ലക്ഷ്മി അവളുടെ വീടിന്റെ ഉമ്മറത്ത് നിന്ന് കിച്ചുവിന്റെ വീട്ടിലേക്ക് എത്തി നോക്കി…

Story written by Jishnu Ramesan

====================

“വല്ല്യമ്മേ കിച്ചുവേട്ടൻ ഏണീറ്റില്ലെ..?”

ഇല്ല്യാലോ ലക്ഷ്മിക്കുട്ടി, അവന്റെ സമയം പത്തു മണിയല്ലെ.. സൂര്യൻ ഉച്ചിയിൽ എത്താതെ അവൻ ഏണീക്കില്യ…

ലക്ഷ്മി അവളുടെ വീടിന്റെ ഉമ്മറത്ത് നിന്ന് കിച്ചുവിന്റെ വീട്ടിലേക്ക് എത്തി നോക്കി…തല വഴി പുതച്ചു മൂടി കിടന്നുറങ്ങുന്ന കിച്ചുവിനെ ജനാലയിൽ കൂടി അവൾ കണ്ടു…

“ആഹാ കൊള്ളാലോ, ഇന്നെന്റെ കൂടെ അമ്പലത്തിൽ വരാന്നു പറഞ്ഞിട്ട് സുഖമയിട്ട്‌ കിടന്നുറങ്ങാലെ.. വല്ല്യമ്മേ ഞാൻ ദേ കുളിയൊക്കെ കഴിഞ്ഞ് ഇപ്പൊ വരും, കിച്ചുവേട്ടനോട് അപ്പോഴേക്കും ഒരുങ്ങി നിൽക്കാൻ പറ….!”

എടാ കിച്ചൂ ദേ ലക്ഷ്മി നിന്നെ അമ്പലത്തിൽ പോവാൻ വിളിക്കുന്നു..പോ ത്ത് പോലെ കിടക്കാതെ ഒന്ന് അമ്പലത്തിലോക്കെ പോയിട്ട് വാടാ..

“ഇന്ന് എന്റെ കൂടെ വന്നില്ലെങ്കിൽ ശരിയാക്കും ആ ദുഷ്ടനെ ഞാൻ” എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ലക്ഷ്മി കുളിക്കാൻ ഓടി…

ലക്ഷ്മി കുളിച്ചൊരുങ്ങി കിച്ചുവിന്റെ വീടിന് മുന്നിൽ വന്നു നിന്ന് വിളി തുടങ്ങി..”എന്റെ കിച്ചുവേട്ടാ ഒന്ന് പെട്ടന്ന് വാ…”

“ദെ വരണൂ എന്റെ ലക്ഷ്മീ..” അപ്പോഴേക്കും കിച്ചു മുടിയൊക്കെ ചീകി പെട്ടന്ന് തന്നെ ഇറങ്ങി..

“എങ്ങടാ മോനെ ഇത്രക്ക് ഒരുങ്ങിയിട്ട്‌, അമ്പലത്തിലേക്ക് തന്നെയല്ലേ…! ദേ കിച്ചുവേട്ടാ എന്റെ കൂടെ വന്നിട്ട് അവിടെ വായ്‌നോട്ടം നടക്കില്ല്യാട്ടാ…”

എന്റെ പൊന്നു ലക്ഷ്മി, ഞാൻ ആരേം വായ് നോക്കില്ല്യ…

“അമ്മേ ഞാൻ പോയിട്ട് വരാം..” എന്നും പറഞ്ഞ് രണ്ടാളും കൂടി അമ്പലത്തിലേക്ക് നടന്നു…തൊഴലും പുഷ്പാഞ്ജലി കഴിക്കലും ഒക്കെ കഴിഞ്ഞ് കിച്ചുവും ലക്ഷ്മിയും പുറത്തിറങ്ങി..

കിച്ചുവേട്ടാ വാടാ, ശിവരാമേട്ടന്റെ ചായക്കടയിൽ ചൂട് പരിപ്പുവട ഉണ്ടാവും, നമുക്ക് വാങ്ങാം..

“അയ്യടി ഒരു പരിപ്പുവട, നീ പോയിട്ട് വാ ഞാൻ ദേ ആലിന്റെ അവിടെ ഉണ്ടാവും..”

ആഹാ കൊള്ളാലോ മോൻ..അങ്ങനെ ഇപ്പൊ അവിടെ പോയിരുന്ന് ബസ് കേറാൻ വരണ കുട്ട്യോളെ വായ നോക്കണ്ട..

“എന്റെ ലക്ഷ്മീ നിന്റെ കൂടെ നടന്ന് നടന്ന് ഇപ്പൊ നാട്ടുകാരൊക്കെ നമ്മള് തമ്മില് ഇഷ്ടത്തിലാ പ്രേമത്തിലാ എന്നൊക്കെയാണ് പറയുന്നത്…ഇതിപ്പോ ഈ കാര്യം അറിയാത്തത് നമ്മള് രണ്ടാളും മാത്രേ ഉള്ളൂ..

മ്മ്ടെ മുത്തശ്ശിയുടെ ബന്ധു ഒരു പഴയ വെളിച്ചപ്പാടില്ലെ, അങ്ങേരുടെ കൊച്ചു മോനാ ഇതൊക്കെ എന്നോട് പറഞ്ഞത്..”

പറയണോരു പറയട്ടെ ഏട്ടാ, നമുക്ക് അറിയാലോ മ്മ്ടെ കാര്യം.. ഒന്നുല്ലെങ്കിലും ന്റെ വല്ല്യമ്മേടെ മോനല്ലെ കിച്ചുവേട്ടൻ..

“ആം അതും ശരിയാ…ഇത് അച്ഛന്റെ ചെവിയിലെത്തിയാ പിന്നെ അവിടെ പുകിലാവും ലക്ഷ്മീ.. എന്റെ അമ്മാവൻ അറിഞ്ഞാ പിന്നെ അറിയാലോ…!”

ഏയ് അച്ഛൻ ഒന്നും പറയില്യ ഏട്ടാ..നമ്മള് നല്ല ചങ്കാണെന്ന് മ്മക് അറിയാലോ..;

നീ വാടി, പരിപ്പുവടയും വാങ്ങി പെട്ടന്ന് പോവാം..എനിക്കിനി ബ്ലോക്ക് ഓഫീസിൽ പോവണം…

അതിനു ശേഷം ഞങ്ങളെ രണ്ടു പേരെയും ഒരുമിച്ച് കണ്ടാൽ ആളുകൾ അടക്കം പറയുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു..പതിയെ പതിയെ ഈ കാര്യം അച്ഛന്റെ കാതിലെത്തി.. പക്ഷെ ഒരിക്കൽ പോലും എന്നോടോ അവളോടോ ഇതൊന്നും ചോദിച്ചിരുന്നില്ല…

“കിച്ചുവേട്ടാ എങ്ങടാ പോണത്…?”

ഞാൻ കുളത്തിലേക്കാണ്..മീൻ കിട്ടോ എന്ന് നോക്കട്ടെ…! ചൂണ്ടയുണ്ട്..;

“എന്നാ ഞാനൂണ്ട്, നിൽക്ക്‌… അമ്മാ ഞാനിപ്പോ വരാട്ടാ, കിച്ചുവേട്ടന്റെ കൂടെ മീൻ പിടിക്കാൻ പോവാ..”

ഇതൊക്കെ കണ്ടു നിന്ന കിച്ചുവിന്റെ അച്ഛൻ പറഞ്ഞു, “ഡാ കിച്ചൂ രണ്ടാളും കൂടി പോയിട്ട് ഇരുട്ടാൻ നിൽക്കണ്ട,പെട്ടന്ന് വരണം…വരുമ്പോ രണ്ടും കൂടി ലക്ഷ്മിയുടെ വീട്ടിൽക്ക്‌ വന്നാ മതി, ഒരു പ്രധാന കാര്യം പറയാനുണ്ട്…”

ആ അങ്ങട് വരാം.. വാടി പെട്ടന്ന് പോയിട്ട് വരാം…” എന്നും പറഞ്ഞ് രണ്ടാളും കൂടി കുളത്തിലേക്ക് ഓടി..”

“അല്ല ഏട്ടാ അച്ഛനെന്താ പ്രധാന കാര്യം പറയാനുണ്ടെന്ന് പറഞ്ഞത്…?”

ആവോ, എനിക്കറിയില്യ ചിലപ്പോ നിന്നെ പിടിച്ച് കെട്ടിക്കാനാവും…!

“അയ്യടാ മോനെ, നിക്ക്‌ ഇപ്പൊ കല്യാണം വേണ്ട.. ഡിഗ്രീ കഴിഞ്ഞ് പി ജി പഠിക്കാൻ വിട്ടാ മതിയായിരുന്നു അച്ഛൻ..”

അതൊക്കെ വല്യച്ഛൻ വിടും.. കൊറേ ഇല്ല്യെ പറമ്പൊക്കേ, അതൊക്കെ വിൽക്കാൻ പറയാട്ടാ…

“അയ്യോ അതൊന്നും വേണ്ട, ചിലപ്പോ നല്ല മാർക്ക് കിട്ടിയാ സ്കോളർഷിപ് കിട്ടിയാലോ..!”

ആ അതും ശരിയാ…

മീൻ പിടിക്കലൊക്കെ കഴിഞ്ഞ് രണ്ടാളും സന്ധ്യക്ക് മുമ്പേ ലക്ഷ്മിയുടെ വീട്ടിലെത്തി…അവിടെ കിച്ചുവിന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു..ലക്ഷ്മിയുടെ അച്ഛൻ ഉമ്മറത്ത് കിച്ചുവിന്റെ അച്ഛനുമായി സംസാരിച്ചു കൊണ്ടിരിക്കുകയാണ്..അമ്മമാർ രണ്ടും കോലായിൽ പരദൂഷണവും പറഞ്ഞോണ്ട് ഇരിക്കുന്നുണ്ട്… മുത്തശ്ശി പതിവു പോലെ വിളക്കും വൃത്തിയാക്കി കൊണ്ടിരിക്കുന്നു..

“ആ രണ്ടും വന്നോ…!” കിച്ചുവിന്റെ അമ്മയായിരുന്നു അത്..

കിച്ചു കിണ്ടിയിൽ നിന്നും വെള്ളം എടുത്ത് കാലും കഴുകി അകത്തേക്ക് കയറി..ലക്ഷ്മി ആവട്ടെ നേരെ കയറി ചെന്നു..

“എന്താ ലക്ഷ്മിക്കുട്ടി ഈ കാണിക്കുന്നത്..? കാല് കഴുകാതെ നേരെ വന്നോളും ഈ കുട്ടി.. സരസ്വതീ ഇവള് അവിടെ കിച്ചൂന്‍റെ കൈയ്യും പിടിച്ച് വന്നു കേറിയാലും ഇതേ പോലെയേ കാണിക്കൂ, നല്ല വഴക്ക് കൊടുക്കണം ..!”

ഇത് കേട്ട് കിച്ചു ചോദിച്ചു, “അമ്മായി ആരുടെ കാര്യാ ഈ പറഞ്ഞത്..? ലക്ഷ്മി എവിടെ ചെന്നു കയറുന്ന കാര്യാ…!”

ലക്ഷ്മിയുടെ അച്ഛൻ അവരുടെ ഇടയിലേക്ക് കയറി വന്നു, “ആഹാ കൊള്ളാലോ, ഇപ്പൊ അങ്ങനെ ആയോ..! എന്റെ കിച്ചൂ നിന്റെ കയ്യും പിടിച്ച് കേറുന്ന കാര്യാ അമ്മായി പറഞ്ഞത്…”

ഇത് കേട്ടതും കിച്ചുവും ലക്ഷ്മിയും മുഖത്തോട് മുഖം നോക്കി നിന്നു..

” നാട്ടുകാര് ഓരോന്ന് പറഞ്ഞു തുടങ്ങി, ലക്ഷ്മിയുടെ കഴുത്തിൽ ഒരു താലി ഉണ്ടെങ്കിൽ പിന്നെ കുഴപ്പമില്ല.. അല്ല, എന്നായാലും അത് വേണമല്ലോ, ഞങ്ങൾ നിങ്ങള് പോലും അറിയാതെ മുമ്പേ പറഞ്ഞുറപ്പിച്ചതാ…ലക്ഷ്മി മോള് കിച്ചൂന് ഉള്ളതാ…”

അച്ഛൻ പറഞ്ഞത് കേട്ട് ലക്ഷ്മി പൊട്ടി ചിരിച്ചു, കൂടെ കിച്ചുവും..എന്നിട്ട് കിച്ചു പറഞ്ഞു,

“എന്റെ അച്ഛനും അമ്മായിയും എല്ലാരും കേൾക്കാൻ ഞാനൊരു കാര്യം പറയാം..ഞാൻ അഹങ്കാരം പറയുന്നതാണെന്ന് തോന്നരുത്, അമ്മാവൻ പറഞ്ഞത് പോലെ, ഇവൾക്ക് ഞാൻ ഒരു താലി കെട്ടി കൊടുത്താൽ മാത്രമേ ഞങ്ങൾക്ക് ഒരു ജീവിതമുള്ളു എന്നാണോ വിചാരിക്കുന്നത്…

ഇതിനെക്കുറിച്ച് ഞാനും ലക്ഷ്മിയും മുന്നേ സംസാരിച്ചിട്ടുണ്ട്… അന്ന് ഞങ്ങൾ ഒരു തീരുമാനം എടുത്തിട്ടുണ്ട്…ഒരു താലിയുടെ ബലത്തിൽ ഞങ്ങൾ തമ്മിലുള്ള നല്ലൊരു അടുപ്പത്തെ നശിപ്പിക്കണ്ട എന്ന് തന്നെയാണ് ആ തീരുമാനം..

ഇപ്പൊ എനിക്കും ലക്ഷ്മിക്കും ഇടയിൽ ഒരു വിവാഹം നടന്നാൽ ശാരീരിക ബന്ധത്തിന് ഒരു ലൈസൻസ് മാത്രമാകും…എന്നാൽ ഒരു വിവാഹം എന്നത് അങ്ങനെയല്ല, രണ്ടു മനസ്സുകൾ തമ്മിലുള്ള ദൃഢമായ ഒരു ബന്ധമാണ്…

ഞാൻ നേരത്തെ പറഞ്ഞത് പോലെ ശാരീരിക ബന്ധത്തിന് ഇന്നത്തെ കാലത്ത് വിവാഹം വേണമെന്നൊന്നും ഇല്ല.. ഞാൻ അച്ഛനോട് ഉള്ളത് പറയാലോ ഒരു താലിയുടെ ബലത്തിൽ ഞങ്ങളുടെ നല്ലൊരു ചങ്ങാത്തം ഇല്ലാതാവുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല…ഇപ്പൊ ഞങ്ങൾ രണ്ടും വഴക്ക് കൂടുന്നതും പിണങ്ങുന്നതും നിങ്ങളെല്ലാം രസകരമായൊരു കണ്ണിലൂടെ ആണ് നോക്കി കാണുന്നത്..എന്നാല് ഞങ്ങൾ തമ്മിലുള്ള കല്യാണം കഴിഞ്ഞുള്ള വഴക്കിനും പിണക്കത്തിനും ഇത്രക്ക് രസമുണ്ടാവില്ല.. അത് അച്ഛനും അമ്മയ്ക്കും എന്തിന് മുത്തശ്ശിക്ക് വരെ സഹിക്കാൻ കഴിയില്ല..

ഇതൊക്കെ കേട്ട് ലക്ഷ്മി പറഞ്ഞു, “എനിക്ക് പറയാനുള്ളത് തന്നെയാണ് കിച്ചുവേട്ടനും പറഞ്ഞത്…ഞങ്ങൾ എന്നും ഇങ്ങനെ ചങ്കുകളായി നടന്നോളാം, അല്ലേ കിച്ചുവേട്ടാ…!.മുറച്ചെക്കനെ കെട്ടണമെന്ന് നിയമമൊന്നും ഇല്ലാലോ…; എന്തിനാ അമ്മേ ഈ നല്ലൊരു സ്നേഹം ഇല്ലാതാക്കുന്നത്…! വിവാഹം എന്നത് താലി കെട്ടുന്നത് മാത്രമല്ല, പവിത്രമായൊരു ബന്ധം കൂടിയാണ്… ഞങ്ങൾ രണ്ടു വഴക്കാളികൾക്ക്‌ പറഞ്ഞിട്ടില്ല കല്യണമൊന്നും…”

ഇത്രയും കേട്ട് കഴിഞ്ഞപ്പോ ഒരു ദീർഘനിശ്വാസത്തോടെ ലക്ഷ്മിയുടെ അമ്മ പറഞ്ഞു, “അപ്പോ പിന്നെ രണ്ടും കൂടി ഒരു ജീവിതമില്ലാതെ നടക്കാനാണോ …?”

അങ്ങനെയൊന്നും ഇല്ല അമ്മായി, ദേ ഇവൾക്ക് പഠിക്കണം എന്നാ പറഞ്ഞത്…പഠിത്തം കഴിയുമ്പോ നല്ലൊരു ചെക്കന്റെ കൂടെ ഈ കുരുത്തം കെട്ടവളെ പറഞ്ഞു വിടാം..

“അയ്യടാ കിച്ചുവേട്ടാ നിനക്കും കിട്ടും ഒരു കാന്താരി പെണ്ണിനെ…”

“ആ നന്നായി; വെറുതെ സമയം കളഞ്ഞു രണ്ടും കൂടി, വാടാ സുധാകരാ..” എന്നും പറഞ്ഞ് കിച്ചുവിന്റെ അച്ഛൻ പുറത്തേക്ക് നടന്നു…

അല്ല കിച്ചു, ഇനി എന്നെങ്കിലും നിങ്ങൾക്ക് തോന്നിയാലോ ഒരുമിച്ച് ജീവിക്കണം എന്ന്…?

ഏയ് അതൊരിക്കലും ഉണ്ടാവില്ല, അല്ലേ ലക്ഷ്മി..;;

“പിന്നല്ലാതെ, മ്മ്ടെ ഈ സ്നേഹം നമ്മള് ഒന്നിച്ചാ ചിലപ്പോ ഉണ്ടാവില്യ” എന്നും പറഞ്ഞ് ലക്ഷ്മി ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി പോയി…

ഇതൊക്കെ കണ്ട് അവരുടെ മുത്തശ്ശി കിച്ചുവിനെ നോക്കി തലയാട്ടി ചിരിക്കുന്നുണ്ടായിരുന്നു… ആ ചിരിയിൽ എല്ലാമുണ്ടായിരുന്നു…

“കാരണം, ഇതു പോലൊരു കട്ട ചങ്ക്‌ മുറച്ചെക്കൻ മുത്തശ്ശിക്കും ഉണ്ടായിരുന്നു….വേറാരുമല്ല ആ പഴയ വെളിച്ചപ്പാട് തന്നെ….”

(ഞാൻ ഇങ്ങനെ ഒരു കഥ എഴുതിയത് വേറൊന്നും കൊണ്ടല്ല, “നല്ല കട്ട ചങ്കുകളായി കഴിയുന്ന ഇവരേപോലുള്ളവരെ എനിക്കറിയാം, അതാട്ടോ….”)

~ജിഷ്ണു രമേശൻ