ട്യൂഷൻ
Story written by Jishnu Ramesan
==================
രാധാകൃഷ്ണൻ മാഷിന്റെ വീട്ടിൽ ആദ്യ ദിവസം തന്നെ ട്യൂഷന് ഇരിക്കുമ്പോ മാഷിന്റെ വീട്ടുമുറ്റത്തെ റോസാ പൂക്കളായിരുന്നു മനസ്സ് മുഴുവനും..
“എന്തായാലും ട്യൂഷൻ കഴിഞ്ഞ് പോകുമ്പോ കുറച്ച് പൂക്കൾ പറിച്ചു കൊണ്ട് പോകണം..” ഞാൻ മനസ്സിൽ വിചാരിച്ചു..
രാധാകൃഷ്ണൻ മാഷ് കണക്കിലും ഇംഗ്ലീഷിലും പുലിയാണ്..പ്ലസ് ടുവിന് ഞാൻ കോമേഴ്സ് ആയത് കൊണ്ട് അച്ഛൻ എന്നെ കണക്ക് പഠിക്കാൻ ആ പുലി മടയിൽ തന്നെ കൊണ്ടാക്കി…
ആദ്യ ദിവസത്തെ ക്ലാസ്സ് രണ്ടു മണിക്കൂറോളം ഉണ്ടായിരുന്നു..ക്ലാസ്സ് കഴിഞ്ഞ് പുറത്തിറങ്ങിയ ഞാൻ നേരെ പോയി മുറ്റത്തെ റോസാ പൂക്കൾ എല്ലാം പറിച്ച് കൈപ്പിടിയിൽ ഒതുക്കി… തിരിഞ്ഞു നോക്കുമ്പോ ഉണ്ട് മാഷിന്റെ ഭാര്യ രൗദ്ര ഭാവത്തോടെ എന്നെയും നോക്കി നിൽക്കുന്നു..പിന്നെ ഒന്നും നോക്കിയില്ല ചിരിച്ചു കൊണ്ട് അവിടുന്ന് ഇറങ്ങി ഓടി..
“ഇത്ര പ്രായമായിട്ടും പൂവും പറിച്ചുകൊണ്ട് നടക്കുന്നു അവൻ..” എന്നും പറഞ്ഞ് കൂടെ ഓടിയ കൂട്ടുകാര് കളിയാക്കി..
വീട്ടിൽ ചെന്ന് ഒരു കൂജയിൽ വെള്ളം നിറച്ച് അതിനു മുകളിൽ അടുക്കി വെച്ചു പൂവുകളെല്ലാം…പിറ്റേന്ന് വൈകുന്നേരം ക്ലാസും കഴിഞ്ഞ് ട്യൂഷന് ആ വീട്ടിലേക്ക് കയറി ചെല്ലുമ്പോ മാഷിന്റെ ഭാര്യ വീട്ടു പടിക്കൽ നിൽക്കുന്നുണ്ട്…
ഒരു കള്ള ചിരിയോടെ ഞാൻ ആദ്യ പടി ചവിട്ടിയതും, എന്റെ ചെവി അടച്ച് ഒരൊറ്റ അടിയായിരുന്നൂ മാഷിന്റെ നല്ല ഭാര്യ…അതും എല്ലാരുടെയും മുന്നിൽ വെച്ച്.. ഹൊ ഞാൻ ഉരുകി പോയി..ദേഷ്യവും കരച്ചിലും ഒരുമിച്ച് വന്നു.. ഞാൻ എന്തെങ്കിലും പറയാൻ തുടങ്ങുന്നതിനു മുന്നേ മാഷിന്റെ ഭാര്യ ഒന്നു രണ്ടു ഡയലോഗ് പറഞ്ഞു എന്നോട്..
“ബ ബ ബാ ബ” ഇത്രയുമാണ് അവര് പറഞ്ഞത്…
ഇത് കേട്ടതും എന്റെ ദേഷ്യവും സങ്കടവും ഒറ്റ ശ്വാസത്തിൽ നിലച്ചു..അപ്പോഴാണ് എനിക്ക് മനസ്സിലായത് ആ പാവത്തിന് സംസാരിക്കാൻ കഴിയില്ല എന്ന്..സ്വന്തം മക്കളെ പോലെ മാഷിന്റെ ഭാര്യ നട്ടു നനച്ചു വളർത്തിയ റോസാ പൂവുകളാണ് ഞാൻ ഇന്നലെ ആ ചേച്ചിയുടെ മുന്നിൽ കൂടി ഞാൻ പറിച്ചു കൊണ്ട് ഓടിയത്..
“എന്നോട് ക്ഷമിക്കണം ചേച്ചി…ഞാൻ ഇനി ഇങ്ങനെ ചെയ്യില്ല” എന്നും പറഞ്ഞ് ഞാൻ വീട്ടിൽ കയറാതെ ഇറങ്ങി …അപ്പോഴേക്കും മാഷ് ഇതൊക്കെ കണ്ട് ഇറങ്ങി വന്ന് എന്നെ വിളിച്ചു..എന്തിനാ എന്നെ തല്ലിയത് എന്ന് ആംഗ്യ ഭാഷയിൽ അവരോട് കയർത്തു ചോദിക്കുന്നുണ്ടായിരുന്നൂ…
“ജിഷ്ണു നീ ക്ലാസ്സിൽ കയറി ഇരിക്ക്” എന്നും പറഞ്ഞ് എന്നെ അകത്തേക്ക് വിളിച്ചു..
ഞാൻ മടിച്ചു മടിച്ചു അകത്തേക്ക് കയറി.. അപ്പോഴും എന്നെ അവര് ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു.
സത്യം പറയാലോ ക്ലാസ്സിൽ ഇരുക്കുമ്പോ മുഖത്തൊരു നീറ്റലായിരുന്നു… ആ ചേച്ചിയുടെ നാലു വിരലു മാത്രമേ ഭാഗ്യംകൊണ്ട് എന്റെ മുഖത്ത് പതിഞ്ഞുള്ളു..
ട്യൂഷനും കഴിഞ്ഞ് പുറത്തിറങ്ങാൻ നേരം ഞാൻ ആ കാഴ്ച കണ്ടു.. മാഷിന്റെ വീട്ടിലെ ഇരുട്ടുനിറഞ്ഞ ഹാളിലെ ജനാലയിൽക്കൂടി തിളങ്ങുന്ന രണ്ട് കണ്ണുകൾ.. അതും വശ്യമായ ഒരു നോട്ടമായിരുന്നു..
വന്നു കയറിയപ്പോൾ കിട്ടിയ അടിയുടെ വേദന ഓർമ്മയുള്ളത് കൊണ്ട് കൂടുതൽ നേരം ആ കണ്ണുകൾ നോക്കി നിൽക്കാൻ തോന്നിയില്ല…വീട്ടിൽനിന്ന് ഇറങ്ങാൻ നേരം മാഷിന്റെ ഭാര്യ എന്റെ അടുത്തേക്ക് വന്നു.. എന്നിട്ട് അടികിട്ടിയ എന്റെ കവിളിൽ തൊട്ടുകൊണ്ട് ആംഗ്യഭാഷയിൽ ക്ഷമ പറഞ്ഞു…
“അയ്യോ അതൊന്നും കുഴപ്പമില്ല ഞാനല്ലേ തെറ്റ് ചെയ്തത്. ചേച്ചിക്ക് പൂക്കളെ അത്രയ്ക്ക് ഇഷ്ടമാണെന്നും ജീവനാണ് എന്നും എനിക്കറിയില്ലായിരുന്നു..”
ഞാൻ പറഞ്ഞത് കുറച്ചെങ്കിലും മനസ്സിലായിട്ടുണ്ടാവും എന്നെനിക്ക് തോന്നി..ആ പാവം ഓടിപ്പോയി കുറച്ചു പൂവുകൾ പറിച്ചുകൊണ്ടുവന്ന് എന്റെ കയ്യിലേക്ക് തന്നു.. കൂടെ ഒരു റോസാച്ചെടിയുടെ തണ്ടും ഉണ്ടായിരുന്നു.. വീട്ടിൽ കൊണ്ടുപോയി നടണം എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു..
അവിടെ നിന്ന് ഇറങ്ങാൻ നേരം ഞാൻ വീണ്ടും അകത്തേക്ക് നോക്കി.. ആ കണ്ണുകളുടെ ചലനം അപ്പോഴും എന്നിലേക്കായിരുന്നൂ…
പിറ്റേന്നും പതിവുപോലെ ഞാൻ ട്യൂഷൻ ക്ലാസിലേക്ക് ചെന്നു.. മാഷിന്റെ ഭാര്യ അവിടെ ഇല്ലായിരുന്നു എന്ന് തോന്നുന്നു.. ഞാൻ ആ ജനാലയിൽ കൂടെ പതിയെ അകത്തേക്ക് നോക്കി.. “ഇല്ല അവിടെ ആരുമില്ലല്ലോ..!”
അന്നത്തെ ട്യൂഷനും കഴിഞ്ഞ് ഇറങ്ങാൻ നേരം മാഷ് അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു, “മോളെ ഗൗരി നീ ഈ ചേച്ചിമാരുടെ കൂടെ റോഡിൽ പോയി പാല് എടുത്തിട്ട് വാ..!”
അപ്പോഴാണ് എന്നെ നോക്കിയ ആ കണ്ണിന്റെ ഉടമയെ ഞാൻ കണ്ടത്.. സത്യം പറയാലോ ആ ഗൗരി കുട്ടിയെ കണ്ടാൽ നോക്കി നിന്നു പോവും..അത്രക്ക് സുന്ദരിയാണ്…
അന്ന് ഞാനും എന്റെ കൂട്ടുകാരികളും കൂടി നടക്കുമ്പോ അവരുടെ ഓരം പറ്റി അവളും നടന്നു…ഇടക്ക് എന്നെ നോക്കും…ഞാൻ ഇടം കണ്ണിട്ട് അവളെ നോക്കും..പിന്നീട് ഞങ്ങളുടെ കൂടെ പാൽ എടുക്കാൻ വരുന്നത് പതിവായി…എന്റെ കൂട്ടുകാരികൾ ഇല്ലാത്ത ദിവസം ഗൗരി വരില്ല…മാഷാണ് പാലെടുക്കാൻ വരുന്നത്…
ഒരു ദിവസം ഞാൻ രണ്ടും കല്പിച്ചു അവളോട് വെറുതെ തമാശ രൂപേണ ഇഷ്ടമാണെന്ന് പറയാൻ തീരുമാനിച്ചു…മാഷിന്റെ വീട്ടിൽ നിന്നിറങ്ങി റോഡിൽ എത്തിയപ്പോ ഗൗരി പാലെടുക്കാൻ പോയി…ഞാൻ അവിടെ റോഡിൽ അവളെയും കാത്തുനിന്നു..
ഗൗരി വന്നതും ഞാൻ അവളെ തടഞ്ഞു നിർത്തിയിട്ട് പറഞ്ഞു, “ഗൗരിക്കുട്ടി എനിക്ക് തന്നെ ഒരുപാട് ഇഷ്‌ടാ.. അന്ന് ജനാലയിൽ കൂടി എന്നെ നോക്കിയപ്പോ നിന്റെ ഈ കണ്ണുകൾ എന്റെ നെഞ്ചിലാ കൊളുത്തിയത്….”
പക്ഷേ ഞാൻ പറഞ്ഞതിന് ഒരു പുഞ്ചിരി മാത്രം മുഖത്ത് വരുത്തിയിട്ട് അവള് വീട്ടിലേക്ക് നടന്നു…
പിന്നെ ആളുകൾ കാണും എന്ന പേടി മനസ്സിൽ ഉള്ളത്കൊണ്ട് ഞാനും പെട്ടന്ന് പോയി..പിറ്റേന്ന് ട്യൂഷൻ ക്ലാസ്സിലേക്ക് കുറച്ച് പേടിയോടെ ആണ് വന്നത്..
പക്ഷേ മാഷ് ഇത് അറിഞ്ഞ ഭാവമൊന്നും ഇല്ല..”ഭാഗ്യം ഗൗരി ഒന്നും പറഞ്ഞിട്ടില്ല എന്ന് ഉറപ്പായി..”
അന്നും ഗൗരി പാല് എടുക്കാൻ വന്നു..വീട്ടിൽ നിന്നും ഇറങ്ങിയപ്പോ തന്നെ ആരും കാണാതെ ഗൗരി ഒരു എഴുത്ത് മടക്കി എന്റെ കയ്യിൽ വെച്ചു തന്നു…ആഹാ എന്റെ മനസ്സിൽ നൂറായിരം ലഡു പൊട്ടി എന്ന് പറയാനുണ്ടോ..
ഞാൻ ആരെയും നോക്കാതെ ബസ് സ്റ്റോപ്പിലേക്ക് ഓടി…ബസിൽ കയറിയിരുന്ന് എഴുത്ത് തുറന്ന് വായിച്ചു..
“ചേട്ടാ ആദ്യം തന്നെ അമ്മ ചേട്ടനെ തല്ലിയതിന് ക്ഷമ ചോദിക്കുന്നു….പിന്നെ, ചേട്ടൻ ജനാലയിൽ കണ്ട കണ്ണുകൾ എന്‍റെയല്ല..അത് ഗീതുവിന്റെ ആണ്, ഞങ്ങൾ ഇരട്ടകൾ ആണ്..പിന്നെ ചേട്ടൻ വിചാരിക്കുന്നത് പോലെയൊന്നും അല്ല കാര്യങ്ങൾ, എനിക്ക് സംസാരിക്കാൻ കഴിയില്ല…പക്ഷേ ചെവി കേൾക്കാം..
ചേട്ടൻ വീട്ടിൽ കണ്ട ഗീതുവിന് കണ്ണിനു കാഴ്ചയില്ല..അവള് അതികം പുറത്തിറങ്ങില്ല..എന്നും നിങ്ങളുടെ ബഹളം കേൾക്കുമ്പോ ഗീതു ജനാലയിൽ വന്നു നിൽക്കും.. അമ്മ ചേട്ടനെ തല്ലിയതും പിന്നെ നിങ്ങളെ അച്ഛൻ പഠിക്കാത്ത്തിന് തല്ലുന്നതും, അങ്ങനെ എല്ലാ കാര്യങ്ങളും ഗീതുവിനെ പറഞ്ഞു കേൾപ്പിക്കും…
ഇന്നലെ ജിഷ്ണു ചേട്ടൻ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോ എനിക്ക് ഉള്ളിൽ ചിരിയാണ് വന്നത്…എന്റെ അമ്മയും ഞങ്ങൾ രണ്ടു മക്കളും ഇങ്ങനെ വൈകല്യം ഉള്ളവരായത് കൊണ്ട് അച്ഛൻ എന്നെയും ഗീതുവിനെയും ഈ ചെറു പ്രായത്തിൽ തന്നെ നല്ല പക്വതയോടെ ആണ് കാര്യങ്ങൾ പറഞ്ഞു തന്നിട്ടുള്ളത്….അത് കൊണ്ട് പ്രേമം എന്നൊന്നും പറഞ്ഞ് ജിഷ്ണു ചേട്ടൻ ഇനി എന്റെ അടുത്തേക്ക് വരരുത്…
ഇതൊക്കെ എനിക്ക് പറയാൻ കഴിയില്ലല്ലോ, അതാട്ടോ എഴുത്ത് തന്നത്..ഇതിന്റെ പേരിൽ നാണക്കേട് കൊണ്ടൊന്നും ക്ലാസ്സിൽ വരാതിരിക്കരുത്…ചേട്ടൻ പഠിക്കണം നല്ലത് പോലെ. എന്റെ അച്ഛൻ പറയും, ഏറ്റവും വലിയ സമ്പാദ്യം അറിവാണെന്ന്…അച്ഛൻ നിങ്ങളെ പഠിപ്പിച്ച് കിട്ടുന്ന കാശു കൊണ്ടാണ് ഞങ്ങളെ നോക്കുന്നത്…വലിയ ജോലി അച്ഛന് കിട്ടും, പക്ഷേ ഞങ്ങളെ വിട്ട് ദൂരെയാണ് ജോലി എങ്കിൽ ബുദ്ധിമുട്ടാവും…”
ഇത്രയും വായിച്ചപ്പോ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു..അന്നത്തെ ദിവസം ഉറങ്ങാനെ കഴിഞ്ഞില്ല..അടുത്ത ദിവസം ട്യൂഷന് ചെന്നപ്പോ ഗൗരിയുടെ മുഖത്ത് നോക്കി ഞാനൊന്നു ചിരിച്ചതെ ഉള്ളൂ.. പിന്നെ മാഷിന്റെ കണ്ണു വെട്ടിച്ച് ഞാൻ അവളോട് ചോദിച്ചു, “എനിക്ക് അവളെ ഒന്ന് കാണാൻ പറ്റുമോ..? ഗീതുവിനേ…!”
ഗൗരി അകത്ത് പോയി ഗീതുവിന്റെ കൈയും പിടിച്ച് കൊണ്ടു വന്നു.. എന്നിട്ട് എന്നോട് ആംഗ്യഭാഷയിൽ പറഞ്ഞു, “ഇന്നലെ ഉണ്ടായതോക്കെ ഞാൻ ഇവളോട് പറഞ്ഞു” എന്ന്..
ഗീതുവിന്റേ ആ കണ്ണുകൾക്ക് കാഴ്ചയില്ല എന്ന് ഒരിക്കലും തോന്നില്ല…വല്ലാത്തൊരു തിളക്കമാണ്..പെട്ടന്ന് ഗീതു എന്നോട് പറഞ്ഞു, “ജിഷ്ണു ചേട്ടോ ഞാൻ എല്ലാം അറിഞ്ഞൂട്ടാ…ദേ അച്ഛൻ കണ്ടാ അന്ന് അമ്മയുടെ കയ്യിൽ നിന്നും കിട്ടിയത് പോലെ ആവില്ലാട്ടോ…”
അത്രയും കേട്ടപ്പോ എനിക്ക് ചിരി വന്നു…പിന്നീട് എല്ലാ ദിവസവും കൂടി കാഴ്ച പതിവായി…അതും മാഷിനെ കാണാതെ…
ഒരിക്കൽ ഞാൻ ഗൗരിയുടെ മുന്നിൽ വെച്ച് തന്നെ ഗീതിവിനോട് പറഞ്ഞു, “ഗീതു, ഞാനിപ്പോ പ്ലസ് ടുവിന് ആണ് പഠിക്കുന്നത്…വെറും തമാശ രീതിയിലാണ് ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞത്…ആദ്യം കണ്ട ഗീതുവിന്റെ കണ്ണുകളോടാണ് ഇഷ്ടം തോന്നിയത്…അങ്ങനെയാണ് ഗീത ആണെന്ന് കരുതി ഗൗരിയോട് ഇഷ്ടം പറയുന്നത്.. പിന്നെയാണ് കാര്യങ്ങളൊക്കെ അറിഞ്ഞത്..
ഇപ്പോ എനിക്ക് തോന്നിയ ഇഷ്ടം എന്റെ പ്രായത്തിന്റെ ആവും..ഞാൻ പഠിച്ച് ഒരു നല്ല നിലയിൽ എത്തിയാൽ ഈ ഇഷ്ടം അന്നും ഉണ്ടെങ്കി ഈ ഗീതു എനിക്ക് സ്വന്തം ആയിരിക്കും…
ഞാൻ വലിയ ഡയലോഗ് ഒന്നും പറയുന്നതല്ല, എന്റെ കൈപ്പിടിയിൽ ഗീതുവിന്റെ കൈകൾ ഉണ്ടെങ്കിൽ ഇവൾക്ക് കാഴ്ച ഉള്ളത് പോലെ ആണ്..ഞാൻ പഠിച്ച് വലിയ നിലയിൽ എത്തുമെന്നൊന്നും എനിക്ക് ഉറപ്പില്ല…എന്ത് വന്നാലും എന്റെ വീട്ടിൽ ഞാൻ സമ്മധിപ്പിക്കും..ഒരു പെണ്ണിനെ പോറ്റാൻ എനിക്ക് പറ്റുന്ന സമയത്ത് ഞാൻ ഇവിടെ വരും എന്റെ അച്ഛനെയും അമ്മയെയും കൂട്ടികൊണ്ട്…” അത്രയും പറഞ്ഞ് ഞാൻ അവിടുന്ന് ഇറങ്ങി…
നാളെ എന്റെ കല്യാണമാണ്…വധു എന്റെ ഗീതു തന്നെ…എല്ലാവരും ഇവിടെ വലിയ സന്തോഷത്തിലാണ്..
ഗീതുവിനെ പെണ്ണ് കാണാൻ പോയപ്പോ ഞാൻ അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നില്ല, അവൾക്ക് കാഴ്ച ഇല്ലെന്ന്…അവിടെ ചെന്നിട്ട് ഞാൻ കാര്യം പറഞ്ഞു…
കാര്യം അറിഞ്ഞ അമ്മയുടെ മറുപടി ശരിക്കും എന്നെ ഞെട്ടിച്ചു… “അവൾക്ക് കാഴ്ച ഇല്ലെങ്കിൽ അവൾക്ക് കൂട്ടായി നീയില്ലെടാ പിന്നെന്താ…എന്റെ കണ്ണടയും വരെ ഈ അമ്മയും ഉണ്ടാവും ഗീതുമോൾക്ക്..”
എന്താ പറയാ അമ്മേടെ ഈ ഡയലോഗ് അവിടെ എല്ലാരേം കരയിച്ചു.. പിന്നെ മാഷിന്റെ ഭാര്യ, അയ്യോ അല്ല എന്റെ അമ്മായിയമ്മ എന്നെ പൂവ് പറിച്ചതിന് തല്ലിയ കാര്യവും പറഞ്ഞു ചിരിയോട് ചിരിയായിരുന്നു…
അന്ന് തന്നെ എന്റെ അമ്മ വേറൊരു കാര്യം കൂടി തീരുമാനിച്ചു.. ഗീതുവിന്റെ കൂടപിറപ്പായി എന്നും കൂടെ ഉണ്ടായിരുന്ന ഗൗരിയെ കൂടി എന്റെ വീട്ടിലേക്ക് കൊണ്ടു വരാൻ…അതും സംസാര ശേഷി ഇല്ലാത്ത എന്റെ അനിയന്റെ പെണ്ണായിട്ട്…
“കല്യാണ തലേന്നത്തെ തിരക്കിനിടയിൽ കല്യാണ ചെക്കനെ കാണാനില്ലല്ലോ” എന്ന് പറഞ്ഞ് അവിടെ എല്ലാരും ബഹളം വയ്ക്കുന്നു.. ഞാൻ പോട്ടെ, എന്റെ ജീവിതത്തിലെ കഴിഞ്ഞ കുറച്ച് നല്ല നാളുകൾ ഡയറിയിൽ കുറിച്ചിടാൻ വേണ്ടി മുറിയിൽ കയറിയതാണ് ഞാൻ..
നാളെ എന്റെ കൈ പിടിച്ച് ഗീതു ഈ വീടിന്റെ പടി കയറും….
Story By ജിഷ്ണു രമേശൻ