ഭ്രാന്തി പെണ്ണ്
Story written by Geethu Geethuz
=====================
” ഡാ തെക്കേലെ ആ പ്രാന്തി പെണ്ണിനെ കിട്ടീന്നു”. ശങ്കു വന്നു ഇതെന്നോട് പറഞ്ഞപ്പോൾ ഞാൻ കുറെ സന്തോഷിച്ചു. കാരണം ഉള്ളിൽ എവിടെയോ ഒരു കുറ്റബോധം മറഞ്ഞു കിടപ്പുണ്ട് ഇപ്പോഴും. ഞാൻ കാരണമാണ് അവൾ ഇപ്പോഴത്തെ ഈ അവസ്ഥയിൽ എത്തിയതെന്നുള്ള കുറ്റബോധം.
പുഴയിൽ കല്ലിട്ട് ഓളമടിപ്പിച്ചു കളിച്ചു കൊണ്ടിരുന്ന ഞാൻ പതുക്കെ എണീറ്റു. എന്നിട്ട് അവനോടു പറഞ്ഞു ശങ്കു നിന്നോട് ഞാൻ ഒരായിരം വട്ടം പറഞ്ഞിട്ടുണ്ട് അവളെ പ്രാന്തി പെണ്ണെന്നു വിളിക്കരുതെന്നു. അവൻ ഒരു പുച്ഛത്തോടെ എന്നോട് ചോദിച്ചു ഭ്രാന്ത് ഉള്ളതിനെ പിന്നെ വേറെന്തോ വിളിക്കണം.
ഞാൻ പറഞ്ഞു തരാമെടാന്നും പറഞ്ഞു അവനെ ഞാൻ പുഴയിലേക്ക് തള്ളി ഇട്ടു. എന്നിട്ട് മുൻപോട്ടു നടന്നു. പുറകിൽ നിന്നും അവന്റെ ശബ്ദം കേൾക്കാമായിരുന്നു. അവൾക്കല്ല നിനക്കാ ഭ്രാന്ത്.
അതെ എനിക്കാ ഭ്രാന്ത്. ഞാൻ ഒരിക്കൽ ഭ്രാന്ത് കാട്ടിയതിന്റെ ബാക്കി പത്രമാണ് അവൾ. ഉള്ളിൽ അന്നത്തെ ഓരോ സംഭവവും കനലു പോലെ കിടന്നു നീറി.
അവളുടെ വീടിന്റെ വേലിയിൽ ചെന്ന് അകത്തേക്ക് ഒന്ന് നോക്കി. അപ്പോൾ കണ്ട കാഴ്ച എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവളുടെ അമ്മാവനും അയ്യാളുടെ മക്കളും ചേർന്ന് അവളെ ഉപദ്രവിക്കുന്നു.
ഓടി ചെന്നവളെ പിടിച്ച് മാറ്റി ചേർത്തു പിടിച്ചപ്പോൾ എനിക്ക് നേരെ ശകാര വർഷവുമായി അവളുടെ അമ്മായിയും വന്നു.അവർ എല്ലാവരോടും എനിക്ക് അപ്പോൾ തോന്നിയ ദേഷ്യത്തിന് അളവില്ലായിരുന്നു.
ഞാൻ അവരോടൊക്കെ ഉച്ചത്തിൽ എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി. എന്റെ ഉച്ചത്തിലുള്ള സംസാരം കേട്ടു അയൽപക്കത്തു ഉള്ളവരും അങ്ങോട്ടേക്ക് എത്തി. എല്ലാവരും അവരെ ശകാരിക്കാൻ തുടങ്ങി. ആരോ ചോദിക്കുന്നത് കേട്ടു സുഖമില്ലാത്ത കൊച്ചിനെ തല്ലാൻ നിങ്ങൾക്ക് നാണമില്ലേന്നു.
അത് കേട്ടപ്പോൾ ഞാൻ അവളുടെ കണ്ണുകളിലേക്ക് ഒന്ന് നോക്കി. പേടിച്ചു വിറച്ചു എന്റെ നെഞ്ചോടു ഒട്ടി നിന്ന അവളെ കണ്ടപ്പോൾ എനിക്ക് സ്നേഹമാണോ സഹതാപമാണോ തോന്നിയതെന്നു എനിക്ക് ഇപ്പോഴും അറിയില്ല.
എല്ലാവരും കൂടിയപ്പോൾ രംഗം വഷളായി എന്ന് മനസ്സിലാക്കി അമ്മായി അവളെയും പിടിച്ച് വലിച്ചു ഉള്ളിലേക്ക് നടന്നു. പുറകെ അമ്മാവനും മക്കളും. അവരുടെ മൂത്തമകൻ തിരിഞ്ഞു എന്നോട് പറഞ്ഞു നീ കൂടുതൽ പുണ്യവാൻ ആകരുത്. അവളെ ഇങ്ങനെയാക്കിയത് നിയാണ്.
അവിടുന്ന് തിരിഞ്ഞു നടക്കുമ്പോൾ ആ വാക്കുകൾ എന്നെ സ്പർശിച്ചു. കുട്ടികാലത്തു ഞാൻ അറിയാതെ ചെയ്ത തെറ്റിന്റെ ഫലമാണ് അവൾ അനുഭവിക്കുന്നത്.
മനസ്സിൽ പഴയ സംഭവങ്ങൾ എല്ലാം ഓടിയെത്തി. അവളുടെ ചെറുപ്രായത്തിൽ തന്നെ അവൾക്കു അവളുടെ അമ്മയെയും അച്ഛനെയും നഷ്ട്ടപ്പെട്ടു. പിന്നീട് ആകെ ഉണ്ടായിരുന്നത് ഒരു ചേട്ടനാണ്.
അവർ രണ്ടാളും അമ്മാവന്റെ കൂടെയാണ് കഴിഞ്ഞിരുന്നത്. അമ്മാവന്റെ മക്കൾ അവരെ അവിടുത്തെ വേലക്കാരായിട്ടു മാത്രമേ കണ്ടിട്ടുള്ളു. അത് കൊണ്ട് തന്നെ അവരെ അവർ കളിക്കാനും കൂട്ടില്ലായിരുന്നു.
അവർ രണ്ടുപേരും ചെറുപ്പം മുതൽ ഞാനുമായിട്ടാണ് കൂട്ടു കൂടിയത്. കണ്ണേട്ടാ എന്നും വിളിച്ചു എന്റെ പുറകെ നടന്നിരുന്ന അവളെ എനിക്ക് ഒരുപാടു ഇഷ്ട്ടമായിരുന്നു. അവനെയും.
ഒരിക്കൽ പുഴ വക്കിൽ ഇരുന്നു കളിച്ചപ്പോൾ ഞാനാണ് അജിയോട് പുഴയിൽ ഇറങ്ങാം എന്ന് നിർബന്ധം പിടിച്ചത്. നീന്താൻ അറിയില്ല എന്ന് അവൻ പറഞ്ഞപ്പോഴും ഒരുപാട് ആഴത്തിലേക്ക് പോകണ്ട , അരികത്തു നിൽക്കാം എന്നും പറഞ്ഞു ഞാൻ തന്നെയാണ് നിർബന്ധിച്ചു അവനെ പുഴയിലേക്ക് ഇറക്കിയത്.
കാലം തെറ്റി പെയ്ത ഒരു മഴ ഒളിപ്പിച്ചു വച്ചിരുന്ന ചുഴി ഞാനോ അവനോ അറിഞ്ഞില്ല. പുഴയിൽ ഇറങ്ങിയപ്പോൾ ആവേശം കൊണ്ടവൻ ഉള്ളിലേക്ക് പോയിക്കൊണ്ടിരുന്നു. കരയിൽ നിന്നും ഉള്ള അവളുടെ അജിയേട്ടാ എന്നുള്ള വിളി പോലും അവഗണിച്ചു അവൻ ആ ചുഴിയിലേക്ക് തന്നെ പോയി.
എനിക്കും എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപേ അവനെ പുഴ അവളുടെ മാറിലേക്ക് ആവാഹിച്ചിരുന്നു. അപ്പോഴേക്കും നാട്ടുകാർ ഒന്ന് രണ്ടു പേർ അങ്ങോട്ട് ഓടിയെത്തി. അവരോടു അവൾ പറഞ്ഞു കണ്ണേട്ടൻ കാരണമാ എല്ലാം. ചങ്ക് പറിയുന്ന വേദനയോടെയാണ് ഞാൻ അത് കേട്ടു നിന്നത്.
മൂന്നാംപക്കം കിട്ടിയ അവന്റെ ശരീരം കാണാൻ പോലും ഞാൻ പോയില്ല. അതിനു മനസ്സ് അനുവദിച്ചില്ല. പിന്നീട് ഞാൻ അധികം പുറത്തിറങ്ങാതെയായി. ഒരിക്കൽ അമ്മ പറഞ്ഞാണ് അറിഞ്ഞത് അവൾ ഭ്രാന്തിന്റെ ചില ലക്ഷണങ്ങൾ കാണിച്ചു എന്ന്.
അത് അറിഞ്ഞപ്പോൾ അവളെ ഒന്ന് കാണാൻ വേണ്ടിയാണ് അവിടെ ചെന്നത്. എന്നെ കണ്ടപ്പോൾ തന്നെ നീയാ എന്റെ ഏട്ടനെ കൊന്നത് എന്നും പറഞ്ഞു അവൾ എന്നെ കുറെ ഉപദ്രവിച്ചു. പിന്നീട് ഒരിക്കലും ഞാൻ അവളെ കാണാൻ ശ്രമിച്ചിട്ടില്ല.
കുറെ നാളുകൾക്കു ശേഷം ഞാൻ നാട്ടിൽ നിന്നു തന്നെ മാറി നിന്നു. പിന്നീട് ഇപ്പോഴാണ് നാട്ടിലേക്ക് വരുന്നത്. ഓരോന്ന് ആലോചിച്ചു വീട്ടിൽ എത്തിയത് പോലും അറിഞ്ഞില്ല. ഉമ്മറത്ത് എന്നെയും കാത്തു അമ്മ നിൽക്കുന്നുണ്ടായിരുന്നു.
എന്റെ മുഖം വല്ലാതെ ഇരിക്കുന്നത് കണ്ടു അമ്മ എന്നോട് കാര്യം തിരക്കി.അമ്മയോട് മറുപടിയായി ഒന്ന് മാത്രം ഞാൻ ചോദിച്ചു. ശ്രീബാലയെ ഞാൻ കല്യാണം കഴിക്കട്ടെ അമ്മേ.എന്റെ ആ ചോദ്യത്തിൽ അമ്മയ്ക്കുള്ള ഉത്തരമുണ്ടായിരുന്നു.
എന്റെ തലയിൽ തലോടി അമ്മ പറഞ്ഞു എന്റെ മോൻ ചെയ്യുന്ന ഏറ്റവും നല്ല കാര്യം അതായിരിക്കും. പക്ഷെ നീ ആലോചിച്ചു വേണം തീരുമാനമെടുക്കാൻ. പിന്നീട് ഒരിക്കലും എടുത്ത തീരുമാനം തെറ്റായീന്നു എന്റെ മോനു തോന്നരുത്. കാരണം ഈ പ്രായത്തിൽ തന്നെ ആ കുട്ടി ഒരുപാട് അനുഭവിച്ചു. ഇനിയും നീ കരയിക്കരുത്.
ഞാൻ അമ്മയോട് പറഞ്ഞു ഒരിക്കലും ഇനി അവൾ കരയില്ല. അവളെ എനിക്ക് ഇഷ്ട്ടമാണ്. അതുകൊണ്ടാണ് ഇപ്പൊ ഇങ്ങനെ പറഞ്ഞതും. അമ്മ ഒന്ന് ചിരിച്ചു . അമ്മയ്ക്ക് പൂർണസമ്മതമാണ് എന്ന് എനിക്ക് മനസ്സിലായി.
പിറ്റേന്ന് രാവിലെ തന്നെ അവളെ കൊണ്ട് വരാനായി ഞാൻ അവളുടെ വീട്ടിലേക്കു പോയി. അവിടെ ചെന്നപ്പോൾ പുറത്തെങ്ങും ആരെയും കണ്ടില്ല. ഞാൻ ഉള്ളിലേക്ക് കടന്നു നോക്കി.
അപ്പോൾ കണ്ട കാഴ്ച എന്നെ ഞെട്ടിക്കുന്നതായിരുന്നു. അവളുടെ അമ്മാവന്റെ മകൻ അവളെ തലയിണ അമർത്തി കൊല്ലാൻ ശ്രമിക്കുന്നു. ഓടി ചെന്ന് അവനെ തള്ളി മാറ്റി അവളെ ചേർത്തു പിടിച്ച് കൊണ്ട് ഞാൻ പറഞ്ഞു.
നീ ബാധ്യത ഒഴിക്കാൻ അവളെ കൊല്ലണ്ട. ഞാൻ കൊണ്ട് പൊയ്ക്കോളാം അവളെ. എന്റെ പെണ്ണായിട്ട്. ഇവളെ എനിക്ക് തരുമോ എന്ന് ചോദിക്കാനാണു ഞാൻ ഇപ്പോൾ വന്നത്. പക്ഷെ ഇനി ചോദ്യവും പറച്ചിലും ഒന്നുമില്ല. കൊണ്ട്പോകുവാ ഇവളെ. ഞാൻ അവളുടെ കയ്യും പിടിച്ച് മുറ്റത്തിറങ്ങി.
മുറ്റത്തു ഇറങ്ങി നിന്ന് ഞാൻ അവനോടു പറഞ്ഞു ഇവൾക്ക് എന്തെങ്കിലും വെറുപ്പു എന്നോട് ഉണ്ടെങ്കിൽ അത് ഞാൻ മാറ്റി എടുത്തോളാം. ഇനി ഒരിക്കലും നിങ്ങൾക്ക് ശല്യമായി ഇവളെ ഇങ്ങോട്ട് വിടില്ല.
അവളെയും ചേർത്തു പിടിച്ച് മുന്നോട്ടു നടക്കുമ്പോൾ ഉള്ളിൽ ഒരായിരം പ്രതീക്ഷികൾ ഉണ്ടായിരുന്നു. അവളുടെ അസുഖം സുഖപ്പെടുമെന്നും. അറിയാതെ ചെയ്തു പോയ തെറ്റ് അവൾ എന്നോട് ക്ഷമിക്കുമെന്നും ഒക്കെ. അതിലെല്ലാമുപരി അജി ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവും എന്നും.
~ഗീതു