അവന്റെ താടി കൈകൾ കൊണ്ട് മെല്ലെ ഉയർത്തി കുറ്റിരോമങ്ങൾ നിറഞ്ഞ കവിളിൽ വിരലോടിച്ചു അവൾ….

Story written by Sumayya Beegum T A

======================

വേനൽചൂടിന് കുളിരു പകർന്നൊരു മഴ ആർത്തലച്ചു പെയ്യുന്ന രാവിൽ സ്വപ്നയുടെ ഒപ്പം ചിലവിടുമ്പോഴും ഹേമന്തിന്റെ മനസ്സ് ആസ്വസ്ഥമായിരുന്നു.

അഴിച്ചിട്ട മുടി വാരിയൊതുക്കി സ്വപ്ന അവനെ ഒന്നൂടെ ചേർത്തുപിടിച്ചു. അവന്റെ താടി കൈകൾ കൊണ്ട് മെല്ലെ ഉയർത്തി കുറ്റിരോമങ്ങൾ നിറഞ്ഞ കവിളിൽ വിരലോടിച്ചു അവൾ കൊഞ്ചി ചോദിച്ചു.

എന്തുപറ്റി ഹേമന്ത് ആകെപ്പാടെ ഒരു മൂഡ്‌ ഓഫ്‌?

നാളെ അവൾ വരും ഒരു മാസത്തെ അവധിക്ക്.

ഓ!നാശം, ഇനിയിപ്പോ ആനയെ എഴുന്നള്ളിച്ചു നടക്കുന്ന പോലെ പാപ്പാന്റെ ഡ്യൂട്ടി ആയിരിക്കുമല്ലോ ഹേമന്തിനു. അപ്പൊ ഇന്നത്തെ മീറ്റിംഗ് കഴിഞ്ഞാൽ പിന്നെ കാണണമെങ്കിൽ ഒരു മാസം കഴിയണം. അവളെ പേടിയാണല്ലോ ഹേമന്തിനു?

പേടി ഒന്നുമില്ല പിന്നെ ഓർക്കുമ്പോൾ ഒരു കുറ്റബോധം തോന്നും.

എന്തിനു?

ബിസിനെസ്സ് മോശമായതു കൊണ്ട് എനിക്കും എല്ലാർക്കും വേണ്ടിയാണല്ലോ അവൾ മക്കളെ പോലും പിരിഞ്ഞു അന്യദേശത്തു ജോലിക്ക് പോയത്. അവൾ കഷ്ടപെടുമ്പോൾ ഞാൻ ഇവിടെ നിനക്കൊപ്പം…

അയ്യേ ഇത്ര തൊട്ടാവാടി ആവാതെ പൊന്നെ. നീ എന്താ വിചാരിച്ചിരിക്കുന്നെ അവൾ അവിടെ നിന്നെ ഓർത്തു കണ്ണീരൊലിപ്പിച്ചു കരഞ്ഞു തീർക്കുക ആണെന്നോ? കഷ്ടം അവൾക്കു അവിടെ നിന്നെപ്പോലെ പത്തുപേരെങ്കിലും കാണും. ഇല്ലെങ്കിൽ ഇപ്പൊ ആരുടെയും ആവശ്യമില്ലല്ലോ? സെ ക്സ് ടോയ്‌സ് വരെ സുലഭമായിട്ട് ഉള്ളപ്പോൾ അവൾ അവിടെ ജീവിതം ആഘോഷിക്കുക ആയിരിക്കും മണ്ടൂസേ.

എയ് എനിക്ക് തോന്നുന്നില്ല.

ഹേമന്ത് എനിക്ക് ദേഷ്യം വരുന്നുണ്ട് നല്ലൊരു രാത്രി മറ്റവളെ ഓർത്തു വെളുപ്പിക്കാൻ എനിക്ക് സൗകര്യമില്ല. അതിയാൻ ഇല്ലാത്ത ദിവസം നോക്കി വിളിച്ചു വരുത്തുന്നത് നിന്റെ അവളുടെ കഥ കേട്ടോണ്ടിരിക്കാൻ അല്ല. നിനക്ക് പോകാൻ ആണ് താല്പര്യം എങ്കിൽ വേഗം പൊക്കോ ഞാൻ ഉറങ്ങാൻ പോവാ.

എയ് സോറി ഡാ ഞാൻ ചുമ്മ ഓർത്തപ്പോൾ പറഞ്ഞു പോയതാണ്.

കർട്ടൻ വലിച്ചിട്ടു നൈറ്റ്‌ ഡ്രസ്സ്‌ അഴിച്ചു സ്വപ്ന അവനിലേക്ക് ചായുമ്പോൾ ഹേമന്ത് ഓർത്തു ഒരിക്കലും രമ്യക്ക് തന്നെ ഇതുപോലെ സന്തോഷിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

അതിരാവിലെ തലയിണക്കടിയിൽ വെച്ച മൊബൈലിൽ അലാറം വെച്ച് എഴുന്നേറ്റ ഹേമന്തിന്റെ നേരെ ഈർഷ്യയോടെ സ്വപ്ന തിരിഞ്ഞു.

ഈ തണുപ്പത്തു എങ്ങോട്ടാണ് ഹേമന്ത്. ഒരു വട്ടം കൂടി വാ നമുക്ക് ഇന്നൊരു ദിവസം കഴിഞ്ഞാൽ പിന്നെ എത്ര ദിവസം കാത്തിരിക്കണം.അവൾ കൂടുതൽ വശ്യതയോടെ പുതപ്പ് മാറ്റി തന്റെ ദേഹത്തേക്ക് അവനെ വലിച്ചു.

എന്റെ സ്വപ്ന നിനക്ക് ഇതിനൊരു മടിയുമില്ല അല്ലേ? പക്ഷേ എനിക്കിപ്പോ പോയെ പറ്റു. ഞാൻ പറഞ്ഞില്ലേ രാവിലെ അവൾ വരും.

നീ ആണോ കെട്ടിലമ്മയെ കൊണ്ടുവരാൻ പോകുന്നത്?

പിന്നെ എനിക്ക് നേരമില്ല എന്നുപറഞ്ഞു ഒഴിഞ്ഞു. ഡ്രൈവറെ കൂട്ടി വണ്ടി പോയിട്ടുണ്ട്.

അത് നന്നായി.

അപ്പൊ ശരി മോളെ പിന്നെ കാണാം എന്നുപറഞ്ഞു സ്വപ്നയുടെ ചുണ്ടിൽ അമർത്തി ചുംബിച്ചവൻ വേഗത്തിൽ റൂം വിട്ടിറങ്ങി..

*******************

വരില്ല എന്നുപറഞ്ഞിട്ടും രമ്യ വെറുതെ ഹേമന്തിനെ കാത്തിരുന്നു.

പക്ഷേ അടുത്ത വീട്ടിലെ സുനിൽ ചേട്ടൻ വീട്ടിലെ വണ്ടിയിൽ നിന്നുമിറങ്ങി കാത്തു നിൽക്കുന്ന കണ്ടപ്പോൾ എല്ലാ പ്രതീക്ഷയും തകർന്നു.

രണ്ടു കൊല്ലം കൂടി നാട്ടിൽ വരുവാണ്. മനസും മിഴിയും ചേട്ടനെയും മക്കളെയും കാണാൻ കൊതിക്കുന്നു. പക്ഷേ ചേട്ടൻ വന്നില്ല.

നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുടച്ചു കാറിൽ കയറി ഇരുന്നെങ്കിലും ആ യാത്രയിൽ ഉടനീളം അറിയാതെ പൊട്ടി കരഞ്ഞുപോയി.

സുനിൽ ചേട്ടൻ കേൾക്കാതിരിക്കാൻ തൂവാല കൊണ്ട് മുഖം മറച്ചു തലവേദന എന്നുപറഞ്ഞു ബാക് സീറ്റിൽ ചാരികിടന്നു.

കാത്തുനിന്ന മക്കളെ പുണർന്നും ഉമ്മവെച്ചും പോയ സന്തോഷം തിരിച്ചുപിടിച്ചു. അമ്മയോടും അച്ഛനോടും വിശേഷം ഒക്കെ പറഞ്ഞു ഫ്രഷ് ആയി അമ്മക്കൊപ്പം ഉച്ച ഭക്ഷണം ഒരുക്കി കാത്തിരുന്നു ഹേമന്ത് ചേട്ടനായി.

മൂന്നുമണി ആയിട്ടും ആളെ കണ്ടില്ല പലവട്ടം അങ്ങോട്ട് വിളിച്ചിട്ടും കാൾ എടുത്തില്ല. ഇതിപ്പോ നേരെ തിരിച്ചായിരുന്നെങ്കിലോ?

ഭർത്താവ് ആണ് വിദേശവാസം കഴിഞ്ഞുവരുന്നതെങ്കിൽ പോയ അന്നുതൊട്ട് ഓരോ ദിവസവും എണ്ണിയെണ്ണി ഭാര്യ കാത്തിരിക്കും..

നാട്ടിൽ അയാൾ വരുമ്പോൾ എന്താവും അവളുടെ ഹൃദയം സന്തോഷത്താൽ പെരുമ്പറ കൊട്ടും.. ഒരു നിമിഷം എങ്കിൽ അത്രയും നേരത്തെ അടുത്തെത്താൻ കൊതിക്കും… ഇതൊക്കെ പെണ്ണിന് മാത്രം ഉള്ള വികാരങ്ങൾ ആണോ ഈശ്വര..

വല്ലാത്തൊരു നിരാശയോടെ അവൾ റൂമിലെത്തി കിടന്നു അപ്പോഴും മറ്റുള്ളവർക് മുമ്പിൽ തലവേദനയെ വില്ലനാക്കി.

രാത്രി ഏറെ വൈകി ഹേമന്ത് വന്നു.

ഒട്ടും മുഷിച്ചിൽ കാണിക്കാതെ അവനു വാതിൽ തുറന്നു കൊടുത്തവൾ.

ഒന്നോ രണ്ടോ കുശലന്വേഷണം. ഊണ് കഴിഞ്ഞു ഹേമന്ത് കിടക്കാനായി റൂമിലേക്ക് പോയി.

പാത്രമൊക്കെ എടുത്തു വെച്ച് റൂമിലെത്തുമ്പോൾ ഉറക്കത്തിലേക്ക് പോകുന്ന പോലെ ഹേമന്ത് അഭിനയിച്ചു തുടങ്ങിയിരുന്നു.

ആദ്യം ഓർത്തു ശല്യപെടുത്തണ്ട എന്ന് പിന്നെ തോന്നി സംസാരിച്ചേ പറ്റു എന്ന്.

ഹേമന്ത് അവൾ പലതവണ വിളിച്ചപ്പോൾ ഹേമന്ത് വിളികേട്ടു.

എന്താണ് രമ്യ ഭയങ്കര ക്ഷീണം നമുക്ക് നാളെ സംസാരിക്കാം.

അധികം ഒന്നും സംസാരിക്കാൻ ഇല്ല ഹേമന്ത്..

ഇന്നലെ ഞാൻ നിങ്ങളെ വിളിച്ചിരുന്നു.

നിങ്ങടെ ഫോൺ നിങ്ങൾ അറിയാതെ ഓൺ ആയി.

ഞാൻ വിളിച്ചത് രാത്രിയിലാണ് വരുന്ന കാര്യം ഒന്നുകൂടി പറയാൻ.

അത്രയും കേട്ടപ്പോൾ ഹേമന്തിന്റെ ഉറക്കം പമ്പ കടന്നു. അയാൾ കട്ടിലിൽ എഴുന്നേറ്റിരുന്നു.

അത് രമ്യ ഞാൻ കൂട്ടുകാരന്റെ വീട്ടിൽ ആയിരുന്നു.

അതെ കൂട്ടുകാരന്റെ വീട്ടിൽ പക്ഷേ കൂടെ ഉണ്ടായിരുന്നത് കൂട്ടുകാരന്റെ ഭാര്യ ആണ് സ്വപ്ന.

നിങ്ങൾക് ഇന്നലെ കുളിരു പെയ്തിറങ്ങിയ രാത്രിയും എനിക്കു കണ്ണീരിൽ കുതിർന്ന മണിക്കൂറുകളും ആയിരുന്നു.

പരാതിയില്ല പക്ഷേ ഒരു കാര്യം ക്ലിയർ ചെയ്യണം എന്നുതോന്നി..

സ്വപ്ന പറഞ്ഞപോലെ പത്തു പുരുഷന്മാർ എനിക്കില്ല. എനിക്ക് ഒരു അച്ഛനെ ഉള്ളു എന്റെ മക്കൾക്കും അങ്ങനെ തന്നെ ആണ്. അതാണ് ഞാൻ വളർന്ന സംസ്കാരം.

പിന്നെ നിങ്ങളുടെ കടങ്ങൾ, സ്വപ്‌നങ്ങൾ ഇതിനൊക്കെ ഓടി നടന്നപ്പോൾ വേറെയുള്ള മോഹങ്ങൾ ഒന്നും സ്വപ്നത്തിൽ പോലും ഉണ്ടായില്ല.

മക്കൾ, ഭർത്താവ്, വീട് ഇതൊക്കെ ഇല്ലാതെ ഒറ്റപെട്ടു ജീവിക്കുമ്പോൾ സെ ക്സ് ടോയ്‌സ് തേടിപോകാനുള്ളത്ര വലുതായ വികാരമൊന്നും എന്റെ ശരീരത്തിന് ഇല്ലായിരുന്നു.

എപ്പോഴൊക്കെയോ നിങ്ങളുമായുള്ള ചില സ്വകാര്യങ്ങൾ ആഗ്രഹിച്ചപ്പോഴൊക്കെ നിങ്ങളുടെ താലി നെഞ്ചോട്‌ ചേർത്ത് ഫോട്ടോയിൽ കെട്ടിപിടിച്ചു കിടക്കുമ്പോൾ കിട്ടുന്ന സുഖത്തിലും വലുതായി മറ്റൊന്നും ഉണ്ടെന്നു എനിക്ക് തോന്നിയിട്ടുമില്ല.

ഞാൻ എന്നല്ല ജോലിക്കായി അന്യനാടുകളിൽ പണിയെടുക്കുന്ന ഭൂരിപക്ഷവും ചോരയും നീരയും വറ്റി നാട്ടിലുള്ളവർക്ക് വേണ്ടി മാത്രം ജീവിക്കുന്നവരാണ് അത് എത്ര നല്ല പ്രായമായാലും അതൊന്നും ഭർത്താവ് കൂടെ ഉള്ളപ്പോൾ പോലും ഒരു രാത്രിക്ക് വേണ്ടി കൂട്ടുകാരനു മുമ്പിൽ തുണി ഉരിയുന്ന സ്വപ്നയെ പോലുള്ളവർക്ക് മനസിലാവില്ല.

ആദ്യം ഓർത്തത് ഒന്നും അറിഞ്ഞതായി നടിക്കണ്ട എന്നാണ് പിന്നെ ഓർത്തു സ്വപ്നയെ നേരിട്ട് കണ്ടു ചീത്ത വിളിക്കണം എന്ന് കുറച്ചൂടെ ശാന്തമായി ചിന്തിച്ചപ്പോൾ മനസിലായി സംസാരിക്കേണ്ടത് നിങ്ങളോട് മാത്രം ആണെന്ന്.

ഇനി ഹേമന്തിനു സമാധാനമായി ഉറങ്ങാം.

കട്ടിലിൽ തല കുനിച്ചിരിക്കുന്ന ഹേമന്ത് മുഖം ഉയർത്തി..

രമ്യ എല്ലാം നിന്റെ തെറ്റിദ്ധാരണ ആണ് അത്ര ഒന്നുമില്ല ഒരു വട്ടം എനിക്കൊരു അബദ്ധം പറ്റി.

വേണ്ട ഹേമന്ത്, ഞാൻ നിങ്ങളെ ഡിവോഴ്സ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. നിങ്ങളായിട്ട് എപ്പോ അതിനു മുൻകൈ എടുക്കുന്നോ അന്ന് നിയമത്തിന്റെ വഴിക്ക് നേരിടും.

കാരണം അതുവരെ എങ്കിലും എന്റെ മക്കൾക്ക് കുടുംബത്തിന്റെ സുരക്ഷ കിട്ടട്ടെ. പിന്നെ ഞാൻ ഉണ്ടാക്കിയ പത്തു ലക്ഷം രൂപ അത് എന്റെ കയ്യിൽ തന്നെ ഇരിക്കും പുതുതായി നമുക്കൊരു ബിസിനസ് എന്റെ അധ്വാനം കൊണ്ട് തുടങ്ങണ്ട.

ഇനി ഞാൻ ജോലിക്ക് പോകുന്നില്ല. സർക്കാർ തരുന്ന റേഷനരിയും ഒരു മുളകും ഉടച്ചാൽ എനിക്ക് ജീവിതം മുമ്പോട്ടു കൊണ്ടുപോകാം.

പിന്നെ ഇല്ലാത്ത കാരണം ഉണ്ടാക്കി വീട്ടുകാരുടെ മുമ്പിൽ എന്നെ കുറ്റക്കാരിയാക്കാൻ ശ്രമിക്കേണ്ട. ഇന്നലെ റെക്കോർഡ് ചെയ്ത സംഭാഷണം മൊത്തം എന്റെ കയ്യിൽ ഭദ്രമാണ്. എന്റെ കയ്യിൽ മാത്രല്ല എനിക്കും നിങ്ങൾക്കും വേണ്ടപ്പെട്ട ഈ കുടുംബത്തിലെ മുതിർന്ന ഒരാളുടെ കയ്യിലും.

തിരിച്ചു ഒന്നും പറയാനില്ലാതെ ഹേമന്ത് കുഴങ്ങുമ്പോൾ അവൾ ആ റൂം വീട്ടിറങ്ങി.

അടുക്കളയിൽ ചെന്ന് ചോർ വിളമ്പി ചിക്കൻ വറുത്തതും രസവും പയറു മെഴുക്കുപുരട്ടിയും കണ്ണിമാങ്ങ അച്ചാറും കൂട്ടി വയറു നിറയെ കഴിച്ചു.. ഇന്നലെ തൊട്ടുള്ള പട്ടിണി ആണ്. ഭക്ഷണം തൊണ്ടയിൽ നിന്നിറങ്ങുന്നില്ലായിരുന്നു. ഇന്നും ഇപ്പോഴാണ് കഴിക്കുന്നത്. കഴിച്ചിട്ട് വന്നു എന്നുപറഞ്ഞു അമ്മയെ പറ്റിച്ചു ഒരു നാരങ്ങ വെള്ളത്തിൽ പകല് മുഴുവനും നിന്നു.

ആ പരവേശമെല്ലാം അടക്കി മൊത്തം കഴിച്ചു.ഇപ്പോൾ മനസ്സ് ശാന്തമാണ്. എല്ലാം കൈവിട്ടു പോയി കഴിഞ്ഞപ്പോൾ ഉണ്ടായ ശൂന്യത. ഇനി ഒന്നിൽ നിന്നും തുടങ്ങണം…

അവൾക്കു ഹേമന്തിനെ പേടിയില്ലായിരുന്നു. പ്രതികാരം ചെയ്യാനുള്ള ധൈര്യമൊന്നും അയാൾക്കില്ല എന്നത് അവൾക്കു കരുത്തായി..

ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ സ്വപ്ന വേറൊരുത്തന്റെ കൂടെ പോയെന്ന വാർത്ത ഒരു രാത്രിയിൽ ഉറങ്ങാനായി പോയപ്പോൾ അമ്മ പറഞ്ഞു അറിഞ്ഞപ്പോഴും അവൾക്കു പ്രത്യേകിച്ച് ഒന്നും തോന്നിയില്ല..

അന്ന് റൂമിൽ തന്നെ നോക്കി നിന്ന ഹേമന്തിനു നേരെ വാതിൽ അടച്ചു മക്കൾക്കൊപ്പം ഉറങ്ങുമ്പോൾ അവൾ അവളുടെ ജീവിതം കൊണ്ട് തന്നെ പുതിയ ചില പാഠങ്ങൾ പഠിച്ചു കൂടുതൽ മികവോടെ പൊരുതാൻ ഉറപ്പിച്ചിരുന്നു..

(ഭാര്യമാരെ കറവപശുവാക്കി ചതിക്കുന്ന അതിസമർത്ഥരായ ഭർത്താക്കന്മാർക്കും അതിനു കൂട്ടു നിൽക്കുന്ന ചില പെൺജന്മങ്ങൾക്കും ഈ കഥ ഏറ്റവും വെറുപ്പോടെ ഡെഡിക്കേറ്റ് ചെയ്യുന്നു )