ആ നിമിഷത്തിന്റെ നീരസത്തിന് മറ നീക്കിയത് ഹരിന്ദ്രന്റെ ഭാര്യയുടെ തോളിൽ ഉറങ്ങുന്ന അവന്റെ കുഞ്ഞിനെ….

Story written by Sarath Krishna

======================

പുന്നത്തു വീട്ടിൽ ഗോപാലൻ മാഷും സൗധമിനിയേട്ടത്തിയും നാളത്തേയ്ക്കുള്ള ഓണത്തിന്റെ സദ്യ വട്ടത്തിന്റെ ഒരുക്കത്തിൽ തിരക്കിലാണ്..

അവരുടെ ഈ വർഷത്തെ ഓണത്തിന് കുറെ ഏറെ പ്രത്യേകതകളുണ്ട് വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന അവരുടെ മക്കളായ നന്ദഗോപനും വേണുവും ഹരിന്ദ്രനും ഈ കുറി ഓണത്തിന് അവരുടെ കുടുംബത്തോടൊപ്പം നാട്ടിൽ വരുന്നുണ്ടെന്നു അറിയിച്ചിരുന്നു .. അവരെല്ലാവരും ഇതേപോലെ ഒന്നിച്ച ഒരു ഓണക്കാലം ആ വീട്ടിൽ സംഭവിച്ചത് എട്ട് വർഷങ്ങൾക്ക് മുന്‍പാണ് അത് കൊണ്ട് തന്നെ ഗോപാലൻ മാഷും സൗധാമിനിയേട്ടത്തിയും.. പറഞ്ഞാലും തീരാത്ത അത്ര സന്തോഷത്തിൽ ആണ്…

ഉത്രാട ദിവസം രാവിലെ …..

കായയുടെ വറവ് വല്ലാണ്ട് കൂടേണ്ടട്ടോ സൗധാമിനിയെ… നിറം മാറിയാൽ ഉപ്പേരിക്ക് കയ്പ്പ് കൂടും..

ഇത് എത്രാമത്തെ തവണയാ മാഷെ ഈ അടുക്കളയിൽ വന്നു എത്തി നോക്കുന്നേ….. മാഷിന് ആ ഉമ്മറത്ത് എങ്ങാനും ഇരുന്നുകൂടെ…

ഉമ്മറത്ത് എത്രയെന്നു വെച്ചാ ഇരിക്കാ … അടുക്കളയിൽ തന്നേ എന്തേലും പണിയിൽ സഹായിക്കാം എന്ന് വെച്ചാ വന്നത്

ഇപ്പോ ഇവിടെ മാഷിന് ചെയ്യാൻ പറ്റുന്ന പണികൾ ഒന്നുമില്ല എന്തേലും ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം….

അടുക്കളയിൽ നിന്ന് തിരിച്ചു പോകുന്നതിന് ഇടയിൽ മാഷ് സൗധാമിനിയേട്ടത്തിയോട് ചോദിച്ചു… സോമന്റെ പീടികയിൽ നിന്ന് ഇനി ഒന്നും വാങ്ങാനില്ലല്ലോ അല്ലേ…

ഇല്ല മാഷെ. മാഷ് സമാധാനമായി അവിടെ എങ്ങാനും ചെന്ന് ഇരുന്നോളൂ…

മാഷ് അടുക്കളയിൽ നിന്ന് പോയ ശേഷം… അടുക്കള പണിക്ക് സഹായിക്കാൻ വരുന്ന കാർത്തു പാത്രം കഴുകുന്നതിനിടയിൽ സൗധാമിനിയേട്ടത്തിയോട്പറഞ്ഞു…

കുട്ടികൾ വരുന്നു എന്ന് കേട്ടപ്പോ തൊട്ട് മാഷ് സമാധാനമായി ഒരിടത്ത് ഇരിക്കുന്നത് ഞാൻ കണ്ടിട്ടില്ല..

അവളുടെ ആ അഭിപ്രായത്തിന് ഒരു പതിഞ്ഞ ചിരി മറുപടി കൊടുക്കുമ്പോഴാണ് പുറത്ത് കാറിന്റെ ശബ്ദം കേട്ടതു പോലെ സൗധാമിനിയേട്ടത്തിയ്ക്കു തോന്നിയത് അത് ഉറപ്പിക്കാൻ എന്നോണം കാർത്തുവിനോട് ചോദിച്ചു …

നമ്മുടെ പടിക്കൽ കൂടി ഒരു കാർ വരുന്നുണ്ടെന്ന് തോന്നുന്നു…

കാർത്തുവിന്റെ ഉവ്വ് എന്നാ ഉത്തരം കേൾക്കാൻ നിൽക്കാതെ

നീ ഈ അടുപ്പത്തു കിടക്കുന്നത് ഒന്ന് കരിയാതെ നോക്കണേ കാർത്തൂ . എന്നും പറഞ്ഞു സൗധാമിനിയേട്ടത്തി ഉമ്മറത്തേക്ക് ഓടി…

സൗധാമിനിയേട്ടത്തി ഉമ്മറത്ത് എത്തും മുൻപേ കാർ പടികടന്നു പോയിരുന്നു….

ഉമ്മറത്തെ തിണ്ണയിൽ പിടിച്ചു റോഡിലേക്കു നോക്കി നിന്നിരുന്ന ഗോപാലൻ മാഷ് മടങ്ങി വന്ന് ചാരു കസേരയിൽ ഇരിക്കുന്നതിന് ഇടയിൽ പറഞ്ഞു

അത് അവരല്ല സൗധാമിനിയെ.. അത് വടക്കേലെ ജോസിന്റെ കാർ ആണ്… നീ വിഷമിക്കേണ്ട അവരു വരും…വരേണ്ട നേരാവണല്ലേ ഉള്ളൂ…

സൗധാമിനിയേട്ടത്തി മാഷ് ഇരുന്നിരുന്ന കസേരയുടെ അരികിൽ വന്ന് നിന്നു പൂക്കളമെഴുതിയ മുറ്റത്തേക്കു നോക്കി കൊണ്ട് പറഞ്ഞു … ഇപ്പോ മക്കൾ വലുതാവണ്ടായിരുന്നു എന്ന് ആശിച്ചു പോവാ മാഷെ …

വരുന്നു എന്നറിഞ്ഞാൽ പിന്നെ അങ്ങോട്ടുള്ള കാത്തിരിപ്പിന് വല്ലാത്ത ഒരു വിഷമമാ….

ഇത്രയും കാലം നമ്മൾ കാത്തിരുന്നില്ലേഡോ ഇനി കുറച്ചു നേരം കൂടെ അല്ലേ വേണ്ടൂ താൻ വിഷമിക്കാതെ അടുക്കളയിലേക്കു ചെല്ലു അവർ വരുമ്പോഴേക്കും ഇനി കഴിക്കാൻ ഒന്നും പാകമാവാതെ ഇരിക്കേണ്ട …

ഉടുത്ത സെറ്റ് മുണ്ടിന്റെ തലപ്പു കൊണ്ട് നിറഞ്ഞ കണ്ണുകൾ തുടച്ചു സൗധാമിനിയേട്ടത്തി അടുക്കളയിലേയ്ക്കു നടന്നു….

പതിയെ സമയം ഒരുപാടു കടന്ന് പോയി.. ഉച്ചയൂണിന്‍െറ നേരവും കഴിഞ്ഞ് ഉമ്മറത്തെ ആ അച്ഛന്റെയും അമ്മയുടെയും കാത്തിരിപ്പിനു വിരാമം കുറിക്കാൻ നിൽക്കാതെ നിറം മങ്ങിയ സൂര്യകിരണങ്ങൾ സന്ധ്യയിലേക്കു നീങ്ങി തുടങ്ങിയിരുന്നു….. എന്നിട്ടും വാടിയ മുഖത്തോടെ അവർ വഴിയിലേക്കു നോക്കിയിരുന്നു…

എന്നാ ഞാൻ ഇറങ്ങാട്ടെ സൗധാമിനിയേട്ടത്തി

കാർത്തുവിന്റെ ആ ചോദ്യം കേട്ടപ്പോഴാണ് ഓർമ്മകളുടെ നിശബ്ദമായ ലോകത്തു നിന്ന് സൗധാമിനിയേട്ടത്തിയും മാഷും ഉണർന്നത്…

ഉം… എന്നാ കാർത്തു പോയിക്കൊള്ളൂ…

കുട്ടികൾ വരുമ്പോ വടക്കേ പുറത്ത് നിന്ന് ഇത്തിരി ഉറക്കെ വിളിച്ചാ മതി ഞാൻ അപ്പൊ വന്നോളാം…..

അവൾക്കു എന്താ വേണ്ടതെന്ന് വെച്ചാൽ എടുത്ത് കൊടുത്തോ സൗധാമിനീ…

സൗധാമിനിയേട്ടത്തി ഒരു ദീർഘ നിശ്വാസത്തോടെ അടുക്കളയിലേക്കു നീങ്ങാൻ ഒരുങ്ങവെയാണ് കാറുകൾ മുറ്റത്തു വന്നു നിന്നത്…

മാഷിന്റെയും സൗധാമിനിയേട്ടത്തിയുടെയും നീണ്ട കാത്തിരിപ്പിന്റെ മൂകതയ്ക്ക് പര്യവസാനം കുറിച്ച് കൊണ്ട് നന്ദനും വേണുവും ഹരിന്ദ്രനും അവരുടെ കുടുംബത്തോടൊപ്പം കാറുകളിൽ നിന്ന് ഇറങ്ങി …

വർഷങ്ങൾക്ക് ശേഷം കാണുന്ന സ്വന്തം മക്കളെ നിറഞ്ഞ കണ്ണുകളോടെ സൗധാമിനിയേട്ടത്തി ആദ്യം നോക്കി കണ്ടത് മാഷിന്റെ തോളിന്റെ ചാരത്തെ മറവിൽനിന്നു കൊണ്ടാണ് …

സന്തോഷതാൽ നിറഞ്ഞ കണ്ണുകളാൽ മാഷ് സൗധാമിനിയേട്ടത്തിയെ മുഖത്തേക് ഒന്ന് നോക്കി… മുറ്റത്ത് എത്തിയ മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും ഒരു അച്ഛന്റെയും അമ്മയുടെയും സ്‌നേഹത്തോടെയും വാത്സല്യത്തോടെയും പുണർന്നു കൊണ്ട് ഇടറുന്ന സ്വരത്തോടെ മാഷ് ചോദിച്ചു യാത്ര ഒക്കെ സുഗമായിരുന്നോ മക്കളേ അതിന് ഉത്തരമായി നന്ദൻ പറഞ്ഞു

എന്റെ ഫ്ലൈറ്റ് ലേറ്റ് ആയി അച്ഛാ അതാ ഞങ്ങളെല്ലാവരും എത്താൻ വൈകിയത് ..

തന്റെ മക്കളിൽ എല്ലാം മറന്നു നിൽക്കുന്ന സൗധാമിനിയേട്ടത്തിയോടു മാഷ് പറഞ്ഞു…

സൗധാമിനിയെ മക്കൾ ഒന്നും കഴിച്ചിട്ടുണ്ടാവില്ല നീ പോയി ചോറ് വിളമ്പാൻ നോക്ക്… അടുക്കളയിലേക്കു തിടുക്കത്തിൽ പോകാൻ ഒരുങ്ങുന്ന സൗധാമിനിയേട്ടത്തിയുടെ കൈ പിടിച്ചു തടുത്തു കൊണ്ട് ഹരീന്ദ്രൻ പറഞ്ഞു ..

ഇപ്പോ ഞങ്ങൾക്ക് ഒന്നും വേണ്ട അമ്മേ വരുന്ന വഴിക്ക് ഞങ്ങൾ എല്ലാവരും കഴിച്ചു…
അത് കേട്ട സൗധാമിനിയേട്ടത്തി വിഷമത്തോടെ വേണുവിനെ നോക്കി .. ചെറിയ ചിരിയോടെ വേണു അവന്റെ മകനെ അരികിലേക്കു ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു

അതെ അമ്മെ കുട്ടികൾ ആരും വെജിറ്റേറിയൻ ഭക്ഷണം കഴിക്കാറില്ല… അത് കൊണ്ടാണ് പുറത്ത് നിന്ന് കഴിച്ചത്…

ആ നിമിഷത്തിന്റെ നീരസത്തിന് മറ നീക്കിയത് ഹരിന്ദ്രന്റെ ഭാര്യയുടെ തോളിൽ ഉറങ്ങുന്ന അവന്റെ കുഞ്ഞിനെ സൗധാമിനിയേട്ടത്തി കൈയിൽ എടുത്ത് കൊണ്ടാണ്….

കൊഞ്ചുന്ന സ്വരത്തോടെ സൗധാമിനിയേട്ടത്തി ചോദിച്ചു

അമ്മൂമ്മയുടെ കൊച്ചു മോള്‍ക്കു അമ്മൂമ്മയെ അറിയോ…

ഉറക്കത്തിൽ നിന്ന് എണീറ്റ കുട്ടി ചിണുങ്ങി കരയാൻ തുടങ്ങിയപ്പോ മാഷ് പറഞ്ഞു…

അവളുടെ ഉറക്കം മാറിയിട്ടില്ല ..കുഞ്ഞിനെ അകത്തു കൊണ്ട് കിടത്തു മോളെ…

കാറിൽ നിന്ന് പെട്ടി എടുക്കാൻ ഒരുങ്ങുന്ന ഹരിയോട് മാഷ് പറഞ്ഞു പെട്ടി ഞാൻ കാർത്തുവിനെ വിട്ട് എടുപ്പിച്ചോളാം നീ അകത്തേക്ക് ചെല്ല് ഹരി ..

മക്കൾക്കൊപ്പം ആ വീടിന്റെ പടികൾ കയറുമ്പോ അവരോട് പറയാൻ മാറ്റിവെച്ച ഒരായിരം വിശേഷങ്ങളായിരുന്നു മാഷിന്റെയും സൗധാമിനിയേട്ടത്തിയുടെയും മനസു നിറയെ …

ഏറെ സന്തോഷം നല്കുമെന്നു കരുതിയ ആ സന്ധ്യ പതിയെ രാത്രിക്കായി വഴി മാറി..

കിടക്കാനായി മുറിയിൽ എത്തിയ സൗധാമിനിയേട്ടത്തിയോടു മാഷ് ചോദിച്ചു…

അവരെല്ലാം കിടന്നോ സൗധാമിനീ…

വാതിലിന്റെ കുറ്റി ഇടുന്നതിനു ഇടയിൽ സൗധാമിനിയേട്ടത്തി പറഞ്ഞു..

ഉം കിടന്നു കാണും….. എന്നിട്ട് വാടിയ മുഖത്തോടെ സൗധാമിനിയേട്ടത്തി മാഷിന്റെ അരികിൽ വന്നു കിടന്നു

അല്പ നേരത്തെ നിശ്ശബ്ദതക്കു ശേഷം സൗധാമിനിയേട്ടത്തി വിഷാദത്തിന്റെ നേരീയ സ്വരത്തോടെ മാഷിനോട് പറഞ്ഞു

നമ്മുടെ മക്കൾ വല്ലാതെ മാറി പോയി അല്ലെ മാഷെ…

ഇതുവരെ അവരെ എനിക്കൊന്നു കണ്ണ് നിറച്ച് കാണാൻ കൂടെ കഴിഞ്ഞില്ല .. മുൻപൊക്കെ അമ്മേ എന്നും വിളിച്ചു എന്റെ പിന്നിൽ നിന്ന് മാറാതെ ഇരുന്ന നന്ദനും ഹരിയും വന്നപ്പോതൊട്ട് അവരുടെ ഭാര്യമാർക്കൊപ്പം മുറിയിൽ കയറി കതക് അടച്ചതാണ് പിന്നെ അവരെ രണ്ടു പേരെയും പുറത്തേക്ക് കണ്ടിട്ടില്ല … വേണു ആണെങ്കിൽ മുഴുവൻ നേരവും ഫോണിൽ ആണ്… നമ്മുടെ കാര്യം പോട്ടെ എന്ന് വെക്കാം അവരൊക്കെ വർഷങ്ങൾക്കു ശേഷം അല്ലെ പരസ്പരം കാണുന്നത് എന്നിട്ട് ഒന്ന് മിണ്ടാൻ പോലും നേരമില്ലാതായി അവർക്ക് …

മാഷ് സൗധാമിനിയേട്ടത്തിയെ സമാധാനിപ്പിക്കാൻ എന്നോണം പറഞ്ഞു.
യാത്രയുടെ ക്ഷീണം കൊണ്ടാകും ഹരിയും നന്ദനും പുറത്തേക്ക് വരാതെ ഇരുന്നത്.. താൻ വിഷമിക്കാതെ ഇരിക്കു… നമ്മുടെ മക്കളെ നമുക്ക് അറിഞ്ഞൂടേ

എനിക്ക് അങ്ങനെ തോന്നുന്നില്ല മാഷെ … . . .

മാഷ് ഓർക്കുന്നുണ്ടോ പണ്ട് ഇതേ പോലെയുള്ള എത്രയോ രാത്രികളിലാണ് അവർ മൂന്നു പേരും ഒരുമിച്ച് വർത്തമാനം പറഞ്ഞു ഇരുന്നിരുന്നതും ചീട്ടും കളിച്ചിരുന്നതും എല്ലാം… ഞാൻ ചെന്ന് വഴക്ക് പറഞ്ഞെങ്കിൽ മാത്രമാണ് അവർ ഉറങ്ങാൻ പോയിരുന്നത്.. അതും ഈ വീട്ടിൽ ഇത്രയും മുറികൾ ഉള്ളപ്പോൾ അവർ മൂന്ന് പേരും ഒരു മുറിയിൽ അല്ലെ കിടന്നിരുന്നത്… അന്ന് അവർക്ക് ഇടയിൽ ഉണ്ടായിരുന്ന ആ സ്നേഹമെല്ലാം കാലം അവരിൽ നിന്ന് എടുത്ത് മാറ്റി എന്ന് തോന്നുന്നു…

മാഷിന്റെ അല്പനേരത്തെ നിശബ്ദത കണ്ടപ്പോൾ സൗധാമിനിയേട്ടത്തി തല ഒന്ന് ചെരിച്ചു കൊണ്ട് ചോദിച്ചു…

മാഷ് ഉറങ്ങിയോ…

ഹേയ് ഇല്ല .. താൻ പറഞ്ഞപ്പോ പണ്ടത്തെ ഓരോ കാര്യങ്ങൾ ഓർമ്മയിൽ വന്നു… എനിക്കും തോന്നിയ ചില മാറ്റങ്ങൾ അവരിൽ സംഭവിച്ചിട്ടുണ്ടെന്ന് അത്താഴം കഴിഞ്ഞു ഞാൻ ഉമ്മറത് ഇരിക്കുമ്പോഴും മക്കളോ മരുമക്കളോ എന്നോടും കാര്യമായി ഒന്നും സംസാരിക്കാൻ വന്നില്ല… താൻ പറഞ്ഞതാകും ശരി .
നമ്മക്കു രണ്ടു പേർക്കും മാത്രമായിരുന്നു അവരെ എല്ലാവരെയും ഒരുമിച്ച് ഒന്ന് കാണുവാനായി ഇത്രയും വർഷത്തെ കാത്തിരിപ്പും ആഗ്രഹവും ഉണ്ടായിരുന്നത്..

ചിലപ്പോൾ അവരുടെ അവിടുത്തെ ജീവിത രീതി അങ്ങനെ ഒക്കെ ആയിരിക്കും വലിയ പദവികൾ ഉള്ള ആളുകൾ അല്ലെ നമ്മളെ പോലെ അവരെ കുറിച്ച് മാത്രം ആലോചിച്ച് നടക്കാൻ കഴിയില്ലല്ലോ വേറെയും ഉണ്ടാവില്ലേ നൂറുകൂട്ടം കാര്യങ്ങളും തിരക്കുകളും

നമ്മുടെ വിഷമം നമ്മുടെ രണ്ടു പേരുടെയും മനസ്സിൽ മാത്രം കിടന്നാ മതി താൻ ആയി ഒന്നും പുറത്ത് കാണിക്കേണ്ട ..

അവർ കഴിയുന്ന പോലെ സന്തോഷിച്ചു മടങ്ങി പോട്ടെ ഇനി ഇതും ആലോചിച്ചു താൻ ഉറക്കം കളയേണ്ട…

ഒരു രാത്രിമഴയുടെ വരവ് അറിയിച്ചു കൊണ്ട് വീശിയ നനുത്ത കാറ്റിൽ ആ മുറിയുടെ ജനാല വാതിൽ ഒന്ന് തനിയെ അടഞ്ഞു തുറന്നപ്പോ മാഷ് പറഞ്ഞു .

മഴ ചാറുന്നുണ്ടെണ് തോന്നുന്നു താൻ എണീറ്റ് ആ ജനാല അങ്ങ് അടച്ചേയ്ക്ക് എന്നിട്ട് രാമനാമം ചൊല്ലി കിടക്കാൻ നോക്ക്..

ജനാലയുടെ അടയാൻ മടിച്ച വാതിലിന്റെ ശബ്ദത്തിന് തുടർച്ചയായി ആ മുറിയിലെ വെട്ടവും അണഞ്ഞിരുന്നു..

പിറ്റേന്ന് തിരുവോണനാളിൽ ആ പുന്നത്തു വീടിന്റെ അകത്തളത്തിൽ

മാഷും സൗധാമിനിയേട്ടത്തിയും ഒരുക്കിയ പുത്തരി ചോറിന്റെ ഗന്ധത്തോടെ ഒരു ഓണസദ്യ ഒരുങ്ങിരുന്നു.. എണ്ണം ഇട്ടു വിരിച്ച ഇലയ്ക്ക് അരികിലേക്കു മക്കളെയും കൊച്ചുമക്കളെയും സൗധാമിനിയേട്ടത്തി വിളിച്ചിരുത്തി…. ഇലയിൽ കറികൂട്ടുകൾ വിളമ്പുന്നതിനിടയിൽ സൗധാമിനിയേട്ടത്തിയോടു മാഷ് പതിയെ ചോദിച്ചു…

നന്ദനെ വിളിച്ചില്ലെ…

ഉവ്വ് വിളിച്ചിരുന്നു.. ഇപ്പോ വരാം എന്നാ പറഞ്ഞത്…. ഹരിയും വേണുവും ഇലയ്ക്ക് മുന്നിൽ ഇരിക്കുമ്പോ നന്ദനെ കാക്കുന്നത് ശരിയല്ലല്ലോ … മാഷ് കഴിച്ചോളൂ നന്ദു ഇപ്പോ വരും…

സദ്യവിളമ്പി മറ്റുള്ളവർ ഉണ്ടു തുടങ്ങിട്ടും നന്ദനെ കണ്ടില്ല…

സൗധാമിനിയേട്ടത്തി വീണ്ടും നന്ദന്റെ മുറിയുടെ വാതിൽ മുട്ടിയപ്പോ വാതിൽ തുറന്നത് നന്ദന്റെ ഭാര്യ ലത ആയിരുന്നു ഏതോ യാത്രയ്ക്ക് ഉള്ള ഒരുക്കത്തിന്റെ ഇടയിൽ ആയിരുന്നു അവൾ ….

സൗധാമിനിയേട്ടത്തി ലതയോട് ചോദിച്ചു ഭക്ഷണം കഴിക്കാൻ വരുന്നില്ലേ മോളെ നിങ്ങൾക്ക് വേണ്ടി അകത്ത് എല്ലാവരും കാത്തിരിക്കാണ്….

സൗധാമിനിയേട്ടത്തിയുടെ ക്ഷണത്തിന് അല്പം പോലും ഓർത്ത് നോക്കാതെ ലത പറഞ്ഞു…

ഇല്ല അമ്മേ ഞങ്ങൾ വരുന്നില്ല എനിക്കും നന്ദേട്ടനും താഴെ ഇരുന്നു ഭക്ഷണം കഴിച്ചു ശീലം ഇല്ല…

എന്നാ ലത കുട്ടികളോട് വന്ന് ഭക്ഷണം കഴിക്കാൻ പറയൂ..

കുട്ടികളും നന്ദേട്ടനും ഒരുങ്ങിക്കൊണ്ടിരിക്കയാണ് ഞങ്ങൾ പുറത്തേക്ക് ഒന്ന് ഇറങ്ങാനുള്ള ഒരുക്കത്തിലാണ് .. ഞങ്ങളെ വെയിറ്റ്ചെയ്യണ്ട അവരോട് അമ്മ കഴിചൊള്ളാൻ പറഞ്ഞേക്കൂ

ആ മറുപടിയുടെ വേദനയിൽ സൗധാമിനിയേട്ടത്തി തിരിഞ്ഞു നടക്കുമ്പോഴേക്കും ആ മുറിയുടെ വാതിൽ അടഞ്ഞിരുന്നു….

പിന്നെ അങ്ങോട്ടുള്ള നിമിഷങ്ങൾക്കു അവരുടെ ഓർമകളിലെ പഴയ സദ്യയുടെ മധുരമുണ്ടായിരുന്നില്ല … മക്കളിലെ അതിരു കവിഞ്ഞ പക്വത പരസ്പരം സംസാരിക്കുന്ന വാക്കുകൾക്ക് പോലും നിയന്ത്രിതമായിരുന്നു….. എന്നും നിറ വസന്തമായി മാറേണ്ടിയിരുന്ന ആ നിമിഷങ്ങൾ അരോചകമായി മാറിയപ്പോ തന്റെ നിറഞ്ഞ കണ്ണുകൾ ആരും കാണാതെ മറയ്ക്കുവാനായി സൗധാമിനിയേട്ടത്തി അടുക്കളയിലെ കോലായിലേയ്ക്കു നീങ്ങി. അത് കണ്ടപ്പോ മാഷ് പാതി ഉണ്ട ഇല മടക്കി എണീറ്റു . എന്നിട്ട് ഉമ്മറത്തെ കസേരയിൽ പോയിരുന്നു…..

അല്പസമയത്തിന് ശേഷം നന്ദൻ എന്തൊക്കെയോ പറയാനുള്ള ചില മുഖവരയുടെ ഭാവത്തോടെ മാഷിന്റെ അടുത്തേക്ക് വന്നു..

നന്ദൻ ചെറിയ സ്വരത്തോടെ അച്ഛാ എന്ന് വിളിച്ചു കൊണ്ട് പറഞ്ഞു..

ഞാൻ ഏർണംകുളത്തെ പാസ്പോർട്ട് ഓഫീസിൽ ജോലി ചെയ്യുന്ന എന്റെ സുഹൃത്തിന്റെ വീട് വരെ പോവാണ് അവനെ കണ്ടു അച്ഛന്റെയും അമ്മയുടെയും പാസ്സ്പോർട്ടിന്റെ കാര്യം ഒന്ന് സംസാരിക്കണം… ഇനിയുള്ള കാലം അച്ഛനും അമ്മയും എന്റെ കൂടെ us ൽ ഉണ്ടാവണം…

നന്ദൻ ഇത്രയും പറഞ്ഞു തീരും മുമ്പ് ഹരിയും വേണുവും നിര്ബന്ധത്തോടെ സൗധാമിനിയേട്ടത്തിയുടെ കൈപിടിച്ച് കൊണ്ട് ഉമ്മറത്തേക്ക് വന്നിരുന്നു….

സൗധാമിനിയേട്ടത്തിയുടെ മുഖത്തേക്കു ഒന്ന് നോക്കി കൊണ്ട് നന്ദൻ തുടർന്ന് പറഞ്ഞു…

അച്ഛനും അമ്മയും എനിക്കൊപ്പം വന്നാൽ പിന്നെ ഈ വീടിന്റെ ആവശ്യം ഇല്ലാലോ.. ഞാനും വേണുവും ഹരിയും കൂടി വടക്കേ വീട്ടിലെ ജോസേട്ടനോട് ഇതേ കുറിച്ചു സംസാരിച്ചിരുന്നു .. ജോസേട്ടൻ തന്നെ നല്ല വില തന്നു എടുത്തോളാമെന്നാ പറഞ്ഞത്… പിന്നെ അച്ഛനും അമ്മയ്ക്കും വയസായി വരികയല്ലേ എന്തേലും സംഭവിച്ചു പോയാൽ ഞങ്ങൾക്ക് പെട്ടന്ന് ഓടി എത്താൻ കഴിഞ്ഞു എന്ന് വരില്ല .. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അത് മതി പിന്നെ നാട്ടുകാർക്ക് പറഞ്ഞു കൊണ്ട് നടക്കാൻ…

പിന്നെ സംസാരിച്ചത് വേണു ആണ്

കുറച്ചു നാളായി ഞാനും വിചാരിക്കുന്നു പുതിയ ഒരു ബിസിനസ് തുടങ്ങണം എന്ന് … പൈസയുടെ ബുദ്ധിമുട്ടു കൊണ്ടാണ് അത് ഇത്രയും നാളും വൈകിയത്…

ഇത്രയും കേട്ട് കഴിഞ്ഞപ്പോ മാഷ് അമ്മയ്ക്കു അരികിൽ നിൽക്കുന്ന ഹരിയോട് ചോദിച്ചു നിനക്കും ഉണ്ടോ ഹരി ഇതേ പോലെ ആവശ്യങ്ങൾ …

കഴിഞ്ഞ മാസം പുതിയ ഒരു കാർ എടുത്തിരുന്നു ഇത് കിട്ടിയാൽ ആ ലോൺ അങ്ങ് ക്ലോസ് ചെയ്യാം എന്നാ ഞാനും വിചാരിക്കുന്നത്…

ഇത് സംസാരിച്ചു തീരുമാനിക്കുന്നത് കൊണ്ടാണ് ഞങ്ങൾ ഇന്നലെ ഇവിടെ എത്താൻ വൈകിയത്.. പിന്നെ അച്ഛനോടും അമ്മയോടും തുറന്ന് പറയാലോ ആ പണ്ടത്തെ അടുപ്പം ഒന്നും ഞങ്ങൾക്ക് ഇടയിൽ ഇന്ന് ഇല്ല .

അച്ഛനും അമ്മയും ഉണ്ടല്ലോ എന്ന് കരുതി മാത്രം ആണ് ഞാനും ലതയും മകളും വന്നത്…

അവർക്കിടയിലെ രക്ത ബന്ധങ്ങളുടെ കണ്ണികൾ പോലും അറ്റു പോയന്ന് സ്വന്തം മകന്റെ വാക്കുകളിൽ നിന്ന് തന്നെ കേട്ടപ്പോ അത് സഹിക്കാനാവാതെ മാഷ് നന്ദനെ തല്ലാൻ കൈ ഉയർത്തി….

പെട്ടെന്ന് അത് തടുത്തുകൊണ്ട് സൗധാമിനിയേട്ടത്തി മാഷെ എന്ന് വിളിച്ചു

ആ വിളിക്കും അപ്പുറം തളർന്ന മാഷിന്റെകാലുകൾ ഇടറി മാഷ് വീഴാൻ തുടങ്ങിയപ്പോഴേക്കും വേണു മാഷിനെ പിടിച്ചു കസേരയിൽ ഇരുത്തിരുന്നു അപ്പോഴും വാർധക്യം ബാധിച്ച ആ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു….

വീട്ടിൽ നിന്ന് ഇറങ്ങും മുമ്പ് നന്ദൻപറഞ്ഞു അച്ഛൻ എന്നെ തല്ലുന്നതിന് മുമ്പ് ഇതൊക്കെ എനിക്കും കൂടി അവകാശപ്പെട്ടതാണ് എന്നും കൂടെ ഓർക്കണം

പിന്നെ ഇത് വരെ എന്റെയും അനിയൻമാരുടെയും ഒരിഷ്ട്ടത്തിനും അച്ഛനും അമ്മയും എതിരു പറഞ്ഞിട്ടില്ല അത് ഇപ്പോ ഞങ്ങൾ ജീവിതത്തിലേക്കു കണ്ടെത്തിയ പെൺകുട്ടികളുടെ കാര്യത്തിൽ ആയാൽ പോലും…

ഈ ഒരിഷ്ട്ടത്തിനും എതിരു പറയില്ലെന്ന് തോന്നി അതാ ഞങ്ങള്‍ മൂന്നു പേരും എല്ലാം തീരുമാനിച്ചത്… ലതേ എന്ന് അകത്തേക്ക് നോക്കി നീട്ടി വിളിച്ചു കൊണ്ട് നന്ദൻ പറഞ്ഞു ഞാൻ പോകുന്നു… ഇനിയെല്ലാം അച്ഛനും അമ്മയ്ക്കും തീരുമാനിക്കാം … പിന്നെ ഒന്നും കൂടെ ഞാൻ പറയാം ഇത് എന്റെ അവസാനത്തെ വെക്കേഷൻ ആണ് ഇനി എന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞു ആരും എന്നെ വിളിക്കണമെന്നില്ല . അത് ഇപ്പോ ഇനി ആർക്ക് എന്തൊക്കെ സംഭവിച്ചാൽ തന്നെയും ..

ഇത്രയും പറഞ്ഞു നന്ദൻ ലതക്കൊപ്പം പുന്നത്തു വീടിന്റെ പടികൾ ഇറങ്ങി….

ആ നിമിഷം മുതൽ നിശബ്ദമായി തീർന്ന പുന്നത്തു വീട് പിറ്റേന്ന് രാവിലെ ഉണര്‍ന്നത് ജോസിന്‍െറ മാഷെ എന്നാ വിളി കേട്ട് കൊണ്ടാണ്… വിളി കേട്ട് പുറത്ത് വന്ന മാഷിനോട് ജോസ് ചോദിച്ചു.. എന്താ മാഷെ രാവിലേ തന്നെ എന്നോട് വരാൻ പറഞ്ഞത്…

ജോസ് കയറി ഇരിക്കു…

മാഷും ജോസിന് അഭിമുഖമായി ഇരുന്നു അകത്തെ വാതിലിന്റെ മറവിൽ നിന്നിരുന്ന സൗധാമിനിയേട്ടത്തിയെ നോക്കി കൊണ്ട് മാഷ് പറഞ്ഞു മക്കളോട് ഒക്കെ ഉമ്മറത്തേക് വരാൻ പറയു…..

അൽപ സമയത്തിനുള്ളിൽ തന്നെ നന്ദനും വേണുവും ഹരിയും ഉമ്മറത്തു എത്തിയിരുന്നു …

മാഷ് അവരെ നോക്കി കൊണ്ട് ജോസിനോടായി പറഞ്ഞു…..

ജോസേ ഈ വീടിനു എത്ര വില കിട്ടും എന്ന് ഞാൻ ചോദിക്കുന്നില്ല.. അത് എത്ര ആയാലും എനിക്ക് അറിയുകയും വേണ്ട … കഴിയുമെങ്കിൽ രജിസ്‌ട്രേഷനും കാര്യങ്ങളും പെട്ടെന്നു നടത്തണം… കാരണം എന്റെ മക്കൾ ഒരുപാടു തിരക്ക് ഉള്ളവരാണ് ഈ ഒരു കാര്യത്തിനായി അവരെ ഇനി ബുദ്ധിമുട്ടിക്കാൻ ആവില്ല .. ജോസ് പേപ്പർ ഒകെ ശരിയാക്കുമ്പോ എന്നെ അറിയിച്ചാൽ മതി ഞാൻ വന്ന് ഒപ്പിട്ടോളാം…

ആ പിന്നെ പറയാൻ വിട്ടു ജോസേ .. ഇനി ഇടപാടിന്റെ എന്തെങ്കിലും ആവശ്യം വന്നാൽ എന്നെ അന്വേഷിച്ചു ജോസ് വരേണ്ടത് ഇവിടേക്കല്ല..

ടൗണിൽ സ്കൂളിന് അടുത്ത് ഒരു വൃദ്ധസദനം ഉണ്ട്… ഇനി ഞാനും സൗധാമിനിയും അവിടെ ഉണ്ടാകും…

പിന്നെ കഴിയുമെങ്കിൽ ജോസ് എന്റെ മക്കളോട് പറയണം ലക്ഷങ്ങൾ വിലയുള്ള ബിസിനസും കാറും വാങ്ങിയ കടം വീട്ടികഴിയുമ്പോ ഈ അച്ഛനും അമ്മക്കും വേണ്ടി ഒരു 3 സെന്റ് സ്ഥലത്തു ഒരു കുടില് കെട്ടി തരണമെന്ന്

അവരുടെ അമ്മയുടെ മടിയിൽ കിടന്നു കണ്ണടയ്ക്കണം എന്നാ എന്റെ ആഗ്രഹം .. ചിലപ്പോൾ വൃദ്ധസദനത്തിൽ അതിനുള്ള സൗകര്യം ഉണ്ടായിക്കൊള്ളണം എന്നില്ല.

ആ ഒരു ആഗ്രഹം മാത്രമേ എല്ലാത്തിനും പകരമായി എനിക്ക് അവരോട് ആവശ്യപ്പെടാനായിട്ടുള്ളൂ

മാഷ് എന്തൊക്കെയാ പറയുന്നത് അങ്ങനെ വൃദ്ധസദനത്തിൽ ജീവിക്കേണ്ട ആളാണോ മാഷ്

അതാ നല്ലത് ജോസേ ഇനിയുള്ള കാലം അങ്ങനെ ഒക്കെ മതി…. ബാക്കി കാര്യങ്ങളൊക്കെ ശരിയാക്കുമ്പോ ജോസ് അറിയിക്കു ..

അൽപസമയത്തിന്റെ നിശ്ശബ്ദതയ്ക്ക് ശേഷം ജോസ് പറഞ്ഞു …

എന്നാ ഞാൻ ഇറങ്ങാണു മാഷെ…

മാഷ് ജോസിനോട് പതിയെ ഒന്ന് മൂളി എന്നിട്ട് കസേരയിൽ നിന്ന് എഴുന്നേറ്റ് അകത്തേക്ക് കടക്കുന്നതിനിടയിൽ മാഷ് സൗധാമിനിയേട്ടത്തിയോടായി പറഞ്ഞു.

എന്നാ നമുക്കും ഇറങ്ങാൻ നോക്കാം സൗധാമിനി… വില പിടിപ്പില്ലാത്ത എന്താണ് എന്ന് വെച്ചാൽ എടുത്തോളൂ0 ഇത്രയും പറഞ്ഞു തീരും മുൻപ് മാഷിന്റെ കൈയിൽ നന്ദൻ കയറി പിടിച്ചിരുന്നു .. കലങ്ങിയ കണ്ണുകളോടെ അവൻ ചോദിച്ചു അച്ഛനെയും അമ്മയെയും വഴിയാധാരമാക്കി ഇവിടെ ആരും ഒന്നും നേടാൻ ആഗ്രഹിച്ചിട്ടില്ല അച്ഛന് എന്റെ ഒപ്പം വന്നുകൂടെ…

നന്ദന്റെ തോളിൽ കൈ വെച്ച് കൊണ്ട് മാഷ് പറഞ്ഞു…

മോനെ നന്ദാ നിങ്ങൾ ഓരോത്തർക്കും വേണ്ടി ഞാനും അമ്മയും കാത്തിരിക്കുമ്പോ ഞങ്ങൾക്ക് കൂട്ടായി ആകെ ഉണ്ടായിരുന്നത് ഈ വീടാണ് ആ വീട് ഭാഗം വെച്ച് നിങ്ങൾ പങ്കിടുമ്പോ നാളെ ഈ അച്ഛന്റെയും അമ്മയുടെയും സ്നേഹവും വേർതിരിക്കാൻ തോന്നിയേക്കാം.. ആ വേർതിരിവിൽ ഞങ്ങൾക്ക് ഞങ്ങളെ തന്നെ നഷ്ടപ്പെടും … കഴിഞ്ഞ 40 വർഷങ്ങളായി ഒരിക്കൽ പോലും ഞാൻ നിങ്ങളുടെ അമ്മയെ വേർ പിരിഞ്ഞു ജീവിച്ചിട്ടില്ല… ഇനി മക്കൾ അങ്ങനെ ഒരു അവസ്ഥക്ക് കൂടി കാരണമാകരുതെന്നു കരുതിയാണ് അച്ഛൻ ഇപ്പോ ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്

പിന്നെ ഇന്ന് നിങ്ങള്‍കൊക്കെ ഓരോത്തർക്കും സ്വന്തമായി വീടുകളായി അപ്പൊ ഈ വീട് ഒരു അധികപ്പറ്റായി തോന്നി തുടങ്ങി… .. ഇനി ഞാനും അമ്മയും നിങ്ങൾക്ക് ഒപ്പം വന്നാലും ബന്ധങ്ങളുടെ വില അറിയാത്ത പോകുന്ന നിങ്ങളുടെ ജീവിതത്തിൽ കുറെ കൂടി സ്വകാര്യത വേണം എന്ന് തോന്നിയാൽ … അപ്പൊ ഈ വീട് പോലെ അച്ഛനും അമ്മയും ഒരു അധികപ്പറ്റായി തോന്നിയേക്കാം..

അല്ല അത് തോന്നും…..

ഇന്ന് ഞങ്ങൾക്ക് ഉള്ള ആരോഗ്യം അന്ന് ഞങ്ങൾക്ക് ഉണ്ടായിക്കൊള്ളണം എന്നില്ല മോനെ .

അത് കൊണ്ട് നല്ല സമയത്ത് തന്നെ ഞാനും അമ്മയും സുരക്ഷിതമായ ഒരു സ്ഥലം കണ്ടു പിടിച്ചു മാറുന്നു എന്ന് മാത്രം… പിന്നെ എന്നെങ്കിലും ഈ നഷ്ടങ്ങളുടെ വില കാലം നിങ്ങൾക്ക് മുന്നിൽ തെളിക്കുമെങ്കിൽ അന്ന് വരാം ഈ അച്ഛനും അമ്മയും നിങ്ങൾക്കൊപ്പം …

മാഷിന്റെ ആ വാക്കുകൾക്കും അപ്പുറം നന്ദനും വേണുവിനും ഹരിക്കും തല കുനിച്ചു നിൽക്കാനേ ആയുള്ളൂ… അല്പസമയത്തിനുള്ളിൽ തന്നെ സൗധാമിനിയേട്ടത്തിയുടെ കൈ പിടിച്ച് മാഷ് പുന്നത്തു വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു ..

അച്ഛനും അമ്മയും തനിക്ക് മുന്നിൽ നടന്ന് അകലുന്നത് നോക്കി നിൽക്കവേ അവരെ തിരിച്ചൊന്ന് വിളിക്കാൻപോലും അർഹതയില്ലാത്തവരായി തങ്ങൾ മാറി പോയി എന്ന് നന്ദനും വേണുവും ഹരിയും തിരിച്ചറിഞ്ഞ നിമിഷങ്ങൾ ആയിരുന്നു അത്…..

പിന്നീട് ദിവസങ്ങളും ആഴ്ചകളും ഒരുപാടു കടന്നു പോയി കൂടെ ഋതുക്കൾ പലതും മാറി മാറി വന്നു ഒരു വര്ഷത്തിനും അപ്പുറം .. വീണ്ടും ഒരു ഓണനാളിനായി നാടും പ്രകൃതിയും ഒരുങ്ങി തുടങ്ങിയിരുന്നു…

തിരുവോണനാളനാളിലെ പുലരിയിൽ സോമന്റെ പീടികയ്ക്ക് മുന്നിൽ…

സോമൻ പീടിക തുറക്കുന്നതിന് ഇടയിൽ റോഡിന്റെ മറു വശത്ത് കൂടി പോകുന്ന നന്ദനെ നോക്കി ചോദിച്ചു..

അല്ല ചേട്ടനും അനിയന്മാരും രാവിലെ തന്നെ എവിടെ പോയതാ …

ഞങ്ങൾ അമ്പലം വരെ ഒന്ന് പോയത …സോമേട്ടാ

മൂന്ന് പേരും നാട്ടിൽ വന്നിട്ട് കുറച്ചായില്ലേ എന്നാ ഇനി തിരിച്ചു പോകുന്നെ ..

നിറഞ്ഞ ചിരിയോടെ വേണു സോമനോട് പറഞ്ഞു ഇനിയുള്ള കാലം ഞങ്ങൾ അച്ഛനും അമ്മയ്ക്കും ഒപ്പം ഇവിടെ ഒക്കെ തന്നെ ഉണ്ടാകും സോമേട്ടാ…

ഇത്രയും പറഞ്ഞു കൊണ്ട് ആ പഴയ നന്ദനും വേണുവും ഹരിയും
മാഷിനും സൗധാമിനിയേട്ടത്തിയോടും കൂടെയുള്ള ഒരു പുതിയ ഓണം വരവേൽക്കാനായി പുന്നത്തു വീടിന്റെ പടിപ്പുര ലക്ഷ്യമാക്കി നടന്നു…

ഒരുപാട് പറഞ്ഞു പഴക്കമേറിയ വിഷയം ആണെന്ന് അറിയാം .. എങ്കിലും കഥാപാത്രങ്ങൾ മനസ്സിൽ ജനിച്ചു കഴിഞ്ഞപ്പോൾ എഴുതാതെ ഇരിക്കാൻ കഴിഞ്ഞില്ല… ആവർത്തന വിരസത തോന്നിയെങ്കിൽ ക്ഷമിക്കണം

by ശരത്