മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ
അവളുറങ്ങിയോടി…മഹാദേവൻ ചോദിച്ചു..
ഉം… ഉറങ്ങി..കിടന്ന പാടെ ഉറങ്ങി പോയി പാവം..എത്ര കൊല്ലം കൊണ്ടുള്ള നീറ്റലാ എന്റെ കുട്ടിക്ക്…കല്യാണത്തിനു ശേഷം.. സന്തോഷമെന്തായെന്ന് എന്റെ കുട്ടി അറിഞ്ഞിട്ടില്ല ഇനി ഒരു നോക്ക് കൊണ്ടോ, വാക്ക് കൊണ്ടോ അവളുടെ കണ്ണു നിറയ്ക്കാൻ ഞാനാരെയും അനുവദിക്കില്ല…
ഏട്ടാ നമുക്ക് അവൾക്കു കുറച്ചു ഡ്രസ്സ് വാങ്ങണ്ടേ..ആ വാർഡൻ വാങ്ങി കൊടുത്ത ഒന്നോ രണ്ടോ ജോഡി ഡ്രസ്സ് മാത്രം ഉള്ളു അവൾക്കു..
അതിനെന്താ വാങ്ങാലോ..
എന്നാ ഇപ്പോൾ അവൾ ഉറങ്ങുവല്ലേ നമുക്കു പോയി വാങ്ങി വരാം..
എന്നാ നീ വേഗം റെഡിയാകു..
അവർ പോയി മാലതിക്കുള്ള അത്യാവശ്യം ഡ്രെസും വാങ്ങി വന്നപ്പോഴും മാലതി ഉണർന്നിട്ടുണ്ടായിരുന്നില്ല..
മീനാക്ഷി… അവളെ വിളിച്ചുണർത്തി…
വിളക്ക് വെക്കാറായി മോളെ എഴുന്നേറ്റു കുളിച്ചു വാ..ദാ.. നിനക്ക് ഇടാനുള്ള ഡ്രസ്സ്….
ഇതെവിടെന്നാ…
നീ ഉറങ്ങിയപ്പോൾ ഞങ്ങൾ പോയി നിനക്ക് കുറച്ചു ഡ്രസ്സ് എടുത്തു
ഇതിനിടയിൽ അതും സംഭവവിച്ചോ…
ഇപ്പോൾ ഇതിന്റെയൊക്കെയാവശ്യമുണ്ടായിരുന്നോ ചേച്ചി…
ഇനി എന്റെ മോളു ഈ ചേച്ചിയും ചേട്ടനും പറയുന്നത് അനുസരിച്ച മതി കേട്ടോ…
വേഗം പോയി കുളിച്ചു വാ.. അപ്പോഴേക്കും ഞാൻ ചായയിട്ടു വെയ്ക്കാം… അത്രയും പറഞ്ഞു മീനാക്ഷി പുറത്തേയ്ക്കു പോയി
ഒരു ജയിൽ പുള്ളിയായി തിരിച്ചു വന്നാൽ ആട്ടി പായിക്കുമെന്നോർത്താണ് ഇങ്ങോട്ട് വന്നത്…
ഇരുവരും രണ്ടു കൈ നീട്ടി സ്വീകരിചിരിക്കുന്നു… പഴയതിലും കൂടുതൽ സ്നേഹം കൊണ്ടു മൂടുന്നു…
മാലതി കുളിച്ചു വന്നപ്പോഴേക്കും മീനാക്ഷി ചായ എടുത്തു വെച്ചു..
പുറത്തു നിന്നും ഏട്ടന്റെ ഉച്ചത്തിലുള്ള ചിരി ഉയരുന്നു…
ആരാ ചേച്ചി പുറത്തു…
അതോ… മുൻപ് ഇവിടെ പുറം പണിക്കു നിന്ന നാണിത്തള്ളയുടെ മോനാ…
അവൻ മിക്കവാറും വൈകുന്നേരം ഇവിടെ വന്നു കുറച്ചു നേരം ഏട്ടനോടു സംസാരിച്ചിരിക്കും…
അവനു നിന്റെ ഏട്ടനാ ഒരു ഔട്ടോ വാങ്ങി കൊടുത്തു…
ആ ഒരു സ്നേഹം കൂടിയവനുണ്ടു…
ഇന്ന് കവലയിൽ വെച്ചു അവനോടു പറഞ്ഞിരുന്നു നീ വന്നിട്ടുണ്ടെന്നു..നിന്നെയൊന്നു കാണാൻ കൂടിയ അവൻ വന്നു…
എത്ര നാളുകൾക്കും ശേഷമാ നിന്റെ ചേട്ടന്റെ ചിരി ഈ വീട്ടിൽ മുഴങ്ങുന്നത്..
രണ്ടു മക്കൾ ഉള്ളതു രണ്ടു വഴിക്കായി..
വിശാൽ ജെർമനിക്കും, നിത്യ കല്യാണം കഴിഞ്ഞു പോയതോടു കൂടി..ആരും ഇല്ലാത്ത പോലെ ഒറ്റപ്പെട്ടു ജീവിക്കുകയായിരുന്നു ഞാനും നിന്റെ ഏട്ടനും…ഇപ്പോഴാണ് ആ മുഖമൊന്നും തെളിഞ്ഞു ഞാൻ കാണുന്നത്…എത്രയോ രാത്രിയിൽ ഉറക്കമില്ലാതെ നിന്നെയോർത്തു നെഞ്ചുരുകി കഴിഞ്ഞത്…ഇനി എന്റെ മോള് ഏട്ടനെ വിട്ടു എവിടെയും പോകരുത്…
ഇല്ല ഏട്ടത്തി… നിങ്ങളെ വിട്ടു ഞാനെവിടെയും പോകില്ല..
മീനാക്ഷി കണ്ണു തുടച്ചു..
മോളി ചായ അവർക്ക് കൊണ്ടു കൊടുത്തു വാ..
ഞാനോ ഏട്ടത്തി..
അതെന്താ നീ കൊണ്ടു കൊടുത്താൽ..എന്നും ഇങ്ങനെ ഒളിച്ചിരിക്കാൻ പറ്റുമോ..നിന്നെ ഈ നാട്ടിലാരും മോശമായി കാണുകയോ സംസാരിക്കുകയോ ചെയ്യില്ല..അതോർത്തു എന്റെ മോളു പേടിക്കണ്ട..
അവൾ മനസ്സില്ലാ മനസോടെ ചായയുമായി പോയി
മാലതി ചെല്ലുന്നത് കണ്ടു വിനോദ് എഴുന്നേറ്റു..
എന്താ വിനോദ് അറിയുമോ…
പിന്നെ അതെന്താ ചേച്ചി അങ്ങനെ ചോദിച്ചു…
ചേട്ടൻ പറഞ്ഞപ്പോൾ തന്നെ ഞാനിങ്ങോട്ടു വരാൻ പോയതാ…
അന്നേരം ഒരു ഓട്ടം കിട്ടി ഇപ്പോള അത് കഴിഞ്ഞു…
വിനോദ് ചായ കുടിക്കു… അവൾ ചായ അവനും, മഹാദേവനും കൊടുത്തിട്ടു തിരിച്ചു പോന്നു…
രാത്രിയിൽ അത്താഴം കഴിഞ്ഞ് തിരികെ റൂമിൽ എത്തിയ.. മാലതിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല
ജനലഴികളിൽ പിടിച്ചു പുറത്തേക്ക് നോക്കി നിന്നു…
ലക്ഷ്മി മോളുടെയും അരുണിനെയും മുഖം മനസ്സിൽ തെളിഞ്ഞു വരുന്നു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
ഈ ലോകത്തെ ഒരു സ്വാന്തന വാക്കിനു എന്റെയുള്ളിലെ കനൽ കെടുത്തുവാനാകില്ലയെന്ന്…അവൾ വേദനയോടെ ഓർത്തു..
പിറ്റേ ദിവസം രാവിലെ അവൾ ഏട്ടനോട് പറഞ്ഞു…
ഏട്ടാ എനിക്ക് രാഖി മോളെ ഒന്ന് കാണണം
അവർ എവിടെ തറവാട്ട് വീട്ടിലാണോ താമസം..
അല്ല അവർ തറവാട്ടുവീട്ടിൽ അല്ല
നന്ദന്റെ അച്ഛൻ തറവാട് വീടിന്റെ കുറച്ച് അപ്പുറത്ത് മാറി വാങ്ങിയ ഒരു വീട് ഉണ്ടായിരുന്നല്ലോ നിങ്ങൾക്ക്…
അവിടേക്കാണ് അവർ മാറി താമസിച്ചത്
തറവാട്ടിൽ താമസിക്കാൻ രാഖിക്കും രാജിക്കും പേടിയാണെന്ന് പറഞ്ഞു…
എന്തായാലും നീ തനിച്ചു പോകണ്ട…
ഞാനും വരാം…
വേണ്ട ഏട്ടാ.. എന്റെ മോളെ കാണുമ്പോൾ ഞാൻ മാത്രം മതി…
അതല്ല മോളെ
നന്ദനന്റെ കൂടെ താമസിച്ചിരുന്ന ആ സ്ത്രീ
നീ ജയിലിലായി കഴിഞ്ഞപ്പോൾ സ്വത്ത് മോഹിച്ച് ബലമായി അവിടെ കയറി താമസിക്കുന്നുണ്ട്…
നന്ദൻ ഇപ്പോൾ അവരുമായി യാതൊരുവിധ ബന്ധവുമില്ല..
അയാൾ പകൽ മുഴുവൻ തറവാട്ടു വീട്ടിലാണ് കഴിച്ചുകൂട്ടുന്നത്..
രാത്രിയിൽ മാത്രമേ ആ വീട്ടിൽ ചെല്ലാറുണ്ട്..
അവരുടെ നാക്ക് ആർക്കും തടുക്കാൻ പറ്റത്തില്ല എന്നാണ് രാഖി മോൾ പറഞ്ഞത്
രാഖി മോളെ നന്നായി കഷ്ടപ്പെടുന്നുണ്ട് അവൾ അച്ഛന് വേണ്ടിയാണ് എല്ലാം സഹിക്കുന്നത്
നീ കേറി ചെല്ലുമ്പോൾ ചിലപ്പോൾ നിന്നോട് അവർ അപമര്യാദയായി പെരുമാറിയെന്ന് വരാം
അതുകൊണ്ടാ ചേട്ടൻ പറഞ്ഞത് നീ തനിച്ചു പോകണ്ടാന്ന്
അതൊന്നും സാരമില്ലയേട്ടാ..
ഇതിലുമേറെ അപമാനങ്ങൾ ഞാൻ സഹിച്ചു കഴിഞ്ഞതല്ലേ.
എനിക്ക് എന്റെ കുഞ്ഞിനെ ഒന്ന് കണ്ടാൽ മാത്രം മതി..
കുറച്ചു ദൂരമല്ലേയുള്ളൂ ഞാൻ നടന്നു പോയി വരാം..
എന്തായാലും നീ നടന്നു പോകണ്ട..ഞാൻ വിനോദിനോട് പറയാം നിന്നെ അവിടെ വരെ ആക്കാൻ
അയാൾ ഫോൺ എടുത്തു വിനോദിന്റെ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി..
ഒൻപതു മണി ആയപ്പോഴേക്കും വിനോദ് ഓട്ടോയുമായി വന്നു…
മാലതി റെഡിയായി നിൽക്കുന്നുണ്ടായിരുന്നു..
അവൾ മീനാക്ഷിയോടും മഹാദേവനോടും യാത്ര പറഞ്ഞ് ഓട്ടോയിൽ കയറി…പോയി..
ഓട്ടോറിക്ഷ ആ പഴയ വീടിൻറെ മുന്നിൽ വന്നു നിന്നു
അതിൽ നിന്നും മാലതി ഇറങ്ങി..
നീ പൊയ്ക്കോളൂ ആവശ്യം വരുമെങ്കിൽ ഞാൻ വിളിക്കാം നമ്പർ എൻറെ അടുത്തുണ്ട് ഏട്ടൻ തന്നിരുന്നു
ഇല്ല ചേച്ചി ഞാൻ വെയിറ്റ് ചെയ്യാം
വേണ്ട നീ പൊയ്ക്കോളൂ ഞാൻ വിളിക്കാം
അവൾ തിരിഞ്ഞു വീട് ലക്ഷ്യമാക്കി നടന്നു
അടഞ്ഞു കിടന്ന വാതിൽ നോക്കി കുറച്ചു സമയം നിന്നു..
പിന്ന തെല്ലുറക്കെ ചോദിച്ചു.. ആരുമില്ലേ ഇവിടെ….
ആ ചോദ്യം ഒന്നു രണ്ടു തവണ കൂടി ചോദിച്ചു…
പിന്നെ കതകിൽ തട്ടി….
ദാ..വരുന്നു…
അകത്തു നിന്നും ഒരു പതിഞ്ഞ സ്വരം കേട്ടു…
മാലതിയുടെ ഉള്ളിലെവിടെയൊക്കയോ ആ സ്വരം പ്രധിധ്വനിച്ചു ..
ഉള്ളിലെവിടെയൊക്കയോ ചുര മാന്തുന്ന മാതൃത്വം…
എന്റെ മോളുടെ സ്വരം….
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് മാലതി പെട്ടന്ന് പിൻ തിരിഞ്ഞു നിന്നു…
എന്താകും പ്രതികരണം…ആട്ടി പായിക്കുവോ..
ഈശ്വര എന്തായാലും സഹിക്കാൻ ശക്തി തരണേ…
അപമാനമാണ് വിധിച്ചതെങ്കിൽ അതു വിനോദ് കാണണ്ടാ കരുതിയാണ് അവനെ ഒഴുവാക്കിയത്.
നിറഞ്ഞ മിഴികൾ സാരിയുടെ തുമ്പുയർത്തി തുടച്ചു..
ആരാ…. വീണ്ടും ആ സ്വരം..
മാലതി ആ സ്വരം ഹൃദയത്തിൽ ആവാഹിക്കുവാൻ എന്ന പോലെ മിഴികൾ മുറുക്കിയടച്ചു..
ആരാ…. അച്ഛനിവിടെ ഇല്ല..
മാലതി പതിയെ പിൻത്തിരിഞ്ഞു..
നിറഞ്ഞ മിഴികൾക്കപ്പുറം അതാ തന്റെ മകൾ..
വളർന്നു ഒരു യുവതിയായിരിക്കുന്നു..
അതെ സമയം.
രാഖി… അവളെ തന്നെ കണ്ണിമയ്ക്കാതെ നോക്കി നിൽക്കുകയായിരുന്നു….
ഒരു നിമിഷത്തെ സ്തംഭനാവസ്ഥലയിൽ നിന്നും മുക്തയായി…
അമ്മേ എന്നൊരു നിലവിളിയോടെ അവൾ മാലതിക്കു നേരെ ഇരു കൈകളും വിടർത്തി പിടിച്ചു പാഞ്ഞു വന്നു…
കൂടു വിട്ടു പോയ കുഞ്ഞികിളി അതിന്റെ അമ്മയെ കണ്ടെത്തിയ് പോലെ….
അവൾ പാഞ്ഞു വന്നു മാലതിയുടെ മാറിൽ ആർത്തലച്ചു വീണു..
മാലതി ഇരു കൈകളും കൊണ്ടു അവളെ വാരി പുണർന്നു… നെഞ്ചിൽ അമർത്തി…
എന്റെ പൊന്നു മോളെ…
മാലതി അവളുടെ മുടിയിഴകളെ തലോടി ചുംബിച്ചു…
അത്രയും നാളത്തെ സങ്കടകടൽ രാഖി ആ മാറിൽ കണ്ണീരായി ഒഴുക്കി കൊണ്ടേയിരുന്നു..മാലതി അവളെ തന്നിലെയ്ക്ക് കൂടുതൽ ചേർത്തമർത്തി…
രാഖി… മുഖമുയർത്തി അമ്മയെ നോക്കി…
ഒരുപാട് ചോദ്യങ്ങൾ അവളുടെ നെഞ്ചിലിരുന്ന് വീങ്ങുന്നുണ്ടായിരുന്നു..വാക്കുകൾ.. സങ്കടമായി നെഞ്ചിൽ അമർന്നു..
എന്റെ മോൾക്ക് അമ്മയെ കണ്ടപ്പോൾ മനസ്സിലായോ..
എന്റെ അമ്മയെ കണ്ടാൽ എനിക്ക് മനസ്സിലാകാതെ ഇരിക്കുമോ
ഞാൻ കരുതി അമ്മയോട് ദേഷ്യം ആയിരിക്കും എന്റെ മോൾക്കെന്ന്
എന്റെ അമ്മയോട് ഒരിക്കലും എനിക്ക് ദേഷ്യം തോന്നിയില്ല..അച്ഛൻ എല്ലാം പറഞ്ഞു തന്നിട്ടുണ്ട് … അമ്മയല്ല…തെറ്റു ചെയ്തത് അച്ഛനാണെന്ന്..അമ്മയെ ഓർത്ത് അച്ഛൻ കരയാത്ത ദിവസം ഇല്ല…ചെറിയമ്മ വാക്കുകൾ കൊണ്ടു കുത്തി നോവിച്ചാലും അച്ഛൻ ഒരു വാക്ക് പോലും മിണ്ടാറില്ല…അമ്മ ജയിലിൽ പോയതിൽ പിന്നെ അച്ഛൻ ശെരികും ആഹാരം പോലും കഴിച്ചിട്ടില്ല…മിക്കവാറും വെറും നിലത്തു കിടന്നാകും ഉറക്കം…
ഞാൻ ചോദിച്ചാൽ പറയും… എന്റെ മാലതി ജയിലിൽ എങ്ങനെയാ കിടക്കുക കഴിക്കുക എന്ന് ആർക്കറിയാം.അവൾക്ക് കിട്ടാത്ത ഭാഗ്യം ഒന്നും എനിക്ക് വേണ്ട…ഇങ്ങനെയെങ്കിലും ഞാൻ അവളോട് ചെയ്ത തെറ്റിന് പ്രായശ്ചിത്തമാകട്ടെയെന്ന്…
അച്ഛൻറെ ഈ അവസ്ഥയിൽ തനിച്ച് ആക്കാൻ..വയ്യാത്തതുകൊണ്ടാണ് ചെറിയമ്മയുടെ ക്രൂരത സഹിച്ചും ഞാൻ അച്ഛനൊപ്പം നിൽക്കുന്നത്…
അമ്മ അകത്തേക്ക്. വാ എന്തെങ്കിലും കഴിക്കണ്ടേ
രാഖി മാലതിയെ അകത്തേക്ക് വിളിച്ചു കൊണ്ടുപോയി…
ഇങ്ങനെയൊരു വീട് ഉണ്ടെന്നറിയാം എങ്കിലും ആദ്യമായിട്ടായിരുന്നു മാലതി ഇവിടേയ്ക്ക് വരുന്നത്..അവൾ അകത്തേക്കു കയറി..തറവാട്ടു വീടു പോലെ തന്നെ മനോഹരമായിരുന്നു അതും.
രാഖി അവളെ അടുക്കളയിലേക്ക് കൊണ്ടുപോയി
നല്ല വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിച്ചിരുന്നു…അടുക്കള ചെറിയമ്മയാണോ ജോലിയൊക്കെ ചെയ്യുന്നത്
ആ നടന്നത് തന്നെ
അവർ രാവിലെ മേക്കപ്പും ചെയ്ത് പോകും വൈകുന്നേരമാണ് കേറി വരുന്നത്
സ്വത്തെല്ലാം അമ്മയുടെ പേരിൽ ആയിപ്പോയില്ലേ…
അതിനു അച്ഛനോടുള്ള വാശി തീർക്കുകയാണ്
പിന്നെ എവിടുന്നാണ് ചിലവിനൊക്കെ..
അത് അമ്മാവൻ കൃത്യമായി ഇവിടെ എത്തിക്കും
കിട്ടുന്ന കാശ് അവരെ പിടിച്ചു വാങ്ങും അച്ഛന്റെ കയ്യിൽ നിന്ന്
അതുകൊണ്ട് അമ്മാവൻ സാധനങ്ങളാണ് ഏറെയും കൊണ്ടുവരാൻ.
അമ്മ പോയി കഴിഞ്ഞ് അച്ഛൻ എല്ലാ രേഖകളും സ്വർണാഭരണങ്ങളും എല്ലാം അമ്മാവനെക്കൊണ്ട് ഏൽപ്പിച്ചിരുന്നു
ചെറിയമ്മയുടെ ആർത്തി അറിഞ്ഞു തന്നെയാവും
വീട്ടിൽ എല്ലാ ജോലിയും ഞാൻ തന്നെയാണ് ചെയ്യുന്നത്
അവൾ ഒരു പാത്രത്തിൽ കുറച്ച് ചോറും കറികളും എടുത്ത് മാലതിയുടെ മുമ്പിൽവെച്ച്
കഴിക്കമ്മേ കഴിച്ചു നോക്കിയിട്ട് പറ അമ്മയുടെ മോളുടെ കൈപ്പുണ്യം എങ്ങനെയുണ്ടെന്ന്
മാലതി കൈകഴുകി വന്നു മെല്ലെ ആഹാരം കഴിക്കാൻ തുടങ്ങി
അവൾ അത്ഭുതപ്പെട്ടു പോയി എല്ലാത്തിനും നല്ല സ്വാദ് എല്ലാം താൻ വയ്ക്കുന്ന പോലെ തന്നെയുണ്ട്
എങ്ങനെയുണ്ട് അമ്മേ
നന്നായിട്ടുണ്ട് മോളെ
എന്റെ മോൾ വളരെ കാര്യപ്രാപ്തിയുള്ള ആയിരിക്കുന്നു മാലതി മനസ്സിൽ ചിന്തിച്ചു
ചേച്ചി വിളിക്കാറില്ലേ മോളെ
ഇങ്ങോട്ട് വിളിക്കാറില്ല അമ്മേ ഞാൻ അങ്ങോട്ട് വിളിച്ചാൽ എന്തെങ്കിലും പറഞ്ഞ് വേഗം ഒഴിവാക്കും ചേട്ടൻ നല്ല സ്നേഹമുള്ള ആളാണ് ദിവസവും വിളിച്ച് എന്റെ കാര്യങ്ങൾ തിരക്കും
ചേച്ചി തരാത്ത സ്നേഹം കൂടി ചേട്ടൻ തരും
മാലതി ആഹാരം കഴിച്ചു എഴുന്നേറ്റു
അമ്മ ചേട്ടനെ കണ്ടിട്ടില്ലല്ലോ വാ ഞാൻ ആൽബത്തിൽ കാണിച്ചുതരാം
അവൾ ആൽബം കൊണ്ടുവന്നു മാലതിയുടെ കൈയ്യിൽ കൊടുത്തു…മാലതി കൺനിറയെ കണ്ടു തന്റെ മകൾ സർവ്വാഭരണ വിഭൂഷിതയായി ഒരുങ്ങി നിൽക്കുന്നത്
അമ്മാവനാണ് കല്യാണത്തിന് സകല ചിലവും വഹിച്ചത്..
ഞാനില്ലെങ്കിലും എന്റെ മോൾക്ക് ഒരു കുറവും വരുത്തിയിട്ടില്ല എന്റെ ഏട്ടൻ
രാജിയ്ക്ക് ചേരുന്ന ചെറുക്കൻ തന്നെ
മാലതി മനസ്സിലോർത്തു..
രാഖി ഇടതടവില്ലാതെ മാലതിയുടെ സംസാരിച്ചുകൊണ്ടേയിരുന്നു അമ്മയെ കണ്ടതിലുള്ള സന്തോഷം അവളുടെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു
കുറച്ചുനേരം കഴിഞ്ഞപ്പോൾ മാലതി പറഞ്ഞു..അമ്മ പോകട്ടെ
പോകാനോ എവിടേക്ക് എന്നെ തനിച്ചാക്കി അമ്മയെ ഞാൻ എവിടെയും വിടില്ല..
എന്റെ മോളെ ഇനി അമ്മ തനിച്ചാകില്ല മോളെ കൊണ്ടുപോകാൻ അമ്മ വരും ഈ ചെറിയ പ്രായത്തിൽ എന്റെ മോള് അനുഭവിച്ച കഷ്ടപ്പാട് അമ്മ അറിഞ്ഞു കുറച്ചു ദിവസം കൂടി എന്റെ മോൾ അമ്മയ്ക്കു വേണ്ടി എല്ലാം സഹിക്കണം
അമ്മയ്ക്ക് കുറച്ചു കാര്യങ്ങൾ കൂടി ചെയ്തു തീർക്കാനുണ്ട്
അമ്മേ നമ്മൾ ഇവിടുന്ന് പോകുമ്പോൾ അച്ഛനെയും നമുക്കൊപ്പം കൂട്ടണം
അച്ഛൻ അമ്മയുടെ ചെയ്തതിന് എല്ലാം ഒരുപാട് അനുഭവിച്ചു കഴിഞ്ഞു.
ചെറിയമ്മയുടെ കൂടെ ഒരിക്കലും അച്ഛൻ സുഖമായി ജീവിക്കില്ലഎനിക്ക് അച്ഛനെ ഉപേക്ഷിച്ചു പോരാൻ കഴിയില്ല..അമ്മ വന്നിട്ട് അച്ഛനെ കാണാതെ പോയെന്നറിഞ്ഞാൽ ആ മനസ്സ് ഒരുപാട് വേദനിക്കും
മാലതി നിശബ്ദമായി നിന്നതേയുള്ളൂ ഉള്ളൂ
മാലതി മുന്നോട്ടു നടന്നു അവളെ യാത്രയാക്കാൻ രാഖിയും പിന്നാലെ വന്നു
അപ്പോഴാണ് എതിരെ ഒരാൾ നടന്നു വരുന്നത് കണ്ടത്
അയാൾ നടന്നു വളരെ അടുത്ത എത്തിയതിനു ശേഷം മാത്രമാണ് മാലതിക്ക് മനസ്സിലായത് അത് നന്ദനായിരുന്നുവെന്ന്
വളരെ അവശനും നിരാലംബരും ആയി തോന്നി അയാളെ കണ്ടപ്പോൾ
മാലതിക്കും നെഞ്ച് തകർന്ന് പോലെ തോന്നി
എത്ര പ്രൗഢിയോടെ നടന്നിരുന്ന ആളാണ്.വളരെവേഗം വാർദ്ധക്യം ബാധിച്ച പോലെ ആയിരിക്കുന്നു
നന്ദനും സ്തംഭിച്ചു നിൽക്കുകയാണ്
ഇരുവരുടെയും മിഴികൾ തമ്മിലിടഞ്ഞു. മിഴികൾ നിറഞ്ഞു.
നന്ദൻ ഇരുകൈകളും കൂപ്പി കൊണ്ട് മന്ത്രിക്കും പോലെ പറഞ്ഞു
മാപ്പ്
അവൾ സാരിയുടെ തലപ്പ് കൊണ്ട് വാ പൊത്തി കരഞ്ഞു.
മാലതി കാണുകയായിരുന്നു നന്ദന്റെ തകർച്ച…
എല്ലും തോലും മായ ശരീരം കുഴിഞ്ഞൊട്ടിയ കവിൾത്തടങ്ങളും കണ്ണുകളും.. തീർത്തും അവശനായി മാറിയിരുന്നു
മുഷിഞ്ഞ നിറംമങ്ങിയ വസ്ത്രങ്ങൾ
എപ്പോഴും വൃത്തിയുള്ള വേഷത്തിൽ മാത്രം കണ്ടിട്ടുള്ള നന്ദന്റെ ആ തകർച്ച മാലതിയിൽ സങ്കടം നിറച്ചു..
രാഖി പറഞ്ഞത് അപ്പോൾ അവളുടെ ഓർമയിൽ വന്നു,,,
അമ്മ ജയിലിലായ ശേഷം അച്ഛൻ വെറും നിലത്തായിരുന്നു കിടക്കുന്നത്…ആഹാരവും പേരിനുമാത്രം…അതെ നന്ദേട്ടേൻ എനിക്കൊപ്പം തന്നെ സ്വയം വിധിച്ച ശിക്ഷ നടപ്പിലാക്കുവായിരുന്നു
ഇനിയും ആ മനസ്സിനെ നോവിച്ചു കൂടാ..
മാലതി മനസ്സിലോർത്തു
മതി… നന്ദേട്ടാ…
കഴിഞ്ഞുപോയതൊന്നും ഇനി ആരും പറയണ്ട…
സംഭവിച്ചനഷ്ടങ്ങൾ ആർക്കും തിരുത്താൻ കഴിയാത്തവയാണ്…ഇനിയും കഴിഞ്ഞുപോയ നൊമ്പരങ്ങളോർത്ത് ഉരുകാൻ വയ്യ..
നന്ദൻ നിശബ്ദനായി
അപ്പോഴാണ് മുറ്റത്ത് ഒരു ഓട്ടോ വന്നു നിന്നത്..
അയ്യോ.. ചെറിയമ്മ വന്ന് ഇപ്പോൾ തുടങ്ങും പൂരം.
രാഖി ഭയത്തോടെ പറഞ്ഞു
എന്നെ അവർക്ക് അറിയില്ലെങ്കിൽ പറയണ്ട ഞാൻ ആണ് നിന്റെ അമ്മയെന്ന്
ഇല്ല… അമ്മയെ അവർ കണ്ടിട്ടില്ല
45ന് മുകളിൽ പ്രായമുള്ള ഒരു സ്ത്രീ ഓട്ടോയിൽ നിന്നിറങ്ങി ഓട്ടോ ചാർജ് കൊടുത്ത്… നടന്നു അവരുടെ അടുത്തേക്ക് വന്നു
ഫുൾ മേക്കപ്പാണ്
എന്താണ് അച്ഛനും മോളും കൂടെ മുറ്റത്ത് നിന്ന് ഒരു ഗൂഢാലോചന..ഇതാരാ പുതിയ അതിഥി..വഴിയെ പോകുന്നവരെയെല്ലാം വിളിച്ചു വീട്ടിൽ കയറ്റികോണം രണ്ടുപേരുംകൂടി ഇത് അഗതിമന്ദിരം ആണല്ലോ
അവർ അത്രയും പറഞ്ഞിട്ട് വീട്ടിലേക്ക് കയറി പോയി
കുറച്ചു കഴിഞ്ഞ് ഇറങ്ങി വന്നിട്ട് രാഖിയുടെ നേരെ തട്ടിക്കയറി
വഴിയേ പോകുന്നവർക്ക് എല്ലാം വെച്ചുവിളമ്പി കൊടുക്കാനാണോ നീ ഇവിടെ ഇരിക്കുന്നത് നിൻറെ അച്ഛൻ മേടിച്ചു വെച്ചിട്ടുണ്ടോ സാധനങ്ങൾ ഇങ്ങനെ വരുന്നവർക്കും പോകുന്നവർക്കും വെച്ച് വിളമ്പാൻ
ഇവിടെ ആരും കണ്ടവർക്ക് വെച്ച് വിളമ്പുന്നില്ല..അങ്ങനെ കണ്ടവരാരും ഇവിടെ വരുന്നതുമില്ല ഉണ്ടെങ്കിൽ അത് നിങ്ങൾ മാത്രമാണ്
പിന്നെ എൻറെ അമ്മാവനോ ആണല്ലോ എല്ലാം വാങ്ങി കൊണ്ടു വരുന്നത്…
അർഹതയുള്ളവർക്ക് തന്നെയാണ് വിളമ്പി കൊടുത്തിട്ടുള്ളത്. അല്ലാതെ നിങ്ങളെപ്പോലെ വലിഞ്ഞു കേറി വന്നവർക്കല്ല.
രാഖി മിണ്ടാതെ.. മാലതി പതുക്കെ പറഞ്ഞു
വാസന്തി ഒരു നിമിഷം പകച്ചു പോയി..
ഇന്നലെ വരെ എന്തുപറഞ്ഞാലും മറുത്തൊരു വാക്ക് പറയാത്തവളാണ്..ഇന്നിതാ മറ്റൊരുത്തിയുടെ മുന്നിൽ വെച്ച് തർക്കുത്തരം പറയുന്നു..വാസന്തിക്ക് താൻ അപമാനിക്കപ്പെട്ട തായി തോന്നി..
എന്തു പറഞ്ഞെടീ നീ…ഇന്ന് നിനക്കി ധൈര്യം എവിടെനിന്നു വന്നു
എന്നും പറഞ്ഞ് അവർ രാഖിക്ക് നേരെ പാഞ്ഞു വന്നു
ഞാനാണോടി വലിഞ്ഞു കയറി വന്നത് ..ചോദിക്കട്ടെ നിൻറെ അച്ഛനോട്…
.അതെ നിങ്ങൾ തന്നെയാണ് വലിഞ്ഞു കയറി വന്നത്…ഞാനും എൻറെ അച്ഛനും ചേച്ചിയും സമാധാനമായി ജീവിച്ചു വന്നതല്ലേ ഇവിടെ. അതിലേക്ക് നിങ്ങളല്ലേ ഞങ്ങളുടെ സമാധാനം കളയാൻ കേറി വന്നത്
നിനക്ക് ഇത്രയ്ക്ക് അഹങ്കാരമോ..മൂന്നുനേരം തിന്നുന്നത് കുത്തൽ ആണോ നിനക്ക്
ഞാൻ കഴിക്കുന്നു എങ്കിൽ അത് ഞാൻ കഷ്ടപ്പെട്ട് തന്നെ…… അതും എൻറെ അമ്മാവൻ കൊണ്ടുവരുന്നത്
വാസന്തിക്കു തന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് പോലെ തോന്നി..
അവൾ കൈ നിവർത്തി രാഖിക്കു നേരെ ആഞ്ഞടിച്ചു….രാഖി കണ്ണുകൾ ഇറുക്കിയടച്ചു ..നിന്നു
പക്ഷേ ആ കൈ അന്തരീക്ഷത്തിൽ തന്നെ നിശ്ചലമായി
തുടരും
ബിജി അനിൽ