ആ വീട്ടിലെ അവസ്ഥയറിഞ്ഞോ അതോ അവളുടെ സ്വഭാവത്തോടുള്ള ഇഷ്ടം കൊണ്ടാണോ അറിയില്ല തന്റെ മകൻ അവളെ കൈ പിടിച്ചു കൂടെക്കൂട്ടി…

യാത്രാമൊഴി

എഴുത്ത്: ലച്ചൂട്ടി ലച്ചു

================

“ഇന്ദൂ…..കൈതോന്നി കൂടി ഇട്ടു താളിച്ചോളൂ കുട്ടീ…..അവന് അതിന്റെ കൂട്ട് കാച്ചിയാലേ എണ്ണ പിടിയ്ക്കുള്ളൂ……!!”

ഉമ്മറത്തെ കോലായിലിരുന്ന് ശാരദാമ്മ അകത്തേയ്ക്ക് നീട്ടി വിളിച്ചു….

അടുപ്പിന്റെ പുകയണച്ച് ഇരുണ്ട വല്യഉരുളി താഴത്തേയ്ക്ക് ഇറക്കി വെച്ചപ്പോഴാണ് അമ്മയുടെ വിളി കേട്ടത്….

“കൈതോന്നിയും കറ്റാർപ്പോളയും ഒക്കെ കൂട്ടിയിരിക്കുണു അമ്മേ…..ഇനി ഉപ്പിലിടാനുള്ള മാങ്ങ താഴത്തെ ദേവകിയേച്ചി തരാന്ന് പറഞ്ഞിട്ടുണ്ട്…..ഞാൻ അതൊന്നു പോയി നോക്കട്ടെ….”

അഴിഞ്ഞു വീണ മുടി കൈകൊണ്ട് മാടിയൊതുക്കി ഇഴപിരിച്ചു കോർത്തുകെട്ടിക്കൊണ്ട് ഇന്ദു പകുതി പൊടിഞ്ഞും പൊട്ടിപിളർന്നും നിരന്നുകിടക്കുന്ന പടിക്കെട്ടിലൂടെ താഴേക്ക് പോയി……

“മഴവെള്ളം വീണ് കിടക്കയാ..വഴുക്കലുണ്ടാവും സൂക്ഷിച്ചു പോണേ കുട്ടിയേ….!!”

ഇന്ദുവിന്റെ സന്തോഷം കണ്ട് ശാരദാമ്മയുടെ കണ്ണു നിറഞ്ഞു…..

നാളെ കഴിഞ്ഞാൽ ദേവനിങ്ങു വരും…….അതറിഞ്ഞതിൽ പിന്നെ നിലത്തൊന്നുമല്ല..പാവം എന്റെ കുട്ടി…..!!മൂന്നുവർഷം മുൻപ് ഒരു ആയില്യം നാളിലാ മരുമകളായിട്ടു ഈ പടി കയറി വന്നത്..മൂന്ന് നേരം തികച്ചുണ്ണാൻ പോലും വകയില്ലാത്ത ദാരിദ്ര കുടുംബത്തിലെ മൂന്നു പെൺമക്കളിൽ മൂത്ത സന്തതി…

ആ വീട്ടിലെ അവസ്ഥയറിഞ്ഞോ അതോ അവളുടെ സ്വഭാവത്തോടുള്ള ഇഷ്ടം കൊണ്ടാണോ അറിയില്ല തന്റെ മകൻ അവളെ കൈ പിടിച്ചു കൂടെക്കൂട്ടി…അമ്മയും മകനും മാത്രമായൊതുങ്ങിയിരുന്ന ഈ വീട്ടിൽ പിന്നീട് സംസാരിക്കുന്ന ചെറുവാചകങ്ങളിൽ പോലും അവളുടെ പേരായിരുന്നു നിറഞ്ഞുനിന്നിരുന്നത് ….!!

എവിടെയൊക്കെയോ ഒരു രക്തബന്ധം തോന്നിപ്പിക്കുമാർ അവൾ ഞങ്ങളെ സ്നേഹിച്ചു….എന്റെ മുൻപിൽ മകളെ പോലെ കൊഞ്ചികുഴയുമ്പോഴും മരുമകളുടെ കടമകൾ ആത്മാർത്ഥതയോടെ നിറവേറ്റി….!!!ദേവന്റെ ഭാഗ്യമാണ് ഇന്ദുവെങ്കിൽ തന്റെ പുണ്യമാണവൾ….

നിറഞ്ഞു വന്ന കണ്ണുകൾ കള്ളിമുണ്ടിന്റെ കോന്തൽ കൊണ്ട് ഒപ്പിയെടുത്തു ശാരദാമ്മ…

കല്യാണം കഴിഞ്ഞു രണ്ടു ദിവസം താണ്ടിയില്ല…അഴിച്ചുവെച്ച പട്ടാളക്കാരന്റെ വേഷം വീണ്ടും തിരിച്ചെടുത്തിടാൻ വിളിവന്നു…അവൻ പോകുന്നത് വരെയും അവളുടെ മിഴികൾ നനഞ്ഞ് കണ്ടതേയില്ല…പുഞ്ചിരിച്ചുകൊണ്ട് അവന്റെ പെട്ടികളോരോന്നായി ടാക്സിയിൽ എടുത്തുവെയ്ക്കുമ്പോഴും ആരോഗ്യം ശ്രദ്ധിക്കണേ ദേവേട്ടാ എന്നും പറഞ്ഞു അവന്റെ മാറിൽ ചായുമ്പോഴും അവൾ ഹൃദ്യമായി പുഞ്ചിരിച്ചുകൊണ്ടേയിരുന്നു….

ഒരു പക്ഷേ….അവളുടെ കണ്ണീർ അവനിൽ വിരഹത്തിന്റെ വിത്തുകളെ പാകരുതെന്ന് കരുതിയിരിക്കും. ഒരു പട്ടാളക്കാരന്റെ ധൈര്യം അവനിൽ നിലനിർത്താൻ കഴിഞ്ഞ ഇരുപത്തെട്ട് വർഷം കൊണ്ട് ഈ അമ്മക്ക് കഴിയാത്തത് വെറും ചില നാളുകളുടെ പിൻബലത്തിൽ അവൾ നേടിയെടുത്തതും തനിക്ക് അത്ഭുദമായിരുന്നു…

ഏഴുമാസം മുൻപേ ഒന്നുകൂടി ഒരു ടാക്സിക്കാർ വാതിൽക്കൽ വന്നെത്തി…ആഴ്ചകൾ മാത്രം തങ്ങൾക്ക് സമ്മാനിച്ചുകൊണ്ട് വീണ്ടും പടിയിറങ്ങുമ്പോൾ തന്റെ കാതിൽ സ്വകാര്യം കണക്കെ അവൻ പറഞ്ഞു…..

“അമ്മയ്ക്ക് ഒരൂട്ടം സമ്മാനം ഉണ്ട് ട്ടോ….!!”

“അതെന്താ ഇപ്പൊ ഒരു സമ്മാനം …??”

മിഴിച്ചു നോക്കികൊണ്ടിരുന്ന തന്റെ ചുളിവ് പുരണ്ട കൈകൾ അവൻ മെല്ലെ കൂട്ടിപ്പിടിച്ചു ചുംബിച്ചു കൊണ്ട് അരികത്തായി നാണം പൂണ്ടു നിന്ന ഇന്ദുവിന്റെ വയറിന്മേൽ ചേർത്തുവെച്ചു…

“മടിയിലിരിക്കാൻ ഒരാളൊക്കെ വേണ്ടേ ന്റെ ശാരദാമ്മേ ….!!”

ഉറക്കെചിരിച്ചുകൊണ്ട് തന്റെ മകൻ പടികടന്നുപോയപ്പോൾ മരുമകളെ മുത്തം കൊണ്ട് മൂടുന്ന തിരക്കിലായിരുന്നു താൻ…….എടുത്താൽ പൊങ്ങാത്ത ഈ വയറും വെച്ചുകൊണ്ട് താഴത്തിടം വരെ അവൾ പോണേൽ സമയം മൂന്നിനോടടുത്തിട്ടുണ്ടാകും….പുഞ്ചിരിയോടെ ശാരദാമ്മ അകത്തളത്തിൽ ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ക്ലോക്കിലേക്ക് നോക്കി….ഒരു പൊട്ടിക്കുട്ടിയാണവൾ …!! ഈ അമ്മയും മകനുമാണവളുടെ ലോകം..വയ്യാണ്ടാച്ചാലും വെറുതെ ഇരിക്കില്ല…വെരുകിനെ പോലെ അടുക്കളപ്പുറത്തും പുറംപുരയിലും റോന്തുചുറ്റിക്കൊണ്ടേയിരിക്കണം…….അവളൊന്ന് വിശ്രമിക്കണച്ചാൽ പുളിവാറോടിച്ചു ഓങ്ങണം താൻ ….!!അപ്പോഴൊരു രക്ഷയ്ക്ക് അകത്തേക്കോടിയാലും വീണ്ടും തത്തിക്കളിച്ചോണ്ട് തന്റടുത്തേക്ക് തന്നെ വരും. സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു ശുദ്ധ …!!

തന്റേടത്തോടെ ദേവനെ അയച്ചാലും വണ്ടി തിരിയണ ശബ്ദം കേട്ടാൽ ഓടിവന്ന് തന്നെ കെട്ടിപ്പിടിച്ചൊരു കരച്ചിലാണ്. ഇനി അങ്ങനയൊന്നും പാടില്ല..മൂന്നുമാസം കൂടിയേ വേണ്ടൂ അപ്പോഴേക്കും തന്റെ പേരക്കിടാവ് ഇങ്ങുവരും..അതുവരെ ലീവെടുത്തു പോന്നോളാൻ ശാഠ്യ൦ പിടിച്ചപ്പോൾ അവൻ എതിർത്തൊന്നും പറഞ്ഞില്ല…

എന്റെ കൃഷ്ണാ എന്റെ കുട്ടിയോൾക്ക് നീ തന്നെ തുണ..ശാരദാമ്മ കണ്ണുകൾ അടച്ചു തൂണിന്മേൽ ചാരിയിരുന്നു…

“ആ മാമ്പഴം കായ്ക്കാത്ത നാട്ടുമാവ് വെട്ടിക്കളയാൻ എത്രനാളായി  പറയണൂ അമ്മേ മാമ്പഴം കായ്ക്കുന്നുമില്ല…അതാ തൊഴുത്തിന്റെ ഓരം ചാരി നിൽക്കുവാന്..ഒരു കാറ്റടിച്ചാൽ ഓടിനു മേലേയാ ….”

ഇന്ദു പറഞ്ഞുകൊണ്ടേയിരുന്നു …

“അതവിടെ നിന്നോട്ടെ കുട്ടി…എന്റെ ദേഹം മണ്ണോടു ചേരുമ്പോൾ തീയോട് എരിയാനുള്ളതാ അത്…!!!”

ശാരദാമ്മയുടെ സ്വരം വിറച്ചിരുന്നു…പടിയിറങ്ങി അകന്നിരുന്ന ഇന്ദു അത് കേട്ടിരുന്നില്ല…

“ഇന്ന് നേരത്തെയാണല്ലോ ഇന്ദുവേയ്…ദേവൻ വിളിക്കാൻ സമയം ആവണയല്ലേ ഉള്ളൂ ….”

തുണി കുത്തിപ്പിഴിഞ്ഞു അയയിൽ വിരിക്കുകയായിരുന്നു ദേവകി…..അപ്പോഴായിരുന്നു ഇന്ദുവിന്റെ വരവ്..

“കണ്ണിമാങ്ങാ തരാന്ന് പറഞ്ഞിരുന്നില്ലേ ദേവേടത്തി…..അതും കൂടി മേടിക്കാമെന്ന് വെച്ചാ ഇങ്ങാട്ടേക്ക് ഓടിയത്….”

പൊക്കിവെച്ചിരിക്കുന്ന കൊത്തങ്കല്ലിന്റെ മുകളിൽ കേറിയിരുന്നുകൊണ്ട് ഇന്ദു ചാഞ്ഞു നിൽക്കുന്ന മാവിന് ചുറ്റും കണ്ണുകൾ കൊണ്ട് വട്ടം കറക്കി…

“അയ്യോടി കള്ളിപ്പാറു….നിക്കറിയാല്ലോ നിന്നെ…ദേവന്റെ വിളി വരാൻ സമയം ഇനിയും ഉണ്ട് കേട്ടോ….”

ഇന്ദുവിന്റെ മുഖത്തു നാണത്തിന്റെ ചുവപ്പു പടർന്നു..

“നിനക്കിതു എത്രാമത്തെ മാസമാ പെണ്ണേ…??”

“ആറാവുന്നു …”

ഇന്ദു അവരുടെ മുഖത്തേക്ക് നോക്കാതെ ചിരിച്ചുകൊണ്ട് പറഞ്ഞു…

“ഉം..എന്നിട്ടാ നീയ് ഈ വഴുക്കലുള്ള പറമ്പ് വഴി തുള്ളിക്കളിച്ചു വരണേ അല്ലേ…ഒരു മൊബൈൽ മേടിച്ചുതരാൻ പറഞ്ഞൂടെ നിനക്ക് ദേവനോട് ….”

“എനിക്കതിന്റെ കുന്ത്രാണ്ടമൊന്നും അറിയില്ല ദേവകിയേടത്തി…പോണേനു മുന്നേ ദേവേട്ടൻ എന്തൊക്കെയോ പറഞ്ഞു തന്നതാ..നിക്കൊന്നും മനസ്സിലായില്ല….അതോണ്ട് അത് വേണ്ടാന്നു ഞാനാ പറഞ്ഞേ …”

നിഷ്കളങ്കതയോടെ ഇന്ദുവതു പറയുമ്പോൾ ദേവകി നിർന്നിമേഷയായി ചിന്തിച്ചു..പത്താംതരം പോലും കടക്കാത്ത ഈ പെണ്ണിനെ ദേവൻ ഇഷ്ടപെട്ടത് അവളുടെ  ആർക്കും ഇഷ്ടം തോന്നിക്കുന്ന ഈ  പൊട്ടത്തരം കൊണ്ടുതന്നെയായിരിക്കും …..!!

ഫോൺ ചിലച്ചതും ഇന്ദു ഓടി ഇറയത്തേക്കു കയറി..ആളുമാറി വിളിച്ചതായിരിക്കും. നിരാശയോടെ പുറത്തേക്ക് ഇറങ്ങിവരുന്ന ഇന്ദുവിന്റെ മുഖത്തെ വിഷണ്ണത കണ്ട് ദേവകിക്കു ചിരിപൊട്ടി…..കൂടെ സഹതാപവും ….

“എന്റെ കൊച്ചേ….അവൻ വിളിക്കാൻ നേരം ആവണേ ഉള്ളു..നീയവിടെയിരിക്ക് ..ഞാനാ ചാപ്പലിൽ നിന്ന് മുളംതോട്ട എടുത്തിട്ട് വരാം…..മാമ്പഴം കുറച്ചു വച്ചിരുന്നാൽ പഴുപ്പിച്ചും കൊടുക്കാലോ അവന്….”

ഉത്സാഹത്തോടെ അവൾ തലയാട്ടി …വീണ്ടും ഫോൺ ശബ്ദം …ഇത്തവണ എന്തായാലും ദേവേട്ടനായിരിക്കും …!! റീസിവർ എടുത്തു ചെവിയോട് ചേർത്ത്  വെച്ചു…

“ഇന്ദുപെണ്ണേ ….!!” കേൾക്കാൻ കൊതിച്ചിരുന്ന ശബ്ദം….. തിരിച്ചൊന്നും മിണ്ടാൻ പോലും പറ്റിയില്ല അവൾക്ക് ..

“എന്തേലും ഒന്ന് പറയടോ …ആഴ്ചയിലൊരിക്കൽ ഇത്രയും കഷ്ടപ്പെട്ട് നിന്നെ വിളിക്കണത് ഇങ്ങനെ തമ്മിൽ തമ്മിൽ മൗനം പറഞ്ഞു കളിക്കാനല്ല ….”

“ദേവേട്ടാ വല്ലതും കഴിച്ചോ …??”

“എന്റെ ഇന്ദു ….കഴിഞ്ഞ പ്രാവിശ്യം വിളിച്ചപ്പോഴും നീയിതുതന്നല്ലേ ചോദിച്ചേ…ഞാനിവിടെ നിരാഹാര സത്യഗ്രഹമിരിക്കാനല്ലപെണ്ണേ പോയത് …നമ്മുടെ അമ്മയെ രക്ഷിക്കാനല്ലേ …”

“അമ്മയ്‌ക്കെന്താ ഏനക്കേട് ….??അമ്മ വീട്ടിലുണ്ടല്ലോ ദേവേട്ടാ …”

ഇന്ദു സംശയത്തോടെ ചോദിച്ചു …

“അതല്ലെടീ പൊട്ടിക്കാളി ..അത് നമ്മുടെ ശാരദാമ്മയല്ലേ …ഇത് ഈ രാജ്യത്തിന്റെ കോടാനുകോടികളായ മക്കളുടെ അമ്മ …നമ്മുടെ ഭാരതാംബ ….!!”

എങ്കിൽ കുറച്ചുനാള് ആ ഭാരതാംബയോടു പറയുവോ ഇവിടൊരു പൊട്ടി പെണ്ണ് ഉണ്ടെന്നും അവളുടെ വയറ്റിൽ ഒരു കുഞ്ഞിവാവയുണ്ടെന്നും ഞങ്ങൾക്ക് രണ്ടാൾക്കും ഈ അച്ഛനെ കണ്ടോളാൻ വയ്യെന്നും ….” ഇന്ദു കൊഞ്ചിക്കൊണ്ട് റീസിവറിന്റെ കറുത്ത വലയങ്ങൾക്കിടയിൽ വിരലുകൾ കയറ്റിക്കൊണ്ടു മധുരവുമായി ചിരിച്ചുകൊണ്ടേയിരുന്നു …

“ഉവ്വേ പറയാം …ആദ്യം നീയ് പറയ് …ഭക്ഷണമൊക്കെ സമയത്തു കഴിക്കുന്നുണ്ടോ ടാബ്‌ലെറ്റും കഴിച്ചേക്കണം നീയ് കഴിച്ചില്ലേലും വേണ്ടീല എന്റെ മോന് കൊടുത്തേക്കണം …”

“അയ്യടാ മോനാണെന്നങ്ങു ഒറ്റയ്ക്ക് തീരുമാനിച്ചോ …”

“പിന്നല്ലാതെ അവനെ ചൊല്ലിവിളിക്കാനുള്ള പേര് വരെ കണ്ടുപിടിച്ചിട്ടുണ്ട് ….”

“എന്താണ് ….??”

“അത് ഞാൻ വന്നിട്ട് പറഞ്ഞുതരാമേ …അമ്മ വന്നില്ലേ …?”

“അമ്മക്ക് കാലിന് ചെറിയൊരു പിടിത്തം ..അതൊണ്ട് ഞാനാ പറഞ്ഞെ വരേണ്ടെന്ന്…നാളെകഴിഞ്ഞു നേരിട്ട് കാണാല്ലോ ……”

“എന്റെ അമ്മ പോര് വല്ലതും എടുക്കുന്നുണ്ടോ തന്നോട് ……??”

“ദേ…… ദേവേട്ടാ എന്റെ അമ്മയെ വല്ലതും പറഞ്ഞാലുണ്ടല്ലോ …”

ഇന്ദു ദേഷ്യം ഭാവിച്ചു …

“വെറുതെയെടോ …..ഇത് നിന്റെന്നു കേൾക്കുമ്പോഴുള്ള ഒരു സുഖം…എനിക്കറിഞ്ഞുടെ എന്റെ ശാരദാമ്മയെ …”

“മറ്റന്നാൾ എപ്പഴാ ഇങ്ങഡ് എത്തണെ ..??”

“നീയ് കണ്ണുതുറക്കുമ്പോ നിന്റെ മുന്നിലുണ്ടാവും ഞാൻ …….പോരെ…??”

” മതി ….!!!”

“എന്നാൽ പിന്നെ വെച്ചേക്ക് ….ഇവിടെ എന്നെപോലെ നല്ല പാതിയെ പിരിഞ്ഞിരിക്കണ ഒരുപാട് ജവാന്മാരുണ്ട് കുട്ടി ..നമ്മുടെ സമയം ഇവിടെ തീർന്നുകേട്ടോ ….”

കോൾ നിലച്ച ശബ്ദം കേട്ടിട്ടും ഇന്ദു റീസിവർ തിരിച്ചുവെച്ചതേയില്ല…അങ്ങേത്തലക്കൽ ഇപ്പോഴും ദേവേട്ടനുള്ളത് പോലെ അറിയാതെ രണ്ടുതുള്ളി കണ്ണീർ അവളുടെ കവിൾത്തടത്തിൽ നീർച്ചാലുകൾ തീർത്തു ….!!

*********************

ഈശ്വരാ ഇന്നൊരു ദിവസം കൂടിയേ ഉള്ളൂ ……..എന്തൊക്കെ ഒരുക്കാനുണ്ട് ….!! ഇന്ദു ചാടിപിടഞ്ഞെണീറ്റു ….അടുക്കളയിലേക്കെത്തി നോക്കിയപ്പോൾ അമ്മ കാര്യമായ പണിയിലാണ് …

“അമ്മേ ഉപ്പേരി വറുക്കയാണോ …എന്നെക്കൂടി വിളിക്കാഞ്ഞേയെന്താ …??”

“എന്റെ കുഞ്ഞേ നീയെന്തിനാ ഇപ്പോഴേ എഴുന്നേറ്റെ …പോയി വല്ലതുമെടുത്തു കഴിക്ക്‌…അവനിങ്ങു വരുമ്പോൾ നീയൊരുമാതിരി ചീരത്തണ്ട് പോലിരുന്നാൽ ആർക്കാ അതിന്റെ ചേതം ….??”

“വേറാർക്കാ എന്റെ ശാരദാമ്മയ്ക്ക് ….!!”

അവരുടെ കഴുത്തിന് കുറുകെ കൈകൾ പിണച്ചുവെച്ചുകൊണ്ട് കവിളിൽ ഉമ്മവെച്ചു…

നിമിഷങ്ങൾക്കൊക്കെ ചലന ശേഷിയില്ലാത്തതു പോലെ ….!! അതോ തന്റെ തോന്നലാണോ …..??

“ആണോടാ മുത്തേ ….!!”

ഉന്തിനിൽക്കുന്ന ഉദരത്തിൽ വാത്സല്യത്തോടെ തലോടി അവൾ …

“നിനക്ക് എന്താടാ അച്ഛൻ പേര് കണ്ടിരിക്കണേ …എന്നോട് പറഞ്ഞില്ലാട്ടോ ….അച്ഛൻ നാളെയിങ്ങു വരട്ടെ ….”

കിടക്കയോട് ചേർന്നുള്ള മേശമേൽ വെച്ചിരിക്കുന്ന വിവാഹഫോട്ടോ കൈകളിലേക്കെടുത്തുകൊണ്ട് അവൾ നെഞ്ചോട് ചേർത്തു …

“ദേവേട്ടാ ..വിരലിലെണ്ണാവുന്ന നിമിഷങ്ങളുടെ ഓർമ്മകളെ ഉള്ളൂ നമ്മൾക്കിടയ്ക്ക്…അത് മതിയാവും എനിക്ക് ഈ ജന്മം ജീവിച്ചുതീർക്കാൻ …വേഗം ഒന്ന് വായോ…കണ്ടോളാൻ വയ്യ നിക്ക് ….”

വരണമാല്യമണിഞ്ഞു നിറപുഞ്ചിരിയോടെ നിൽക്കുന്ന അയാളുടെ മുഖത്തേക്ക് ഇന്ദു ചുണ്ടുകൾ ചേർത്തു………

“ഇന്ദു പെണ്ണേ ഇതുവരെ ഉണർന്നില്ലേ നീയ് …ദേ നിന്റെ ദേവേട്ടൻ വന്നിരിക്കണൂ..എണീക്കേടോ …”

ദേവേട്ടൻ വന്നുവോ …??

ഇന്ദു പെട്ടെന്ന് ഉണർന്നു ചുറ്റും നോക്കി …..കട്ടിലിന്റെ ഓരത്തു ഇരിക്കുന്നു…ചുണ്ടുകളിൽ വിടർന്ന മന്ദഹാസമുണ്ട് …അതെല്ലായ്‌പ്പോഴും അങ്ങനെയായിരുന്നല്ലോ …!!പുഞ്ചിരിക്കാത്തൊരു ദേവേട്ടൻ ഓർമയിലേയില്ല ….

“ദേവേട്ടൻ എപ്പളാ വന്നേ ….??ഈശ്വരാ ഞാൻ അറിഞ്ഞില്ലല്ലോ …….നേരമെത്രയായി…ആരുമെന്താ എന്നെ വിളിക്കാഞ്ഞേ ….”

സന്തോഷം കൊണ്ടും സങ്കടം കൊണ്ടും അവൾ വിങ്ങിപ്പൊട്ടി അവനിലേക്ക് ചാഞ്ഞിരുന്നു …

“എപ്പോഴായാലെന്താ ഇങ്ങു വന്നില്ലേ ….ഞാൻ പറഞ്ഞത് നിനക്കോർമ്മയില്ലേ കണ്ണുതുറന്ന് കാണുന്നത് എന്നെയായിരിക്കുമെന്ന് …ഞാനേ ഒരു പട്ടാളക്കാരനാ…ജീവൻ കൊടുത്തും വാക്കു പാലിക്കും ……”

പെട്ടെന്ന് ഇന്ദു അയാളുടെ ചുണ്ടുകളിൽ തന്റെ ചൂണ്ടു വിരൽ ചേർത്തു…

“അരുത് …….!!ജീവൻ പോണ കാര്യം മാത്രം പറയല്ലേ ദേവേട്ടാ …ഓരോ നിമിഷവും ഉരുകിയ ഞാനിവിടെ ജീവിക്കണേ …എന്റെ പ്രാർത്ഥനയാണ് ഏട്ടന്റെ ജീവന് കാവൽ നിൽക്കുന്നേ ….”

“ഏയ് ….എന്റെ പൊട്ടിപെണ്ണേ ഞാൻ കളിക്ക് പറഞ്ഞതല്ലെടോ …എന്റെ മോനെ നീയി വയറിനുള്ളിൽ എന്നെ കാട്ടാതെ ഒളിപ്പിച്ചിരുത്തിയേക്കുവല്ലേ …അവനെയൊന്നു കാണട്ടെ ഞാൻ ….!!”

ദേവൻ മെല്ലെ അവളുടെ സാരിത്തുമ്പ് വകഞ്ഞുമാറ്റി വയറിൽ ചുംബിച്ചു ….

“ഇതെന്റെ മോനുള്ളത് ….!!”

“അപ്പോൾ എനിക്കോ …??”

ലജ്ജയോടെ അവൾ അവനിലേക്ക്‌ ചേർന്നിരുന്നു ….

അവളുടെ നെറുകയിൽ ഉമ്മവച്ചുകൊണ്ട് കൈവെള്ളയിൽ പൊതിഞ്ഞു പിടിച്ചിരുന്ന സിന്ദൂരം ചാർത്തിക്കൊടുത്തുകൊണ്ട് അയാൾ പറഞ്ഞു ….

“നിനക്ക് തരാൻ ഒരുപിടി സിന്ദൂരം മാത്രമേയുള്ളു കുട്ടീ …പ്രവാസമല്ലല്ലോ പട്ടാളമല്ലേ…എന്നും നിന്നോടുള്ള ഇഷ്ടം മാത്രമായിരിക്കും എനിക്ക് തരാനുണ്ടാവുക….”

ഇന്ദു അയാളെ ഇറുകെ പുണർന്നു ……..

വണ്ടികൾ കയറിയിറങ്ങുന്ന അസഹ്യമായ ശബ്ദം …ആളും ബഹളവും കാതിൽ തുളച്ചു കയറുന്നത് പോലെ …ഇന്ദു ഞെട്ടിയുണർന്നു …..

കൈകൾക്കിടയിൽ ദേവേട്ടനില്ല …

എവിടെപ്പോയി …..??

കുറച്ചു മുൻപ് വരെ ഇവിടെ ഉണ്ടായിരുന്നല്ലോ …പുതപ്പ് മാറ്റി നിലത്തേക്കെറിഞ്ഞു കൊണ്ട് ഇന്ദു കിടക്ക വിട്ടു ….

എന്താ ഇത്ര ബഹളം …..??ആരൊക്കെയാ വന്നിരിക്കണേ ..മുന്നോട്ടു നടന്നപ്പോൾ കണ്ടത് അച്ഛനെയാണ് …അച്ഛനെപ്പോഴാ വന്നേ ..ഇന്ദു ഓടിച്ചെന്ന്  ആ   കരം കവർന്നു…

അച്ഛന്റെ കണ്ണുകൾ നഞ്ഞിട്ടുണ്ടോ ….??

ഒന്നും മിണ്ടുന്നില്ലല്ലോ ….!!

“ന്തേ അച്ഛാ ….??ശാരുവും കുഞ്ഞുമോളും എവിടെ ….??”

അദ്ദേഹം ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിന്നു ….

ഉമ്മറത്തെ കസാലയിൽ ഇരിക്കയാണ് രണ്ടാളും …

“ഇവിടിരിക്കയാ നിങ്ങൾ ……..??ന്താ ചേച്ചിയെ കാണാൻ അകത്തേക്ക് വരാഞ്ഞേ ….”

“ചേച്ചി ….!!!”

ആർത്തലച്ചു കരഞ്ഞുകൊണ്ട് രണ്ടുപേരും അവളെ കെട്ടിപിടിച്ചു …

“ഇതെന്താ ഇപ്പൊ …എന്തിനാ കരയുന്നേ …??

ആഹാ ……..ദേവേടത്തി ഇവിടെ ഇരുപ്പുണ്ടായിരുന്നോ …കണ്ണിമാങ്ങ ഉപ്പ് പിടിച്ചിട്ടില്ലാട്ടോ രണ്ടുദിവസം എടുക്കും ..അത് സാരല്യ ദേവേട്ടൻ ഇവിടെത്തന്നെയുണ്ടല്ലോ ….!!”

സാരിത്തലപ്പ് കൊണ്ട് മുഖം പൊത്തിക്കരഞ്ഞുകൊണ്ടിരുന്ന അവർ ഇന്ദുവിനെ നോക്കാനാകാത്ത മുഖം തിരിച്ചു …

“ന്റെ പൊന്നുമോളെ നീയിത്രക്ക് ഭാഗ്യദോഷിയായി പോയല്ലോടീ ….!!”

ഇന്ദുവിന്റെ ചുമലിൽ പിടിച്ചുലച്ചുകൊണ്ട് അവർ ഇരുകയ്യും കൊണ്ട് അവളെ ചേർത്തു പിടിച്ചു …

ഇന്ദുവിന്റെ മനസ്സിലൊരു വെള്ളിടിവെട്ടി ….

“ആരെങ്കിലും ഒന്ന് പറയുന്നുണ്ടോ …എനിയ്ക്കു ഭ്രാന്തെടുക്കുന്നു ….”

ഇരുകൈകളും തലയ്ക്ക് താങ്ങിക്കൊണ്ട് അവൾ നിലത്തേക്ക് വീണു …ആളുകൾ കൂടിക്കൂടി വരുന്നു …സഹതാപം നിറഞ്ഞ കണ്ണുകൾ ഇന്ദുവിന്റെചുറ്റിനു൦ പൊതിഞ്ഞു….

“ന്റെ അമ്മയെവിടെ ….??”

ഉറക്കെവിളിച്ചുകൊണ്ട് ഇന്ദു അകത്തേക്കോടി …

കരഞ്ഞു വീങ്ങിത്തുടങ്ങിയ കവിൾത്തടങ്ങളുമായി ശാരദാമ്മായിരിക്കുന്നുണ്ട് തന്റെ മുറിയിൽ..ഇന്ദു പാഞ്ഞുവന്ന്‌ അവരുടെ മടിയിലേക്ക് ചാഞ്ഞു …

“എന്തൊക്കെയാ അമ്മെ ഇത് …..??എനിക്കൊന്നും മനസ്സിലാവണില്ല …”

ശാരദാമ്മ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല ….കാതുകൾ കൊട്ടിയടയ്ക്കപ്പെട്ടൊരു ബധിരയെ പോലെ അവർ നിശ്ചലമിരുന്നു ….

കൈയിലടക്കിപ്പിടിച്ചിരുന്ന ഫോട്ടോയിലേക്ക് ഇന്ദുവിന്റെ കണ്ണുകൾ ഉടക്കി ….

ദേവേട്ടന്റെ ഫോട്ടോ …..!!പട്ടാളവേഷത്തിലാണ് …

വിരലുകൾ കൊണ്ട് അതിലൂടെ പരതവേ അവൾ അറിഞ്ഞു …കണ്ണീരിന്റെ നനവ് അവളുടെ കയ്യിൽ തട്ടുന്നത് …

കണ്ണീര് വീണു ഫോട്ടോയ്ക്ക് മങ്ങലേറ്റതു പോലെ ….!!

“എന്തെങ്കിലുമൊന്ന് പറയമ്മേ ….ദേവേട്ടൻ വന്നിട്ടെവിടെ….?? ഞാൻ കണ്ടിരുന്നല്ലോ …”

ആശ്ചര്യം വിങ്ങലിൽ കുതിർന്ന വിറയാർന്ന ശബ്ദത്തോടെ അവൾ ചോദിച്ചുകൊണ്ടേയിരുന്നു ….

ശാരദാമ്മ ഇപ്പോൾ കരയുന്നുണ്ടായിരുന്നില്ല ….അവളെ തന്നെ നോക്കികൊണ്ടേയിരുന്നു …

കാര്യമെന്തെന്നു പോലുമറിയാതെ അവളുടെ ഉള്ളു പിടച്ചുകൊണ്ടിരിക്കുന്നത് അവർക്ക് കാണാമായിരുന്നു …

” മോളെ ….!!”

അവരുടെ കൈകൾ അവളുടെ ശിരസ്സിനെ തലോടി …അത് തണുത്തിരുന്നു….

“കൊണ്ട് വന്നിട്ടുണ്ട് ….!!”

ഇന്ദുവിന്റെ അച്ഛൻ മുറിയുടെ വാതിൽക്കൽ വന്ന് ദുഃഖത്തോടെ മുരടനക്കി …

“ന്ത് ……..??എന്ത് കൊണ്ടുവന്നിട്ടുണ്ടെന്ന് ….??എന്താ അച്ഛാ ….!!ഒന്ന് പറയ് …”

മറുപടി പറയാനാകാതെ ആ വൃദ്ധൻ മകളെ മാറോടടക്കി പിടിച്ചുകൊണ്ട് ഇറയത്തേക്ക് നടന്നു ….

ഉമ്മറത്തെ കസാലകളെല്ലാം പുറത്തേക്കൊതുക്കുന്നു …

അവിടം ഒഴിപ്പിക്കയാണ് …കിഴക്കേപ്പാടത്തെ വരമ്പിൽ നിന്നും കണാരേട്ടനും ചെത്തുകാരൻ രാവുണ്ണിയും ഒരാൾനീളത്തിലുള്ള വാഴയിലയും പിടിച്ചുകൊണ്ടു വന്ന് ഉമ്മറത്തേക്ക് വിടർത്തിവെച്ചു …

അമ്പലത്തിൽ വായനയ്ക്കിരിക്കണ ശങ്കരമ്മാവൻ കയ്യിലൊരു കെട്ടുമായി വരുന്നുണ്ട് …!!

ഇവരൊക്കെ എന്താ ഇവിടെ ..ഇന്ദു  വെപ്രാളത്തോടെ ചോദിച്ചുകൊണ്ടേയിരുന്നു ….

ആരുമാരും മറുപടി പറയാതെ അവളെ തന്നെ ഉറ്റുനോക്കികൊണ്ടിരുന്നു …

അതിനിടയിൽ ആരുടെയോ വാക്കുകൾ ഇന്ദുവിന്റെ ചെവിയിൽ ഇടിത്തീ പോലെ പതിച്ചു …!!

“ലീവിന് വരാനായിരുന്ന കൊച്ചനാ …രാത്രിയിലായിരുന്നു നുഴഞ്ഞു കയറ്റം…വാർത്തയിലൊക്കെ വന്നതല്ലിയോ …..!!”

“ഇത്രയ്ക്കേ ഉള്ളൂ അവരുടെയൊക്കെ ജീവിതം …… പട്ടാളക്കാരല്ലേ …….!!”

മറ്റേയാൾ നെടുവീർപ്പിട്ടു ….ശബ്ദിക്കാനാകാതെ അകം വിണ്ടുപൊട്ടിയ കൽപ്രതിമ പോലെ അവളിരുന്നു ….!!

മരണത്തിന്റെ സൈറൺ മുഴക്കി ആ വെളുത്തവണ്ടി നടുമുറ്റത്തേക്ക് കയറിവന്നു ….

എന്നും താൻ നോക്കിയിരുന്ന വെളുത്ത ടാക്സി …അതിൽ നിന്നിറങ്ങുന്ന ദേവേട്ടൻ …

ഇന്നും വാഹനം വെളുത്തതാണ് …അതിൽ നിന്നും ദേവേട്ടൻ ഇറങ്ങുന്നുണ്ട് …അല്ല …

നീളത്തിലുള്ള സ്ട്രെറ്ച്ചറിൽ രണ്ടാൾ തലയ്ക്കലും കാൽക്കലും നിന്ന് താങ്ങിയിരിക്കുന്നു …

മുഖം കാണാനാകുന്നില്ല …..പതിയെ ആ ശരീരം വെട്ടിവെച്ച വാഴയിലയിൽ ഇന്ദുവിന്‌ മുൻപിലായി നീണ്ടു നിവർന്നു കിടന്നു …

“ദേവേട്ടാ …എന്നെ പറ്റിച്ചല്ലേ ……!!കണ്ണുതുറക്കണേനു മുന്നേ എന്റെ മുന്നിൽ വരാന്നു പറഞ്ഞിട്ട് ..ഇന്ദുപെണ്ണ് എപ്പോഴേ ഉണർന്നു …

അല്ലല്ലോ…….

ഞാനെന്തൊരു മണ്ടിയാ ദേവേട്ടൻ രാവിലെ എന്റടുക്കലേക്ക് വന്നതല്ലേ ….”

പരസ്പരബന്ധമില്ലാതെ അവൾ വീണ്ടും എന്തൊക്കെയോ പുലമ്പിക്കൊണ്ടേയിരുന്നു…മുഖം വഴി മൂടിയിരുന്ന വെളുത്ത മേൽക്കോടി അവൾ മെല്ലെയെടുത്തു മാറ്റി …ചുണ്ടുകളിൽ ഇപ്പോഴുമുണ്ട് ആ പുഞ്ചിരി …പറഞ്ഞു തീർക്കാനാകാതെ പോയ എന്തൊക്കെയോ പറയാൻ വെമ്പുന്നുണ്ട് ആ കണ്ണുകൾ…മിഴിനീർ തിളങ്ങുന്ന കണ്ണുകളോടെ അവൾ അയാളുടെ മുഖത്ത് നോക്കിയിരുന്നു ..ചെവി പതിയെ അയാളുടെ നെഞ്ചിലേക്ക് ചേർത്ത് വെച്ചു അവൾ കിടന്നു ….

“എന്നോട് പറയ് ഏട്ടാ …എന്താ നമ്മുടെ മോന് കണ്ട്പിടിച്ചിരിക്കണ പേര് …കേൾക്കാൻ കൊതിയായി ട്ടോ ….!!”

പക്ഷേ ദേവൻ മറുപടിയായി ഒന്നും മൊഴിഞ്ഞില്ല ….

ഇന്ദുവിന്റെ മുഖത്തു ദുഃഖത്തേക്കാൾ ഭ്രാന്തമായൊരു വികാരം ഉളവായതു ചുറ്റും നിന്നവരിലേക്ക് ഭീതി പടർത്തി …ആരൊക്കെയോ ചേർന്നവളെ പിടിച്ചുമാറ്റി …

ശാരദാമ്മ മകന്റെ മുഖത്തു ഒന്നേ നോക്കിയുള്ളൂ …ബോധം മറഞ്ഞവർ ആരുടെയൊക്കെയോ കൈകളിലേക്ക് വീണുപോയി …

മാമ്പഴം പൂക്കാത്ത വടക്കേപ്പാതെ തേന്മാവിന്റെ എല്ലിൻകഷ്ണങ്ങൾ നുറുങ്ങി …..!!

കൂട്ടിയിരിക്കുന്ന വിറകുകൂനയ്ക്ക് മുകളിൽ ദേവൻ കിടന്നു …

“ആരാ കർമങ്ങൾ ചെയ്യാൻ ….??”

എല്ലാവരും സംശയത്തോടെ പരസ്പരം നോക്കുന്നുണ്ട് …വാടിത്തളർന്നു ഇറയത്തു വിങ്ങിപ്പൊട്ടികൊണ്ടിരുന്ന ഇന്ദു അവിടേയ്ക്കോടി …..

നടുമുറ്റത്തിനു മാറിയുള്ള കിണറ്റുവക്കത്തെ വക്കുപൊട്ടിയ മൺ കലത്തിലെ നിറഞ്ഞ മഴവെള്ളം അവളുടെ തലയിൽ കമിഴ്ത്തി ….!!!

അരികു കത്തുന്ന വിറകുകൊള്ളി കൈക്കുള്ളിൽ ഒതുക്കുമ്പോൾ അവളുടെ കണ്ണ് നഞ്ഞിരുന്നില്ല ……കൈവിറച്ചിരുന്നില്ല ….

ആദ്യത്തെ വിറകിൽ അഗ്നിപടർന്നുകൊണ്ട് അവൾ ഹൃദയത്തോട് മന്ത്രിച്ചു    ….

“ധീരനായ എന്റെ യോദ്ധാവിന്റെ ചിത കൊളുത്തുന്നു ………!!!പേരറിയാത്തൊരു മകൻ…………!!!”

(ഓരോ പട്ടാളക്കാരനും വീരമൃത്യു വരിയ്ക്കുമ്പോൾ ഹോമിക്കപ്പെടുന്ന ഒരായിരം ഹൃദയങ്ങളുണ്ട്…..അവരുടെ ജീവിതത്തിനെക്കുറിച്ചു ഓർക്കാൻ തുടങ്ങിയപ്പോൾ കുത്തിക്കുറിച്ച വരികളാണിവ …..പിഴവുകൾ സദയം പൊറുക്കുക …..സ്വന്തം ലച്ചൂട്ടി…… ❤ 😊 )