ഒരിക്കൽപോലും നേരിട്ട് കാണേണ്ടി വരുമെന്ന് വിചാരിച്ചതല്ല ഇപ്പോൾ അതും സംഭവിച്ചു…

Story written by Sumayya Beegum T A

======================

വർഷങ്ങൾക്കു ശേഷം കൂട്ടുകാരിയുടെ ആങ്ങളയുടെ കല്യാണ പന്തലിൽ വെച്ച് അയാളെ കണ്ടപ്പോൾ ഞെട്ടലാണോ സന്തോഷമാണോ വെറുപ്പാണോ എന്താണ് എന്നിൽ സംഭവിക്കുന്നത് എന്നെനിക്കുപോലും മനസിലായില്ല.

എന്നും അങ്ങനെ ആയിരുന്നു അയാളെ കാണുമ്പോൾ ശരീരം വിറയ്ക്കും ചുണ്ടു വരണ്ടു മൊത്തത്തിൽ പരിഭ്രാന്തി. പ്രേമം എന്നാൽ വിറയൽ ആണെന്ന് ഒറ്റ നിർവചനമേ അന്ന് തോന്നിയിരുന്നുള്ളു.

രാവിലെ എഴുന്നേൽക്കുമ്പോൾ ആദ്യം ഓർമ വരുക ആ മുഖത്തെ കുസൃതി നിറഞ്ഞ കള്ള ചിരിയാണ്. ക്ലാസ്സിലേക്ക് പോകാനായി ഒരുങ്ങുമ്പോഴും ഭക്ഷണം പോലും വേണ്ടെന്നു പറഞ്ഞു ഓടുമ്പോഴും ഇന്ന് കാണാൻ പറ്റുമോ എന്നൊരു ടെൻഷൻ മാത്രം.

സത്യത്തിൽ എന്റെ പ്രപഞ്ചം അയാൾ എന്ന മാരീചൻ ആയിരുന്നു. ചുറ്റുമുള്ളതൊന്നും കാണാനോ അറിയാനോ പറ്റാത്ത പ്രണയത്തിന്റെ മായികലോകത്തു തീർത്തും അന്ധയായി ഞാൻ ഓരോ ദിവസം ചെല്ലുന്തോറും.

മൊബൈലും ഫേസ് ബുക്കും ഇല്ലാത്ത ആ കാലത്തു കഥകൾ പറയാൻ കണ്ണുകൾ ധാരാളമായിരുന്നു. അന്നത്തെ ഓരോ ആൽബം സോങ്ങിലും നായകനും നായികയും ഞങ്ങൾ മാത്രം ആണെന്ന് ഓർത്തു ഒരേ പാട്ടുകൾ എന്നും കേട്ടു എല്ലാരുടെയും വഴക്കു കേട്ടതൊക്കെ ഓർക്കുമ്പോൾ ഇന്നും അറിയാതെ ചിരിച്ചുപോകും.

കാലം മാറിയപ്പോൾ കൗമാരം യൗവനത്തിലേക്ക് വഴിമാറിയത് വളരെ പെട്ടന്നായിരുന്നു. ആകാശങ്ങളിൽ ഉയരെ പാറിയ ഏഴഴകുള്ള പക്ഷി ഭൂമിയിലേക്ക് ഒരു പെൺകുട്ടിയായി ചിറകറ്റു വീഴുമ്പോൾ കൂട്ടിവെച്ച കനവുകൾ ഒക്കെ അഗ്നിപരീക്ഷയായി.

നിറകണ്ണുകളോടെ അയാളുടെ ഭിക്ഷക്കായി യാചിച്ചപ്പോൾ പുച്ഛം കലർന്ന മറുപടി യാഥാർഥ്യത്തിലേക്കുള്ള ആദ്യ ചുവടായിരുന്നു. തന്നെ ഒരിക്കലും സ്നേഹിക്കാത്ത ഒരാളുടെ മുഖം മറക്കാൻ ശ്രമിച്ചു കല്യാണപെണ്ണായി ഇരുന്നപ്പോഴും ആൾകൂട്ടത്തിൽ അയാൾ ഉണ്ടോയെന്ന് കണ്ണുകൾ പരതിയത് എന്തിനെന്നറിയില്ല.

അത്ഭുതങ്ങൾ ഒന്നും സംഭവിക്കാതെ ജീവിതം ഈശ്വരേച്ഛ പോലെ തുടർന്നു. ആരും കൊതിക്കുന്ന ജീവിതം ജീവിക്കുമ്പോഴും ഇടവപ്പാതിയിൽ ഇടക്കൊക്കെ തെളിയുന്ന കാറൊഴിഞ്ഞ മാനം പോലെ മനസ്സ് ഞാനറിയാതെ അടുത്തൊരു പെരുമഴയായി പെയ്യാൻ വെമ്പി.

സത്യത്തിൽ അവഗണയുടെ അഗ്നിപരീക്ഷ നേരിട്ട എന്നെന്നേക്കുമായി എനിക്കന്യമായ പ്രണയം എന്നിലപ്പോഴും ഒരു കനലായി കെടാതെ കിടന്നു. സർപ്പം മാണിക്യം സൂക്ഷിക്കുന്നപോലെ ആർക്കും കൊടുക്കാതെ ഞാനതു കാത്തു.

ഒരിക്കൽപോലും നേരിട്ട് കാണേണ്ടി വരുമെന്ന് വിചാരിച്ചതല്ല ഇപ്പോൾ അതും സംഭവിച്ചു.

എന്താടോ സ്റ്റക്കായി നിൽക്കുന്നത് ?

ഭർത്താവാണ്.

ഒന്നുമില്ല ഇക്കാ.

എങ്കിൽ ഒരു പത്തുമിനിറ്റ് ഞാനിപ്പോ വരാം തൊട്ടടുത്ത് ഷെമീറിന്റെ കടയുണ്ട്.

ശരി ഇക്കാ മക്കളെ കൊണ്ടുപോകേണ്ട.

അവരെന്റെ കൂടെ വന്നോളും അല്പം നേരം നീ കൂട്ടുകാരുടെ കൂടെ കൂടിക്കോ.

അതും പറഞ്ഞുപോകുന്ന എന്റെ ഭർത്താവെന്ന മനുഷ്യനെ ആരാധനയോടെ ഞാൻ നോക്കി എന്നും എന്റെ ഇഷ്ടങ്ങൾക്കു ഞങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന ആണൊരുത്തൻ.

ഇക്കാ പോയി കഴിഞ്ഞു കൂട്ടുകാരുമായി സംസാരിക്കവെ സുനൈന എന്നൊരു വിളി കേട്ടു.

തിരിഞ്ഞു നോക്കിയപ്പോൾ ഹരി.

പണ്ട് എന്നിലുണ്ടായിരുന്ന വെപ്രാളം ഇന്ന് അയാളിൽ ഉണ്ട്.

നിനക്ക് സുഖമാണോ?

അയാളുടെ ചോദ്യത്തിന് മറുപടി പറയാതെ ഞാൻ അങ്ങോട്ട് ചോദിച്ചു ?

എവിടെ നിങ്ങളുടെ ഭാര്യ ?

ദാ ആ നിൽക്കുന്നതാണ്. ദൂരെമാറി ഒരു പെൺകൂട്ടത്തിൽ അവളെ ഞാൻ കണ്ടു.

എന്റെ ചിന്തകളിലെ രാജകുമാരനെ സ്വന്തമാക്കിയ അപ്സരസ്സ് ഒന്നും ആയിരുന്നില്ലവൾ. എന്നെപ്പോലൊരു സാധാ പെൺകുട്ടി.

കുട്ടികൾ ഞാൻ വീണ്ടും ചോദിച്ചു?

കുട്ടികൾ ആയിട്ടില്ല. നിനക്കോ ?

വര്ഷങ്ങള്ക്കു ശേഷം എന്റെ സുഖവിവരം തിരക്കാനുള്ള യാതൊരു ബന്ധവും നമ്മൾ തമ്മിൽ അവശേഷിക്കുന്നില്ല. നല്ല പ്രായത്തിൽ ആവോളം ആഘോഷിച്ചതല്ലേ ഇനിയെങ്കിലും അവൾക്കു വേണ്ടി മാത്രം ജീവിക്ക്.

പതറാതുള്ള എന്റെ മറുപടിയിൽ തലകുനിച്ചു വാക്കുകൾക്ക് അയാൾ തിരയുമ്പോൾ ഇക്കയും മക്കളും വന്നു.

ആരും ശ്രദ്ധിക്കുന്ന ആ പുരുഷനും മക്കളും എന്റെ നേർക്ക് വരുന്നത് കണ്ടു അയാൾ എന്നെനോക്കി.

അതാണ് എന്റെ ഭർത്താവ് കൂടെയുള്ളത് ഞങളുടെ മക്കൾ നാളെ എന്റെ അവസ്ഥ എന്താകും എന്നറിയില്ല എങ്കിലും ഞാൻ ഇന്ന് സന്തുഷ്ടയാണ്.

അപ്പോ ശെരി പോട്ടെ.

നിനക്ക് വേറെ ആലോചനകൾ വരുന്നെന്നോ ?അതെന്ത നിന്റെ സൗന്ദര്യം കണ്ടിട്ടാണോ ?നീ എന്നെ അല്ലാതെ വേറെയാരെയും കല്യാണം കഴിക്കില്ല എന്നോ അതെന്താ നിനക്ക് വല്ല കുഴപ്പവും ഉണ്ടോ ?

വര്ഷങ്ങള്ക്കു മുമ്പ് കരഞ്ഞു തളർന്ന എന്റെ ചെവിയിൽ പതിച്ച അയാളുടെ പരിഹാസങ്ങൾ ഇന്ന് അതിനെല്ലാം ഉത്തരം കാലം നൽകി.

പുതിയൊരാളായി ഞാൻ മാറുന്നുവോ ?

പിറ്റേന്ന് രാവിലെ ഫേസ് ബുക്കിൽ മക്കളെ ഉപേക്ഷിച്ചു വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടി പോയതും അവസാനം നിക്കക്കള്ളിയില്ലാതെ ആത്മഹത്യ ചെയ്തതും വായിച്ചപ്പോൾ ഞാൻ ഉറക്കെ പറഞ്ഞു.

ശവം അവൾക്കു അത് തന്നെ വരണം.

എന്റെ വാക്ക് കേട്ട് മുറിയിലെ ചില്ലലമാരിയിലെ കണ്ണാടി എന്നോട് ചോദിച്ചു

അപ്പോ സുനൈന ഈ നഷ്ടപ്രണയം.. നൊമ്പരം… തീരാ വേദന ഇതൊക്കെ കഴിഞ്ഞോ ?

എപ്പോഴേ !ഒരു ഭാര്യ അമ്മ ജീവിക്കേണ്ടത് ഇന്നലകളിൽ അല്ല ഇന്നിലാണ് അവളുടെ പുരുഷന് വേണ്ടി മക്കൾക്ക് വേണ്ടി മാത്രം.

കണ്ണാടിയിലെ സ്ത്രീ അവളെ നോക്കി മനോഹരമായി ചിരിച്ചു ആത്മവിശ്വാസത്തോടെ അവളും മനസിലെ അവസാന കളങ്കവും ശുദ്ധിയാക്കി തെളിമയുള്ള മനസ്സോടെ തലയുയർത്തിപിടിച്ചു.