സിദ്ധചാരു ~ അവസാനഭാഗം (16), എഴുത്ത്: ലച്ചൂട്ടി ലച്ചു

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യുക

“മുത്തശ്ശി ….!!”

ഉയർന്നുവന്ന വിളിക്കൊപ്പം ചാരുലതയുടെ കണ്ണുകളും നിറഞ്ഞൊഴുകി …

“മോള് പോയതിന്റെ രണ്ടാം ദിവസം ആയിരുന്നു …അവസാനായിട്ട് മോളെയൊന്നു കാണാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു പാവം …”

അമ്മ വന്ന് അവളുടെ ശിരസ്സിൽ തലോടിയപ്പോഴും അവൾക്ക് ആ സത്യം ഉൾക്കൊള്ളാനായിരുന്നില്ല …

അവസാനമായിട്ട് തന്നെ ഒന്ന് കാണാൻ കൊതിച്ചിട്ടു പോലും തനിക്ക് എത്താൻ കഴിഞ്ഞില്ല …

സ്വന്തം വാശിക്ക് പുറത്തു ഇറങ്ങിതിരിച്ചപ്പോൾ എത്ര പേരുടെ ആഗ്രഹങ്ങളെയും പ്രതീക്ഷകളെയുമാണ് താൻ തച്ചുടച്ചത് …

ചാരുവിന്റെ ഹൃദയം വെന്തുനീറി …

തിരിനാളം പ്രകാശിക്കുന്ന മുഖത്തിപ്പോഴും കാണാം…

തന്നോടുള്ള വാത്സല്യം….

ചാരുവേ എന്ന് മാടിവിളിക്കുന്നതുപോലെ …

“അല്ലെങ്കിലും മുത്തശ്ശനും മുത്തശ്ശിക്കും ചാരുവിനെയാണല്ലോ കാര്യം …

എന്നെ ഇവിടെ ആർക്കും പിടിയ്ക്കില്യാലോ …??”

സ്വാതിയേച്ചിയുടെ പരിഭവങ്ങൾ …

തന്നെ ചേർത്തുപിടിച്ചുകൊണ്ട് മുത്തശ്ശി പറയും …

“ഇവൾ നമ്മുടെ കടിശ്ശി കുട്ട്യാ …ഇള്ളക്കുട്ടി …!!

നിനക്കും ഇവളെയല്ലേ ആരെക്കാളും കാര്യം …”

ചിരിച്ചുകൊണ്ട് മുത്തശ്ശനും തന്നോടൊപ്പം ചേരും കുശുമ്പോടെ സ്വാതിയേച്ചി പിണങ്ങിപ്പോയി അച്ഛയെ കെട്ടിപ്പിടിച്ചൊരു നിൽപ്പുണ്ട് …

“സ്വാതി മോളെന്റെ രാജകുമാരിയല്ലേ …”

അവളെ സുഖിപ്പിക്കാനായി മുത്തശ്ശൻ തേനും മധുരവും ചാലിച്ച് ഓരോ വാക്കുകൾ തൊടുത്തുവിടുമ്പോൾ മുത്തശ്ശി ആരും കാണാതെ വന്നു തന്റെ ചെവിയിലൊതുമായിരുന്നു …

“എന്റെ ചാരൂട്ടി രാജകുമാരിയൊന്നുമല്ല …പക്ഷെ എന്റെ ജാനകിയുടെ
തനിപ്പകർപ്പാണ്….”

ശരിയാണ്….

ജാനകിയപ്പയുടെഛായയായിരുന്നു തനിക്കും അതുകൊണ്ടൊക്കെത്തന്നെയായിരുന്നു ഏറെക്കുറെ ആദ്യായിട്ട് കണ്ടപ്പോൾ ജാനകിയപ്പ തിരിച്ചറിഞ്ഞതും …

“മുത്തശ്ശൻ …!!മുത്തശ്ശനെവിടെ അമ്മേ …???”

അവളുടെ കാലുകൾ യാന്ത്രികമായി അകത്തളത്തിലെ ഗോവണിപ്പടികൾ കയറി …

“ചാരുവേ ….എങ്ങോട്ടേക്കാ നീയ് …??”

അച്ഛന്റെ ചോദ്യത്തിന് മുത്തശ്ശനെ കാണാനെന്നവൾ ഉത്തരം നൽകി …

“മുത്തശ്ശൻ മുകളിലത്തെ മുറയിലല്ല മോളെ …”

എവിടെയെന്ന് സംശയദൃഷ്ടിയോടെ നോക്കിയപ്പോൾ അച്ഛൻ വടക്കിനിയിലേക്ക് നടക്കുന്നത് അവൾ കണ്ടു അവൾ പിന്നാലെ നടന്നു ….

വടക്കിനിമുറി ആരും ഉപയോഗിക്കാത്തതാണ് ..

മുത്തശ്ശന്റെ അച്ഛൻ പാതിത്തളർന്ന ശരീരത്തോടെ അവസാനകാലം കഴിച്ചുകൂട്ടിയ മുറി …മരണശേഷം അടച്ചുപൂട്ടിയതിൽ പിന്നെ അവിടം തുറക്കാറില്ലായിരുന്നു …

“അച്ഛാ ഇവിടെ …??”

അവൾ അകത്തേക്ക് പോകാൻ ഒരുനിമിഷം മടിച്ചു ..

അച്ഛൻ അകത്തേക്ക് കയറിയിരുന്നു അപ്പോഴേക്കും മരുന്നിന്റെയും കുഴമ്പുകളുടേയും ഗന്ധം തുളച്ചുകയറുന്നുണ്ടായിരുന്നു …

“അച്ഛാ …. ഇതെന്താ ഈ മുറിയിലേക്ക് ..മുത്തശ്ശനെവിടെയാണ് …??”

അച്ഛൻ മൗനമായി കിടക്കയിലേക്ക് വിരൽ ചൂണ്ടി …
അവൾ കണ്ടു …ഒരുവട്ടമേ നോക്കിയുള്ളൂ ….

കമ്പിളിയിൽ പൊതിഞ്ഞ ജീർണ്ണിച്ചുകൊണ്ടിരിക്കുന്നപോലെയൊരു വികൃതരൂപം ….

അടുത്തേക്ക് ചെന്നപ്പോഴായിരുന്നു മുഖം പോലും വ്യക്തമായത് …

“മുത്തശ്ശാ ….!!”

അവൾ ആർത്തലച്ചുകൊണ്ട് ആ ദേഹത്തേക്ക് വീണു …

“മുത്തശ്ശാ എന്താ പറ്റിയെ ….??

ഇതെന്തു രൂപമാണ് അച്ഛാ …ഇവിടെന്തൊക്കെയാ നടക്കണേ ആരേലും ഒന്ന് പറഞ്ഞു താ ….”

വിങ്ങിപ്പൊട്ടുന്ന തന്റെ തോളിൽ വിരലമർത്തിക്കൊണ്ട് അച്ഛ ൻ ആശ്വസിപ്പിക്കുന്നത് ചാരു അറിഞ്ഞു ….

എത്ര പ്രൗഢിയോടെ ജീവിച്ചിരുന്ന മനുഷ്യനാണ് …!!

ഭയഭക്തിയല്ലാതെ വേറൊരു വികാരം മുത്തശ്ശനെ കാണാൻ വരുന്നവരുടെ മുഖത്ത് കണ്ടിട്ടില്ല ….

എന്തും ആജ്ഞാസ്വരത്തിൽ മാത്രം സംസാരിച്ചിട്ടുള്ള പക്ഷെ തന്നെയും സ്വാതിയേച്ചിയെയും വാത്സല്യത്തോടെ മാത്രമല്ലാതെ നോക്കിയിട്ടില്ലാത്ത ആളാണ് മരണശയ്യയിലെന്ന പോലെ ഇവിടെ …

“മുത്തശ്ശി പോയതോടെ വീണു പോയി മോളെ ….ശരീരത്തിൽ അനക്കമെന്നുപറയാൻ ഇടയ്ക്കിടെ കവിളിലൂടെ ഒഴുകുന്ന കണ്ണുനീര് …അത്രന്നെ …!!”

“നമുക്ക് നല്ലൊരു ഹോസ്പിറ്റലിൽ ചികിത്സ ചെയ്തൂടെ അച്ഛാ …”

അവൾ കരഞ്ഞുകൊണ്ട് ചോദിച്ചു ….

“സിദ്ധുവിന്റെ മേൽനോട്ടത്തിലാണ് …അതിന്റെതായ പുരോഗതി മാത്രം ഉണ്ടെന്നു പറയാം …”

അവൾക്ക് പെട്ടന്നത് കേട്ടപ്പോൾ അച്ഛനോട് പോലും ദേഷ്യം തോന്നിപ്പോയി …

“അയാളോ …??

അയാൾ കാരണമാണ് നമ്മുടെ കുടുംബത്തിന് ഇങ്ങനെയൊരു ദുർവിധി വന്നത് …എന്റെയും സ്വാതിയേച്ചിയുടെയും ജീവിതം പാഴായിപ്പോയത് …ആ അയാളെത്തന്നെ ആശ്രയിക്കാൻ അച്ഛനെങ്ങനെ മനസ്സുവന്നു . …??”

“അല്ല മോളെ …സിദ്ധാർഥ് കാരണമല്ല മുത്തശ്ശന് ഈ ഗതിവന്നത് മറിച്ച് എന്റെ അച്ഛനെ കാരണ൦ അവന്റെ ജീവിതമാണ് താളം തെറ്റിയത് …ഒരു കണക്കിന് നീയും അതിനു കാരണക്കാരിയാണ് …”

“ഞാനോ…?? ഞാനും മുത്തശ്ശനുമാണ് അയാളുടെ ജീവിതം നശിപ്പിച്ചതെന്നോ …അച്ഛനെന്താണ് ഈ പറയുന്നതെന്ന് നിശ്ചയമുണ്ടോ …??”

“അച്ഛൻ സത്യമാണ് ചാരു പറയുന്നത്..

സിദ്ധു ..!!
പാവം എന്റെ കുട്ടി ….ചെറുപ്പത്തിലേ അമ്മവീടിന്റെ വാശിക്കും പകയ്ക്കും ഇരയായി നീ റാൻ തുടങ്ങിയ ജന്മമാ അതിന്റെ …ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ നാട്ടുകാരുടെ മുൻപിൽ അപാമാനിതരാക്കി ഇറങ്ങിപ്പോയ പെങ്ങളോടും ഞാനും പൊറുക്കാൻ പറ്റാത്ത പലതെറ്റുകളും ചെയ്തുപോയി …പിറക്കുന്നതിനുമുമ്പേ അവന്റെ കൂടെപ്പിറപ്പിനെ ….”

മുഴുമിപ്പിക്കാനാകാതെ അദ്ദേഹം കണ്ണുകളൊപ്പി …

“അച്ഛാ ….അയാളെന്നോട് ചെയ്തതോ …
കുടുംബവൈരാഗ്യതിന്റെ പേരിൽ സ്നേഹിച്ചപെണ്ണിനെ വഞ്ചിച്ചത് ….എന്റെ സ്വാതിയേച്ചിക്ക് വിവാഹത്തലേന്ന് വീട് വിട്ടിറങ്ങിപോകേണ്ടി വന്നത് …പിന്നെ …പിന്നെ …”

വാക്കുകൾ കിട്ടാതെ അവൾ കുഴഞ്ഞുപോയി …

“ആയിക്കോട്ടെ എല്ലാം സത്യമാണ് …പക്ഷെ നിന്നെ സ്നേഹിച്ചുപോയി എന്ന ഒരു കാരണം കൊണ്ടുതന്നെയാണ് അവൻ എല്ലാവരാലും വെറുക്കപ്പെട്ടുപോയത് ….”

“എന്ത്‌ ….??”

“സ്വാതി വീടുവിട്ടു പോയത് സിദ്ധാർത്ഥിനെ കാരണമല്ല മോളെ …നിന്റെ ….നിന്റെ മുത്തശ്ശനാണ് …എല്ലാത്തിനും കാരണം ….”

അച്ഛൻ ദേഷ്യത്തോടെ പല്ലുഞെരിച്ചു …

“മുത്തശ്ശനോ ….വയ്യാതെ കിടക്കുന്ന ആ മനുഷ്യനെ പറ്റിയാണ് അച്ഛൻ ഈ അപവാദമൊക്കെ പറയുന്നതെന്നോർക്കണം …”

“ഈ വയ്യായ്ക ഈശ്വരൻ കൊടുത്ത ശിക്ഷയാണ് കുഞ്ഞേ ….അച്ഛൻ ചെയ്ത തെറ്റുകൾക്ക് …ഇഞ്ചിഞ്ചായി മരിക്കുന്നതുപോലും ഇളവനുവദിച്ച ശിക്ഷയായിരിക്കും ദൈവത്തിന്റെ കണ്ണിൽ …”

“അച്ഛാ ദയവുചെയ്ത് ഇങ്ങനെയൊന്നും പറയല്ലേ …കേൾക്കണ്ട എനിക്കൊന്നും ….”

“കേൾക്കണം കാതുപൊത്തി നീ ഓരോന്നും കേൾക്കാൻ മടിച്ചു അതാണ് ഇത്രയും ജീവിതങ്ങൾ ഇത്രത്തോളം ദിനങ്ങൾ ഉരുകിത്തീരാൻ കാരണം …!!

നീ വാഴ്ത്തിപ്പാടുന്ന മുത്തശ്ശൻ തന്നെയാണ് നിന്റെ ജീവിതം ഈവിധമാക്കിയത് ….അന്ന് സ്വാതി ഇറങ്ങിപ്പോയപ്പോൾ നിനക്കുവേണ്ടി സിദ്ധുവിനെ ആലോചിച്ചതിൽ ഏറ്റവും കൂടുതൽ എതിർപ്പ് പ്രകടിപ്പിച്ചത് അച്ഛനായിരുന്നു ….അന്നതെന്തിനായിരുന്നുവെന്ന് എനിക്ക് മനസ്സിലായില്ല ….കുടുംബജീവിതം നന്നായി നയിക്കാൻ ഉപദേശിക്കുന്നതിനു പകരം കൊച്ചുമകളെ സ്വന്തം വീട്ടിലേക്ക് തിരികെ വരാൻ ശ്രമിക്കുന്ന അതിനുവേണ്ടി സിദ്ധാർഥിനെതിരെ നിന്റെ മനസ്സിൽ വിഷം കുത്തിനിറയ്ക്കുന്ന അച്ഛനെ പിന്നീടാണ് സംശയത്തോടെ വീക്ഷിക്കാൻ തുടങ്ങിയത് …. ..സ്വാതിയെ സിദ്ധാർഥിലൂടെ ഞാൻ കണ്ടെത്തി നിന്നെപ്പോലെ തന്നെ എനിക്കും അവളോട്ക്ഷമിക്കാൻ കഴിഞ്ഞില്ല ആദ്യമാദ്യം …എന്റെ കാലിൽ
വീണു പൊട്ടിക്കരഞ്ഞു എന്റെ പൊന്നുമോള് …വെറുക്കല്ലേയെന്നും പറഞ്ഞു ….
അവൾക്ക് പറയാനുള്ളതൊന്നു കേൾക്കണമെന്ന് തോന്നി പക്ഷെ കെട്ടുകഴിഞ്ഞപ്പോൾ ജന്മംതന്ന അച്ഛനെ ആജന്മ൦ വെറുക്കേണ്ടി വന്നു എനിക്ക് …

ബലിയായാടായേനെ എന്റെ സിദ്ധു അന്ന് ആ കല്യാണം നടന്നിരുന്നെങ്കിൽ ….”

“എന്നുവച്ചാൽ …??”

“കഴുത്തിൽ താലിവീണാൽ മൂന്നുനാൾ തികയ്ക്കാത്ത ദാമ്പത്യമായിരുന്നു എന്റെ കുഞ്ഞിന്റെയും സിദ്ധാർത്ഥിന്റെയും ജാതകത്തിൻ്റെ അന്തർമുഖം …!!

“അച്ഛാ ….”

ഞെട്ടലോടെ ചാരു വിളിച്ചു …

“അതേ മോളെ എല്ലാം നിന്റെ മുത്തശ്ശന്റെ കൂർമ്മബുദ്ധി ..മകളുമായി രമ്യതയിലായതും ചെറുമകൾക്കായി മുറ ചേർന്ന ചെറുമകനെ തന്നെ ആലോചിച്ചതിലുമെല്ലാം …ശകുനിയുടെ കൗടില്യ ബുദ്ധിയോടെ കരുക്കളോരോന്നായി നീക്കി ജാതകം തിരിച്ചുകൊണ്ടു വിവാഹം വരെയെത്തിച്ചതും എല്ലാം …സ്വാതിയുടെ വൈധവ്യദോഷം മനഃപൂർവം ഞങ്ങളിൽ പിന്നെല്ലാം മറച്ചുപിടിച്ചു …മേലേടത്ത് പദ്മനാഭകണിയാരുടെ പ്രവചനം ഇന്നേവരെ തെറ്റിയിട്ടില്ല …നാളിതുവരെ എന്തെല്ലാം പറഞ്ഞുവോ അതൊക്കെത്തന്നെയേ വന്നുഭവിച്ചിട്ടുള്ളൂ …അച്ഛനതു അറിയുകയും ചെയ്യാം ….നാൾപ്പൊരുത്തം ലവലേശമില്ലാത്ത രണ്ടുജാതകങ്ങളെ കൂട്ടിക്കെട്ടി ….വീണ്ടും വീണ്ടും കണിയാരെ കണ്ട് നവവരന്റെ മൃത്യു ഉറപ്പിച്ചുകൊണ്ടേയിരുന്നു നിന്റെ മുത്തശ്ശൻ ….”

തന്റെ മുത്തശ്ശൻ …!!

മുത്തശ്ശന് ഇത്രയും ക്രൂരനാകാൻ കഴിയോ …
ചാരു അന്ധാളിച്ചു ….

“നിന്റെ മനസ്സിലെന്താണെന്ന് അച്ഛനറിയാം… മുത്തശ്ശന് ഇത്രയും ക്രൂരത കാട്ടാനാകുമോ എന്നായിരിക്കുമല്ലേ …??”

അച്ഛന്റെ ചോദ്യത്തിന് മുൻപിൽ അവൾ തല കുനിച്ചു …

“അതിനുത്തരം ഞാൻ കൊടുക്കാം അച്ഛാ ….”

വാതിലിനു മറവിൽ നിന്നും പുറത്തേക്ക് വന്നത് സ്വാതിയായിരുന്നു …

ചാരുലതയുടെ മുഖഭാവം മാറി …കോപവും വെറുപ്പും കൊണ്ടത് വലിഞ്ഞുമുറുകി …

“എന്നോട് ഇപ്പോഴും ദേഷ്യാ എന്റെ ചാരൂന് …പക്ഷെ എനിക്ക് പറയാനുള്ളത് ഒരുവട്ടമെങ്കിലും കേട്ടിരുന്നെങ്കിൽ നീയിപ്പോൾ പറഞ്ഞതുപോലെ നമ്മുടെയൊന്നും ജീവിതങ്ങൾ ഇങ്ങനായി തീരുമായിരുന്നില്ല മോളെ …

വിവാഹത്തിന്റെ തലേന്ന് രാത്രി മുത്തശ്ശന്റടുത്തേക്ക് സംസാരിക്കാൻ പോകയായിരുന്നു ഞാൻ മുത്തശ്ശൻ തന്നെ മുൻകൈയെടുത്ത ഈ വിവാഹം നടത്തിയതിനു…മനസ്സ് നിറഞ്ഞ സന്തോഷത്തോടെ ഒന്ന് തുറന്നു സംസാരിക്കണമെന്ന് തോന്നി …ഫോണിലൂടെ ആരോടോ സംസാരിക്കുന്നത് കണ്ട് ഞാൻ മുറിയിൽ തന്നെ നിന്നിരുന്നു …മേശയുടെ മുകളിലായി ചില പഴകിയ കടലാസുകൾ മാത്രംനൂല് കെട്ടിയിരിക്കുന്നത് കണ്ട് കൗതുകത്തോടെ എടുത്തുനോക്കിയതാണ് ….എന്തിൽ നിന്നോ കീറിയെടുത്തതാണെന്നു തോന്നി …പിന്നെയാണ് പൂർണമായും മനസ്സിലായത് എന്റെ ജാതകമായിരുന്നു പല തുണ്ടുകളായി അതിൽ ഉണ്ടായിരുന്നതെന്ന് …എന്തിനായിരിക്കും ഇതിങ്ങനെ കീറിയിട്ടിരിക്കിന്നതെന്നു ചിന്തിച്ചു ….പിന്നെയാണ് ഓർത്തത് എന്റയും സിദ്ധാര്ഥിന്റെയും ജാതകങ്ങൾ കണിയാരുടെ കയ്യിലല്ലേ എന്ന് …..

പിന്നെ ഇതെങ്ങനെ …???

ഫോണിലാരോടോ ഉറക്കെ ചിരിക്കുന്ന മുത്തശ്ശനെ കണ്ട് ഞാൻ ആ സംഭാഷണം ശ്രദ്ധിച്ചു …അത് കണിയാരുമായിട്ടാണെന്നു മനസ്സിലായപ്പോൾ വീണ്ടും ചെവിയോർത്തു …അവർ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ നിന്ന നിൽപ്പിൽ ഇല്ലാണ്ടായാൽ മതിയായിരുന്നു എന്നു തോന്നിപ്പോയി മോളെ ….
ചെറുമകളുടെ വൈധവ്യദോഷം മാറ്റാൻ സ്വന്തം ചോരയെ തന്നെ കുരുതികൊടുക്കാൻ എങ്ങനെ നമ്മുടെ മുത്തശ്ശന് മനസ്സ് വന്നു എന്നറിയില്ല …എല്ലാം വ്യക്തമായിട്ടു തന്നെ കേട്ടു ഞാൻ …എന്റെ ചോദ്യങ്ങൾക്കു മുൻപിൽ മുത്തശ്ശൻറെ അടിപതറിപ്പോയി …
എനിക്കൊരു വിവാഹ ജീവിതം കിട്ടാൻ വേണ്ടി സിദ്ധുവിനെ മരണത്തിലേക്കെറിഞ്ഞു കൊടുക്കാൻ എനിക്ക് വയ്യായിരുന്നു മോളെ ….
നീയരിയുന്നത്തിനുമുന്പേ ഇതെല്ലം സിദ്ധുഅറിയേണ്ടത് അത്യാവിശ്യമെന്നു തോന്നിപ്പോയി …ഒരു ഒളിച്ചോട്ടത്തിനായല്ല
ഞാൻ വീട് വിട്ടുപോയത്…സിദ്ധുവിനോട് ഈ കല്യാണത്തിൽ നിന്ന് പിന്മാറണമെന്ന് പറയാൻ പക്ഷെ അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച എന്താന്നറിയ്യോ നിനക്ക്….

വിവാഹത്തലേന്ന്ന് വരെ എന്നോട് അല്പം പോലും അയാൾ അടുപ്പം കാണിക്കാത്തത് എന്തുകൊണ്ടാണെന്ന് അരിഞ്ഞത് അപ്പോഴാണ് ….

സ്നേഹിച്ച പെണ്ണിനെ മറക്കാൻ കഴിയാതെ അവളുടെ ഓർമ്മകളയേയും കെട്ടിപ്പിടിച്ചു വിതുമ്പുന്ന സിധുവിനെ ഞാനവിടെ കണ്ടു ….തകർന്നുപോയത് ഞാനാണ് മോളെ…

എനിക്ക് വേണ്ടി സ്നേഹിച്ച പുരുഷനെ ഒഴിഞ്ഞു തന്നു നീ ത്യാഗം ചെയ്തു നിനക്ക് വേണ്ടി മാത്രം എന്നെ സ്വീകരിക്കാമെന്ന് സമ്മതിച്ചു സിദ്ധുവും നിന്നെ ത്യജിച്ചു
ഞാനോ ….??

ഒരു പെണ്ണിനെ മനസ്സിൽ കൊണ്ട് നടക്കുന്ന അവളെ മാത്രം സ്നേഹിക്കാൻ കഴിയുന്ന ഒരു മനസ്സിനെ ബലമായി സ്വീകരിച്ചിരുന്നെങ്കിൽ അത്തയ്യളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയായിപ്പോയേനെ …

സ്വന്തം അനുജത്തിയുടെ സ്വപ്നങ്ങൾക്ക് മേലെ മണ്ണ് വിതറി എന്റെ ജീവിതം കെട്ടിപ്പൊക്കിയിരുന്നെങ്കിൽ എന്റെ കണ്ണിൽ ഞാൻ തന്നെ വിലയില്ലാത്തവളായിപ്പോയേനെ ….സ്വന്തം ജീവിതം എനിക്കായി വച്ചുനീട്ടിയപ്പോൾ ഇതൊന്നും നീയ് ഓർത്തില്ല അല്ലേ …

വിവാഹം കഴിഞ്ഞിട്ടായിരുന്നു സ്വന്തം പുരുഷൻ തന്നെയല്ല തന്റെ അനുജത്തിയെയായിരുന്നു സ്നേഹിച്ചിരുന്നതെന്നറിഞ്ഞാൽ എനിക്കുണ്ടാകാവുന്ന ആഘാതം എത്രയായിരിക്കുമെന്നും നീയോർത്തില്ല….നീയുമായുള്ള പ്രണയത്തെക്കുറിച്ച് സകലതും സിദ്ധാർഥ്‌ എന്നോട് പങ്കുവച്ചു …എങ്കിൽ പിന്നെ നിന്നെ സ്വീകരിച്ചൂടെ എന്നുള്ള ചോദ്യത്തിന് ആ മനുഷ്യൻ പറഞ്ഞ മറുപടി കേൾക്കണം നീയ് ….

ഒരിക്കൽ സിദ്ധു നിന്നോടൊരു തെറ്റ് ചെയ്തു സ്നേഹിച്ചിട്ടും നിന്നെ കൂടെക്കൂട്ടാനാകാതെ വഞ്ചിച്ചു …ആ തെറ്റ് നീ പൊറുത്താലും അയാൾക്ക് സ്വയം പൊറുക്കാനാവില്ലെന്ന് …നിന്നെ ഒരുവട്ടമെങ്കിലും സ്നേഹിച്ചിട്ടുണ്ടെങ്കിൽ നിന്റെ ചേച്ചിയെ സ്വീകരിക്കാനായിരുന്നല്ലോ നീ അയാൾക്ക് മുൻപിൽ വച്ച നിബന്ധന …അതൊന്നുകൊണ്ടു മാത്രമാണ് അയാൾ എന്റെ കഴുത്തിൽ താലി കെട്ടാൻ തയ്യാറായതെന്നു…
പക്ഷെ മനസ്സാൽ ഒരായിരം വട്ടം അയാളുടെ പെണ്ണായി വരിച്ചത്… ആ താലി അണിയിച്ചത് ഒക്കെയും നിന്നെയായിരുന്നുവെന്ന് ….സ്നേഹിച്ച പെണ്ണിനോട് ചെയ്ത ഒരു തെറ്റിന്റെ പേരിൽ ഇഷ്ടമല്ലാത്തൊരു ബന്ധം തലയിലേറ്റി സ്വന്തം ജീവിതം നശിപ്പിക്കാനൊരുങ്ങിയ ആ മനുഷ്യനോട് ഞാൻ എന്ത് പറയണമായിരുന്നു.. എന്നെ സ്വീകരിക്കാനോ….?? നാളിതുവരെ ജനിച്ചപ്പോൾ മുതൽ സ്വന്തം കുടുംബക്കാരുടെ പകയ്ക്കിരയാകേണ്ടി വന്ന ആ ജന്മത്തിനോട് ഇനിയും സ്വന്തം മുത്തശ്ശന്റെ കുടിപ്പകക്കു ഇരയാകാൻ എറിഞ്ഞു കൊടുക്കണമായിരുന്നോ

അ തിലും ഭേദം അയാളോട് ആത്മാഹൂതി ചെയ്യാൻ പറയുന്നതല്ലേ ചാരുവേ …”

സ്വാതി പൊട്ടിക്കരഞ്ഞു …എല്ലാം കേട്ട് പകുതി പ്രാണനും പേറി നിൽക്കുകയായിരുന്നു ചാരു ….ഹൃദയത്തിൽ കുറ്റബോധത്തിന്റെ ഭാണ്ഡങ്ങൾ ഒന്നൊന്നായി പൊട്ടിയടരുന്നതവൾ അറിഞ്ഞു …

“സിദ്ധു ….സിദ്ധു അപ്പോൾ ….”

അവളുടെ ചുണ്ടുകൾ വിറച്ചു ….

“ജാതകത്തിലെ വിധിയറിഞ്ഞപ്പോൾ അതുവരെ കണ്ണീരോടെ നിന്ന സിദ്ധു പുഞ്ചിരിച്ചു അയാൾ ..വിസമ്മതം പറഞ്ഞില്ല എന്റെ ചരുവില്ലാത്തൊരു ജീവിതം എനിക്ക് മരണതുല്യം തന്നെയാണ് സ്വാതി …അവളെന്റെ പ്രാണനാടോ പ്രാണനില്ലതെ എങ്ങനെയാ ജീവിക്ക്യ …ഇതിപ്പോൾ മരണമെന്ന അവസരം മുൻപിൽ വീണുകിടക്കയല്ലേ ..എന്റെ ചരുവിനു കൊടുത്ത വാക്കു പാലിക്കാനായി ഞാനതു ഇരുകയ്യും നീട്ടി സ്വീകരിക്കും സിദ്ധു പറഞ്ഞ വാക്കുകളാണ്… ഇത്രയും നിന്നെ സ്നേഹിക്കുന്ന മനസ്സിലാക്കുന്ന ഒരാളുണ്ടെന്നറിഞ്ഞപ്പോൾ എനിക്കാണ് കൂടുതൽ സന്തോഷം തോന്നിയത് മോളെ …നിനക്കായി കാത്തിരുന്ന ഇത്രയും നല്ലൊരു ജീവിതം ഞാൻ അറിയാതെയെങ്കിലും തട്ടിയെടുത്തിരുന്നെങ്കിൽ ഞാനൊരു പാപിയായിപ്പോയേനെ ….”

“അരുത് ….സ്വാതിയേച്ചി …”

പൊട്ടിക്കരച്ചിലോടെ ചാര് ഓടിവന്നവളുടെ വായ് പൊത്തി ….കെട്ടിപ്പിടിച്ചുകൊണ്ട് അവൾ വിങ്ങിക്കരഞ്ഞു…

” എന്റെ തെററാണ് എല്ലാം… എല്ലാം ….കൂടപ്പിറപ്പിന വിശ്വസിക്കാത്ത സ്നേഹിച്ച പുരുഷനെ വിശ്വസിക്കാൻ മനസ്സ് കാട്ടാഞ്ഞ എന്റെ തെറ്റ് ….തെറ്റിദ്ധാരണയുടെ മറ കണ്ണിൽ മൂടിയപ്പോൾ നല്ലതേത് ചീത്തയെതെന്നു തിരിച്ചറിയാനാകാതായിപ്പോയി എന്നൊട്ക്ഷമിക്കു ചേച്ചി ….”

തന്നെ ഒട്ടിപ്പിടിച്ചിരുന്ന അവളെ അടർത്തിക്കൊണ്ട് അവളുടെ കണ്ണുനീർ തുടച്ചു സ്വാതി…

” തെറ്റ് ഏറ്റു
പറയേണ്ടതും മാപ്പു ചോദിക്കേണ്ടതും എന്നോടല്ല നിന്നോട് ക്ഷമിക്കേണ്ടതും ഞാൻ അല്ല …നിന്നെ മാത്രം സ്നേഹിച്ച് നിന്നോടുള്ള സ്വാർത്ഥതയുടെ പേരിൽ മാത്രം ചില തെറ്റുകൾ പറ്റിപ്പോയി അതിന്റെ പേരിൽ ഉരുകിത്തീരുന്ന ഒരു ജന്മമുണ്ട് …സിദ്ധാർഥ് …!!

അയാളുടെ ഉയിരോളം നിന്നെ ആഗ്രഹിക്കുന്നതിന്റെ …നിന്നെ സ്നേഹിക്കുന്നതിന്റെ തെളിവാണ് ഇത്രയു൦ ക്രൂരതകൾ ചെയ്തിട്ടും നിനക്കേറ്റവും പ്രിയപ്പെട്ടതെന്ന ഒറ്റ കാരണത്താൽ മുത്തശ്ശനെ അയാൾ ചികിൽസിക്കുന്നത് ….

നീ ഭാഗ്യവതിയാണ് മോളെ സിദ്ധാർഥിനേക്കാൾ അധികം നിന്നെ സ്‌നേഹിക്കാൻ കഴിയുന്ന ഒരു മനസ്സ് വേറെയാർക്കുമില്ല
നിന്റെ കൂടപ്പിറപ്പായ എനിക്കോ നമ്മുടെ അച്ഛനോ അമ്മയ്ക്കോ പോലും അയാളുടെ അത്ര നിന്നെ സ്നേഹിക്കാൻ കഴിയില്ലെന്ന് സ്വാതിയേച്ചി ഉറപ്പിച്ചു പറയുവാ …ചെയ്തുകൂട്ടിയതിന്റെ പാപഭാരം തളർത്തിക്കളഞ്ഞതാണ് നിന്റെ മുത്തശ്ശനെ ഇപ്പോൾ കുറ്റബോധത്താൽ വിതുമ്പുന്നുണ്ട് ആ മനസ്സ് ഇടയ്ക്കിടെ കവിളിലൂടെ ഒഴുകിയിറങ്ങുന്നത് അതിന്റെ തെളിവാണ് …”

എല്ലാം കേട്ട് തളർന്ന മനസ്സോടെ ചാരു മുത്തശ്ശനെ നോക്കി അതെ ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ….ഒരേ നിമിഷം സഹതാപവും വെറുപ്പും ആ മുഖത്തോടു തോന്നുന്നു എന്നാലും ഇങ്ങനെയൊക്കെ ചെയ്യാൻ മാത്രം ദുഷ്ടനായിരുന്നുവോ മുത്തശ്ശൻ… അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ ആ ചോദ്യം ശബ്ദമില്ലാതെ ആരാഞ്ഞു ….നിലത്തേക്ക് കുഴഞ്ഞു വീഴുമെന്നു തോന്നി പ്പോയി അവൾക്കു

“എനിക്ക്… എനിക്ക് കാണണം സിദ്ധുവിനെ എന്റെ സിദ്ധുവിനെ …..”

പിടഞ്ഞ മനസ്സോടെ അവൾ തറവാടിന്റെപടികളിറങ്ങിയോടി …

തുടരെത്തുടരെ വിളിച്ചിട്ടും സിദ്ധാർഥ് ഫോണെടുക്കുണ്ടായിരുന്നില്ല …

“ഈശ്വര ….ദേഷ്യത്തിന് എന്തൊക്കെയാണ് എന്റെ സിദ്ധുവിനോട് താൻ …എവിടെയായിരിക്കും ഇപ്പോൾ ആൾ ….

ഒന്ന് കാണുകയേ വേണ്ടുള്ളൂ ചെയ്ത തെറ്റിനെല്ലാം ആ കാലു വീണു മാപ്പു പറയണം തനിക്കു …കണ്ണീരുകൊണ്ട് ആ പാദം കഴുകിയാലും താൻ ആ ഹൃദയത്തിനെ മുറിപ്പെടുത്തിയതിനു പകരമാകുമോ …”

ചാരുവിന്റെ മനം നൊന്തു അവസാന ശ്രമമെന്ന നിലയിൽ അർജ്ജുൻ വിളിച്ചിട്ടു പോലും സിദ്ധാർഥ് എവിടെയുണ്ടെന്ന് അറിയാൻ കഴിഞ്ഞില്ല…

വ്യഥ പൂണ്ട മനസ്സോടെ അവൾ ഓടിനടന്നു …ഓടിയോടി തളർന്നവശയായി അവൾ പാടവരമ്പിലിരുന്നു പൊട്ടിക്കരഞ്ഞു ..

“സിദ്ധു ….എന്നെ ഇങ്ങനെ ശിക്ഷിക്കല്ലേ ഒന്ന് വരൂ എന്റെ മുൻപിൽ കണ്ടാൽ മതി ഒരുവട്ടം …എന്റെ തെറ്റുകൾ ഏറ്റുപറയാനെങ്കിലും …”

അവൾ കൈകളും മാറോടടക്കിപ്പിടിച്ചു തളർന്നിരുന്നു …

“ഒരുപാട് ദൂരേയ്ക്ക് പോയിട്ടും അവസാനം ഇവിടേയ്ക്ക് തന്നെ വന്നു അല്ലേ …!!”

ചുമലിലൊരു കരസ്പർശം ….കാതുകളിൽ പതിച്ച വാക്കുകളിലെ തലോടൽ ആ സ്പര്ശനത്തിലും അവൾ നുകർന്നു …മുഖത്തേക്ക്
പോലും നോക്കാനാകാതെ ആ നെഞ്ചിൽ മുഖംഅമർത്തുമ്പോഴേക്കും ചാരു തകർന്നുപോയിരുന്നു

“സിദ്ധു …
ഞൻ …എന്നോട് ..”

എന്തൊക്കെയോ പറയാൻ ശ്രമിച്ച അവളെ ഒന്നുകൂടി തന്റെ നെഞ്ചിലേക്ക് ചേർത്തുനിർത്തി സിദ്ധാർഥ്..

” ഒന്നും പറയണ്ട പെണ്ണെ ….പണ്ടും നിന്റെ വാക്കുകളേക്കാൾ നിന്റെ മൗനത്തിൽ നിന്നുംഞാൻ എല്ലാം മനസ്സിലാക്കിയിട്ടില്ലേ ….”

“എന്നാലും ഞാൻ ….എന്നോട് പൊറുക്കനാവ്വോ സിദ്ധു…??”

“നിന്നോട് പൊറുക്കാനെനിക്കാവില്ല ചാരു …”
സിദ്ധാർഥ് ദൃഡമായി പറഞ്ഞപ്പോൾ ചാരുവിന്റെ ള്ളിലൊരായിരം തേങ്ങലുയർന്നു …

“പൊറുക്കുന്നതും ക്ഷമിക്കുന്നതുമൊക്കെ മറ്റു പലരോടാണ് ഞാൻ… നിന്നെ എനിക്ക് പ്രണയിക്കാൻ മാത്രേ കഴിയുള്ളു ചാരുവേ …വേറൊരു വികാരം നിന്നോടെനിക്ക് …!!അതുമാത്രം സിദ്ധുവിന് കഴിയില്ല …”

“ഞാൻ ഞാനൊരു നല്ല സ്ത്രീയെ അല്ല സിദ്ധു …സ്വന്തം കൂടപ്പിറപ്പി നെ
അവിശ്വസിച്ചു താലി കെട്ടിയവ നെ
അവഗണിച്ചു എന്തിനു വയറ്റിൽ കുരുത്ത സ്വന്തം കുഞ്ഞിനെ പോലും ….”

ചുണ്ടുകൾ കൂട്ടിപ്പിടിച്ചു വിതുമ്പുമ്പോഴേക്കും സിദ്ധാർത്ഥിന്റെ നെഞ്ചിൽ അവൾ കണ്ണീരു കൊണ്ട് കളം തീർത്തിരുന്നു …

“വേണ്ട ചാരുവേ ഇനി ..പഴയതൊന്നും ഓർക്കേണ്ട നിന്നെ കണ്ടെത്തുന്നതുവരെ നിന്റെയും നമ്മുടെ കുഞ്ഞിന്റെയും ജീവനെയും സുരക്ഷയെയുംകുറിച്ചോർത്ത് ഉള്ളിലൊരു പിടപ്പായിരുന്നു ….നിന്നെപോലൊരു പെൺകുട്ടി കാണാൻ വന്നുവെന്നു അഞ്ജലി വിളിച്ചുപറഞ്ഞപ്പോഴേ പേരറിയാത്ത ദൈവ
ങ്ങളെപോലും വിളിച്ചുപോയി ഞാൻ അത് നീ തന്നെയായിരിക്കണേയെന്നു പ്രാർത്ഥിച്ചുകൊണ്ട് ..ഓരോ ഇടവേളയ്ക്കു ശേഷവും ഒരു ജന്മത്തിലെ നമ്മുടെ പല കണ്ടുമുട്ടലുകൾ …ഇനിയും നമുക്ക് പിരിയണ്ട ചാരു ഈ ലോകത്തെമറ്റേന്തും എനിക്ക് നഷ്ടപ്പെട്ടോട്ടെ പക്ഷെ നിന്നെ…….
നിന്നെ എനിക്ക് വയ്യെടീ ….വെറും പ്രണയമല്ല എന്റെ ആത്മാവാണ് നീ …എന്റെ ഓരോ ഹൃദയമിടിപ്പും മന്ത്രിക്കുന്നത് നിന്റെ പേരാണ് ….ഇനിയുമീ ഒളിയുദ്ധം വയ്യ …പറയ് ചാരൂ ഇനി …ഇനി നീയ് പോകുവോ എന്നെ വിട്ടിട്ട് …??”

അയാളുടെ കണ്ണുകളിലും നനവ് പടർന്നു …
“എന്റെ ജീവൻ ദേഹത്ത് നിന്ന് അടർന്നു പോട്ടെ ആദ്യം എന്നാലേ
എന്റെ സിദ്ധുവിനെ വിട്ടു ഞാൻ പോകുള്ളൂ ….”
ചാരു സിദ്ധാർത്ഥിന്റെ വാരിപ്പുണർന്നു …

കൈകൾ അയാളുടെ മാറിലമർത്തിയുയർന്നു കൊണ്ട് ഇരുകവിളുകളിലും ചുംബിക്കുമ്പോൾ സിദ്ധാർഥ് തന്റെ കണ്ണുകൾ ഇറുകെയടച്ചു… “ഓർമ്മയുണ്ടോ നിനക്ക് …ആദ്യായിട്ട് നമ്മൾ കണ്ടു മുട്ടിയത് ഇവിടെ വച്ചാണ് ….നമ്മിലെ പൊടിമീശക്കാരന്റെയും കാന്താരിയുടെയും പ്രണയം തുടങ്ങിയത് ഇവിടെ നിന്നാണ് അവസാനം നമ്മൾഒന്നായതും ഇവിടെ വച്ചുതന്നെ ….അല്ലെ ചാരു …”

സിദ്ധാർഥ് അവളുടെ മൂർദ്ധാവിൽ ചുംബിച്ചു …

“ഒന്നല്ല ….ഒരാളൂടെ ….”

അത് പറയുമ്പോൾ അവളുടെ മുഖം നാണത്താൽ ചുവന്നു തുടുത്തിരുന്നു അവളെ തന്നെ കണ്ണിമയ്ക്കാതെ നോക്കി നിന്ന സിദ്ധാർത്ഥിന്റെ കൈകളെ ചാരു പതിയെ തന്റെ വയറിനോടടുപ്പിച്ചു …

“ദേ ഇവിടെ …”

അവളതു പറഞ്ഞു ….ആനന്ദത്തോടെ …അവളിലെ അമ്മയെ ആദ്യമായി സിദ്ധു കണ്ടു …അയാൾ അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചുകൊണ്ട് ഉദരത്തിൽ ചുണ്ടുകളമർത്തി …

“എന്റെ പൈങ്കിളി ഇങ്ങു വരട്ടെ …അമ്മയെ നമുക്ക് ശരിയാക്കാം കേട്ടോ …”

“പൈങ്കിളിയോ …??”ചാരു നെറ്റിചുളിച്ചു …

“അതേടീ …എന്റെ മോളുടെ പേരാ …എന്തെ നന്നായിട്ടില്ലേ …”

“മോളാണെന്ന് സ്വയമുറപ്പിച്ചോ …??”

മോളായിരിക്കും …നിന്നെപ്പോലൊരു വായാടി ….സ്വന്തം ആത്മാഭിമാനത്തിന് വേണ്ടി ആരോടും പൊരുതുന്നൊരു തന്റേടി വാവയെ മതി എനിക്ക് …”

സിദ്ധാർഥ് പുഞ്ചിരിച്ചു …

“എങ്കിലേ എനിക്ക് ഒരു കുഞ്ഞു സിദ്ധാർത്ഥിനെ മതി …സ്നേഹിക്കുന്നവർക്ക് വേണ്ടി സ്വന്തം ജീവൻ പോലും കൊടുക്കുന്ന സിദ്ധാർത്ഥിന്റെ പതിപ്പിനെ …”

എല്ലാം അറിഞ്ഞു അല്ലെ അയാളുടെ മുഖം വാടിയിരുന്നു …

സിദ്ധാർത്ഥിന്റെ താടിയിൽ പിടിച്ചുയർത്തിക്കൊണ്ട് ചാരുലത മന്ദഹസിച്ചു…

“എല്ലാമറിഞ്ഞു ..അതുകൊണ്ട് സിദ്ധുവിനെയും ഞാനറിഞ്ഞു …ഒരു കാര്യത്തിലെ വിഷമം ഉള്ളൂ …സ്വാതിയേച്ചിയുടെ …”

അവളുടെ മുഖം മങ്ങുന്നത് കണ്ട സിദ്ധാർഥ് പൊട്ടിച്ചിരിച്ചു..

” എല്ലാമറിഞ്ഞിട്ടും അതുമാത്രം അറിഞ്ഞില്ലേ ഭവതി “

“എന്താ ???”

“മണ്ടിപ്പെണ്ണേ …സ്വാതിയെ ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കാൻ വിട്ടിട്ട് നമ്മൾ ഒരു ജീവിതം തുടങ്ങുമെന്ന് വിചാരിച്ചോ നീയ് …”
“പിന്നെ …??”

“ജാതകവും പൊരുത്തവുമൊക്കെ കാറ്റിൽ പറത്തി അവൾക്കായും ഒരു ചെക്കൻ കാത്തിരിപ്പുണ്ട് …”
“ആരാണ്… ആരാണ് സിദ്ധു..??”

ചാരുലത ആകാംഷയോടെ ചോദിച്ചു

” മറ്റാരുമല്ല ..അങ്ങോട്ട് നോക്കിക്കേ ….”
ചാരു കണ്ടു പാടവരമ്പത്തൂടെ കളിതമാശകൾ പറഞ്ഞു നടന്നു വരുന്ന രണ്ടുപേരെ..

” അർജുൻ… അർജുനോ??” അത്ഭുതത്തോടെ അവൾ ചോദിച്ചു …
“അതേടോ …നിന്റെ ചേച്ചിയുടെ മുഖത്തെ സന്തോഷം കണ്ടില്ലേ അതുകൊടുക്കാൻ ഞാൻ കണ്ടുപിടിച്ച വ്യക്തിയാണ് അത് …”
തമാശരൂപേണ സിദ്ധാർഥ് അതുപറഞ്ഞു
“അപ്പോൾ അർജുൻ സ്നേഹിച്ച പെണ്ണോ …?”
“വയറ്റിലുണ്ടെന്നൊന്നും നോക്കൂല്ല …തലക്കൊരു കിഴുക്കിട്ടു തരും ഞാൻ ….”
“സിദ്ധു …!!”

ചാരുലത ചിണുങ്ങിക്കൊണ്ട് പിണങ്ങുന്നതായി നടിച്ചു

” ഈ നാട്ടിൽ ഇത്രയും വികസനം വന്നിട്ടും ദാവണിയുടെ പുതിയ ലോകങ്ങളിലേക്ക് നീന്തിത്തുടിക്കുന്ന ഒരേയൊരു പരൽമീനേയുള്ളു ആരാണ് ..??”
അയാൾ കുസൃതിയോടെ ചോദിച്ചു
“സ്വാതിയേച്ചി”
ചാരുലത പെട്ടെന്ന് മറുപടി പറഞ്ഞു..

” ഇതേ ദാവണിയുടുത്തുകൊണ്ട് അമ്പലത്തിൽ മുടങ്ങാതെ തൊഴാൻ പോണത് ആരാണ് ???”

“സ്വാതിയേച്ചി …”
“അപ്പോൾ അർജ്ജുൻ അമ്പലത്തിൽ വച്ച് കണ്ടിഷ്ടപ്പെട്ട പാവാടക്കാരി ആരായിരിക്കും ??”

“സ്വാതിയേച്ചി”

പറഞ്ഞുകഴിഞ്ഞിട്ടാണ് അതിനെപ്പറ്റിയോർത്തത്
“സ്വാതിയെച്ചിയോ …??”

“അതെന്നു… ഈശ്വരാ എന്റെ പൈങ്കിളിക്കെങ്കിലും ഇവളുടെ പൊട്ടബുദ്ധി കൊടുക്കല്ലേ …”

“സിദ്ധു ….!!!”
കപട ദേഷ്യത്തോടെ നിൽക്കുന്ന തന്റെ പെണ്ണിനെ വീണ്ടും ചേർത്തുപിടിച്ചു നെഞ്ചോടടക്കിപ്പിടിച്ചു സിദ്ധാർഥ് …
“ചാരൂട്ടിയെ …
ഇനിയുള്ള പിണക്കങ്ങൾക്കുംഈ കാപട്യത്തിന്റെ മൂടുപടം മതിട്ടോ …ഇനിയൊരു അകൽച്ച വന്നാൽ എനിക്ക് പിന്നെ ജീവനുണ്ടാകില്ല …”
നിറഞ്ഞ മിഴികളോടെ അവൾ അയാളെ ഇരുകൈകളും ചുറ്റി പുണർന്നു …
“അകലാനല്ല ….കൂടുതൽ അടുക്കാൻ നമ്മൾ ജീവിക്കും… ഞാനും എന്റെ സിദ്ധുവുംപിന്നെ നമ്മുടെ പൈങ്കിളിയും ….!!”

ഒരിയ്ക്കലും വിട്ടുകളയാനാകാത്തതുപോലെ സിദ്ധാർഥ് ഒന്നുകൂടി ചാരുലതയെ അമർത്തിപ്പിടിക്കുമ്പോൾ അവൾ അയാളിൽ മുഖം പൂഴ്ത്തി പെയ്തൊഴിഞ്ഞ കണ്ണീർ തൂകി പുതിയൊരു ലോകത്തേക്ക് ….സ്വപ്നത്തിലേക്ക് …പറന്നുയരുന്നുണ്ടായിരുന്നു….!!

(സിദ്ധചാരു ഇവിടെ അവസാനിക്കുന്നു …ഒരുപാടിഷ്ടത്തോടെ എഴുതിയ ഒരു കഥ അതായിരുന്നു എനിക്ക് സിദ്ധചാരു … നന്ദി പറയുന്നില്ല പ്രിയപ്പെട്ടവരോട് നന്ദിയല്ല സ്നേഹം മാത്രംപറയുന്നതാണ് ശീലം ഒരുപാട് ഒരുപാട് ഇഷ്ടത്തോടെ ലച്ചു ….❤😇😊)