സ്വന്തം വീട്ടിലെ അവസ്ഥയെക്കാൾ മോശമായിരുന്നു കിഷോറിന്റെ വീട്ടിലെ മൃണാളിനിയുടെ അവസ്ഥ….

ഗാന്ധർവ വിവാഹം

Story written by Nisha Pillai

===================

മൃണാളിനിയ്ക്കു പത്താം ക്ലാസ് വരെ മാത്രമേ വിദ്യാഭ്യാസമുള്ളൂ. പിന്നെ അവൾ പഠിച്ചില്ല, പഠിപ്പിച്ചില്ല എന്ന് പറയാം…പഠിക്കാൻ അത്ര കേമിയായിരുന്നില്ലല്ലോ അവൾ.

പിന്നെ പാചകം , തയ്യൽ ഇത്യാദി കലകൾ പഠിച്ചു.കൂലിപ്പണിയായിരുന്നു അച്ഛൻ നാരായണന്, അമ്മ കുസുമം ചകിരി വൃത്തിയാക്കി കയറുണ്ടാകുന്ന പണി ചെയ്യാൻ പോകും. മൃണാളിനിയുടെ അനിയത്തി മായ പഠിക്കാൻ ബഹു മിടുക്കിയാണ്, അതിനാൽ അച്ഛനും അമ്മയ്ക്കും അവളോടാണ് കൂടുതൽ ഇഷ്ടം.

വീട്ടിൽ അത്ര അരുമയല്ലെങ്കിലും, പരോപകാരിയായ മൃണാളിനി നാട്ടുകാർക്ക് കണ്ണിലുണ്ണിയായിരുന്നു. മായയെ പോലെ സുന്ദരി അല്ലെങ്കിലും, ഇരുണ്ട നിറമുള്ള മെലിഞ്ഞ സുന്ദരമായ ശരീരമുള്ള മൃണാളിനിയെ നാട്ടിലെ പല ചെറുപ്പക്കാരും സ്വകാര്യമായി ആരാധിച്ചിരുന്നു.

പതിനെട്ടു കഴിഞ്ഞപ്പോഴേ കല്യാണ ആലോചനകൾ വന്നു തുടങ്ങി.പക്ഷെ ജാതകദോഷം , വൈധവ്യദോഷം എന്നൊക്കെ പറഞ്ഞു അവളുടെ കല്യാണം നീണ്ടു പോയി.ഒരേ പോലെ വളർന്നു വരുന്ന രണ്ടു പെൺകുട്ടികളുള്ള മാതാപിതാക്കളുടെ വിഷമം നാരായണനും കുസുമത്തിനും ഉണ്ടായിരുന്നു. മാത്രവുമല്ല മായ ഏതോ ക്ലാസ് മേറ്റുമായി കടുത്ത പ്രണയത്തിലുമായി ,അവനെ മാത്രമേ കല്യാണം കഴിക്കൂ എന്ന വാശിയിലാണ്. നല്ല കുടുംബം,നല്ല ആളുകൾ. അവൾക്കു മുന്നിലെ ഏക തടസ്സം ചേച്ചി മൃണാളിനിയാണ്.

മൃണാളിനിയുടെ ജാതകവുമായി മാതാപിതാക്കൾ ജ്യോത്സനെ പോയി കണ്ടു

“ഈ കുട്ടിയുടെ ജാതകത്തിൽ വിവാഹ യോഗമില്ല. വിവാഹം നടന്നാലും വൈധവ്യമാണ് വിധി.”

അയാൾ ജാതകം മാറ്റി വച്ചു.

“എന്തെങ്കിലും വഴിയുണ്ടോയെന്ന് നോക്ക് ജ്യോത്സരെ .”

“പണ്ടൊക്കെ പ്രതിവിധിയായി വാഴ കല്യാണം നടത്തുമായിരുന്നു. നിങ്ങൾക്കു വേണ്ടി പരിഹാരമായി ഒരു പൂജ കല്യാണം നടത്താം. സംഗതി ഗോപ്യമായി വയ്ക്കണം.തയാറാണേൽ ഞായറാഴ്ച ഒരു വെള്ളിയിൽ നാരായണ രൂപവും,സ്വർണ താലിയും വാങ്ങി പെൺകുട്ടിയെയും കൂട്ടി കൊണ്ട് വന്നോളൂ.”

അച്ഛനമ്മമാരെ അവൾ അനുസരിച്ചു. ഞായറാഴ്ച പൂജകൾ തുടങ്ങി. പുതുവസ്ത്രം ധരിച്ച മൃണാളിനിയെ പൂജയ്ക്കു ഇരുത്തി.നാരായണ പൂജക്കു ശേഷം, പൂജിച്ച താലിയെടുത്തു,നാരായണനെ മനസ്സിൽ വരനായി സങ്കൽപിച്ചു താലിയെടുത്ത് സ്വയം കഴുത്തിൽ  അണിയാൻ അവളോട് പറഞ്ഞു. പൂജിച്ച നാരായണ രൂപം അവളുടെ കയ്യിൽ കൊടുത്തു.

“ഇന്ന് രാത്രി നാരായണനെ മുറിയിൽ വച്ചു പൂജിച്ചു ,നന്നായി പ്രാർത്ഥിക്കുക,ആ താലിയണിഞ്ഞ് ഉറങ്ങുക. രാവിലെ ഉറക്കമുണർന്നു താലിയൂരി നാരായണ രൂപവുമായി അടുത്തുള്ള അമ്പലത്തിലെ കാണിക്ക വഞ്ചിയിൽ നിക്ഷേപിക്കുക.ഇതോടെ വൈധവ്യദോഷം തീരും.”

ജാതക ദോഷം അസ്തമിച്ചെന്ന സന്തോഷത്തിലാണ് ചുമട്ട് തൊഴിലാളിയായ രാകേഷുമായി മൃണാളിനിയുടെ വിവാഹം നടത്തിയത്. ഒരാഴ്ച കാലമായിരുന്നു ആ വിവാഹത്തിന്റെ ആയുസ്സ്. ചുമടെടുപ്പിനിടയിൽ കാല് വഴുതി അരിച്ചാക്കു തലയിൽ വീണു രാകേഷ് മരിച്ചു.

“കാ ലത്തി വന്നു എന്റെ മകനെ കൊ ന്നുവെന്ന് ” രാകേഷിന്റെ അമ്മ കുറ്റപ്പെടുത്തി.

“നന്നായി,ചേച്ചിയുടെ ഭർത്താവു ഒരു ചുമട്ടു തൊഴിലാളി ആണെന്ന് ഇനി ആരോടും പറഞ്ഞു നാണം കെടേണ്ടല്ലോ. കിഷോറിന്റെ ചേട്ടൻ ഗോപേട്ടൻ ജില്ലാ ലേബർ ഓഫീസർ ആണ്.”

എന്ന് സ്വന്തം അനിയത്തി മായ ആശ്വാസം കൊണ്ടു.

രാകേഷിന്റെ മരണം കഴിഞ്ഞു മൃണാളിനി വീണ്ടും സ്വന്തം വീട്ടിലായി. മായയ്ക്കും കിഷോറിനും ഒരേ കമ്പനിയിൽ ജോലിയായി.ഉടനെ തന്നെ മായയുടെ വിവാഹവും നടത്തി കൊടുത്തു. ഇപ്പോൾ വീട്ടിൽ ആരും മൃണാളിനിയെ പറ്റി ചിന്തിക്കാറില്ല.

അടുക്കളയിലെ വെറുമൊരു വെപ്പുകാരി മാത്രമായി അവൾ. അമ്മയ്ക്കും പോലും അവളൊരു അധികപ്പറ്റായി. മായ ഗർഭിണിയായി, വൈകാതെ സുന്ദരനായ ഒരു ഉണ്ണിയെ മായ പ്രസവിച്ചു. കുഞ്ഞിനെ തൊടാൻ പോലും മായ മൃണാളിനിയെ അനുവദിച്ചില്ല. വൈധവ്യദോഷം കുഞ്ഞിനെ ബാധിക്കുമെന്ന് നഗരത്തിലെ വലിയൊരു മൾട്ടി നാഷണൽ കമ്പനി ഉദ്യോഗസ്ഥയായ മായ കണ്ടു പിടിച്ചു.

തന്റെ വിധിയെ പുച്ഛത്തോടെ മാത്രം നോക്കിയിരുന്ന മൃണാളിനി,ആ വീട്ടിൽ നിന്നും പോകണമെന്നും സ്വന്തമായി എന്തെങ്കിലും ചെയ്ത് ജീവിയ്ക്കണമെന്നും ആഗ്രഹിച്ചു.

ആയിടയ്ക്കാണ് കിഷോറിന്റെ അമ്മയുടെ മരണം.

പകൽ സമയത്തു കുട്ടിയെ നോക്കാൻ ആരുമില്ലാത്തതിനാൽ കുഞ്ഞിനെ ഡേ കെയറിൽ വിടാനായിരുന്നു മായയുടെ തീരുമാനം. കിഷോറിന്റെ ചേട്ടൻ, ഗോപേട്ടൻ എതിർത്തതിനാൽ പകൽ കുഞ്ഞിനെ നോക്കാൻ മൃണാളിനിയെ അവർ കൂട്ടികൊണ്ടു വന്നു. വെപ്പ്കാരിയിൽ നിന്നും ആയയായി അവൾക്കു സ്ഥാനക്കയറ്റം നൽകപ്പെട്ടു.

“നമ്മുടെ കുഞ്ഞിന്റെ കാര്യം നിങ്ങളുടെ ചേട്ടനാണോ തീരുമാനിക്കുന്നത്.”

മായ കിഷോറിനോട് തട്ടി കയറി.

“എന്റെ ചേട്ടൻ എനിക്ക് ബഹുമാന്യനാണ്. ഏട്ടൻ പറയുന്നത് നല്ലതാണെങ്കിൽ ഞാൻ അനുസരിക്കും. അല്ലാതെ നിന്നെ പോലെ, സ്വന്തം കൂടപിറപ്പിനെ പോലും നികൃഷ്ടമായി കാണാൻ എനിക്ക് കഴിയില്ല.എന്റെ സംസ്കാരം അതല്ല.”

സ്വന്തം വീട്ടിലെ അവസ്ഥയെക്കാൾ മോശമായിരുന്നു കിഷോറിന്റെ വീട്ടിലെ മൃണാളിനിയുടെ അവസ്ഥ. ആയ,വെപ്പുകാരി,പകൽ വീട് കാവൽ അങ്ങനെ ഒന്നിനും സമയമില്ലാതെയായി. മായ അടുക്കള ഭാഗത്തു തിരിഞ്ഞു പോലും നോക്കില്ല. ഇപ്പോൾ മൃണാളിനിയുടെ വൈധവ്യ ദോഷമൊന്നും മായയ്ക്ക് ഒരു പ്രശ്നമേയല്ല .കുഞ്ഞിനെ ഉറങ്ങാൻ നേരം മാത്രമാണ് മൃണാളിനിയുടെ അടുത്ത് നിന്നും മായ എടുത്ത് കൊണ്ട് പോകുന്നത്.സ്വന്തം സുഖവും സന്തോഷവും മാത്രമാണ് അവൾക്ക് പ്രധാനം.

ആകെയുള്ളൊരു ആശ്വാസം വിഭാര്യനായ ഗോപേട്ടനാണ്. മൃണാളിനിയ്ക്ക് വായിക്കാൻ ധാരാളം ബുക്കുകൾ വാങ്ങി നൽകുകയും തുന്നൽ പഠിക്കാൻ ധാരാളം തുന്നൽ സാമാനങ്ങൾ സമ്മാനമായി നൽകുകയും ചെയ്തു.

ഇതൊക്കെ കണ്ടു ദേഷ്യപ്പെട്ടു മായ കിഷോറിനോട് പരാതി പറയുകയും ചെയ്തു.

“നിങ്ങളുടെ ചേട്ടൻ എന്തിനാണ് ചേച്ചിയ്ക്ക് ഓരോന്ന് വാങ്ങി സമ്മാനിക്കുന്നത് ? എന്തെങ്കിലും വേണമെങ്കിൽ ഞാൻ വാങ്ങി കൊടുത്തോളം.”

“എന്നിട്ടു ഇത്രയും കാലമായി ഒന്നും നീ വാങ്ങി കൊടുക്കുന്നത് ഞാൻ കണ്ടിട്ടില്ലല്ലോ…അതുമൊരു മനുഷ്യ ജീവിയാണെന്ന് ഇവിടെ പരിഗണിക്കുന്നത് എന്റെ ചേട്ടൻ മാത്രമാണ്. അവര് പരസ്പരം കല്യാണം കഴിച്ചതായി ഞാൻ ഇടയ്ക്കിടയ്ക്ക് സ്വപ്നം കാണാറുണ്ട്.”

“നടക്കില്ല, ഞാൻ എതിർക്കും.നാളെ തന്നെ ചേച്ചിയെ ഞാൻ വീട്ടിൽ പറഞ്ഞയയ്ക്കും. ഇവിടത്തെ സേവനം മതി അവളുടെ.”

“താനിത്ര ദുഷ്ടയാണോ. അവർക്കും വേണ്ടേ ഒരു ജീവിതം.അവര് കിടന്നു നരകിക്കുന്നത് നീ കാണുന്നില്ലേ.”

“ഗോപേട്ടൻ ഉയർന്ന ഒരു ഉദ്യോഗസ്ഥനല്ലേ. അത്രയും വലിയൊരു ബന്ധം അവൾക്കെന്തിനാ.? മാത്രവുമല്ല അവൾക്കു ജീവിതത്തിൽ കല്യാണം വാഴില്ല. വെറുതെ ഗോപേട്ടനെ എന്തിനാ ബലിയാട് ആക്കുന്നത്.”

“അല്ലെങ്കിലും അസൂയയ്ക്കും കുശുമ്പിനും മരുന്നില്ല.പെണ്ണല്ലേ വർഗ്ഗം, വേറൊരു പെണ്ണ് നന്നാകുന്നത് പിടിക്കില്ലല്ലോ. ഗോപേട്ടനും ഭാര്യ വാഴില്ലായെന്നാണ് ജ്യോൽസ്യൻ കണ്ട് പിടിച്ചത്. എനിക്ക് ഇതിലൊന്നും വിശ്വാസമില്ല. നമ്മുടെ ജാതകമൊന്നും നോക്കാതെയല്ലേ നമ്മൾ കല്യാണം കഴിച്ചത്.”

മായ കിഷോറിനോട് പിണങ്ങി, പോയി കിടന്നു.

രാത്രി വളരെ വൈകി ഫയലുമായി ഇരിക്കുന്ന ശീലം ഗോപന് പണ്ട് മുതലേയുണ്ട്. സാധാരണ കട്ടൻ ചായ ഉണ്ടാക്കി കൊടുത്തു കൂട്ടിരിക്കുന്നത് മൃണാളിനിയാണ്. സമയം പന്ത്രണ്ടായി. വാതിൽക്കൽ ഒരു നിഴലനക്കം. നോക്കിയപ്പോൾ മൃണാളിനിയാണ്. ഗോപൻ ഇറങ്ങി ചെന്നപ്പോൾ മുറ്റത്തെ വരാന്തയിൽ ഇരിക്കുന്നു.

“മൃണാളിനി ഉറങ്ങിയില്ലേ. സമയം വൈകിയല്ലോ.”

“ഗോപേട്ടനോട് മാത്രമേ എനിക്ക് യാത്ര ചോദിക്കാനുള്ളൂ.നാളെ വീട്ടിലേയ്ക്കു മടങ്ങണമെന്നാണ് മായയുടെ കല്പന. ഞാൻ പോകുകയാണ്,പക്ഷെ വീട്ടിലേക്കല്ല. എന്നെ പോലെയുള്ള, ബന്ധുക്കളുണ്ടായിട്ടും അനാഥരെ പോലെയുള്ളവർ താമസിക്കുന്ന ഇടങ്ങളുണ്ടാകില്ലേ. ഗോപേട്ടൻ എന്നെ അങ്ങനെ എവിടേലും കൊണ്ട് ചെന്നാക്കാമോ.”

“താൻ പോയാൽ ഞാനും ഉണ്ണിയും അനാഥരാകുമല്ലോ. പാതിരാത്രി വരെ ജോലി ചെയ്യുമ്പോൾ എനിക്കാരാണിനി കട്ടൻ ഇട്ടു തരാൻ? എന്നോട് രാഷ്ട്രീയം ചർച്ച ചെയ്യാൻ ,പുതിയ എഴുത്തുകാരെ കാട്ടിത്തരാൻ, ആരാണിനി എന്റെ വസ്ത്രങ്ങൾ അലക്കി ഇസ്തിരിയിട്ടു തരാൻ, ആരാണെനിക്കിഷ്ടമുള്ള കറികൾ ഉണ്ടാക്കി തരാൻ. എനിക്കാണ് മഹത്തായ ഒരു സൗഹൃദം നഷ്ടപ്പെടുന്നത്. തന്നോളം എന്റെ ഇഷ്ടങ്ങൾ മനസിലാക്കിയതാരുണ്ടിവിടെ.”

ഗോപൻ വിഷമത്തോടെ തല കുനിച്ചിരുന്നു.

“വേറെ വഴിയില്ലല്ലോ ഗോപേട്ടാ,അവൾ കൂട്ടി കൊണ്ട് വന്നു.ഇപ്പോൾ പോകാൻ പറയുന്നു.ജനിച്ചു വളർന്ന വീട്ടിലേയ്ക്കു മടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നെ മനസിലാക്കുന്നവർ ഉള്ളിടത്തേ ഞാനുണ്ടാകൂ.”

“എന്നാൽ താൻ ഇവിടെ തന്നെ കഴിഞ്ഞാൽ മതി. വിവാഹം തന്നെ പേടിപ്പെടുത്തുന്ന ഒന്നാണ് എന്നറിയാം. നമുക്ക് സാധാരണ വിവാഹം വേണ്ട. ഗന്ധർവ വിവാഹം മതി. പണ്ട് പുരാണങ്ങളിൽ ഉള്ളതാ, വെറുമൊരു താലി ചരടിന്റെ ബന്ധനമില്ലാതെ മനസുകളുടെ ബന്ധനം. സമൂഹത്തിന്റെ മുന്നിൽ താനെന്റെ ഭാര്യയാണ്. പക്ഷെ തനിക്കു മടുക്കുമ്പോൾ ഇറങ്ങി പോകാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു ലിവിംഗ് ടുഗദർ റിലേഷൻ ഷിപ്പ്. പക്ഷെ എൻ്റെ അനന്തരാവകാശി താനാണ്.”

ഗോപൻ മൃണാളിനിയുടെ കൈകൾ പിടിച്ചു തന്റെ ഇടം നെഞ്ചിലേക്ക് ചേർത്തു.

“ഗോപേട്ടനെ എനിക്കൊരിക്കലും മടുക്കില്ല. പക്ഷെ ഗോപേട്ടനെ പോലെയൊരാളുടെ ഭാര്യയാകാനുള്ള യോഗ്യതയുണ്ടോ എനിക്ക്. “

“ഈ വീട്ടിൽ തനിക്കെ മനുഷ്യത്വമുള്ളൂ. അതാണ് ഏറ്റവും വലിയ യോഗ്യത.താൻ പോയി കിടക്കൂ. വെളുപ്പിനെ കുളിച്ചു തയാറായി വന്നോളൂ. നമ്മളൊന്നിച്ചു ക്ഷേത്രത്തിൽ പോയി വരുന്നു. പിന്നെ എല്ലാവരെയും ഒന്ന് ഞെട്ടിക്കുന്നു.”

മായയും കിഷോറും ഉണർന്നു വന്നപ്പോൾ അടുക്കള ശൂന്യം. നേരെ ഉമ്മറത്തേക്ക് വന്നപ്പോൾ ഗോപേട്ടൻ മൃണാളിനിയുമായി ചേർന്ന് നിന്ന് സെൽഫിയെടുക്കുന്നു. അവരുടെ ശബ്ദം കേട്ട് ഗോപൻ തിരിഞ്ഞു നിന്നു, അവരെ നോക്കി പുഞ്ചിരിച്ചു.മായ ദേഷ്യം കൊണ്ട് പല്ലുകൾ കടിച്ചു പിടിച്ചു.

“ചേച്ചി ചായ ഉണ്ടാക്കിയില്ലേ,എനിക്കിന്ന് നേരത്തെ ഓഫീസിൽ പോകണം.”

“ഞാൻ രാവിലെ അമ്പലത്തിൽ പോയി വന്നതേയുള്ളു മായേ.”

“അമ്പലത്തിൽ നിന്നും വന്നിട്ട് ജോലി ചെയ്ത് കൂടെ, ഇവിടെ നിന്നു സെൽഫിയെടുത്തു കളിക്കുന്നോ. അടുക്കള ജോലിയൊക്കെ ആര് ചെയ്യും. ഉണ്ണിയെ ആര് നോക്കും.”

“ഞാൻ ആ ജോലിയൊക്കെ ഇന്നലെ വിട്ടല്ലോ മായേ, നീ നോക്കണം നിന്റെ ഉണ്ണിയെ .”

“അല്ലെങ്കിലും മൃണാളിനി ഇന്ന് മുതൽ എന്റെ ഭാര്യയാണ്, സോറി ഭാര്യയല്ല, എന്റെ പങ്കാളിയാണവൾ……അവളിനി എന്ത് ചെയ്യണമെന്ന് ഞാനും കൂടി തീരുമാനിക്കും. കിഷോറേ ഞങ്ങൾ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു. നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ ഇവിടെ നിന്ന് വാടക വീട്ടിലേയ്ക്കു താമസം മാറ്റണം.”

മൃണാളിനിയോട് തിരിഞ്ഞു ഗോപൻ പറഞ്ഞു.

“നീ ഒന്ന് വന്നേ കുറച്ചു ഫോട്ടോസ് എടുത്തു സ്റ്റാറ്റസ് ഇടട്ടെ. എല്ലാവരും അറിയണ്ടേ നമ്മുടെ കല്യാണം.”

“ടാ കിഷോറേ കൊച്ചിനെ മായയുടെ കയ്യിൽ കൊടുത്തിട്ടു ഒന്ന് രണ്ടു സ്റ്റൈലൻ ഫോട്ടോ എടുത്ത് തന്നെ.”

മുറ്റത്തെ മുല്ല വള്ളിയുടെ കീഴിൽ നിന്നു മുണ്ടും ഷർട്ടുമിട്ട ഗോപനും സെറ്റു സാരിയുടുത്ത മൃണാളിനിയും ചേർന്ന് നിൽക്കുന്ന ഫോട്ടോ എടുത്ത് കിഷോർ ഫേസ് ബുക്കിൽ ഇട്ടു. അത് കണ്ടു ദേഷ്യപ്പെട്ടു മായ വെട്ടി തിരിഞ്ഞു അടുക്കളയിലേക്ക് നടന്നപ്പോൾ ചേട്ടനും അനിയനും കെട്ടിപ്പിടിച്ചു പൊട്ടി ചിരിച്ചു.

“നമ്മളെ ഒന്നിപ്പിക്കാൻ മുൻകൈ എടുത്തത് ഇവനാണ് ,എൻ്റെ കിഷോർ, അവനു അവന്റെ ചേട്ടത്തിയമ്മ ഇവിടെ കിടന്നു കഷ്ടപ്പെടുന്നത് കാണാൻ വയ്യ എന്നെന്നോട് പറഞ്ഞു. എന്നാൽ അവന് ഭാര്യയെ ഭയങ്കര പേടിയുമാണ്.”

“ആണോ കിഷോറേ.”

“അതെ അതെ ,പക്ഷെ ചേട്ടത്തിയമ്മ വിളിച്ചു കൂവി അവളുടെ ചെവിയിൽ ഇത് എത്തിയ്ക്കണ്ട. ആ ക്രെഡിറ്റ് എനിക്ക് വേണ്ട. എന്നെ കൊ ല്ലുമവൾ. നിങ്ങൾ രണ്ടും കെട്ടാതിരുന്നാൽ ഭാവിയിൽ സ്വത്തെല്ലാം ഞങ്ങളുടെ മകന് കിട്ടുമെന്നൊക്കെയാ പാവം കരുതിയിരുന്നത്. ഞാൻ ആ വ്യാമോഹത്തിനു അങ്ങ് തുരങ്കം വച്ചു. ഇല്ലെങ്കിലും നിങ്ങൾ മേഡ് ഫോർ ഈച്ച് അദർ ആണ്, രൂപത്തിലും സ്വഭാവത്തിലും.”

മൃണാളിനി അടുക്കളയിലേയ്ക്ക് ചെല്ലുമ്പോൾ ആദ്യമായി പാചകം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു മായ.

✍️നിശീഥിനി.