എഴുത്ത്: നൗഫു ചാലിയം
::::::::::::::::::::::::::::::
“ഒരു പിടി ചോറ് കഴിക്കാൻ തന്നാൽ മതി എന്നെയും നിങ്ങളുടെ റൂമിൽ കൊണ്ട് പോകുമോ എന്ന് ചോദിച്ചു കൊണ്ട് എന്റെ അരികിൽ വന്നു കയ്യിൽ പിടിച്ചു നിന്നപ്പോളായിരുന്നു അയാളെ ഞാൻ ആദ്യമായി കാണുന്നത്….”
“എന്റെ കയ്യിൽ അയാളുടെ കൈ ചേർത്ത് വെച്ചപ്പോൾ നല്ലത് പോലെ വിറക്കുന്നുണ്ടായിരുന്നു …
ഒരാഴ്ചക് മേലെ ആയിട്ടുണ്ടാവും അയാൾ ഭക്ഷണം കഴിച്ചിട്ട്… നന്നേ ക്ഷീണിച്ചു എല്ലും തോലുമായ അയാളുടെ കുഴിഞ്ഞു തുടങ്ങുയ കണ്ണുകൾ എന്നെ തന്നെ നോക്കി എന്റെ മറുപടിക്കായി കാത്തു നിന്നു…”
“ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അവസ്ഥ..
പണിയില്ല എന്നും പറഞ്ഞു കുറെ ഏറെ പേരെ കാണാറുണ്ട്, അവർക്കെല്ലാം അഞ്ചോ പത്തോ റിയാൽ കൊടുത്താൽ… അതും വാങ്ങിയോ മറ്റുള്ളവരുടെ അടുത്തേക് പോകും…
ഞാൻ അത് പോലെ തന്നെ അയാളുടെ കയ്യിലെക് പത്തു റിയാലിന്റെ നോട്ട് എടുത്തു കൊടുത്തു… എന്തേലും വാങ്ങി കഴിക്കാനായി പറഞ്ഞു…”
“അയാൾ ഞാൻ നീട്ടിയ നോട്ടിലേക് തന്നെ ഉറ്റു നോക്കി കുറച്ചു നിമിഷം.. തിരിഞ്ഞു നടന്നു.. ആ പണം വാങ്ങാതെ തന്നെ..
എന്നോട് ഒരു വാക് പോലും മിണ്ടാതെ..”
“എനിക്കെന്തോ മനസിൽ വല്ലാതെ ഒരു വിഷമം നിറഞ്ഞു..
അയാൾക് പണമല്ല ആവശ്യമെന്ന് ആരോ എന്റെ ഉള്ളിൽ നിന്നും പറയുന്നത് പോലെ…”
ഞാൻ പെട്ടന്ന് വണ്ടിയിൽ നിന്നും ഇറങ്ങി അയാളുടെ പിറകെ നടന്നു..
“ഇക്കാ നിങ്ങളെ പേരെന്താ…”
അയാൾ ചെന്നിരുന്നു കാർട്ടൂൺ വിരിച്ച നിലത്തേക് ഇരുന്നു കൊണ്ട് ഞാൻ ചോദിച്ചു…
“ബാല കൃഷ്ണൻ…”
ഇത് അയാളുടെ കഥയാണ്…
“ബാല കൃഷ്ണൻ… എന്ന ഞങ്ങളുടെ ബാലേട്ടന്റെ കഥ…
കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമത്തിൽ നിന്നും സ്വപനങ്ങളുടെ പറുദീസയായ ജിദ്ദയിലെ മലരാണ്യത്തിൽ.. കണ്ട സ്വപ്നങ്ങൾ എല്ലാം റോട്ടിൽ കാണുന്ന മരീചിക പോലെ കയ്യത്ത ദൂരത്തുള്ള സ്വപ്നങ്ങൾ മാത്രമാണെന്ന് തിരിച്ചറിഞ്ഞ ഞങ്ങളുടെ ബാലേട്ടന്റെ കഥ…”
ഞാൻ ആരാണെന്ന് കൂടേ പറയാം… എന്റെ പേര് ജാഫർ.. വിവാഹം കഴിക്കാൻ പ്രായമായിട്ടില്ല എന്നൊരു കാരണം പറഞ്ഞു. മേലെ ആകാശം താഴെ ഭൂമി എന്ന് പറഞ്ഞു ജിദ്ദ ടൗണിലൂടെ തേരാ പാര നടക്കുന്ന പാവം പ്രവാസി…(പാവമാണോ ക്രൂരൻ ആണോ എന്നൊക്കെ വായിക്കുന്നവർ തീരുമാനിക്കും )
“ബാലേട്ടൻ…
ജിദ്ദയിലെ പ്രമുഖ കമ്പനിയിൽ ജോലി ക്കായ് വന്നിട്ട് പത്തു കൊല്ലത്തോളം വളരെ മനോഹരമായി തന്നെ ജീവിതം മുന്നോട്ട് പോയി..
ശമ്പളം കുറച്ചു കുറവായത് കൊണ്ട് തന്നെ നല്ലൊരു ബെറ്റർ ഓപ്ഷൻ മുന്നിൽ വന്നപ്പോൾ എക്സ്പീരിയൻസ് കൊണ്ട് ഇപ്പൊ കിട്ടുന്നതിലും രണ്ടിരട്ടി ശമ്പളം വാക്ധാനം കിട്ടിയപ്പോളായിരുന്നു മറ്റൊരു കമ്പനിയിലേക് മാറിയത്.
അവർ പറഞ്ഞത് പോലെ ആദ്യ ആറുമാസം എല്ലാം കിറുകൃത്യമായിരുന്നു.. ശമ്പളവും ഭക്ഷണവും റൂമും എല്ലാം…”
“പക്ഷെ ഒരു ദിവസം വന്നു കമ്പനി പ്രതിനിധി പറഞ്ഞു.. ഇന്ന് മുതൽ ആരും ജോലിക്ക് വരേണ്ടതില്ല . കമ്പനി പാപ്പർ ആയിട്ടുണ്ട്… കമ്പനി യുടെ എല്ലാ കോണ്ടക്റ്റും ഗവണ്മെന്റ് ഫ്രീസ് ആക്കിയിരിക്കുകയാണ്…
കമ്പനി ചുവപ്പിൽ (സൗദി വൽക്കരണം അനുസരിച്ചു ഓരോ ഗ്രെഡ് ഉണ്ടായിരിക്കും ) എല്ലാവരും മറ്റൊരു ജോലിയിലേക് മാറുകയോ, എക്സിറ്റ് അടിക്കുകയോ വേണം… ചുവപ്പിൽ ആയത് കൊണ്ട് നിങ്ങൾക് പെട്ടന്ന് തന്നെ ബുദ്ധിമുട്ട് ഒന്നും കൂടാതെ മാറാവുന്നതാണ്…”
“കൂടേ ഉണ്ടായിരുന്ന ആളുകളിൽ പകുതിയിൽ ഏറെ പേരും അവരവരുടെ നാട്ടിലേക് വിമാനം കയറി.. കുറച്ചു പേര് സ്വന്തം ബന്ധുക്കളുടെയോ നാട്ടുകാരുടെയേ സഹായത്താൽ മറ്റൊരു സ്പോൺസറെ കണ്ടെത്തി ജോലി മാറി…
ഇനിയും മാറാത്ത ആളുകളെ ഉറൂബ് ആകുമെന്ന കമ്പനിയുടെ അന്ത്യശാസനം വന്നപ്പോൾ ബാക്കി ഉണ്ടായിരുന്നവരും വിമാനം കയറി…
ഞാൻ അന്ന് ചാടിയതാണ് റൂമിൽ നിന്നും എന്റെ ഇഖാമ ഉറൂബ് ആയോ അല്ലയോ എന്നൊന്നും എനിക്കറിയില്ല…”
ബാലേട്ടൻ എന്നോ ഒന്ന് നോക്കി വീണ്ടും തുടർന്നു..
“ആരെങ്കിലും തരുന്ന ഒരു കുപ്പി വെള്ളമോ കേക്കോ ആയിരുന്നു ഇത് വരെയുള്ള വിശപ്പ് അടക്കിയത്…
ആരോടെങ്കിലും ജോലി ചോദിച്ചാൽ ഒന്നോ രണ്ടോ റിയാൽ നീട്ടുമെന്ന് അല്ലാതെ ആരുടേ അടുത്തും ജോലി ഇല്ലായിരുന്നു…
അങ്ങനെ യാണ് അവസാനമായി മോന്റെ കയ്യിൽ കയറി പിടിച്ചത്..
തെറ്റായി പോയെങ്കിൽ മാപ്പാക്കണം…
എന്റെ ഉള്ളിൽ നിന്നും ആരോ പറഞ്ഞു.. അവന്റെ കൈ പിടിച്ചോ എന്ന്…”..
എനിക്ക് അതും കൂടേ കേട്ടപ്പോൾ രോമം മുഴുവൻ എഴുന്നേറ്റ് നിന്നത് പോലെ..രോമാഞ്ചം വന്നു പോയി…
നേരത്തെ എന്റെ ഉള്ളിലും തോന്നിച്ച അതേ ശക്തി ബാലേട്ടന്റെ ഉള്ളിലും എന്നെക്കാൾ മുന്നേ തോന്നിച്ചിരിക്കുന്നു…
“ഞാൻ എങ്ങനെ ഇയാളെ സഹായിക്കാനാണ്… എന്നൊരു ചോദ്യം എന്റെ മുന്നിൽ ഉയർന്നിരുന്നു..
ആകെ ഉള്ള ജോലി എന്ന് പറയാൻ ഒരു കാർ ആണ്.. അതിൽ കള്ള ടാക്സി ഓടിയാണ് ജീവിതം മുന്നോട്ട് പോകുന്നത്…”
“ആ ഏതായാലും നോക്കാം…വരുന്നിടത്തു വെച്ച് കാണാം.. ഒന്നുമില്ലേലും ഞാൻ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ഒരു പങ്ക് കൊടുക്കാൻ എനിക്ക് എന്തായാലും സാധിക്കും.. മുകളിലുള്ളവൻ ഈ ആരോഗ്യം നിലനിർത്തി തന്നാൽ…”
****************
“നാട്ടിൽ ഭാര്യയും മൂന്നു കുട്ടികളുമാണ് ബാലേട്ടന്.. അമ്മയും അച്ഛനുമെല്ലാം നേരത്തെ പോയി.. കൂടപ്പിറപ്പുകൾ വീടിനു ചുറ്റിലുമായി തന്നെ ഉണ്ട്…
മലയോര മേഖലയിലാണ് വീടെങ്കിലും സ്വന്തമായി വീട് നിൽക്കുന്ന പറമ്പ് അല്ലാതെ മറ്റൊന്നുമില്ല..
നാട്ടിലേക് പോകാഞ്ഞത് തന്നെ ആ വീട് ഉണ്ടാക്കാനായി എടുത്ത പത്തു ലക്ഷം ലോൺ അടച്ചു വീട്ടുവാൻ മാത്രമായിരുന്നു.. “
ബാലേട്ടൻ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു…
ആളൊരു സംസാരപ്രിയൻ ആണെന്ന് തോന്നുന്നു…അല്ലെങ്കിൽ ഒന്ന് രണ്ടു ആഴ്ച യായി ഒന്ന് ഉള്ള് തുറക്കാൻ ആരെയെങ്കിലും കിട്ടാത്തത് കൊണ്ടാണോ എന്നറിയില്ല എന്നോട് വണ്ടിയിൽ പോകുന്നതിന് ഇടയിൽ സംസാരിച്ചു കൊണ്ടേ ഇരുന്നു…
നാട്ടിലേക് വിളിച്ചിരുന്നോ എന്നുള്ള എന്റെ ചോദ്യത്തിന് മൗന മായിരുന്നു മറുപടി..
ഞാൻ എന്റെ ഫോൺ എടുത്തു കൊടുത്തു.. നാട്ടിലെ നമ്പർ സേവ് ആകാൻ പറഞ്ഞു.. Imo ഓൺ ആക്കി കൊടുത്തു…
രണ്ടു മൂന്നു പ്രാവശ്യം അടിക്കേണ്ടി വന്നു ഫോൺ ഒന്ന് എടുക്കാൻ.. അറിയാത്ത നമ്പർ ആയത് കൊണ്ടായിരിക്കാം..
“മോളെ…”
ഫോൺ എടുത്ത ഉടനെ അവിടുന്നുള്ള ശബ്ദം കേട്ട ഉടനെ ബാലേട്ടൻ വൈകാരികമായി വിളിച്ചു…
“അച്ഛാ…
അച്ഛൻ എവിടെയായിരുന്നു ഇത്ര ദിവസം… ഒരു ഫോൺ കാൾ പോലും ചെയ്യാൻ കഴിയാത്ത തിരക്ക് ആയിരുന്നോ അച്ഛന്…
ഞങ്ങൾ അച്ഛന്റെ ഒരു വിവരവും ഇല്ലാതെ എത്ര വിഷമിച്ചെന്ന് അറിയുമോ “
അപ്പുറത് നിന്നും ഫോൺ എടുത്ത ഉടനെ നൂറു നൂറ് ചോദ്യങ്ങളും പരാതികളുമായിരുന്നു കേട്ടത്…
അതിനെല്ലാം ബാലേട്ടൻ ചിരിച്ചു കൊണ്ട് ഓരോ നുണകൾ പറഞ്ഞു മകളെ സമാധാന പെടുത്തുന്നുണ്ട്..
“ഏട്ടാ…”
മക്കളുടെ സംസാരം കഴിഞ്ഞായിരുന്നു ബാലേട്ടന്റെ ഭാര്യ ഫോൺ വാങ്ങി സംസാരിക്കാൻ തുടങ്ങിയത്…
“എന്ത് കോലമാണ് ഏട്ടാ ഇത്.. ഏട്ടൻ ഭക്ഷണമൊന്നും കഴിക്കാറില്ലേ…”
നുരഞ്ഞു പൊന്തിയ സങ്കടത്തോടെ ചേച്ചി ചോദിച്ചു..
“അതൊന്നുമില്ലടി.. പണി കുറച്ചു കൂടിയപ്പോൾ..”
“എന്തിനാ ഏട്ടാ എന്നോട് നുണ പറയുന്നത്.. നിങ്ങൾക് നുണ പറയാൻ അറിയില്ലല്ലോ..”
ബാലേട്ടൻ പറയുന്നത് മുഴുവൻ ആകുവാൻ സമ്മതിക്കാതെ ചേച്ചി കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് ചോദിച്ചു..
“ആര് പറഞ്ഞു ഞാൻ നുണ പറയുകയാണെന്ന്.. ടി,.. നീ ആ കണ്ണീര് തുടച്ചു ഇങ്ങോട്ടൊന്നു നോക്കിയേ…”
ബാലേട്ടൻ അതും പറഞ്ഞു ഫോൺ എന്റെ നേരെ തിരിച്ചു..
“ഇതാണ് എന്റെ കൂടേ യുള്ള പണിക്കാരൻ. നിനക്ക് വിശ്വാസം വരുന്നില്ലെങ്കിൽ അവനോട് ചോദിച്ചു നോക്ക്.. “
ബാലേട്ടൻ പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോൾ എനിക് എന്താണ് പറയേണ്ടത് എന്നും പോലും അറിയാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ..
“ഞാൻ ചേച്ചിയെ നോക്കി… ബാലേട്ടൻ പറഞ്ഞത് സത്യമാണെന്ന തരത്തിൽ തല കുലുക്കി.. “
“കൂടേയുള്ള ആളും കൊള്ളാം.. നിങ്ങളെ കൂടേ നടന്നു അവനെ കൂടി വശളാക്കണ്ട. അവനും നുണ പറയാൻ അറിയില്ല…”
ചേച്ചി എന്റെയും കള്ളം കണ്ടു പിടിച്ചത് പോലെ പറഞ്ഞു..
“എല്ലാം ശരിയാകും ഏട്ടാ.. ഞാൻ ദേവി ക്ഷേത്രത്തിൽ വഴിപാട് നേർന്നിട്ടുണ്ട്.. ഏട്ടന് കുഴപ്പമൊന്നും ഇല്ലല്ലോ.. എനിക്ക് അത് അറിഞ്ഞാൽ മതി.. ഇവിടുത്തെ കാര്യം ഞാൻ എങ്ങനെ എങ്കിലും മേനെജു ചെയ്തോളാം.. “
ബാലേട്ടൻ ഫോൺ വെച്ച് ചിരിക്കാൻ തുടങ്ങി..
“എന്താ ഏട്ടാ.. “
ചേട്ടന്റെ ചിരിയുടെ കാര്യം അറിയാതെ ഞാൻ ചോദിച്ചു..
“അല്ല എന്റെ ഓള് പറയാണ് ഓള് മെനെജ് ചെയ്തോളാം മെന്ന്… ആകെ എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന പൈസ യിൽ നിന്നും എന്റെ ബാലൻസ് വെക്കാനാണ് അവൾ.. ഒരു ഹോസ്പിറ്റൽ കേസ് വന്നാൽ പോലും അവൾക് മറ്റുള്ളവരുടെ മുമ്പിൽ കൈ നീട്ടേണ്ടി വരാറുണ്ട് എന്റെ പൈസ വരുന്നത് വരെ…”
*******************
“റൂമിന്റെ അടുത്തേക് അടുക്കും തോറും അവിടെ എന്ത് പറഞ്ഞു ബാലേട്ടനെ താമസിപ്പിക്കുമെന്നായിരുന്നു എന്റെ ചിന്ത…
റൂമിൽ ഞങ്ങൾ പന്ത്രണ്ടു പേരാണ് ഉള്ളത്.. എല്ലാവരും പല പല വാപ്പാകും ഉമ്മാകും ഉണ്ടായത് കൊണ്ട് തന്നെ എങ്ങനെയാണ് ബാലേട്ടനെ സ്വീകരിക്കുക എന്ന് മാത്രം എനിക്കൊരു നിശ്ചയവുമില്ലായിരുന്നു..”
“മുപ്പരെയും കൊണ്ട് റൂമിലേക്കു കയറി.. വിശാലമായ മൂന്നു മുറികളുള്ള ഒരു വീടായിരുന്നു ഞങ്ങളുടെ ലോകം..”
എല്ലാവരും ജോലി കഴിഞ്ഞു പുറത്ത് തന്നെ ഇരുന്നു വർത്തമാനം പറഞ്ഞു ഇരിക്കുന്നുണ്ട്..
എന്റെ കൂടേ യുള്ള ആളെ കണ്ട് അവരെല്ലാം ബാലേട്ടനെ തന്നെ ഉറ്റു നോക്കി.. ഇതാരാ എന്നുള്ള ഭാവ മായിരുന്നു അവിടെ..
ഞാൻ തന്നെ അവർക്ക് ബാലേട്ടനെ പരിചയപ്പെടുത്തി കൊടുത്തു…
“ഇത് ബാലേട്ടൻ എന്റെ അയൽവാസിയാണ്..”
ഞാൻ അയൽവാസി എന്ന് പറഞ്ഞപ്പോ ബാലേട്ടൻ എന്റെ മുഖത്തേക് ഒന്ന് നോക്കി..
ഞാൻ കണ്ണടച്ച് കാണിച്ചു കൊണ്ട് അവരോടായി തുടർന്നു.. നേരത്തെ ബാലേട്ടൻ പറഞ്ഞ കാര്യങ്ങൾ മുഴുവൻ പറഞ്ഞു..
അവസാനം ഒരു ജോലി ശരിയാകുന്നത് വരെ ഇവിടെ കാണുമെന്നും…
എന്റെ ആളാണെന്നു പറഞ്ഞത് കൊണ്ട് അവർക്ക് ഒരു പ്രശ്നവും ഇല്ലായിരുന്നു..
ഒന്ന് രണ്ടു ദിവസം കൊണ്ട് തന്നെ റൂമിലുള്ള ആളുകളുമായി ബന്ധമുണ്ടാക്കി എടുക്കാൻ ബാലേട്ടന് കഴിഞ്ഞു.. ഒരാഴ്ച മുമ്പ് കണ്ട അവസ്ഥയിൽ നിന്നും മൂന്നാല് ദിവസത്തെ ഭക്ഷണം കൊണ്ട് തന്നെ ആളൊന്നു ഉഷാറായി..
ഒരു ദിവസം പണി കഴിഞ്ഞു വരുന്ന സമയം.. റൂമിലുള്ള എല്ലാവരും കൂടേ വർത്തമാനം പറഞ്ഞിരിക്കുകയാണ് എല്ലാവരും.. കൂടേ ബാലേട്ടനുമുണ്ട്…
“ടാ. ജാഫറെ.. ഇന്നൊരു സ്പെഷ്യൽ ടെ യാണ്..”
എന്നെ കണ്ട ഉടനെ സനൂഫ് പറഞ്ഞു..
“ഇന്നെന്തു സ്പെഷ്യൽ ടെ..”
ഞാൻ അവരുടെ ഇടയിലേക്ക് ഇരുന്നു..
‘ഇന്നെന്തു സ്പെഷ്യൽ ടെ.. എന്റെ പിറന്നാൾ ആണേൽ അതിന് ഇനിയും മൂന്നാല് മാസമുണ്ട് കോയാ..”
“പോടാ നാറി യേ അവിടുന്ന്….
ഓന്റെ പിറന്നാൾ ആഘോഷിക്കൽ അല്ലേ ഞങ്ങളെ പണി.. നീ ഹാളിലേക്കു ചെന്ന് നോക്ക്. നിനക്ക് എന്താണെന്നു അറിയാം..”
ആഹാ.. എന്നാൽ അതൊന്ന് നോക്കിയിട്ട് തന്നെ കാര്യമെന്ന് കരുതി ഞാൻ ഹാളിലേക്കു കയറി…
അവിടെ ഒരു പത്തോളം പാത്രങ്ങൾ മൂടി വെച്ചിട്ടുണ്ട്… ഞാൻ ഓരോന്നും തുറന്നു നോക്കി…
“ചോറ്, സാമ്പാർ, പച്ചടി, കിച്ചടി, അവിയൽ, തോരൻ, പുളിശ്ശേരി, അങ്ങനെ ഒരു സദ്യ കഴിക്കാൻ പോകുമ്പോൾ ഉണ്ടാകുന്ന എല്ലാ സാധനങ്ങളും ഉണ്ടവിടെ… അവസാനം പായസവും…
എല്ലാം കൂടെ ഉണ്ടാക്കാനായി കുറച്ചു സമയം മെനക്കെട്ടിട്ടുണ്ടാവും ആരായാലും..”
“എന്താടാ ഇത് സദ്യയൊക്കെ
ഇന്നെന്താ ഓണമാണോ …”
ഞാൻ പുറത്തേക് ഇറങ്ങി അവിടെ ഇരുന്നവരോട് ചോദിച്ചു..
“എസ്. ഇന്ന് മോനേ സദ്യ യാണ്.. പക്ഷെ ഓണത്തിന്റെ സദ്യ യൊന്നുമല്ല…
പക്ഷെ സദ്യ എന്ന് പറഞ്ഞാൽ പോരാ നീയൊന്നും ജീവിതത്തിൽ രുചിച്ചിട്ട് പോലുമില്ലാത്ത സദ്യ…”
“ആഹാ അത്രക്ക് കേമൻ ആരാ നമ്മുടെ റൂമിൽ. ഒരു പച്ചവെള്ളം പോലുള്ള സാമ്പാർ ഉണ്ടാകുന്ന റഹീമോ… അല്ലേൽ എന്ന് മെസ്സ് വന്നാലും മോര് കാച്ചുന്ന സുബൈറോ…”
ഞാൻ അവരെ ഒന്ന് ഇളക്കാനായി ചോദിച്ചു..
“ഇതവരൊന്നുമല്ല.. നമ്മുടെ സ്വന്തം ബാലേട്ടൻ…”
‘അവർ പറഞ്ഞത് കേട്ടു ബാലേട്ടനെ ഞാൻ നോക്കിയപ്പോൾ ബാലേട്ടൻ എന്നെ നോക്കി പുഞ്ചിരിച്ചു…..”
*******************
“ബാലേട്ടൻ പിന്നെ റൂമിലെ ഒരാളായി മാറി.. ബാലേട്ടന്റെ കഥ ഞാൻ പറയാതെ ബാലേട്ടനിൽ നിന്ന് തന്നെ അവർ എല്ലാവരും അറിഞ്ഞു… ആദ്യം പറയാത്തത്തിൽ ഒരുപാട് പരിഭവപ്പെട്ടെങ്കിലും.. അവർകെല്ലാം ബാലേട്ടനെ അത്രക്ക് ഇഷ്ട്ടമായിരുന്നു..”
“ബാലേട്ടന് വേണ്ട ഓരോ സാധനങ്ങളും റൂമിലെ ഓരോരുത്തരായി കൊണ്ട് വരുവാൻ തുടങ്ങി…അതിനെല്ലാം പ്രത്യുപകാരം എന്ന പോലെ അടുക്കളയുടെ ഭരണം ബാലേട്ടൻ ഏറ്റെടുത്തു…”
ആ മാസം അവസാനം റൂമിലുള്ള എല്ലാവരും വീണ്ടും ഞെട്ടിച്ചു… ആ മാസം കിട്ടിയ ശമ്പളത്തിൽ നിന്നും നൂറ് റിയാൽ വീതം ബാലേട്ടനെ ഏൽപ്പിച്ചു നാട്ടിലേക് അയക്കാൻ…..”
“വേണ്ടന്ന് മൂപ്പര് കുറെ ഏറെ പറഞ്ഞെങ്കിലും ഞങ്ങൾ തന്നെ വീട്ടിലേക് അയക്കുമെന്ന ഭീഷണിയിൽ ബാലേട്ടൻ വയങ്ങി…”
അതിനിടയിൽ ഒരുപാട് സ്ഥലത്തു ജോലി അനേക്ഷിച്ചെങ്കിലും എവിടെയും വേക്കൻസി ഇല്ലായിരുന്നു…
അവസാനം ഞാൻ തന്നെ ഒരു ഐഡിയ പറഞ്ഞു..
“ബാലേട്ടൻ എല്ലാ ഭക്ഷണവും അടിപൊളിയായി ഉണ്ടാകുന്നുണ്ടല്ലോ ഒരു മെസ്സ് തുടങ്ങിയാലോ.. ഭക്ഷണം ഉണ്ടാക്കാൻ ഒഴിവില്ലാതെ ഹോട്ടൽ ഭക്ഷണം മാത്രം കഴിച്ചു ജീവിവിക്കുന്നവർക് ഹോമിലി ഫുഡ് പോലെ ഒരു സംരഭം.. നല്ലൊരു പരുവാടി ആയത് കൊണ്ട് തന്നെ എല്ലാവർക്കും സമ്മതമായിരുന്നു…”
പക്ഷെ ആര് കൊണ്ട് കൊടുക്കും എന്നൊരു പ്രശ്നം അവിടെ ഉദിച്ചു…
ഉണ്ടാകുന്ന ഭക്ഷണം കഴിക്കാൻ ഉള്ളവർ ഞങ്ങളുടെ റൂമിലേക്കു വരില്ലല്ലോ.. അവരുടെ അടുത്തേക് എത്തിക്കണം.. അത് ആര് ഏറ്റടുക്കും..
ബാലേട്ടന് അതിൽ സംശയം ഇല്ലായിരുന്നു..
“ജാഫർ.. അവൻ മതി എന്റെ കൂടേ…”
ഞാൻ നോക്കിയപ്പോ ബാലേട്ടൻ എന്നെ കണ്ണടച്ച് കാണിച്ചു..
“നീ ഏതായാലും കുഴപ്പം പിടിച്ച പണിയാണ് ചെയ്യുന്നത്. പോലീസ് പിടിച്ചാൽ കനത്തിലുള്ള ഫൈൻ ഉണ്ടാവും കൂടാതെ നാടും കടത്തും.. ഇതാകുമ്പോൾ നമുക്ക് ഒന്ന് രണ്ടു ട്രിപ്പ് അടിച്ചാൽ മതി. കിട്ടുന്നതിൽ പാതി പാതി..”
“പാതി എനിക്ക് കുറച്ചു ഓവർ അല്ലേ എന്നൊരു സംശയം ഉണ്ടായിരുന്നെകിലും.. അതില്ലാതെ പറ്റില്ല എന്നായിരുന്നു ബാലേട്ടന്റെ മറുപടി..”
അങ്ങനെ ഞാൻ പുറത്തേക് ഇറങ്ങി ആളെ പിടിക്കാൻ തുടങ്ങി..
ആദ്യ മാസം തന്നെ നൂറോളം പേരുടെ ഓർഡർ കിട്ടി..
“പേക്കറ്റ് ആക്കി വണ്ടിയിൽ കയറ്റിയാപ്പോൾ ഒക്കെ പത്തു പാക്കറ്റ് കൂടുതൽ ഉണ്ടായിരുന്നു……
ഇത് കൂടുതൽ ഉണ്ടല്ലോ എന്ന് ഞാൻ ചോദിച്ചപ്പോ മൂപ്പര് പറയാണ്.. ഇതെന്റെ വിഷമ അവസ്ഥയിൽ എന്നെ സഹായിച്ച ദൈവത്തിനുള്ളതാണ്.. പുറത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്നവർക് ഒരു രൂപ പോലും വാങ്ങാതെ കൊടുക്കണം.. അതിന്റെ പണം കിട്ടുന്നതിൽ നിന്നും ഞാൻ നിന്റെ ഷെയറിലേക് വെക്കുകയും ചെയ്യും..
അങ്ങനെ ആണേൽ നടക്കില്ല എന്ന് തന്നെ ഞാൻ പറഞ്ഞു..
അതെന്താ എന്നുള്ള മൂപ്പരുടെ ചോദ്യത്തിന് പടച്ചോന്റെ ഭാഗത്ത് നിന്നുള്ള കൂലി നിങ്ങൾ മാത്രം വാങ്ങിയാൽ ശരിയാകില്ല എന്നായിരുന്നു എന്റെ മറുപടി.. “
“അങ്ങനെ ജീവിതം മുന്നോട്ടു പോയി കൊണ്ടിരിക്കെ ഒരു വലിയ കമ്പനിയിലേക്കുള്ള ഭക്ഷണത്തിന്റെ ഓർഡർ ഞങ്ങൾക് ലഭിക്കുന്നത്.. രണ്ടു കൊല്ലമുള്ള ഒരു പ്രൊജക്റ്റ് ആയിരുന്നു അത്.. ഒരുപാട് പണിക്കാർ അവർക്കുള്ള ഭക്ഷണം മുഴുവൻ കരക്റ്റ് സമയത്ത് എത്തിക്കണം.. രണ്ടു കൊല്ലം കൊണ്ട് ജീവിതം ഒരു കരക്ക് അടുപ്പിക്കാൻ പറ്റും…”
“ബാലേട്ടൻ എന്റെ സ്പോൺസറുടെ കീഴ്ലേക് മാറി… സ്വന്തമായി മെസ്സ് നടത്താനുള്ള ലൈസൻസ് സ്പോൺസർ തന്നെ എടുത്തു തന്നിട്ടുണ്ടായിരുന്നത് കൊണ്ട്.. മുന്നും പിന്നും നോക്കാതെ അതിലേക് എടുത്തു ചാടി..”
“അതൊരു വലിയ വിജയമായിരുന്നു.. കഠിനാധ്വാനം ചെയുന്നവർക്കേ ജീവിതത്തിൽ വിജയിക്കാൻ കഴിയൂ എന്ന പാഠം കൂടേ ബാലേട്ടനിൽ നിന്നും ഞാൻ പഠിച്ചു…”
ഇന്നിപ്പോൾ എല്ലാം ഒഴിവാക്കി സ്വസ്ഥമായി നാട്ടിൽ ജീവിക്കുന്നു…
“ഇന്നും എനിക്കൊരു ഏട്ടനായി.. ബാലേട്ടന് ഒരു അനിയനായി ഞങ്ങളുടെ ബന്ധം കുടുംബങ്ങളിലേക് പോലും ഊട്ടി ഉറപ്പിച്ചു മുന്നോട്ട് പോകുന്നുണ്ട്..”
ഇഷ്ട്ടമായാൽ 👍👍👍
ബൈ
നൗഫു…😁😁😁