സിദ്ധചാരു ~ ഭാഗം 13, എഴുത്ത്: ലച്ചൂട്ടി ലച്ചു

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

“സിദ്ധു ഇത് ഹോസ്പിറ്റലാണ്….!!

ഇവിടെ വച്ചൊരു പ്രശ്‌നമുണ്ടാക്കരുത് …”

ഡോക്ടർ അഞ്ജലിയുടെ വാക്കുകൾ ചാരുലതയിൽ ഞെട്ടലുണ്ടാക്കി …

സിദ്ധു …!!

പെട്ടെന്നിങ്ങനെ അടുത്തുകണ്ടതിന്റെ ഞെട്ടൽ മാറുന്നതിനു മുൻപെയാണ് അഞ്ജലിയുടെ ഈ പ്രതികരണം …

അപ്പോൾ ഇവർ തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നോ…!!

ചാരു പരിഭ്രമത്തോടെ ഇരുവരെയും മാറിമാറി നോക്കി …

“ഞാൻ എങ്ങനെ പ്രതികരിക്കാതിരിക്കണം അഞ്ജലി ..??

നീ പറയ് …

ഇവൾ …ഇവൾ എന്താണീ ചെയ്യാൻ പോയത് …

അവളൊരു സ്ത്രീ തന്നെയാണോ..??”

ദേഷ്യം കൊണ്ട് സിദ്ധാർഥ് നിന്ന് വിറയ്ക്കുന്നുണ്ടായിരുന്നു …

കുറ്റബോധം കൊണ്ട് നീറിപ്പൊടിഞ്ഞുകൊണ്ടിരുന്ന ചാരുവിന്റെ ഹൃദയത്തിനെ സിദ്ധാർത്ഥിന്റെ ഓരോ വാക്കുകളും വീണ്ടും വീണ്ടും വിള്ളലേൽപ്പിച്ചുകൊണ്ടേയിരുന്നു …

“നിങ്ങൾ തമ്മിൽ അറിയാമായിരുന്നു അല്ലെ …

എല്ലാം അറിഞ്ഞു വച്ചുകൊണ്ട് എന്നെ ചതിക്കയായിരുന്നല്ലേ ….??”

ചാരു അഞ്ജലിയെ നോക്കി നൊമ്പരത്തോടെ പറഞ്ഞു …

ചെറിയൊരു മന്ദഹാസത്തോടെ അവർ അവളുടെ അടുത്തേക്ക് വന്നു …

“ആദ്യം കണ്ടപ്പോഴേ ചെറിയൊരു പരിചയം തോന്നിയിരുന്നു …!!

തന്റെ മുഖം മുൻപെങ്ങോ കണ്ടോ പറഞ്ഞുകേട്ടതായോ ഒരു തോന്നൽ …

ഞാൻ ഒരുപാട് നാൾ പൂനെയിലെ ഒരു ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നുണ്ടായിരുന്നു …

അവിടുത്തെ എന്റെ കൊളീഗ് ആയിരുന്നു സിദ്ധു …

തന്റെ രണ്ടാമത്തെ വരവിനു ശേഷം ഗാലറി ഒന്നു പൊടിതട്ടി എടുത്തു നോക്കി …

സിദ്ധാർത്ഥിന്റെവിവാഹം കൂടാൻ കഴിഞ്ഞില്ലെങ്കിലും വിവാഹഫോട്ടോയിലെ തന്റെ മുഖം ചെറുതായി എങ്കിലും മനസ്സിൽ പതിഞ്ഞിരിക്കണം …!!

എന്തോ തന്റെ പ്രശ്നങ്ങൾക്ക് എന്നിലൂടെ കുറച്ചു അറുതിവരുത്താമെന്നു തോന്നി സിദ്ധാർഥ് ….

ഇയാളെ ഞാനാണ് ഇവിടേക്ക് വരാൻ പറഞ്ഞത് ….

ഇനിയെങ്കിലും കഴിഞ്ഞതെല്ലാം മറന്നു ഒന്നിച്ചു ജീവിക്കൂ ചാരു …”

അവർ സ്നേഹത്തോടെ അവളുടെ കൈകൾ മുറുകെ പിടിച്ചു …

തീയിൽപ്പെട്ടപോലെ അവൾ കൈകൾ ഉടൻ പിൻവലിച്ചു …

“മറക്കാനോ …!!

ഞാൻ …

ഇയാൾ ചെയ്ത തെറ്റിനെയോ ….

ഡോക്ടർക്ക് എന്തറിയാം എന്നെപ്പറ്റി ….

ഇയ്യാളെപ്പറ്റി …??

ഇയാളെന്നോട് ചെയ്ത ക്രൂരതയെപ്പറ്റി …”

“എനിക്കൊന്നുമറിയില്ല കുട്ടി …

പക്ഷെ എനിക്കറിയാവുന്ന സിദ്ധാർഥ് തന്റെ ഈ ക്രൂരത അർഹിക്കുന്നില്ല …

സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുത്താൻ മാത്രം തെറ്റ് ചെയ്യാൻ അയാൾക്ക് കഴിയില്ല ….”

അഞ്ജലി ഉറപ്പോടെ പറഞ്ഞു …

ചാരുലത പൊട്ടിച്ചിരിച്ചു …..

ഉറക്കെയുറക്കെ …

എന്നിട്ട് പുച്ഛത്തോടെ സിദ്ധാർത്ഥിനെ നോക്കി …

“എന്നെമാത്രമല്ല …

പലരെയും നിങ്ങൾ കബളിപ്പിച്ചിട്ടുണ്ട് അല്ലെ …

അഭിനയിക്കാൻ പണ്ടേ മിടുക്കനാണെന്ന് ഞാൻ ഓർക്കേണ്ടതായിരുന്നു …”

ഹൃദയം പൊട്ടുന്ന വേദനയോടെ സിദ്ധാർഥ്നുരഞ്ഞുവന്ന നൊമ്പരം കടിച്ചമർത്തി …

“ചാരു ….!!”

വിറച്ച ശബ്ദത്തോടെയുള്ള അയാളുടെ വാക്കുകളെ അവൾ കൈവിരലുകൾ ഒന്നാകെയുയർത്തി തടഞ്ഞു ….

“വിളിക്കരുതെന്നേ …

നാടും വീടും ജനിപ്പിച്ചവരെയും ഉപേക്ഷിച്ചു ഞാൻ പോന്നത് അതാഗ്രഹിച്ചിട്ടല്ല ഒരിക്കലും …

നിങ്ങൾ …നിങ്ങളിൽ നിന്നൊരു രക്ഷ നേടാനാണ് …

ഇവിടെയും വന്നു …എന്റെ സ്വസ്ഥത കളഞ്ഞു മതിയായില്ലേ നിങ്ങൾക്ക് ….”

ഉറക്കെ സിദ്ധാർത്ഥിന് നേരെ ചീറിയപ്പോഴേക്കും അവൾ കുഴഞ്ഞുപോയിരുന്നു …

ക്ഷീണം കാരണം വാടിപ്പോയ അവളെ സിദ്ധാർഥ് ചേർത്തുപിടിച്ചു …

പകുതി അടഞ്ഞുകൊണ്ടിരിക്കുന്ന കണ്ണുകളിലും അയാളുടെ സ്പർശനത്തോടുള്ള എതിർപ്പ് വ്യക്തമായിരുന്നു …

“സിദ്ധാർഥ് താൻ ആ കുട്ടിയെ അകത്തെ ബെഡിലേക്കൊന്നു കിടത്തൂ …

ആൾ മെന്റലി ആൻഡ് ഫിസിക്കലി വീക്ക് ആണ് …

നല്ല ശ്രദ്ധ വേണ്ട സമയവും …

എനിക്ക് റൗണ്ട്സ് ഉണ്ട് …”

“പൊയ്ക്കോളൂ അഞ്ജലി …

ഞാനുണ്ട് ഇവിടെ ….”

തളർന്നു മയങ്ങുന്ന ചാരുവിന്റെ മുഖത്തു വിരലോടിച്ചുകൊണ്ട് സിദ്ധാർഥ് മന്ത്രിച്ചു …

എണ്ണപ്പാട മൂടിയതുപോലെ മറഞ്ഞ കാഴ്ചയിലും ചാരു ബലപ്പെട്ടു കൺപോളകൾ തുറന്നു …

താനിതെവിടെയാണ് …

കൈവിരലുകൾ കൊണ്ട് ആശുപത്രീബെഡിൽ പരതുമ്പോഴേക്കും സിദ്ധാർഥ് അവൾക്കരികിലേക്ക് ഓടിവന്നു …

“ചൂടുവെള്ളം നിറച്ചിട്ടുണ്ട് …

രാവിലെ ആഹാരം പോലും കഴിക്കാതെയുള്ള നടത്തമല്ലേ ആശുപത്രികൾ തോറും …

ഇതുകുടിയ്ക്ക് ….”

എഴുന്നേൽക്കാൻ ശ്രമിക്കുന്ന അവളെ പിടിച്ചെഴുന്നേൽപ്പിക്കുമ്പോഴും തടയുന്ന കൈകൾ അയാൾ തട്ടി മാറ്റി …

ഫ്ലാസ്കിന്റെ അടപ്പിൽ വെള്ളം പകർന്ന് അയാൾ അവൾക്ക് നേരെ വച്ചുനീട്ടി ….

നല്ല ദാഹം തോന്നിയിരുന്നുവെങ്കിലും സിദ്ധുവിനോടുള്ള വെറുപ്പ് മൂലം അവളതു വാങ്ങിയില്ല …

“നിനക്ക് വേണ്ടായിരിക്കും….

മുൻപേയും എന്റെ കയ്യിൽ നിന്നൊന്നും നിനക്ക് ഇഷ്ടമല്ലായിരുന്നല്ലോ ….!!

ക്ഷീണം മാറിയെങ്കിൽ വേഗമിറങ്ങിക്കോളൂ ഞാനും വീട്ടിലേക്കാണ് …”

“ഒറ്റയ്ക്കാണ് വന്നത് ….പോകുന്നതും എങ്ങനെയായിരിക്കും …”

ഒരു നോക്ക് കൊണ്ടുപോലും സിദ്ധാർത്ഥിനെ ഗൗനിക്കാതെ ചാരുലത കിടക്ക വിട്ടെണീറ്റു …

ഇനിയിവിടെ നിന്നിട്ടോ ഡോക്ടർ അഞ്ജലിയെ വീണ്ടും കണ്ടിട്ടോ കാര്യമില്ലെന്ന് ചാരുവിനു മനസ്സിലായിരുന്നു …

പുറത്തേക്കിറങ്ങുമ്പോഴും തന്നെത്തന്നെ ലോബിയുടെ മറവിൽ നോക്കി നിൽക്കുന്ന സിദ്ധാർത്ഥിനെ കണ്ടപ്പോൾ സത്യത്തിൽ അവളുടെ നെഞ്ചുരുകുന്നുണ്ടായിരുന്നു …!!

വീട്ടിലേക്ക് എങ്ങനെയെത്തിയോ…!!! അറിയില്ല… വന്നപാടെ ക്ഷീണം കിടക്കമേൽ തീർത്തു …

കണ്ണുകൾ നിറയുന്നുണ്ടായിരുന്നു …

സിദ്ധാർഥുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷിച്ചതായിരുന്നെങ്കിലും ഇത്രയും പെട്ടെന്ന് സ്വപ്നത്തിൽ പോലുമില്ലായിരുന്നു ….

ആഗ്രഹിക്കാതെ അയാളെനിക്ക് മേൽ അടിച്ചേൽപ്പിച്ച ഈ കുഞ്ഞിനെ അറിഞ്ഞുകൊണ്ട് തന്നെ നഷ്ടപ്പെടുത്തി അയാൾക്ക് മുൻപിൽ ജയിക്കണമെന്ന് വ്യാമോഹിച്ചുപോയി താൻ …

സ്വന്തം ചോരയാണ്… ജീവന്റെ അംശമാണ് ….

ഉദരത്തിൽ ഇപ്പോഴും പറ്റിച്ചേർന്നു കിടക്കയാണ് …

പക്ഷെ …ഒരുപാട് കാരണങ്ങൾക്കിടയിൽ പോലും അയാളോടുള്ള വെറുപ്പിന്റെ തട്ട് താണുതന്നെ കിടക്കയാണ് …

രാച്ചിയമ്മ പലപ്രാവിശ്യമായി വാതിലിൽ മുട്ടുന്നുണ്ട് …

ചാരു തിരികെ ശബ്ദിച്ചതേയില്ല ഉറങ്ങുകയാണെന്നു തന്നെ കരുതിക്കോട്ടെ …

ചിന്തകൾക്കും കരച്ചിലിനുമിടയിൽ എപ്പോഴൊമയക്കം ഇമകളെ
ഇറുകെപ്പുണർന്നു …

രാത്രി ഭക്ഷണത്തിനായി ഡൈനിങ്ങ് ടേബിളിനു മുൻപിലേക്കിരുന്നപ്പോഴായിരുന്നു പുറത്തു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടത് …

പകുതിയാക്കിയ ആഹാരത്തിനു മുൻപിൽ നിന്നെഴുന്നേൽക്കാൻ തുനിഞ്ഞപ്പോഴേക്കും ടേബിളിനു മുകളിൽ നിറയുന്ന കടലാസ്സു പൊതികൾ ചാരു കണ്ടു ..

“കുറച്ചു ഫ്രൂട്സ്ആണ് രാച്ചിയമ്മേ …

ഫ്രിഡ്ജിലേക്ക് എടുത്തു വച്ചേക്കൂ …”

ചാരുവിനെ നോക്കിക്കൊണ്ടാണ് അയാളത് പറഞ്ഞത് …

“ശരി കുഞ്ഞേ …”

രാച്ചിയമ്മ പൊതികളോരോന്നായി അടുക്കാൻ തുടങ്ങി …

ഒരു പ്രഭാതം കൊണ്ട് അയാൾ ഇവരെയും വരുതിയിലാക്കിയോ ചാരുവിനു അവരുടെ പരിചയം അത്ഭുദമായി തോന്നിപ്പോയി …

ചാരുവിനെ തന്നെനോക്കി നോക്കിക്കൊണ്ട് പടികളോരോന്നായി കയറി മുകളിലേക്ക് പോകുന്ന സിദ്ധാർത്ഥിനെ വീക്ഷിച്ച് രാച്ചിയമ്മ പറഞ്ഞു …

“മോള് ഉച്ചക്ക് വന്നു കിട്ന്നതിന് ശേഷമാണ് ഈ കുഞ്ഞ് പുറത്തുനിന്ന് വന്നേ …

മോളുറക്കമായിരുന്നല്ലോ …

ഉമ്മറത്ത് എന്റെയടുത്തു വന്നിരുന്ന് ഈ കൊച്ചൻ ഒരുപാട് സംസാരിച്ചു ….

കല്യാണം കഴിഞ്ഞതാ …!!

ഭാര്യ പിണങ്ങിയിരിക്കയാണത്രെ …

ഒരുദിവസമാരോടുംപറയാതേവീട്ടീന്നുഇറങ്ങിപ്പോയെന്നാ പറഞ്ഞെ …..വയറ്റിലുള്ള പെണ്ണാ …!!

അതിനെ അന്വേഷിച്ചായിരുന്നു രണ്ടുമാസംകൊണ്ട് പാവത്തിന്റെ നടപ്പ് …

എവിടെയാണെന്നറിയാതെ വിഷമിക്കയാ ഈ മോൻ ….

അല്ലെങ്കിലും ഇപ്പോഴത്തെ പെൺപിള്ളേർക്ക് തന്നിഷ്ടം കഴിഞ്ഞേ ഉള്ളല്ലോ എല്ലാം …

താലി കെട്ടിയവനെ വിഷമിപ്പിച്ചിട്ട് അവളെവിടെ സുഖം തിരക്കി പോയതാന്നാർക്കറിയാം …!!”

അവരുടെ വാക്കുകളിൽ നിന്ന് മനസ്സിലാകുന്നുണ്ട് സിദ്ധു എന്തുമാത്രം സ്വാധീനം ചെലുത്തിയിരിക്കുന്നുവെന്ന് …

പരവേശത്തോടെ അവരുടെ മുന്നിൽ നിന്ന് മുറിയിലേക്കോടിയൊളിക്കുന്ന ചാരുവിനെ അപ്പോഴും സിദ്ധു മുകളിൽ നിന്ന് നോക്കുന്നുണ്ടായിരുന്നു ……

ഇനിയും പറയാതിരുന്നാൽ ശരിയാവില്ലെന്ന് തോന്നിയിട്ട് തന്നെയാണ് മഹിമയെ എല്ലാം വിളിച്ചറിയിക്കാൻ ചാരു തീരുമാനിച്ചത് ….

“ആ സിദ്ധാർഥ് ആണല്ലേ അപ്പോൾ ഇതും …??”

അവൾ ആശ്ചര്യത്തോടെ ചോദിച്ചു …

“ഉം …”

ചാരു തലയാട്ടി …

റെസ്റ്റോറന്റിലെ ഒരൊഴിഞ്ഞ കോണിലേക്കിരുന്ന് സംസാരിക്കയായിരുന്നു രണ്ടാളും …

“ഞാൻ അയാളോടൊന്ന് സംസാരിച്ചു നോക്കട്ടെ ചാരു …

എനിക്കെന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് …”

“നിനക്കിതിൽ ഒന്നും ചെയ്യാനില്ല …

വീണ്ടുമൊരു അഴിച്ചുപണിയലിനു ബലിയാടാവാൻ എനിക്ക് വയ്യ മഹി …

എന്താ ചെയ്യേണ്ടേ എന്ന് ഒരു രൂപവുമില്ല …

ഡോക്ടർ അഞ്ജലിയിൽ ഇനിയെനിക്ക് പ്രതീക്ഷയില്ല

ഒരിക്കലെങ്കിലും അയാളുടെ മുൻപിൽ ജയിക്കണമെനിക്ക് …

ഇന്നലത്തോട് കൂടി എനിക്ക് മനസ്സിലായി എന്റെ പാത ശരിയായിരുന്നെന്ന് …

കുഞ്ഞിനോടുള്ള അയാളുടെ സ്നേഹം അതിന്റെ ഇല്ലായ്മയിലൂടെ അയാളുടെ തകർച്ചയാക്കി മാറ്റും ഞാൻ …!!”

അവളുടെ സ്വരത്തിലെ മൂർച്ച ഒരുനിമിഷം മഹിയെയും ഭയപ്പെടുത്തി …

“നീയിങ്ങനെയൊന്നുമായിരുന്നില്ലല്ലോ ചാരു ….”

മറുപടിയായി ചാരു മൗനമായി ഒന്ന് പുഞ്ചിരിച്ചതു മാത്രമേയുള്ളൂ …

തുടർച്ചയായി വരുന്ന മെസ്സേജസിന്റെ ശബ്ദം മഹിമയെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു ….

സഹികെട്ട് ഫോൺ സ്വിച്ഓഫ് ചെയ്തുവയ്ക്കുന്ന മഹിമയെ ചാരു ഒന്ന് പാളിനോക്കി ….

“എന്തോ ചുറ്റിക്കളി മണക്കുന്നുണ്ടല്ലോ മഹി ….??”

“ചുറ്റിക്കളിയൊന്നുമല്ലേടീ…

ഇതൊരുതരം ഒളിച്ചുകളിയാണ് …

ഒരർത്ഥത്തിൽ പറഞ്ഞാൽ നിന്നെപ്പോലെ തന്നെയാണ് ഞാനും …

ഒരു വ്യത്യാസം ….!!

സ്വന്തം അച്ഛനമ്മമാരിൽ നിന്ന് ആഗ്രഹിച്ചുകൊണ്ടുള്ള ഒരൊളിച്ചുകളി എന്നുമാത്രം …”

“എന്താ മഹി പ്രശ്‌നം …??”

ചാരു വിഷമത്തോടെ അവളെ നോക്കി …

“സ്വന്തമായിട്ട് കൂടപ്പിറപ്പില്ലാത്ത ദുഃഖം ഞാൻ മറക്കുന്നത് ഈ പ്രശനങ്ങൾ കൂടെയുള്ളതോണ്ടാ ….

അവയാണല്ലോ എന്നോടൊപ്പം തന്നെ എനിക്ക് വേണ്ടി ജനിച്ചത് …

ഇപ്പോഴത്തെ പ്രശ്‌നം ഒരു വിവേക് ആണ് …”

“വിവേക്…?? അതാരാണ് …??”

“അമ്മയുടെ ഫ്രണ്ടിന്റെ മകനാണ് …

ഇപ്പോഴെയൊരു വിവാഹത്തിനെനിക്ക് താല്പര്യമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞതാണ്….

അമ്മക്ക് ഞാൻ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്ന രീതിയാണെന്നറിയാല്ലോ ….

അയാൾ ഒരു പെണ്ണുകാണലിനായി ഈഫൽ കോഫി ഹൗസിൽ കാത്തിരിപ്പുണ്ട് …

ചെല്ലാത്തതിനുള്ള അമ്മയുടെ ശകാരങ്ങളാണ് നീയീ കേൾക്കുന്ന മെസ്സേജസ് …”

“നിനക്കൊന്നു പോയി കണ്ടൂടെ അയാളെ …

ചിലപ്പോൾ നിന്റെ ചിന്താഗതിക്കൊത്ത ഒരാളാണെങ്കിൽ …

കൈവിട്ടതിനെ പറ്റി ഓർത്തു വിഷമിക്കേണ്ടി വരും ഒരിക്കൽ …”

ഒരുമാത്ര ചിന്തിച്ചിരിക്കുന്ന അവളെ ചാരു വീണ്ടും നിർബന്ധിച്ചു …

“അമ്മയെ വെറുതെ വിഷമിപ്പിക്കേണ്ട …

ഒന്ന് പോയിട്ടു വാ …”

മനസ്സില്ലാമനസ്സോടെമഹിമ എഴുന്നേറ്റു ….

ആത്മവിശ്വാസം കൊടുത്തു യാത്രയാക്കുമ്പോഴും തിരികെ ടേബിളിനു മുൻപിൽ വന്നിരിക്കുമ്പോഴും മഹിമയെ കുറിച്ചുള്ള ചിന്തകളും ചാരുവിനെ അലട്ടുന്നുണ്ടായിരുന്നു …

തനിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നുണ്ട് പാവം ….!!

ഇവിടെ നിന്ന് പോകുന്നതിനു മുൻപ് അവൾക്ക് വേണ്ടിയും എന്തെങ്കിലും ചെയ്യണം …

തന്റെ ലക്‌ഷ്യം പൂർത്തീകരിച്ചതിനു ശേഷം …

അവൾ ഓരോന്നും ചിന്തിച്ചുകൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു …

“മാഡം… ബിൽ …”

വെയ്റ്റർ കൊണ്ടുവച്ച ബിൽ നോക്കുന്നതിനിടയിലായിരുന്നു പൈസ എടുത്തിട്ടില്ലെന്ന് അവളോർത്തത് …

ഈശ്വരാ തനിക്കീ അബദ്ധം എങ്ങനെ പറ്റി …??

മഹിമയോടെല്ലാം തുറന്നു പറയാനുള്ള വ്യഗ്രതയിൽ എല്ലാം മറന്നു …

കഴിച്ചതിന്റെ ക്യാഷ് ഏങ്ങനെയാ ഇനി അടയ്ക്കണേ …

ശീതികരിച്ചമുറിയിലും അവളുടെ മുഖത്തു വിയർപ്പൊട്ടി …

എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞിരുന്നപ്പോഴായിരുന്നു വെയ്റ്റർ വീണ്ടും വന്നത് …

“മാഡം …നിങ്ങളെയാണെന്നു തോന്നുന്നു പുറത്തൊരാൾ അന്വേഷിക്കുന്നുണ്ട് റിസപ്ഷൻ സൈഡിൽ …”

“ഞാൻ …ഞാൻ… ബിൽ ….”

ചാരു വെപ്രാളത്തോടെ വിക്കിവിക്കി പറഞ്ഞു …

“ബിൽ അദ്ദേഹം പേ ചെയ്തു മാം …”

ഉള്ളിലൊരു തണുപ്പ് നിറയുന്നത് ചരുവറിഞ്ഞു ….

ആരാണതെന്നറിയാനുള്ള ഓട്ടത്തിനിടയിൽ കണ്ടു പുറത്തു കാറിന്റെ ബോണറ്റിൽ ചാരിൽ തന്നെ കാത്തെന്നോണം ചാരി നിൽക്കുന്ന സിദ്ധാർത്ഥിനെ …

പൊങ്ങിവന്ന ആകാംഷ ഒറ്റ നിമിഷം കൊണ്ട് കെട്ടടങ്ങി …

കടമകൾ ചോദിക്കാതെ തന്നെ നിറവേറ്റി തന്നെ വീണ്ടും തോൽപ്പിക്കാനുള്ള ശ്രമം അല്ലാതെന്ത് …

ദേഷ്യത്തോടെ അയാളെ കടന്നു പോകവേ സിദ്ധാർഥ് ചാരുവിനെ തടഞ്ഞു …

“ചാരുവേ …!!

ഒരു അരമണിക്കൂർ അത്രമാത്രം മതി …

എനിക്ക് വേണ്ടി മാറ്റിവച്ചൂടെ …

എനിക്ക്പറയാനുള്ളതെല്ലാം കേട്ടൂടെ …”

മറുപടി പറയാതെ വീണ്ടും നടക്കാനൊരുങ്ങവേ സിദ്ധാർത്ഥിന്റെ കൈകൾ അവളുടെ കൈകളിൽ വിലങ്ങു വീഴ്ത്തി …

“പ്ലീസ് …പോകരുത് ….!!””

അപേക്ഷയോ യാചനയോ എന്തെന്ന് നിർവചിക്കാനാകാത്ത ഭാവം ….

“നിങ്ങളോടാരാണ് പറഞ്ഞത് …ഞാൻ കഴിച്ചതിന്റെ പണമടയ്ക്കാൻ …ഒരാളുടെയും ഔദാര്യം ചരുവിനു ആവിശ്യമില്ല ….”

കോപം കൊണ്ട് അവളുടെ മുഖം ചുവന്നു …

“നീയ് കഴിച്ചതിന്റെയല്ല …എന്റെ കുഞ്ഞിനെ കഴിപ്പിച്ചില്ലേ… അതിനാണ് ഞാൻ പണം നൽകിയത് …

എന്റെ കുഞ്ഞിന് വേണ്ടി എന്തും ചെയ്യും ഞാൻ അതിനു ചാരുലതയുടെ സമ്മതം എനിക്കവിശ്യമില്ല …”

അവളുടെ കൈകളിലെ പിടി മുറുകുന്നുണ്ടായിരുന്നു ….

ഒച്ചയുയരുന്നുണ്ടായിരുന്നു ..

“കൈ വിടൂ …ആൾക്കാർ ശ്രദ്ധിക്കുന്നുണ്ട് ….
അപമാനിച്ച് ഇനിയും മതിയായില്ലേ നിങ്ങൾക്ക് …”

“ശ്രദ്ധിക്കട്ടെ ….!!

ഞാൻ താലി കെട്ടിയ പെണ്ണിനോടാണ് സംസാരിക്കുന്നത് …

എന്റെ ഭാര്യയോട് …

എന്റെ കുഞ്ഞിന്റെ അമ്മയോട് …

ചോദിച്ചുവരുന്നവരോട് കാണിക്കാൻ തെളിവുകളുണ്ട് …അറിയാല്ലോ നിനക്കത് …”

ചാരു അസ്വസ്ഥതയോടെ കൈ വിടുവിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു …

“നിങ്ങളുടെ ഭാര്യ എന്ന പദവി ഞാൻ എന്നെ വലിച്ചെറിഞ്ഞു കഴിഞ്ഞിരിക്കുന്നു …

മനസ്സിൽ നിന്നും ശരീരത്തിൽ നിന്നും നിങ്ങളെ ഞാൻ പറിച്ചു നട്ടു സിദ്ധു …”

വാശിയോടെ ചാരു പറഞ്ഞു തീർത്തു ….

“മനസ്സിൽ നിന്ന് പറിച്ചു കഴിഞ്ഞെങ്കിൽ ഇപ്പോഴും എന്തിനാടീ നീ എന്റെ പേര് കൊത്തിയ താലിയെസാരിമടക്കിനുള്ളിൽ ഒളിച്ചു കുടിയിരുത്തിയിരിക്കുന്നത് …??

നെറ്റിക്ക് മുകളിൽ സിന്ദൂരം …അതും എന്റെ പേരിൽ തന്നെയല്ലേ …!!

ശരീരത്തിൽ നിന്ന് അടർത്താൻ നിനക്ക് കഴിഞ്ഞെന്നോ …

ഒരിക്കലുമില്ല ചാരു …

എന്നിലെ എന്നെ അതേപടി നിന്റെ ഉള്ളിൽ പാകിയിട്ടുണ്ട് ഞാൻ എന്റെയും നിന്റെയും കുഞ്ഞായിട്ട് ….”

അതുപറയുമ്പോഴുള്ള അയാളുടെ മുഖത്തെ തിളക്കം ചാരുവിൽ അവജ്ഞ നിറച്ചു …

“നിങ്ങളുടെ കുഞ്ഞോ …??

ഒരു കുഞ്ഞിന് അതിന്റെ അമ്മ പറയുന്നതാണ് അച്ഛൻ …

ഇതിന്റെ അച്ഛന്റെ പേര് സിദ്ധാർത്ഥന്നല്ല …!!

ഒരു പാവം പെണ്ണിനെ അവളുടെ ബലഹീനതകൾക്കു മേൽ കായിക ബലം കൊണ്ട് ആധിപത്യം സ്ഥാപിച്ച് ഒരു രാത്രി മുഴുവൻ അയാൾക്ക് കീഴിൽ മനസ്സുകൊണ്ടും ശരീരം കൊണ്ടും വെന്തുവിണ്ണീറായിപ്പോയപ്പോൾ മദ്യത്തിന്റെ ആസക്തി അവളിലേക്ക് ചൊരിഞ്ഞൊഴിച്ച് അവളുടെ വ്യക്തിത്വത്ത മൃഗീയമായി കൊന്ന ഒരാഭാസൻ …!!

ഒരു രാക്ഷസൻ ….!!

അയാളാണിതിന്റെ അച്ഛൻ …!!

ചാരുവിന്റെ വാക്കുകൾ കൊണ്ടുള്ള അഗ്നിയിൽ പൊള്ളിപ്പിടഞ്ഞു പോയി സിദ്ധു …

നിറഞ്ഞുവന്ന മിഴികൾ കീഴ്പോളയിലെ രോമങ്ങളെയും ഭേദിച്ച് അണപൊട്ടിയൊഴുകുമ്പോൾ സിദ്ധു പരിസരം മറന്നുപോയി …

ഇരുകയ്യും കൂപ്പി ചാരുവിനു മുൻപിൽ അയാൾ മുട്ടുകുത്തുമ്പോൾ കഴിഞ്ഞുപോയ കാലം ഒരു വാൾമുന പോലെ തന്റെ മുൻപിൽ തിളങ്ങിയാടുന്നത് ചാരു ഓർത്തെടുക്കുന്നുണ്ടായിരുന്നു …

തുടരും…

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…