പോരാ എനിക്ക് ആ ചേട്ടനെ മതി. എനിക്ക് അത്ര ഇഷ്ടം ആയിട്ടല്ലേ….ദിയയുടെ മുഖം ചുവന്നു…

പ്രൊപോസൽ

Story written by Ammu Santhosh

================

“സച്ചിൻ ചേട്ടനോട് എങ്ങനെ ഇഷ്ടം പറയും? “

ദിയ ജ്യോതിയെ നുള്ളി

“നീ അതിനെന്തിനാ എന്നെ നുള്ളുന്നെ. ഇഷ്ടം ആണെങ്കിൽ പോയി പറയണം. നാട്ടിലും വീട്ടിലും എല്ലാരോടും പറഞ്ഞു. അറിയാൻ ഇനി ആ ചേട്ടൻ മാത്രേയുള്ളു. പോയി പറയടി ” ജ്യോതി കൈ അമർത്തി തിരുമ്മി

തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വർഷ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർഥിനികളാണ് ജ്യോതിയും ദിയയും. ദിയയുടെ മുന്നിലെ ആ വലിയ ബലികേറാമല കടക്കാൻ ശ്രമിക്കുകയാണവർ. സച്ചിൻ ചേട്ടൻ എന്ന ദിയ പറയുന്ന സച്ചിൻ അവസാന വർഷ മെക്കാനിക്കൽ വിദ്യാർത്ഥിയാണ്. ദിയയുടെ ഇഷ്ടം സച്ചിനറിയാമോ എന്നതല്ല വിഷയം. ദിയ അത് പറഞ്ഞിട്ടേയില്ല എന്നതാണ്. ഒരു പെണ്ണ് എങ്ങനെ പ്രൊപ്പോസ് ചെയ്യും ചെയ്താൽ തന്നെ നാണക്കേട് അല്ലെ ഇതൊക്കെയാണവളുട ചിന്ത.

“അതിന് സാധാരണ, ആണുങ്ങൾ അല്ലെ ഇങ്ങോട്ട് പറയുന്നേ? പെണ്ണുങ്ങൾ അങ്ങോട്ട് പോയി പറഞ്ഞാൽ എന്ത് വിചാരിക്കും?” ദിയ നഖം കടിച്ചു കൊണ്ട് പറഞ്ഞു

“നീ അതും ഓർത്തോണ്ടിരുന്നോ അവസാനം ആ ചേട്ടൻ വേറെ നല്ല പെണ്ണിനേയും ലൈൻ അടിക്കും നോക്കിക്കോ “

“ഉയ്യോ അങ്ങനെ പറയല്ലേ..നിനക്ക് അറിയാല്ലോ ജ്യോതി ഞാൻ സ്കൂളിൽ വെച്ചു പോലും ഒന്നിനേം….എന്റെ പൊന്ന് ജ്യോതിയല്ലേ ഒന്ന് പോയി പറയാമോ?” അവൾ കെഞ്ചി

“അയ്യടാ ആ ചേട്ടൻ മെക്കാനിക്കൽ ആണ്. കോളേജ് ടോപ്പർ. ഇപ്പൊ ദേ പ്ലേസ് മെന്റും ആയി. നമ്മൾ രണ്ടു വർഷമേ ആയുള്ളൂ കോളേജിൽ…ആ ചേട്ടന് വേറെ സെറ്റ് ആയി കാണും.”

“പക്ഷെ അങ്ങനെ ഉണ്ടെങ്കിൽ നമ്മൾ അറിയൂലെ? നമ്മൾ ഫുൾ ടൈം പുറകെ നടക്കുന്നതല്ലേ?”

“നമ്മൾ അല്ല നീ നീ മാത്രം…ഉറപ്പാ ആ ചേട്ടന് ലൈൻ കാണും.” ജ്യോതി അവളെ കളിയാക്കി

“നീയിങ്ങനെ ഡി മോട്ടിവേഷൻ മാത്രം തരാനാണോ എന്റെ കൂടെ കൂടിയേക്കുന്നെ? ഒരു വഴി പറഞ്ഞു താ” ദിയ കെഞ്ചി

ജ്യോതി ആലോചിച്ചു

“ഒരു ഡേറ്റിംഗ്?” ജ്യോതി വിരൽ ഉയർത്തി

“തേങ്ങ…നടക്കുന്ന കാര്യം വല്ലോം പറ” ദിയ അത് തുടക്കത്തിൽ തന്നെ തള്ളി

“എടി പോ ത്തേ…ഒരു കോഫീ കുടിക്കാൻ ഒരു വൈകുന്നേരം വിളിച്ചു നോക്ക്. അങ്ങേര് പഠിപ്പിസ്റ്റ് ആണ്. എന്നാലും പൊളിയാ ഡാൻസ് ഒക്കെ കളിക്കുന്ന ചേട്ടൻ അല്ലെ?ലോലഹൃദയൻ ആയിരിക്കും. വിളിച്ചു നോക്ക് ” ജ്യോതി പറഞ്ഞു

“നമ്പർ ഇല്ല?”

“ങ്ങേ?”

“ചേട്ടന്റെ മൊബൈൽ നമ്പർ ഇല്ല “

“ഉണ്ട…നേരിട്ട് വിളി “

ദിയയുടെ കണ്ണ് മിഴിഞ്ഞു

“അയ്യോ എനിക്ക് വയ്യ പേടിയാ.”

ജ്യോതി അവളുടെ മുന്നിൽ ചെന്നു നിന്നു

“അങ്ങേര് ഈ വർഷം കോളേജിൽ നിന്ന് പോകും. പിന്നെ കാണാൻ പറ്റില്ല. നിനക്ക് ഇതിലും നല്ല ചെക്കന്മാരുടെ പ്രൊപോസൽ വരികയും ചെയ്യും. അത് പോരെ?”

“പോരാ എനിക്ക് ആ ചേട്ടനെ മതി. എനിക്ക് അത്ര ഇഷ്ടം ആയിട്ടല്ലേ?”
ദിയയുടെ മുഖം ചുവന്നു

“എന്നാ പോയി പറയ്..”

“ധൈര്യം ഇല്ല “

“എന്നാ പറയണ്ട “

“ആ ചേട്ടന് എന്നെ ഇഷ്ടം അല്ലെന്ന് പറയുമോ.?” ദിയ നഖം കടിച്ചു

“നൊ പറഞ്ഞാൽ തീർന്നല്ലോ ടെൻഷൻ..പോയി പറ “

ജ്യോതി ബുക്ക്‌ എടുത്തു ബാഗിൽ വെച്ചു

“എന്റെ പൊന്ന് മോളെ..ഒരു പ്രണയം ഇല്ലാത്ത ചേട്ടനാ അത് എന്ന് ഉറപ്പിക്കാൻ വയ്യ. എന്നാലും നിന്നേ ഇടയ്ക്ക് നോക്കുന്നത് ഒക്കെ ഞാൻ കണ്ടിട്ടുണ്ട്. പിന്നെ അങ്ങേരുടെ കൂടെ ആരെയും ഇത് വരെ കണ്ടിട്ടുമില്ല. അത് കൊണ്ട് നിനക്ക് ഒരു ചാൻസ് ഉണ്ട്..ചിലപ്പോൾ അങ്ങേരു ഒരു yes പറഞ്ഞാൽ….ട്രാഫിക് സിനിമയിൽ പറയുന്നത് പോലെ ഒരു യെസ്…അത് ചരിത്രമാകും. അത് കൊണ്ട് ഒരു yes അല്ലെങ്കിൽ നൊ ഇത് അറിഞ്ഞാൽ ആശ്വാസം..നിനക്കല്ല എനിക്ക്..ഹൂ ഞാൻ പോവാ ബസ് ഇപ്പൊ വരും “

അവൾ എഴുന്നേറ്റു നടന്നു പോയി

ദിയ കോളേജിന്റെ വരാന്തയിൽ കൂടി നടന്നു

തന്റെ ലൈഫ് ആണ് ഇത്. കണ്ടപ്പോൾ തൊട്ടുള്ള ഇഷ്ടമാണ്. കെട്ടുന്നെങ്കിൽ ആ ചേട്ടൻ മതി. അമ്മയോടും അച്ഛനോടും ഒക്കെ പറഞ്ഞിട്ടുണ്ട് കോളേജിൽ ഒരു സച്ചിൻ ചേട്ടൻ ഉണ്ട്. എനിക്ക് വലിയ ഇഷ്ടം ആണ്. ഒരു ദിവസം ഞങ്ങൾ ഒന്നിച്ചു വരും എന്നൊക്കെ. എവിടുന്ന്? ആ ചേട്ടൻ ഇഷ്ടം ആണെന്ന് പറയുമെന്ന് തോന്നുന്നില്ല. പക്ഷെ തനിക്ക് പറയാമല്ലോ…

പെണ്ണിനെന്താ ഇഷ്ടം പറയാൻ പാടില്ലേ?

ആ ചേട്ടന് ഇഷ്ടം കാണുമോ?

ഒന്ന് രണ്ടു തവണ മിണ്ടിയിട്ടുണ്ട്. ഡാൻസ് നല്ലതാ എന്നൊക്കെ പറഞ്ഞു ചെന്നപ്പോൾ താങ്ക്സ് പറഞ്ഞിട്ടുണ്ട്

ഇടക്കൊക്കെ ലൈബ്രറിയിൽ കാണുമ്പോൾ ചിരിക്കും

ഒരിക്കൽ കാന്റീനിൽ വെച്ചു കണ്ടപ്പോൾ സംസാരിക്കുകയും ചെയ്തു

അല്ലാതെ….ജ്യോതി പറയും പോലെ ഇടക്ക് ഒന്ന് രണ്ടു നോട്ടങ്ങൾ….

ഹൃദയത്തിന്റെ ആഴത്തിലേക്ക് കടന്നു ചെന്ന നോട്ടങ്ങൾ

ഈശ്വര!

അത് തന്നെ ആണോ ഈ പ്രേമം

അവൾ നടന്നങ്ങനെ ചെല്ലുമ്പോൾ കണ്ടു, അവൻ…കൂടെ ഒരാൾ സംസാരിച്ചു കൊണ്ട് നിൽക്കുന്നു

“ശരി കാണാം ” എന്ന് പറഞ്ഞവൻ ബൈക്കിൽ കയറുന്നത് കണ്ട് അവൾ അടുത്ത് ചെന്നു

“ഹായ്..”

അവൻ ചിരിച്ചു കൊണ്ട് തിരിച്ച് ഒരു ഹായ് പറഞ്ഞു

“എന്റെ പേര്…”

“അറിയാം ദിയ. നമ്മൾ പരിചയപ്പെട്ടിട്ടുണ്ടല്ലോ “

ആ അപ്പൊ അത് ഓർമയുണ്ട്
ആശ്വാസം

“ചേട്ടൻ വീട്ടിലോട്ടാണോ?” രണ്ടും കല്പിച്ചു ചോദിച്ചു

“എന്താ വീട്ടിലോട്ട് പോകണ്ടേ?”

അയ്യടാ കോമഡി അവൾ മനസിലോർത്തു

“ഒരു കോഫീ കുടിക്കാൻ കമ്പനി തരാമോ?”

ഒറ്റ ശ്വാസത്തിൽ അവൾ അത് ചോദിച്ചു തീർത്തു

അവൻ നെറ്റി ഒന്ന് ചുളിച്ചു

“എനിക്ക് കോഫീ ഇഷ്ടം അല്ല “

അവൾ വിളറി പോയി

“ഓക്കേ…സോറി “

അവൾ തിരിഞ്ഞു

“ഡോ..ഞാൻ ചായ കുടിച്ചോളാം..വാ “

അവൾ അന്തം വിട്ടു നോക്കി

“കയറിക്കോ. അടുത്ത് നല്ല ഒരു കോഫീ ഷോപ്പ് ഉണ്ട്. കോഫീ മാത്രം അല്ല ടീയും കിട്ടും പോരെ ” അവന്റെ ചിരി

അവൾ മെല്ലെ ബൈക്കിന്റെ പിന്നിൽ കയറി ഇരുന്നു.

തൃശൂർ പൂരത്തിന്റെ മേളം ഒക്കെ എന്ത്?

തന്റെ നെഞ്ചിൽ ഇപ്പൊ കേൾക്കുന്നതാണ് ഒറിജിനൽ പഞ്ചാരി മേളം.

എന്റെ കളരി പരമ്പര ദൈവങ്ങളെ, ഈ സീറ്റ് എന്നും എനിക്കുള്ളതായിരിക്കണേ.

“താൻ ഇതിന് മുന്നേ ബൈക്കിൽ കേറിയിട്ടില്ലേ?”

“ഇല്ലാ..”

“ആ അതാണ് ഇരുന്ന് വിറയ്ക്കുന്നത്. ബാലൻസ് പോകും കൊച്ചേ അടങ്ങിയിരിക്ക്. അല്ലെങ്കിൽ എന്റെ തോളിൽ പിടിച്ചോ “

അവൾ അവന്റെ തോളിൽ ഒന്ന് ബലമായി പിടിച്ചു

കോഫീ ഷോപ്പിൽ എത്തി

“ഒരു ചായ ഒരു കോഫീ ” അവൻ ഓർഡർ ചെയ്തു

“പറ വിശേഷങ്ങൾ ” അവനൊന്ന് മുന്നോട്ട് ആഞ്ഞിരുന്നു

“അത് പിന്നെ..പിന്നെ..കൺഗ്രാചുലേഷൻസ് ” അവൾ പെട്ടെന്ന് പറഞ്ഞു

അവൻ കണ്ണ് ചിമ്മി

“എന്തിന്?”

“ചേട്ടൻ അല്ലെ ടോപ്പർ…? അതിന് “

“ഓ “

അവൾ ശ്വാസം ഉള്ളിലേക്ക് എടുത്തു

“ദിയയുടെ വീട്ടിൽ ആരൊക്കെ ഉണ്ട്?”

“അച്ഛൻ, അമ്മ, മുത്തശ്ശി, മുത്തശ്ശൻ ഞാൻ “

“കുറെ പേരുണ്ടല്ലോ “അവൻ ചിരിച്ചു

ഇങ്ങനെ ചിരിക്കല്ലേ എന്ന് പറയണമെന്നുണ്ടായിരുന്നു അവൾക്ക്

എന്നാ ഒരു ഭംഗിയാ ചിരിക്ക്!

“എന്റെ വീട്ടിൽ ഞാനും അച്ഛനും മാത്രം “

അവൾ ഒന്ന് നോക്കി

“അമ്മ കുഞ്ഞിലേ മരിച്ചു പോയി. അച്ഛൻ മാത്രമേയുള്ളു. അച്ഛൻ ഒരു സ്കൂൾ മാഷാണ്. നാട്ടിലാണ് പാലക്കാട്‌.”

അതവൾക്ക് പുതിയ അറിവായിരുന്നു അവൾ കരുതിയത് അവന്റെ വീടും തിരുവനന്തപുരം തന്നെ ആണെന്നാണ്.

കല്യാണത്തിന്ശേഷം പാലക്കാട്‌ ദൂരകൂടുതൽ യാത്ര..ഒറ്റ നിമിഷം കൊണ്ട് അവൾ കുറെ ചിന്തിച്ച് കൂട്ടി

“ഹലോ കോഫീ കുടിക്ക് “

അവൾ മുന്നിൽ വന്ന കോഫീ ഒന്ന് സിപ് ചെയ്തു

എങ്ങനെ പറയും?

“ചേട്ടന് ജോലി ആയി അല്ലെ?”

“Yes “

“എവിടെയാ?”

“ചെന്നൈയിൽ “

ദൈവമേ അവിടെ നല്ല തമിഴത്തി പിള്ളേർ കാണും. ചേട്ടൻ സുന്ദരനായത് കൊണ്ട് പുറകെ വരും. ഉറപ്പാ..

കാതൽ…

“ഡോ…”

“ങ്ങേ?” അവൾ ഞെട്ടി നോക്കി

“താൻ സിവിൽ അല്ലെ?”

“ആ “

“കെട്ടിടം പണിയൊക്കെ ഇഷ്ടം തന്നെ?”

വീണ്ടും ചിരി

“അങ്ങനെ ഒന്നുല്ല. അതാ കിട്ടിയേ. അത് കൊണ്ട് എടുത്തു. അത്രേ ഉള്ളു “

ഈശ്വര ഞാൻ സിവിൽ എഞ്ചിനീയറിങ്ങിനെ കുറിച്ച് പറയാനാണോ വന്നേ

അവൾ വീണ്ടും ശ്വാസം ഉള്ളിലേക്ക് എടുത്തു

“ചേട്ടാ അതേയ്…എനിക്കൊരു കാര്യം..”

“സച്ചിൻ…” അടുത്ത ടേബിളിൽ നിന്ന് രണ്ട് പേര് ഉറക്കെ വിളിക്കുന്നു

“മഹി….അവനെന്റെ ഫ്രണ്ട് ആണ് കേട്ടോ. ഞാൻ ഇപ്പൊ വരാം “

അവൻ അടുത്ത ടേബിളിലേക്ക് പോയി

അവൾ ഡാഷ് പോയ ഡാഷ് പോലെ. അങ്ങനെ ഇരുന്നു

ടേബിളിൽ ചേട്ടന്റെ മൊബൈൽ

അവൾ ചുറ്റും നോക്കി

ആരും നോക്കുന്നില്ല. പൊതുവെ നമ്മൾക്ക് ഒരു കള്ളത്തരം ഉണ്ടല്ലോ അവൾക്കും ഉണ്ട്. അവൾ മൊബൈൽ എടുത്തു

ഒന്ന് ഓൺ ബട്ടൺ ഞെക്കി

വാൾ പേപ്പർ തെളിഞ്ഞു

തന്റെ ഫോട്ടോ

അവളൊന്നു കൂടെ നോക്കി

ഈശ്വര താൻ തന്നെ

ഓണത്തിന് ആദ്യമായി സാരീ ഉടുത്ത ആ ദിവസം അത്തപ്പൂക്കളമൊരുക്കുന്ന ഫോട്ടോ.

mine…എന്നതിന്റെ പുറത്ത് എഴുതി ചേർത്തിരിക്കുന്നു

അവൾ ഫോൺ പെട്ടെന്ന് ടേബിളിൽ വെച്ചു

അവളുടെ കണ്ണ് നിറഞ്ഞു പോയിരുന്നു

പറയാതെയുള്ള ഒരിഷ്ടം കൊണ്ട് എന്തിനാണ് എന്നെ ഇത്രയും ആധി പിടിപ്പിച്ചത് എന്നവൾക്ക് ചോദിക്കണമെന്നുണ്ടായിരുന്നു.

എത്ര ദിവസം ആയി ശരിക്കും ഉറങ്ങിട്ടെന്ന് അറിയാമോ മനുഷ്യാ എന്ന് വഴക്കിടണമെന്നുണ്ടായിരുന്നു

എന്താ എന്നോട് പറയാഞ്ഞത് എന്ന്

എന്തിന് ഒളിച്ചു എന്ന്..

അത്രയേറെ ഇഷ്ടം ഉണ്ടായിരുന്നോ എന്ന്

ഒക്കെ ചോദിക്കാൻ തോന്നി

അവൻ തിരിച്ചു വന്നു ഇരുന്നപ്പോൾ ആ മുഖം കണ്ടപ്പോൾ അവൾ ഒന്നും ചോദിച്ചില്ല

“പോയാലോ?”

അവൾ തലയാട്ടി

“എന്നെ വീട്ടിൽ വിടാമോ?” ബൈക്കിൽ കയറുമ്പോൾ അവൾ ചോദിച്ചു

“പിന്നെന്താ?”

അവൻ മറുപടി പറഞ്ഞു

വീടിന്റെ മുന്നിൽ വിട്ടു തിരിച്ചു പോകാൻ ഒരുങ്ങവെ

“വീട്ടിൽ എല്ലാരും ഉണ്ട്. ഒന്ന് കയറിയിട്ട് പോകാമോ?” അവൾ അപേക്ഷിച്ചപ്പോ
സച്ചിൻ ഒന്ന് മടിച്ചുവെങ്കിലും  ഒപ്പം ചെന്നു

അവളോരോരുത്തരെയും പരിചയപ്പെടുത്തി

ഒടുവിൽ

“ഇത് സച്ചിൻ ചേട്ടൻ…”

അച്ഛന്റെയും അമ്മയുടെയും മുഖം വിടർന്നു

“മോന്റെ പേര് പറയാത്ത ഒരു ദിവസം ഇല്ലാട്ടോ ഇവൾക്ക് “

അമ്മ ചിരിയോടെ പറഞ്ഞു. സച്ചിൻ ഒരു നിമിഷം അവളെയൊന്ന് നോക്കി

“ഒരു ദിവസം ഇത് പോലെ മുന്നിൽ കൊണ്ട് നിർത്തും എന്നൊക്കെ വാചകം അടിച്ചിട്ടുണ്ട്…കല്യാണമിവളുടെ പഠിത്തം കഴിഞ്ഞു മതി കേട്ടോ. ഞങ്ങൾ വീട്ടിലോട്ട് വരാം “

ദിയ വിളറി സച്ചിനെ നോക്കി

ഈ അമ്മ!

മാനം പോയല്ലോ ദൈവമേ.

“ഞാനും അത് എന്റെ അച്ഛനോട് പറഞ്ഞിട്ടുണ്ട്…ദിയ പഠിക്കട്ടെ ” സച്ചിൻ നേർത്ത പുഞ്ചിരിയോടെ പറഞ്ഞു

ദിയയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു

തിരിച്ചു പോകുമ്പോൾ ഗേറ്റിനരികിൽ നിന്ന് അവൾ ആ കയ്യിൽ  പിടിച്ചമർത്തി ഒന്ന് നുള്ളി

“എന്നെ ഇത്രയും ടെൻഷൻ അടിപ്പിച്ചതിന് “

അവൻ ചിരിച്ചു

“എനിക്ക് ഉറപ്പായിരുന്നു അത്. താൻ എന്റെയാണെന്ന്. ഞാൻ പോകുന്നിടത്തെല്ലാം വരുന്നത്, ഞാൻ ഉള്ളിടത്തെല്ലാം താനും ഉള്ളത്…എനിക്ക് അറിയാമായിരുന്നു…പറയാതെ അതിങ്ങനെ അത് ഒരു സുഖമായിരുന്നു”

“കു ന്തം…എനിക്ക് എന്ത് ടെൻഷൻ ആയിരുന്നു ന്നൊ?”

അവൾ ശുണ്ഠിയോടെ ചോദിച്ചു

“ഒന്ന് രണ്ടു തവണ പറയാൻ വന്നതാ..പിന്നെ കരുതി പോകും മുന്നേ പറയാം ഇന്ന് കണ്ടില്ലേ മഹി?അവനൊക്കെ അറിയാം. എന്റെ ക്ലാസ്സിൽ എല്ലാവർക്കും അറിയാം. വീട്ടിലും പറഞ്ഞിട്ടുണ്ട്. ഫോട്ടോ കാണിച്ചു കൊടുത്തിട്ടുണ്ട് “

അവൾ അവന്റെ കയ്യിൽ അവൾ നുള്ളി ചുവന്ന ഭാഗത്ത്‌ ഒന്ന് തലോടി.

“ഞാൻ കണ്ടു ഫോണിലെ…”

അവൻ ചിരിച്ചു…പിന്നെ ആ കൈകൾ അവന്റെ കൈകളിൽ ഒന്ന് കോർത്തു പിടിച്ചു

“ഐ ലവ് യൂ ദിയ “

ദിയ ഇമ വെട്ടാതെ അവനെ നോക്കി നിന്നു

പിന്നെ പറഞ്ഞു

“ലവ് യു ടൂ “

~Ammu Santhosh