രാവിലെ എഴുന്നേറ്റ് ഓരോ ജോലികൾ തീർക്കുമ്പോഴും ഇന്ന് എങ്ങോട്ടായിരിക്കും പോകുന്നത് എന്ന് ലത ചിന്തിച്ചു

സ്നേഹവീട്….

STORY WRITTEN BY SONY ABHILASH

=====================

“ഇന്നെന്താ ശ്രീമതിക്ക് പതിവില്ലാത്ത ഒരുക്കം.”

കുളികഴിഞ്ഞു തലയും തുവർത്തികൊണ്ട് വന്ന രവി കണ്ണാടിക്ക് മുന്നിൽ നിന്ന്‌ സാരിയുടുക്കുന്ന ലതയോട് ചോദിച്ചു..

” അതെന്താ എനിക്ക് ഒരുങ്ങിയാൽ കൊള്ളില്ലേ..? “

“അല്ല വെറുതെ വീട്ടിലിരിക്കൻ ഇത്ര ഒരുക്കത്തിന്റെ ആവശ്യം ഉണ്ടോന്ന് അറിയാൻ ചോദിച്ചതാ.”

“രവിയേട്ടാ നിങ്ങൾക്ക് ഒരു വിചാരമുണ്ട് പുറത്തേക്ക് ജോലിക്ക് പോകുന്നവർക്കേ ഒരുങ്ങിപോകേണ്ട ആവശ്യം ഉള്ളുവെന്ന്..എന്നാൽ അങ്ങിനെയല്ല വീട്ടിലെ ജോലിയെല്ലാം തീർന്നാൽ ഒരു കുളിയും കഴിഞ്ഞു വീട്ടിൽലിരിക്കുന്നവർക്കും ഒരുങ്ങി ഇരിക്കാം..”

” ഒ ശരി ശരി..ഇനി കഥ പറയണ്ട വല്ലതും ഉണ്ടെങ്കിൽ തന്നാൽ കഴിച്ചിട്ട് ഞാൻ ഓഫീസിൽ പൊയ്ക്കൊള്ളാം..”

അയാൾ തൊഴുതുകൊണ്ട് ലതയോട് പറഞ്ഞു.. അത്കേട്ട് അവൾ ചിരിയോടെ അടുക്കളയിലേക്ക് പോയി. അത് നോക്കി രവിയിരുന്നു.

അയാൾക്കറിയാം ഉയർന്ന വിദ്യാഭ്യാസമുള്ള ലത ബിസിനെസ്സ്കാരനായ തനിക്കും ഇപ്പോ ഡോക്ടർ ആകാൻ പഠിക്കുന്ന മകൾ വിനീതയ്ക്കും വേണ്ടിയാണ് അവളുടെ ആഗ്രഹങ്ങൾ പലതും ഉപേക്ഷിച്ചു ഈ വീടിനുള്ളിൽ ഒതുങ്ങിയിരിക്കുന്നതെന്ന്..

” ഏയ്‌ ഇതെന്താ ആലോചിച്ചിരിക്കുന്നത് കഴിക്കുന്നില്ലേ..?”

” ങ്ഹാ കഴിക്കാം.. ” അയാൾ കഴിച്ചു തുടെങ്ങി..

” ലതേ നിനക്കിപ്പോ എത്ര വയസായി..? “

” ഇത് ഇപ്പോ എന്താ ഇങ്ങനെയൊരു ചോദ്യം..?

“നീയെന്റെ ചോദ്യത്തിന് ഉത്തരം താ..”

” 43 വയസാകുന്നു എന്തേ..? “

” നിനക്കിനി എന്തെങ്കിലും പഠിക്കാൻ താല്പര്യമുണ്ടോ..? “

ആ ചോദ്യം കുറച്ചു അമ്പരപ്പ് ഉണ്ടാക്കിയെങ്കിലും കളിയാക്കാൻ ആയിരിക്കുമെന്ന് കരുതി അവൾ പറഞ്ഞു

” എനിക്ക് ഒരു വക്കീലാകണം എന്നാലേ നിങ്ങൾ അച്ഛന്റെയും മകളുടെയും മുൻപിൽ വാദിച്ചു ജയിക്കാൻ പറ്റു.”

അത് കേട്ട് രവി കഴിച്ചു കഴിഞ്ഞ് എഴുനേറ്റു കൈകഴുകി അവളുടെ സാരി തുമ്പിൽ തുടച്ചിട്ട് ബാഗുമായി ഇറങ്ങി..

അന്ന് അയാളുടെ ചിന്ത മുഴുവനും ലത പറഞ്ഞ വാക്കുകളെ കുറിച്ചായിരുന്നു. രവി വൈകിട്ട് തിരിച്ചു വന്നപ്പോൾ ലത അമ്പലത്തിൽ പോയേക്കുകയായിരുന്നു

അവിടെ വിനീതയുണ്ടായിരുന്നു.. അയാൾ മകളെ അടുത്തു വിളിച്ചിരുത്തിയിട്ട് ഇന്ന് നടന്ന കാര്യങ്ങൾ പറഞ്ഞു.

” അച്ഛാ അമ്മയ്ക്ക് അങ്ങിനെയൊരു ആഗ്രഹമുണ്ടെങ്കിൽ അത് നടത്തി കൊടുക്കണം. അമ്മയ്ക്ക് നല്ല വിദ്യാഭ്യാസമുണ്ട് പിന്നെ നമ്മൾ പോയാൽ വരുന്നത് വരെ അമ്മ ഇവിടെ ഒറ്റയ്ക്കല്ലേ .അമ്മ പഠിക്കട്ടെ അച്ഛൻ അതിനു വേണ്ട കാര്യങ്ങൾ ചെയ്യ്‌. “

മകളുടെ പിന്തുണ കിട്ടിയ രവി ലതയറിയാതെ അവളുടെ ലോ കോളേജ് അഡ്മിഷനുമായി മുന്നോട്ട് പോയി..

അവിടെ തന്നെയുള്ള കോളേജിൽ അഡ്മിഷൻ കിട്ടിയത് അവർക്ക് ആശ്വാസമായി അല്ലങ്കിലും എവിടെ കിട്ടിയാലും വിട്ട് പഠിപ്പിക്കാൻ ആ അച്ഛനും മകളും ഒരുക്കമായിരുന്നു..

കുറച്ചു മാസങ്ങൾക്ക് ശേഷം ഒരു ദിവസം രവി ലതയോട് പറഞ്ഞു നാളെ നമ്മള് എല്ലാവരും ചേർന്ന് ഒരിടം വരെ പോകുന്നുണ്ട് നീ രാവിലെ റെഡിയാകണം..എവിടേക്ക് എന്ന അവളുടെ ചോദ്യത്തിന് മുന്നിൽ അവർ മൗനംപാലിച്ചു.

രാവിലെ എഴുന്നേറ്റ് ഓരോ ജോലികൾ തീർക്കുമ്പോഴും ഇന്ന് എങ്ങോട്ടായിരിക്കും പോകുന്നത് എന്ന് ലത ചിന്തിച്ചു

രാവിലെ എല്ലാവരും ഒന്നിച്ചിറങ്ങി..കാർ ചെന്ന് നിന്നത് ലോ കോളേജിന്റെ മുന്നിലായിരുന്നു

” ഇതെന്താ രവിയേട്ടാ ഇവിടെ…? “

അത്ഭുതത്തോടെ അവൾ ചോദിച്ചു.

” ഇനിമുതൽ നീയിവിടെയാണ് പഠിക്കാൻ പോകുന്നത്.”

” ഈ പ്രായത്തിലോ..വേണ്ടാ നമുക്ക് പോകാം..”

” അമ്മേ ഈ പ്രായം എന്നത് ഒരു നമ്പർ മാത്രമാണ് അത് ഒന്നിനും ഒരു തടസമല്ല. അമ്മയുടെ ആഗ്രഹം പോലെ പഠിച്ചൊരു വക്കീലാവട്ടെ.. അതിന് വേണ്ടിയാണ് അച്ഛൻ മാസങ്ങൾ കഷ്ടപ്പെട്ട് ഇവിടെ അഡ്മിഷനുള്ള കാര്യങ്ങൾ ചെയ്തത്. ഇനി ഓഫീസിൽ ചെന്ന് ആ ആപ്ലിക്കേഷൻ ഫോമെല്ലാം ഒന്ന് പൂരിപ്പിച്ചു കൊടുത്താൽ ലതകുട്ടി ഇവിടുത്തെ സ്റ്റുഡന്റ് ആകും.”

” ലതേ എന്റെയും മോളുടെയും നന്മക്കു വേണ്ടിയാണ് ഇത്രയും വിദ്യാഭ്യാസം ഉള്ള നീ ഒരു ജോലിക്ക് പോലും ശ്രെമിക്കാതെ വീടിനുള്ളിൽ വീട്ടുകാര്യങ്ങളുമായി ഒതുങ്ങി കൂടിയത്.. ഇന്ന് മോള് വലുതായി അവൾക്ക് സ്വന്തമായി കാര്യങ്ങൾ ചെയ്യാനുള്ള പ്രാപ്തിയായി..അന്ന് എന്റെ ചോദ്യത്തിന് നീ മറുപടി പറഞ്ഞത് തമാശയ്ക്ക് ആയിരുന്നെങ്കിലും അത് എന്നെ വല്ലാതെ വേദനിപ്പിച്ചു..അതാണ് ഇങ്ങനെയൊരു തീരുമാനം.”

” എന്തായാലും കുറെ ഡിഗ്രി സെർട്ടിഫിക്കറ്റുകൾ കയ്യിലില്ലേ അതിന്റെ കൂടെ ഒരു LLB യുടെയും ഇരിക്കട്ടെ അല്ലേ അച്ഛാ..”

” പിന്നല്ലാതെ..നിങ്ങള് വാ.. ഓഫീസിൽ ചെന്ന് അവിടുത്ത കാര്യങ്ങൾ ഒക്കെ ചെയ്തിട്ട് എന്തിനൊക്കെ ഫീസ് അടക്കണം എന്ന് നോക്കി അതെല്ലാം ചെയ്യാം.”

” എന്നാലും രവിയേട്ടാ ഇത് വേണ്ടാ..ആളുകൾ കേട്ടാൽ എന്ത് പറയും… പിന്നെ വീട്ടിലെ കാര്യങ്ങൾ എല്ലാം താളം തെറ്റും.”

” ലതേ..ആളുകളോട് പോകാൻ പറയ്..എന്റെ ഭാര്യ എന്ത് പഠിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്..നിന്റെ വിദ്യാഭ്യാസത്തിന്റെ പേരിൽ എനിക്കെന്നും അഭിമാനം ആയിരുന്നു..ഇനി എന്റെ ഭാര്യ വക്കീലാകാൻ പഠിക്കുന്നു എന്ന് പറയുന്നത് എനിക്ക് അതിലും അഭിമാനം ആണെടോ… പിന്നെ വീട്ടിലെ കാര്യങ്ങൾ..നമ്മുടേത് ഒരു സ്‌നേഹവീട് അല്ലെടോ തന്റെ പഠിപ്പ് മൂലം അവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല.”

അത് കേട്ട് കണ്ണുകൾ നിറഞ്ഞ ലതയെ ചേർത്തുപിടിച്ചുകൊണ്ട് ആ അച്ഛനും മകളും മുന്നോട്ട് നടന്നു അവളുടെ ജീവിതത്തിലൊരു പുതിയ അദ്ധ്യായം കൂടെ കൂട്ടി ചേർക്കാൻ…

~സോണി അഭിലാഷ്