സിദ്ധചാരു ~ ഭാഗം 04, എഴുത്ത്: ലച്ചൂട്ടി ലച്ചു

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

പിന്നീടുള്ള ഓരോ കൂടിക്കാഴ്ചകളും ഓരോ ചുംബനങ്ങളുടെ സമ്മാനങ്ങൾ പരസ്പരം കൈമാറി പിരിഞ്ഞുകൊണ്ടേയിരുന്നു …!!

വിലക്കുകൾ പ്രണയത്തിന്റെ ശക്തി കൂട്ടിക്കൊണ്ടേയിരുന്നു …

ആരുമാരും പരസ്പരം ഇഷ്ടം പറഞ്ഞിട്ടില്ലെന്നതാണ് സത്യം …!!

എങ്കിലും അങ്ങനയാണെന്നു തന്നെ അടിയുറച്ചു വിശ്വസിക്കാനായിരുന്നു ഇഷ്ടം …

ആരുമാറുമറിയാത്ത ആ പ്രണയത്തിനു ഒരു വയസ്സ് തികഞ്ഞപ്പോഴായിരുന്നു അത് സംഭവിച്ചത് …!!

തനിക്ക് വേണ്ടി എന്തോ സർപ്രൈസ്‌ ഒരുക്കിയിട്ടുണ്ട് കാണണമെന്ന് വിളിച്ചപ്പോൾ അവിടേക്കോടിച്ചെന്നു …

മുറിയിൽ ആരുമില്ലാത്തതുകൊണ്ട് തന്നെ കൊണ്ടുവന്ന സമ്മാനപൊതി ടേബിളിൽ കൊണ്ട് വച്ചിട്ടുപോകാമെന്നു തന്നെ വിചാരിച്ചു …

മലർന്നു കിടന്ന പുസ്തകങ്ങളുടെ താളുകൾ പെട്ടെന്നാണ് ശ്രദ്ധയിൽ പെട്ടത് …

തന്റെ മുഖം ഭംഗിയായി വരച്ചിരുന്നു …!!

സിദ്ധുവിന് ചിത്രം വരയ്ക്കാനുള്ള കഴിവുണ്ടെന്നത് പുതിയ അറിവായിരുന്നു …

പക്ഷേ …!!

പിന്നീടുള്ള ഓരോ പേജുകളിലും ഓരോ മുഖങ്ങളായിരുന്നു …

അച്ഛന്റെ …അമ്മയുടെ …സ്വാതിയേച്ചിയുടെ… മുത്തശ്ശിയുടെ …അവസാനമായി മുത്തശ്ശന്റെയും …

എന്തിനാണ് ഇത്രയധികം മുഖങ്ങൾ വരച്ചിരിക്കുന്നത് …!!

ഒരുപക്ഷെ ഇതുവരെയും കാണാൻ കഴിഞ്ഞിട്ടില്ലാത്തതുകൊണ്ട് ജാനകിയപ്പയുടെ വിവരണത്തിലൂടെ പണ്ടെങ്ങോ വരച്ചുചേർത്തതാവാം ….

ഒത്തിരി സന്തോഷമാണ് തോന്നിപ്പോയത് …

ഇത്രയും സ്നേഹവും കാണാനുള്ള കൊതിയും ഉള്ളിലൊതുക്കിയാട്ടാകും ദേഷ്യം ഭാവിച്ചുനടന്നതെന്നോർത്തു അന്തിച്ചു …

അയാളെ തിരഞ്ഞു തന്നെ പുറത്തേക്ക് നടക്കുന്നതിനിടയിൽ കേട്ട അകത്തളത്തിലെ സംസാരം നെഞ്ചു പൊടിക്കുന്നതായിരുന്നു …!!

“എന്തൊക്കെ പറഞ്ഞാലും നീയീ ചെയ്യുന്നത് തെറ്റാണ് സിദ്ധു …!!

ഒരു പാവം പെൺകുട്ടിക്ക് ഇത്രമാത്രം ആഗ്രഹങ്ങളും പ്രതീക്ഷകളും കൊടുത്തിട്ട് അത് തല്ലിക്കെടുത്തിയാൽ ദൈവം പോലും നിന്നോട് പൊറുക്കില്ല …

എത്ര പകയുടെയും പ്രതികാരത്തിന്റെയും മറയിൽ നീ അതിനെ പൊതിഞ്ഞുപിടിച്ചാലും അകമേ നീചെയ്യുന്നത് ക്രൂരമാണ് ….!!

ഞങ്ങൾക്ക് പോലും പൊറുക്കാനാകാത്തതാണ് …!!”

സുധീരനമ്മാവന്റെ വാക്കുകൾ …

“നീയ് സ്നേഹിച്ചതാണെങ്കിൽ അവളെ വിളിച്ചുകൊണ്ട് വാ..

പൊന്നുപോലെഞാൻ നോക്കിക്കോളാം …

അച്ഛനോ ജയനോ ഇതിനെപ്പറ്റി ഒരു വസ്തു അറിയില്ല …

അവരുടെ അറിവോടെ ഇതുനടക്കുകേമില്ല …

അവളെ എനിക്കൊത്തിരി ഇഷ്ടാണ് മോനേ ..

തങ്കം പോലൊരു കുട്ടി …!!

അവളുടെ മനസ്സ് എന്റെ മോനായിട്ട് വിഷമിപ്പിക്കരുത് ….!!”

അപ്പോൾ എല്ലാം ജാനകിയപ്പയും സിദ്ധുവിന്റെ അച്ഛനും അറിഞ്ഞിരിക്കുന്നു ….

തന്നെ വിളിച്ചിറക്കിക്കൊണ്ട് പോകാനാണ് തീരുമാനമെന്ന് സിദ്ധു പറഞ്ഞാൽ താൻ എന്തുനിലപാടെടുക്കും …??

അച്ഛനെയും മുത്തശ്ശനെയുമൊക്കെ എതിർത്ത് …!!

എങ്ങനെയാ സിദ്ധുവിനോടൊപ്പം …!!

ഇങ്ങനെയൊരവസ്ഥയെ കുറിച്ച് മുൻപെങ്ങും ചിന്തിച്ചിരുന്നില്ല …

എന്തുവന്നാലും ഒരു ജീവിതം തനിക്കുണ്ടെങ്കിൽ അത് സിദ്ധുവിനോടൊപ്പം മാത്രമായിരിക്കും …!!

മുത്തശ്ശൻ തന്നെ കൊന്നോട്ടെ …!!

അച്ഛൻ തല്ലി അവശയാക്കിക്കോട്ടെ ….

എന്നാലും സിദ്ധുവിനെ മറന്നൊരു ജീവിതം തനിയ്ക്കില്ല …!!

ഇന്ന് തന്നെ സിദ്ധുവിനോടെല്ലാം സംസാരിച്ചു ഉറപ്പുവരുത്തണം മനസ്സിലൊരു ദൃഢനിശ്ചയമെടുക്കുകയായിരുന്നു …

“ചാരുലത …!!

അവളെ ഞാൻ വിവാഹം കഴിക്കുമെന്ന് നിങ്ങളോടാരാ പറഞ്ഞത് …??”

വെള്ളിടി പോലെയാണ് സിദ്ധുവിന്റെ വാക്കുകൾ ഹൃദയത്തിൽ തറച്ചത് …

“നീ ….നീ എന്തൊക്കെയാണ് സിദ്ധു പറയുന്നത് …??”

ജാനകിയപ്പയുടെ പരിഭ്രമത്തോടെയുള്ള സ്വരം …!!

വാതിൽമറവിൽ നിന്ന് സിദ്ധാർത്ഥിന്റെ ചിരിയ്ക്കുന്ന മുഖം മനസ്സിനെ ആയിരം തുണ്ടുകളായി വലിച്ചുകീറി …!!

“നിങ്ങൾ കേട്ടോ … ??

ഇവനെന്തൊക്കെയാണീപറയുന്നതെന്ന് …??”

ജാനകിയപ്പ സുധീരനമ്മാവന്റെ നേരെ നിസ്സഹായതയുടെ നോട്ടമയച്ചു …

“എനിക്കറിയാം ജാനകി …

ആദ്യമേ ഞാൻ പറഞ്ഞു വിലക്കിയിരുന്നു അവനെ …

നല്ല ഉദ്ദേശത്തോടെ ഒരു ജന്മം മുഴുവൻ അവളെ സ്വന്തമായി കണ്ട് ഇവിടേക്ക് വിളിച്ചുകൊണ്ടുവരാനായിരുന്നെങ്കിൽ ഞാനെന്റെ എല്ലാ പിന്തുണയും ഇവന് കൊടുത്തേനെ..

പക്ഷേ ..ഇത് …ചതിയാണ് …
ഇവനാ കുഞ്ഞിനോട് കാട്ടുന്നത് …

ഇവന്റെ കുടിപ്പകയിൽ വെന്തുനീറ്റാനായിരുന്നു ആ കുഞ്ഞിനെയെന്നു ആദ്യമേ അറിഞ്ഞിരുന്നെങ്കിൽ ഒന്നിനും സമ്മതിച്ചുകൊടുക്കില്ലായിരുന്നു ഞാൻ….”

അദ്ദേഹം പിറുപിറുത്തു …

“മോനെ ഒരിയ്ക്കലും അങ്ങനെ ചെയ്യരുത്… പക്വതയും പാകതയും ഇനിയുമെത്തിയിട്ടില്ലാത്തൊരു പൊടിപ്പെണ്ണാണ് അവൾ …

നിന്റെ മാറ്റം.. നിന്നിലെ പ്രതികാരം ..ഒന്നുമവൾക്ക് ഉൾക്കൊള്ളാൻ കഴിയില്ല …

ഇത്രയും നാൾ സ്നേഹിച്ചിട്ട് ഒടുവിലത് ചതിക്കാനാണെന്നറിഞ്ഞാൽ ചങ്കുപൊട്ടി മരിയ്ക്കും ആ പെണ്ണ് …!!”

ജാനകിയപ്പയുടെ സ്വരം നേർത്തിരുന്നു

“ഒന്ന് നിർത്തുന്നുണ്ടോ രണ്ടാളും…!!”

സിദ്ധാർത്ഥിന്റെ സ്വരം ഉയർന്നുകേട്ടു …

കൈവിരലുകൾ മാറോടടക്കിപ്പിടിച്ചു ഹൃദയം സ്തംഭിച്ച അവസ്ഥയിൽ അയാളുടെ വാക്കുകൾക്കായി കാതോർത്തു …

“ആങ്ങളയുടെ മകളുടെ കണ്ണീര് കാണാൻ വയ്യ അല്ലെ അമ്മക്ക് …!!

ഇരുപത്തിനാല് വർഷം എന്റെ അമ്മ ഒഴുക്കിയ കണ്ണീരോളം വരുമോ അത് …

എന്റെ അച്ഛൻ സഹിച്ച വേദനയോളം വരുമോ …

അവളുടെ മുത്തശ്ശന്റെയും അച്ഛന്റെയും വല്യച്ഛന്മാരുടെയും കൊടുംചെയ്തികൾ കൊണ്ട് നഷ്ടമായത് ഒരുപാട് സന്തോഷങ്ങൾ ചേർത്തുവെയ്ക്കപ്പെടേണ്ടയിരുന്ന എന്റെ ബാല്യമാണ് …!!

ഒറ്റക്കയ്യനായ ഒരച്ഛന്റെ മകനായി ജനിച്ച നഷ്ടങ്ങളെ മാത്രം കൂട്ടിനിര്ത്തേണ്ടി വന്ന …ഓരോ രാത്രിയിലും അച്ഛന്റെ ദേഹം നോക്കി വിമ്മിവിമ്മി കരയുന്ന എന്റെ പെറ്റമ്മയുടെ കണ്ണുനീരിന്റെ ഉപ്പുരസം മാത്രം അലിയിച്ചിറക്കി വിശപ്പടക്കേണ്ടി വന്ന എനിക്ക് അവളുടെ വിരഹം നൂറിലൊരംശത്തിന്റെ വിലയ്ക്കുപോലും അർഹമാണെന്നു തോന്നുന്നില്ല ….!!

പകല് മുഴുവൻ പുലയന്റെയും ചെറുമന്റെയും പെണ്ണുങ്ങളുടെ കൂടെ വെയിൽപോക്കി വയലിൽ വിയർത്തുകുളിച്ചുംപല വീടുകളിലെയും അടുക്കളകൾ നിരങ്ങിയും അന്നന്നത്തെ അന്നം മകനും വികലാംഗനായ ഭർത്താവിനും കൊണ്ടുവന്നുകൊണ്ടിരുന്ന ഒരുകാലമുണ്ടായിരുന്നു ഇളവന്നൂരിലെ ജാനകിതമ്പുരാട്ടിക്ക് ….!!!

അമ്മ അതും മറന്നോ …!!”

അയാളുടെ രൂക്ഷമായ നോട്ടം നേരിടാനാവാതെ ജാനകിയപ്പ നോട്ടം താഴ്ത്തുന്നുണ്ടായിരുന്നു …

“അമ്മക്കതു മറക്കാം …

ഇതെല്ലാം പോട്ടെന്നും വയ്ക്കാം ..

പക്ഷെ …ആ രാത്രി അതെനിക്ക് മറക്കാൻ കഴിയില്ലമ്മേ …

ഒരു കയ്യെടുത്തിട്ടും പോരാഞ്ഞ് അമ്മയുടെ അച്ഛനും ആങ്ങളമാരും വീണ്ടും നമ്മളെ ഉപദ്രവിക്കാൻ വേണ്ടി വന്നപ്പോൾ ചാരുവിന്റെ അച്ഛൻ എന്റെ അമ്മാവന്റെ കാൽവിരലിൽ പിടഞ്ഞ അമ്മയുടെ വയറിൽ എന്റെ പെങ്ങളുണ്ടായിരുന്നു …!!

അതിന്റെ ഹൃദയമൊന്നു മിടിച്ചുതുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു …!!”

സിദ്ധാർത്ഥിന്റെ കണ്ണിൽ നിന്നും ഒരിറ്റുകണ്ണീർ കൺകോണിലെവിടെയോ ഇടംപിടിച്ചു …

“ഒന്നും മറക്കില്ല ഈ സിദ്ധാർഥ് …

ചാരുലത …!!

അവളാണ് ആ തറവാടിന്റെ ജീവൻ …!!

മറ്റാരേക്കാളും അവളുടെ മുത്തശ്ശൻ സ്നേഹിക്കുന്നതും അവളെതന്നെയാണ് …

ചെറുമക്കളിൽ പക്ഷഭേദം കാണിക്കുന്നതിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായിരുന്നു അയാൾക്ക് അവളോട്‌ മാത്രമായുള്ള വാത്സല്യം ….!!

അത് മതിയാകും എനിക്കയാളോടുള്ള പ്രതികാരത്തിന്റെ അഗ്നി കൊളുത്താൻ …

എതിർ ഭാഗത്തുള്ള ഓരോന്നിനെയും എന്റെ വിരല്തുമ്പിനറ്റത്തു തീർക്കാൻ പോന്ന ആയുസ്സിന്റെ കൂട്ടത്തിൽ എഴുതി ചേർക്കും ഞാൻ …

അതിലാദ്യത്തേത് ചാരുലത ….!!

അവളുടെ ജീവിതം എന്റെ കൈപ്പിടിയിലാകുമ്പോൾ ആ തറവാട്ടിലെ ഓരോരുത്തരായി എന്റെ മുൻപിൽ വന്നു കെഞ്ചുന്നത് ഞാൻ ആസ്വദിക്കും …

എന്റെ അമ്മയുടെ കാലിൽതൊട്ട് മാപ്പ് പറയിക്കും ഞാൻ…!!
അതെന്റെ പൊലിഞ്ഞു പോയ കൂടപ്പിറപ്പിനു വേണ്ടി …അയാളെ കൊണ്ട് …ചാരുലതയുടെ അച്ഛൻ ജയവർധൻ …!!

പിന്നെ അവളുടെ മുത്തശ്ശൻ …

ആഢ്യത്വം അലങ്കാരമായി ശിരസ്സിൽ ചുറ്റിനടക്കുന്ന അയാളെക്കൊണ്ട് എന്റെ അച്ഛന്റെ
പകുതിവെന്തുപോയ ശരീരത്തിനെ കണ്ണീരുകൊണ്ട് തണുപ്പിക്കാൻ പറയണം എനിക്ക് …

ഒരായുസ്സ് മുഴുവൻ ഞാനനുഭവിച്ച ദുഃഖം അവരോരുത്തരും അനുഭവിക്കണം…

എന്റെ പകയുടെ നെരിപ്പോടിൽ ഉള്ളുനീറി അയാളുടെദേഹം പട്ടടയിലേക്കെടുക്കുമ്പോൾ ഒരുപക്ഷെ എന്റെ മനസ്സ് ശാന്തമായേക്കാം……!!”

തണുത്തൊരു നിശ്വാസത്തോടെ അയാളത് പറഞ്ഞുതീർന്നപ്പോഴേക്കും കണ്ടത് സർവവും അവസാനിച്ച മട്ടിൽ തളർന്നു വാതിൽപ്പടിയിൽ തൂങ്ങിനില്ക്കുന്ന തന്നെയായിരുന്നു …

“മോളെ …!!”

ആവലാതിയോടെ ജാനകിയപ്പ തന്റെ കൈകളിൽ മുറുകെപ്പിടിച്ചു …

ആ കൈകൾ പതുക്കെ എടുത്തുമാറ്റിക്കൊണ്ട് തന്നെ സിദ്ധുവിന്റെ മുൻപിൽ പൊട്ടിപ്പൊളിഞ്ഞ ഹൃദയത്തോടെ ചെന്നു നിന്നു താൻ …

“നന്നായിരിക്കുന്നു അഭിനയം …!!”

കയ്യടിച്ചുകൊണ്ട് കണ്ണീർപടർന്നു നീരുവച്ച കവിളുകളിൽ പരിസഹത്തിലൊളിപ്പിച്ച വേദനയോടെ ഞാനയ്യാളെ നേർക്കുനേർ നോക്കിയപ്പോൾഅയാളുടെ കണ്ണുകളിൽ കണ്ട വികാരമെന്തായിരുന്നു അറിയില്ല …!!

“പഴയൊരു പ്രതികാരത്തിന്റെ അണഞ്ഞുപോയ തിരി ഊതിത്തെളിയിക്കാൻ കണ്ട വഴി …!!

കഥകളിലൂടെ മാത്രമേ ഞാനറിഞ്ഞിരുന്നുള്ളൂ സിദ്ധു ഇങ്ങനെ വേഷപ്പകർച്ചകൾ കാട്ടുന്ന കഥാപാത്രങ്ങളെ പറ്റി …

ഒരിയ്ക്കലും നേരിട്ട് കാണാൻ പറ്റുമെന്ന് കരുതിയിരുന്നില്ല ….!!”

അണച്ച ഹൃദയത്തോടെ അത് താൻ പറയുമ്പോഴേക്കും ബാക്കിപറയാനാകാതെ പൊട്ടിക്കരഞ്ഞുപോയിരുന്നു …

“പക്ഷേ ഒരുചോദ്യം …!!

എന്നോ ആരോ ചെയ്ത ക്രൂരതക്ക് രക്തബന്ധമുണ്ടായിപ്പോയതിന്റെ പേരിൽ ഈ പാവം പെണ്ണിനോട് വഞ്ചന കാട്ടുമ്പോൾ നിങ്ങളെന്താണ് നേടുന്നത് …..??

എന്റെ മുത്തശ്ശനും അച്ഛനും ചെയ്തുപോയ പാതകങ്ങളെ പാകപ്പെടുത്തുവാൻ എന്നിലൂടെ നിങ്ങൾ സ്വപ്നം കാണുന്ന കണ്ണീരിന് കഴിയോ സിദ്ധു …??

പറയ് …!!”

തേങ്ങിക്കൊണ്ട് താനയാളുടെ മാറിൽ ആഞ്ഞടിച്ചുകൊണ്ട് അരിശം തീർക്കുമ്പോഴും ആ ദേഹത്തുനിന്ന് വിട്ടുമാറാനേ തോന്നിയിരുന്നില്ല ….!!

അയാളെത്തന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അയാളോടുള്ള സ്നേഹവും ദേഷ്യവും വിഷമവും ഒരുമിച്ചു ഒഴുക്കിക്കളയാൻ തക്കവണ്ണം അയാളിൽ വിധേയപ്പെട്ടുപോയിരുന്നു താനെന്ന് അന്നാണ് മനസ്സിലാക്കിയത് …!!

“മോളെ ഞങ്ങളോട് ക്ഷമിക്കണം നീയ് …

അറിഞ്ഞിരുന്നില്ല …

അറിഞ്ഞിരുന്നെങ്കിൽ ഒരിയ്ക്കലും ഈ ചതിയ്ക്ക് കൂട്ടുനിൽക്കുമായിരുന്നില്ല ഞങ്ങൾ …..”

ഇരുണ്ട മുഖത്ത് വാർന്നുവീണ സിദ്ധുവിന്റെ അച്ഛന്റെ കണ്ണീർ തുടച്ചുകൊണ്ട് താൻ അദ്ദേഹത്തെ നോക്കിനിന്നു …

“ഒരു ആശ്വാസമുണ്ട്സ്വന്തം അച്ഛനും അമ്മയുമായി കണ്ട എന്റെ അപ്പയ്ക്കും അമ്മാവനെങ്കിലും എന്നോട് ഇയ്യാൾ ചെയ്തത് വഞ്ചനയാണെന്ന തിരിച്ചറിവ് ഉണ്ടല്ലോ എന്നത് ….!!”

തിരിഞ്ഞു നിന്ന് സിദ്ധാർത്ഥിന്റെ നേരെ വിരൽ ചൂണ്ടുമ്പോഴും എപ്പോഴൊക്കൊയോ കളഞ്ഞുപോയിരുന്ന ഉശിര്‌ വീണ്ടെടുത്ത് പഴയ ശൗര്യമുള്ള ചാരുലതയാവാൻ ശ്രമിക്കുകയായിരുന്നു താൻ …

“ഒന്നോർത്തോളൂ സിദ്ധാർഥ് …!!

ഞാൻ നിങ്ങളെ പ്രണയിച്ചിരുന്നത് എന്റെ ജീവനേക്കാളേറെയായിരുന്നു …

നിങ്ങളുടെ പ്രതികാരത്തിനേക്കാൾ ഒരുപക്ഷെ ആയിരമിരട്ടി തീവ്രതയുണ്ടായിരുന്നു എന്റെ പ്രണയത്തിനെന്ന് മനസ്സിലാക്കുന്ന ഒരു ദിവസം വരും …!!

അന്ന് നിങ്ങൾക്ക് മനസ്സിലാവും എന്നോട് ചെയ്ത അപരാധം എത്രത്തോളം വലുതായിരുന്നെന്നു ….!!”

ഇനിയൊരിക്കലും ആ പടിക്കെട്ടിനകത്തേക്ക് ഒരു തിരിച്ചുപോക്കില്ലെന്ന തീരുമാനത്തോടെയായിരുന്നു അന്നവിടെ നിന്നിറങ്ങിയത് …

ആരുമറിയാതെ പോയ പ്രണയവും അതിലൂടെ അയാൾ നടത്താനാഗ്രഹിച്ച പ്രതികാരവും തീർന്നുകാണുമെന്നാണ് കരുതിയത് ……!!

പക്ഷേ …..!!

നിറഞ്ഞ കണ്ണുകളോടെ ചാരുലത മയക്കത്തിലേക്ക് വഴുതിവീണു …

~~~~~

“ചാരു…!!

വേഗമെഴുന്നേറ്റ് റെഡിയാവൂ കുട്ടി …..

അവരൊക്കെ ഇങ്ങെത്താറായി …!!”

കണ്ണുതുറന്നുനോക്കിയപ്പോൾ സ്വാതി നീലക്കണ്ണാടിക്ക് മുൻപിലാണ് …

നന്നായി ഉടുത്തൊരുങ്ങിയിരിക്കുന്നു …!!

കണ്ണുകളിൽ ഇതുവരെ നടന്ന പെണ്ണുകാണലിനുള്ള ഒരുക്കങ്ങളിൽ കാണാത്തത്ര ഉത്സാഹം …

വന്നുപോയും കണ്ടുമടുത്തും അവളും തളർന്നു കാണും ….!!

ജാതകം ചേർന്നതോടെ ഇത് നടക്കുമെന്ന പ്രതീക്ഷയിലാണ് പാവം …!!

ഒരുപക്ഷെ സിദ്ധാർഥ് പക മാറ്റിവച്ച് ശരിക്കും സ്വതിയേച്ചിക്കൊരു ജീവിതം കൊടുക്കാനാകുമോ …!!

എങ്കിൽ തന്നോടൊപ്പം ചിലവിട്ട നാളുകൾ തന്നെ വീണ്ടും വീണ്ടും കാണുംതോറും അയാളിൽ പുനർജനിക്കയല്ലേ ചെയ്യുക….!!

അതെന്റെ സ്വതിയേച്ചിയുടെ ജീവിതത്തെയായിരിക്കില്ലേ ബാധിക്കുക …!!

ഇനി അഥവാ അയാൾ
വീണ്ടും കുടിപ്പകയുണർത്താൻ വേണ്ടി ഈ തറവാട്ടിലെ അടുത്ത സന്തതിയെക്കൂടി കരുവാക്കുകയാണെങ്കിൽ ….!!

“എന്റെ
സ്വാതിയേച്ചി ….!!”

വല്ലാത്തൊരു ഉൾപ്പകപ്പോടെ ചാരു പിടഞ്ഞെണീറ്റു …

തുടരും…