Story written by Sarath Krishna
=================
സ്കൂൾ വാടകയും കഴിഞ്ഞ് ഞാൻ ഓട്ടോയും കൊണ്ട് മടങ്ങി വീട്ടിൽ എത്തുമ്പോള്‍ അമ്മയുമായി സംസാരിച്ചു രേണുവിന്‍റെ അച്ഛൻ വീടിന്‍റെ ഉമ്മറത്തുണ്ടായിരുന്നു …
രാവിലെ എന്നെയും തിരക്കി അദ്ദേഹം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ഷെഡിൽ കുറെ നേരം കാത്തു നിന്നിരുന്നുവെന്ന് സ്കൂളിൽ നിന്ന് മടങ്ങും വഴി സ്റ്റാൻഡിനടുത്ത് മെഡിക്കൽ ഷോപ്പ് നടത്തുന്ന സുഭാഷാണ് എന്നോട് പറഞ്ഞത്…
മകളെ സ്നേഹിച്ചു എന്ന കുറ്റത്തിന് എന്നെ ഭീക്ഷണിപ്പെടുത്താനും വെല്ലുവിളിക്കാനും വേണ്ടി മാത്രമാണ് അദ്ദേഹം ഈ വീടിന്‍റെ പടികടന്നു മുൻപ് വന്നിട്ടുള്ളത്…
വരുമ്പോഴെല്ലാം എന്‍റെ പ്രാരാബ്ദങ്ങളെ കുറിച്ചും വീടിന്‍റെ ദാരിദ്ര്യത്തെ കുറിച്ചും അമ്മയുടെയും എന്‍റെയും മുഖത്ത് നോക്കി പുച്ഛത്തോടെ മാത്രം സംസാരിക്കാറുള്ള അദ്ദേഹം അമ്മ കൊടുത്ത ചായ വാങ്ങി കുടിക്കുന്നത് ഒരു കൗതുകത്തോടെ കണ്ടു കൊണ്ടാണ് ഞാൻ വീടിന്‍റെ ഉമ്മറത്തേക്ക് കയറി ചെന്നത്..
നാളിത് വരെ ഞാൻ കാണാത്ത ഒരു നിസ്സഹായത അദ്ദേഹത്തിന്റെ മുഖത്ത് ആ നിമിഷം പ്രകടമായിരുന്നു .. നിര കലർന്ന കുറ്റി രോമങ്ങളാൽ ആ കവിൾ തടങ്ങൾ നിറഞ്ഞിരിക്കുന്നു..
അച്ഛന് വേണ്ടി വാങ്ങിയ മരുന്ന് പൊതി അമ്മയുടെ കൈയിൽ കൊടുത്തു കൊണ്ട് ഉമ്മറത്ത് അദ്ദേഹത്തിന് അരികിലെ തൂണിൽ ചാരി ഞാൻ നിന്നു…
എന്നോട് എന്ത് പറഞ്ഞ് തുടങ്ങണം എന്നറിയാതെ അദ്ദേഹം വിറയാർന്ന ചുണ്ടുകളോടെ അൽപ നിമിഷം താഴേക്ക് നോക്കി ഇരുന്നു. അല്പസമയത്തിന് ശേഷം മൗനത്തിന് വിട നൽകി കൊണ്ട് ഒരു ദീർഘ നിശ്വാസത്തോടെ അദ്ദേഹം എന്നോട് പറഞ്ഞു ..
പെൺ മക്കളുള്ള എല്ലാ അച്ഛനും കാണുന്ന ഒരു വലിയ സ്വപ്നമാണ് മകളുടെ വിവാഹം മകൾ പ്രായമാകുമ്പോ അവൾക്കു കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല ജീവിതം കിട്ടണം എന്നേ ഏതൊരു അച്ഛനും ആഗ്രഹിക്കു…
ഒരുപാട് നല്ല കല്യാണ ആലോചനകൾ അവൾക്ക് വന്നിരുന്നു.. അന്ന് അവളെ കാണാൻ വരുന്നവരോടൊക്കെ അവൾ നിന്നോടുള്ള ഇഷ്ടത്തെ കുറിച്ച് പറയും.. വന്നവരെല്ലാം ഒരു പുച്ഛത്തോടെയും പരിഹാസത്തോടെയും എന്നെ നോക്കിക്കൊണ്ട് ഇറങ്ങി പോകും….
അവസാന ശ്രമമായാണ് ഇന്ന് ചിലർ അവളെ കാണാനായി വരാമെന്ന് പറഞ്ഞിരുന്നത് … ജീവൻ പോയാലും അവർക്ക് മുന്നിലേക്ക് പോകില്ലെന്ന് അവൾ പറഞ്ഞു… ഇത്ര കാലം പ്രാണനെ പോലെ സ്നേഹിച്ചു ഒരു ആയുസ്സ് മുഴുവൻ അവൾക്കായി മാറ്റി വെച്ച് ജീവിച്ച എന്റെ വാക്കിനുമപ്പുറം നിന്നോടുള്ള സ്നേഹമാണ് അവൾക്ക് വലുതെന്ന് പറഞ്ഞപ്പോ എനിക്ക് ആ നിമിഷം എന്നോട് തന്നെ വെറുപ്പ് തോന്നി..
ആ നേരത്ത് മനസ്സിന്‍റെ നിയന്ത്രണം വിട്ടപ്പോ എനിക്ക് അവളെ ഒരുപാട് തല്ലേണ്ടി വന്നു …. അവളുടെ എവിടെയൊക്കെയോ മുറിഞ്ഞു ചോര പൊടിഞ്ഞു എന്ന് അവളുടെ അമ്മ പറഞ്ഞപ്പോഴാണ് ഞാൻ അറിഞ്ഞത്.. പിന്നെ അവൾക്ക് മുന്നിലേക്ക് പോകാനുള്ള മനശക്തി എനിക്ക് ഉണ്ടായില്ല…
ഏതൊരു അച്ഛനും ആഗ്രഹിക്കുന്നതെ ഞാനും അവളുടെ കാര്യത്തിൽ ആഗ്രഹിച്ചിട്ടുള്ളൂ..
നിനക്കും ഇല്ലേ അതെ പ്രായത്തിൽ ഒരു അനിയത്തി..
ആ അനിയത്തിയെ കുറിച്ച് നീനക്കുമില്ലേ ഒരുപാട് സ്വപ്നങ്ങൾ…
ആകെയുള്ള ഒരു മകളെ മര്യാദക്കു വളർത്താൻ അറിയാത്ത പോയ അച്ഛന്‍റെ വളർത്തു ദോഷം കൊണ്ടാണ് ഇതൊക്കെ സംഭവിച്ചതെന്ന് പറഞ്ഞു ബന്ധുക്കളും സ്വന്തക്കാരും എന്നെ മാറി മാറി കുറ്റപ്പെടുത്തുമ്പോള്‍ അവർ അറിയുന്നില്ല
സ്വന്തം മകളായാൽ പോലും ഒരു പ്രായം കഴിഞ്ഞാൽ അവളുടെ മനസ്സൊന്നും ചൂഴ്ന്നു നോക്കാൻ ഏതൊരു അച്ഛനും കഴിയില്ലെന്ന്
ഇന്ന് ഞാൻ അനുഭവിക്കുന്ന വേദന നിനക്ക് മനസ്സിലാകണമെങ്കിൽ നീയും ഒരു അച്ഛനാവണം..
പിന്നെ എല്ലാത്തിനും ഉപരിയായി ഒരു വലിയ കടപ്പാട് എനിക്ക് നിന്നോട് ഉണ്ട് വേണമെങ്കിൽ ഈ വീടിന്‍റെ ബുദ്ധിമുട്ടുകളെല്ലാം മറന്ന് എല്ലാവർക്കും മുന്നിൽ എന്നെ തോൽപ്പിച്ചു കൊണ്ട് അവളെ നിനക്ക് വിളിച്ചിറക്കി കൊണ്ട് വരാമായിരുന്നു.. അത് നീ ഇന്നേ വരെ ചെയ്തില്ല….
ആ കടപ്പാടിന്‍റെ നന്ദിയിൽ ഒരു അച്ഛനെന്ന നിലക്ക് ഇപ്പോ ഞാൻ നിന്‍റെ മുന്നിൽ ഞാൻ കൈ കൂപ്പി യാചിക്കുകയാണ് ഇന്ന് സന്ധ്യക്ക് അവൾ അമ്പലത്തിൽ വരുമ്പോ കഴിയുമെങ്കിൽ… അവളെ നീ ഈ വീട്ടിലേക്ക് വിളിച്ചു കൊണ്ട് വരണം.. ഇന്നലെ അവൾ പറഞ്ഞ വാക്കുകളോടെ അവൾ എന്‍റെ മനസ്സിൽ മരിച്ചു കഴിഞ്ഞിരിക്കുന്നു… ഇനിയും അവളുടെ അച്ഛൻ എന്ന് പറഞ്ഞു ഞാൻ ജീവിക്കുന്നതിൽ അർത്ഥമില്ല …
പണ്ടത്തെ പോലെ എന്തും നേരിടാനുള്ള ശക്തി ഒന്നും ഇപ്പോ എന്‍റെ മനസ്സിനു ഇല്ല.. ഇനിയുള്ള കാലമെങ്കിലും എനിക്ക് അവളെക്കുറിച്ച് ആലോചിച്ച് വിഷമിക്കാതെ മനസ്സമാധാനത്തോടെ ഒന്ന് ജീവിക്കണം ..
എനിക്ക് വേണ്ടി ഇതെങ്കിലും നീ ചെയ്യും എന്ന പ്രതീക്ഷയിൽ ഞാൻ പോകുന്നു …
കൂടുതൽ ഒന്നും പറയാതെ . ..
മകളെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് എന്‍റെ അരികിൽ നിന്ന് അദ്ദേഹം നടന്നകലുന്നത് ഞാൻ മിഴി വെട്ടാതെ നോക്കി നിന്നു പോയി……..
അറിഞ്ഞോ അറിയാതെയോ ആ മനസ്സിന്‍റെ വേദനക്ക് ഞാനും കാരണമാണ് എന്നോർത്തപ്പോ എന്‍റെ കണ്ണുകളും അറിയാതെ നിറഞ്ഞു
വാതിലിന്‍റെ മറവിൽ എല്ലാം കണ്ടുകൊണ്ട് കൊണ്ട് അമ്മ നിൽക്കുന്നുണ്ടായിരുന്നു .. എന്‍റെ നിസ്സഹായാവസ്ഥ കണ്ടു കൊണ്ടാകണം അമ്മ എന്നോട് ഒന്നും ചോദിച്ചില്ല..
അന്ന് സന്ധ്യക്ക് ദീപാരാധന തൊഴുത് കഴിഞ്ഞു അമ്പലത്തിന് പുറത്ത് കാത്തുനിന്നിരുന്ന എന്‍റെ അരികിലേക്ക് അവൾ ഓടി വന്നു എന്നെ അവിടെ ആകസ്മികമായി കണ്ടപ്പോ ആ കരഞ്ഞു കലങ്ങിയ കണ്ണുകളിൽ ഒരായിരം പ്രതീക്ഷ വിടർത്തിക്കൊണ്ട് അവൾ കൈ കുമ്പിളിൽ കരുതിയ ചന്ദനം അവൾ എന്റെ നെറ്റിയിൽ തൊട്ടു കൊണ്ട് എന്നോട് ചോദിച്ചു…
ഞാൻ ഇന്ന് സന്ധ്യക്ക് അമ്പലത്തിൽ വരുന്നുണ്ടെന്ന് സുധിയേട്ടൻ എങ്ങനാ അറിഞ്ഞേ..ഞാൻ വീട്ടില്‍ നിന്നു ഇറങ്ങുന്ന നേരത്ത് ആ വഴി വന്നിരുന്നോ…..???
തൊഴുമ്പോഴൊക്കെ മനസ് നിറയെ സുധിയേട്ടനായിരുന്നു… ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിലെന്ന് നടയിൽ വെച്ചു കൂടി ദേവിയോട് പ്രാര്‍ത്ഥിച്ചേയുള്ളു…
പതിയെ പുഞ്ചിരിച്ചു കൊണ്ട് അവൾ അമ്പലത്തിന്‍റെ ഉള്ളിലേക്കു നോക്കി കൊണ്ട് പറഞ്ഞു..
ഞാൻ എപ്പോഴും പറയാറില്ലേ സുധിയേട്ടനോട് ആരുമില്ലങ്കിലും നമ്മുടെ കൂടെ ഈശ്വരൻ ഉണ്ടന്ന്…
പറയ് ….. സുധിയേട്ടാ അച്ഛന് ഇപ്പോ എങ്ങനെ ഉണ്ട്
ഇപ്പോഴും കുറവില്ല രേണു…
അവളുടെ മുറിഞ്ഞ ചുണ്ടുകളിൽ നോക്കി കൊണ്ട് ഞാൻ ചോദിച്ചു…
എന്താ മോളു നിന്‍റെ ചുണ്ടു മുറിഞ്ഞിരിക്കുന്നെ…
ഓ അതോ…. ഉറക്കത്തിൽ എവിടെയോ തട്ടിയതാണ് എന്ന് തോന്നുന്നു…
നിറഞ്ഞ ഒരു ചിരിയോടെ അവൾ പറഞ്ഞു അതൊന്നും എന്‍റെ സുധിയേട്ടൻ കാര്യമാക്കണ്ട.. സുധിയേട്ടൻ പറയൂ എന്താ വീട്ടിൽ വിശേഷങ്ങൾ..
പ്രത്യേകിച്ച് ഒന്നുമില്ല .. മോളു എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്…
ഞാൻ പറഞ്ഞു തുടങ്ങും മുൻപേ അവൾ എന്‍റെ വാക്കുകൾ തടഞ്ഞു കൊണ്ട് എന്നോട് പറഞ്ഞു…
വേണ്ട…. എനിക്ക് അറിയാം എന്താ സുധിയേട്ടൻ എന്നോട് പറയാൻ വരുന്നതെന്ന്…
എന്‍റെ കവിളിൽ തലോടിക്കൊണ്ട് അവൾ പറഞ്ഞു..
എനിക്ക് അറിഞ്ഞൂടെ എന്‍റെ സുധിയേട്ടന്‍റെ ബുദ്ധിമുട്ടുകളൊക്കെ…. ഇപ്പോ ഒരു കല്യാണം വേണമെന്ന് പറഞ്ഞു ഞാൻ എന്റെ സുധിയേട്ട ബുദ്ധിമുട്ടിക്കുന്നില്ലല്ലോ… സുധിയേട്ടന്‍റെ എല്ലാ കഷ്ടപ്പാടുകളും തീരുന്ന ഒരു നാൾ കാൽപവൻ പൊന്നിൽ തീർത്ത ഒരു താലി അതും അമ്പലത്തിന്‍റെ നടയിൽ വെച്ച് …അത്രയും മതി എനിക്ക്… അതിന് വേണ്ടി എത്ര വര്‍ഷം കാത്തിരിക്കേണ്ടി വന്നാലും ഞാന്‍ കാത്തിരുന്നോളം സുധിയേട്ടാ.. അതിനുള്ള അവകാശമെങ്കിലും എനിക്ക് സുധിയേട്ടൻ തരണം…
പറഞ്ഞു തീരുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…
എന്‍റെ കൈ കുമ്പിള്‍ കൊണ്ട് അവളുടെ മുഖമുയർത്തി കൊണ്ട് ഞാൻ പറഞ്ഞു…
എത്ര കാലം എന്ന് വെച്ചാ രേണു നീ ഇനിയും എനിക്ക് വേണ്ടി കാത്തിരിക്കുന്നത്…. പണ്ടത്തെ പോലെ ജീവിതത്തോട് എനിക്ക് ഇന്ന് ഒരു പ്രതീക്ഷകളുമില്ല… നമ്മൾ ഒരുമിച്ച് കണ്ട ആ സ്വപ്നങ്ങളൊക്കെ ഇന്ന് എന്നെ കുത്തി നോവിക്കുന്ന വെറും ഓർമ്മകൾ മാത്രമാണ് … എനിക്ക് വേണ്ടി എന്തും അനുഭവിക്കാൻ നീ തയ്യാറാണ് എന്ന് എനിക്ക് അറിയാം …. പക്ഷേ അങ്ങനെ ഒരു ജീവിതത്തിലേക്ക് നിന്നെ കൈ പിടിച്ചു കൊണ്ട് പോയാൽ എന്‍റെ കഷ്ടപ്പാടുകൾക്കിടയിൽ നീ എനിക്ക് ഒരു ഭാരമായി തീരും… പഠിക്കുന്ന സമയത്തൊക്കെ വലിയ സ്വപ്നങ്ങളായിരുന്നു.. വലിയ ജോലി വീട് നമ്മൾ സ്വപ്നം കണ്ട പോലെ നീയുമായുള്ള ഒരു ജീവിതം.. ആ മോഹങ്ങളെല്ലാം ഇന്ന് എന്റെ കാൽ ചുവട്ടിലെ മണൽ പോലെ ഒലിച്ചു പോയിരിക്കുന്നു… പ്രതീക്ഷിച്ച ഒരു ജോലിപോലും കിട്ടാതെ ജീവിതം ഈ ഓട്ടോയിൽ ഒതുങ്ങിയപ്പോഴും ഇനി അങ്ങോട്ടുള്ള ആ കുഞ്ഞു ജീവിതത്തിൽ ഒതുങ്ങിക്കൂടാം എന്ന് വിചാരിച്ചപ്പോഴും വിധി എനിക്ക് വേണ്ടി കരുതി വെച്ചത് രോഗിയായി മാറേണ്ടി വന്ന അച്ഛനെയാണ് … എല്ലാം നിനക്ക് അറിയുന്നതല്ലേ മോളെ
അനിയത്തി അവളുടെ പഠിത്തം അവൾക്കായി ഒരു ജീവീതം അങ്ങനെ കടമ്പകൾ ഇനിയും ഏറെ ഉണ്ട് എന്‍റെ മുന്നിൽ.. എല്ലാം കഴിഞ്ഞു നമ്മൾ സ്വപ്നം കണ്ട പോലെ ഒന്നിച്ചുള്ള ഒരു ജീവിതത്തിലേക്ക് പിന്നെയും ഒരുപാട് ദൂരമുണ്ട് ചിലപ്പോ എത്തിപ്പെടാൻ കഴിയാത്ത അത്ര ദൂരം … ഇനിയും ഒരു കാലയളവ് പറഞ്ഞു നിന്നെ കാത്തിരിപ്പിക്കാൻ എനിക്ക് വയ്യ രേണു.. അത് എന്നെ ഇനിയും വേദനിപ്പിക്കുകയേയുള്ളൂ…
നീ ചോദിച്ചില്ല.. നീ അമ്പലത്തിൽ വന്നത് ഞാൻ എങ്ങനെയാ അറിഞ്ഞതെന്ന് .. രാവിലെ രേണുവിന്‍റെ അച്ഛൻ എന്നെ കാണാനായി വീട്ടിൽ വന്നിരുന്നു… ആദ്യത്തെ പോലെ എന്നെ ഭീഷണിപ്പെടുത്താൻ വേണ്ടിയായിരുന്നില്ല അദ്ദേഹം വന്നത്.. ഇന്നലെ രാത്രി വീട്ടിൽ സംഭവിച്ച കാര്യങ്ങളെല്ലാം എന്നോട് പറഞ്ഞ് പ്രായം പോലും മറന്ന് അദ്ദേഹം എനിക്ക് മുന്നിൽ ഒരുപാട് കരഞ്ഞു… എല്ലാം കഴിഞ്ഞു ഇറങ്ങാൻ നേരം അദ്ദേഹം നിന്നെ കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും നഷ്ട്ടപ്പെട്ട പോലെ എന്നോട് പറഞ്ഞു
എനിക്ക് വേണ്ടി നീ ഇനിയും ഇങ്ങനെ നരകിക്കുന്നത് കാണാൻ അദ്ദേഹത്തിനെ കൊണ്ട് ഇനിയും ആവില്ലെന്ന് പറഞ്ഞു ഇന്ന് സന്ധ്യക്ക് അമ്മയ്ക്കൊപ്പം അമ്പലത്തിൽ വരുമ്പോ എന്‍റെ മകളെ നിനക്ക് കൂട്ടി കൊണ്ട് പോകാൻ കഴിയുമോ എന്ന് എന്നോട് അദ്ദേഹം ചോദിച്ചു.. മറിച്ചൊന്നും ആവശ്യപ്പെടാതെ എനിക്ക് മുന്നിലൂടെ ആ നനഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അദ്ദേഹം ഇറങ്ങി..
ആർക്ക് വേണ്ടിയാണ് രേണു നമ്മൾ ഇത്രയും സ്നേഹിച്ചത്..
ജീവനെ പോലെ അതിലേറെ..
ഇല്ല … ഇനി എങ്കിലും എന്‍റെ മോള് അച്ഛന്‍റെ വാക്ക് അനുസരിക്കണം.. എനിക്ക് മുന്നിൽ എന്തെങ്കിലും ഒരു വഴി ഉണ്ടായിരുന്നെങ്കിൽ നിന്നെ ഒരാൾക്കും ഞാൻ വിട്ടു കൊടുക്കില്ലായിരുന്നു.. .
മോളുന് അറിയോ ഈ ഒരു കാക്കി ഷർട്ടിലാണ് കഴിഞ്ഞ കുറെ കാലങ്ങളായി എല്ലാവരും എന്നെ കാണാറ്.. അത് എന്‍റെ ഓട്ടോയ്ക്ക് എപ്പോഴും ഒാട്ടമുള്ളത് കൊണ്ടൊന്നുമല്ല ഇട്ട് മാറാൻ ഒരു നല്ല ഷർട്ട് പോലുമില്ലാത്തവനാണ് ഞാൻ..
പോകുന്നു.. ഇനിയും നിന്നാൽ ഞാൻ കരയുന്നത് മോള് കാണേണ്ടി വരും..ഈശ്വരൻ എന്നൊന്നുമില്ല രേണു ആ ഇരിക്കുന്നതൊക്കെ വെറും കരിങ്കൽ പ്രതിമകൾ മാത്രമാണ് അല്ലങ്കിൽ ഇത്ര മാത്രം സ്നേഹിച്ച എനിക്ക് നിന്നെ നഷ്ട്ടപ്പെടുത്തേണ്ടി വരുമായിരുന്നില്ലലോ… എല്ലാം മറക്കണം .. എന്നിട്ട് അച്ഛൻ പറയുന്ന ഒരാളെ വിവാഹം കഴിക്കണം.. ആ ഒരു നല്ല ജീവിതത്തിലെ നിന്‍റെ സന്തോഷം കണ്ട് വേണം എനിക്ക് അച്ഛന്റെ മുന്നിൽ ചെന്ന് ആ മനസ്സ് ഞാൻ കാരണം വേദനിപ്പിക്കേണ്ടി വന്നതിന് മാപ്പ് ചോദിക്കാൻ
ജീവനാ പെണ്ണെ നിന്നെ.. എന്‍റെ ജീവന്‍റെ ജീവൻ… ഇനിയും ഞാൻ നിൽക്കുന്നില്ല… പോകുന്നു..
ദയനീയമായി നോക്കി കൊണ്ട് ഞാൻ പോകാൻ തുടങ്ങിയപ്പോൾ എന്‍റെ കൈകളിൽ അവൾ പിടിച്ചു… ആ കൈകൾ ഞാൻ ബലമായി വിടിച്ചു എല്ലാം അന്യമായി തീർന്ന ആ നിമിഷം ഒന്ന് തിരിഞ്ഞു നോക്കാനുള്ള അർഹത പോലുമില്ലാതെ അവൾക്ക് അരികിൽ നിന്ന് വരുമ്പോ എന്‍റെ കണ്ണുകൾ നിറഞ്ഞിരുന്നു….
ഇനി എന്ത് ചെയ്യണമെന്നറിയാതെ ഒറ്റപ്പെട്ട മനസ്സുമായി ഞാൻ കുട്ടുകാരുടെ അടുത്തേക്ക് പോയി .. ഏറെ നേരം അവിടെ അവർക്കൊപ്പം ഇരുന്നിട്ടും മനസ്സിനെ അവളുടെ ഓർമ്മകൾ വീണ്ടും വീണ്ടും പിടിച്ചു കെട്ടുകയായിരുന്നു.. എന്റെ മുഖമൊന്നു വാടിയാൽ അമ്മക്ക് വേഗം തിരിച്ചറിയാനാകും എന്നത് കൊണ്ട് അന്ന് ഏറെ വൈകി ആണ് ഞാൻ വീട്ടിൽ എത്തിയത്.. അമ്മ നിര്‍ബന്ധിച്ചിട്ടും കഴിച്ചെന്ന് ഇല്ലാത്ത കള്ളം പറഞ്ഞു അത്താഴം പോലും കഴിക്കാതെ ഞാൻ കിടന്നു…
ഒന്നിച്ചുള്ള ഒരു ജീവിതത്തെക്കുറിച്ച് ഇത് പോലെയുള്ള ഒരുപാട് രാത്രികളിൽ കൊതിയോടെ കണ്ടു തീർത്ത ഒരായിരം സ്വപ്നങ്ങൾ എന്നേക്കുമായി മറക്കേണ്ട ഓര്‍മകളായി മാറിയിരിക്കുന്നു എന്നിട്ടും മിഴികൾ പൂട്ടുമ്പോള്‍ അവൾക്കൊപ്പമുള്ള ആ മനോഹര നിമിഷങ്ങൾ മനസ്സിൽ മിന്നിമായും… ഹൃദയം തകരുന്ന വേദനയിലും ഞാൻ എടുത്ത തീരുമാനത്തിൽ അവള്‍ക്കു ഒരു നല്ല ജീവിതം കിട്ടും എന്ന എന്‍റെ പ്രതീക്ഷയെ ഞാൻ വീണ്ടും വീണ്ടും ന്യായീകരിക്കാന്‍ ശ്രമിച്ചു… അപ്പോഴെല്ലാം അവളുടെ നിറഞ്ഞ കണ്ണുകൾ എന്‍റെ മനസ്സിനെ കുത്തി നോവിക്കുന്നു…..
എന്‍റെ ആ കുഞ്ഞു വീട്ടിൽ ഒന്ന് അലമുറയിട്ടു കരയാൻ പോലും കഴിയാതെ
ആ രാത്രി എല്ലാം ഉള്ളിലൊതുക്കാൻ ശ്രമിക്കുമ്പോഴും
അവളില്ലാതെ ഒരു ജീവിതത്തെ കുറിച്ച് എനിക്ക് ചിന്തിക്കാൻ കഴിയില്ലെന്ന്…
മനസ്സ് വീണ്ടും ആവർത്തിച്ച് പറഞ്ഞു കൊണ്ടേ ഇരുന്നു….
ജീവിതത്തിലെ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും കുറച്ച് നേരത്തേക്കെങ്കിലും മറന്നിരുന്നത് അവൾക്കൊപ്പമുള്ള ആ നിമിഷങ്ങളിലെ സന്തോഷങ്ങളിലായിരുന്നു …
ഇല്ല കഴിയില്ല .. അവളെ നഷ്ടപ്പെടുത്താൻ ജീവിക്കാൻ പ്രേരിപ്പിച്ചത് അവളുമാത്രമാണ്..
നഷ്ടപ്പെടുത്താൻ തീരുമാനിച്ച നിമിഷത്തെ പഴിച്ചു കൊണ്ട് അവളോടായി മനസ്സിൽ മാപ്പ് ഇരന്നു.. നാളെ രാവിലെ അവളുടെ വീട്ടിൽ പോയി അവളെ ജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ട് വരാൻ തന്നെ ഞാൻ തീരുമാനിച്ചു… അങ്ങനെ ചിന്തകളുടെ ലോകത്ത് നിന്ന് പതിയെ എന്‍റെ കണ്ണുകളെ നിദ്ര കീഴ്പ്പെടുത്താൻ തുടങ്ങിയപ്പോ എന്‍റെ മുടിയിഴകളിൽ ആരോ തലോടുന്നതായി ഞാൻ അറിഞ്ഞു കണ്ണുകൾ തുറന്ന് നോക്കുമ്പോ വാത്സല്യത്തിന്‍റെ സ്പർശം കൊണ്ട് അച്ഛൻ എന്‍റെ കട്ടിലിന്‍റെ അരികിൽ ഉണ്ടായിരുന്നു.. ഒന്ന് മാറി കിടക്കണമെങ്കിൽ പോലും ഒരാൾ സഹായം ആവശ്യമുള്ള അച്ഛൻ എന്‍റെ അരികിൽ എങ്ങിനെ എത്തിയെന്ന് അപ്പോഴും എനിക്ക് വ്യക്തമായിരുന്നില്ല.. .
ആ ചുളിഞ്ഞ കൈത്തടങ്ങൾ എന്‍റെ കൈയിൽ ചേർത്തു പിടിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു …
എന്‍റെ മോൻ നാളെ പോയി അവളെ ഇങ്ങോട്ട് വിളിച്ചിട്ടു വാ… ഒരു പെണ്ണിന് ആശ കൊടുത്തിട്ട് .. വിധിയെ പഴിച്ചു കൊണ്ട് അവളെ വേണ്ടാന്ന് വെക്കുന്നത് ശരിയല്ല .. ബാക്കിയൊക്കെ നമുക്ക് വരുന്നിടത്തു വെച്ചു കാണാം മോനെ ……
ആ വാക്കുകളുടെ സമ്മതം മതിയായിരുന്നു എനിക്ക്.. ഞാൻ കാത്തിരുന്നു ഒരായിരം പ്രതീക്ഷകളോടെ നാളത്തെ പുലർ വെട്ടത്തിനായി…
പുലരും മുന്‍പേ വീടിന്‍റെ വാതിലിൽ ആരോ മുട്ടി വിളിക്കുന്ന ശബ്ദം കേട്ട് കൊണ്ടാണ് ഞാൻ ഉണർന്നത്.. വാതിൽ തുറന്നപ്പോ എന്‍റെ സുഹൃത്ത് രാജീവനാണ്.. എന്തേ നീ പതിവില്ലാതെ രാവിലെ തന്നെ എന്ന ചോദ്യത്തിന് മറുപടി ഒന്നും പറയാതെ..
അവൻ പരിഭ്രാന്തിയോടെ എന്‍റെ പുറകിൽ നിൽക്കുന്ന അമ്മയെ നോക്കി കൊണ്ട് എന്നോട് പറഞ്ഞു…
നീ ഒന്ന് പുറത്തേക്ക് വന്നേ……
എന്തോ ചിലത് അവനു എന്നോട് പറയാനുണ്ടെന്ന് എനിക്ക് അവന്‍റെ ഭീതിയാർന്ന മുഖത്തിൽ നിന്ന് വ്യക്തമായിരുന്നു….
എന്തും ഉൾക്കൊള്ളാൻ ഉള്ള മനസിനെ തയ്യാറെടുപ്പിക്കുന്ന ചില വാചകങ്ങളോടെ അവൻ ഇടറുന്ന സ്വരത്തിൽ എന്നോട് പറഞ്ഞു… രേണു ഇന്നലെ…
പകുതിയിൽ മുറിഞ്ഞു പോയ ആ വാക്കുകൾ.. എന്‍റെ നിര്‍ബന്ധത്തിൽ അവൻ കൂട്ടി യോജിപ്പിച്ചത്.. രേണു ഇന്നലെ രാത്രി എന്നേക്കുമായി ഈ ലോകത്തോട് വിട പറഞ്ഞു എന്നായിരുന്നു… ..
അവൻ പറഞ്ഞത് ഉൾക്കൊള്ളാൻ കഴിയാത്ത മനസ്സുമായി. ഞാൻ അവനു മുന്നിൽ തളർന്നു നിന്നു.. എന്നെ ചേർത്ത് പിടിച്ചു അവൻ എന്നെ കൊണ്ട് ഉമ്മറത്തു ഇരുത്തി… താളം തെറ്റിയ മനസുമായി നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ഏതോ മറ്റൊരു ലോകത്തേക്ക് ഞാൻ അപ്പോഴേക്കും എത്തിപ്പെട്ടിരുന്നു…
പിന്നെ എല്ലാം അവൻ പറഞ്ഞത് അമ്മയോടാണ് .. ഇന്ന് രാവിലെ മുറി അവളുടെ അമ്മ തുറന്നപ്പോഴാണ് അവൾ ഫാനിന്‍റെ മുകളിൽ സാരിയിൽ….
ആ വാചകം ഞാൻ അവനെ പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല.. ഞാൻ അവനെ ചേർത്ത് പിടിച്ച് കരഞ്ഞു കൊണ്ട് പറഞ്ഞു എനിക്ക് അവളെ അവസാനമായി ഒന്ന് കാണണമെന്ന് ഞാൻ യാചിച്ചു ..
എന്നെയും കൂട്ടി അവൻ അവളുടെ വീടിന്‍റെ ഇടവഴിയിലേക്ക് തിരിഞ്ഞു..
പണ്ട് പ്രണയം തുടങ്ങുന്ന കാലത്ത് ഞാൻ അവൾക്ക് നിരന്തരമായി കത്തുകൾ കൈമാറിയിരുന്നത് ഈ ഇട വഴിയി വെച്ചായിരുന്നു . പിന്നീട് ഓട്ടോ ഓടിക്കാൻ തുടങ്ങിയ കാലത്ത് എന്റെ വണ്ടി വരുന്നത് പ്രത്യകിച്ചു അറിയുവാനായി വേറിട്ട ഹോൺ ഓട്ടോയ്ക്ക് വെപ്പിച്ചതും അവൾ നിർബന്ധമായിരുന്നു . വണ്ടിയുടെ ശബ്ദം കേൾക്കുന്ന മാത്രയിൽ പുറത്ത് ഇറങ്ങി ഒരു പുഞ്ചിരിയോടെ ഈ ഇട വഴിയിലേക് നോക്കി നിന്നിരുന്ന ആ കാഴ്ചകളെല്ലാം വിതുമ്പുന്ന മനസോടെ ഞാൻ ഓർത്തു… ഇനി ഒരിക്കലും പൂവിടാത്ത വസന്തം പോലെ ആ പ്രണയകാലത്തിന്‍റെ നിറം മങ്ങിയ ഓര്‍മ്മകളായി മാറി അവിടമൊക്കെ ഞാൻ എത്തുമ്പോഴേക്കും ആകെ മൂകമായി തീർന്നിരുന്നു… ഇന്നലെ അമ്പല നടയിൽ വെച്ച് എല്ലാം മറക്കണം എന്ന് അവളോട് പറഞ്ഞ ആ നശിച്ച നിമിഷത്തിൽ ഞാൻ ഓർക്കാതെ പോയി എന്‍റെ മോളു ജീവിക്കാൻ ആഗ്രഹിച്ചതും .. ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിച്ചതും എന്നിൽ തന്നെയായിരുന്നു എന്ന്…
അവിടെ എനിക്കു ചുറ്റും കൂടി നിന്ന ആരെയും ഞാൻ ശ്രദ്ധിച്ചില്ല… പാതി തളർന്ന എന്നെ അവനും മറ്റു ചില കുട്ടുകാരും ചേർന്നാണ് വെള്ളയിൽ പൊതിഞ്ഞു കിടക്കുന്ന അവൾക്ക് അരികിലേക്ക് കൊണ്ട് പോയത് …. അലമുറയിട്ടു തേങ്ങി കരയുന്ന അവളുടെ അച്ഛനും അമ്മയും എന്നെ കണ്ട നിമിഷം തേങ്ങൽ ഉള്ളിലൊതുക്കി വിതുമ്പി… കൂട്ടുകാർ എന്നെ അവൾക്ക് അരികിൽ ഇരുത്തി… അവളുടെ മുറിഞ്ഞ ചുണ്ടുകളിൽ ഞാൻ എന്‍റെ വിരലോടിച്ചു… അവൾ ഏറെ മോഹിച്ച ഒരു നുള്ള് സിന്ദൂരക്കുറി തൊടാൻ കൊതിച്ച നെറ്റിയിൽ ഞാൻ കണ്ണീരോടെ മുത്തമേകി…
അവിടെ കൂടി നിന്നവർക്ക് മുന്നിൽ ഒരു പ്രണയത്തിന്‍റെ പരിധികൾ വിട്ട് അവളെ കെട്ടിപ്പിടിച്ചു ഞാൻ കരയാൻ തുടങ്ങിയത് കൊണ്ടാകണം കൂട്ടുകാരെല്ലാം ചേർന്ന് എന്നെ ബലമായി അവിടെ നിന്ന് കൊണ്ട് പോയി..
അവളുടെ ഓർമ്മകളിൽ മാത്രം ജീവച്ഛവം പോലെ ജീവിച്ച ഒരുപാട് ദിവസങ്ങൾ അതിലേറെ എല്ലാത്തിനും കാരണം താനാണെന്ന് തനിയെ വിധി എഴുതിയപ്പോള്‍ മനസ്സിനെ അലട്ടുന്ന കുറ്റബോധവും.. എല്ലാം അവസാനിപ്പിക്കാനായി ഒരുപാട് തവണ ഒരുങ്ങിയപ്പോഴും.. എന്നെ പ്രതീക്ഷിച്ചു മാത്രം ജീവിക്കുന്ന അച്ഛന്‍റെയും അമ്മയുടെയും പെങ്ങളുടെയും മുഖം മനസ്സിൽ തെളിയും..
പതിയെ വീടിന്‍റെ താളം തെറ്റി തുടങ്ങിയിരുന്നു അച്ഛന്‍റെ ചികിത്സ മുടങ്ങി എന്നും അനിയത്തി ഫീസ് അടക്കാനില്ലാത്ത കാരണം കോളേജിൽ പോകാതെ രണ്ടു ദിവസമായെന്നും അമ്മ ആദ്യമായി വീട് പണിക്ക് പോകാനായി ഒരുങ്ങിയപ്പോഴാണ് എന്നോട് പറഞ്ഞത്… മനസ്സിൽ വേദന ഉള്ളിലൊതുക്കി വീണ്ടും മറ്റുള്ളവർക്ക് മുന്നിൽ ഞാൻ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ് എന്ന് ഭാവിച്ചു കൊണ്ട് ഒരു കോമാളിയായി ഞാൻ മരിച്ചു ജീവിച്ചു.
ദിവസങ്ങളും മാസങ്ങളും ഒന്നൊന്നായി എന്‍റെ മുന്നിലൂടെ കടന്നു പോയി എല്ലാം സംഭവിച്ചിട്ട് ഇന്നേക്ക് മൂന്ന് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഈ കാലയളവിൽ അനിയത്തിയുടെ പഠിപ്പ് കഴിഞ്ഞു അവൾക്കു നല്ലൊരു ജോലി കിട്ടി ഒരാഴ്ചയ്ക്ക് മുമ്പ് അവളുടെ വിവാഹവും കഴിഞ്ഞു.. ഇന്ന് ഞാൻ ഇല്ലെങ്കിലും ഈ വീട് നോക്കാൻ അവൾ പ്രാപ്തയായിരിക്കുന്നു ഒരു മകന്‍റെയും ഏട്ടന്‍റെയും കടമകൾ എല്ലാം തീർത്തു എന്ന ആ തിരിച്ചറിവിൽ ഞാൻ പോകുന്നു .. എന്റെ രേണുവിന്‍റെ അടുത്തേക്ക് ….
കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഞാൻ കാത്തിരുന്നത് ഈ നിമിഷത്തിന് വേണ്ടിയായിരുന്നു… ഒരുമിച്ചു ജീവിക്കാൻ കൊതിച്ചു നടക്കാതെ പോയ അവളുടെ ആഗ്രഹം എന്റെ മരണത്തിലൂടെ എങ്കിലും അവൾക്കായി എനിക്ക് സാധിപ്പിച്ചു കൊടുക്കണം…..
എല്ലാം മറന്നുവെന്ന് തോന്നിപ്പിച്ചു നിങ്ങൾക്ക് മുന്നിൽ ഞാൻ പുഞ്ചിരിച്ചപ്പോഴും നിങ്ങളോട് ഞാൻ പറയാതെ ബാക്കി വെച്ച ആഗ്രഹമായിരുന്നു അവളുടെ ലോകത്തേക്കുള്ള ഈ യാത്ര….
അവൻ എഴുതിത്തീർത്ത ഈ അവസാന കുറിപ്പിന്‍റെ വരികൾ തീരുന്ന മാത്രയിൽ സുധിയുടെ അവസാന ശ്വാസവും നിലച്ചിരുന്നു…
മരണത്തിനുമപ്പുറം മറ്റൊരു ലോകമുണ്ടെങ്കിൽ അവിടെ വെച്ച് സുധിയുടെയും രേണുവിന്‍റെയും ആത്മാവിന് ഒന്നാവാൻ കഴിയട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്……
By Sarath Krishna