അലറിക്കരച്ചിൽ ഉച്ചത്തിലായതും ഹരിത ഞെട്ടിയെഴുന്നേറ്റ് അയാളെ പകച്ചു നോക്കി…

യുദ്ധമൊഴിഞ്ഞ മനസ്സുകൾ…

Story written by Sindhu Manoj

====================

“ഇന്ന് നിന്റെ പിറന്നാളാ. അമ്പലത്തിലൊന്നു പോയി.”

ഇലച്ചീന്തിലെ പ്രസാദവും പായസമടങ്ങിയ തൂക്കു പാത്രവും ചാരുപടിയിൽ വെച്ച് അവർ പറഞ്ഞു.

അവനിൽ നിന്നും മറുപടിയൊന്നും ഉണ്ടായില്ല എന്നിട്ടും ഒരു നിമിഷം കൂടി എന്തിനോ കാത്തു നിന്നിട്ട് മെല്ലെയവർ പടിക്കെട്ടുകളിറങ്ങി. ഗേറ്റിന്റെ കൊളുത്തെടുത്തതും പായസവറ്റുകൾ മണ്ണിൽ ചിതറിച്ചുകൊണ്ട് തൂക്കുപാത്രം അവരുടെ കാൽക്കൽ വന്നുവീണു. തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ അവർ ആ പാത്രവുമെടുത്തു ഗേറ്റ് കടന്നു.

ശബ്ദം കേട്ട് അകത്തു നിന്നും ഓടിയിറങ്ങി വന്ന ഹരിത റോഡിലേക്കിറങ്ങി പോകുന്ന അമ്മയെയും, കലി പൂണ്ടു നിൽക്കുന്ന ദീലീപിനെയും മാറി മാറി നോക്കി.

“എന്തായിത് ദീപു. പിന്നേം അമ്മയെ വഴക്കുപറഞ്ഞു ഓടിച്ചോ.എത്ര പ്രാവശ്യം പറഞ്ഞു തന്നു ഇനി അങ്ങനെയൊന്നും ചെയ്യരുതെന്ന്. എന്നിട്ട് പിന്നേം.”

“ഇങ്ങനെയാണേൽ ഞാൻ ദേ വന്നപോലെതന്നെയങ്ങു ഇറങ്ങി പോകുട്ടോ . പറഞ്ഞേക്കാം.”

“എന്നാപ്പിന്നെ ഇറങ്ങിപ്പോടി. ആരുമില്ലാതെയാ ദീപു ഇവിടെവരെയെത്തിയത്. ഇനിയും ഇങ്ങനെ തന്നെ മുന്നോട്ടു പോകാൻ എനിക്കറിയാം. ഒരുത്തിയുടെയും സ്നേഹവും, സഹതാപവുമൊന്നും ദീപുവിനു വേണ്ട.പിറന്നാൾ പായസവും കൊണ്ട് വന്നേക്കുന്നു. മനുഷ്യനെ മിനക്കെടുത്താൻ

അയാളുടെ ആ ഭാവമാറ്റം അവളെ വല്ലാതെ വേദനിപ്പിച്ചു. അകത്തേക്ക് കയറി പോകുമ്പോൾ കണ്ണിൽ നിന്നും രണ്ടു തുള്ളികൾ അടർന്നു വീണു.

പിറന്നാൾ സദ്യ ഉണ്ടാക്കേണ്ടേ എന്ന ചോദ്യത്തിന്, ഇന്നിനി ഒന്നും ഉണ്ടാക്കേണ്ട നമുക്ക് പുറത്തൊന്നു കറങ്ങി വരാം എന്ന മറുപടി കേട്ടപ്പോൾ സന്തോഷമായി.

ഒരു നിമിഷം കൊണ്ട് എല്ലാം തകിടം മറിഞ്ഞു. ഇനി ദീപുവിന്റെ മനസ്സ് ശാന്തമാകാൻ സമയമേറെയെടുക്കും എന്നവൾക്കറിയാം.

എത്ര ദേഷ്യപ്പെട്ടാലും ഒടുവിൽ ഒരു ക്ഷമാപണത്തിന് ശേഷം നീയെന്റെയല്ലേ പെണ്ണേ എന്നൊരു ചേർത്തു പിടിക്കലുണ്ട്. അത് മതിയായിരുന്നു അവൾക്കും അയാളെ ഭ്രാന്തമായ് സ്നേഹിക്കാൻ.

അച്ഛനും അമ്മയുമില്ലാതെ അമ്മാവന്റെ സംരക്ഷണയിൽ വളർന്ന ഹരിതക്ക് ദീപു ഭർത്താവ് മാത്രമല്ലായിരുന്നു. അച്ഛനും അമ്മയും സഹോദരനും കൂട്ടുകാരനും എല്ലാമായിരുന്നു.

അവളുടെ മുഖപുസ്തകസൗഹൃദമായിരുന്നു ദീപു.കഥകളും കവിതകളുമെഴുതുന്ന ഹരിതയോട് എന്റെ കഥകൂടി ഒന്നെഴുതുമോ എന്ന ചോദ്യത്തോടെ തുടങ്ങിവെച്ച സൗഹൃദം.ഒരിക്കലയാൾ തന്റെ കഥ പറഞ്ഞു. എല്ലാരുമുണ്ടായിട്ടും അനാഥനായി പോയ ഒരുവന്റെ കഥ.തെരുവ്ഗുണ്ട എന്ന ലേബലിൽ അറിയപ്പെടേണ്ടി വന്ന, ആരുടെയോ കൈയബദ്ധത്തിൽ ജീവൻ പൊലിഞ്ഞുപോയ ഉറ്റസുഹൃത്തിന്റെ ഘാതകൻ എന്നറിയപ്പെടേണ്ടി വന്ന ഒരുവന്റെ വെന്തു നീറുന്ന ജീവിതാനുഭവങ്ങൾ.

അവന്റെ തുറന്നു പറച്ചിലിൽ പലപ്പോഴും ഹരിത വിങ്ങിവിങ്ങി കരഞ്ഞിരുന്നു.

പിന്നെയെപ്പോഴോ ആ സൗഹൃദം പ്രണയമായി മാറുന്നു എന്ന് തോന്നിയപ്പോൾ അയാൾ അവളോട് ചോദിച്ചു , എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചാൽ കൂടെയിങ്ങു പോരാൻ തനിക്ക് കഴിയുമോ.എന്നെക്കുറിച്ച് എല്ലാം അറിഞ്ഞുകൊണ്ട് എന്നെ സ്നേഹിക്കാൻ തനിക്ക് കഴിയുമോ.

അമ്മാവന്റെ എതിർപ്പുകളെ അവഗണിച്ചു അയാൾക്കൊപ്പം ഇറങ്ങി പോന്നെങ്കിലും സ്വർഗതുല്യമായിരുന്നു അവൾക്ക് ദീപുവിനൊപ്പമുള്ള ജീവിതം.സ്നേഹിക്കാൻ മാത്രമറിയുന്ന നല്ല മനസ്സിനുടമയായിരുന്നു ദീപു എന്ന് തിരിച്ചറിഞ്ഞതും അവൾ മാത്രമായിരുന്നു.

“നീയെന്താ ഇതുവരെ റെഡിയായില്ലേ. പുറത്ത് പോകാം ന്ന് പറഞ്ഞത് മറന്നോ”

അയാളുടെ ചോദ്യം അവളെ ഓർമ്മകളിൽനിന്നുണർത്തി.

നട്ടുച്ചക്കും കാടിന്റെ പ്രതീതി ഉൾക്കൊണ്ട് തണൽ വിരിച്ചു നിൽക്കുന്ന കാറ്റാടി മരക്കൂട്ടങ്ങൾക്കിടയിൽ അയാളോട് ചേർന്നിരിക്കുമ്പോൾ അവൾ മെല്ലെ ആ കൈകൾ തന്റെ കൈപ്പത്തിക്കുള്ളിൽ പൊതിഞ്ഞു പിടിച്ചു.തൊട്ടുമുന്നിൽ കടൽ തിരകളെ അവർക്ക് മുന്നിലേക്ക്‌ വലിച്ചെറിയുകയും, അതേപോലെ തന്നെ തിരിച്ചെടുത്തു മടങ്ങി പോകുകയും ചെയ്യുന്നുണ്ടായിരുന്നു

“ദീപുവേട്ടാ, ദേഷ്യപ്പെടില്ലെങ്കിൽ ഞാനൊരു കാര്യം പറയട്ടെ.”

എന്താ?

“ഇന്നലെ അമ്മ എന്നെ കാണാൻ വന്നിരുന്നു.”

ഉം.. എന്നിട്ട്?

എന്നോട് ഓരോന്ന് പറഞ്ഞ് ഒരുപാട് കരഞ്ഞു.

“ഓഹോ.. അപ്പൊ അവർക്ക് കരയാനും അറിയാം അല്ലെ.”

കരയട്ടെടീ… വർഷങ്ങൾക്ക് മുൻപ് എന്റെ കണ്ണുകളിൽ നിന്നും അടർന്ന ഓരോ തുള്ളികൾക്കും പകരമായ് അവർ കരയട്ടേ.

നിനക്കറിയില്ലേ ഇന്നായിരുന്നില്ലല്ലോ എന്റെ ജീവിതത്തിലെ ആദ്യ പിറന്നാൾ. എത്രയോ പിറന്നാളുകൾ കണ്ണീരുകൊണ്ട് ആഘോഷിച്ചിരുന്നു ഞാൻ.അവരുടെ ഭർത്താവിന്റെ മക്കളുടെ ഓരോ പിറന്നാളുകളും അതിഗംഭീരമായിരുന്നുവെന്ന് വലിയമ്മ പറഞ്ഞു കേൾക്കുമ്പോൾ എന്തുമാത്രം സങ്കടപെട്ടിരുന്നു എന്റെ കുഞ്ഞു മനസ്സ്.

പലവട്ടം പറഞ്ഞു കേട്ടതായിട്ടും അയാൾ പറഞ്ഞു തീരട്ടെ എന്ന് കരുതി അവൾ മിണ്ടാതിരുന്നു.

ചൂണ്ടിക്കാണിക്കാൻ ജന്മം തന്ന രണ്ടുപേർ കണ്മുന്നിലുണ്ടായിട്ടും തന്തയില്ലാത്തവൻ എന്ന പേര് കേട്ട് വളരേണ്ടി വന്ന ഒരുവൻ.. വെറും തെണ്ടി.

സ്വാധീനമില്ലാത്ത ഇടതു കൈക്ക് വിവാഹകമ്പോളത്തിൽ വില കിട്ടാതിരുന്നതുകൊണ്ട് മാത്രം എന്നെപ്പോലെ ജീവിതത്തിൽ ഒറ്റപെട്ടുപോയ വലിയമ്മ ഉണ്ടായതുകൊണ്ടു മാത്രം അനാഥാലയത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ എരിഞ്ഞു തീരേണ്ടി വന്നില്ല എന്റെ ബാല്യം.

വിശ്വവിജയങ്ങൾ വിരൽത്തുമ്പിനടുത്തുണ്ടായിരുന്നിട്ടും, കുലമഹിമയില്ലയെന്ന ഒറ്റ കാരണത്താൽ മാറി നിൽക്കേണ്ടി വന്ന, മാറ്റി നിർത്തപ്പെട്ട കർണനെപ്പോലെ ദീപുവിനും ഒരുപാട് വേദികളിൽ തല കുനിക്കേണ്ടി വന്നിട്ടുണ്ട്.

അമ്മയെന്ന ഈ സ്ത്രീ അന്ന് എവിടെയായിരുന്നു. ഞാൻ പെറ്റ എന്റെ മകനാണിത്, ഇവനും ഒരച്ഛനുണ്ട് എന്ന് ഉറക്കെ വിളിച്ചു പറയാൻ ഇവരെന്തുകൊണ്ട് വന്നില്ല.

ചവിട്ടിയരക്കപ്പെട്ട ബാല്യം യൗവ്വനത്തിൽ ദീപുവിനെ മറ്റുപലതുമാക്കിതീർത്തു. വഴക്കാളി, തെരുവു ഗുണ്ട എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയായിരുന്നു ദീപുവിന്.

എല്ലാം തച്ചുടക്കാൻ വെമ്പുമ്പോഴും പലപ്പോഴും തോറ്റുപോയത് വല്ല്യമ്മയുടെ കണ്ണീരിനു മുന്നിലായിരുന്നു.പിന്നെ നിന്റെ സ്നേഹത്തിനു മുന്നിലും.

നീയാണ് ഇന്ന് കാണുന്ന ദീപുവിനെ ഇതുപോലെ പരുവപ്പെടുത്തിയെടുത്തത്. ഇനിയും ഓർമ്മകളുടെ തീത്തുണ്ടുകൾ വാരിയിട്ട് എന്റെ ചിതയൊരുക്കരുത് എന്നൊരു അപേക്ഷമാത്രേയുള്ളൂ. നീ കൂടെയില്ലാത്ത ഒരു നിമിഷം പോലും എനിക്കിപ്പോ ചിന്തിക്കാൻ കഴിയുന്നില്ല. അത്രയേറെ നിന്നെ ഞാൻ സ്നേഹിക്കുന്നു.

ദീപു, നോക്ക് ഞാനെന്നും കൂടെയുണ്ട്. പക്ഷേ ഒരുതവണ എനിക്ക് പറയാനുള്ളതൊന്നു കേട്ട് കൂടേ.. മനസ്സടക്കത്തോടെ.

“ഉം.. നീ പറയൂ. എന്താ അവർ പറഞ്ഞത്.”

ജീവിതത്തെക്കുറിച്ച് ഒന്നുമറിയാതെ, ഒരു തുമ്പിയെപ്പോലെ പറന്നു നടക്കുന്ന പ്രായത്തിലാണ് ദീപു അമ്മയുടെ ജീവിതത്തിലേക്ക് കടന്നു ചെല്ലുന്നത്. അതും സ്വന്തം സഹോദരനെപ്പോലെ കരുതി സ്നേഹിച്ച ഒരാളിന്റെ ചതിയിലൂടെ.

പ്രസവശേഷംഅവർ ഡിപ്രഷൻ എന്ന അവസ്ഥയിലേക്കവർ കൂപ്പുകുത്തി.

ശ്വാസം മുട്ടിച്ചും, കഴുത്തു ഞെരിച്ചും കൊന്നു കളയാനുള്ള ഓരോ ശ്രമവും വല്ലിമ്മയുടെ കണ്ണിൽപ്പെട്ടതുകൊണ്ടു മാത്രമാണ് നീയിന്നും ജീവിച്ചിരിക്കുന്നത്.

അതിന്റെ ചികിത്സകൾക്കും മറ്റുമായാണ് മുത്തച്ഛൻ അവരെ ഡൽഹിയുള്ള ഇളയച്ഛന്റെ വീട്ടിലേക്ക് മാറ്റിയത്.

ഇനിയൊരിക്കൽ കൂടി നിന്നെ കണ്ടാൽ അവർ വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങിവരുമോ എന്ന ഭയം കൊണ്ട് നാട്ടിലേക്ക് കൊണ്ടുവന്നുമില്ല.

നോർമലായതിനു ശേഷം അവർക്ക് നിന്നെ സ്നേഹിക്കാൻ കഴിഞ്ഞില്ല എന്നത് അവരുടെ തെറ്റു തന്നെ . നൊന്തു പെറ്റ കുഞ്ഞിനെ സ്നേഹിക്കാതിരിക്കാൻ ഒരമ്മക്കും കഴിയില്ല. അങ്ങനെയുള്ളവരെ അമ്മ എന്ന് വിളിക്കാൻ യാതൊരു അർഹതയുമില്ല. എന്നിരുന്നാലും അവരുടെ മനസ്സിനേറ്റ മുറിവ് അത്രത്തോളം അവരെ വേദനിപ്പിച്ചതുകൊണ്ടാകാം ഒരിക്കൽപ്പോലും നിന്നെ തേടി വരാതിരുന്നത്.

പിന്നെ വിവാഹം, കുട്ടികൾ. പുതിയ ജീവിതം.അതിന്റെയൊക്കെ സമ്മർദ്ദത്തിൽ പെട്ടു പോയതുമാകാം.

അതിനിടയിലെപ്പോഴോ നിന്നെയൊർത്ത് നിന്നിലേക്ക് വരാൻ ശ്രമിച്ചപ്പോഴൊക്കെയും ബാല്യത്തിന്റെ കയ്പ്പോർമ്മകൾ അയവിറക്കി നീയവരെ ആട്ടിപ്പായിക്കുകയും ചെയ്തു.അതുകൊണ്ടാണ് പിന്നെയവർ ഒരിക്കലും ഈ തറവാട്ടിലേക്ക് വരാതിരുന്നതും.

ഭർത്താവിന്റെ മരണശേഷമാ അവർ ശരിക്കും സ്വതന്ത്രയായത്.

പട്ടിയെപ്പോലെ ആട്ടിയോടിച്ചിട്ടും മറുത്തൊന്നും പറയാതെ, വീണ്ടും വീണ്ടും അവരിവിടെ കയറി വരുന്നത് ഒരുപക്ഷേ,പെറ്റവയറിന്റെ നൊമ്പരം ഇപ്പോഴും ഉള്ളിൽ പേറുന്നതു കൊണ്ടാകും

ക്ഷമിച്ചൂടെ ദീപു. ഇനിയെങ്കിലും

മറുപടിയില്ലാതെ,ദൂരെ കടലിലേക്ക് മിഴിനട്ടിരിക്കുന്ന അയാളുടെ മനസ്സും അലയടങ്ങാതെ പ്രക്ഷുബ്ധമാണെന്ന് അവൾക്ക് തോന്നി. നെഞ്ചിലെ തീയടങ്ങാനൊരു കുളിർത്തെന്നൽ സ്പർശം പോലെ അവൾ അയാളുടെ തല മെല്ലെ അവളുടെ നെഞ്ചിലേക്ക് ചേർത്തു വെച്ചു.

രാത്രി, ഹരിതയുടെ നേർത്ത ശ്വാസോച്ചാസം ശ്രവിച്ചു കിടക്കുമ്പോൾ അയാളുടെ മനസ്സൊരു കുരുക്ഷേത്ര യുദ്ധഭൂമി പോലെ അസ്വസ്ഥമായിരുന്നു.

ധർമ്മവും, അധർമ്മവും തമ്മിൽ ഏറ്റു മുട്ടുന്നു. സ്നേഹവും, വിദ്വേഷവും തമ്മിൽ ഏറ്റു മുട്ടുന്നു. അന്തിമ വിജയം ആർക്കെന്ന് ഊഹിക്കാൻ പോലുമാകാതെ പോരാട്ടം മുറുകുന്നു.

ഇപ്പോൾ പോർക്കളത്തിൽ അയാളും അമ്മയും മാത്രമാണ് നേർക്കു നേർ ആയുധമില്ലാതെ, നിസ്സഹായതയുടെ കവചമണിഞ്ഞു കണ്ണീർ തൂവുന്ന അമ്മ.

ആവനാഴിയിൽ വിഷം പുരട്ടിയ,കൂർത്തു മൂർത്ത ശരങ്ങളുമായി അയാളും.അതിൽ നിന്നുമൊരെണ്ണം എയ്യാനൊരുങ്ങുമ്പോഴേക്കും അമ്മയുടെ കണ്ണിൽ നിന്നുമുതിരുന്ന തുള്ളികൾ ഒരു പുഴ പോലെ അയാളുടെ കാല്പാദങ്ങളെ നനയിച്ചു തുടങ്ങി. ഒരു നിമിഷം അയാൾക്ക് അടിപതറിപ്പോയി.

യുദ്ധക്കളത്തിൽ ആയുധം നഷ്ടപ്പെട്ടവന്റെ നിസ്സഹായതയോടെ വിങ്ങി വിങ്ങി കരഞ്ഞുകൊണ്ട് അയാൾ ആ പുഴയിലേക്ക് മുട്ടുകുത്തി.

അമ്മേ.. അമ്മേ.. അമ്മേ……

അലറിക്കരച്ചിൽ ഉച്ചത്തിലായതും ഹരിത ഞെട്ടിയെഴുന്നേറ്റ് അയാളെ പകച്ചു നോക്കി.

എന്താ ദീപു? എന്തുപറ്റി?

വികാരവിക്ഷോഭം കൊണ്ട് ഉയർന്നു പൊങ്ങുന്ന നെഞ്ചിൽ മെല്ലെ തടവി അയാൾ മെല്ലെ പറഞ്ഞു

ഒന്നുമില്ലെടോ. ഒരു സ്വപ്നം കണ്ടതാ.

“പ്രാർത്ഥിച്ചു കിടക്കാൻ പറഞ്ഞാൽ കേൾക്കില്ല. ഞാൻ പേടിച്ചു പോയല്ലോ.”

“ഉം “

ഹരി..പിന്നേയ് , നാളെ നമുക്ക് അമ്മയെയൊന്നു കാണാൻ പോകണം. അമ്മയ്ക്ക് സമ്മതമാണെങ്കിൽ ഇങ്ങോട്ട് കൂട്ടുകയും ചെയ്യാം.

ങേ.. സത്യാണോ ദീപു

അതേ. ക്ഷമിക്കാനും, പൊറുക്കാനും കഴിയുമ്പോഴല്ലേ നമ്മൾ യഥാർത്ഥത്തിൽ മനുഷ്യരാകൂ. ദീപുവിനും ഇനിയൊരു മനുഷ്യനാകണം.തോൽപിച്ചവരുടെ മുന്നിൽ തലയുയർത്തി നിൽക്കണം.അതിന് ഇനിയുള്ള കാലം അമ്മ കൂടെവേണം

കേട്ടത് വിശ്വസിക്കാനാകാതെ, കുതിച്ചുയർന്ന ആഹ്ലാദത്തോടെ അവൾ ദീപുവിനെ കെട്ടിപ്പിടിച്ചു.

മനസ്സിലെ യുദ്ധമടങ്ങിയ ശാന്തതയോടെ അയാളും അവളിലേക്ക് ചേർന്നു കിടന്നു. പുതിയൊരു പ്രഭാതത്തിലേക്കു ഉറങ്ങിയുണരാൻ.

സിന്ധു.