കിലുക്കാംപെട്ടി ❤
Story written by Bindhya Balan
=======================
“ദേ ചെക്കാ….ഇനീം ചെക്കനെന്റെ പിന്നാലെ നടന്നാ…നടന്നാ….. “
കണ്ണുരുട്ടി ചുണ്ടുകൾ കൂർപ്പിച്ച് പാതി മുറിഞ്ഞ വാക്കുകൾക്കായി പരതി എന്റെ മുന്നിൽ നിന്ന് ഉറഞ്ഞു തുള്ളിയ അവളുടെ മുന്നിലേക്ക് ഒന്ന് കൂടി കയറി നിന്ന് ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു
“പിന്നാലെ നടന്നാ എന്റെയീ കിലുക്കാംപെട്ടി എന്തോ ചെയ്യുമെന്നെ?കേൾക്കട്ടെ “
“മാറിയേ ന്റെ മുന്നീന്ന്.. നിക്ക് പോണം… “
അവൾ ചിണുങ്ങി
“പൊയ്ക്കോ… പക്ഷേ പറഞ്ഞിട്ട് പോ… ഇനീം നിന്റെ പിന്നാലെ നടന്നാ എന്നെ നീയെന്ത് ചെയ്യും? “
ഞാൻ വീണ്ടും എന്റെ ചോദ്യം ആവർത്തിച്ചു. പക്ഷെ അപ്പോഴും അവൾ അതിനുത്തരമൊന്നും പറഞ്ഞില്ല. പകരം എന്നെ നോക്കിയൊന്നു കൂടി കണ്ണുരുട്ടിയിട്ട്
“മുന്നീന്ന് മാറ് ചെക്കാ…. നിക്ക് പോണംന്നു പറഞ്ഞില്ലേ… ” എന്ന് പറഞ്ഞ് എന്നെ തള്ളി മാറ്റി.പിന്തിരിഞ്ഞു നോക്കാതെ നടന്നു പോകുമ്പോൾ ഞാൻ അവൾ കേൾക്കാനായി ഉറക്കെ പറഞ്ഞു
“എനിക്കറിയാം നിനക്കെന്നെ ഇഷ്ട്ടാണെന്നു.. എവിടെപ്പോയാലും തെക്കേപ്പാട്ടെ നാരായണൻ മാഷ്ടെ മോള് ഗായത്രിയെ ഈ അനുദീപ് തന്നെ കല്യാണം കഴിക്കും..കേട്ടോടി കാന്താരി “
എന്റെ വാക്കുകൾ അവളുടെ കാതുകളിൽ ചെന്ന് വീണെങ്കിലും, ഒരു നോട്ടം കൊണ്ട് പോലും പ്രതികരിക്കാതെ നടന്നു പോകുന്ന അവളെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുമ്പോഴാണ് പിന്നിൽ നിന്നൊരു കൈ വന്നെന്റെ തോളിൽ പതിഞ്ഞത്. തിരിഞ്ഞു നോക്കുമ്പോൾ നാരായണൻ മാഷ്.ഒന്നും മിണ്ടാതെ മാഷിന്റെ മുന്നിൽ തല കുനിച്ച് നിൽക്കുമ്പോൾ മെല്ലെയെന്റെ തോളിലൊന്ന് തട്ടി
“എന്താടോ…..അനുദീപേ.. ന്റെ കുട്ടി പാവമാണ്.. പറ്റൂച്ചാ വേദനിപ്പിക്കാതിരിക്കാ ന്റെ മോളെ.. ” എന്ന് പറഞ്ഞ് കണ്ണുകൾ നിറച്ചപ്പോൾ മറുത്തൊന്നും പറയാനില്ലാതെ ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു.
ഇടവഴി തുമ്പ് എത്താറായപ്പോൾ കണ്ണാടിയിലൂടെ ഞാൻ കണ്ടു ഒരു കാലൻകുടയുടെ ബലത്തിലൂന്നി നടക്കുന്ന മാഷിനെ.. വണ്ടി തിരിച്ച് മാഷിന്റെ അടുത്ത് കൊണ്ട് നിർത്തി
“മാഷ് കയറിയെ… ഞാൻ കൊണ്ട് വിടാം… വീട്ടിൽ ഗായത്രിയും അമ്മയും മാത്രമല്ലേയുള്ളൂ… ” എന്ന് പറഞ്ഞപ്പോൾ വീണ്ടും എന്റെ തോളിലൊന്ന് തട്ടിയിട്ട് മാഷ് പറഞ്ഞു
“മോൻ പൊയ്ക്കോ…നടന്നാ ദേഹത്തിനൊരു ആയാസവൂല്ലോ… ഞാൻ നടന്നോളാം “
“മാഷിന് എന്നോട് ദേഷ്യം ആണോ? ” ഞാൻ ചോദിച്ചു
“ദേഷ്യം ഒന്നുമില്ലെടോ… ഞാൻ പഠിപ്പിച്ച കുട്ടിയല്ലേ താൻ… പഠിച്ചു വലിയ ആളാവൂന്ന് അന്നേ എനിക്ക് അറിയാരുന്നു. വലിയ ആളായി…. ചെറിയെ പ്രായത്തിൽ തന്നെ പേരെടുത്ത ഡോക്ടറായി… ഇനി തന്റെ നിലയ്ക്കൊത്ത ഒരു കുട്ടിയെ കല്യാണം കഴിച്ച് സുഖായി ജീവിക്ക്..തനിക്ക് നല്ലതേ വരൂ …… “
അത്രയും പറഞ്ഞിട്ട് എന്റെ മറുപടിക്കോ നോട്ടത്തിനോ കാത്തു നിൽക്കാതെ നടന്ന് നീങ്ങുന്ന മാഷിനെ നോക്കി നിൽക്കുമ്പോൾ ഉള്ളിലൊരു ഉച്ചമണി കിലുങ്ങുന്നുണ്ടായിരുന്നു.
ഓരോന്നാലോചിച്ചു തിരിച്ചു വണ്ടിയോടിച്ചു വീടെത്തി, നീറുന്ന നെഞ്ചുമായി ഉമ്മറത്തേക്ക് കയറുമ്പോഴാണ് അമ്മയുടെ ശകാരം കാതിൽ വന്നു വീണത്.
“എവിടെപ്പോയതാ അനൂട്ടാ നീ….അമ്മാവൻ വന്നിട്ട് എത്ര നേരായീന്നറിയോ “
“എന്താടാ ത്രിസന്ധ്യ കഴിഞ്ഞാലും കൂട്ടുകാരേം കൂട്ടി കറക്കം തന്നെയാണോ “
ചോദ്യം അമ്മാവന്റേതായിരുന്നു. മുഖത്തൊരു ചിരി വരുത്തിക്കൊണ്ട് ഞാൻ പറഞ്ഞു
“ബാംഗ്ലൂരുന്ന് വരുമ്പോഴല്ലേ അമ്മാവാ ഇങ്ങനെ കറങ്ങി നടക്കാൻ പറ്റൂ.. തിരിച്ചു ചെന്നാൽ മരുന്നും രോഗികളും മാത്രമുള്ളൊരു ലൈഫ് അല്ലേ.. അപ്പൊ ഇവിടെയുള്ള ടൈം മാക്സിമം അടിച്ചുപൊളിക്കാന്നു വിചാരിച്ചു.. “
“ഓഹ്.. ആയിക്കോട്ടെ.. നെനക്കിനി എത്ര ദിവസത്തെ ലീവുണ്ട്.. ” എന്റെ ചിരിയിൽ കൂടെ ചേർന്ന് അമ്മാവൻ വീണ്ടും ചോദിച്ചു
“ഇനിയൊരു നാല് ദിവസം കൂടിയുണ്ട്.. എന്താ അമ്മാവാ..? “
“നാളെ നിനക്കൊരു പെണ്ണ് കാണൽ ഉണ്ട്.. നമുക്ക് രണ്ടാൾക്കും കൂടി പോകാം… “
അമ്മാവൻ പറഞ്ഞത് കേട്ട് തലയ്ക്കകാത്തൊരു വെള്ളിടി വെട്ടുന്നത് പോലെയാണ് തോന്നിയത്. എനിക്ക് മൂന്ന് വയസുള്ളപ്പോൾ നഷ്ട്ടമായതാണ് അച്ഛനെ. അവിടെ നിന്നിങ്ങോട്ട് എന്നെ വളർത്തിയതും പഠിപ്പിച്ചതും എല്ലാം അമ്മാവനാണ്. അച്ഛനില്ലാത്ത കുറവ് ഒരിക്കൽപ്പോലും ഞാനറിഞ്ഞിട്ടില്ല. അങ്ങനെയുള്ള അമ്മാവൻ എന്തെങ്കിലും പറഞ്ഞാൽ എതിർത്തൊരു വാക്ക് പറയാൻ എനിക്ക് ആവുമായിരുന്നില്ല. പക്ഷേ ഇത്…. ഗായത്രിയെ മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി.. അവളല്ലാതെ മറ്റൊരു പെണ്ണിന് ഇനി ഉയിരിലിടമില്ല….അമ്മാവനോടെന്തു പറയും എന്നാലോചിച്ച് വിഷമിച്ചു നിൽക്കുമ്പോഴാണ് അമ്മാവൻ വീണ്ടുമൊരു ബോംബ് പൊട്ടിച്ചത്
“പെങ്ങളെ…. നാളെ ഞാനും ഇവനും കൂടി മ്മടെ തെക്കേപ്പാട്ട് നാരായണൻ മാഷിന്റെ വീട്ടിൽ, മാഷ്ടെ മോള് ഗായത്രിയെ പെണ്ണ് ചോദിക്കാൻ പോവാണ്. ആകെയുള്ള അനന്തിരവന്റെ ആഗ്രഹത്തിന് എതിര് നിൽക്കരുതല്ലോ… “
ആകെ ഞെട്ടി നിൽക്കുമ്പോൾ അമ്മാവൻ എന്നെപ്പിടിച്ച് അടുത്തിരുത്തിക്കൊണ്ട് പറഞ്ഞു
“എനിക്കറിയാം അനൂ…. എല്ലാം നിന്റെ അമ്മ പറഞ്ഞു.. നിന്റെ ഇഷ്ട്ടാണ് അമ്മാമയ്ക്കും… നിനക്ക് ആ കുട്ടിയെ ഇഷ്ട്ടായീച്ചാ കുടുംബം, സ്വത്ത് ഇതൊന്നും അമ്മാവൻ നോക്കില്ലേടാ…. നാളെ നമുക്ക് പോകാം…. നാട്ടു നടപ്പ് പോലെ ചെന്ന് ചോദിച്ചാൽ അവർക്ക് ഇഷ്ട്ടായാലോ “
കണ്ണുകൾ നിറഞ്ഞ് എന്ത് പറയണമെന്നറിയാതെ അമ്മാവന്റെ തോളിലേക്ക് ചായുമ്പോൾ മനസിൽ നിറയെ എന്റെ കിലുക്കാംപെട്ടിപ്പെണ്ണിന്റെ മുഖമായിരുന്നു…
************************
പിറ്റേന്ന് രാഹുകാലത്തിനു മുന്നേ ഞാനും അമ്മാവനും കൂടി അവളുടെ വീട്ടിലേക്ക് പുറപ്പെട്ടു. മനസു നിറയെ ടെൻഷൻ ആയിരുന്നു.. ഒരിക്കൽപ്പോലും എന്നോട് ഇഷ്ടം കാണിച്ചിട്ടില്ലാത്തൊരുവളെ പെണ്ണ് ചോദിക്കാൻ ചെല്ലുകയാണ്. ഇന്ന് മുഖത്ത് നോക്കി അവൾ ഇഷ്ടമല്ലെന്ന് പറഞ്ഞാൽ പിന്നെ ഞാനില്ല.. എന്ന് മുതലാണെന്നു ഓർമ്മയില്ലാത്ത കാലം മുതൽ ഉള്ളിൽ കൊണ്ട് നടക്കുന്നതാണ് അവളെ.. അത് അവൾക്കുമറിയാം. പക്ഷെ ഒരിക്കൽപ്പോലും അവളെന്നോട്..അവൾക്കതിനു അവളുടേതായ കാരണം ഉണ്ടായേക്കാം.. പക്ഷെ എന്റെ ഇഷ്ടം.. സ്നേഹം….
“ടാ…… വീടെത്തി “
അമ്മാവന്റെ സ്വരമാണ് ചിന്തകളുടെ ചരട് മുറിച്ചത്. വീടിന്റെ വരാന്തയിലേക്ക് കയറിക്കൊണ്ട് അമ്മാവൻ അകത്തേക്ക് നോക്കി വിളിച്ചു
“മാഷേ.. മാഷേ.. ആരുമില്ലേ ഇവിടെ “
“ആരാ? “
പുറത്തേക്ക് വന്ന മാഷ് ഒരു നിമിഷം ഞങ്ങളെ കണ്ടൊന്നു പകച്ചു.
“എന്താണാവോ മേനോൻ സാർ ഈ വഴി.. ഇരുന്നാട്ടെ…. “
ഞങ്ങളെ ഉമ്മറത്തെ കസേരകളിൽ ഇരുത്തിക്കൊണ്ട് മാഷ് ചോദിച്ചു. എന്നിട്ട് അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു “ജാനകി ഉമ്മറത്തേക്ക് രണ്ടു ചായ “
“മാഷേ ചായ മോളോട് എടുക്കാൻ പറയ്.. ഞങ്ങൾ മാഷ്ടെ മോളെ പെണ്ണ് കാണാൻ വന്നതാണ് “
അമ്മാവൻ പറഞ്ഞത് കേട്ട് നെഞ്ചിൽ കൈ വച്ച് അദ്ദേഹം പറഞ്ഞു
“മേനോൻ സർ എന്താണീ പറയുന്നത്… തെക്കേപ്പാട്ടുകാർ പാവങ്ങളാ.. ആകെയുള്ള സമ്പാദ്യം ന്റെ മോളും പിന്നെ പഠിപ്പിച്ച കുട്ടികളുമാണ്…. പിന്നെ ന്റെ മോളെ അറിയാല്ലോ.. ഒരു കാലിനു സ്വാധീനക്കുറവുള്ള കുട്ടിയാ അവള്. കൂടെപ്പഠിച്ച കുട്ടികളുടെ ‘ചട്ടുകാലീന്നുള്ള ‘ വിളി കേട്ട് കേട്ട് നൊന്ത് പത്താം ക്ലാസ്സിൽ പഠിപ്പ് നിർത്തിതാ ന്റെ മോള്…കണക്കറ്റ് പൊന്നും പണവുമില്ലാതെ ആരും ന്റെ മോളെ കൊണ്ട് പോവില്ല.. കൊടുക്കാനൊട്ട് എനിക്ക് ആസ്തീമില്ല….. “
പറഞ്ഞു തീർന്നൊടുവിൽ വിങ്ങിപ്പൊട്ടിയ മാഷിന്റെ അടുത്ത് ആ തിണ്ണമേൽ ഇരുന്നുകൊണ്ട് ഞാൻ പറഞ്ഞു
“മാഷേ… എനിക്ക് ഗായത്രിയെ എന്റെ പതിമൂന്നാമത്തെ വയസിൽ ഇഷ്ട്ടായതാ. സഹതാപം ഒന്നുമല്ല മാഷേ… എനിക്ക് ഇഷ്ട്ടാണ് അവളെ…. ഒരു കുറവുമില്ലാതെ, വേദനിപ്പിക്കാതെ പൊന്നുപോലെ ഞാൻ നോക്കിക്കോളാം അവളെ… തന്നേക്കാമോ എനിക്ക്? “
“എന്റെ മോന് കുട്ടിയെ ഇഷ്ട്ടാണ്.. അവന്റെ ഇഷ്ട്ടാണ് എന്റേം ഇഷ്ടം….. പൊന്നോ പണമോ ഒന്നും വേണ്ട നാരായണേട്ടാ…”
അമ്മാവനും പറഞ്ഞു.
പെട്ടെന്ന് ഞാൻ കേട്ടു, വാതിലിനു മറവിൽ നിന്നൊരു തേങ്ങൽ. എഴുന്നേറ്റ് ചെന്നപ്പോൾ . എന്റെ കാൽപ്പെരുമാറ്റം കേട്ട് അവളൊന്നുകൂടി അകത്തേക്ക് നീങ്ങി. മുറിക്കകത്തേക്ക് പോകാനൊരുങ്ങിയ അവളുടെ കയ്യിൽ പിടിച്ച് നിർത്തി ഞാൻ പറഞ്ഞു
“ഗായത്രി…. എനിക്ക് നിന്നെ വേണം… നീയില്ലാതെ പറ്റില്ല ഗായൂ എനിക്ക്.. പറയെടി ഇനിയെങ്കിലും എന്നോട് ഇഷ്ട്ടാണെന്നൊന്ന് അതോ വെറുപ്പാണോ നിനക്കെന്നോട്.. “
ഒരു പൊട്ടിക്കരച്ചിലായിരുന്നു എനിക്കുള്ള അവളുടെ മറുപടി. ആ കരച്ചിലായിരുന്നു എനിക്കുള്ള അവളുടെ ഉത്തരം…
“ഞാൻ…. എനിക്ക്…. ഞാൻ വേണ്ട അനുവേട്ടന്..ഇഷ്ട്ടാണെന്ന് പറഞ്ഞ് ന്റെ പിന്നാലെ വന്നപ്പോഴെല്ലാം അറിഞ്ഞോണ്ട് വഴക്കുണ്ടാക്കിയതാ ഞാൻ… ഇഷ്ടക്കേട് അഭിനയിച്ചതാ…രണ്ട് കാലേൽ നടക്കാൻ ആവതില്ലാത്തൊരുവളാ ഞാൻ.. …വയ്യ അനുവേട്ടാ അനുവേട്ടന് വെറുതെ ഒരു ഭാരമാവാൻ…. “
കണ്ണുനീർ വീണ് കുതിർന്ന വാക്കുകൾ മുഴുവനാക്കാൻ സമ്മതിക്കാതെ ആ ചുണ്ടുകളിൽ വിരൽ ചേർത്ത് ഞാൻ പറഞ്ഞു
“മിണ്ടരുത് ഇനി…. നിനക്കൊരു കാലിനു വയ്യങ്കിലെന്താ ദേ എന്റെയീ രണ്ട് കാലും ഇല്ലേടി നിന്നെ എടുത്തോണ്ട് നടക്കാൻ.. അത് പോരേടി കിലുക്കാംപെട്ടി… എന്നോടുള്ള ഇഷ്ടം നെഞ്ചിലൊതുക്കി വിങ്ങിപ്പൊട്ടി നടന്ന് മടുത്തില്ലേടി … മതി… ഇനി നമുക്ക് ഒന്നിച്ച് ജീവിക്കാം… നിനക്കൊരു കുറവുമില്ല പെണ്ണേ..ഇനി എന്തെങ്കിലും കുറവുള്ളതായിട്ട് നിനക്ക് തോന്നുന്നുണ്ടെങ്കിൽ അതങ്ങ് മാറ്റിയെക്ക് മനസിന്നു “
ഞാൻ പറഞ്ഞതൊക്കെ കേട്ട് കണ്ണുകളിൽ നിന്ന് പെയ്തു വീണൊരു പെരുമഴക്കാലവുമായി അവളെന്റെ നെഞ്ചിലേക്ക് വീഴുമ്പോൾ, വാ തോരാതെ സംസാരിക്കാറുണ്ടായിരുന്ന എന്റെ കിലുക്കാംപെട്ടിയെ നെഞ്ചിൽ നിന്നടർത്തി മാറ്റി അവളുടെ കണ്ണുകൾ തുടച്ച് ഞാൻ പറഞ്ഞു
“ഇനി നീ കരയരുത്… ഈ നിമിഷം ഓർത്ത് വച്ചോ, ഇനി നീ ഓരോ തവണ കരയുമ്പോഴും നിന്റെ ആ ഓരോ തുള്ളി കണ്ണുനീരിലും കുറയുന്നത് എന്റെ ആയുസ്സായിരിക്കും… കേട്ടല്ലോ “
അത് കേട്ട്, കണ്ണുനീർ വീണ് ശുദ്ധമായൊരു നറുചിരി എനിക്കായവൾ നീട്ടിയപ്പോൾ, എന്നിലേക്കൊന്നു കൂടി ചേർത്ത് പിടിച്ച് ആ നെറുകിൽ ചുണ്ട് ചേർത്ത് അവളെ എനിക്ക് തന്ന ഈശ്വരന് വാക്ക് കൊടുക്കുകയായിരുന്നു ഞാൻ, പൂവിതളിന്റെ വക്ക് കൊണ്ടാൽപ്പോലും നൊമ്പരപ്പെടുന്ന മനസുള്ള എന്റെ പെണ്ണിന് കാവലായി ഇനി എന്നും ഞാനുണ്ടാവുമെന്ന്…
~ബിന്ധ്യ ബാലൻ