ഒരു രാത്രി എന്നോട് പറഞ്ഞു ജാനി, നീയെന്നോട് ക്ഷമിക്ക് ഞാനീ…

മാമ്പഴക്കാലം

എഴുത്ത്: സിന്ധു മനോജ്

==================

“നോക്കൂ ഇക്കൊല്ലം മാവ് പൂത്തിട്ടുണ്ട്”

ജാനി ചേച്ചി മുറ്റത്തെ മാവിലേക്കു നോക്കി മിഴികളിൽ അത്ഭുതം നിറച്ചു.

.കഴിഞ്ഞതിനു മുന്നത്തെ കൊല്ലമാ ഇതാദ്യമായിട്ട് പൂത്തതും നിറയെ മാങ്ങകളുണ്ടായതും. ഈ വീടിന്റെ പാലുകാച്ചിന് ഞാനും മാത്യുവും ചേർന്നു നട്ടതാ അത് . മാത്യുവിന്റെ ബാംഗ്ലൂരുള്ള കൂട്ടുകാരൻ അവിടുന്ന് കൊണ്ട് വന്ന ഒരു പ്രത്യേകയിനം മാവായിരുന്നു.

മനസ്സിൽ നിറഞ്ഞു തുളുമ്പുന്ന ആഹ്ലാദത്തോടെ ഓർമ്മക്കടലിലേക്കൊരു തോണിയിറക്കാൻ ധൃതി കൂട്ടി ജാനി ചേച്ചി.

ഞാനും ആ കൂടെ ഇറങ്ങി പുറപ്പെടാൻ തയ്യാറായി.

ഒരു ക്രിസ്മസ് കാലത്തു എന്റെ ചേച്ചി വീട്ടിൽ വന്നപ്പോ മാവ് ആകെ തളിർത്തു നിൽക്കുവായിരുന്നു. അന്ന് ഞാൻ പറഞ്ഞു മാവ് പൂക്കാറായിന്ന്. അപ്പൊ ചേച്ചി പറഞ്ഞു ഒന്ന് പോ പെണ്ണേ ഇത് പൂക്കാൻ ഇനിയും വർഷങ്ങളെടുക്കും.

പക്ഷേ ആ കൊല്ലം തന്നെ മാവ് പൂത്തു നിറയെ മാങ്ങകളുണ്ടായപ്പോ ഞാനാദ്യം ഓടിച്ചെന്ന് പറഞ്ഞത് ചേച്ചിയോടാ. കണ്ടോ എന്റെ മാവും പൂത്തു.

അതിലെ മാങ്ങ കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു പൂതി ആ മാങ്ങയിട്ട് കരിമീൻ കറി വെക്കണം ന്ന്. അന്ന് മാത്യു പറവൂർക്ക് പോയപ്പോൾ കുറെ കരിമീൻ കൊണ്ട് വന്നു. രണ്ടു മാങ്ങ പൊട്ടിച്ച് തേങ്ങയൊക്കെ അരച്ചു ചേർത്തു ഞാൻ കറി വെച്ചു. പക്ഷേ എനിക്കതു കഴിക്കാൻ പറ്റിയില്ല. ഉപ്പു നോക്കാൻ ഒരല്പം വായിൽ വെച്ചപ്പോൾത്തന്നെ ഞാൻ ഓക്കാനിച്ചു. പിന്നെ മണിക്കൂറോളം നിലക്കാത്ത ശർദ്ധി. അപ്പൊത്തന്നെ അങ്ങേര് വണ്ടി വിളിച്ചു ഹോസ്പിറ്റലിൽ കൊണ്ട് പോയി. അവിടെ ചെന്ന് ഒരാഴ്ച പല പല ടെസ്റ്റുകൾക്കൊടുക്കം എന്റെ രോഗം കണ്ടു പിടിച്ചു.

പിന്നെ കീമോയും, റേഡിയെഷനും എൻഡോസ്കോപ്പിയുമൊക്കെയായി ഒരു മാസത്തോളം ഹോസ്പിറ്റലിൽ തന്നെ. ഉണ്ടായ മാങ്ങയെല്ലാം അപ്പോഴേക്കും പഴുത്തു തുടങ്ങി. പക്ഷേ അതും ഒരു കഷ്ണം പോലും മുഴുവൻ കഴിക്കാൻ പറ്റാത്ത വിധം വായിലെ തൊലിയെല്ലാമിളകി, പാതി ചത്ത അവസ്ഥയിലായിരുന്നു ഞാൻ.

ഞാൻ വേദന കൊണ്ട് പുളയുന്ന ഒരു ദിവസം മാത്യു പെട്ടെന്ന് കുഴഞ്ഞു വീണു. ഒരു നിമിഷം കൊണ്ട് എല്ലാം തീർന്നു.

ഇപ്പൊ എനിക്ക് തോന്നുന്നു എന്റെ സമയം അടുത്തു ന്ന്. അതാ കഴിഞ്ഞ കൊല്ലം പൂക്കാതിരുന്നിട്ട് ഇപ്പൊ ഉണ്ണികൾ വിരിഞ്ഞു തുടങ്ങിയെ.

“ജാനി ചേച്ചി വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടണ്ട. മാവ് പൂക്കുന്നത് മരണം വരാനാണെന്ന് ഞാൻ എവിടെയും കേട്ടിട്ടില്ല.”

“നമുക്ക് നോക്കാലോ കുട്ടി “

ജാനി ചേച്ചി ചിരിയോടെ അത് പറഞ്ഞു നിർത്തുമ്പോൾ എന്റെ മനസ്സ് വല്ലാതെ വിങ്ങി തുടങ്ങിയിരുന്നു.

വൈകുന്നേരങ്ങളിൽ വരാന്തയിലെ ഈസിചെയറിൽ കൊണ്ടിരുത്തി കാലുകൾ മെല്ലെ തടവിക്കൊടുത്ത് അടുത്തിരിക്കുമ്പോൾ ഓർമ്മകളുടെ ഭാണ്ഡം എന്റെ മുന്നിൽ കുടഞ്ഞിടുന്നത് ഒരു പതിവായിരിക്കുന്നു.

“ബിസിനസ് നല്ല നിലയിൽ പോകുന്ന സമയത്താണ് മാത്യു കുടി തുടങ്ങിയത്. ഞാൻ ചോദിക്കുമ്പോഴൊക്കെ ചിരിച്ചു കൊണ്ട് പറയും എന്റെ ജാനി ഞാൻ വെറുതെ ഒരു കമ്പനിക്ക് അവരുടെ കൂടെ കൂടുന്നു എന്നേയുള്ളു. ഇത് ശീലമാക്കാനൊന്നും എനിക്ക് ഉദ്ദേശമില്ല. മിക്ക ദിവസവും അവർ ബ്രാണ്ടികുടിക്കുമ്പോ ഞാൻ വെറും സോഡയാ കുടിക്കാറ്.

അത് കേൾക്കുമ്പോ ഞാൻ പിന്നെ ഒന്നും മിണ്ടില്ല. പിന്നെപ്പിന്നെ ദിവസവും കുടിച്ച് ബോധമില്ലാതെ വീട്ടിൽ കയറി വരാൻ തുടങ്ങി. കയ്യിൽ വേറൊരു കുപ്പിയും കാണും. അത് വീട്ടിലിരുന്നും കുടി തുടങ്ങി.

കൂട്ടുകാർ ചോദിക്കുമ്പോൾ യാതൊരു ഈടുമില്ലാതെ വൻ തുകകൾ വായ്പ കൊടുത്തു. പലർക്കും എത്ര കൊടുത്തു എന്ന് പോലും ഓർമ്മ കാണില്ല മിക്കപ്പോഴും. ഒടുക്കം ബിസിനസ് പൊളിഞ്ഞു.ഒരു രൂപ പോലും കടമില്ലാത്തിരുന്നയാൾ ലക്ഷങ്ങളുടെ കടക്കാരനായി.

ഒരു രാത്രി എന്നോട് പറഞ്ഞു ജാനി, നീയെന്നോട് ക്ഷമിക്ക് ഞാനീ വീട് വിൽക്കാൻ തീരുമാനിച്ചു. അതല്ലാതെ മറ്റു വഴികളൊന്നും ഞാൻ കാണുന്നില്ല.

ആദ്യമൊക്കെ ഞാൻ കുറെ എതിർത്തു. കരഞ്ഞു.അത്രയേറെ ആശിച്ചു മോഹിച്ചു പണി തീർത്ത വീടായിരുന്നു.പക്ഷേ എല്ലാ വഴികളും അടഞ്ഞപ്പോൾ ഒടുവിൽ ഞാൻ കണ്ണീരോടെ അതിന് സമ്മതിച്ചു. പിന്നെ വാടക വീടുകൾ.ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള അലച്ചിൽ. മൂന്ന് പെൺകുട്ടികൾ വളർന്നു വരുന്നതിന്റെ ആകുലതകൾ വേറെ. വീടില്ലാതായിട്ടും മാത്യുവിന്റെ സ്വഭാവത്തിൽ മാറ്റമൊന്നും വന്നില്ല

സ്വന്തം മുറിയിലേക്ക് കയറാനോ അലമാര തുറക്കാനോ എന്നെ അനുവദിക്കില്ല. അലമാരയുടെ താക്കോൽ എപ്പോഴും കയ്യിൽ കൊണ്ട് നടക്കും..ഒരു രൂപ പോലും വീട്ടിൽ തരാതെയായി. രണ്ടു നേരം പിയേഴ്‌സ് സോപ്പിട്ടു കുളിച്ചിരുന്ന ഞാൻ വെറും വെള്ളം ദേഹത്ത് കോരിയൊഴിച്ചു കുളിക്കേണ്ട അവസ്ഥയായി.

അങ്ങനെയിരിക്കേ എന്റെയൊരു കൂട്ടുകാരി അവളുടെ ഭർത്താവിന്റെ പണമിടപാട് സ്ഥാപനത്തിൽ ചെറിയൊരു ജോലി ശരിയാക്കി തന്നു. മാസം മുന്നൂറ് രൂപയായിരുന്നു ശമ്പളം. അന്നതെനിക്ക് വലിയൊരു തുക തന്നെയായിരുന്നു. പിള്ളേർക്ക് എന്നും ചോറും എന്തെങ്കിലും ഒരു കറിയും ഉണ്ടാക്കി കൊടുക്കാൻ ആരോടും ഇരക്കേണ്ടല്ലോ എന്നൊരു സമാധാനം.

ബിരിയാണിയും, ഫ്രൈഡ് റൈസും, ചിക്കനുമെല്ലാം കഴിച്ചു നടന്നവർ റേഷനരിയുടെ കഞ്ഞിയും ചമ്മന്തിയും കഴിക്കാൻ ശീലിച്ചു.എല്ലാം കണ്ടും കേട്ടും ഒരേ വീട്ടിൽ ഒന്നിച്ചു ജീവിച്ചിട്ടും മാത്യുവിന്റെ മനസ്സലിഞ്ഞില്ല. അന്നൊക്കെ ഞാൻ അത്ഭുതപ്പെട്ടു ഇങ്ങനെയൊരു മാത്യുവിനെ എനിക്ക് തീരെ പരിചയമില്ലല്ലോയെന്ന്.

എല്ലാ പെൺകുട്ടികളെയും പോലെ ഒരുപാട് പ്രതീക്ഷകളും സ്വപ്‌നങ്ങളും എനിക്കുമുണ്ടായിരുന്നു വിവാഹത്തെക്കുറിച്ച്, കുടുംബത്തേക്കുറിച്ച്.എന്നിട്ടും….

അവിടെയെത്തുമ്പോൾ ചേച്ചി പാതിയിൽ നിർത്തി ഒരു ദീർഘശ്വാസമയക്കും. അപ്പോഴൊക്കെ ഞാനും എന്റെ ജീവിതമോർത്തു മനസിലൊന്നു തേങ്ങും.

കുട്ടീ, തനെന്താ ഓർക്കുന്നെ എന്ന ചോദ്യത്തിനു ഒന്നുമില്ലെന്ന് ചുമൽ കൂച്ചും.

ബിസിനസ് എല്ലാം പൊളിഞ്ഞു. യാതൊരു വരുമാനവുമില്ലാതെ മാത്യു വീട്ടിലിരിപ്പായി.

വീണ്ടും പറഞ്ഞു തുടങ്ങുമ്പോൾ ഞാൻ ശ്രദ്ധയോടെ മൂളും.

അപ്പോഴും കുടിക്കാനുള്ളത് എങ്ങനെയൊക്കെയോ ഒപ്പിക്കുന്നുണ്ടായിരുന്നു. ആയിടെ എന്റെ ട്രീസ മോള് പത്താം ക്ലാസ്സ്‌ പാസ്സായി. സ്കൂളിൽ തന്നെ ഏറ്റവും ഉയർന്ന മാർക്കൊടെ. അന്ന് എന്റെ വല്ലിമ്മച്ചിയുടെ മോള് ലൂസി ഗൾഫിൽ നിന്ന് നാട്ടിൽ വന്ന സമയമായിരുന്നു. അവള് എന്നോട് പറഞ്ഞു ട്രീസ മോളെ നഴ്സിംഗ് പഠിപ്പിക്കു. പാസ്സായാൽ ഞാനങ്ങു അക്കരെ കടത്തി തരാമെന്ന്.

ഞാനത് അവളോട് പറഞ്ഞപ്പോ മുള ചീന്തും പോലെ ഒരൊറ്റ കരച്ചിലാ എന്റെ കുഞ്ഞ്.

“മമ്മീ…എനിക്ക് കോളേജിൽ പോയി പഠിക്കാൻ ഭയങ്കര കൊതിയാ.രണ്ടു വർഷത്തെ പ്രീഡിഗ്രി കോഴ്സിന് ചേരട്ടെ ഞാൻ. എന്നിട്ട് വേറെ എന്തെങ്കിലും ജോലി നോക്കാം.”

പക്ഷേ, ഞാൻ നോക്കിയിട്ട് ഒരു വഴിയും തെളിഞ്ഞു കണ്ടില്ല. താഴെയുള്ള രണ്ടു പേരെ പത്തുവരെയെങ്കിലും പഠിപ്പിക്കണ്ടേ. വീട്ടുചിലവുകൾ,വാടക എല്ലാം കൂടി ഒപ്പിക്കാൻ ഞാൻ നെട്ടോട്ടമോടുവാ.

എന്റെ കഷ്ടപ്പാട് കണ്ടിട്ട് ഒടുവിൽ ട്രീസ മോള് കോളേജ് പഠനം എന്ന മോഹം ഉപേക്ഷിച്ചു നഴ്സിംഗിനു ചേരാൻ സമ്മതിച്ചു. അതിനുള്ള പണം ട്യൂഷനെടുത്തു അവള് തന്നെ ഒപ്പിച്ചു. പിന്നെ എങ്ങനെയൊക്കെയോ ആ കോഴ്സ് പൂർത്തിയാക്കി. നല്ല മാർക്കിൽ തന്നെയാണ് അതും അവൾ പാസ്സായത്.

ലൂസി വാക്ക് പാലിച്ചു

അങ്ങനെ എന്റെ മോള് ഗൾഫിലേക്ക് പറന്നു. കിട്ടുന്ന ശമ്പളം അതേപോലെ ഇങ്ങോട്ട് അയച്ചു തുടങ്ങി.

ആയിടെ മാത്യുവിന്റെ അപ്പന് വീതം കിട്ടിയ പത്തു സെന്റ് സ്ഥലം അപ്പൻ മാത്യുവിന് ഇഷ്ടദാനം കൊടുത്തു. അതിന് മുന്നേ കിട്ടിയ വീടും സ്ഥലവും വിറ്റ് തുലച്ച് വാടക വീടുമായി അലയുന്ന കണ്ടിട്ടുള്ള വിഷമം കൊണ്ട് ചെയ്തതാ അപ്പൻ.

അത് കയ്യിൽ കിട്ടിയപ്പോ ട്രീസ മോള് പറഞ്ഞു എങ്ങനെയും അവിടെയൊരു വീട് പണിയണം.എത്ര കാലം വാടക വീട്ടിൽ കിടക്കും.

പിന്നെ വീട് പണി തുടങ്ങി. കുറച്ചു സ്വർണമുണ്ടായിരുന്നതെല്ലാം മാത്യു വിറ്റ് തുലച്ചിരുന്നു. അപ്പന്മാര് രണ്ടും സഹായിക്കാൻ തയ്യാറായിരുന്നു. പക്ഷേ അവരിൽ നിന്നും ഒരു പൈസ പോലും വാങ്ങിപ്പോകരുതെന്ന് മാത്യു ഉഗ്രശാസനം തന്നിരുന്നു. എത്രയോ ആളുകൾ വീടില്ലാതെ വാടകവീട്ടിൽ താമസിക്കുന്നുണ്ട് എന്നൊരു ന്യായവും.

“അന്നൊക്കെ ഞാൻ വെറുതെ സങ്കടപ്പെട്ടു എനിക്കൊരു മോനുണ്ടായിരുന്നെങ്കിലെന്ന്.

അത് കേൾക്കുമ്പോ ട്രീസ മോള് വെറുതെ ചിരിക്കും.

പിന്നെയങ്ങോട്ട് ന്റെ മോൾടെ ഒരൊറ്റയാൾ പോരാട്ടമായിരുന്നു.

എങ്ങനെയൊക്കെയോ വീടിന്റെ പണി പൂർത്തിയായി. കയറിക്കിടക്കാൻ ഒരു കിടപ്പാടം കിട്ടിയതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യായിരുന്നു.

ആയിടെ രണ്ടാമത്തവൾക്ക് ഒരു കല്യാണാലോചന വന്നു.

കല്യാണം എന്നത് എന്റെ സ്വപ്നത്തിൽ പോലും ഇല്ലാതിരുന്ന സമയം. ഞാനാകെ പകച്ചു പോയി.

അതറിഞ്ഞപ്പോ ട്രീസ പറഞ്ഞു നമുക്കിതങ്ങു നടത്താം മമ്മി.

ഞാൻ കരുതി അവള് തമാശ പറയുകയാണെന്ന്. പക്ഷേ ആരോടൊക്കെയോ കടം മേടിച്ചും, ശമ്പളം കിട്ടുന്നത് ഒരു പൈസ പോലും സ്വന്തം ആവശ്യങ്ങൾക്കെടുക്കാതെയും അവൾ ഇങ്ങോട്ടയച്ചു കൊണ്ടിരുന്നു. അങ്ങനെ ആറുമാസം കൊണ്ട് അവളാ കല്യാണം നടത്തി.

ഇളയവൾ ബികോം പാസ്സായപ്പോൾ നിനക്ക് ആഗ്രഹമുണ്ടെങ്കിൽ തുടർന്ന് പഠിച്ചോ എന്ന് പറഞ്ഞു. അങ്ങനെ റോസ് മോള് എംകോമിന് ചേർന്നു. ആ കോഴ്സ് കഴിഞ്ഞു അവൾക്ക് നാട്ടിൽ തന്നെ ജോലിയായപ്പോൾ ഞാൻ ട്രീസയോട് പറഞ്ഞു ഇനിയെങ്കിലും നാട്ടിലേക്കൊന്നു വാ.നീയൊരു കല്യാണം കഴിച്ചു ജീവിക്കുന്ന കാണാൻ മമ്മിക്ക് കൊതിയായെന്ന്. അപ്പോഴേക്കും എന്റെ മോള് പോയിട്ട് അഞ്ചുവർഷം കഴിഞ്ഞിരുന്നു.

സമയമാകട്ടെ മമ്മി. അപ്പൊഴേ എല്ലാം നടക്കൂ എന്നവൾ ചിരിക്കുടുക്കയാവും

റോസിന് ജോലി കിട്ടി ഒരു മാസം തികയും മുന്നേ കൂടെ ജോലി ചെയ്യുന്ന ബിനോയ്‌ അവളെ ഇഷ്ടമാണെന്നറിയിച്ച് ഇവിടെ വന്നു. ഞാനത് കേട്ടപ്പോ അവരോട് പറഞ്ഞു മൂത്തവൾ ഇരിക്കെ ഒരനിയത്തിയെ കെട്ടിച്ചു. ഇനി അവളുടെ കാര്യം കഴിയാതെ ഞാനിതിനു സമ്മതിക്കില്ല ന്ന്.

അതറിഞ്ഞപ്പോഴും ട്രീസ മോള് പറഞ്ഞു അത് ആദ്യം നടക്കട്ടെ മമ്മി. എന്റെ വിവാഹം കഴിഞ്ഞാൽ അവൾക്കു വേണ്ടി എനിക്കൊന്നും ചെയ്യാൻ കഴിയില്ല.

അന്ന് ഞാൻ കർത്താവിന്റെ മുന്നിൽ മുട്ടുകുത്തിനിന്ന് ആവോളം കരഞ്ഞു.മാത്യു കുടിച്ച് കുടിച്ച് സുബോധം നഷ്ടപ്പെട്ടു കിടക്കുമ്പോൾ ഞാനെന്റെ മോളെയോർത്തു നെഞ്ചു പൊട്ടി കരഞ്ഞു.

റോസിന്റെ കല്യാണം കൂടാൻ വന്നപ്പോൾ അവളെന്നോടൊരു ചോദ്യം ചോദിച്ചു. മമ്മിക്ക് ഒരു മോനില്ലാത്ത വിഷമം ഇപ്പോഴും ഉണ്ടോ. ഇനിയെന്താ മമ്മിക്ക് വേണ്ടേയെന്ന്.

അന്നാണെനിക്കൊരു സത്യം മനസ്സിലായത്. പെണ്മക്കൾ വിചാരിച്ചാലും അപ്പനുമമ്മക്കും സ്വപ്‌നങ്ങൾ നേടിയെടുക്കാനാകുമെന്ന്.

റോസ് മോള് കിച്ചുമോനെ വയറ്റിലായിരിക്കുന്ന സമയത്താണ് മാത്യുവിന്റെ മരണം.മാവ് പൂവിട്ട അതേ ക്രിസ്മസ് കാലത്ത്.പക്ഷേ അതീന്നൊരു കണ്ണിമാങ്ങ പോലും തിന്നാൻ യോഗമില്ലാതെ അങ്ങേരു പോയി. ഞാനാണെങ്കിൽ ഈ വേദന തിന്ന് മരണത്തോട് മല്ലിട്ട് ഹോസ്പിറ്റലിലും.അതിന്റെ പിന്നത്തെയാഴ്ച റോസ് മോള് പ്രസവിച്ചു.

എനിക്ക് സുഖമില്ലാതായപ്പോ ട്രീസമോളുടെ കഷ്ടപ്പാട് പിന്നെയും കൂടി. ഭാരിച്ച തുകകളാണ് ട്രീറ്റ്‌മെന്റിനു ചിലവായതു.

അവളൊരു കുടുംബമായി ജീവിക്കുന്ന കാണാൻ വേണ്ടി ഒടുവിൽ ഞാൻ വഴക്കിട്ടു തുടങ്ങി. വിളിച്ചാൽ ഫോൺ എടുക്കാതെയും, മെസ്സേജുകൾക്ക് റിപ്ലൈ കൊടുക്കാതെയും ഞാനവളോട് സമരം ചെയ്തു. ഒടുവിൽ അവളതിന് സമ്മതിച്ചു.

കല്യാണം കഴിഞ്ഞു പിന്നത്തെയാഴ്ച തന്നെ അവള് തിരിച്ചു പോയി. അവളുടെ ചെറുക്കനും അതേ ഹോസ്പിറ്റലിൽ തന്നെയായിരുന്നു ജോലി.

ഗർഭിണിയാണെന്ന് വിളിച്ചു പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി അതിലേറെ സങ്കടവും. എന്റെ മോൾടെ കൂടെ നിന്ന് അവളുടെ ഇഷ്ടങ്ങൾ സാധിപ്പിച്ചു കൊടുക്കാൻ എനിക്ക് കഴിയുന്നില്ലല്ലോ എന്നോർത്ത്.

പ്രസവം കഴിഞ്ഞിട്ടും അവളുടെ അപ്പുമോനെ ഒന്ന് കാണാനോ, അവൾക്കു വേണ്ടുന്ന പ്രസവ ശുശ്രൂഷകൾ ചെയ്തു കൊടുക്കാനോ എനിക്ക് കഴിഞ്ഞില്ല. ഈ വീടിനും, അപ്പനുമമ്മക്കും, കൂടപ്പിറപ്പുകൾക്കും വേണ്ടി ജീവിച്ചിട്ട് ഒടുക്കം വല്ല നാട്ടിലും ആരും കൂടെയില്ലാതെ പേറ്റു നോവറിയാനായിരുന്നു അതിന്റെ വിധി.

എനിക്കിനി ഒരു മോഹമെയുള്ളൂ അവളുടെ മോനെയൊന്നു കാണണം.എന്റെ കയ്യോണ്ട് അതിനിഷ്ടമുള്ളത് ഉണ്ടാക്കി വിളമ്പി കൊടുക്കണം.

പക്ഷെ ഇനിയാ മോഹം നടക്കില്ല എന്നൊരു തോന്നൽ.വീണ്ടും പഴയതിന്റെയൊക്കെ ആവർത്തനങ്ങൾ. മാവ് പൂത്തു. റോസ് മോൾക്ക് രണ്ടാമതും പ്രസവമടുത്തു.

ക്രിസ്മസ്സും വരുന്നു.

ആ കുഞ്ഞിനെയെങ്കിലും ഒന്ന് കാണാനുള്ള വിധി ഉണ്ടാകുമോ എന്തോ.

ജാനി ചേച്ചിയുടെ കണ്ണീരു കാണുമ്പോ ഞാനും പ്രാർത്ഥിക്കും എന്റെ കൃഷ്ണാ ചേച്ചിയെ ഇനിയും സങ്കടപ്പെടുത്തല്ലേയെന്ന്.

എന്നിട്ടും ക്രിസ്മസ് തലേന്ന് ഒരു ഫോൺ കാൾ എന്നെ തേടിയെത്തി

ഇന്ദൂ…നമ്മുടെ ജാനി ചേച്ചി പോയീട്ടാ…

~സിന്ധു മനോജ്