വീ റ്റൂ
Story written by Sumayya Beegum T A
=======================
പെണ്ണിന്റെ കഴുത്തിൽ ചെക്കന്റെ പെങ്ങൾ മാലയിടുന്നത് കാണാൻ എല്ലാരും തിക്കിതിരക്കി എത്തിനോക്കുമ്പോൾ എന്റെ കണ്ണുകൾ അയാളെ തിരഞ്ഞു കൊണ്ടിരുന്നു.
ഒരു പിതാവിന്റെ എല്ലാ അഭിമാനത്തോടെയും മകളെ നല്ല രീതിയിൽ കെട്ടിച്ചയച്ചതിന്റെ നിർവൃതിയിൽ സ്വയം മറന്നു അയാൾ സ്റ്റേജിന്റെ അറ്റത്തു മകളെ തന്നെ നോക്കി നിന്നിരുന്നു. നിക്കാഹ് പള്ളിയിൽ വെച്ചു നടന്നതിനാൽ സ്റ്റേജിൽ താലികെട്ടും വിഡിയോയും ഒക്കെ കൂടിയുള്ള ബഹളമാണ്. അതൊക്കെ കണ്ടു രസിച്ചിരിക്കുന്നു ഗോൾഡ് കളർ ഷർട്ടും അതിനു ചേരുന്ന കസവു മുണ്ടും ധരിച്ചു പെണ്ണിന്റെ വാപ്പ ആയ അയാൾ.
നിമിഷങ്ങളോളം ഞാൻ അയാളെ തന്നെ നോക്കിയിട്ടും അയാൾ എന്നെ തിരിച്ചറിഞ്ഞില്ല. ശ്രദ്ധിച്ചു കൂടിയില്ല.
ചിക്കൻ ബിരിയാണിയും ബീഫ് മൊരിച്ചതും ഐസ് ക്രീമും ഒക്കെ ആയി ഭക്ഷണം വിഭവസമൃദ്ധം. കഴിപ്പ് കഴിഞ്ഞു ചെക്കൻ കൂട്ടർ ഇറങ്ങാൻ തുടങ്ങി. ഇളയ മകനു ഒപ്പം കാറിൽ ആണ് ആണ് ഞാൻ കല്യാണത്തിന് വന്നത് അവനാണെങ്കിൽ പോകാൻ ധൃതി കൂട്ടുന്നു.
ഉമ്മ ഇപ്പോൾ വരാം എന്ന് പറഞ്ഞു ഞാൻ അയാളെ തിരഞ്ഞു, മകൻ വീണ്ടും അവന്റെ കൂട്ടുകാർക്കൊപ്പം കൂടി.
ഒത്തിരി തിരയേണ്ടി വന്നില്ല. പന്തലിനു മുൻവശത്തു ചെക്കന്റെ ഉപ്പയോട് സംസാരിച്ചു അയാൾ നിൽപ്പുണ്ടായിരുന്നു കൂടെ വേറെ കുറച്ചു ബന്ധുക്കാരും.
സറീന ഭക്ഷണം കഴിച്ചോ ?ചെക്കന്റെ ഉപ്പ സൈദിക്ക കണ്ടപാടെ കുശലം ചോദിച്ചു.
ഉവ്വ് നന്നായിരുന്നു ഇതാണല്ലേ പെണ്ണിന്റെ ഉപ്പ.
അതേ സെറീന നിനക്ക് അറിയുമോ ?ആ പറഞ്ഞു വരുമ്പോൾ നിന്റെ വലിയുമ്മയുടെ ഒക്കെ അടുത്ത ബന്ധുക്കാരാണ് ഇവര്.
ഇല്ല ഇക്കാ ഞാൻ കണ്ടിട്ടില്ല. കല്യാണം കഴിച്ചുവിട്ടതിൽ പിന്നെ ആരെയും അങ്ങനെ കാണാറില്ലലോ.
സൈദിക്ക ഒന്ന് ഇങ്ങോട്ട് വരൂ, മൂപ്പരുടെ കെട്യോൾ റാഷിദ ആണ്. ഞങ്ങളുടെ സംസാരം മുറിച്ചു ഇക്കാ കെട്യോൾടെ അടുത്തേക്ക് നടന്നു.
സൈദിക്ക പോയപ്പോൾ പെണ്ണിന്റെ ഉപ്പ ആയ അയാൾ മനോഹരമായി ചിരിച്ചുകൊണ്ട് ചോദിച്ചു, എവിടുത്തെ കുട്ടിയാണ് ?ബന്ധുക്കാരാണെന്നു സയ്യദിക്ക പറഞ്ഞല്ലോ എനിക്കും മനസിലാവുന്നില്ല.
ഞാൻ പറഞ്ഞു തരാം നവാസിക്ക, അന്ന് ചാറ്റൽ മഴ ഉള്ള ഒരു സന്ധ്യക്ക് ആറ്റിലേക്കും നോക്കിയിരുന്ന ഒരു കുട്ടിയുടുപ്പ് ഇട്ട പെൺകുട്ടിയെ നിങ്ങൾ മറന്നോ ?
പക്ഷേ അടുത്ത് വന്നു നിന്ന ഒരു കൗമാരക്കാരനെ ഞാൻ ഓർക്കുന്നുണ്ട്. അതാണ് നമ്മുടെ ആദ്യ കൂടിക്കാഴ്ച്ച.
വല്ല്യ ഉമ്മയെ കാണാൻ വന്നതായിരുന്നു നിങ്ങളും നിങ്ങളുടെ മാതാപിതാക്കളും. അന്ന് നിങ്ങളൊക്കെ എന്റെ ഉമ്മച്ചിവീട്ടിൽ തങ്ങി. ഓർക്കുന്നില്ലേ ?
അന്ന് സന്ധ്യക്ക് ഒന്നാം ക്ലാസ്സിലെ പാഠപുസ്തകം പറഞ്ഞു തരാമെന്നു പറഞ്ഞു പിടിച്ചു അടുത്തിരുത്തി നിങ്ങൾ എന്നെ ദുരുപയോഗം ചെയ്യുമ്പോൾ ആ തെറ്റ് തിരിച്ചറിയാൻ ഉള്ള പ്രായം പോലും എന്റെ മനസ്സിന് ഇല്ലായിരുന്നു. ഉണ്ടായിരുന്നെങ്കിൽ അന്ന് പാവടക്കുള്ളിൽ ഇഴഞ്ഞ കൈകളെ വെട്ടി അരിഞ്ഞെടുത്തേനേ.
അന്ന് രാത്രി മുതിർന്നവർ സംസാരിച്ചിരിക്കുമ്പോൾ ഉറങ്ങി കിടന്ന എന്റെ ദേഹത്ത് നിങ്ങൾ അമർന്നപ്പോൾ പേടിച്ചു വിരണ്ടുപോയി കരയാൻ പോലും പറ്റാത്ത വണ്ണം. എന്തോ ശബ്ദം കേട്ടു നിങ്ങൾ പെട്ടന്ന് ഓടി മറഞ്ഞപ്പോൾ തിരിച്ചു കിട്ടിയത് എന്റെ കന്യകാത്വം ആയിരുന്നു എന്ന് ഞാൻ പിന്നീട് ആണ് മനസിലാക്കിയത്.
തിരിച്ചറിവ് ആയപ്പോൾ പാപബോധം പലപ്പോഴും എന്റെ സമനില തെറ്റിക്കുന്ന പോലെ തോന്നി. അപ്പോഴൊക്കെ ഞാൻ എന്റെ ഉമ്മച്ചിയെ വെറുത്തു. എന്നെ ശ്രദ്ധിക്കാതിരുന്നതിന്, എല്ലാം ഞാൻ തുറന്നു പറഞ്ഞപ്പോൾ നിങ്ങളെ തല്ലാതിരുന്നതിന്, വീട്ടിൽ വന്ന അതിഥികൾ അല്ലേ മാനം കെടുത്തണ്ട എന്നുപറഞ്ഞു വെറുതെ വിട്ടതിനു പക്ഷേ പിന്നെ എനിക്ക് മനസിലായി അതൊക്കെ ഉമ്മാക്ക് എന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണെന്നു. ഞാൻ തെറ്റുകാരി അല്ല എന്ന് ഉമ്മയും കൗണ്സിലർമാരും എന്നെ മനസിലാക്കി.
ഞാൻ പഠിച്ചു ജോലി നേടി കല്യാണം കഴിച്ചു മക്കൾ ആയി. പിന്നെ നിങ്ങൾ എന്ന കറുത്ത അധ്യായം ഞാനും മറന്നു എന്നെന്നേക്കുമായി. എങ്കിലും എന്റെ പെണ്മക്കളെ ഞാൻ സൂക്ഷിച്ചു മകനെയും കാരണം കഥകൾ അവർത്തിക്കപ്പെടരുത് എന്ന് എനിക്ക് നിർബന്ധം ആയിരുന്നു.
സയ്യിദിക്കാടെ മോൻ കെട്ടുന്നത് വലിയുമ്മടെ ബന്ധത്തിലുള്ള കൊച്ചിനെ ആണെന്ന് അറിഞ്ഞപ്പോ ഞാൻ വീട്ടിലേക്കു വിളിച്ചു തിരക്കിയിരുന്നു അപ്പോഴാണ് അറിഞ്ഞത് അവൾ നിങ്ങളുടെ മകൾ ആണെന്ന്. പിന്നെ കാത്തിരിപ്പ് ആരുന്നു നിങ്ങളെ ഒന്ന് കാണാൻ ഇത്രയും പറയാൻ. ഇത്രയും പോലും നിങ്ങളോട് ചെയ്യാൻ പറ്റിയില്ല എങ്കിൽ പിന്നെ ഒരു പെണ്ണായി ജനിച്ചത് വെറുതെ ആവില്ലേ ?
കടലാസ് പോലെ വിളറി വെളുത്തു നിൽക്കുന്ന ആ മുഖത്തെ കണ്ണുകളിൽ കണ്ണീർ തിളങ്ങുന്നുണ്ട്. അത്രയും മനോഹരമായ ഒരു നിമിഷം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്ന് തോന്നി .
പിന്നെ ഒരു കാര്യം കൂടെ നാളെ നിങ്ങളുടെ മകൾക്കും ഒരു മകൾ ജനിക്കാം അന്ന് വീട്ടിൽ വരുന്ന പയ്യന്മാർ പഠിപ്പിക്കാതിരിക്കാൻ നിങ്ങളും ശ്രദ്ധിച്ചാൽ നന്ന്.
അയാൾ ഒരു താങ്ങിനായി അടുത്ത് കണ്ട കസേരയിലേക്ക് പതിയെ ഇരുന്നു. യുദ്ധം ജയിച്ച റാണിയെപോലെ രംഗം ഒഴിയുമ്പോൾ സമാധാനത്തോടെ ഉറങ്ങാൻ ഒരു രാത്രി എനിക്കായി കാത്തിരുന്നു.
അല്ല സറീന നീ വലിയ സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയും ഒക്കെ അല്ലേ ഈ മീ ടൂ എന്നുപറയുന്ന ഇപ്പോഴത്തെ ഒരു ഏർപ്പാട് ഉണ്ടല്ലൊ അതിനെ പറ്റി എന്താണ് നിന്റെ അഭിപ്രായം.
കൂട്ടുകാരി നദീറയുടെ ചോദ്യത്തിന് മുമ്പിൽ ഞാൻ മന്ദഹസിച്ചു…
തുറന്നുപറയാത്ത പരാതികളുടെ കനൽകൂമ്പാരത്തിൽ ഇനി ഒന്നും എരിഞ്ഞടങ്ങാതെ ജ്വലിക്കട്ടെ അഗ്നിയായി ശക്തിയായി…