൾക്ക് തന്നുള്ളൂ ….
മറ്റുള്ളവർക്കും അവൾ പ്രിയപ്പെട്ടവൾ ആണെന്ന് അറിയുമ്പോൾ മനസിൽ തോന്നുന്ന സന്തോഷം നിയന്ത്രിക്കാൻ കഴിയാത്ത വിധമാണ്..
എന്താണ് ഞാൻ എന്റെ മകൾക്ക് വാങ്ങുക…
ഈ അടുത്ത കാലത്ത് അവൾ എന്തെങ്കിലും ആഗ്രഹം എന്നോട് പറഞ്ഞതായി ഉണ്ടോയെന്ന് ഞാൻ ഓർത്ത് എടുക്കാൻ ശ്രമിച്ചു….
ഒന്നും ഓർമ്മയിൽ വന്നില്ല…
വണ്ടി ഓടിക്കുമ്പോഴും എന്റെ മനസിൽ ആ ഒരു ചിന്ത തന്നെ കൂടു കൂട്ടിക്കൊണ്ടേ ഇരുന്നു
എന്ത് വാങ്ങും അവൾക്ക്…
അവൾ ഏറെ മോഹിച്ചു ആഗ്രഹിച്ചു ചോദിച്ച എന്തെങ്കിലും ഒന്ന് എനിക്ക് അവൾക്ക് സാധിപ്പിച്ചു കൊടുക്കാൻ പറ്റാതെ പോയിട്ടുണ്ടോ..
ഇല്ല..
ഈ കാലം വരേയ്ക്കും അവൾക് ചോദിച്ചതെല്ലാം ഞാൻ വാങ്ങി കൊടുത്തിട്ടുണ്ട്..
ഒരു അച്ഛൻ എന്ന നിലക്ക് ആ നിമിഷം എനിക്ക് എന്തെന്നില്ലാത്ത അഭിമാനം തോന്നി…
Bike നെഹ്‌റു പാർക്കിന്റെ മുന്നിലെ വളവ് വളഞ്ഞപ്പോഴാണ് കഴിഞ്ഞ ഞായറാഴ്ച്ച ഭാര്യയും മോളും ഒരുമിച്ച് പാർക്കിൽ വന്നിരുന്ന കാര്യം ഓർമയിൽ വന്നത്…
അന്ന് മോള് പാർക്കിൽ വെച്ച് മുളകിൽ ഉണ്ടാക്കുന്ന ബജി വേണമെന്നു എന്നോട് പറഞ്ഞിരുന്നു.. അവിടുത്തെ ആ പെട്ടി കടയിൽ അവർ അത് ഉണ്ടാക്കുന്ന വിധം കണ്ടപ്പോൾ എന്തോ അത് മോൾക്ക് വാങ്ങിച്ചു കൊടുക്കാൻ തോന്നിയില്ല..
അന്ന് അത് ഞാൻ അവൾക്ക് വാങ്ങിച്ചു കൊടുക്കാതെയായപ്പോൾ അവളുടെ മുഖം വാടുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു….
പിന്നെ മോൾക്ക് എന്ത് വാങ്ങിക്കണമെന്ന് എനിക് അധികം ആലോചിക്കേണ്ടി വന്നില്ല..
അടുത്ത് കണ്ട വഴിയോരത്തെ ചയകടയുടെ ഓരത്തായി ഞാൻ വണ്ടി നിർത്തി..
അന്നത്തെ കച്ചവടം അവസാനിപ്പിച്ചു കട പൂട്ടാൻ ഒരുങ്ങുകയായിരുന്നു ആ കച്ചവടക്കാരൻ..
ചായകടയുടെ ചില്ല് കൂട്ടിൽ .. കിടക്കുന്ന ബജിയെ നോക്കി ഞാൻ പറഞ്ഞു.. ബജി വേണം..
അതിൽ ആകെ 7 എണ്ണം ഉണ്ടാകുള്ളൂ സാറേ ..
ആ ഉള്ളത് മതി…
പൈസ എടുക്കാനായി പാന്റിന്റെ പുറകിലെ കീശയിൽ കൈ ഇട്ടപ്പോൾ ആരോ എന്റെ കൈയിൽ തോണ്ടുന്ന പോലെ തോന്നി..
ഞാൻ കൈ കുടഞ്ഞ് പെട്ടന്ന് തിരിഞ്ഞു നോക്കി…
സന്ധ്യയുടെ ഇരുട്ടിൽ ഒരു കുഞ്ഞു മുഖം ഞാൻ കണ്ടു…
ഒരു ഏഴു… അല്ല ആറു വയസ് പ്രായം തോന്നിക്കും ആ പെണ്കുട്ടിക്ക്…
ദയനീയമായി അവൾ എന്റെ മുന്നിൽ കൈ നീട്ടി നിൽക്കുന്നു…
ആ കുഞ്ഞിന്റെ നിൽപ്പ് കണ്ടപ്പോൾ ആ ഒരു നിമിഷം എന്റെ മനസ് ഒന്ന് ഇടറി…
അവളുടെ ആ കുഞ്ഞു മുഖത്ത് വിശപ്പിന്റെ ക്ഷീണം എനിക്ക് വ്യക്തമായി തെളിഞ്ഞു കാണാമായിരുന്നു…
ആ ഒരു നിമിഷം എന്റെ മകളുടെ ആഗ്രഹത്തെ ഞാൻ മറക്കുകയായിരുന്നു..
എന്ത് ആഗ്രഹവും സാധിച്ചു കൊടുക്കുന്ന എന്നിലെ അച്ഛനെയും ഞാൻ മറന്നു..
ആ കുഞ്ഞു തനിച്ചാണോ എന്ന് അറിയാൻ ഞാൻ വേവലാധിയോടെ ചുറ്റും നോക്കി…
ഞാൻ നിന്നിരുന്നിടത്തു നിന്ന് ഒരു 10 മീറ്റർ ദൂരെ ഈ കുഞ്ഞിന്റെ ‘അമ്മ എന്ന് തോന്നിക്കുന്ന സ്ത്രീയെയും ആ സ്ത്രീയുടെ അരികിൽ എന്റെ അത്രയ്ക്കും പ്രായമുള്ള ഒരു യുവാവിനേയും ഞാൻ കണ്ടു..
അവിടെ മതിൽ ചാരി ഇരുന്നിരുന്ന അയാളെ നോക്കി ആ സ്ത്രീ ദേഷ്യത്തിൽ എന്തോ തമിഴിൽ പറയുന്നു.
ഇടക്ക് കുറച്ചു നേരം നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു നിശബദ്ധയായവൾ ഇരുന്നു..
പിന്നെ വീണ്ടും ദേഷ്യം കയറി ആ സ്ത്രീ കുറച്ചു കൂടി ഉച്ചത്തിൽ അയാളെ ചീത്ത പറയാൻ തുടങ്ങി
ഇതൊന്നും കേൾക്കാത്ത മട്ടിൽ അയാൾ ആ മതിലിൽ ചാരി തന്നെ ഇരുന്നു…. ..
ഇതിന് ഇടയിൽ ആ സ്ത്രീ എന്റെ അരികിൽ വന്നു നിൽക്കുന്ന കുഞ്ഞിനെ കണ്ടു…
കുഞ്ഞിനെ നോക്കി അവൾ ഉച്ചത്തിൽ ഒരു വിളി വിളിച്ചു..
കുഞ്ഞു ഞെട്ടി തെറിച്ചു കൊണ്ട് എന്റെ അരികിൽ നിന്ന് ആ സ്ത്രീയുടെ അരികിലേക്ക് ഓടി…
അവൾ ഓടി ചെന്ന് ആ സ്ത്രീയുടെ മടിയിൽ അനുസരണയോടെ ഇരുന്നു… .
ആ മടിയിൽ ഇരുന്നിട്ടും അവൾ എന്റെ കൈയിൽ കടക്കാരൻ പൊതിഞ്ഞു തന്ന കവറിലേക്ക് ഉറ്റു നോക്കുകയായിരുന്നു
ഞാൻ കടക്കാരനോട് ചോദിച്ചു. നിങ്ങൾ കട അടക്കുമ്പോൾ ആ കുട്ടിക് എന്തേലും കൊടുക്കാറുണ്ടോ…
ആ… ചിലപ്പോഴൊക്കെ.. ഇന്ന് കൊടുക്കാൻ ഒന്നും ബാക്കി കാണില്ല..
അല്ല .. സാർ എന്തിനാണ് ഇങ്ങനെ മനസ് അലിക്കുന്നത്..?
അവൾക്ക് അമ്മയുണ്ട് നമ്മളെക്കാളും തണ്ടും തടിയുമുള്ള ഒരു അച്ഛൻ ഉണ്ട്…
കുട്ടികളെ ഇതേ പോലെ ഉണ്ടാക്കി ഇട്ട മാത്രം പോര സാറേ അവറ്റങ്ങൾക്ക് എന്തേലും നേരത്തിനും കാലത്തിനും തിന്നാനും കൊടുക്കണം..
അതേ അയാൾ പറഞ്ഞതാണ് ശരി ഒട്ടിയ വയറുമായി ആ കുഞ്ഞു എന്റെ മുന്നിൽ വന്ന് നിന്നത് അവളുടെ അച്ഛന്റെയും അമ്മയുടെയും കഴിവുകേട് കൊണ്ട് മാത്രമാണ്…
പിന്നെ എനിക് അവിടെ അധിക നേരം നിൽക്കാൻ തോന്നിയില്ല..
ആ തമിഴത്തിയോടും തമിഴനോടും എന്തോ വല്ലാത്ത വെറുപ്പ് തോന്നി.
ഞാൻ വണ്ടി വീട്ടിലേക്ക് തിരിച്ചു…
വീട് എത്തും മുൻപ് എന്നെയും കാത്ത് മോള് വീടിന്റെ മുന്നിൽ തന്നെ നിന്നിരുന്നു.
അവൾക് വേണ്ടി ഞാൻ എന്തോ വാങ്ങി കൊണ്ട് വരുമെന്ന് ഭാര്യ അവളോട് പറഞ്ഞിരിക്കണം അതിന് വേണ്ടിയാണ് ഈ പതിവില്ലാത്ത കാത്തു നിൽപ്
ഓടി വന്നവൾ എന്റെ കൈയിൽ നിന്ന് ആ പൊതി വാങ്ങി…
ഇതിൽ എന്താണച്ച എന്ന് ചോദിച്ചു…
അതിന് ഉത്തരം പറയാതെ അവൾക് മുന്നിൽ ഞാൻ ചിരിച്ചു കൊണ്ട് കണ്ണിറുക്കി ..
ഹാളിലെ ഊണുമേശയ്ക്ക് മുകളിൽ വെച്ച് ആവേശത്തോടെ അവൾ ആ പൊതി അഴിക്കുന്നത്, മകളുടെ ആഗ്രഹം സാധ്യമാക്കി കൊടുത്ത അച്ഛന്റെ അധികാരത്തോടെ ഞാൻ നോക്കി നിന്നു
പൊതിയിൽ നിന്ന് ഒരു ബജി എടുത്ത് എനിക് നേരെ കാണിച്ചു കൊണ്ട് അവൾ ചോദിച്ചു ..
അയ്യേ …!! ഇതാണോ അച്ഛൻ വാങ്ങിച്ചത്..
ഞാൻ കരുതി എനിക് ഇഷ്ട്ടപ്പെട്ട ചോക്ലേറ്റ് ആകുമെന്ന്
അവളുടെ ആഗ്രഹത്തിന് ഇത്ര മാത്രം ആയുസേ അവൾ കല്പിക്കുന്നുള്ളൂ എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്
എനിക് ഇത് വേണ്ട… എന്ന് പറഞ്ഞ് ഒരു ലാഘവത്തോടെ അവൾ അത് ആ കടലാസ് പൊതിയിലേക് തന്നെ തിരിച്ചു ഇട്ടു.
അതിന് ഉത്തരമായി അവളോട് എന്ത് മറുപടി പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു..
കഴിഞ്ഞ ഞായറാഴ്ച പാർക്കിൽ വെച്ചു നീ എന്നോട് ഇത് വേണമെന്ന് എന്തിനാ അവശ്യപ്പെട്ടതെന്ന് ഞാൻ അവളോട് ചോദിച്ചില്ല…
ഇത് കിട്ടതായപ്പോൾ നിന്റെ മുഖം വാടിയത് എന്തിനാണെന്നും ഞാൻ ചോദിച്ചില്ല..
അവൾ അത് വേണ്ട എന്ന് പറഞ്ഞ ആ നിമിഷം തന്നെ ഞാൻ ചായ കടയിൽ കണ്ട ആ കുഞ്ഞു മുഖം എന്റെ മനസിൽ തെളിഞ്ഞു കഴിഞ്ഞിരുന്നു
വല്ലാത്ത ഒരു കുറ്റ ബോധം ആ നിമിഷം എന്നെ കീഴ്പ്പെടുത്തി കഴിഞ്ഞിരുന്നു.
അവൾ പറഞ്ഞത് എനിക്ക് വിഷമമായി എന്ന് ഭാര്യയ്ക്ക് മനസിലായത് കൊണ്ടായിരിക്കണം ഒരണ്ണമെങ്കിലും കഴിക്കാൻ പറഞ്ഞു ഭാര്യ അവളെ നിർബന്ധിക്കുന്നത് ഞാൻ കേട്ടത്…
ഞാൻ ഒന്നും മിണ്ടാതെ ഡ്രസ് മാറാനായി മുറിയിൽ കയറി..
ഞാൻ കുളി കഴിഞ്ഞു വരുമ്പോഴും ഒരണ്ണമെങ്കിലും അവൾ കഴിച്ചിട്ടുണ്ടാക്കും എന്ന പ്രതീക്ഷയോടെ ഊണുമേശയുടെ മുകളിൽ ഇരിക്കുന്ന ആ പൊതിയിലേക്ക് ഞാൻ ഒന്ന് നോക്കി അപ്പോഴും അത് ആർക്കും വേണ്ടാത്തതു പോലെ അവിടെ തന്നെ കിടക്കുന്നത് ഞാൻ കണ്ടു..
ഒരു പക്ഷേ ആ ചായ കടയിലേക്ക് ഞാൻ കയറിയില്ലായിരുന്നങ്കിൽ .. ഇതെല്ലാം ആ കുഞ്ഞിന് ആ കടക്കാരൻ കൊടുത്തേനെ.. ഒന്നും ബാക്കി വെക്കാതെ അവൾ ഇത് മുഴുവൻ കഴിക്കുമായിരിക്കും. ..
ചിലപ്പോൾ ഇപ്പോഴും ആ കുഞ്ഞു ഒന്നും കഴിച്ചിട്ടുണ്ടാവില്ല..
ശരിക്കും അവളുടെ ഇന്നത്തെ ഭക്ഷണമാണ് ഞാൻ തട്ടി എടുത്തത്..
മനസിന്റെ സമാധാനം എല്ലാം ആ നിന്ന നിൽപ്പിൽ തന്നെ എന്നിൽ നിന്ന് നഷ്ടപ്പെട്ടിരുന്നു.
എന്റെ പുറകിൽ വന്ന ഭാര്യ ആ പൊതി മേശയുടെ ഒരു ഭാഗത്തേക്ക് മാറ്റി വെച്ചു മേശയിൽ അത്താഴത്തിന് ഉള്ള ഭക്ഷണ സാധങ്ങൾ എല്ലാം വിളമ്പി വെച്ചു..
അതിൽ ഏറെയും മോളുടെ ഇഷ്ട്ടപ്പെട്ട വിഭവങ്ങളായിരുന്നു….
ഭക്ഷണം കഴിക്കാൻ കൈ കഴുകാൻ വിളിച്ച ഭാര്യയോട് ഞാൻ പറഞ്ഞു..
ഞാൻ ഇപ്പോ വരാം..നിങ്ങൾ കഴിച്ചോളൂ..
ഈ നേരത്തു എങ്ങോട്ടാണ് എന്ന അവളുടെ ചോദ്യത്തിനും കഴിച്ചിട്ട് പോയാൽ പോരെ എന്ന ചോദ്യത്തിനും ഉത്തരം കൊടുക്കാൻ ഞാൻ നിന്നില്ല
ഇനി എല്ലാം വിവരിച്ചു പറഞ്ഞാലും അവസാനം അവളും മോളും എന്നെ പുച്ഛിക്കുമെന്നു എനിക്ക് അറിയാമായിരുന്നു..
ഇപ്പോ വരാമെന്നു വീണ്ടും ആവർത്തിച്ചു പറഞ്ഞു ഞാൻ ബൈക്കു എടുത്തു ഇറങ്ങി..
സിറ്റിയിൽ ഉള്ള ഏറ്റവും നല്ല ഹോട്ടലിന്റെ മുന്നിൽ ഞാൻ വണ്ടി നിർത്തി..
ആ കുഞ്ഞിന് വേണ്ടി എന്ത് വാങ്ങണം എന്ന് എനിക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല..
എനിക്ക് ഉറപ്പായിരുന്നു അവൾക്ക് വേണ്ടി എനിക്ക് എന്തും വാങ്ങാം…!!!
എന്ത് വാങ്ങിയാലും അവൾക് അത് പ്രിയപ്പെട്ടതാകും എന്ന്…ഹോട്ടല് കാരനോട് ഞാൻ പറഞ്ഞു ഇവിടെ ഉള്ള ഏറ്റവും വില കൂടിയ ഭക്ഷണം എനിക്ക് പാർസൽ വേണം.
പാർസൽ പൊതിയുമായി 5 മിനിറ്റിന്റെ ഉള്ളിൽ ഞാൻ ഹോട്ടലിൽ നിന്ന് ആ കുഞ്ഞിന്റെ അടുത്തേക്ക് പുറപ്പെട്ടു…
അവിടെ എത്തും മുൻപേ അകലെ നിന്ന് കടക്കാരൻ ചായക്കട പൂട്ടി പോയത് ഞാൻ കണ്ടു…
ആശ്വാസത്തോടെ ഞാൻ ഓർത്തു അയാൾ പോയത് നന്നായി അല്ലെങ്കിൽ ഞാൻ ഇത് ചെയ്യുന്നത് കാണുമ്പോൾ അയാളിൽ നിന്നും പുച്ഛവാക്കുകൾ എനിക്ക് കേൾക്കേണ്ടി വന്നേനെ…
Bike ഞാൻ ചയകടയുടെ സൈഡിൽ തന്നെ നിർത്തി…
ആ സ്ത്രീയും കുട്ടിയും ഇരുന്നിരുന്ന ഭാഗത്തേക്ക് ഞാൻ നടന്നു.
അവിടെ എന്തോ അടുപ്പ് എന്തോ പുകയുന്നതിന്റെ വെളിച്ചത്തിൽ അടുപ്പിന്റെ അരികത്തു ഇരിക്കുന്ന ആ സ്ത്രീയെ ഞാൻ കണ്ടു…
ആ കുട്ടിയെ തിരയുന്നതിന് മുൻപേ എന്റെ കണ്ണുകൾ തിരഞ്ഞത് ആ തമിഴൻ അവിടെ ഉണ്ടോ എന്നാണ്…
അയാൾ അവിടെ ഉണ്ടങ്കിൽ എന്നോട് എങ്ങനെ പ്രതികരിക്കും എന്ന പേടി എന്റെ മനസിന് ഉണ്ടായിരുന്നു..
ആ നാല് പാടും ഞാൻ വളരെ സൂക്ഷമമായി തന്നെ നോക്കി..
ഇല്ല അയാൾ അവിടെ ഇല്ല..
ഞാൻ പതിയെ ആ സ്ത്രീയുടെ അടുത്തേക്ക് നടന്നു..
അടുത്ത് എത്തിയപ്പോൾ അവളുടെ മടിയിൽ ആ കുഞ്ഞു കാലുകൾ ഞാൻ കണ്ടു…
കുഞ്ഞു ഉറങ്ങിയെന്ന് മനസിലായി…
ഞാൻ ആരാണെന്ന തമഴത്തിയുടെ ചോദ്യത്തിന് എനിക് അറിയാകുന്ന തമിഴിൽ ചായകടയുടെ മുന്നിൽ മോള് എന്റെ അടുത്ത് വന്നു നിന്ന കാര്യമെല്ലാം ഞാൻ വിവരിച്ചു പറഞ്ഞു..
അവസാനം ഞാൻ തമഴത്തിയോട് ചോദിച്ചു മോള് എന്തേലും കഴിച്ചോ. .
അടുപ്പിന്റെ മുകളിൽ ഇരിക്കുന്ന കലത്തിലേക്ക് നോക്കി അവൾ ഇല്ല എന്ന് പറഞ്ഞു…
കൈയിലെ പൊതി തമഴത്തിയെ ഏൽപ്പിച്ചു ഇത് മോള് എണീറ്റാൽ കൊടുക്കണം എന്നും പറഞ്ഞു ഞാൻ ഇറങ്ങി…
തമഴത്തി അവളുടെ ഭാഷയിൽ നന്ദി പറയാൻ ഒരുങ്ങിയപ്പോൾ നഷ്ടപ്പെട്ടു പോയ എന്റെ മനസമാധാനം എനിക്ക് തിരിച്ചു കിട്ടിയ സന്തോഷത്തിൽ ഞാൻ അവൾക് മുന്നിൽ കൈ കൂപ്പി തിരിഞ്ഞു നടന്നു..
തിരിഞ്ഞു നടക്കുമ്പോൾ ..ശാപ്പാട് ..ശാപ്പാട്.. എന്ന് പറഞ്ഞു ആ കുഞ്ഞിനെ അവൾ ആവേശത്തോടെ ഉണർത്തുന്നത് എനിക്ക് കേൾക്കാമായിരുന്നു..
വല്ലാത്ത ഒരു ഉന്മേഷത്തോടെ ഞാൻ വീട്ടിൽ എത്തി…
ഞാൻ ഹാളിലെ കസേരയിൽ ഇരുന്ന് ഞാൻ മോളെ അടുത്തേക്ക് വിളിച്ചു..
അടുത്തു വന്ന അവളുടെ കൈയിൽ പിടിച്ചു ഞാൻ പറഞ്ഞു
മോളെ അച്ഛൻ പറയുന്നത് മോള് ശരിക്ക് കേൾക്കണം…….
മോള് ഒരാളോട് ഒരു ആഗ്രഹം പറഞ്ഞാൽ അത് അയാൾ സാധിപ്പിച്ചു തരുന്ന നിമിഷത്തിൽ അയാൾ മോളുടെ മുഖത്ത് ഒരു പുഞ്ചിരി പ്രതീക്ഷിക്കും അത് കൊടുക്കേണ്ടത് ആഗ്രഹം നിറവേറിയ മോളുടെ കടമയാണ്.. അത് ഇപ്പോ ഏത് ചെറിയ ആഗ്രഹമാണെങ്കിലും..
മനസിലായോ. മോൾക്ക് …?
ഒന്നും മനസിലാകാത്ത അവൾ എന്നെ കാണിക്കാനായി എല്ലാം മനസിലായ പോലെ എനിക്ക് മുന്നിൽ തലയാട്ടി….
By sarath