സ്നേഹം കാട്ടി വന്നു വിളിച്ചപ്പോൾ അവളോടുള്ള അവന്റെ പ്രണയമാണെന്ന് തെറ്റിദ്ധരിച്ചു കൂടെയിറങ്ങിച്ചെന്ന ലക്ഷ്മിയെ…

പുനർജ്ജന്മം

എഴുത്ത്: സിന്ധു

====================

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

ഭദ്ര കേട്ടോ,”കുട്ടി” അവന്റെ വീട്ടിൽ മരിച്ചു കിടക്കുന്നുത്രേ.

പിറ്റേന്നത്തെ യാത്രക്കുള്ള പെറ്റിയൊരുക്കുകയായിരുന്ന ഭദ്ര ഒരു നിമിഷം കേട്ടത് വിശ്വസിക്കാനാകാതെ അമ്മയെ തുറിച്ചു നോക്കി.

രണ്ടു ദിവസമായി പുറത്തൊന്നും കാണാഞ്ഞിട്ട് ആരോ ചെന്നു നോക്കിയപ്പോൾ കണ്ടതാന്ന് പറയുന്നു. ഇനിയിപ്പോ പോലീസും പട്ടാളവും ഒക്കെയായി പിന്നെയുള്ളവരുടെ സമാധാനം പോകും അത്ര തന്നെ. ജീവിച്ചിരുന്നപ്പോഴും പോലീസ് ഒഴിഞ്ഞ നേരമുണ്ടായിരുന്നോ..പാവം ആ ത ള്ളയും ത ന്തയും നേരത്തെ പോയത് നന്നായി. അല്ലേൽ ഈ വയസ്സു കാലത്ത് അതുങ്ങളും എന്തെല്ലാം കാണണമായിരുന്നു.

ആ ലക്ഷ്മി കൊച്ചിനോട് ചെയ്ത പാപത്തിന്റെ ശിക്ഷയായിരിക്കും. ച ത്ത്‌ പുഴുവരിച്ചു തുടങ്ങി ത്രേ.. വെള്ളമിറങ്ങാതെ തന്നെ ച ത്തു തുലഞ്ഞു കാണും.ദു ഷ്ടൻ.

അമ്മ പിന്നെയും എന്തൊക്കെയോ പിറു പിറുത്ത് താഴേയ്ക്കിറങ്ങി പോയി.

തലേന്ന്, ചിതറി വീഴുന്ന മഴത്തുള്ളികളിലേക്ക് ചുവന്ന നിറമുള്ള കുട നീർത്തി, ഒരിക്കൽ കൂടി പിന്തിരിഞ്ഞൊരുപുഞ്ചിരി സമ്മാനിച്ചിറങ്ങിപോയ ലക്ഷ്മിയുടെ ചിത്രം മനസ്സിൽ തെളിഞ്ഞപ്പോൾ ഭദ്രയുടെ കണ്ണുകൾ, കാലംതെറ്റി പൂത്തുനിൽക്കുന്ന കണിക്കൊന്നയിലേക്ക് വഴുതി വീണു . നിനച്ചിരിക്കാതെ പെയ്ത വൃശ്ചിക മഴയിൽ കുളിച്ച് തല തുവർത്താതെ കുണുങ്ങി നിൽക്കുകയാണത്.

ഭദ്രേ.. അടുത്ത കൊല്ലം വിഷുന് ഇതിൽ നിറയെ പൂവുണ്ടാകും. അപ്പൊ പിന്നെ കണി വെയ്ക്കാൻ കൊന്നപ്പൂവും തേടി ആ കാക്കാത്തിയുടെ പറമ്പിൽ നൂണ്ട് കയറേണ്ടല്ലോ നമുക്ക്.

കാക്കാത്തിയുടെ പറമ്പിലെ കമ്പി വേലി നൂണ്ട് കടക്കുമ്പോൾ എഴുന്ന് നിന്ന മുള്ള്കമ്പി തുടയിൽ കുത്തിക്കയറി കാലനക്കാൻ വയ്യാതെ ഞൊണ്ടി നടന്ന ദിവസങ്ങളിൽ ഒരു ദിവസം, എവിടെന്നോ കിട്ടിയ കണിക്കൊന്നയുടെ കമ്പുമായി ഓടി മുന്നിൽ വന്നു കുട്ടി.

നിന്റെ മുറിവ് ഉണങ്ങിയോ ഭദ്രേ എന്ന ചോദ്യത്തിന്, പെറ്റിക്കോട്ട് പൊക്കി ഉണങ്ങി നിൽക്കുന്ന മുറിവ് കാണിച്ചു കൊടുത്തു.അവനതിൽ മെല്ലെ തൊട്ടു നോക്കി.

!കുറച്ചൂടെ കരിയാനുണ്ട് ട്ടോ.”

കുട്ടിയ്‌ക്ക് ആരാ പറഞ്ഞു തന്നെ തെങ്ങിൻ പട്ടയുടെ മൊരി ചുരണ്ടിയെടുത്തു വെച്ചാൽ മുറിവ് ഉണങ്ങും ന്ന്..

അച്ഛൻ പാടത്തുന്ന് കയറി വരുമ്പോ കയ്യോ, കാലോ മുറിഞ്ഞിട്ടുണ്ടെൽ അങ്ങനെ ചെയ്യുന്ന കണ്ടിട്ടുണ്ട്. വീണ് മുട്ട്കാല് പൊട്ടുമ്പോ ഞാനും അങ്ങനെയാ ചെയ്യുന്നേ.
ഞാൻ പറഞ്ഞില്ലേ പെട്ടെന്ന് ഭേദാവും ന്ന്.

ആ മുറിവ് കാണുമ്പോളെല്ലാം കുട്ടി മനസ്സിലൊരു അത്ഭുതമാ കുകയായിരുന്നു. എന്തൊക്കെ വിദ്യകളാ കുട്ടിയുടെ കയ്യിൽ സഞ്ചി നായരുടെ പറമ്പിലെ മാങ്ങ ഒറ്റയേറിനു കുലയോടെ വീഴ്ത്താൻ അവനറിയാം. പുളിമരത്തിൽ വലിഞ്ഞു കയറി കാക്കമുട്ടയെടുക്കാനറിയാം.

ഭദ്രയുടെ വിരലുകൾ ഒരിക്കൽ കൂടി ആ മുറിപ്പാടുകളെ പരതി.

“കുട്ടിയ്‌ക്ക് എന്നേക്കാൾ ഇഷ്ടം ഭദ്രയോടാ.”

സ്കൂളിലേക്കുള്ള യാത്രയിൽ ലക്ഷ്മി എപ്പോഴും പരിഭവിച്ചുകൊണ്ടിരുന്നു. പരിഭവങ്ങളിലൂടെ നേടിയെടുത്ത സ്നേഹം കാലങ്ങൾക്ക് ശേഷം അവളുടെ ജീവിതം തന്നെ തകർത്തു കളയുമെന്ന് അന്നവൾ അറിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ വിധിയ്‌ക്ക് ഇങ്ങനെ തകർത്താടൻ കഴിയുമായിരുന്നില്ല.

കുട്ടിക്ക് ലക്ഷ്മിയോടും ഒത്തിരി സ്നേഹമുണ്ടല്ലോ. എനിക്ക് തരുന്ന കണ്ണിമാങ്ങയും, ആമ്പലും, മധുരപ്പുളിയുമെല്ലാം നിനക്കും കൊണ്ട് തരുന്നില്ലേ ലച്ചു. പിന്നെന്താ.

എന്നാലും അവന് നിന്നോടാ കൂടുതൽ ഇഷ്ടം. ലക്ഷ്മി പിന്നെയും മുഖം വീർപ്പിക്കും

കുട്ടിയിപ്പോ ആകെ മാറി ഭദ്രേ. ടൗണിൽ ആരോടോ അടിപിടിയൊക്കെ ഉണ്ടാക്കിയെന്ന് കേൾക്കുന്നു. ഒന്നുരണ്ടു തവണ പോലീസും അന്വേഷിച്ചു വന്നു. മോഷണോം പിടിച്ചു പറീം എല്ലാം ഉണ്ടെന്ന് കേൾക്കുന്നു കുട്ടിയ്ക്ക് ഇങ്ങനെയൊക്കെ ആകാൻ കഴിഞ്ഞുവോ എന്നാ എന്റെ സങ്കടം.കുട്ടീടമ്മയും അന്ന് കിടപ്പിലായതാ.

ക്രിസ്മസ് വെക്കേഷന്, ഹോസ്റ്റലിൽ നിന്ന് വീട്ടിലെത്തിയപ്പോൾ കാണാനോടി വന്ന ലക്ഷ്മി സങ്കടങ്ങളുടെ ഭാണ്ഡക്കെട്ടഴിച്ചു മുന്നിലിട്ടു.

ഭദ്രയുടെ മനസ്സും വെറുതെ പിറു പിറുത്തു. കുട്ടിയ്ക്ക് ഇങ്ങനെയാകാൻ പറ്റോ.

ഇതൊക്കെ അറിഞ്ഞിട്ടും നീയെന്തിനാ ലക്ഷ്മി ഇനിയും അവനെ മനസ്സിൽ കൊണ്ട് നടക്കുന്നെ. സമാധാനം നിറഞ്ഞൊരു ജീവിതം നിനക്ക് കിട്ടുമെന്ന് തോന്നുന്നുണ്ടോ.

എനിക്ക് വയ്യ ഭദ്രേ അവനെ മറക്കാൻ. അത്രക്കും ഇഷ്ടപ്പെട്ടു പോയി.ഒരുപക്ഷേ കല്യാണം കഴിഞ്ഞാൽ എനിക്കവനെ മാറ്റിയെടുക്കാൻ കഴിഞ്ഞാലോ.അല്ലെങ്കിൽ തന്നെ എനിക്കൊരു ജീവിതം സ്വപ്നം കാണാൻ എന്ത് യോഗ്യതയുണ്ട്. പത്തിൽ തോറ്റ് തയ്യൽ ക്ലാസ്സും കൊണ്ട് നടക്കുന്ന എന്നെ കല്യാണം കഴിക്കാൻ ആര് വരും. ഇടിഞ്ഞു വീഴാറായ ഇല്ലത്ത് പഴയകാല പ്രതാപം അയവിറക്കി കിടക്കുന്ന അച്ഛൻ വിചാരിച്ചാൽ ഞാനും ഏട്ടത്തിയും അമ്മുട്ടിയും ഒന്നും രക്ഷപെടാൻ പോകുന്നില്ല.

എന്നാലും ലക്ഷ്മി, എന്തിനാ വെറുതെ കുന്നോളം സങ്കടങ്ങൾക്ക് മേലെ ഇനിയുമൊരു കണ്ണീർകൊട്ടാരം കെട്ടിപ്പൊക്കാൻ നോക്കുന്നെ.

മറുപടിയില്ലാതെ,തുളുമ്പി വീഴുന്ന കണ്ണുകളോടെ പടി കടന്നു പോകുന്ന ലക്ഷ്മിയെ പിന്നെ കണ്ടത് എന്നായിരുന്നു.

ആരൊക്കെയോ ചേർന്ന് പിച്ചിച്ചീന്തി ഇല്ലവളപ്പിൽ കൊണ്ടിട്ടിട്ടുപോയതിൽ പിന്നെ മച്ചിനകത്തെ ഇരുട്ടുമുറിയിൽ, വെള്ളിക്കൊലുസുകൾ ഉമ്മവെച്ചിരുന്ന കാൽവണ്ണയിൽ ചങ്ങലക്കിലുക്കവും പേറിനടന്ന നാളുകളിൽ ഒരിക്കൽ പോലും ആ മുഖമൊന്നു കാണാൻ ആഗ്രഹിച്ചില്ല. മനസ്സിനത് താങ്ങാൻ കഴിയില്ലന്ന് ഉറപ്പുണ്ടായിരുന്നതുകൊണ്ടുതന്നെയാണ് ഓരോ വെക്കേഷനും വീട്ടിൽ വരുമ്പോൾ അമ്മയുടെ”,ഇല്ലത്തെ വിശേഷങ്ങൾക്ക്”ചെവി കൊടുക്കാതിരുന്നതും.

എന്നിട്ടും ഒരിക്കൽ അറിഞ്ഞു, കടം വീട്ടാൻ കുട്ടി കണ്ട വഴിയായിരുന്നു ലക്ഷ്മിയുടെ ശരീരം. വാതുവെച്ചു കുടിക്കുമ്പോൾ പറ്റുബുക്കിൽ പെരുകുന്ന അക്കങ്ങളുടെ വലിപ്പം ലക്ഷ്മിയുടെ പ്രണയത്തേക്കാൾ വലുതായിരുന്നു കുട്ടിയ്ക്ക്.

സ്നേഹം കാട്ടി വന്നു വിളിച്ചപ്പോൾ അവളോടുള്ള അവന്റെ പ്രണയമാണെന്ന് തെറ്റിദ്ധരിച്ചു കൂടെയിറങ്ങിച്ചെന്ന ലക്ഷ്മിയെ കൂട്ടുകാർക്ക് കാഴ്ചവെച്ച് കടം വീട്ടിയ പി *ശാച്.

അന്ന് വെട്ടിക്കളഞ്ഞതായിരുന്നു ആ കണിക്കൊന്ന. വീണ്ടുമത് തളിർത്ത് പൂവിട്ടു നിൽക്കുന്നു. മധുരം നിറഞ്ഞ ബാല്യത്തിന്റെ ഓർമ്മപ്പെടുത്തൽ പോലെ.

വിവാഹം കഴിഞ്ഞു രാജേട്ടനൊപ്പം ദുബായ്ക്ക് വന്നപ്പോളോർത്തു ലക്ഷ്മിയെ ഇങ്ങോട്ട് കൊണ്ടു വന്നാലോ. ഉണ്ണിക്കുട്ടനെ നോക്കാൻ ഒരാളായല്ലോ.അവൾക്കും അതൊരാശ്വാസമാകും.

നമുക്ക് കൊണ്ടുവരാം ന്നേ. വിസയുടെ കാര്യമെല്ലാം ഞാൻ ശരിയാക്കാം. പാസ്സ്പോർട്ട്‌ എടുത്തു വെച്ചോളാൻ പറഞ്ഞേക്കു തന്റെ കൂട്ടുകാരിയോട്.

ഭദ്രയത് കേട്ടപ്പോൾ നിറഞ്ഞ കണ്ണുകളോടെ രാജേഷിനെ കെട്ടിപ്പിടിച്ചു.

എന്താ പ്രിയതമേ ചുമ്മാ സെന്റിയടിക്കാനുള്ള പുറപ്പാടാണോ.

ഇല്ല രാജേട്ടാ. ഞാൻ എന്ത് ഭാഗ്യവതിയാണെന്നോർത്തു കണ്ണ് നിറഞ്ഞതാ.

എനിക്ക് ജാതകത്തിൽ പറഞ്ഞേക്കുന്ന രാജയോഗത്തിനുള്ള സമയം തുടങ്ങിക്കാണും അല്ലെ ഭദ്രേ.

രാജേട്ടന്റെ സമ്മതം വിളിച്ചു പറയുമ്പോൾ ലക്ഷ്മി തമാശ പറഞ്ഞ് കിലുകിലെ ചിരിച്ചു.

ഞാൻ വരുന്നുണ്ട്. തിരിച്ചു പോരുമ്പോൾ നീയും ഉണ്ടാകും എന്റെ കൂടേ.

അപ്പോഴുമവൾ ചിരിച്ചു. എന്റെ ഭാഗ്യം നീയാ ഭദ്രേ. ഇതുപോലൊരു കൂട്ടുകാരിയെ കിട്ടിയില്ലേ എനിക്ക്.

ആ ചിരി കേട്ട് മനസ്സ് കുളിർന്ന സന്തോഷത്തോടെ ഭദ്ര ഫോൺ വെച്ചു.

അമ്മയോട് യാത്ര പറഞ്ഞ് ഭദ്രക്കൊപ്പം ഇല്ലത്തുനിന്നിറങ്ങുമ്പോൾ ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.തൊട്ടപ്പുറത്ത് കുട്ടിയുടെ വീട്ടിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതദേഹം സംസ്കരിക്കാനുള്ള ചടങ്ങുകൾ തുടങ്ങിയിരുന്നു അപ്പോൾ.

നിറഞ്ഞ് തുളുമ്പുന്ന കണ്ണുകൾ ഒരു നിമിഷം ആ കാഴ്ചയിലേക്ക് തിരിഞ്ഞു. പിന്നെയവൾ ഭദ്രയെ നോക്കി പുഞ്ചിരിച്ചു. കണ്ണീർ ഒളിപ്പിച്ചു വെച്ച ചിരി.

ചങ്ങലക്കിലുക്കങ്ങളുടെ ബന്ധനം അവസാനിച്ചപ്പോൾ എന്റെ മനസ്സ് നിറയെ അവനോടുള്ള പകയായിരുന്നു ഭദ്രേ.. എനിക്കവനെ കൊല്ലണം എന്ന ചിന്തയായിരുന്നു. സ്നേഹം നടിച്ച് എന്നെ കൂട്ടിക്കൊണ്ടു പോയി ഒരു പറ്റം ചെന്നായ്ക്കൾക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുത്ത അവനെ എനിക്ക് കൊല്ലണമായിരുന്നു. പക്ഷേ നീയും എന്റെ അമ്മൂട്ടിയും നിരന്തരം പറഞ്ഞു കൊണ്ടിരുന്നു അവനെപ്പോലൊരു പട്ടിയെ കൊന്നിട്ട് നീ ഇനിയും നിന്റെ ജീവിതം നശിപ്പിച്ചു കളയണോയെന്ന്. പിന്നെ പിന്നെ ഞാനും ചിന്തിച്ചു അത് തന്നെ. ഇനിയെനിക്ക് അവന്റെ മുന്നിൽ ജീവിച്ചു കാണിക്കണം എന്നൊരു വാശിയായിരുന്നു. പക്ഷേ, ഇനിയൊന്നും കാണാൻ നിൽക്കാതെ അവൻ പോയല്ലോ എന്നോർക്കുമ്പോൾ വല്ലാത്തൊരു നിരാശ.അല്ലെങ്കിലും പണ്ടും അവൻ ഇങ്ങനെയായിരുന്നു. നമ്മളെ വിഡ്ഢിയാക്കാൻ എന്ത് മിടുക്കയിരുന്നു അല്ലെ അവന്.

എയർപോർട്ടിലേക്കുള്ള യാത്രയിൽ ഭദ്രയുടെ കൈകൾ ചേർത്ത്പിടിച്ച് ലക്ഷ്മി പറഞ്ഞുകൊണ്ടിരുന്നു.

കുട്ടിയോടുള്ള പ്രണയം,ഒരു പക്ഷേ ആ മരണകാഴ്ചയിലൂടെ തിരിച്ചു വന്നിരിക്കാം എന്ന് ഭദ്രയ്‌ക്ക് തോന്നി. അതുകൊണ്ട്തന്നെ തിരിച്ചൊന്നും പറയാതെ ഭദ്ര ആ കൈകൾ ഒന്നുകൂടി മുറുകെ ചേർത്തു പിടിച്ചു.

ഇനിയൊരു പുനർജ്ജന്മത്തിലേക്ക് മിഴി നട്ട്, ജാതകം നിശ്ചയിച്ചു വെച്ച രാജയോഗത്തെയോർത്ത് ഊറി ചിരിച്ചു കൊണ്ട് ലക്ഷ്മി ഒന്ന് കൂടി അവളോട് ചേർന്നിരുന്നു.പിന്നെ മൗനമായി യാത്ര ചൊല്ലി ഇന്നലെകൾ സമ്മാനിച്ച,നെഞ്ചു നീറ്റുന്ന സങ്കടങ്ങളോട്….കുട്ടിയുടെ കൈകൾക്കുള്ളിൽ കൈപ്പടം ചേർത്ത് ഓടിനടന്ന വഴിത്താരകളോട്…

~സിന്ധു

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…