Story written by Krishna Das
==================
നിനക്ക് എന്റെ പെണ്ണിനെ പ്രേമിക്കാൻ പറ്റുമോ?
ഒരു നിമിഷം സ്ഥബ്ധനായി ഞാൻ അവന്റെ മുഖത്തേക്ക് നോക്കി.
നിനക്ക് എന്താ ഭ്രാന്തുണ്ടോ?. ഞാൻ ചോദിച്ചു.
അതേ എനിക്ക് അൽപ്പം ഭ്രാന്തുണ്ടെന്ന് തന്നെ കൂട്ടിക്കോ. പക്ഷേ ഇനിയും ഈ രീതിയിൽ പോയാൽ ഞാൻ ആ ത്മഹത്യാ ചെയ്യും.
നീ കാര്യം വ്യക്തമായി പറയ്? എന്താ നിന്റെ പ്രശ്നം. ഞാൻ വീണ്ടും ചോദിച്ചു.
ഞാനും ഭാര്യയും രണ്ടു ധ്രുവങ്ങളിൽ ആണ്. സത്യം പറഞ്ഞാൽ ഒരു വീട്ടിൽ സെപറേറ്റ് ആയി ജീവിക്കുന്നു. ഞങ്ങൾ തമ്മിൽ സംസാരമില്ല. ഞാൻ വീട്ടിലേക്കുള്ള സാധനങ്ങൾ കൊണ്ടു വരുന്നു. അവൾ പാചകം ചെയ്യുന്നു. എനിക്ക് വിശക്കുമ്പോൾ ഞാൻ കഴിക്കുന്നു. അവൾക്കാവശ്യമുള്ളപ്പോൾ അവൾ എടുത്തു കഴിക്കുന്നു. ജീവിതം തീർത്തും നിരാശകരമാണ്.
നിങ്ങൾക്ക് കുട്ടികൾ ഇല്ലേ?
ഉണ്ട്..
അതെങ്ങനെ സംഭവിച്ചു?
അതു അങ്ങനെ സംഭവിച്ചു.
നീ തുറന്നു പറയ്?
അവൻ ആ ത്മ ഹത്യയുടെ മുനമ്പിൽ ആണെന്ന് എനിക്ക് തോന്നിയപ്പോ എനിക്ക് കൂടുതൽ അറിയണമെന്ന് തോന്നി.
ഞാൻ അവളെ ഇഷ്ടപ്പെട്ടു കെട്ടിയതൊന്നുമല്ല. എനിക്ക് വിവാഹം ആലോചിക്കുമ്പോൾ വിവാഹം കഴിക്കുന്ന പെൺകുട്ടിയെ കുറിച്ച് വലിയ ധാരണ ഒന്നുമുണ്ടായിരുന്നില്ല. കണ്ടപ്പോൾ ഒരു സാധു പെൺകുട്ടി ആണെന്ന് തോന്നി. വിവാഹം നടന്നു. പക്ഷേ വിവാഹത്തിന് ശേഷം പലരും എന്റെ ഭാര്യ കാണാൻ മോശമാണെന്നു തുടങ്ങിയപ്പോൾ അത് എന്റെ ഉള്ളിൽ ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു. പതിയെ അതു വളർന്നു അതു വെറുപ്പായി മാറി. എന്റെ ഉള്ളിലെ വെറുപ്പ് ദേഷ്യമായി മാറി. എനിക്ക് പിന്നെ അവളെ എന്റെ കൂടെ പുറത്തേക്ക് കൊണ്ടു പോകാൻ വലിയ മടിയായി മാറി. ആവശ്യത്തിനും അനാവശ്യത്തിനും എല്ലാം ഞാൻ അവളെ വഴക്ക് പറയാൻ തുടങ്ങി. എന്റെ കോപം കണ്ടു ഭയന്നു അവൾ അവളിലേക്ക് ഒതുങ്ങി കൂടി. എങ്കിലും അവൾ ആരെയും ഒന്നും അറിയിക്കാതെ പുറമെ സന്തോഷം അഭിനയിച്ചു. പക്ഷേ ഞാൻ കൂടുതൽ കൂടുതൽ അവളെ ഉപദ്രവിച്ചു തുടങ്ങിയപ്പോൾ അവളുടെ മാനസിക നില തകരാറിലായി. വർഷങ്ങൾ ഏറെ കഴിഞ്ഞപ്പോൾ എന്റെ തെറ്റ് എനിക്ക് മനസ്സിലായി തുടങ്ങി. പക്ഷേ ഞാൻ എത്ര ശ്രമിച്ചിട്ടും അവളെ എന്നിലേക്ക് അടുപ്പിക്കാൻ എനിക്ക് സാധിക്കുന്നില്ല. അവൾ എന്നെ വിശ്വസിക്കാൻ തയ്യാറാകുന്നില്ല. ഒരു ഡോക്ടറെ കാണിക്കാമെന്ന് വെച്ചാൽ എന്തു പറഞ്ഞു ഞാൻ അവളെ കൊണ്ടു പോകും? ഇപ്പോൾ ചികിത്സ അവൾക്കാണോ എനിക്കാണോ വേണ്ടത് എന്നറിയില്ല. എനിക്ക് ഇതു ആരോടും പറയാൻ വയ്യ.
അവൻ എന്റെ നെഞ്ചിൽ ചേർന്ന് കിടന്നു കരഞ്ഞപ്പോൾ എനിക്ക് വല്ലാത്ത വെറുപ്പ് ആണ് തോന്നിയത്. എല്ലാം ഒപ്പിച്ചു വെച്ചിട്ട് കിടന്നു മോങ്ങുന്നു.
ഞാൻ അവനെ എഴുന്നേൽപ്പിച്ചു.
നിനക്ക് വേണ്ടെങ്കിൽ അവളെ വിട്ടേക്ക്?അതല്ലേ നല്ലത്. എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
പക്ഷേ അവൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല.
എങ്കിൽ നീ അവളോട് മാപ്പ് പറഞ്ഞു അവളെ കൂടെ നിറുത്താൻ ശ്രമിക്ക്?
ഇനി ഞാൻ എന്തു കാണിച്ചാലും അവളുടെ മനസ്സിൽ അതു കയറില്ല. അത്രത്തോളം അവൾ എന്നെ വെറുക്കുന്നുണ്ടാകും. അവളുടെ മനസ്സ് ഒന്ന് തരാളിതമാക്കണം. അതിനു നീ വിചാരിച്ചാൽ സാധിക്കും? അവൻ വീണ്ടും പഴയ പോയന്റിലേക്ക് വന്നു.
നീ തമാശ പറയുകയാണോ? ഞാൻ ചോദിച്ചു.
അല്ല ഞാൻ കാര്യമായി പറഞ്ഞതാണ്. അവൻ വീണ്ടും പറഞ്ഞു.
അവൻ എന്റെ കയ്യിൽ നിന്ന് ബലമായി ഫോൺ വാങ്ങി അവന്റെ ഭാര്യയുടെ നമ്പർ സേവ് ചെയ്തു വെച്ചു.
ഇവൻ ഇനി എന്നെ കുരുക്കാൻ വല്ല പരിപാടി ആണോ? ഹേയ് ഞാൻ അറിഞ്ഞിടത്തോളം ഇവൻ ഒരു സാധു ആണ്. ഞങ്ങൾ ക്‌ളാസ്‌മേറ്റ്സ് ആണ്. ഇത്രയും വർഷം ആയിട്ടും ബന്ധത്തിന് ഒരു ഉലച്ചിൽ വന്നിട്ടില്ല. വല്ലപ്പോഴും ആണ് കാണുന്നതെങ്കിലും വിളിച്ചു സൗഹൃദം പുതുക്കാറുണ്ട്. ഇനി പെണ്ണിനെ കുടുക്കാൻ വല്ല പരിപാടി ആണോ? എന്തോ അങ്ങനെയും തോന്നുന്നില്ല.
ഞാൻ ആകെ ഡിസ്റ്റർബ് ആയി. അവൻ യാത്ര പറഞ്ഞു പോയി.
ഞാൻ ഏതാനും ദിവസം ആ നമ്പർ നോക്കി നിന്നു. ഒരിക്കൽ വെറുതെ ഒന്ന് വിളിച്ചു നോക്കി. ഫോൺ എടുക്കുന്നില്ല. വാട്സപ്പിൽ ഗുഡ് മോണിംഗ് അയച്ചു. റിപ്ലൈ ഇല്ല. അവൾ അതു നോക്കി എന്ന് മനസ്സിലായപ്പോൾ ഞാൻ എന്നും ഗുഡ് മോർണിംഗ് അയച്ചു തുടങ്ങി. നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ ആരാണ് എന്ന് ഒരു ചോദ്യം വന്നു.
ഞാൻ നിങ്ങളെ ഇഷ്ടപെടുന്ന ഒരു വ്യക്തി ആണ് എന്ന് മറുപടി നൽകി.
അവൾ ഇങ്ങോട്ടു വിളിച്ചു. ആരാണ് നിങ്ങൾ? പരുക്കനായ ശബ്ദത്തിൽ ചോദിച്ചപ്പോൾ എന്റെ ധൈര്യം ചോർന്നു.
എനിക്ക് നിന്നെ ഇഷ്ടമാണ് ഞാൻ വീണ്ടും പറഞ്ഞു.
അതിനു എനിക്ക് നിങ്ങളെ അറിയില്ലല്ലോ..എന്നെ നിങ്ങൾക്ക് എങ്ങനെ അറിയാം.
അവൾ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു നിന്നെ ഞാൻ ക്ഷേത്രത്തിൽ വെച്ചു കണ്ടിട്ടുണ്ട്.
ദയവു ചെയ്തു എന്നെ ഉപദ്രവിക്കരുത് പ്ലീസ്? അവൾ അത് പറഞ്ഞു ഫോൺ കട്ടു ചെയ്തു.
ഞാൻ മറ്റൊരു ദിവസം വീണ്ടും അവളെ വിളിച്ചു. ആദ്യം എടുത്തില്ലെങ്കിലുംവീണ്ടും വീണ്ടും വിളിച്ചപ്പോൾ അവൾ ദേഷ്യത്തോടെ ഫോൺ എടുത്തു.
ഞാൻ സൗമ്യമായ സ്വരത്തിൽ അവളോട് സംസാരിച്ചു. നമുക്ക് നല്ല ഫ്രണ്ട്സ് ആയിക്കൂടെ? ഞാൻ ചോദിച്ചു.
എനിക്ക് അതിനൊന്നും പറ്റില്ല. അവൾ പറഞ്ഞു.
ഞാൻ ഒരിക്കലും നിന്റെ മുമ്പിൽ വരില്ല. ഞാൻ എന്റെ ഫോട്ടോ പോലും നിനക്ക് അയക്കില്ല. ഞാൻ നിന്റെ ജീവിതത്തിൽ ഒരിക്കലും ഒരു ശല്യമാവില്ല. അവൾക്ക് ഞാൻ വാക്ക് കൊടുത്തു.
അവൾ കുറച്ചു സമയം മൗനം പാലിച്ചു. അവൾ ഒരു സുഹൃത്തിനെ ആഗ്രഹിക്കുന്നു എന്ന് എനിക്ക് തോന്നി. എന്റെ വീടും സ്ഥലവും ചോദിച്ചപ്പോൾ ഞാൻ അവൾക്കു അത് പറഞ്ഞു കൊടുത്തു. വേണമെങ്കിൽ എന്റെ ഫേസ്ബുക്ക് ഐഡി പരിശോധിച്ചോളാൻ പറഞ്ഞപ്പോൾ എനിക്ക് അതൊന്നുമില്ലെന്നു അവൾ പറഞ്ഞു.
പിന്നെ എനിക്ക് ഒരു ഗുഡ് മോണിംഗ് ഒക്കെ അവൾ തിരിച്ചു അയച്ചു തുടങ്ങി. വാട്സപ്പിൽ എന്റെ ഫോട്ടോ ഉള്ളത് കൊണ്ടു എന്നെ അവൾ കണ്ടിട്ടുണ്ടാകും എന്ന് എനിക്ക് തോന്നുന്നു. അവൾക്കു പിന്നെ ഒരുപാട് പറയാൻ ഉണ്ടായിരുന്നു. അവൾ ഭർത്താവിനെ കുറിച്ചോ കുടുംബത്തെ കുറിച്ചോ ഒന്നും പറഞ്ഞില്ല. ഞാൻ ചോദിച്ചതുമില്ല.
കുറച്ചു ദിവസത്തിന് ശേഷം എന്റെ കൂട്ടുകാരൻ എന്നെ കാണാൻ വന്നു. എനിക്ക് പേടി ആണ് തോന്നിയത്.
അവനെ കണ്ടപ്പോൾ എന്റെ കൈകാലുകൾ വിറക്കാൻ തുടങ്ങി. എന്നാൽ അവന്റെ പെരുമാറ്റം സാധാരണ ആയിരുന്നു. അവന്റെ മുഖം കുറച്ചു പ്രസന്നമാണെന്ന് തോന്നി.
അവൻ ഭാര്യയെ കുറിച്ച് സംസാരിച്ചു. അവൾക്കു ഏറെ മാറ്റം വന്നുവത്രെ?ഭാര്യ മുമ്പത്തെക്കാൾ സന്തോഷവതി ആണത്രേ? ഇപ്പോൾ ഒരുമിച്ചു ഭക്ഷണം കഴിക്കാൻ വിളിക്കുമ്പോൾ വന്നു ഇരിക്കാറുണ്ട് അത്രേ? എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അവനോട് പറയുന്നുണ്ട്.
എനിക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു. ഞാൻ അവളെ വിളിക്കാതിരുന്നാൽ അവൾ എന്നെ വിളിച്ചു തുടങ്ങി. അവൾ എന്റെ സൗഹൃദം ആഗ്രഹിക്കുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു. എനിക്ക് അവളോട് മോശമായ ഒരു ആഗ്രഹം ഒന്നുമില്ല. എങ്കിലും ഒരു ഭയം ഞാൻ വലിയ തെറ്റ് എന്തോ ചെയ്യുന്നത് പോലെ എന്ന്. പക്ഷേ പിൻവാങ്ങാനും വയ്യ. ചിലപ്പോൾ അവൾക്കു അത് താങ്ങാൻ കഴിഞ്ഞില്ലെങ്കിലോ?
ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥയാണ് എനിക്ക്…