അടുക്കളയിൽ ജോലിയിൽ ആയിരുന്ന രേഷ്മ ഒരു നിറഞ്ഞ പുഞ്ചിരിയോടെ കൃഷ്ണേട്ടന്റെ അടുത്തേക്ക് ഓടി വന്നു…

Story written by Sarath Krishna

=====================

ജാനകിയേട്ടത്തിയുടെ നിർത്താതെ ഉള്ള ചുമ കേട്ട് കൊണ്ടാണ് കൃഷ്ണേട്ടൻ വീട്ടിലേക്ക് കയറി വന്നത്….. കൈയിലെ കുട വീടിന്റെ ഉത്തരത്തിൽ തൂക്കിയിടുന്നതിനിടെ കൃഷ്ണേട്ടൻ ജാനകിയേടത്തിയോട് ചോദിച്ചു..

ചുമക്ക് കുറവില്ലല്ലേ ജാനകി…..

കട്ടിലിൽ ഇരുന്ന് ചുമച്ചു കൊണ്ട് അത് മാറിക്കൊള്ളും എന്ന് ജാനകിയേട്ടത്തി ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു..

നിങ്ങൾ കൈ കഴുകി വാ ഞാൻ ചോറ് വിളമ്പാം.

നീ അവിടെ കിടന്നോ എന്റെ ജാനകി ചോറ് ഞാൻ എടുത്ത് കഴിച്ചോളാം

കൃഷ്ണേട്ടൻ ചോറ് ഉണ്ണുന്നതിന് ഇടയിൽ മുളക് ചുട്ടരച്ച ചമന്തിയുമായി ജാനകിയേട്ടത്തി കൃഷ്ണേട്ടന്റെ അരികിൽ വന്നു… ചമ്മന്തി ചോറും കിണ്ണത്തിന് അരികിലേക്ക് നീക്കി വെച്ച് ജാനകിയേട്ടത്തി അടുത്തുണ്ടായ കസേരയിൽ ചെന്ന് ഇരുന്നു….

വയ്യാത്തിടത്ത് നീ എന്തിനാ എണീറ്റേ….

ഒരു ഭാഗത്ത് അടങ്ങി ഒതുങ്ങി കിടക്കാർന്നില്ലേ ..

അത് സാരല്യ.. നിങ്ങൾ ഊണ് കഴിക്കു … ആ പിന്നെ നമ്മുടെ ഷംസുദ്ധീൻ വന്നിരുന്നു… യാത്ര പറയാൻ വന്നതാണ് അവൻ നാളെ ഗൾഫിലേക് മടങ്ങി പൂവാണ് എന്ന്…

ഊണ് പാതിയിൽ നിർത്തി കൃഷ്ണേട്ടൻ ജാനകിയേട്ടത്തിയോട് ചോദിച്ചു

അവൻ .. അവന് കൊടുക്കാനുള്ള കാശിനെ കുറിച്ച് വല്ലതും ചോദിച്ചോ

ഹേയ് ഇല്ല അവന് അറിയാം നമ്മുടെ ബുദ്ധിമുട്ട്…

ഇത്രയും പറഞ്ഞു നിർത്തിയപ്പോഴേക്കും ജാനകിയേട്ടത്തി വീണ്ടും ചുമ തുടങ്ങിരുന്നു കൂടെ ശ്വാസം മുട്ടും.. ചുമച്ചു അവശ ആയ ജാനകിയേട്ടത്തിയെ കൃഷ്ണേട്ടൻ പിടിച്ചു കട്ടിലില് കൊണ്ട് കിടത്തി….

ഇനി നീ ആ കഷായം കുടിച്ചോണ്ട് ഈ ചുമ മാറും എന്ന് തോന്നണില്ല…..

നമുക്ക് നാളെ ഡോക്ടർനെ കാണാൻ പോവാം…..

അതിന് കാശ് വേണ്ടേ…

ഞാൻ രേഷ്മമോളുടെ വീട് വരെ ഒന്ന് പോയിട്ട് വരാം രമേശനെ കണ്ട് കുറച്ച് കാശ് ചോദിച്ച് നോക്കട്ടെ

അതിന് മരുമകന്റെ കൈയിൽ ഉണ്ടായാലും തരും എന്ന് തോന്നുന്നുണ്ടോ…

ചോദിച്ച് നോക്കാം അല്ലാതെ എത്ര എന്ന് വെച്ചാ ഈ ശ്വാസംമുട്ടും ചുമയും കൊണ്ട് നീ നടക്ക …

നിങ്ങൾ പോകുന്ന വഴി മാഷ്ന്റെ വീട്ടിൽ കയറി എനിക്ക് ഇന്ന് പണിക്ക് വരാൻ പറ്റില്ല എന്ന് ഒന്ന് പറയാവോ…

ഉം ഞാൻ പറഞ്ഞോളം എന്റെ ജാനകി നീ സംസാരിക്കാതെ ഒന്ന് കിടന്നെ….

കൃഷ്ണേട്ടൻ കൈ കഴുകി ഷർട്ട് ഇടുന്നത് കണ്ടപ്പോ ജാനകിയേട്ടത്തി ചോദിച്ചു…

ഊണ് കഴിച്ചിട്ട് ഇറങ്ങി പോയ പോരെ…

വേണ്ട കഴിച്ചാലും ഇറങ്ങില്ല… ഞാൻ പോയി കാശ് കിട്ടോന്ന് നോക്കിട്ട് വരം….

ആ പഴയ കുടയും ചൂടി കൃഷ്ണേട്ടൻ ഉച്ചവെയിലിൽ ആ വീടിന്റെ പടികൾ ഇറങ്ങുന്നത് കട്ടിള പാടി ചാരികൊണ്ട് ജനാകിയേട്ടത്തി നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നു…..

ദാസാ … ഒരു പൊതി അച്ചപ്പം തന്നേ…

എങ്ങോട്ടാ കൃഷ്ണേട്ട നട്ടുച്ചയ്ക്ക്…

മോള്ടെ വീട് വരെ ഒന്ന് പോകണം….അവിടെ അവളുടെ കുട്ടി ഉള്ളതല്ലേ എങ്ങനെയാ വെറും കൈയോടെ കയറി ചെല്ലുക….

ഈ അച്ചപ്പത്തിന്റെ കാശ് മടങ്ങി വന്നിട്ട് തരാട്ടൊ ദാസാ ..

അതിന് എന്താ കൃഷ്ണേട്ട നിങ്ങൾ പോയി മോളെ കണ്ടിട്ട് വാ…

കൈയിൽ ഒരു കടലാസ് പൊതിയുമായി വരുന്ന കൃഷ്ണേട്ടനെ വീടിന്റെ ഉമ്മറത്ത് ഇരുന്ന് കളിച്ചുകൊണ്ടിരുന്ന രേഷ്മയുടെ മകൾ ദൂരെ നിന്ന് തന്നെ കണ്ടിരുന്നു…….

മകൾ അകത്തു പോയി രേഷ്മയോട് മുത്തച്ഛൻ വരുന്ന കാര്യം പറഞ്ഞു തിരിച്ച് വരുമ്പോഴേക്കും വെയിൽ കൊണ്ട് വാടിയ മുഖത്ത് ഒരു നിറഞ്ഞ പുഞ്ചിരിയും ആയി കൃഷ്ണേട്ടൻ… ആ വീടിന്റെ പടികൾ കയറിരുന്നു… കൈയിലെ അച്ചപ്പത്തിന്റ പൊതി തന്റെ കൊച്ചു മകൾക്ക് ആയി കൊടുത്തു…..

അടുക്കളയിൽ ജോലിയിൽ ആയിരുന്ന രേഷ്മ ഒരു നിറഞ്ഞ പുഞ്ചിരിയോടെ കൃഷ്ണേട്ടന്റെ അടുത്തേക്ക് ഓടി വന്നു…

തളർന്ന വാടിയ കൃഷ്ണേട്ടന്റെ മുഖം കണ്ടപ്പോ അതുവരെ അവളുടെ മുഖത്ത് ഉണ്ടായിരുന്ന പ്രസരിപ്പ് മാഞ്ഞു കൊണ്ട് അവൾ ചോദിച്ചു…

എന്താ അച്ഛന്റെ മുഖം വാടിയിരിക്കുന്നത് എന്ത് പറ്റി എന്റെ അച്ഛന്….

ഒന്നൂല്യ…. അത് വെയിൽ കൊണ്ടിട്ടാകും..

മോളെ ഒന്ന് കാണണം എന്ന് തോന്നിയപ്പോ ഇങ്ങു പോന്നു…

രമേശൻ ഇല്ലേ മോളെ ഇവിടെ …

രമേഷേട്ടൻ ഉറങ്ങാ…ഞാൻ വിളിക്കാം അച്ഛൻ കയറി വാ ഇരിക്കു… അമ്മക്ക് എങ്ങനെ ഉണ്ട് അച്ഛ..

അവൾക്ക് കുറവൊന്നുമില്ല മോളെ…

കൃഷ്ണേട്ടനെ കസേരയിൽ ഇരുത്തി… രേഷ്മ രമേശനെ വിളിക്കാൻ ആയി പോകുന്നതിനു ഇടയിൽ കൃഷ്ണേട്ടൻ രേഷ്മയുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു…

മോളെ ഇപ്പോ അച്ഛൻ വന്നത് രമേശനോട് കുറച് കാശ് കടം ചോദിക്കണം എന്ന് വെച്ചാ… 2 ദിവസമായി നിന്റെ അമ്മക്ക് തീരെ വയ്യ… നാളെ ഡോക്ടർനെ ഒന്ന് കൊണ്ട് പോയി കാണിക്കണം …

രേഷ്മ പറഞ്ഞു… ഞാൻ ഒന്ന് ചോദിച്ച് നോക്കട്ടെ അച്ഛാ… തരുമോ എന്ന് എനിക്ക് അറിഞ്ഞൂടാ….

അല്പസമയത്തിന് ശേഷം ദുഃഖ സാന്ദ്രമായ മുഖത്തോടെ രേഷ്മ കൃഷ്ണേട്ടന്റെ അരികിൽ വന്നു….

രമേശേട്ടന്റ കൈയിൽ ഇല്ലെന്നാ പറയുന്നേ…

ഉണ്ടായാലും ഇന്നും സ്ത്രീധന തുകയുടെ ബാക്കി കണക്ക് പറയുന്ന ആ ദുഷ്ടൻ തരില്ല…

രമേശനോട് ഞാൻ ഒന്ന് ചോദിച്ചു നോക്കിയാലോ…..

അത് വേണ്ട അച്ഛാ… അച്ഛൻ വന്നു എന്ന് പറഞ്ഞിട്ട് പോലും ഒന്ന് എണീറ്റ് വരാത്ത ആ മനുഷ്യന്റെ മുന്നിൽ എന്റെ അച്ഛൻ ഇനിയും താഴണ്ട….

ഇത്രയും പറഞ്ഞു കൈയിൽ കിടക്കുന്ന വള അഴിക്കാൻ ശ്രമിച്ചു കൊണ്ട് രേഷ്മ കൃഷ്ണേട്ടനോട് പറഞ്ഞു….

അച്ഛൻ ഈ വള കൊണ്ട് പോയി പണയം വെച്ചോ…. രമേശേട്ടൻ ചോദിച്ച ഞാൻ അഴിച്ചു വെച്ചിരിക്കാണ് എന്ന് നുണ പറഞ്ഞോളം…

അത് വേണ്ട മോളെ.. നമ്മുടെ വീട്ടിലെ ദുരിതത്തിന്റെ ഇടയിലും നീ ഇവിടെ സന്തോഷമായി കഴിയുന്നുണ്ട് എന്ന സമാധാനത്തിലാണ് ഞാനും നിന്റെ അമ്മയും അവിടെ കഴിയുന്നേ… ഇനിയും… നിന്റെ ഭർത്താവിന്റെ മുന്നിൽ കടക്കാരൻ ആവാൻ ഈ വയസന് വയ്യ….

ഞാൻ എന്നാ ഇറങ്ങട്ടെ….

അവൻ ഉറക്കം ഉണരുമ്പോൾ പറഞ്ഞേക്ക് അച്ഛൻ പോയി എന്ന്… മോള് ഇതൊന്നും കേട്ട് മനസ് വിഷമിക്കരുത്… കാശ് അത് അച്ഛൻ വേറെ എവിടുന്ന് എങ്കിലും സംഘടിപ്പിച്ചോളം…

എന്റെ കൈയിൽ നിന്ന് ഒരു ചായ പോലും വാങ്ങി കുടിക്കാതെ പോകുവാണോ അച്ഛൻ

വേണ്ട മോളെ അവിടെ നിന്റെ അമ്മ ഒറ്റക്ക് അല്ലെ അവൾ ശ്വാസം എടുത്ത് വലിക്കുന്ന കണ്ടിട്ടാ ഞാൻ ഇങ്ങു പോന്നേ… പിന്നെ ഈ നേരത്ത് ചായ പതിവും ഇല്ല…

ഇത്രയും പറഞ്ഞു ഇറങ്ങാൻ തുടങ്ങുന്ന കൃഷ്ണേട്ടനോട് രേഷ്മ പറഞ്ഞു…. അച്ഛൻ ഒന്ന് നിൽക്കു ഞാൻ ഇപ്പോ വരം….

അല്പസമയത്തിനുള്ളിൽ.. വീടിന് അകത്ത് നിന്ന് ഒരു കുഞ്ഞു കാശ് കൂടുക്കയും ആയി രേഷ്മ വന്നു…

എന്നിട്ട് അവിടെ കളിച്ചു കൊണ്ടിരുന്നിരുന്ന അവളുടെ മോളെ അടുത്ത് വിളിച്ചിട്ട് പറഞ്ഞു…

മോളെ നമ്മുടെ മുത്തശിക്ക് വയ്യ എന്ന് മുത്തച്ഛന്റെ കൈയിൽ മരുന്ന് വാങ്ങാൻ കാശ് ഇല്ലെന്ന്…. മോളുടെ ഈ പൈസ ഇട്ട് വെക്കുന്ന ചെപ്പ് അമ്മ ഇത് മുത്തച്ഛന് കൊടുത്തോട്ടെ…

പുഞ്ചിരിയോട് കൂടി അവൾ അവളുടെ കുഞ്ഞു തല ആട്ടി…..

ആ ചെപ്പ് രേഷ്മ കൃഷ്ണേട്ടന്റെ കൈയിൽ കൊടുത്തുകൊണ്ട്

മോളെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു.

ഇത് ഇവളുടെ കുഞ്ഞു സമ്പാദ്യമാണ് ഇതിൽ എത്ര കാശ് ഉണ്ട് എന്ന് എനിക്കറിയില്ല … പക്ഷേ ഒന്ന് ഉറപ്പാണ് ഇതിന്റെ കണക്ക് ചോദിക്കാൻ ഇവിടെ നിന്ന് ആരും എന്റെ അച്ഛന്റെ അടുത്തേക്ക് വരില്ല…

അച്ഛൻ ഇത് വെച്ചോ…

വിറയാർന്ന കൈകളോടെ ആ കാശ് കുടുക്ക വാങ്ങി കൃഷ്ണേട്ടൻ ആ കുഞ്ഞു മോളുടെ കവിളിൽ ഉമ്മ വെച്ചു….

ഇനി അച്ഛൻ ഇറങ്ങട്ടെ മോളെ…

രേഷ്മയെ നോക്കി കൃഷ്ണേട്ടൻ ഒന്നു കൂടെ യാത്ര പറയാൻ ഒരുങ്ങിയപ്പോ അവൾ പറഞ്ഞു …

അച്ഛന് ഓർമ്മ ഉണ്ടോ ഒരു 5 വർഷങ്ങൾക്ക് മുൻപ് plus 2 ന് നല്ല മാർക്കോടുകൂടി പാസായ ഞാൻ ഡിഗ്രിക് ചേർന്നപ്പോഴാണ് എനിക്ക് രമേശേട്ടന്റെ ആലോചന വരുന്നത്…. അന്ന് ഞാൻ അച്ഛന്റെ കാല് പിടിച്ച് കരഞ്ഞു പറഞ്ഞു എനിക്ക് പഠിക്കണം ഒരു ജോലി വേണം എന്നിട്ട് മതി കല്യണം എന്ന് … പക്ഷേ അച്ഛൻ എന്റെ വാക്കുകൾ കേട്ടില്ല ..

അച്ഛൻ അന്ന് എന്നോട് പറഞ്ഞു ഒരു അച്ഛന്റെ ഏറ്റവും വലിയ കടമയാണ് പ്രായം തികഞ്ഞ മോളെ കല്യണം കഴിപ്പിച്ചു കൊടുക്കുക എന്നത് അത് അച്ഛൻ ഭംഗിയായി ചെയ്യുകയും ചെയ്തു…

പക്ഷേ അന്ന് അച്ഛൻ അച്ഛന്റെ കടമ നിറവേറ്റിയപ്പോ ഒന്ന് ഓർത്തില്ല ഇതേ പോലെ കടമ എനിക്കും ഉണ്ടെന്ന്…. വയസായ സ്വന്തം അച്ഛനും അമ്മയെയും മറ്റുള്ളവർക്ക് മുൻപിൽ കൈ നീട്ടാൻ വിടാതെ ഭംഗി ആയി നോക്കുക എന്ന കടമ പക്ഷേ ഇന്ന് എനിക്ക് അതിന് പോലും കഴിയാതെ ആയില്ലേ… പഠിക്കാൻ മോശം ആയത് കൊണ്ടായിരുന്നില്ലല്ലോ അന്ന് ഞാൻ പഠിക്കണം എന്ന് കരഞ്ഞു പറഞ്ഞപ്പോ അച്ഛൻ സമ്മതിക്കാഞ്ഞത്…

ഒന്നും പറയാനില്ലാതെ കൃഷ്ണേട്ടൻ താഴേക്ക് നോക്കി നിന്നു ….

ഞാൻ ഇനി കൂടുതൽ ആയി ഒന്നും പറയുന്നില്ല അച്ഛാ പറഞ്ഞാൽ ഇനിയും എന്റെ അച്ഛൻ വേദനിക്കും ..നിറഞ്ഞ് ഒഴുകുന്ന കണ്ണുകളുമായി അവൾ അകത്തേക്ക് പോയി….

വീടിന്റെ പടിക്കെട്ടുകൾ ഇറങ്ങുന്ന നേരത്ത് തന്റെ കൊച്ചു മകളുടെ കവിളത്ത് തലോടി കൊണ്ട് കൃഷ്ണേട്ടൻ പറഞ്ഞു …

മുത്തച്ഛന്റെ മോള് നന്നായി പഠിക്കണംട്ടാ… കണ്ണുകൾ തുടച്ച് കൊണ്ട് കൃഷ്ണേട്ടൻ ആ വീട്ടിൽ നിന്ന് നടന്ന് അകന്നു….

ഏതാനും മണിക്കൂറുകൾക്ക് ശേഷം….

എന്താ കൃഷ്ണേട്ട ബസ്റ്റോപ്പിൽ തനിച്ചിരിക്കുന്നേ…. ഞാൻ രാവിലെ യാത്ര പറയാനായി വീട്ടിൽ വന്നിരുന്നു…

ആ ഷംസുദീനോ…. ഒന്നുമില്ല ഷംസു.. വെറുതെ ഇവിടെ ഇരുന്ന് എന്ന് മാത്രം….

വെറുതെയോ എന്താ കൃഷ്ണേട്ടന്റെ കണ്ണ് നിറഞ്ഞിരിക്കുന്നെ…. എന്താ പറ്റിയെ കൃഷ്ണേട്ട ….

(നടന്നതെല്ലാം കൃഷ്ണേട്ടൻ ഷംസുദീനോട് പറഞ്ഞു…. )

രേഷ്മ പറഞ്ഞതിലും കാര്യം ഇല്ലേ കൃഷ്ണേട്ടാ… കഴിഞ്ഞത് കഴിഞ്ഞു ഇനി അത് പോട്ടെ…

അതെ ഷംസു മോള് പറഞ്ഞതാണ് ശരി…. മകൾക്ക് നല്ല ഒരു വിവാഹബന്ധം കിട്ടാൻ വേണ്ടി എന്റെ സമ്പാദ്യം മുഴുവൻ ഉപയോഗിച്ച് ഒരു വലിയ സ്ത്രീധന തുക ശേഖരിക്കുമ്പോൾ ഞാൻ ആലോചിച്ചില്ല അതിന്റെ ഒരു പങ്ക് എടുത്ത് മകളെ പഠിപ്പിക്കണം എന്ന് ..

അന്ന് അവളെ ഞാൻ പഠിപ്പിച്ചിരുന്നുവെങ്കിൽ ഇന്ന് എനിക്ക് മറ്റുള്ളവർക്ക് മുന്നിൽ ഇങ്ങനെ കൈ നീട്ടേണ്ട ഗതികേട് വരില്ലായിരുന്നു…. തെറ്റ് പറ്റിപ്പോയി ….

ഇന്ന് എനിക്ക് പ്രായം ആയി ഒരു പണിക്ക് പോകാനും കഴിയാതെ ആയി അല്ലേലും ഒരു വയസ്സന് ആര് ജോലി തരാനാണ്..

ഒരു നേരത്തെ അന്നം ഞാൻ ഇന്ന് കഴിക്കുന്നത് ജാനകി വീട് പണിക്ക് പോയിട്ടാണ് പണ്ടേ ഒരു അസുഖക്കാരിയാ അവൾ…

ആ ന്റെ ജാനകിയുടെ തളർന്ന മുഖം ഇന്ന് കണ്ടപ്പോ സഹിക്കാൻ കഴിഞ്ഞില്ല എനിക്ക്…..

ഇതെല്ലാം കേട്ട് ഒരു ദീർഘ നിശ്വാസത്തോടെ ഷംസുദ്ധീൻ കൃഷ്ണേട്ടന്റെ തോളിൽ കൈ ഇട്ടു കൊണ്ട് ബസ് സ്റ്റോപ്പിന്റെ കുറച്ച് അപ്പുറത്തേക് വിരൽ ചൂണ്ടി കൊണ്ട് ചോദിച്ചു..

ന്റെ കൃഷ്ണേട്ടന് അവിടെ ഒരു ചെറിയ കട ഇടാൻ പറ്റോ….

ഇത് കേട്ട് മുഖത്ത് അത്ഭുതത്തോടെ നോക്കിയ കൃഷ്ണേട്ടനെ നോക്കി ചിരിച്ച് കൊണ്ട് കഴുത്തിൽ കിടക്കുന്ന മാല അഴിച്ച് ഷംസുദ്ധീൻ കൈയിൽ കൊടുത്തു

ഞാൻ കാര്യമായി പറഞ്ഞതാ കൃഷ്ണേട്ടാ…. ഇത് വിറ്റാൽ അതിന് ആവശ്യം ഉള്ള പണം കിട്ടും…..

ഷംസുദ്ധീന്റെ കൈകൾ പിടിച്ച് കൃഷ്ണേട്ടൻ പറഞ്ഞു… ഈ കടം ഒക്കെ ഞാൻ എങ്ങനെയാ തിരിച്ചു തരിക എന്റെ ഷംസു….

കടമോ എന്ത് കടം എന്റെ കൃഷ്ണേട്ട…

കൃഷ്ണേട്ടന് ഓർമയുണ്ടോ പണ്ടൊരിക്കൽ ഈ ബസ് സ്റ്റോപ്പിന്റെ മുന്നിൽ കൂടിയാ എന്റെ ഉപ്പാന്റെ മയ്യത്ത് കൊണ്ട് പോയത് …

അന്ന് എനിക്ക് 14 വയസ്സേ പ്രായമുള്ളു ഉ പ്പാന്റെ മയ്യത്ത് കാണാൻ വന്നവരും ആശ്വസിപ്പിക്കാൻ വന്നവരും ഒന്നും മിണ്ടാതെ അന്ന് രാത്രി തിരിച്ച് പോയപ്പോ

ഒരു സഞ്ചി നിറയെ അരിയും പലചരക്ക് സാധനങ്ങളും ആയി കയറി വരാൻ നിങ്ങള് മാത്രമേ ഉണ്ടായിരുന്നുള്ളു… പിന്നീട് ഉള്ള ദിവസങ്ങളിൽ എന്നെ ആശാരി പണിക്ക് കൂടെ കൂട്ടിയപ്പോഴും പണി അറിയാഞ്ഞിട്ടും അന്നത്തെ ഒരു പണിക്കാരന്റെ കൂലി എനിക്ക് വാങ്ങിച്ചു തന്നപ്പോഴും ഒരു വീടിന്റെ വിശപ്പായിരുന്നു അന്ന് മാറിയിരുന്നത്…

അന്നൊക്കെ സന്ധ്യക്ക് പണി നിർത്തി കൃഷ്ണേട്ടന്റ കൈയിൽ നിന്ന് കൂലി കൊണ്ട് വന്ന് ഉമ്മയുടെ കൈയിൽ കൊടുക്കുമ്പോ ആ മുഖത്ത് ഞാൻ കണ്ടിരുന്ന സന്തോഷം ഉണ്ട് .. അത്രയും സന്തോഷം ഒന്നും ഇന്നും എനിക്ക് ഇന്ന് കിട്ടുന്ന ലക്ഷങ്ങൾ കൊണ്ട് തരാൻ ആയിട്ടില്ല…

ഇപ്പോ ആകെ ബാക്കി ആകുന്നത് ചെയ്ത പണിക്ക് ഉള്ള കൂലി ആയില്ലല്ലോ ഇതെന്ന തോന്നൽ മാത്രമാണ്….

ഇന്ന് എനിക്ക് വീടായി കാശായി … എല്ലാം ആയി… പണ്ട് മുഖം തിരിച് നടന്നവർ ഇന്ന് കാശിന് വേണ്ടി എന്റെ മുന്നിൽ വന്ന് ചോദിക്കും

ഷംസു നിന്റെ കൈയിൽ കാശ് ഉണ്ടോ എന്ന്….

ഇന്ന് പലരിൽ നിന്നും ഞാൻ ഒരുപാട് തവണ കേട്ട് മടുത്ത ചോദ്യം ആണ് അത്…

പക്ഷേ ആദ്യമായ് ആ ചോദ്യം ഞാൻ കേൾക്കുന്നത് കൃഷ്ണേട്ടനിൽ നിന്നാണ് അതും എനിക്ക് ഗൾഫിലേക് വിസ വന്ന ദിവസം …പക്ഷേ ഒരു വ്യത്യസം ഉണ്ടായിരുന്നുള്ളു… അന്നത്തെ എന്റെ ഒഴിഞ്ഞ പോക്കറ്റിൽ നോക്കി ഈ ചോദ്യം ചോദിച്ചു അവസാനിക്കും മുമ്പേ ഒരു പിടി നോട്ട് എന്റെ പോക്കെറ്റിൽ വെച്ച് തന്നു കൊണ്ടാണ് കൃഷ്ണേട്ടൻ ആ ചോദ്യം അവസാനിപ്പിച്ചത്…

ഇനി കൃഷ്ണേട്ടന് ഒരു മകൻ ഇല്ലാത്ത വിഷമം ഉണ്ടങ്കിൽ കൃഷ്ണേട്ടൻ ഒന്ന് പിന്നിലേക്ക് നോക്കിയാൽ മതി അവിടെ കാണും ഒരു ഉളി സഞ്ചിയും പിടിച്ച് ആ പഴയ ഷംസുനെ…..

കൃഷ്ണേട്ടനെ അരികിലേക് ചേർത്ത് പിടിച്ചു കൊണ്ട് ഷംസുദ്ധീൻ പറഞ്ഞു…

എന്നാ ഞാൻ പോട്ടെ കൃഷ്ണേട്ട ഞാൻ നാളെ മടങ്ങി പൂവാണ്…. അപ്പൊ ഇനി യാത്ര ഇല്ല… എന്റെ കൃഷ്ണേട്ടൻ പേടിക്കണ്ട ആ കട ജാനകിയേട്ടത്തിയേയും കൃഷ്ണേട്ടനെയും പട്ടിണിക്ക് ഇടില്ല … ഈ നാടിനും നാട്ടുകാർക്കും അറിയാം കൃഷ്ണേട്ടനെ… ഇത്രയും പറഞ്ഞു നടന്ന് അകലുന്ന ഷംസുദ്ധീനെ നോക്കി കണ്ണുനീർ പൊഴിക്കാനെ ആ വൃദ്ധന് കഴിഞ്ഞുള്ളു…

=====================

എന്റെ എഴുത്തിലൂടെ ഈ കഥയുടെ വികാരം എത്രത്തോളം നിങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്ന് എനിക്ക് അറിയില്ല… മനസ്സിൽ കണ്ട് കൊണ്ട് എഴുതിയ കാരണം… നിറഞ്ഞ കണ്ണുകളോടെ ആണ് ഞാൻ ഇത് എഴുതി നിർത്തുന്നത് …

by ശരത്