ഞങ്ങളുടെ മുത്തിന് സ്നേഹപൂർവ്വം….
Story written by Nisha Pillai
===================
അമ്മയുടെ മരണം വീടിനെയും ഞങ്ങളെ ഓരോരുത്തരെയും വല്ലാതെ തളർത്തിയിരുന്നു. അറിയാമായിരുന്നു അമ്മ ഉടനെ മരിക്കുമെന്ന്. ഡോക്ടർമാർ പറഞ്ഞ ആറു മാസത്തെ സാവകാശം കഴിഞ്ഞു. ഇപ്പോൾ ഒരു വർഷത്തോളമായി. മരിക്കുമെന്ന് ഉറപ്പായപ്പോൾ അമ്മ ആദ്യം ചെയ്തത് അമ്മയുടെ എൽ ഐ സി പോളിസികളിൽ രണ്ടെണ്ണത്തിന്റെ നോമിനിയാക്കി എന്നെയും രണ്ടെണ്ണത്തിന്റെ നോമിനിയായി മുത്തണ്ണനെയും മാറ്റിയെന്നാണ്. രാജേഷെന്ന അമ്മയുടെ മകനെ അമ്മയ്ക്ക് വിശ്വാസമില്ല, വളർത്തുമകനായ മുത്തിനെയാണ് വിശ്വാസം.
എന്റെ കല്യാണത്തിന് ഒരാഴ്ച മുൻപത്തെ സായാഹ്നം. ചാരു കസേരയിലിരിക്കുന്ന അമ്മയുടെ കാല് തടവുന്ന മുത്തണ്ണൻ. തലയിൽ മസ്സാജ് ചെയ്തു കൊടുക്കുന്ന ഞാൻ.
“എന്താണ് അമ്മാ കണ്ണ് നിറഞ്ഞത്?”
മുത്തണ്ണന്റെ ചോദ്യം. ഞാനും അമ്മയുടെ മുഖത്തേയ്ക്കു നോക്കി.
“മുത്തേ ഞാൻ പോയാൽ നിനക്ക് സങ്കടമാകുമോടാ?”
“ഇല്ലമ്മ ഞാൻ ഇങ്കെ ഡാൻസ് കളിയ്ക്കാൻ പോകുന്നു!”
മുത്തണ്ണൻ ദേഷ്യപ്പെട്ടു എഴുന്നേറ്റു അടുക്കളയിലേയ്ക്ക് പോയി. ഒരു പ്ലേറ്റിൽ ഞങ്ങൾക്കുള്ള കൊഴുക്കട്ട കൊണ്ട് വന്നു. മുത്തണ്ണന് നല്ല കൈപുണ്യമാണ്.
“അമ്മക്ക് ഇത്തിരി കൊളസ്‌ട്രോൾ കൂടിയതിനു ശേഷം അണ്ണൻ പൊരിപ്പൊക്കെ നിർത്തിയോ? പഴം പൊരി മതിയായിരുന്നു.”
എന്നെ തല്ലാൻ കൈ പൊക്കി.
“കൊഞ്ചം കൊളസ്ട്രോളാ. നിനക്കറിയില്ല അമ്മയുടെ അസുഖം? കൂടെ കൂടെ നെഞ്ച് വലിക്കതില്ലിയാ.”
കൂടുതൽ സംസാരിക്കാതിരിക്കാൻ അമ്മ ഇടയ്ക്കു കയറി. അമ്മയുടെ അസുഖത്തിന്റെ ഗൗരവം അപ്പോഴും എനിക്കറിയില്ലായിരുന്നു. അമ്മയുടെ വളർത്തുമകനായിരുന്നു,അമ്മയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ.”
“മുത്തേ ,അവൾക്കിഷ്ടമുള്ളതു ഉണ്ടാക്കി കൊടുക്കെടാ,ഇനി ഒരാഴ്ച കഴിയുമ്പോൾ അവൾ നമ്മളെ വിട്ടു പോകില്ലേ ഭർത്താവിന്റെ വീട്ടിലേയ്ക്ക്,പിന്നെ നമ്മൾ രണ്ടാളും മാത്രമാകും.”
മുത്തണ്ണൻ കരഞ്ഞു കൊണ്ട് പോയി.
“പാവം ചെക്കൻ നമുക്ക് വേണ്ടി ജീവിക്കുന്നു. നീ ഒളിമതിയെ ഒന്ന് വിളിക്കൂ. കൊച്ചിനെ സ്കൂളിലാക്കിയിട്ട് എന്തായി എന്ന് ചോദിക്കൂ. അവൾക്കു പണം വല്ലതും വേണോ? ഈ പോ ത്തനോട് ഒന്ന് പോയി നോക്കാൻ പറഞ്ഞാൽ കേൾക്കില്ല.”
ഞങ്ങളോടൊപ്പം മുത്തണ്ണൻ കൂടിയത് അണ്ണൻ്റെ എട്ടാം വയസ്സിലാണ്. അമ്മയും അച്ഛനും സ്കൂളിൽ കൊണ്ടാക്കിയെങ്കിലും പഠിക്കാൻ തീരെ താല്പര്യമില്ലായിരുന്നു.
“അമ്മാ എന്നാലേ പഠിക്ക മുടിയാത്.”
ഒൻപതാം ക്ലാസ്സിൽ പഠനം നിർത്തി. എപ്പോഴും അമ്മയോടൊപ്പം ഉണ്ടാകും അടുക്കളയിലും പൂന്തോട്ടത്തിലും അമ്മയുടെ കയ്യാളായിരുന്നു. എന്തുണ്ടാക്കിയാലും സ്വാദ് ആയിരുന്നു. നല്ല വൃത്തി,നല്ല അടുക്കും ചിട്ടയും…നല്ല സത്യസന്ധത. ഏത് ചെടി നട്ടാലും അത് നല്ല കരുത്തോടെ വളർന്നു വരും. ആയതിനാൽ മേടത്തിലെ പത്താമുദയത്തിന് അടുത്തുള്ള വീട്ടുകാരുടെ വക ബുക്കിംഗ് ഉണ്ടാകും.
“എടാ മുത്തേ രണ്ടു തെങ്ങു നട്ടു താടാ,എടാ മുത്തേ ഞാൻ ബാംഗ്ലൂർ കൊണ്ട് വന്ന മാവിൻ തൈയാണ്,നീ നട്ടാലേ എനിക്ക് സമാധാനമാകൂ.” എന്നൊക്കെയായി നാട്ടുകാർ.
അമ്മയാണെങ്കിൽ അതൊക്കെ പ്രോത്സാഹിപ്പിക്കും. അമ്മയെ കാണാൻ വരുന്ന ആളുകളെ ഒറ്റനോട്ടം കൊണ്ട് അളന്നു കളയും. ഇഷ്ടമില്ലാത്തവർ വന്നാൽ അമ്മ ചായ കൊണ്ട് വരാൻ പറഞ്ഞാലും അണ്ണൻ അനങ്ങില്ല. വാതിൽ മറവിൽ നിന്ന് അമ്മയോട് വേണ്ടായെന്ന് ആംഗ്യം കാണിക്കും. അവര് പോയി കഴിയുമ്പോൾ അമ്മ ചോദിക്കും,
“എന്താ മുത്തേ ചായ കൊണ്ട് വരാഞ്ഞത്?”
“‘അമ്മ അയാള് കയറി വന്നപ്പോൾ വല്ലാത്തൊരു നോട്ടം നോക്കി. അയാള് ശരിയല്ല.”
“ആരെ നോക്കിയെന്നു? നിന്നെയോ അതോ എന്നെയോ?”
“നമ്മളെ നോക്കിയാൽ സാരമില്ല,ഇത് രശ്മി മോളെയാണ്. എന്റെ തങ്കച്ചിയെ ഇങ്ങനെ ആരും നോക്കുന്നത് എനിക്കിഷ്ടമല്ല.”
അമ്മ ചിരിക്കും. പണ്ട് ഞാനും അച്ഛനും അമ്മയും നാട്ടിലേയ്ക്ക് വരാൻ ബസ് സ്റ്റാൻഡിൽ നിൽക്കുന്ന സമയത്ത്,രാജേഷ് അന്ന് കൈക്കുഞ്ഞാണ്. അമ്മയുടെ ഒക്കത്താണ്. ഞാനും മുത്തണ്ണനും അമ്മയുടെ അടുത്ത് നില്കുന്നു. അച്ഛൻ ബസിന്റെ വിവരം അന്വേഷിക്കാൻ ഓഫീസിനകത്തേയ്ക്കു കയറി. പെട്ടെന്ന് കട്ടപ്പന റൂട്ടിലോടുന്ന ബസ് സ്റ്റാൻഡിലേക്ക് വളരെ വേഗതയിൽ വന്നത്. ഞാൻ പെട്ടെന്നോടി ബസ്സിന്റെ അടുത്തേയ്ക്കു ചെന്നു. എല്ലാവരും പേടിച്ചു പോയി. ഡ്രൈവർ എന്നെ കണ്ടതുമില്ല. മുത്തണ്ണൻ ശരവേഗത്തിൽ ഓടി വന്നു എന്നെ ബസ്സിന്റടിയിൽ നിന്നും പിടിച്ചു പുറത്തേക്കിട്ടു. അല്ലെങ്കിൽ ഞാൻ ബസിനടിയിലായേനെ. അത്രയ്ക്ക് സ്നേഹമായിരുന്നു എന്നോട്.
ഞാൻ ജനിക്കുമ്പോൾ,അല്ല എനിക്ക് ഓർമ്മ വന്ന നാള് തൊട്ട് മുത്തണ്ണൻ വീട്ടിലുണ്ട്. സഹോദരനായിട്ട്,വീട്ടു ജോലിക്കാരനായിട്ട്,കളി കൂട്ടുകാരനായിട്ട്. വലുതായപ്പോൾ മുത്തശ്ശി പറഞ്ഞത് നീ രാജേഷിന്റെ കൂടെ കളിച്ചാൽ മതി മുത്തുവിന്റെ കൂടെ കളിക്കണ്ടായെന്നാണ്. എന്താ മുത്തശ്ശി എങ്ങനെയെന്ന് ചോദിച്ചപ്പോൾ രാജേഷാണ് നിന്റെ സ്വന്തം സഹോദരൻ. മുത്തു തമിഴനാണ്. പാണ്ടികൾ മോഷ്ടിക്കും വിശ്വസിച്ചുകൂടാ. പിന്നെ നീയൊരു പെൺകുട്ടിയാ. നിന്റെ അച്ഛനോടും അമ്മയോടും ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ഞാൻ നിന്റെ അമ്മയോട് കുറെ പറഞ്ഞതാ,അവളൊരു പൊട്ടി. എനിക്ക് നിന്റെ അച്ഛനെയാണ് സംശയം. അയാള് പണ്ട് ഫോറസ്റ്റിൽ വർക്ക് ചെയ്തപ്പോൾ വല്ല തമിഴ് കോളനിയിലും…അയാളുടെ മകനാണോയെന്നൊരു സംശയം. അത് കേട്ടപ്പോൾ എനിക്ക് നല്ല സന്തോഷമായി,മുത്തണ്ണൻ എന്റെ അച്ഛന്റെ മകനാണോ? അപ്പോൾ എന്റെ സ്വന്തം ചേട്ടൻ. അച്ഛനോട് അതങ്ങു തുറന്നു പറയാൻ പറയണം. പിന്നെ രാജേഷിന്റെ ജാഡ കാണണ്ടല്ലോ. എന്താ ചെറുക്കന്റെ ഗമ. അമ്മയെ പോലെ നിറമിത്തിരി കൂടുതലായതിന്റെയാണ്. ഞാനും മുത്തണ്ണനും അച്ഛനെ പോലെ. ഇന്ന് അച്ഛൻ ഓഫീസിൽ നിന്ന് വരട്ടെ. ഞാൻ പറയും മുത്തണ്ണൻ അച്ഛന്റെ മകനായി പ്രഖ്യാപിക്കണമെന്ന്.
അച്ഛൻ രാത്രിയിലെ ബസിൽ വരുമെന്ന് അമ്മ പറഞ്ഞിരുന്നു. അച്ഛന്റെ ഓഫീസ് ദൂരെയുള്ള ടൗണിലാണ്. അച്ഛൻ ആഴ്ചയിലൊരിക്കല് മാത്രമേ വരൂ. രാവിലെ എട്ടു മണിക്ക് പോകുന്ന അമ്മ മടങ്ങി വരാൻ വൈകിട്ട് ഏഴു മണിയാകും. എന്നെയും രാജേഷിനെയും നോക്കാനാണ് മുത്തശ്ശി വന്നു നില്കുന്നത്. ഞാനന്ന് നാലാം ക്ലാസ്സിലും രാജേഷ് രണ്ടിലും പഠിക്കുന്നു. ഞങ്ങൾക്ക് ആവശ്യമായ ആഹാരമൊക്കെ വെളുപ്പിനെ തന്നെ അമ്മയും മുത്തണ്ണനും തയാറാക്കും. മുത്തശ്ശിയുടെ ആകെയുള്ള ജോലി മുറുക്കാൻ ചവച്ചു മുറ്റത്തൊക്കെ തുപ്പി വയ്ക്കലും,എന്നോടും മുത്തണ്ണനോടും വഴക്കിടുകയുമായിരുന്നു. അമ്മയുടെ തനി സ്വരൂപമായത് കൊണ്ട് രാജേഷിനു അടിക്കും വഴക്കിനും ഇളവ് കിട്ടിയിരുന്നു.
മുത്തശ്ശിയും രാജേഷും കിടന്നുറങ്ങിയെന്നു ഉറപ്പായപ്പോൾ മെല്ലെ എഴുന്നേറ്റു അച്ഛന്റെയും അമ്മയുടെയും ബെഡ് റൂമിന്റെ വാതിൽക്കൽ വന്നിരുന്നു. മുത്തണ്ണൻ അടുക്കളയോട് ചേർന്നുള്ള സ്റ്റോർ റൂമിലാണ് കിടക്കുന്നത്. അച്ഛൻ വന്നു ബെല്ലടിച്ചതൊന്നും കേട്ടില്ല. ഇരുന്നുറങ്ങി പോയി. രാവിലെയുണർന്നപ്പോൾ അച്ഛൻ്റെ ഒപ്പം അവരുടെ കട്ടിലിൽ കിടക്കുകയായിരുന്നു. അമ്മയെ നോക്കി അമ്മയെ കണ്ടില്ല. അമ്മ ഉണർന്നു അടുക്കളയിൽ കയറി കാണും. അമ്മയ്ക്ക് ഇന്ന് നേരത്തെ പോകണം. ഓഫീസിൽ ഇൻസ്‌പെക്ഷൻ ഉണ്ട്. ഞാൻ അച്ഛനെ കെട്ടി പിടിച്ചു. എന്റെ കൈകളുടെ സ്പർശം അച്ഛനെ ഉണർത്തിയിരുന്നു. അച്ഛൻ എന്നെ അച്ഛനോട് ചേർത്ത് മുഖത്ത് നിറയെ ഉമ്മ തന്നു. ഞാനും അച്ഛനും ഉമ്മ കൊടുത്തു.
“അച്ഛാ.. “
“എന്താ മോളെ ?”
“അച്ഛാ മുത്തണ്ണൻ,അച്ഛന്റെ മോൻ ആണോ? ഞാനും മുത്തണ്ണനും അച്ഛനെ പോലിരിക്കുകയാണെന്നാണ് മുത്തശ്ശി പറയുന്നത്.”
അച്ഛന്റെ കറുത്ത മുഖം ദേഷ്യം കൊണ്ട് ചുവന്നു. അച്ഛൻ കട്ടിലിൽ നിന്നെണീറ്റു കൈലി അഴിച്ചു മുറുക്കിയുടുത്തു, നേരെ അടുക്കളയിലേയ്ക്ക് നടന്നു. ഞാൻ പിറകെയും. അവിടെ അമ്മ മാത്രമേയുള്ളു. മുത്തണ്ണൻ മുറ്റമടിക്കുകയാണ്. മുത്തണ്ണൻ അടിച്ചു വൃത്തിയാക്കിയിട്ട സ്ഥലത്താണ് മുത്തശ്ശി മുറുക്കി തുപ്പി വയ്ക്കുന്നത്. മുത്തണ്ണൻ കണ്ടാലും ഒന്നും മിണ്ടില്ല, പാവമാണ്. അതും കണ്ടു കൊണ്ടാണ് അച്ഛൻ മുറ്റത്തേയ്ക്ക് നടന്നത്. പിറകെ ഞാനും,എന്റെ പിറകെ അമ്മയും രാജേഷും. പിന്നെ അവിടെയൊരു യുദ്ധമായിരുന്നു. എനിക്ക് മനസിലാകാത്ത ഭാഷയിലായിരുന്നു അച്ഛന്റെ പോരുകൾ. അത് കേട്ട് മുത്തശ്ശി കരയാൻ തുടങ്ങി. അച്ഛന്റെ പിറകെ നിന്ന് അമ്മയും കരയാൻ തുടങ്ങി. ഉച്ചയോടെ അമ്മാവൻ മുത്തശ്ശിയെ കൂട്ടി കൊണ്ട് പോകാൻ വന്നു. അച്ഛൻ അമ്മാവനോട് എന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു.
“സാധാരണ മുത്തശ്ശിമാർ അടുത്തുണ്ടെങ്കിൽ നമുക്ക് കുട്ടികൾ സുരക്ഷിതമാണെന്ന തോന്നലുണ്ടാകും. ഇതിപ്പോൾ കൊച്ചിന്റെ മനസിലേയ്ക്ക് തീ കോരിയിടുകയല്ലേ. അവൾക്കു പത്തു വയസ്സായി. അവൾക്കറിയാം എങ്ങനെ അവളെ സംരക്ഷിക്കണമെന്ന്. കുറച്ചു ദിവസം അളിയൻ കൊണ്ട് പൊയ്ക്കോ. ഇവരെ രണ്ടു പേരെയും മുത്തു നോക്കി കൊള്ളും.”
അച്ഛൻ പറഞ്ഞ മുത്തിന്റെ കഥ :
അമ്മയ്ക്ക് ട്രൈബൽ ഡിപ്പാർട്ട്മെന്റിൽ ജോലി കിട്ടി. അട്ടപ്പാടിയിൽ ആദ്യ നിയമനം. അവിടെ ഒരു ചെറിയ കുടുംബത്തിന് ജീവിക്കാനുള്ള കെട്ടിടം കിട്ടി. ഓടിട്ട രണ്ടു മുറികളും അടുക്കളയുമുള്ള കെട്ടിടം. അന്ന് എനിക്ക് നാലുമാസം മാത്രമേ പ്രായമുള്ളൂ. മുത്തശ്ശി കൂടെയുണ്ട്. മുത്തശ്ശിയുടെ സഹോദരൻ മരിച്ചു മുത്തശ്ശി നാട്ടിലേയ്ക്ക് പോയ രാത്രിയിൽഅമ്മ ഒറ്റക്കായി. നല്ല മഴയും കാറ്റും. കറന്റ് ഒരു അലങ്കാരം മാത്രമാണ്. കുഞ്ഞായ എന്നെ അടുത്ത് കിടത്തി അമ്മ ഉറങ്ങാൻ ശ്രമിച്ചു. പുറത്തെവിടെയോ കാൽപ്പെരുമാറ്റം കേട്ടു. കള്ളനാണോയെന്ന പേടിയിൽ അമ്മ മെഴുകുതിരി കത്തിച്ചു. കുറച്ചു കഴിഞ്ഞു ഒരു കുട്ടിയുടെ കരച്ചിലും പിറു പിറുക്കലും കേട്ടു. അമ്മ ധൈര്യം സംഭരിച്ച് വാതിൽ തുറന്നു. ഒരു തമിഴ് സ്ത്രീയും രണ്ടു കുട്ടികളും നനഞ്ഞു കുതിർന്നു വീടിന്റെ വരാന്തയിൽ കയറി നില്കുന്നു. മൂത്തകുട്ടിക്കൊരു ഏഴെട്ടു വയസ്സ് കാണും. ഇളയവൻ കൈക്കുഞ്ഞാണ്,അവനാണ് കരയുന്നത്,തണുത്തിട്ടാണ്. അമ്മയെ കണ്ടു ആ സ്ത്രീ കൈകൂപ്പി പിടിച്ചു. അമ്മ അവരെ വീടിനുള്ളിൽ കയറ്റി,അവർക്കു കഴിക്കാൻ ഏത്തപ്പഴവും ധരിക്കാൻ പഴയ വസ്ത്രങ്ങളും നൽകി. അച്ഛന്റെ പഴയ ഷർട്ട് ഇട്ടു നിൽക്കുന്ന ആ എട്ടു വയസ്സുകാരന്റെ രൂപം അമ്മ ഇന്നും മറന്നിട്ടില്ല. പിന്നെ ആ രാത്രി അമ്മക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അവർക്കു കൂട്ടിരുന്നു,നേരം വെളുത്തപ്പോൾ അവർ പോകാൻ തയാറായി.
രാവിലെ പോകാൻ നേരം അവർ ആ കഥ പറഞ്ഞത്. പ്ലാസ്റ്റിക് കുടങ്ങൾ സൈക്കിളിൽ കൊണ്ട് നടക്കുന്ന ഷൺമുഖം,ഭാര്യ കല്പന,മക്കൾ മുത്തുച്ചാമി,പളനിച്ചാമി. ഷൺമുഖം കുടിച്ചിട്ട് വന്നു മർദ്ദനമാണ്. കല്പനയ്ക്കും മുത്തിനും എന്നും തല്ലു കിട്ടും. ഇന്നലെ രാത്രി പാവം പളനിയെ തല്ലുമ്പോൾ സഹികെട്ടു കല്പന അയാളെ തള്ളി താഴെയിട്ടു. പിന്നെ രക്ഷപ്പെട്ടു കുട്ടികളെയും കൊണ്ട് ഓടിയതാണ്. വന്നു കയറിയത് ഞങ്ങളുടെ വീട്ടിൽ. അവര് നന്ദി പറഞ്ഞു മടങ്ങി. അച്ഛൻ വന്നപ്പോൾ അമ്മ കഥ പറഞ്ഞു. ഷൺമുഖം ആശുപത്രിയിലായി. അയാളുടെ തല ചെന്നിടിച്ചതു വീട്ടിലെ അരകല്ലിൽ ആയിരുന്നു. ഒരാഴ്ച കഴിഞ്ഞു അയാൾ മരിക്കുകയും കല്പന ജയിലിൽ ആകുകയും ചെയ്തു,കൈക്കുഞ്ഞായ പളനിയെ കൂടെ കൂട്ടാൻ അനുമതി കിട്ടി.
പിന്നെ കുറെ നാളുകൾ കഴിഞ്ഞൊരു ഒഴിവു ദിവസം. അച്ഛനും അമ്മയും എന്നെയും കൊണ്ട് ആദ്യമായി മാർക്കറ്റിൽ പോയ ദിവസം. മാർക്കറ്റിൽ പച്ചക്കറി വിൽക്കുന്ന സ്ത്രീയോടൊപ്പം ഒരു വൃത്തികെട്ട വേഷം ധരിച്ച കുട്ടി. അമ്മയെ കണ്ടപ്പോൾ അവൻ പുഞ്ചിരിച്ചു. അമ്മക്ക് അവനെ മനസിലായി. അമ്മ അവനെ കൂടെ കൂട്ടി. അന്ന് മുതലാണ് മുത്ത് എന്റെ അച്ഛന്റെയും അമ്മയുടെയും ജീവിതത്തിലേയ്ക്ക് വന്നത്. എന്റെ സഹോദരനായി,എന്റെ കാവൽ മാലാഖയായി. ഇന്നുമെന്റെ കരുത്തായി.
മുത്തശ്ശിയെ പോലെ രാജേഷിനും മുത്തണ്ണൻ ശത്രുവായിരുന്നു. അച്ഛനെ പേടിച്ച് പ്രകടിപ്പിക്കാറില്ലായിരുന്നു എന്ന് മാത്രം. അച്ഛനും അമ്മയുടേയും വിശ്വസ്തൻ ,പണമിടപാടുകൾ എല്ലാം മുത്തണ്ണന്റെ ഏൽപ്പിക്കും. അമ്മ പലപ്പോഴും അലമാര പൂട്ടുന്നത് രാജേഷിനെ മാത്രം പേടിച്ചിട്ടാണ്. അവൻ അമ്മയുടെ പഴ്സിൽ നിന്നും പണം മോഷ്ടിക്കുമായിരുന്നു.
ഇതിനിടയിൽ ജയിലിൽ നിന്നിറങ്ങിയ അമ്മയെ കാണാൻ അണ്ണൻ പോയി തിരികെ കരഞ്ഞു കൊണ്ട് വന്നു. ജീവിക്കാൻ അമ്മ തെരഞ്ഞെടുത്ത വഴി ശരിയല്ലായെന്ന് പറഞ്ഞു. ഇനിയൊരിക്കലും അമ്മയെ കാണില്ലായെന്ന് വാശി പിടിച്ചു.
അമ്മയ്ക്ക് പതിവായി സാരിയുമായി വരുന്ന നാഗർകോവിൽകാരൻ തമിഴൻ അയാളുടെ മകളുടെ കല്യാണക്കാര്യം പറഞ്ഞപ്പോഴാണ് ,അമ്മ
“അവളെ എൻ്റെ മകന് തരുമോയെന്ന് ചോദിച്ചത്.”
ഞാൻ പ്രീഡിഗ്രി പഠിക്കുമ്പോൾ മുത്തണ്ണൻ്റെ കല്യാണം കഴിഞ്ഞു. ഒളിമതി, അതായിരുന്നു ഏട്ടത്തിയുടെ പേര്. മുത്തണ്ണൻ ഏട്ടത്തിയുമായി വീടിന്റെ ഔട്ട്ഹൗസിൽ കഴിഞ്ഞു. പ്രസവത്തിനായി നാട്ടിൽ പോയ ഏട്ടത്തി അവിടെ തന്നെ കഴിഞ്ഞു. അച്ഛൻ അവർക്കൊരു വീട് വാങ്ങി നൽകി. പക്ഷെ അമ്മയെ വിട്ട് പോകാൻ മുത്തണ്ണൻ സമ്മതിച്ചില്ല. രണ്ടാൺമക്കളേയും അവിടെ പഠിപ്പിച്ചു. മാസാമാസം നല്ലൊരു തുക അമ്മ മുത്തണ്ണന് നൽകിയിരുന്നു.
അച്ഛൻ്റെ മരണം അമ്മയെയും അണ്ണനേയും തളർത്തി. അമ്മയ്ക്കും എനിയ്ക്കും താങ്ങും തണലുമായത് അണ്ണനായിരുന്നു. ആശ്രിതനിയമനത്തിന് രാജേഷിന്റെ പേര് നിർദ്ദേശിച്ചതും അണ്ണനായിരുന്നു.
“അമ്മാ തങ്കച്ചി മിടുക്കിയാണ്. അവൾ പഠിച്ചു ജോലി മേടിയ്ക്കും.”
അച്ഛൻ്റെ ജോലി ചെറിയ പ്രായത്തിൽ ലഭിച്ചിട്ടും അവൻ അമ്മയെ സഹായിച്ചതേയില്ല. അമ്മയ്ക്ക് ക്യാൻസർ ആണെന്നറിഞ്ഞത് ലാസ്റ്റ് സ്റ്റേജിലാണ്. എൻ്റെ വിവാഹം ഭംഗിയായി കഴിയുന്ന വരെ അമ്മയും അണ്ണനും എല്ലാവരിൽ നിന്നും രോഗവിവരം മറച്ച് വച്ചു. എൻ്റെ കല്യാണം കഴിഞ്ഞ് അധികം കഴിയുന്നത് മുമ്പ് രാജേഷ് ഒരു പെണ്ണിനെ വീട്ടിൽ കൂട്ടി കൊണ്ട് വന്നു. അമ്മയുടെ അസുഖത്തിന്റെ ഗൗരവമൊന്നും അവനൊരു പ്രശ്നമായില്ല. അമ്മയ്ക്ക് അവനെ ഇറക്കി വിടേണ്ടി വന്നു.
എൻ്റെ പ്രസവസമയം അടുത്തപ്പോൾ അമ്മയുടെ രോഗം മൂർച്ഛിച്ചു. ഒരു പരാതി പോലും പറയാതെ മകൻ്റേയും സഹോദരൻ്റേയും കടമകൾ ചെയ്യാൻ ഓടി നടക്കുന്ന മുത്തണ്ണനെ സഹായിക്കാൻ ഏട്ടത്തിയെത്തുകയും ചെയ്തു. പ്രസവിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ അമ്മ പോയി. പാതിരാവ് വരെ കുഞ്ഞിനെ താലോലിച്ച്,ഉറക്കി എൻ്റെ എടുത്ത് കിടത്തി മടങ്ങുന്ന അണ്ണനെ കാണുമ്പോൾ സങ്കടം വരും. അണ്ണനെ സപ്പോർട്ട് ചെയ്യുന്ന പാവം ഏട്ടത്തി.
നല്ല വിദ്യാഭ്യാസം നേടിയവരോ, രക്തബന്ധം ഉള്ളവരോ മാത്രമല്ല,കരുത്തായി മാറുന്നത്. ജീവിതയാത്രയിൽ കണ്ടെത്തുന്ന അപൂർവം ചില ആൺകരുത്തുകൾ. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നത് കൊണ്ട് അവർ നിങ്ങൾക്ക് മണ്ടൻമാരായിരിക്കാം. ഗ്ലാമർ കുറവായത് കൊണ്ട് അവർണ്ണരായിരിക്കാം. പക്ഷെ അവരെ പോലെ അവർ മാത്രമേയുള്ളു എന്ന സത്യം തിരിച്ചറിയുന്നു.
✍️നിശീഥിനി