എല്ലാം കണ്ട് കണ്ണും നിറച്ച് നിൽക്കുവായിരുന്നു ശ്യാമിന്റെയും അതിരയുടെയും അഞ്ചുവയസ്സുകാരൻ മകൻ ഉണ്ണിക്കുട്ടൻ…

കൂട്ടിനൊരാൾ….

എഴുത്ത്: ദേവാംശി ദേവ

====================

“ദേ കണ്ടോ…ക്ഷേത്രത്തിലേക്കാണെന്നു പറഞ്ഞ് രാവിലെ തന്നെ നിങ്ങളുടെ അമ്മ വീട്ടിൽ നിന്ന് ഇറങ്ങുന്നത് പഴയ കാമുകനോട് സല്ലപിക്കാനാ.”.കൈയ്യിലെ മൊബൈൽ ഫോൺ ശ്യാമിനുനേരെ കാണിച്ചുകൊണ്ട് ആതിര ദേഷ്യത്തോടെ പറഞ്ഞു..

ഫോണിലെ ഫോട്ടോയിലേക്ക് നോക്കിയ ശ്യാം ദേഷ്യത്തോടെ വരദക്ക് നേരെ തിരിഞ്ഞു..”

“മനുഷ്യനെ നാണം കെടുത്താനായി തുനിഞ്ഞ് ഇറങ്ങിയേക്കയാണോ തള്ളേ നിങ്ങള്.”

“മോനെ…മോള് പറയുംപോലെ ഒന്നും അല്ല..യാദിർച്ഛികമായി വിനയേട്ടനെ കണ്ടപ്പോ സംസാരിച്ചതാ”

“പിന്നെ..യാദിർച്ഛികമായി കണ്ടുപോലും..വിനയേട്ടനെന്ന് പറയുമ്പോ അവരുടെ വായിൽ നിന്ന് പാലും തേനും ഒഴുകുകയല്ലേ..”

“മോനെ..അമ്മ പറയുന്നതൊന്ന് വിശ്വസിക്കെടാ..” ശ്യാമിന്റെ കൈയ്യിൽ പിടിച്ച വരദയെ അവൻ തള്ളി മാറ്റി പുറത്തേക്ക് പോയി..താഴേക്ക് വീണ വരദയുടെ നെറ്റി ടീപ്പോയിൽ ഇടിച്ച് മുറിഞ്ഞു.

എല്ലാം കണ്ട് കണ്ണും നിറച്ച് നിൽക്കുവായിരുന്നു ശ്യാമിന്റെയും അതിരയുടെയും അഞ്ചുവയസ്സുകാരൻ മകൻ ഉണ്ണിക്കുട്ടൻ..

“ഡോ ഇത് എന്തുപറ്റിയതാ..” ദിവസങ്ങൾക്ക് ശേഷം ഉണ്ണികുട്ടനെ സ്കൂൾ ബസിൽ കയറ്റി വിടാൻ പോയപ്പോളാണ് വിനയൻ പിന്നെ വരദയെ കണ്ടത്..

“ഡോറിൽ തട്ടിയത.” അവളുടെ നെറ്റിയിലെ മുറിവിനെ പറ്റി തിരക്കിയ വിനയനോട് അവൾ പറഞ്ഞു.

“കള്ളമാ അപ്പൂപ്പ..അന്ന് ക്ഷേത്രത്തിൽ വെച്ച് അപ്പൂപ്പനും അച്ഛമ്മയും സംസാരിച്ചത് അമ്മ ഫോട്ടോ എടുത്ത് അച്ഛനെ കാണിച്ചപ്പോ അച്ഛൻ അച്ഛമ്മയെ തള്ളിയിട്ടു..അപ്പൊ അച്ഛമ്മയുടെ തലമുറിഞ്ഞതാ.”.വിനയൻ തലകുനിച്ച് നിൽക്കുന്നവളെയൊന്ന് നോക്കിയ ശേഷം ഒന്നും മിണ്ടാതെ തിരികെപോയി..

വൈകുന്നേരം ശ്യാം ജോലി കഴിഞ്ഞെത്തിയപ്പോൾ വിനയനും എത്തി..

“നിങ്ങളെന്താ ഇവിടെ..” ആതിര ദേഷ്യത്തോടെ ചോദിച്ചു.

“ഞാൻ ശ്യാമിന്റെ കാണാൻ വന്നതാ..അവനോടൊന്ന് സംസാരിക്കണം.”

“നിങ്ങളോട് ശ്യാമിന് ഒന്നും സംസാരിക്കാൻ ഇല്ലെങ്കിലോ.”

“അത് നീയാണോ തീരുമാനിക്കുന്നത്. ഞാൻ സംസാരിക്കാൻ വന്നതാണെങ്കിൽ സംസാരിച്ചിട്ടെ പോകു..തടയാൻ വന്നലുണ്ടല്ലോ പെണ്ണെ..വയസായെങ്കിലും നിനക്കിട്ട് രണ്ടെണ്ണം പൊട്ടിക്കാനുള്ള ആരോഗ്യം ഇപ്പോഴും എനിക്കുണ്ട്.”

“നിങ്ങൾക്ക് എന്താ വേണ്ടത്.” പേടിയോടെ നിൽക്കുന്ന വരദയെ തറപ്പിച്ച് നോക്കിയിട്ട് ശ്യാം വിനയന്റെ അടുത്തേക്ക് വന്നു..

“എന്താണ് ശ്യാം നിന്റെ പ്രശ്നം..ഞാനും നിന്റെ അമ്മയും തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നു എന്നത് സത്യമാണ്..അതറിഞ്ഞ നിന്റെ അമ്മാവൻമാര് ജാതിയുടെ പേരും പറഞ്ഞ് ഞങ്ങളെ തമ്മിൽ അകറ്റി.. അവരുറപ്പിച്ച വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ എന്നെ കൊ” ന്നു കളയുമെന്നു പറഞ്ഞപ്പോൾ ഈ പാവത്തിന് വേറെ നിവർത്തിയില്ലായിരുന്നു…

പതിനെട്ടാം വയസ്സിൽ നിന്റെ അച്ഛനെ കൂടെ ജീവിക്കാൻ തുടങ്ങിയതിൽ പിന്നെ കുറച്ചൊന്നുമല്ല നിന്റെ അമ്മ അനുഭവിച്ചത്..മൂന്നുകൊല്ലാതെ ജീവിതത്തിൽ വയറുനിറച്ച് ആഹാരം കഴിച്ചതോ സാമാധാനത്തോടെ ഉറങ്ങിയതോ ആയ ഒരു ദിവസം ഇവൾക്കില്ല..ഒടുവിൽ മ* ദ്യപിച്ചു മ* ദ്യപിച്ച് നിന്റെ അച്ഛൻ മരിച്ചപ്പോൾ അത് നിന്റെ ജാതകദോഷമാണെന്നു പറഞ്ഞ് ഇവളെയും കൈ കുഞ്ഞായ നിന്നെയും വീട്ടിൽ നിന്നും ഇറക്കിവിട്ടു നിന്റെ അച്ഛന്റെ വീട്ടുകാർ…

സ്വന്തം വീട്ടിലേക്ക് വന്നപ്പോൾ നിന്റെ അമ്മാവന്മാർക്കും അമ്മയിമാർക്കും ഒരു വേലക്കാരി മാത്രമായിരുന്നു ഇവൾ. അന്ന് ഇവളുടെ കഷ്ടപ്പാടുകൾ കണ്ട് ഞാൻ വിളിച്ചതാ നിന്നെയും കൂട്ടി എന്റെകൂടെ വരാൻ..

അന്ന് നിന്റെ അമ്മ എന്നോട് പറഞ്ഞത് അവളുടെ ജീവിതത്തിൽ ഇനി നീ മാത്രം മതിയെന്നാണ്..

ആങ്ങളമാരും നാത്തൂൻമാരും ചേർന്ന് നിന്നെയും ആ ആ വീട്ടിലെ പണിക്കാരൻ ആക്കുന്നു എന്ന് മനസ്സിലായപ്പോൾ ആ വീട്ടിൽ നിന്നും അവൾ നിന്നെയും കൂട്ടി വാടക വീട്ടിലേക്ക് മാറി.. അവിടിന്നിങ്ങോട്ട് നന്നായി കഷ്ടപ്പെട്ടിട്ടു തന്നെയാ വരദ നിന്നെ പഠിപ്പിച്ചതും ഇന്നത്തെ നിലയിൽ എത്തിച്ചതും.

ഞാനിന്നും ഒറ്റതടിയായി ജീവിക്കുന്നത് ഇവളുടെ സ്ഥാനത്ത് മറ്റൊരു പെണ്ണിനെ കാണാൻ കഴിയാത്തതുകൊണ്ട് തന്നെയാ..പക്ഷെ ഇവലുടെ മനസിൽ നീ മാത്രമേയുള്ളു ശ്യാം..

അങ്ങനെയുള്ള നിന്റെ അമ്മയെ ഇനിയും നീ വേദനിപ്പിച്ചാൽ ദൈവം പോലും പൊറുക്കില്ല നിന്നോട്…”

സാരി തുമ്പുകൊണ്ട് വായ് പൊത്തി പിടിച്ചു കരയുന്ന വരദയെ ഒന്ന് നോക്കിയ ശേഷം വിനയൻ പുറത്തോട്ടിറങ്ങി നടന്നു..

“എന്താ ശ്യാം ആലോചിക്കുന്നത്.” രാത്രി കിടക്കാനായി റൂമിലേക്ക് വന്ന ആതിര എന്തോ ആലോചിച്ചുകൊണ്ടിരിക്കുന്ന ശ്യാമിനോട് ചോദിച്ചു..

“അമ്മയെ ഇവിടുന്ന് മാറ്റുന്ന കാര്യത്തെ പറ്റി ആലോചിച്ചതാ.”

“ഈ കാര്യം ഞാൻ എന്നെ പറയുന്നതാ..ഇപ്പോഴെങ്കിലും ആലോചിക്കാൻ തോന്നിയല്ലോ…എങ്ങോട്ടാ കൊണ്ടാക്കാൻ പോകുന്നത്.അന്ന് ഞാൻ പറഞ്ഞ ഓൾഡേജ് ഹോമിൽ തന്നെയാണോ.”

“അല്ല.. ഇത് മറ്റൊരിടത്താണ്..”

“ഹാ..എവിടെ ആണെങ്കിലും കൊണ്ടുപോയാൽ മതി..”

“നീ രാവിലെ തന്നെ അമ്മയോട് റേഡിയാകാൻ പറയണം.”

പിറ്റേന്ന് രാവിലെ ശ്യാം റെഡിയായി എത്തുമ്പോൾ കൈയ്യിലൊരു ബാഗുമായി വരദ ഇറങ്ങി വന്നു..ഉണ്ണിക്കുട്ടൻ എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല..ഇല്ലെങ്കിൽ താൻ പോകുമ്പോൾ അവൻ കരഞ്ഞു ബഹളം വെച്ചേനേന്നാ അവർ ഓർത്തു..

“പോകാം..” മകന്റെ ചോദ്യത്തിന് കണ്ണുകൾ നിറയാതിരിക്കാൻ പാടുപെട്ടുകൊണ്ട് വരദ തലയാട്ടി..

കാറിൽ ഇരിക്കുമ്പോൾ ആ അമ്മയും മകനും പരസ്പരം ഒന്നും മിണ്ടിയില്ല..

കാറോരു ചെറിയ ഓടിട്ട വീടിന്റെ കുഞ്ഞ് ഗേറ്റിന് മുൻപിൽ നിന്നു..വൃത്തിയുള്ള മുറ്റത്ത് നിറയെ ചെടികൾ പൂത്തുനിൽക്കുന്ന മനോഹരമായ കുഞ്ഞ് വീട്

അമ്മയുടെ കൈയും പിടിച്ച് ഗേറ്റ് തുറന്ന് ശ്യാം അകത്തേക്ക് കയറി കോളിംഗ് ബെൽ അടിച്ചു..

വാതിൽ തുറന്ന് പുറത്തേക്ക് വന്ന വിനയൻ വർദയേയും വരദ വിനയനേയും കണ്ട് ഞെട്ടി..

“അങ്കിൾ..ഞാനെന്റെ അമ്മയെ അങ്കിളിനെ ഏൽപ്പിക്കാൻ വന്നതാ..അങ്കിൾ പറഞ്ഞ കാര്യങ്ങളൊക്കെ ഞാൻ ആലോചിച്ചു..ശരിയാണ്..എന്റെ അമ്മയെ ഞാൻ മനസ്സിലാക്കിയില്ല..

പക്ഷെ ഇനി അങ്ങനെ ഉണ്ടാകാൻ പാടില്ല..എനിക്ക് വേണ്ടി മാത്രമല്ല എന്റെ അമ്മക്ക് വേണ്ടിയും എനിക്കിനി ജീവിക്കണം.

അങ്കിൾ പറഞ്ഞതുപോലെ ഒരുപാട് കഷ്ടപ്പെട്ട് അമ്മ എന്നെ വളർത്തി..പഠിപ്പിച്ചു..
എനിക്ക് ജോലികിട്ടി..ഞാൻ ആഗ്രഹിച്ച പെൺകുട്ടിയെ തന്നെ വിവാഹം കഴിപ്പിച്ചു തന്നു…അപ്പോഴൊന്നും എന്റെ അമ്മയുടെ ജീവിതത്തെ പറ്റി ഞാൻ ഓർത്തില്ല..

ജീവിതത്തിലെ എല്ലാ ഉത്തരവാദിത്യങ്ങളും ഭംഗിയായി നിറവേറ്റിയ അമ്മക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ ഇനി അവശ്യമൊരു കൂട്ടാണ്..അമ്മക്ക് മാത്രമല്ല അങ്കിളിനും..

ഈ ജീവിതത്തിലിനി പരസ്പരം കൂട്ടാകാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ..അതുകൊണ്ട് എന്റെ അമ്മയെ ഞാൻ അങ്കിളിനെ ഏല്പിക്കുവാണ്.”

വിനയന്റെ ചുണ്ടുകളിലൊരു പുഞ്ചിരി വിരിഞ്ഞു..എന്നാലൊരു ഞെട്ടലോടെയാണ് വരദ അതൊക്കെ കേട്ടത്.

“ശ്യാം..നീ എന്തൊക്കെയാണ് പറയുന്നത്..ആതിര ഇതൊക്കെ അറിഞ്ഞാലുണ്ടല്ലോ..എന്റെ ദൈവമേ എനിക്ക് ഓർക്കാൻ കൂടിവയ്യ”

“അതിരയോ… ബന്ധുക്കളോ…. നാട്ടുകാരോ..ആരുവേണമെങ്കിലും അറിഞ്ഞോട്ടെ.. എനിക്കൊരു കുഴപ്പവുമില്ല..ഞാൻ ചെയ്തതാണ് ശരിയെന്നെനിക്ക് വിശ്വാസമുണ്ട്..”

“മോനെ…”

“ഞാനും ആതിരയും ഉണ്ണികുട്ടനെയും കൂട്ടി വരുമമ്മേ…അവന്റെ അച്ഛമ്മയെയും അച്ഛാച്ചനെയും കാണാൻ.”

ശ്യാം തിരികെ നടക്കുമ്പോൾ അതൊരു പുതിയ ശ്യാമാണെന്ന് തോന്നി വിനയനും വരദക്കും..

കണ്ണീരോടെ ശ്യാം പോകുന്നത് നോക്കി നില്കുന്ന വരദയുടെ വിരലുകളിൽ വിരൽ കോർത്തു പിടിച്ചു വിനയൻ….ഇനിയൊരു ജീവിതത്തിലേക്ക് ഒരുമിച്ച് കടക്കാനെന്ന പോലെ…