ഏതു തിരക്കുകൾക്കിടയിലും ഒറ്റനോട്ടത്തിൽ തിരിച്ചറിയുന്ന വദനം. സ്‌റ്റോപ്പിനോടു ചേർത്ത് കാർ നിർത്തി. വിൻഡോ ഗ്ലാസ് നീക്കി അവളെ…

ഋതുഭേദങ്ങൾ….

എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്

==================

നഗരഹൃദയത്തിൽ തന്നെയുള്ള, പ്രസിദ്ധമായ ഷോപ്പിംഗ് കോംപ്ലക്സിന്റെ ഒന്നാം നിലയിലുള്ള ‘ഹരിതം അസോസിയേറ്റ്സ്’ ന്റെ ഓഫീസിൽ നിന്നും,  ശരത്ചന്ദ്രനും മറ്റു മൂന്നു പങ്കാളികളും ഒരുമിച്ചാണിറങ്ങിയത്.

വാതിൽക്കലേക്കു നടക്കുമ്പോൾ,  ഓഫീസ് മാനേജരായ അതിസുന്ദരി, ആദരവോടെ എഴുന്നേറ്റു നിന്നു. ശീതീകരിച്ച മുറിയുടെ പളുങ്കുവാതിൽ പതിയേ അടഞ്ഞു. ശരത്, മൂവരോടും യാത്ര പറഞ്ഞ്,  സ്വന്തം കാറിൽ കയറി.

സ്റ്റാർട്ടു ചെയ്യും മുമ്പേ, മൊബൈൽ ഫോണിൽ സ്വന്തം ബാങ്ക് അക്കൗണ്ട് ഒരിക്കൽ കൂടി പരിശോധിച്ചു. നാൽപ്പതു ലക്ഷം രൂപയോളം അക്കൗണ്ടിൽ കയറിയിട്ടുണ്ട്. നഗരത്തിലെ ഏറ്റവും മികച്ച വ്യാപാരസ്ഥാപനങ്ങളിലൊന്ന് വിൽപ്പന നടത്തിയതിന്, ഇടനില നിന്നതിനു ലഭിച്ച സംഖ്യ. ശരത്തിന്റെ മുഖത്ത്, വല്ലാത്തൊരു പ്രസാദം കുടിയേറിയിരുന്നു. കാർ സ്റ്റാർട്ടുചെയ്ത്, മുൻപോട്ടെടുത്തു. ഉടലിനെ, കാറിലെ ശീതം പൊതിയുന്നു. ഇഷ്ടമുള്ളൊരു പാട്ടു വച്ചു. എൺപതുകളിൽ, കൗമാരത്തിന്റെ പ്രാരംഭദശയിൽ അത്രമേലിഷ്ടമായിരുന്നൊരു പാട്ട്.

‘പുലർക്കാല സുന്ദര സ്വപ്നത്തിൽ ഞാനൊരു, പൂമ്പാറ്റയായൊന്നു മാറി’

മലയമാരുത രാഗത്തിന്റെ ചാരുത പേറിയ ഗാനം. നട്ടുച്ചയുടെ എരിവെയിലിൽ നഗരം ഉഷ്ണിച്ചു നിന്നു. തലങ്ങും വിലങ്ങും ചീറിയകലുന്ന വാഹനങ്ങൾ. എങ്ങുനിന്നോ വന്ന്, എവിടേക്കോ പോയിമറയുന്ന ആരുടെയൊക്കെയോ തിരക്കുകൾ അവയും ഏറ്റെടുത്തിരിക്കുന്നു. ഫുട്പാത്തിലൂടെ വൃദ്ധനായൊരു ലോട്ടറി വിൽപ്പനക്കാരൻ, ഇനിയുമെത്താത്ത ഭാഗ്യത്തേ ആർക്കൊക്കെയോ നീട്ടുന്നു. ഇത്തിരിച്ചതുരക്കടലാസിനേയും, വിൽപ്പനക്കാരന്റെ വിളറിയ മിഴികളിലെ പ്രതീക്ഷയേയും അവഗണിച്ച്,  ഒത്തിരിപ്പേർ കടന്നുപോകുന്നു. ഓടയ്ക്കരികിലെ ഇത്തിരിയിടത്തിൽ, ആവശ്യത്തിലേറെ മ *ദ്യപിച്ചൊരാൾ മലർന്നടിച്ചു കിടപ്പുണ്ട്.

അകന്നു മാറിയ കൈലിക്കിടയിലൂടെ തെളിയുന്ന ന* ഗ്നതയുടെ ജീർണ്ണത.
ഒറ്റനോട്ടത്തിലേ മുഖം തിരിച്ച്, നെറ്റി ചുളിച്ചു കടന്നുപോകുന്ന സ്ത്രീകളും മറ്റുള്ളവരും.

ബേക്കറികളിലും, ശീതളപാനിയങ്ങൾ വിൽക്കുന്നിടങ്ങളിലും വെയിലേറ്റവർ, ദാഹശമനി തിരയുന്നു. ഗതാഗതനിയമങ്ങൾ കാറ്റിൽ പറത്തി ചീറിയടുക്കുന്ന വണ്ടികളിൽ നിന്നും വെട്ടിയൊഴിഞ്ഞ്, കാർ പതിയേ മുന്നോട്ടു നീങ്ങി.

ആശുപത്രിക്കവലയിൽ, മരുന്നുപീടികകൾ നിരയിട്ടു നിന്നു. ലാബോറട്ടറികളിലും, ഔഷധശാലകളിലും ആതുരത പേറിയവർ മറുമരുന്നു തേടുന്നു. എതിർവശത്തുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിലും നട്ടുച്ചയേ പരിഗണിക്കാതെ ആൾക്കൂട്ടമുണ്ട്.
ഇനിയുമെത്താത്ത, സമയനിഷ്ഠകളില്ലാത്ത ഒരു സർക്കാർ വക ബസ്സായിരിക്കണം അവരുടെ ലക്ഷ്യം.

പ്രഭിതയല്ലേയത് ?

അതേ, ഏതു തിരക്കുകൾക്കിടയിലും ഒറ്റനോട്ടത്തിൽ തിരിച്ചറിയുന്ന വദനം. സ്‌റ്റോപ്പിനോടു ചേർത്ത് കാർ നിർത്തി. വിൻഡോ ഗ്ലാസ് നീക്കി അവളെ കയ്യാട്ടി വിളിച്ചു

‘പ്രഭിതാ…’

ഇനിയുമെത്താ ബസ്സിലേക്കു മിഴികൾ പായിച്ചു നിന്ന അവൾ, തിരിഞ്ഞു നോക്കി. തിരിച്ചറിവിന്റെ തിളക്കം, ആ കണ്ണുകളിൽ തിരയടിക്കുന്നത് വ്യക്തമാകുന്നു.

‘ശരത്തേട്ടൻ’ എന്ന അവളുടെ ചുണ്ടുകളിലെ മന്ത്രണം വായിച്ചറിയാൻ
നിഷ്പ്രയാസം സാധിക്കുന്നു. അവൾ, കാറിന്നരികിലേക്കു വന്നു. അവൾക്കു പുറകിലെ പെൺമുഖങ്ങളിൽ, ഈർഷ്യയും അസൂയയും സമന്വയിക്കുന്നു. അവർ, വീണ്ടും ഏതോ ബസ്സിനെ തിരയുന്നു.

‘പ്രഭിതാ….ഞാൻ, വീട്ടിലേക്കാണ്. കയറിക്കോളൂ”

തെല്ലു ശങ്കിച്ചശേഷം, അവൾ ഫ്രണ്ട് ഡോർ തുറന്ന് അകത്തേക്കു കയറി. കയ്യിലെ പ്ലാസ്റ്റിക് കാരിബാഗ് കീഴേ വച്ചു.

“ഷാജുവിനേ ഇവിടെയാണോ അഡ്മിറ്റു ചെയ്തിരിക്കുന്നത് ? എങ്ങനെയുണ്ടവന് ?”

പ്രഭിതയിൽ നിന്നും, ഒരു വരണ്ട ചിരിയുതിർന്നു. അവളുടെ പൂർവ്വകാല സ്മിതങ്ങളുടെ ചേലുകളെല്ലാം എവിടെയൊക്കെയോ പോയ് മറഞ്ഞിരിക്കുന്നു. അവളൊന്നു ചുണ്ടു നനച്ചു. പതിയേ പറഞ്ഞു.

“അതേ ശരത്തേട്ടാ, ഇവിടെയാണു ചേർത്തിരിക്കുന്നത്. അവസ്ഥകൾ തീർത്തും മോശമാവുകയാണ്. കരൾ, തിരികേ കിട്ടാത്ത വിധം ചുരുങ്ങിപ്പോയിരിക്കുന്നു. ശരീരത്തിൽ നിറയുന്ന അമോണിയ തലച്ചോറിലെത്തുമ്പോൾ, ഷാജുവേട്ടന്റെ ഓർമ്മകൾ നശിക്കുന്നു. പിച്ചും പേയും ഭ്രാന്തും പുലമ്പുന്നു. ലിവറിൽ നിന്നും, ഇന്ന് രണ്ടുതവണ വെള്ളം കുത്തിയെടുത്തു. അപ്പോൾ, ഇത്തിരി നേരം ആശ്വാസമാകും. ഇപ്പോളവിടെ ഷാജുവേട്ടന്റെ അമ്മയുണ്ട്. എനിക്കു വീട്ടിൽ പോയി, വസ്ത്രങ്ങൾ മാറി തിരിച്ചുവരണം. മാസങ്ങളായി, ഞാൻ സൂപ്പർമാർക്കറ്റിലേ ജോലിക്കു പോയിട്ട്. ബസ് കാത്ത്, കുറേ നേരമായി നിൽക്കുന്നു. ശരത്തേട്ടൻ, ഓഫീസിൽ പോയതാണോ?”

അശ്രദ്ധമായി റോഡു കുറുകേ കടന്ന വൃദ്ധനേ ഒഴിവാക്കാൻ, കാർ നന്നായി വേഗത കുറച്ചു. എന്നിട്ടാണ്, മറുപടി പറഞ്ഞത്.

“ഓഫീസിൽ നിന്നാണ്. ഇന്നൊരു വിൽപ്പനയുടെ അവസാനഭാഗമായിരുന്നു. അതിന്റെയൊരു സിറ്റിംഗ്”

പാട്ടു തുടരുന്നുണ്ടായിരുന്നു. ‘എന്റെ സ്വന്തം, ജാനകിക്കുട്ടി’യിലെ പാട്ട് ഒഴുകി വന്നു.

“ചെമ്പകപ്പൂ മൊട്ടിന്നുള്ളിൽ വസന്തം വന്നു”

പ്രഭിതയുടെ മിഴികളിൽ നേർത്തൊരു പ്രകാശം തിളങ്ങി. അവളുടെ നിബിഢമായ ഇമകൾ പരസ്പരം കൂട്ടിമുട്ടിക്കൊണ്ടിരുന്നു. കാറിന്റെ ഡാഷ്ബോർഡിൽ വച്ച കയ്യിലെ നീളൻ വിരലുകളിലേ നഖങ്ങളിൽ, പഴയ ക്യൂട്ടക്സ് വർണ്ണങ്ങളില്ലായിരുന്നു. അണിവിരലിലേ മോതിരം, ക്ലാവിന്റെ പച്ചപ്പു പുതച്ചിരുന്നു.

“ലേഖയ്ക്കും കുട്ടികൾക്കും സുഖമാണോ? മക്കളിലാരെങ്കിലും കഥയെഴുതുമോ, ശരത്തേട്ടനേപ്പോലെ?”

ശരത്ത് പുഞ്ചിരിച്ചു.

“ഇല്ലെടീ, ആരും എഴുത്തുകാരില്ല..പിന്നേ രണ്ടും യുപി ക്ലാസുകളിലല്ലേ, നാളെകളിൽ എഴുതുമോയെന്നു തീർച്ച പോര. ലേഖ, ഈയാഴ്ച്ച മുതൽ നമ്മുടെ എസ്ബിഐ യിലുണ്ട്. പ്രമോഷനാണ്, മാനേജരായി. അങ്ങനെ, അവളുടെ രണ്ടുവർഷത്തേ മലബാർ ജീവിതം അവസാനിച്ചു. ഇനി, നിനക്ക് അവളെ കാണാം. നിങ്ങള് വല്ല്യ കൂട്ടല്ലേ?സ്കൂളിലും, ഡിഗ്രിയ്ക്കുമെല്ലാം ഒന്നിച്ചു പഠിച്ചതല്ലേ ? ഞാൻ, അവളോടു പറയാം, നിന്നെ കണ്ട കാര്യം..അവൾക്കും സന്തോഷമാകും..അവൾക്ക്, നമ്മുടെ കഥകളെല്ലാം അറിയുന്നതല്ലേ”

ദേശീയപാതയിൽ നിന്നും, കാർ നാട്ടുവഴിയിലേക്കു തിരിഞ്ഞു. നാട്യങ്ങളിലേക്ക് ഇനിയുമെത്താത്ത ഗ്രാമത്തിന്റെ ശാലീനതയുടെ ചൈതന്യം പേറിയ ഹരിതപ്രദേശങ്ങൾ..കാർബൺ പുക ചേരാത്ത ശുദ്ധവായു. അവൾ, ഒന്നിളകിയിരുന്നു.

“ഏട്ടനെന്നോടു പക തോന്നിയിട്ടില്ലേ, ഒരിയ്ക്കലും?”

അതു ചോദിച്ചപ്പോൾ, അവളുടെ തൊണ്ടയിടറി.

“ഇല്ലെടീ, ഒത്തിരി നഷ്ടബോധം തോന്നിയിട്ടുണ്ട്. എനിക്ക്, നിന്നെ വിപ്ലവ വിവാഹം കഴിക്കാൻ ഒരിക്കലും സാധിക്കുമായിരുന്നില്ല. കല്യാണപ്രായമെത്തിയ രണ്ടു ചേച്ചിമാർ നിൽക്കുമ്പോൾ, പ്രത്യേകിച്ചും..നാട്ടിൽ, ഗുഡ്സ് ഓട്ടോ ഓടിച്ചുനടന്നിരുന്ന ഷാജു, എന്റേയും ചങ്ങാതിയായിരുന്നല്ലോ. അവന്, എന്നോട് ഒത്തിരി അസൂയയുണ്ടായിരുന്നു. നീ, എന്നെ മാത്രം ശ്രദ്ധിക്കുന്നതിൽ. ഒരു ഓണം ബംപർ ഒരുകോടി, അവന് എന്തൊക്കെയാണു നേടിക്കൊടുത്തത്. വലിയ വാഹനങ്ങൾ, വീട്, കുറേ ബന്ധങ്ങൾ; അങ്ങനെയെന്തെല്ലാം. നിന്റെ അച്ഛനുമമ്മയും വീണുപോയതിൽ അതിശയമില്ല. പിന്നേ, എന്നേപ്പോലൊരു ഭീരുവിന്റെ തന്റേടക്കുറവും കാരണമായില്ലേ. ഞാനൊത്തിരി സങ്കടപ്പെട്ടു..പിന്നേ, കാലം, മുറിവുകളുണക്കി.”

അവൾ പുറത്തേക്കു നോക്കി. ഒരു കൗമാരക്കാരി, പട്ടുപാവാടയും നീളൻ ജാക്കറ്റുമിട്ട് എതിരേ, വേനൽ കരിയിച്ച പുൽനാമ്പുകളുള്ള പാതയരികു ചേർന്നു നടന്നു വരുന്നു. സ്വന്തം, കൗമാരത്തിന്റെ പരിപ്രേഷ്യമെന്ന്, പ്രഭിതയ്ക്കു തോന്നി.

“ടാക്സ് ഒക്കെ കഴിച്ച്, അത്ര വലിയ തുകയായിരുന്നില്ല ലഭിച്ചത്. വലിയ വീട്, രണ്ടു ട്രാവലറുകൾ, ടൂറിസ്റ്റു കാറ് വേറൊരെണ്ണം. ആഢംബരത്തിനും, കൂട്ടുകാർക്കും കുറവില്ലായിരുന്നു. കോവിഡ് കാലം, സകല ലോണുകളും മുടക്കി. വണ്ടികൾ ആദ്യം കട്ടപ്പുറത്തായി. പിന്നെ ബാങ്കുകാർ കൊണ്ടുപോയി. കൂട്ടുകാർ ഇല്ലാതായി. പണ്ട്, അവരോടൊന്നിച്ചു കുടിച്ച മ* ദ്യം മാത്രം ഒഴിവായില്ല. വിലയേറിയ ബ്രാൻഡുകൾക്കു പകരം, വിഷത്തിന്റെ മണമുള്ള, തൊട്ടാൽ അമരുന്ന പ്ലാസ്റ്റിക് കുപ്പികളിലെ മ* ദ്യമായി, പിന്നേ കൂട്ട്. വീടു വിറ്റു. എന്റെ വീട്ടിലേക്ക് മാറിയിട്ട്, മൂന്നാണ്ടു കഴിഞ്ഞിരിക്കുന്നു. ഞാൻ മാത്രം കരഞ്ഞാൽ മതി. മക്കളില്ലാഞ്ഞത്, ഇപ്പോൾ ഭാഗ്യമായി തോന്നുന്നു.”

“എട്യേ, അവനു കിട്ടിയ അറുപതു ലക്ഷം കൊണ്ട്,  ആറ് പത്തുസെന്റു പ്ലോട്ടുകൾ വാങ്ങിയാൽ മതിയായിരുന്നു. ഇപ്പോളാണെങ്കിൽ, മൂന്നിരട്ടി തിരിച്ചു കിട്ടിയേനെ; പെങ്ങൻമാരുടേയും, അമ്മയുടേയും പൊന്നു വിറ്റു കിട്ടിയ രണ്ടു ലക്ഷമാണ്,  എന്റെ ആദ്യ മുതൽ മുടക്ക്..ഇന്നത്തേ മൂന്നു പങ്കാളികൾ അന്നുമുണ്ടായിരുന്നു. ആ എട്ടു സെന്റു സ്ഥലം മറിച്ചു വിറ്റപ്പോൾ കിട്ടിയ ഇത്തിരിക്കാശിൽ നിന്നായിരുന്നു തുടക്കം. പണം നേടിയിട്ടുണ്ട്. പകരം, കവിതയും കഥയും കാൽപ്പനികതയുമെല്ലാം നഷ്ടമായി. പിന്നേ, പ്രിയപ്പെട്ട പലതും”

ഇത്തവണ അവൾ ഒന്നു തെളിഞ്ഞു ചിരിച്ചു.

“ഉം, അറുപതു സെന്റു സ്ഥലവും, മൂന്നിരട്ടിയും. ഭൂമി കച്ചോടക്കാരന്റെ ഭാഷ; കവിതയില്ലാത്ത ഭാഷ”

ശരത്തിൽ നിന്നും, അറിയാതെ ഒരു നെടുവീർപ്പുയർന്നു. വാകപ്പൂക്കൾ ചുവപ്പിച്ച നാട്ടുവഴിയോരത്ത് കാർ നിർത്തി. പ്രഭിതയ്ക്കിറങ്ങാനുള്ള ഇടമായിരിക്കുന്നു. അവൾ, പതിയേ ഇറങ്ങി. അവളുടെ മിഴികൾ കലങ്ങിയിരുന്നു.

“എട്യേ, നിനക്കു ഞാൻ കുറച്ചു രൂപാ തരട്ടേ, ഞാൻ, ലേഖയുടെ കയ്യിൽ കൊടുത്തയക്കാം. നാളെ, നീ ബാങ്കിൽ കയറി വാങ്ങിച്ചോളൂ. അവൾക്കറിയാത്തതല്ല, ഷാജൂന്റെ കാര്യം. ഞാൻ, കൊടുത്തയക്കാം. നീ, വാങ്ങണം.”

അവൾ, ഓജസ്സില്ലാത്തൊരു ചിരി വിടർത്തി..മറുപടി പറയാതെ, പതിയേ ഇടവഴിയിലേക്കു നടന്നു. തെല്ലിട ചെന്നു, തിരിഞ്ഞുനോക്കി..പിന്നേ, വേഗം തിരിഞ്ഞു നടന്നു,  കാഴ്ച്ചയിൽ നിന്നും മറഞ്ഞു.

ശരത്ത് ചന്ദ്രൻ, കാർ മുന്നോട്ടെടുത്തു. ‘ജാനകിക്കുട്ടി’യിലെ പാട്ടു തീർന്നു പോയിരുന്നു. .പ്രഭിതയ്ക്ക് ഏറെ പ്രിയമായിരുന്ന പാട്ട്. കാർ മുന്നോട്ടു നീങ്ങി.

ഇപ്പോൾ, കേൾക്കുന്ന പാട്ട്, ശരത്തിനു മാത്രം പ്രിയമുള്ളതായിരുന്നു. വെയിലാളിക്കൊണ്ടേയിരുന്നു….