പക്ഷേ അമ്മുവിൻറെ മൂക്കുചുളിച്ചുള്ള ആ നിൽപ് ഓർത്തപ്പോൾ വേണ്ടന്നു വച്ചു. അല്ലേൽ തന്നെ ഞങ്ങൾ അവരുടെ…

ഒരു വിഷു ഓർമ്മ…..

Story written by Anu George Anchani

=================

വിഷു എന്നല്ല ഏതു വിശേഷദിനം ആയാലും എൻറെ കണി എന്നും  കണ്ണന്റെ വിഗ്രഹത്തിനു മുൻപിൽ, വിഗ്രഹം എന്ന് പറയാൻ പറ്റുമോ എന്ന് അറിയില്ല. പൊട്ടിയടർന്നു നിറം മങ്ങിയ  ഒരു രൂപം. അതിനു മുൻപിൽ കണ്ണു നിറഞ്ഞു നിൽക്കുന്ന എൻറെ അമ്മയെ ആണ്…വിശേഷ ദിവസങ്ങളിൽ മാത്രം വിരുന്നെത്തുന്ന അച്ഛൻ എനിക്ക്‌ എന്നും ഒരുപേടി സ്വപ്നം ആയിരുന്നു.  

ഒരു ലോറി ഡ്രൈവർ ആയിരുന്നു എൻറെ അച്ഛൻ. ലോറി വാസു എന്ന് പറഞ്ഞാൽ  തെരുവിൽ എല്ലാവരും പേടിക്കുമത്രേ. സദാ ചുവന്ന കണ്ണുകളും മ ദ്യത്തിന്റെ മണവുമായി നടക്കുന്ന അച്ഛനെന്റെ അടുത്തു പോകാൻ പോലും എനിക്ക് ധൈര്യം ഉണ്ടായിട്ടില്ല.

ഇന്ന് വിഷു ആണെന്നും എനിക്കു ഏറെ ഇഷ്ടപെട്ട വിഷുക്കട്ട ഉണ്ടാക്കി തരാമെന്നും അമ്മ തലേന്നേ പറഞ്ഞിരുന്നു. അതും സ്വപ്നം കണ്ടു കൊണ്ടണ് ഇന്നലെ വയറു കാഞ്ഞങ്കിലും ഗൗനിക്കാതെ കിടന്നു ഉറങ്ങിയത്. മുറ്റത്തേയ്ക്ക് ഇറങ്ങിയപ്പോളാണ് അമ്മ പുറകിൽ നിന്നും വിളിച്ചത്.

“മനുക്കുട്ടാ മോൻ പോയ്‌ വടക്കേതിലെ കുട്ടികളോടൊപ്പം കളിച്ചോളൂട്ടോ  അപ്പോളേക്കും അമ്മ പ്രാതൽ ശരിയാക്കാം മോന് ഇഷ്ടമുള്ളത്”.

പിന്നെ ഒന്നും ചിന്തിച്ചില്ല. വടക്കേതിലെ പറമ്പിലേക്ക് ഒരു ഓട്ടമായിരുന്നു. അവിടെ കളിമേളങ്ങളുടെ ആർപ്പു വിളികൾ ഉയർന്നിരുന്നു. മീനുട്ടിയും അമ്മുവുമൊക്കെ ഉറക്കെ പാടി കളിക്കുന്നു

“ഒരു മീൻ പോയ്‌..രണ്ടു മീൻ പോയ്‌…”

അവരുടെ ഇടയിലേക്ക് സന്തോഷത്തോടെ കൂട്ട് ചേർന്നപ്പോളാണ് അമ്മു എന്നെ തളളി മാറ്റിയത്

“അയ്യേ..ഈ മനുവിനെ വല്ലാണ്ട് മണക്കുന്നു. നിൻറെ കുപ്പായത്തിൽ  എന്താ ഇത്രയും ചെളി പറ്റിയിരിക്കുന്നത്..

ആ നിമിഷമാണ് ഞാൻ എൻറെ ചുറ്റുമുള്ള കൂട്ടുകാരുടെ ഇടയിലേക്ക് കണ്ണോടിച്ചതു. എല്ലാവരും നല്ല വർണകുപ്പായങ്ങൾ ധരിച്ചിരിക്കുന്നു. എന്റേതാകട്ടെ ആകെ മുഷിഞ്ഞതും ചെളി പിടിച്ചതുമായിരുന്നു. അതു ഇടാൻ ആഗ്രഹം ഉണ്ടായിട്ടല്ല, മാറിയുടുക്കാൻ വേറെ ഇല്ലായിരുന്നു.എന്നതായിരുന്നു സത്യം.

പിന്നെ അവിടെ നിൽക്കാൻ മനസ്സ് അനുവദിച്ചില്ല. തിരികെ വീട്ടിലെത്തിയപ്പോ അമ്മയുടെ നിലവിളിയാണ് കാതിൽ വന്നലച്ചത്…

“അതീന്നു കുറച്ചു എങ്കിലും തന്നിട്ട് പോകു..വിഷുവായിട്ട് എൻറെ കുഞ്ഞിന് വയറുനിറച്ചു എന്തെങ്കിലും ഉണ്ടാക്കി കൊടുക്കണം”

കാലിൽ കെട്ടിപ്പിടിച്ചു കിടന്നു കരഞ്ഞ അമ്മയെ ചവിട്ടിത്തെറിപ്പിച്ചു അച്ഛൻ ആടിയാടി പുറത്തേയ്ക്കു നടന്നകന്നു…

അന്നാണ് വിശേഷ ദിവസങ്ങളിൽ മാത്രം വരുന്ന അച്ഛന്റെ ആഗമന ഉദ്ദേശ്യം മനസ്സിലായത്. കുലത്തൊഴിൽ അല്ലെങ്കിലും, വട്ടിയും കോട്ടയുമൊക്കെ ഉണ്ടാക്കാനായി അമ്മ പോകും. നേരം അന്തി ആകുമ്പോളേക്കും ഈറ കൊണ്ട് അമ്മയുടെ കൈവെള്ളയെല്ലാം മുറിഞ്ഞിരിക്കും. ആ കഷ്ടപ്പാടിന്റെ പങ്ക് പിടിച്ചു പറിക്കാൻ മാത്രമായാണ് അച്ഛൻ വീട്ടിൽ തല കാണിച്ചിരുന്നത്.

നേരം ഉച്ചയായി അമ്മയുടെ കണ്ണുനീർ ഇനിയും തോർന്നിട്ടില്ല. വടക്കേതിൽ നിന്നും സദ്യ വട്ടങ്ങളുടെ സുഖകരമായ ഗന്ധങ്ങൾ മൂക്കിലേയ്ക്കു അടിച്ചു കയറി. അവിടം വരെ ഒന്നു പോയ്‌ നോക്കിയാലോ…? മനസ്സൊന്നു  തുടിച്ചു.

പക്ഷേ അമ്മുവിൻറെ മൂക്കുചുളിച്ചുള്ള ആ നിൽപ് ഓർത്തപ്പോൾ വേണ്ടന്നു വച്ചു. അല്ലേൽ തന്നെ ഞങ്ങൾ അവരുടെ കുടിപ്പിടപ്പുകാരാണെന്നു ഇടയ്ക്കിടെ അവൾ ഓര്മിപ്പിക്കാറുണ്ട്. സമയം വീണ്ടും പൊയ്ക്കൊണ്ടേ ഇരുന്നു.

സന്ധ്യമയങ്ങിയപ്പോൾ പച്ചവെള്ളം കുടിച്ചു വയറു നിറച്ചു തിണ്ണയിൽ  കിടന്നുറങ്ങിയ എന്നെ ഉണർത്തിയത് അമ്മയുടെ ചിലമ്പിച്ച ശബ്ദമായിരുന്നു.

കണ്ണു തുറന്നു നോക്കിയ എനിക്ക് വിശ്വസിക്കാനായില്ല, വാഴയിലയിൽ പൊതിഞ്ഞെടുത്ത വിഷുക്കട്ട കൈയിൽ പിടിച്ചുകൊണ്ട് അമ്മ. വടക്കത്തീന്ന് കൊടുത്തയച്ചതാണത്രേ..! വാരിയെടുത്തു വായിൽ വച്ചുകൊണ്ടു അമ്മ പറഞ്ഞു.

തണുത്തുറഞ്ഞ വിഷുക്കട്ടയ്ക്കു പക്ഷേ അന്ന് ഉപ്പുരസം കൂടുതൽ ആയിരുന്നു. കാരണം എന്നെ ഊട്ടുമ്പോളും അമ്മ കരയുകയായിരുന്നു.

“മനുവേട്ടാ……. !

അനുവിന്റെ നീട്ടിയുള്ള വിളികേട്ടാണ് ചിന്തയിൽ നിന്നും ഉണർന്നത്. കാലം ഒരുപാട് ഓടിമറഞ്ഞിരിക്കുന്നു. അമ്മയും അച്ഛനും ഓർമയായി. പക്ഷേ ആ ഓർമകൾക്ക് മാത്രം മരണമില്ല. കണ്ണു നിറഞ്ഞിരിക്കുന്നത് കൊണ്ടാവാം സഹധർമ്മിണി എൻറെ കൈ പിടിച്ചു പറഞ്ഞു.

“ഏട്ടാ ഊണുകഴിക്കാൻ വരൂ…എല്ലാവരും കാത്തിരിക്കുന്നു…

വിഷു പ്രമാണിച്ചു സുഹൃത് സംഘങ്ങൾ എല്ലാം വീട്ടിൽ എത്തിയിട്ടുണ്ടെയ്. അനുവിനൊപ്പം അകത്തേയ്ക്കു നടക്കുമ്പോളും എൻറെ നാവിൽ ആ രുചിയായിരുന്നു….

അമ്മയുടെ കണ്ണുനീരിന്റെ ഉപ്പുരസം…

~അനു അഞ്ചാനി