സൗഹൃദം ദൃഢത പ്രാപിക്കും തോറും, ചുണ്ടിലെയും കവിളിലെയും കണ്ണിമാങ്ങ ചുനയുടെ പാടുകളും കൂടി വന്നു…

ഒരു മഴയുടെ ഓർമ്മയ്ക്ക്….

Story written by Anu George Anchani

====================

രണ്ടു ബിയിലെ ഗുണ്ടത്തി ആയി വിലസി നടക്കുന്ന കാലം, നാക്ക് ആ വർഷം എസ്. എസ്. എൽ. സി പരീക്ഷയ്ക്കു തയാറെടുക്കുകയാണ് അത് കൊണ്ട് തന്നെ ആ വകയിൽ ശത്രുക്കൾ ഏറെ ഉണ്ട്.. വീട്ടിലെ സ്ഥിതിയും മറിച്ചല്ല ടീച്ചർമാർ എല്ലാവരും അമ്മയും ആയി നല്ല കമ്പനി ആയതു കൊണ്ട് ഒറ്റുകാരെല്ലാം സ്വന്തം പാളയത്തിൽ നിന്നും ആണെന്ന് മാഹിഷ്മതിയിലെ ശിവകാമിയെ പോലെ ഞാനും തിരിച്ചറിഞ്ഞ സമയം ആയിരുന്നു അത്.

എന്റെ അവധിക്കാലം ആയിരുന്നു അമ്മയുടെ ഏറ്റവും വലിയ പേടി സ്വപ്നം. ഇളയ രണ്ടു കുഞ്ഞുങ്ങളുടെ കൂടെ എന്നെയും മേയ്ക്കുക എന്നത് അത്ര ചില്ലറ കാര്യം ഒന്നും അല്ലാന്നു അമ്മയ്ക്ക് നല്ല പോലെ അറിയാം.അങ്ങനെ ഒരു അവധി കാലത്ത് പല്ലും തേക്കാതെ നേരെ അടുക്കള പുറത്തേയ്ക്ക് ചെന്ന ഞാൻ ആ കാഴ്ച്ച കണ്ടു വിജ്രംഭിച്ചു പോയി. കൊന്ന വേലിയ്ക്ക് അപ്പുറം വെളുക്കെ ചിരിച്ചു കൊണ്ട് നില്ക്കുന്നു ക്ലാസ്സിലെ എന്റെ ആജന്മശത്രു.

” അജി എന്ന അജിത്‌ ജോസഫ്‌ പാലക്കുന്നേൽ ” അയല്പക്കത്തു പുതിയ താമസക്കാർ വന്നതിന്റെ തട്ടും മുട്ടും ഒക്കെ കേട്ടിരുന്നെങ്കിലും. അതൊരു വല്യ പടപ്പുറപ്പാടിന്റെ കൊമ്പുകുഴൽ വിളി ആണെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.

കണ്ടിട്ട് മിണ്ടാതെയും മുഖത്തോടു മുഖം നോക്കാതെയും ഞങ്ങൾ സ്നേഹമുള്ള അയല്പക്കകാരായി കഴിച്ചുകൂട്ടി പക്ഷേ, എന്റെ തുടയിൽ പതിയുന്ന ചൂരൽ പാടുകളിലെ എണ്ണം കൃത്യമായി കൂട്ടുകാരുടെ ഇടയിൽ എത്തിക്കുക എന്ന ഭാരിച്ച ജോലി അവൻ വിശ്വസ്തതയോടെ ചെയ്തു കൊണ്ടിരുന്നകാരണം ഓരോ ദിനവും ശത്രുത കൂടി കൂടി വരുകയായിരുന്നു എന്റെ ഉള്ളിൽ…

അത് അവസാനിപ്പിച്ചതാവട്ടെ കയ്യെത്തിപിടിക്കാൻ പറ്റാത്ത ഒരു പൊട്ടു പേരയ്ക്കയും, അന്നത് പറിച്ചു അവൻ എന്റെ കയ്യിൽ വച്ചുതന്നപ്പോൾ അലിഞ്ഞു ഇല്ലാതായത് എന്റെ മനസ്സിലെ വിദ്വേഷം ആയിരുന്നു.

“ഡാ അജി എന്ന വിളി പതിയെ അജിമോനേ.”.. എന്നതിലേക്ക് ചുവടു വച്ചു. ഈ കൂട്ടികെട്ടിലും ഏറ്റവും തല വേദന ഉണ്ടായത് എന്റെ അമ്മയ്ക്ക് തന്നെയാണ്. കാരണം വീട്ടുമുറ്റത്തും പറമ്പിലും ഒതുങ്ങിയിരുന്ന എന്റെ ലോകം പതിയെ അപ്പുറത്തെയും ഇപ്പുറത്തെയും തൊടിയിലേയ്ക്കും ഞങ്ങൾ വ്യാപിപ്പിച്ചു..

സൗഹൃദം ദൃഢത പ്രാപിക്കും തോറും, ചുണ്ടിലെയും കവിളിലെയും കണ്ണിമാങ്ങ ചു ന യുടെ പാടുകളും കൂടി വന്നു.

സ്കൂൾ തുറന്നപ്പോൾ അവിടേയ്ക്കു ഉള്ള യാത്രകളും ഞങ്ങൾ ഒരുമിച്ചാക്കി. പാവാട തുമ്പിൽ പറ്റിപ്പിടിച്ച സ്നേഹപുല്ലുകളെയും കാലിൽ കടിച്ചു പിടിച്ച തൊട്ട പുഴുവിനെയും പറിച്ചെറിയാൻ എപ്പോളും അവനെന്റെ ഒപ്പം നിന്നു. പുല്ലേൽ ചവിട്ടു കളിച്ചു മറിഞ്ഞു വീണു മുട്ടുപൊട്ടിയപ്പോൾ മുറുവുട്ടിയും ഒരിച്ചിരി തുപ്പലും ചേർത്തു ഞെരടി മുറിവിൽ വച്ചവൻ എന്റെ ആരാധനാ കഥാപാത്രമായി. റബർ കായ് സിമിന്റു ഭിത്തിയിൽ ഉറച്ചു ചൂടാക്കി ശത്രുവിനെ തുരുത്താൻ ഉള്ള സൂത്രവും പറഞ്ഞു തന്നത് അവൻ തന്നെയാണ്. അതിന്റെ പേരിൽ രണ്ടുവട്ടം അമ്മ സ്കൂളിൽ വന്നു പോയി എന്നതും പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ് കേട്ടോ…

തൊടിയിലെ പന്നലും കുറുന്തോട്ടിയും ഒക്കെ അപ്രത്യക്ഷമായ വേഗത്തിലായിരുന്നു ഞങ്ങളുടെ കുട്ടിക്കാലവും ഓടി മറഞ്ഞത്.

പക്ഷെ കൗമാരത്തിലും ഞങ്ങളുടെ സൗഹൃദം തഴച്ചു വളരുകയായിരുന്നു. ജോണി ചേട്ടന്റെ കടയിലെ തേൻമുട്ടായിയും കപ്പലണ്ടി മുട്ടായിയും അതിനു മധുരമേറ്റികൊണ്ടിരുന്നു.

ഉപരിപഠനത്തിനായി ഞാൻ ഹൈദരാബാദിലേക്ക് വണ്ടി കേറിയപ്പോൾ വീട്ടുകാരോടൊപ്പം അവനും എത്തിയിരുന്നു എനിക്ക് യാത്രാമംഗളങ്ങൾ ഏകുവാനായി. ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ എനിക്ക് നഷ്ടമായത് അച്ഛാച്ഛയുടെയും അമ്മയുടെയും സ്നേഹവാത്സല്യങ്ങൾ മാത്രമായിരുന്നില്ല, സ്കൂൾ യാത്രകളിൽ അവൻ എനിക്ക് നൽകിയിരുന്ന കരുതലും കൂടിയായിരുന്നു. വർഷത്തിൽ ഒരിക്കൽ മാത്രം അവധിയ്ക്ക് നാട്ടിൽ വന്നിരുന്ന എന്നെയും കാത്തു അവൻ ബസ്‌ സ്റ്റോപ്പിൽ ഉണ്ടാകുമായിരുന്നു. പഴയപോലെ കയ്യിൽ നിറച്ചും തേൻമുട്ടായിയും മുഖത്ത് നഷ്ടപെട്ടത് എന്തോ തിരിച്ചു കിട്ടിയ ഭാവവുമായി.

രണ്ടാം വർഷ പരീക്ഷയുടെ തിരക്കിനിടയിലുള്ള ഒരു ഞായറാഴ്ച സമയം തെറ്റി വീട്ടിൽ നിന്നും ഒരു കാൾ വന്നു, സാധാരണ അന്നേദിവസത്തെ വീട്ടിലെ വിശേഷങ്ങൾ എന്നെ കൊതിപ്പിക്കാറാണ് പതിവ് കാരണം പോത്തിറച്ചി ഉലർത്തിയതിന്റെയും പോർക്ക്‌ കൂർക്ക ഇട്ടു പറ്റിച്ചതിന്റെയുമൊക്കെ രുചികൾ നാവിലൂടെ കേറി ഇറങ്ങുന്നത് അപ്പോളാണ്.

പക്ഷേ, പതിവില്ലാത്തൊരു പതറിച്ച അമ്മച്ചിയുടെ ശബ്ദത്തിനുണ്ടായപ്പോൾ ഞാനും ഒന്ന് ജാഗരൂകയായി. “നീതുമോളെ…. ! എന്നൊരു വിളിയെ ഞാൻ കേട്ടുള്ളൂ പിന്നെ പറഞ്ഞതൊക്കെ എന്റെ ബോധമണ്ഡലത്തിനു അപ്പുറം ഉള്ള കാര്യങ്ങളായിരുന്നു. കവലയിൽ വച്ചുണ്ടായ അപകടം എന്റെ അജിമോനെയും കൊണ്ട് പോയത്രേ..

എന്തുകൊണ്ടാണ് എന്ന് അറിയില്ല ഒരു തുള്ളി കണ്ണുനീർ ഞാൻ അവനായി പൊഴിച്ചില്ല. എങ്കിലും നെഞ്ച് എരിയുകയായിരുന്നു അവസാനമായി ഒന്നവനെ കാണുവാനായ്.

പിന്നീട് അമ്മ പറഞ്ഞു അറിഞ്ഞു അവന്റെ സംസ്കാരസമയത്തു പെരുമഴയായിരുന്നുവെന്ന് ഒരുപക്ഷേ ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനായ മഴ അവനെ എന്റെ സാന്നിധ്യം അറിയിച്ചതാവാം….

ആറുവര്ഷങ്ങൾ കടന്നു പോയി, എങ്കിലും, എന്നും കോരിച്ചൊരിയുന്ന മഴ കാണുമ്പോൾ ഉള്ളിൽ ഒരു വിങ്ങൽ ആണ്. ഇടവക പളളിയിലെ തണുത്തുറഞ്ഞ കല്ലറയ്ക്കുള്ളിൽ അവൻ ഒറ്റയ്ക്ക് മഴനനയുകയാണല്ലോ എന്ന് ഓർത്തു..

~അനു അഞ്ചാനീ