അതിനൊരു പുഞ്ചിരി മാത്രം പകരം നൽകി അലക്കാനുള്ള തുണിയുമായി അവൾ പുഴവക്കത്തേക്ക് നടന്നു…

അലക്കുകാരി ചിന്നമ്മയുടെ മകൻ

എഴുത്ത്: ദേവാംശി ദേവ

===================

“ഇതൊക്കെ കൊണ്ടുപോയി അലക്കിയിട്.”

മുന്നിലേക്ക് വീണ തുണികളെല്ലാം വാരിയെടുത്ത് അവൾ സ്വന്തം അമ്മയെ ഒന്നു നോക്കി..

“എന്തിനാ നോക്കുന്നത്..ജീവിതകാലം മുഴുവൻ സ്വന്തം ആങ്ങളയുടെ വീട്ടിൽ ജോലിക്കാരിയായി ജീവിക്കാനാ നിന്റെ വിധി..”

അതിനൊരു പുഞ്ചിരി മാത്രം പകരം നൽകി അലക്കാനുള്ള തുണിയുമായി അവൾ പുഴവക്കത്തേക്ക് നടന്നു..

പുഴവക്കത്തെ പാറപുറത്തിരുന്ന് അക്കര കരയിലെ ആ കുടിലിലേക്ക് നോക്കി..മണ്ണ് കുഴച്ച് ചുമരുണ്ടാക്കി ഓല മേഞ്ഞ് ചാണകം പൂശിയ, നിലം പതിക്കാറായ കുടിൽ..അങ്ങനെയൊരു കുടിൽ ആ ഗ്രാമത്തിൽ തന്നെ അതുമാത്രമേയുള്ളു..അലക്കുകാരി ചിന്നമ്മയുടെ വീട്…

അലക്കുകാരി ചിന്നമ്മ ആരാണെന്നോ എവിടുന്ന് വന്നെന്നോ ആർക്കും അറിയില്ല..വർഷങ്ങൾക്ക് മുൻപ് ഒരു ദിവസം രാവിലെ  തന്റെ രണ്ട് വയസ്സുകാരൻ മകന്റ കൈയും പിടിച്ച് ചിന്നമ്മ ഗ്രാമത്തിലേക്ക് വന്നു..കാൽമുട്ടിന് താഴെ നിൽക്കുന്ന വെള്ളമുണ്ടും വെള്ള ബ്ലൗസും മാറുമറച്ച വെള്ള തോർത്തുമായിരുന്നു എന്നും ചിന്നമ്മയുടെ വേഷം..

ചിന്നമ്മ മകനെയും കൂട്ടി ഓരോ വീടുകൾ കയറി ഇറങ്ങി  അലക്കാനുള്ള തുണികൾ ചോദിച്ചു..ചിലർ കൊടുത്തു…ചിലർ കൊടുത്തില്ല. കിട്ടിയ തുണികളെല്ലാം പുഴവക്കത്തേക്ക് കൊണ്ടുവന്ന് പാറപ്പുറത്തിട്ട് അലക്കി വെളുപ്പിച്ച് വൃത്തിയാക്കി തിരികെ കൊടുത്തു..കൂലിയായി തുച്ഛമായ കാശ് മാത്രം വാങ്ങി..കിട്ടിയ കാശിന് അരിയും കലവും വാങ്ങി പുഴവക്കത്ത് തന്നെ അടുപ്പ് കൂട്ടി കഞ്ഞിയുണ്ടാക്കി..അവിടെ തന്നേയുള്ള വലിയ മരത്തിന്റെ ചുവട്ടിൽ കിടന്നിറങ്ങി..

പിറ്റേ ദിവസവും രാവിലെ ചിന്നമ്മ തന്റെ മകനെയും കൂട്ടി അലക്കാനുള്ള തുണി തേടി ഇറങ്ങി..ചിന്നമ്മയുടെ വൃത്തിയും തുച്ഛമായ കൂലിയും അവരെ ഗ്രാമത്തിലെ അഭിവാജ്യ ഘടകമായി മാറ്റി..ആരുടെയൊക്കെയോ സഹായത്തോടെ പുഴവക്കത്തൊരു കുടിൽ പണിതു..ചിന്നമ്മയുടെ ഭർത്താവിനെ കുറിച്ച് ആർക്കും അറിയില്ല..ചോദിച്ചവരോടൊക്കെ “ഓര് പോയ്” എന്നുമാത്രം ചിന്നമ്മ പറഞ്ഞു.

വർഷങ്ങൾ ഓടി മറഞ്ഞു..ചിന്നമ്മ മകനെ പഠിക്കാൻ വിട്ടില്ല പകരം അലക്കാൻ പഠിപ്പിച്ചു..

ചിന്നമ്മയുടെ കൈയ്യും പിടിച്ച് വീടിന്റെ പുറകിൽ തുണികൾ വാങ്ങാൻ വരുന്ന മകനെ കൗതുകത്തോടെ അവൾ നോക്കി നിന്നിട്ടുണ്ട്..തിരികെ പോകുമ്പോൾ തുണികൾ നിറഞ്ഞ ഭാണ്ഡം അവൻ തോളിലേറ്റി..

“ഇത്രയും വലുതായിട്ടും ചെക്കനെന്താ സ്കൂളിൽ പോകാത്തത്.” ഒരിക്കൽ വീട്ടിലേക്ക് വന്നവനോട് അവൾ ചോദിച്ചു..

അതിനവൻ ഒന്നും മിണ്ടിയില്ല..അല്ലെങ്കിലും ചിന്നമ്മയുടെ മകന്റെ ശബ്ദം ആരും കേട്ടിരുന്നില്ല..അവൻ ആരോടും മിണ്ടിയിരുന്നില്ല..ആരുമായും കൂട്ടുകൂടിയില്ല..

എങ്കിലും അവളെ കാണുമ്പോഴൊക്കെ അവൻ നോക്കി നിൽക്കും..അവളും..

കാലം കടന്നുപോയപ്പോൾ പൊടിമീശക്കാരനിൽ നിന്ന് അവൻ യുവാവായി മാറി..അവൾ പാവാടയിൽ നിന്ന് ധാവണിയിലേക്കും..പരസ്പരമുള്ള നോട്ടത്തിൽ കൗതുകത്തിനപ്പുറം മറ്റെന്തൊക്കെയോ നിറഞ്ഞു.

അവളുടെ ആദ്യത്തെ പെണ്ണുകാണൽ ചടങ്ങിൻെറ അന്ന് അവൻ ഒറ്റക്ക് ആ വീടിന്റെ പടിപ്പുര കടന്ന് വന്നു..അന്നവൻ വീടിന്റെ പിന്നീലേക്ക് പോയില്ല…ഉമ്മറപടി കടന്ന് അകത്തേക്ക് വന്നു..അന്നാദ്യമായി അവന്റെ ശബ്ദം കേട്ടു..അവളെ വിവാഹം കഴിച്ചു നൽകാൻ ആവശ്യപ്പെട്ടു..അവളുടെ കൈയ്യിൽ പിടിച്ച് പുറത്തേക്ക് നടന്നു..അതു കണ്ട അവളുടെ അച്ഛനും ആങ്ങളയും ചേർന്ന് അവനെ ആ വീട്ടുമുറ്റത്തിട്ട് തല്ലി ചതച്ചു..തടയാൻ ശ്രമിച്ച അവളെ ആരൊക്കെയോ ചേർന്ന് മുറിയിലടച്ചു..

പക്ഷെ അവൻ പോകാൻ തയാറായിരുന്നില്ല..ആ പടിപ്പുരക്ക് പുറത്ത് അവൻ അവൾക്കായി കാത്തുനിന്നു..അന്നുമാത്രമല്ല..പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഗ്രാമം ഉറങ്ങുന്നതുവരെ അവൻ അവിടെനിന്നു….അപ്പോഴെല്ലാം പുറത്തിറങ്ങാൻ കഴിയാതെ അവളും മുറിക്കുള്ളിലായിരുന്നു…

അതോടെ അവരുടെ പ്രണയകഥ ഗ്രാമം മുഴുവൻ പാട്ടായി..അവൾക്ക് വിവാഹാലോചനകൾ വരാതായി..

ഒരുദിവസം രാവിലെ പടിപ്പുരക്ക് മുന്നിൽ മരിച്ചു കിടക്കുന്ന അവനെയാണ് എല്ലാവരും കണ്ടത്..ശരീരത്തിൽ നീല നിറം വ്യാപിച്ചിരുന്നു..

“പാമ്പ് കടിച്ചതാ..” ആരൊക്കെയോ വിധിയെഴുതി…ആരൊക്കെയോ അവന്റെ ശരീരം കുടിലിലേക്ക് കൊണ്ടുപോയി..ആരൊക്കെയോ ചേർന്ന് പൊതു ശ്മശാനത്തിൽ കൊണ്ടുപോയി കത്തിച്ചു..

പിറ്റേന്നു മുതൽ ചിന്നമ്മയെ കാണാതായി..രണ്ടോ മൂന്നോ ദിവസത്തെ സംസാരവിഷയത്തിനപ്പുറം  ആരും ചിന്നമ്മയെ തേടിയില്ല..

അവളെ അടച്ചിരുന്ന മുറിയുടെ വാതിൽ തുറക്കപ്പെട്ടു..വീണ്ടും പല വിവാഹലോചനകളും അവൾക്ക് വന്നു…പക്ഷെ ഒന്നിനും അവൾ സമ്മതിച്ചില്ല..ചോദിച്ചവരോടൊക്കെ അവൾ പറഞ്ഞു..

ഞാൻ അവന്റെ പെണ്ണാണ്..അലക്കുകരി ചിന്നമ്മയുടെ മകന്റെ പെണ്ണ്…