നീ ഒരു കവറും കൂടി ഇട്ടേ? ഇന്നാള് വെളിച്ചെണ്ണ കവറിൽ പോയി എല്ലാ സാധനങ്ങളും നാശമായി.

Story written by Krishna Das

================

അര കിലോ പഞ്ചാര അറുപതു വയസ്സ് കഴിഞ്ഞ വീട്ടമ്മ ചോദിച്ചപ്പോൾ ഒരു കടലാസ് കീറി ഞാൻ പഞ്ചസാര പൊതിയാൻ ആരംഭിച്ചു.

എന്താ കടലാസ്സിൽ പൊതിയണേ! കവർ ഇല്ലേ?

ഞാൻ ഒന്നും പറയാതെ കടലാസ് താഴെ വെച്ചു കവറിൽ പഞ്ചസാര എടുത്തു കൊടുത്തു.

ഇരുന്നൂറ് വെളിച്ചെണ്ണ? കുപ്പി ഇല്ലേ

നീ അതൊരു കവറിൽ തന്നേ.

വെളിച്ചെണ്ണ ഒരു കവറിൽ ഒഴിച്ചു കൊടുത്തു.

നീ ഒരു കവറും കൂടി ഇട്ടേ? ഇന്നാള് വെളിച്ചെണ്ണ കവറിൽ പോയി എല്ലാ സാധനങ്ങളും നാശമായി.

വെളിച്ചെണ്ണ മറ്റൊരു കവറിൽ കൂടി ഇട്ടു കെട്ടി വെച്ചു. അതുപോലെ പരിപ്പ്,പയർ, ഉഴുന്ന് എന്നിങ്ങനെ എല്ലാം ഓരോരോ കവറിൽ ഇട്ടു പൊതിഞ്ഞു വെച്ചു.

അഞ്ചു കിലോ അരി കൂടി എടുത്തോ?

അരിക്ക് സഞ്ചി കൊണ്ടു വന്നിട്ടുണ്ടോ

ഇല്ല

അരി ഒരു കവറിൽ ഇട്ടു. പച്ചക്കറി മറ്റൊരു കവറിൽ ഇട്ടു. സാധനങ്ങൾ വേറൊരു കവറിൽ ഇട്ടു.

അരിയുടെ കവർ പൊട്ടി താഴെ പോയാൽ എനിക്ക് വേറെ അരി തരേണ്ടി വരും? അവർ ഭീക്ഷണി മുഴക്കി

നല്ല കവർ ആണ് ചേച്ചീ?

നിനക്ക് അങ്ങനെ പറയാം പോകുന്നത് ഞങ്ങളുടെ അരി അല്ലെ. നീ ഒരു കവർ കൂടി എടുത്തു അരി അതിൽ ഇറക്കി വെച്ചേ?

പിന്നെ ഒന്നും മിണ്ടാതെ അവർ പറയുന്നത് അനുസരിച്ചു. മൊത്തം നാലു കിറ്റ്. അതിൽ ഉണക്കമീൻ മുതൽ എല്ലാ സാധനങ്ങളും കൊച്ചു കൊച്ചു കവറിൽ പൊതിഞ്ഞു പത്തോ പതിനഞ്ചോ കവറുകൾ വേറെ.

ചേച്ചിക്ക് ഒരു സഞ്ചി കൊണ്ടു വന്നുകൂടെ?

പ്ലാസ്റ്റിക് കവർ നമ്മുടെ നാടിനു ദൂഷ്യമല്ലേ? ഹരിത ക്കാര് വരുമ്പോൾ മാസം അമ്പതു രൂപ കൊടുക്കണം. അവർ വരുമ്പോൾ കവർ കൊടുത്തില്ലേൽ വഴക്ക് പറയും. പിന്നെ തൊഴിലുറപ്പ് പണിക്ക് പോകണമെങ്കിലും അവർ തരുന്ന കാർഡ് വേണം.

ഇത് കേട്ടപ്പോൾ വിഷണ്ണനായി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. പ്ലാസ്റ്റിക് നിരോധനം എന്നു പറഞ്ഞു നിയമം നടപ്പിലാക്കിയിട്ട് ഇപ്പോൾ പ്ലാസ്റ്റിക്കിന്റെ ഉപയോഗം ദിനംപ്രതി വർധിക്കുകയാണ്.

പണ്ടു കടയിൽ വരുമ്പോൾ മിക്കവരുടെയും കയ്യിൽ ഒരു തുണി സഞ്ചി ഉണ്ടാകും. എണ്ണയും വെളിച്ചെണ്ണയും വാങ്ങാൻ ചില്ലു കുപ്പികളും. മല്ലിയും മുളകും മഞ്ഞളും ഉള്ളിയും എല്ലാം ഒറ്റ കടലാസ്സിൽ പൊതിഞ്ഞു കൊടുക്കും. ആകെ അവരുടെ വീട്ടിലേക്ക് പോകുന്നത് ഒരു മിച്ചറിന്റെയോ പക്കാവടയുടെയോ പാക്കറ്റ്..

ഇന്നു പാലിന്റെ കവർ തൈരിന്റെ കവർ എന്നിങ്ങനെ ഒട്ടേറെ കവറുകൾ. ചിലതൊക്കെ നമുക്ക് ഒഴിവാക്കാൻ പറ്റാത്ത കവറുകൾ ആണ്. എന്നാൽ നമ്മൾ മനസ്സ് വെക്കുക ആണെങ്കിൽ കവറുകളുടെ എണ്ണം പരമാവധി കുറക്കാം.

റേഷൻ കടയിൽ നിന്ന് കിട്ടുന്ന പച്ചരി രണ്ടും മൂന്നും ചാക്കിലാക്കി വീടിന്റെ മൂലയിൽ തള്ളി വെച്ചു കടയിൽ നിന്ന് പുട്ടുപൊടി വാങ്ങി പുട്ടുണ്ടാക്കും പച്ചരി പൊടിപ്പിക്കാറില്ലേ എന്നു ചോദിച്ചാൽ പറയും. അതു കഴുകി മില്ലിൽ കൊണ്ടു കൊടുക്കാൻ ആർക്കാ നേരം? ഓരോ കിലോമീറ്റർ ചുറ്റളവിലും എല്ലായിടത്തും ഫ്ലവർ മില്ലുകൾ ഉണ്ട്. എന്നിട്ടും എല്ലാവർക്കും മടിയാണ്. മല്ലിയും മുളകും കഴുകി വൃത്തിയാക്കി പൊടിപ്പിച്ചാൽ മായം കലരാത്ത പൊടികൾ നമുക്ക് ഉപയോഗിക്കാൻ കഴിയും. ആരും അതിനു തയ്യാറാവില്ല. പാക്കറ്റുകളിൽ ലഭിക്കുന്ന കമ്പനി ഉത്പന്നങ്ങളോട് ആണ് ഏവർക്കും താല്പര്യം.

അതുകൊണ്ടെന്താ നമ്മുടെ ശരീരം രോഗാവസ്ഥക്ക് അടിമപ്പെടുന്നു. ഇന്നു പുഴകളും തെരുവോരങ്ങളും മാലിന്യങ്ങൾ കൊണ്ടു നിറയുന്നു. വീടുകളിൽ നിന്നു ശേഖരിക്കുന്ന മാലിന്യങ്ങൾ നിർമ്മാർജനം ചെയ്യാൻ കഴിയാതെ സർക്കാരുകൾ പ്രതിസന്ധിയിലാകുന്നു.

മാറേണ്ടത് സർക്കാരുകളോ ജനങ്ങളോ? കൊച്ചു കുട്ടികൾ വരെ ലേയ്സുകൾക്കും നൂഡിലീസിനും അടിമകൾ. അവ കഴിച്ചു കുട്ടികൾക്കു  വയറുവേദന വന്നാലും പിറ്റേന്നും അത് തന്നെ വാങ്ങി കൊടുക്കും.

ഇതിന്റെ പേരിൽ വീട്ടിൽ എത്തുന്ന കവറുകളുടെ എണ്ണം എണ്ണിയാൽ ഒടുങ്ങാത്തവ. കൊച്ചു കൊച്ചു ഷാംപൂ കവറുകൾ. പത്തു രൂപയുടെ സോപ്പു പൊടിയുടെ കവറുകൾ. ഇതെല്ലാം പ്രകൃതിക്ക് വരുത്തുന്ന മലിനീകരണം എത്രയെന്നു ആരെങ്കിലും ചിന്തിക്കാറുണ്ടോ? ഇവയെല്ലാം കത്തിച്ചു അന്തരീക്ഷം മലിനമാക്കി വിഷപ്പുക ശ്വസിച്ചു മിക്കവാറും ആളുകൾ രോഗികൾ ആകുന്നു.

ഇന്ന് കാൻസർ രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്നു. അത് എന്തുകൊണ്ടാണ് എന്നു ആരെങ്കിലും ചിന്തിക്കാറുണ്ടോ?

ഞാൻ ഒരാൾ നന്നായാൽ നാട് നന്നാകുമോ എന്ന് എല്ലാവരും ചിന്തിക്കുന്നു. ഞാൻ ഒരാൾ നന്നായാൽ നാടു നന്നാകുമെന്ന് ഓരോ വ്യക്തിയും വിചാരിച്ചാൽ ഈ നാട് നന്നാവുക തന്നെ ചെയ്യും. അവൻ നന്നായിട്ട്ഞാൻ നന്നാക്കാമെന്നു വിചാരിച്ചാൽ ഒരിക്കലും ഈ നാട് നന്നാകില്ല.

സ്നേഹപൂർവ്വം ദാസ് ❤