മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ
രാത്രിയുടെ ഇരുണ്ട നിഴൽ ജയിലറകളേ.. മറച്ചു തുടങ്ങി..
ആ ജയിലിന്റെ ഇരുമ്പഴികളിൽ പിടിച്ച് മാ ലതി പുറത്തേയ്ക്കു നോക്കി നിന്നു…
ആ ഇരുളിനപ്പുറം ഒരു വെളിച്ചം തെളിയുന്നുവോ…
അവിടെ ഒരു 18വയസു കാരിയുടെ കൊഞ്ചൽ… കിലുക്കാം പെട്ടി പോലെ പാറി പറക്കുന്ന ഒരു പാവം പെൺകുട്ടി…
മോളെ ഇന്ന് നന്നായി ഒരുങ്ങി നിൽക്കണം. നിന്നെ കാണാൻ ഇ ന്നൊരാൾ വരുന്നുണ്ട്
അത് കേട്ടതും ഒന്നു ഞെട്ടി..
എനിക്കിപ്പോൾ കല്യാണം വേണ്ട അച്ഛാ… എന്ന് കെഞ്ചി പറഞ്ഞു
അത് നീ അല്ല തീരുമാനിക്കുന്നത്
നിന്റെ അഭിപ്രായം ഇവിടെ ആരും ചോദിച്ചില്ല. അങ്ങനെ പെൺകുട്ടികളുടെ അഭിപ്രായം ചോദിച്ചു ഈ തറവാട്ടിൽ ഇന്നേവരേ ഒരു കാര്യവും ആരും ചെയ്തിട്ടില്ല.ഇതും അങ്ങനെ തന്നെ..
അച്ഛന്റെ സ്വരത്തിൽ അതുവരെ ഇല്ലാത്ത കാർക്കശ്യം കണ്ട് ഒരു നിമിഷം പകച്ചുപോയി
മനസ് വല്ലാതെ വേദനിച്ചു..
മനസ്സിൽ ഒളിപ്പിച്ചു വെച്ച പ്രണയം ഉള്ളിലിരുന്ന് തിങ്ങി..
മനസ്സിലെ മോഹം എന്തെന്ന് എനിക്കറിയാം അത് വേണ്ട എന്റെ പൊന്നു മോള് മറന്നേക്കു..
മാലതി ഒന്നു ഞെട്ടി… അച്ഛൻ എന്റെ മനസ്സ് അറിഞ്ഞുവോ..
പിന്നെ എല്ലാം പെട്ടെന്നായിരുന്നു തന്റെ എതിർപ്പുകൾക്ക് ആ വീട്ടിൽ ഒരു സ്ഥാനവും ഇല്ലായിരുന്നു..
കല്യാണത്തിന് രണ്ടുദിവസം ഉള്ളപ്പോൾകുടുംബക്ഷേത്രത്തിൽ വിളക്കു വെച്ചു മടങ്ങുമ്പോൾ…
പിന്നിൽ നിന്നും മാലതി…എന്ന് തന്റെ പേര് ആരോ വിളിച്ചത് പോലെ..
പെട്ടെന്ന് തന്നെ ആ വിളിയൊച്ചയുടെ ഉടമയെ തിരിച്ചറിഞ്ഞു.കാണാൻ ഏറെ കൊതിച്ച ആ മുഖം അതാ മുന്നിൽ…
ഓടി മുന്നിലെത്തി.. വാക്കുകൾ മൊഴിമുട്ടിയപ്പോൾ.. ഇരുമിഴികളും പറയാതെ പലതും പറഞ്ഞു..സ്വയം അറിയാതെ മിഴികൾ നിറഞ്ഞൊഴുകിയപ്പോൾ.
മെല്ലെ പിന്തിരിഞ്ഞു നിന്നു..
ആ മിഴികളെ നേരിടാനുള്ള ശക്തി എനിക്കില്ലായിരുന്നു…
മാലതി എന്താ പുറംതിരിഞ്ഞു നിൽക്കു ന്നത് നിനക്ക് എന്നോട് സംസാരിക്കാൻ ഒന്നുമില്ലേ.. അതോ എന്നെ വെറുത്തോ..
അരുത് അങ്ങനെ പറയരുത്..ഞാൻ എന്നെക്കൊണ്ടാവുന്ന പോലെ അച്ഛനോട് പറയാൻ ശ്രമിച്ചു..
പക്ഷേ എന്റെ വാക്കുകൾക്കോ ആഗ്രഹങ്ങൾക്കോ ആരും അവിടെ ചെവി തന്നില്ല… പിന്നെ ഞാനെന്താ ചെയ്യുക…
നീ വിഷമിക്കേണ്ട.. ഞാൻ വരുംകൊണ്ടുപോകാൻ.. നമ്മളെ പിടിക്കാൻ ആർക്കും സാധിക്കില്ല ആർക്കും..
നീ ഇല്ലാത്ത ഒരു ജീവിതമോ.. ഒരു നിമിഷമോ എനിക്ക് പറ്റില്ല… മാലു
നാളെ രാത്രി എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ നീ ഇറങ്ങി വരണം ഞാൻ കാത്തു നിൽക്കുന്നുണ്ടാവും..
നമുക്ക് ഈ നാട് വിട്ട് ദൂരേക്ക് പോകാം..
എന്റെ ഒരു സുഹൃത്ത് ഒരു ചെറിയ ജോലി തരപ്പെടുത്തിയിട്ടുണ്ട്..
ഒരു ചെറിയ വീടും…
സ്വന്തക്കാരും ബന്ധുക്കാരും ജനിച്ച നാടുവിട്ട ഇനീ അതാവും നമ്മുടെ ലോകം
പക്ഷേ എന്റെ അച്ഛനും ഏട്ടൻമാരും.. അറിഞ്ഞാൽ നമ്മളെ കൊന്നു കളയും..
ഒന്നുമുണ്ടാവില്ല അതൊക്കെ നീ എനിക്ക് വിട്ടേക്ക്.. നീ കൃത്യസമയത്ത് തന്നെ ഇറങ്ങി വന്നാൽ മാത്രം മതി.. ഞാൻ തലയാട്ടി
നീ സന്തോഷമായി പൊയ്ക്കോ ഞാനുണ്ട് കൂടെ. എന്നും എപ്പോഴും
മിഴികൾ തുടച്ച് സന്തോഷപൂർവ്വം യാത്ര പറഞ്ഞു നടന്നു നീങ്ങുമ്പോൾ.. ഉള്ളിലൊരു കുഞ്ഞു സ്വപ്നം കൂടു കൂട്ടിതുടങ്ങിയിരുന്നു..
.
പക്ഷേ… ആ സ്വപ്നത്തെ തച്ചുടയ്ക്കാൻ… ആയുധം രാഗി എടുക്കാനുള്ള മനസ്സുമായി അവർക്ക് കുറച്ച് അകലെയായി മറഞ്ഞിരുന്ന് ആ നിഴൽ രൂപത്തെ ഇരുവരും.. കണ്ടില്ല
ആ രാത്രിയിൽ എല്ലാവരും ഉറക്കമായി ഉറപ്പുവരുത്തിയശേഷം… തൊടിയിലെ വാഴ ചുവട്ടിൽ കാത്തിരുന്നു..
നേരം വെളുക്കുവോളം…
ഒടുവിൽ ചതിക്കപ്പെട്ടു എന്ന തിരിച്ചറിവ് അപമാനമായി മാറിയപ്പോൾ. മരിച്ചു തുടങ്ങിയ മനസ്സുമായി തിരികെ വീട്ടിലെയ്ക് കയറുമ്പോൾ..
മുന്നിൽ അതാ അച്ഛനും അമ്മയും സഹോദരങ്ങളും..
എന്തേ .. അവൻ വന്നില്ലേ കൊണ്ടുപോകാൻ..
അവർക്കു മുന്നിൽ ഒന്നും പറയുവാനില്ലാതെ തലകുനിച്ചു നിന്നു
അവൻ വരില്ല.. അവന് നിന്നെ വേണ്ട… കാശ് മാത്രം മതിയായിരുന്നു.
ഈ ബന്ധത്തിൽ നിന്നും മാറാൻ ഞാൻ അവനെ കുറച്ച് കാശ് കൊടുക്കാം എന്നു പറഞ്ഞപ്പോൾ അവൻ അത് സ്വീകരിച്ചു…
അവിടെ അവൻ നിന്നെ മറന്നു നിന്റെ സ്നേഹം മറന്നു… അവൻ ഈ നാട് വിട്ടേ പോയി
കേട്ടത് വിശ്വസിക്കാനാവാതെ അവൾ അച്ഛന്റെ മുഖത്തേക്ക് പകച്ചു നോക്കി..
ഉള്ളിൽ ഒരു ചോദ്യം ഉയർന്നു.. അയാൾ വിലയിട്ടത് എന്റെ മാനത്തിനോ… അതോ സ്നേഹത്തിനോ …
ചിന്തിച്ചു നിൽക്കെ അച്ഛന്റെ അടുത്ത ആജ്ഞ..
എന്നാ എന്റെ മോള് പോയി വേഗം ഒരുങ്ങിക്കോ.. വെറുതെ കല്യാണം മുടക്കി.. നാട്ടുകാരുടെ മുന്നിൽ നാണം കെടാൻ നിൽക്കണ്ട
അങ്ങനെ മനസില്ല മനസോടെ നന്ദേട്ടന്റെ താലിക്കു മുന്നിൽ തലകുനിച്ചു…
സമ്പന്നതയുടെ മടിത്തട്ടിലെകാണും വലതുകാൽ വച്ച് കയറിയത്..
എല്ലാം ഉണ്ടായിട്ടും.. മനസ്സ് എന്തിനോ വേണ്ടികേണു കൊണ്ടേയിരുന്നു…
നന്ദേട്ടൻ എപ്പോഴും എന്നെ സന്തോഷിപ്പിക്കാനായി ശ്രമിച്ചു കൊണ്ടേയിരുന്നു..
പതിയെ പതിയെ നന്ദേട്ടന്റെ ഒരു നല്ല ഭാര്യ ആകാൻ ശ്രമിച്ചു..
ഞങ്ങളുടെ ആ സന്തോഷത്തെ പൂർണ്ണമാക്കാൻ.. ആ സന്തോഷവാർത്തയെത്തി… ഞാൻ ഒരു അമ്മയാകാൻ പോകുന്നു..
ഒരു തരത്തിൽ പറഞ്ഞാൽ ആ ഒരു സന്തോഷം ആയിരുന്നു എന്റെ
ജീവിതത്തിലെ അവസാസന്തോഷം……
മോൾക് രണ്ടു വയസാക്കാറായപ്പോൾ മുതൽ.. അവൾ സാധാരണ കുട്ടികളെപോലെയല്ല… പ്രതി കരിക്കുന്നതെന്ന് തോന്നി…
ഏട്ടനോട് പറഞ്ഞപ്പോൾ എല്ലാം എന്റെ തോന്നലാണെന്നു പറഞ്ഞു എന്നെ ആശ്വസിപ്പിച്ചു…
മോളെന്നു വെച്ചാൽ ഏട്ടന് ജീവനായിരുന്നു..
ആര് കണ്ടാലും ഒമാനിക്കുന്ന സൗന്ദര്യമായിരുന്നു എന്റെ മോൾക്ക്..
എന്റെ സംശയം കൂടിയപ്പോൾ മോളെ ഒരു ഡോക്ടറെ കാണിക്കാൻ തീരുമാനിച്ചു…
ഒടുവിൽ ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ഡോക്ടർ വിധി എഴുതി.. മോൾക് ഓട്ടിസമാണ് എന്ന്…
പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ല… ക്ഷമയും സ്നേഹവും കൊണ്ട് പരിചരിക്കുക… ആകെ നിരാശരായി… തളർന്നാണ് അന്ന് ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയത് l
പിന്നെ ഹോസ്പിറ്റലുകൾ.. മാറി മാറി കയറി ഇറങ്ങി..
അവിടുന്നൊക്കെ ഇങ്ങനെയുള്ളകുട്ടികളെ കെയർ ചെയ്യുന്നരീതികൾ ക്ലാസ്സ് ഇതൊക്കെ തന്നു വിട്ടു…
പിന്നെ ദൈവങ്ങളിലായി പിടിവള്ളി…
ഒരു അമ്പലത്തിനോ ദൈവങ്ങൾക്കോ അത്ഭുതം പ്രവർത്തിക്കാനായില്ല.. ഒടുവിൽ.. ആ പ്രഹസനവും മടുത്തു ഉപേക്ഷിച്ചു …
മോൾടെ അവസ്ഥയിൽ നിരാശനായ നന്ദേട്ടൻ മദ്യത്തിൽ അഭയം കണ്ടെത്തി…
അതിലും കൂടുതൽ വിഷമിപ്പിച്ചത് നന്ദേട്ടന്റെ മോളോടുള്ള അകൽച്ചയായിരുന്നു..
മോളെ ജീവൻ പോലെ കണ്ടു,നിലത്തു വെക്കാത്ത നന്ദേട്ടൻ .
അവളെ കൈ കൊണ്ടു തൊടാതെയായി…
ഒരു നികൃഷ്ട ജീവിയെ കാണും പോലെ അവളെ അവഗണിച്ചു..
കുറ്റം എല്ലാം എന്റെതു മാത്രമായി..
മദ്യപിച്ചു നിലത്തുറയ്ക്കാത്ത കാലു കാലുകളും മായി വരുന്ന നന്ദേട്ടൻ എന്റെ വേദനയായി
ഉറക്കം ഇല്ലാത്ത രാത്രികളിൽ
മോളെയും നെഞ്ചോട് ചേർത്ത് പൊട്ടി കരയാൻ മാത്രം മേ കഴിഞ്ഞുള്ളൂ…
ഇനി ഒരു കുഞ്ഞു വേണമെന്ന നന്ദേട്ടന്റെ വാശി… എന്നിൽ ഭീതിയാണ്.. ഉണർത്തിയത്..
ഇനിയും ഒരു പരീക്ഷണത്തെ നേരിടാൻ എനിക്ക് ശക്തിഇല്ലായിരുന്നു..
നീ.. നിന്റെ ഈ പാഴ് ജന്മത്തെ കെട്ടിപിടിച്ചിരുന്നോ…
പക്ഷേ ഈ കാണുന്ന സമ്പത്തൊക്കെ … ഒരു അവകാശിയില്ലാതെ എന്നോട് തന്നെ അവസാനിക്കാൻ ഞാൻ സമ്മതിക്കില്ല…
അങ്ങനെ… ഒരു ആണ് കുട്ടിക്കും… രണ്ടു ഇരട്ട പെണ്ണ് കുട്ടികളുടെയും അമ്മയായി ഞാൻ…
എന്തിനും ഏതിനും ഞാൻ വേണമായിരുന്ന ലക്ഷ്മി മോളെയും കൊണ്ടു ഞാൻ ഒരുപാട് കഷ്ട പെട്ടു…
ആകെ ഒരാശ്വാസം നന്ദേട്ടന്റെ അമ്മയും, അച്ഛനുമായിരുന്നു…
മറ്റു മൂന്നു കുട്ടികളും, അച്ഛനും… എന്റെ ലക്ഷ്മി മോളെ അകറ്റി നിർത്തുംമ്പോൾ…
അമ്മയും അച്ഛനും അവളെ ചേർത്ത് നിർത്തി..
പിറന്നാളുകളിലും.. മറ്റു വിശേഷദിവസങ്ങളിലും എല്ലാവർക്കും പുതിയ വസ്ത്രങ്ങൾ വാങ്ങുമ്പോൾ… നന്ദേട്ടന് മനപൂർവ്വം എന്റെ മോളെ അവഗണിച്ചു…
മറ്റു മൂന്നു പേരും തങ്ങളുടെ അമ്മയുടെ സ്നേഹം തട്ടി എടുക്കാൻ വന്ന ഒരു ശത്രുവിനോടെന്ന പോലെ അവളെ വെറുത്തു..
ഒരു കണക്കിന് പറഞ്ഞാൽ അവരുടെ മനസ്സിൽ.. നന്ദേട്ടൻ തന്നെയാണ്.. ആ വിഷം കുത്തി വെച്ചതും..
എന്റെ ലോകം ലക്ഷ്മി മോളിൽ മാത്രം ഒതുങ്ങി… അമ്പലവും, പൂരവും, ആഘോഷങ്ങളും എന്റെ മോൾക് നിഷിദ്ധമായിരുന്നു…
അവളെ കൊണ്ടു പുറത്തു പോകുന്നത് നന്ദേട്ടനിഷ്ട്ട്മല്ലായിരുന്നു..
പുറത്തിറങ്ങിയാൽ.. മറ്റുള്ളവരുടെ സഹതാപം നിറഞ്ഞ വാക്കുകളും നോട്ടവും അസഹ്യ മായിരുന്നു…
അതു കണ്ടു മനസു മടുത്തു പിന്നെ എല്ലാം വേണ്ടെന്ന് വെച്ചു ആ വീടിന്റെ ചുവരുകൾക്കുള്ളിൽ തളച്ചു…
എന്റെയും ലക്ഷ്മി മോൾടെയും ജീവിതം
ഒരു ദിവസം നന്ദേട്ടേൻ പതിവില്ലാതെ
ലക്ഷ്മി മോൾക്ക് ഡ്രെസ്സും… പലഹാരങ്ങളുമായി വന്നു…
അവളുടെ അടുത്ത് ഇരിക്കുകയും, ലാളിക്കുകയും ചെയ്യൂന്നതു കണ്ട് കണ്ണും മനസ്സും നിറഞ്ഞു…
ഈശ്വര എന്റെ പ്രാർത്ഥന കേട്ടല്ലോ.. എന്റെ ഏട്ടന് നല്ല മനസു തോന്നിയല്ലോ…
ഒരുപാട് നാളുകൾക്ക് ശേഷം എനിക്ക് നന്ദേട്ടനോട് സ്നേഹം തോന്നി… അദ്ദേഹത്തിനു ഇഷ്ടമുള്ളതൊക്കെ വെച്ചു വിളമ്പി…
ഏറെ നാളുകൾക്ക് ശേഷം ആ നെഞ്ചിലെ ചൂടിൽ മുഖം ചേർത്ത് എന്റെ സങ്കടങ്ങളെ ഒഴുകി കളഞ്ഞു..
എന്റെ സങ്കടങ്ങളെറ്റ് വാങ്ങി എന്നെ തഴുകി കൊണ്ടേയിരുന്നു..
മാലു നിന്റെ സങ്കടങ്ങൾ ഞാൻ കാണുന്നുണ്ട്..
നീ ലക്ഷ്മിമോൾക്ക് വേണ്ടി ഒരുപാട് കഷ്ടപെടുന്നുണ്ട്… ഇനിയും അത് കണ്ടു നിൽക്കാൻ വയ്യാ…
ഞാനതിനു ഒരു പരിഹാരം കണ്ടിട്ടുണ്ട്..
എന്താ ഏട്ടാ അത്..
നമുക്കവളെ.. ഇങ്ങനെയുള്ള കുട്ടികളെ സംരക്ഷിക്കുന്ന സ്ഥലം ഉണ്ടല്ലോ.. അവിടെയാക്കാം..
അല്ലെങ്കിൽ ഏതെങ്കിലും ഒരു അനാഥാലയത്തിലാക്കാം നല്ലൊരു തുക ഡൊണേഷനായി കൊടുത്താൽ മതിയല്ലോ
മാസത്തിലോ, ആഴ്ചയിലോ നമുക്കവളെ കാണാൻ തോന്നുമ്പോൾ പോയി കാണാലോ..
മാലതി അവളെ പുണർന്നിരുന്ന അയാളുടെ കൈ തട്ടി മാറ്റി പിടഞ്ഞെഴുന്നേറ്റു
അപ്പോൾ ഇതിനാണോ പതിവില്ലാതെ ഇത്രയും സ്നേഹം കാട്ടിയത്…
നിങ്ങൾക് എങ്ങനെ മനസു വന്നു നന്ദേട്ടാ.. ഇങ്ങനെ ചിന്തിക്കാൻ… എന്നോട് ഇതു പറയാൻ നിങ്ങൾക്ക് എങ്ങനെ തോന്നി…
എന്റെ കുഞ്ഞിനെ ആരും ഇല്ലാത്തവളെ പോലെ കൊണ്ടു ഉപേക്ഷിച്ചു കളയാൻ…
അതിനു അവളെ നമ്മൾ ഉപേക്ഷിച്ചു കളയുവല്ലല്ലോ.. മാലു.. കാണണം തോന്നുമ്പോൾ നമ്മൾ ഓടി പോകില്ലേ
വേണ്ട.. ഇനി നിങ്ങൾ ഒരക്ഷരം മിണ്ടരുത്…
ജനിച്ചു വീണിട്ട്… നിങ്ങളുടെ കൈകളിൽ അല്ലെ അവളെ ആദ്യം തന്നതു… അവളിലൂടെയല്ലേ നിങ്ങൾ ഒരു അച്ഛനെന്ന വികാരം ആദ്യമായി അറിഞ്ഞത്…
ഈ കൈകൾ അവളെ എത്രയോ ലാളിച്ചിട്ടുണ്ട്..
നിങ്ങളുടെ ചുണ്ടുകൾ അവളെ എത്രയോ ഉമ്മകൾ കൊണ്ടു ഒമനിച്ചിട്ടുണ്ട്… അതൊക്കെ എത്ര നിസ്സാരമായ നിങ്ങൾ മറന്നു കളഞ്ഞതു..
അവൾക്കായി കുഞ്ഞുടുപ്പുകളും, കളിപ്പാട്ടങ്ങളും വാരിക്കൂട്ടിയ നിങ്ങൾ.. ഇപ്പൊ നമ്മുടെ മറ്റു കുട്ടികൾക്കു വേണ്ടി എന്റെ കുഞ്ഞിനെ തഴയുംമ്പോഴും…
നിങ്ങളെ നോക്കി നിഷ്കളങ്കമായി ചിരിക്കുന്ന എന്റെ മോളുടെ മുഖം നിങ്ങൾ ഒരിക്കലെങ്കിലും ഒന്നു നോക്കിയിട്ടുണ്ടോ…
എവിടെ… നിങ്ങൾക്ക് അതൊക്കെ കാണാൻ മനസ്സ്..
നിങ്ങൾ അവളോട് എത്ര ക്രൂരത കാട്ടിയാലും അവൾക് നിങ്ങളോട് പരിഭവം കാണില്ല…
മാലു.. ഞാൻ പറയുന്നതു നീ ഒന്നു മനസ്സിലാകു..
നീ പറഞ്ഞതെല്ലാം ശെരി തന്നെയാണ്..
അവളെ ലാളിക്കുമ്പോളും… കൊഞ്ചിക്കുമ്പോളും ഞാനറിഞ്ഞോ അവൾക്കിങ്ങനെയൊരു അസുഖമുണ്ടെന്നു..
കൊള്ളാം നന്ദേട്ടാ… തന്റെ മക്കൾക്ക് ഒരസുഖം വരുമ്പോൾ ഇല്ലാതായി പോകുന്നതാണോ ഒരച്ഛന്റെ സ്നേഹം… അവരുടെ കുറവുകൾ അറിഞ്ഞ കൂടുതൽ ചേർത്ത് പിടിക്കുകയല്ലേ വേണ്ടത്
അവളുടെ കുറ്റം കൊണ്ടാണോ അവൾക്കു ഓട്ടിസം വന്നതു..
അതിനു അവളെ നമ്മുടെ ജീവിതത്തിൽ നിന്നും തുടച്ചു മാറ്റുകയാണോ വേണ്ടത്…
അന്ന് ഡോക്ടർ പറഞ്ഞതു ഏട്ടൻ മറന്നു പോയോ… ഇങ്ങനെയുള്ള കുട്ടികൾക്ക് അവരിഷ്ടപെടുന്ന ആളിന്റെ സാന്നിധ്യമാണ് ഏറ്റവും നല്ല മെഡിസിൻ എന്ന്..
അതൊക്കെ ഓർമ ഉണ്ട്.. എനിക്ക് ഇവളുടെ കാര്യം മാത്രം ഓർത്തു വെച്ചാൽ പോരാ…
ഇവൾക്ക് താഴെ മൂന്നു പേരുണ്ട്… അവരുടെ ഭാവി നോക്കണ്ടേ…
അവരുടെ ഭവിക്ക് ഇപ്പോളെന്താ കുഴപ്പം… എന്റെ മോളു കാരണം അവർക്ക് എന്താ സംഭവിച്ചു…
ഇതുവരെയില്ല.. ഇനി നാളെ സംഭവിക്കാൻ പോകുന്ന കാര്യമോർത്താ ഞാനീതൊക്കെ പറയുന്നത്..
എനിക്ക് വേറെയുമുണ്ട് രണ്ടു പെണ്ണ് കുട്ടികൾ അവർക്ക് നാളെയൊരു കല്യാണം ആലോചന വന്നാൽ
ഇങ്ങനെ ഒരസുഖമുള്ള ആളുടെ വീട്ടിൽ നിന്ന് ആരെങ്കിലും പെണ്ണിനെ കൊണ്ടു പോകുവോ..
നമ്മുടെ മോനു ഒരു നല്ല ബന്ധം കിട്ടുവോ
മാലതി… ഇമ ചിമ്മാതെ അയാളെ തന്നെ നോക്കി നിന്നു..
പിന്നെ മെല്ലെ ചോദിച്ചു..
അപ്പോൾ നാളെ എനിക്കൊന്തെങ്കിലും അസുഖമുണ്ടായാൽ എന്നെയും ഇങ്ങനെ കൊണ്ടു ഉപേക്ഷിച്ചു കളയുവോ..
മാലതി നീ ഏഴുതാപ്പുറം വായിക്കണ്ട..
എഴുതാപ്പുറമല്ല… ആരോഗ്യവും അഴകും നോക്കി മാറ്റപെടുന്ന നിങ്ങളുടെ ഇഷ്ടത്തെ എനിക്കു വിശ്വാസമില്ല…
ഈ ലോകത്തെ ഒന്നിനും വേണ്ടി ഞാൻ എന്റെ മകളെ വിട്ടു തരില്ല
നിന്റെ സമ്മതം ആർക്കു വേണം . നന്ദൻ പൊട്ടി തെറിച്ചു..
ഞാനൊരു കാര്യം തീരുമാനിച്ചാൽ അതു നടത്തിയിരിക്കും….
ആർക്കും പ്രയോജന്മില്ലാത്ത ഈ ജന്മത്തെ ഇനിയും സഹിക്കാൻ പറ്റില്ല…
പുറത്തിറങ്ങി തലയുയർത്തി നടക്കാൻ വയ്യ ഈ നശിച്ച ജന്മം കാരണം…
എന്റെ മരണത്തിന് ശേഷം മാത്രമേ നന്ദേട്ടന്റെ ഈ വാശി നടക്കു… അവൾ വാശിയോടെ പറഞ്ഞു
മാലു…ഞാൻ പറയുന്നത് നീയൊന്നു കേൾക്കു..
എനിക്കെന്റെ പഴയ മാലുനെ തിരിച്ചു വേണം…
എന്നെ സ്നേഹം കൊണ്ടു മൂടിയ എന്റെ മാലുനെ.. നമ്മുടെ ബാക്കി മക്കളുടെ നല്ല അമ്മയായി..
അയാൾ അവളെ ചേർത്തണയ്ക്കാൻ കൈകൾ നീട്ടി ….
തൊടരുത് എന്നെ….
സ്വന്തം സുഖത്തിനും സ്വാർത്ഥതയ്കും വേണ്ടി നൊന്തു പ്രസവിച്ച മക്കളെ ഉപേക്ഷിച്ചു കളയാനും മാത്രം അധപതിച്ചു പോയവളല്ല ഞാൻ…
ഞാനിന്നും നിങ്ങളുടെ ആ പഴയ മാലുതന്നെ യാണ്…
മാറിയത് നിങ്ങളാണ്…
ഇന്നേവരെ ഒരു ഭാര്യയുടെ ധർമ്മം ഞാൻ പാലിച്ചു… ഒരു അമ്മയുടെ ധർമ്മം ഞാൻ പാലിച്ചു..
അവരുടെ മനസിൽ വിഷം കുത്തി വെച്ചത് നിങ്ങളാണ്…
സ്വന്തമായി അവളുടെ കാര്യം നോക്കാൻ പ്രാപ്തിഇല്ലാത്ത എന്റെ മോൾക്ക് വേണ്ടി കുറച്ചു സമയം അധികം ഞാൻ ചിലവഴിച്ചതാണോ ഞാൻ ചെയ്യ്ത തെറ്റ്…
പറ നന്ദേട്ടാ ..
നിങ്ങൾ ഒരാൾ മനസ്സ് വെച്ചിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ ഒരാവശ്യമായി എന്റെ മുന്നിൽ നിൽക്കേണ്ടി വരില്ലായിരുന്നു…
ക്ഷീണിച്ചു തളരുംമ്പോൾ ഒന്നു ചേർത്ത് നിർത്തി നിനക്കു ഞാൻ ഇല്ലെടാ എന്നൊരു വാക്കു മതിയാരുന്നു…
പകരം നിങ്ങൾ വേദനിപ്പിക്കാവുന്നത്തിന്റെ അപ്പുറം നിങ്ങൾ എന്നെ വേദനിപ്പിച്ചു…
നിങ്ങൾ മദ്യത്തിൽ സമാധാനം തേടിയപ്പോൾ.. ഞാൻ.. .എന്റെ മോളെയും കൊണ്ടു കരഞ്ഞു തീർക്കുകയായിരുന്നു എന്റെ ദിവസങ്ങൾ…
നിങ്ങൾക് അവളെ നിങ്ങളുടെ ജീവിതത്തിൽ നിന്നുമൊഴിവാക്കാൻ ഒരു പാട് കാരണങ്ങളുണ്ടാകും…
പക്ഷേ എനിക്കവളെ എന്നോട് ചേർത്ത് നിർത്താൻ ഒറ്റകാരണം മാത്രം ഉള്ളു ..
അതാണ് പൊക്കിൾ കൊടി ബന്ധം…
ഞാൻ അവളുടെ അമ്മയാണ്..
എന്റെ കുഞ്ഞിനെ സംരക്ഷിക്കാൻ കഴിഞ്ഞില്ലേ ഞാനെങ്ങനെ ഒരു നല്ല അമ്മയാകും…
എന്റെ കുഞ്ഞിനെ എന്നിൽ നിന്നും അകറ്റാൻ ശ്രമിച്ചാൽ എന്റെ മരണമായിരിക്കും അതിന് നിങ്ങൾക്കുള്ള മറുപടി
ഇത്രയും പറഞ്ഞു മാലതി മുറിക്കു പുറത്തേക്ക് പോയി…
ലക്ഷ്മിയുടെ മുറിയിൽ കയറി അവൾ വാതിലടച്ചു..
ഉറങ്ങി കിടക്കുന്ന അവളോട് ചേർന്ന് കിടന്നു…
ഒരു കൈ കൊണ്ട് അവളെ തന്നോട് ചേർത്ത് മുറുക്കി… എന്റെ പൊന്നിനെ അമ്മ ആർക്കും വിട്ടു കൊടുക്കില്ലടാ… എന്ന് പറഞ്ഞ് അവൾക്ക് തുരുതുരെ ഉമ്മ കൊടുത്തു
മാലതിയുടെ കണ്ണിൽ നിന്നും മിഴിനീർ ഒഴുകി..ലക്ഷ്മിയുടെ നെറ്റിയിൽ വീണുകൊണ്ടേയിരുന്നു.
തുടരും….
ബിജി അനിൽ