മറുപുറം
എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്
======================
പുലർച്ചേ 4.30, മൊബൈലിൽ അലാം ശബ്ദിച്ചയുടൻ തന്നേ, ബിജു അതെടുത്ത് ഓഫ് ചെയ്തു വച്ചു. വിശാലമായ മുറിയകത്ത്, കട്ടിലും കിടക്കയും കാലിയായിക്കിടന്നു. താഴെ പായ് വിരിച്ച്, അതിൻ മേൽ വിരിയിട്ടാണ് കിടപ്പ്. അലാം കേട്ട അസ്വസ്ഥതയിൽ, ഏഴുവയസ്സുകാരൻ മകൻ, തിരിഞ്ഞു ചുവരരികത്തേക്കു ചേർന്നുകിടന്നു. പിന്നെ, ഉറക്കം തുടർന്നു…
ബിജു, ദീപയ്ക്കു നേരെ തിരിഞ്ഞു. ഉറക്കത്തിലാണ്ടു പോയിരുന്ന അവളെ തൻ്റെ നേർക്കു തിരിച്ചുകിടത്തി, പൂണ്ടടക്കം പുണർന്നു. അഴിഞ്ഞൂർന്ന മുടിയിഴകളിൽ ചറപറാ ചികഞ്ഞുകൊണ്ട് അവൾ, അവനേ ചുറ്റിപ്പിടിച്ചു. ബിജുവിൻ്റെ ആലിംഗനം കൂടുതൽ ദൃഢമായി. അവൻ, അവളുടെ അരക്കെട്ടിൽ കൈചുറ്റി, കൂടുതൽ കൂടുതൽ ദേഹത്തോടു ചേർത്തു. ദീപ, പിറുപിറുത്തു.
“ൻ്റെ, ബിജുവേട്ടാ, ഏട്ടനു ഏഴുമണിക്കല്ലേ വീട്ടിൽ നിന്നും ഇറങ്ങേണ്ടത്. പിന്നെന്തിനാ, ഈ നാലരയ്ക്ക് അലാം വച്ചേക്കണ്? കുറച്ചു കാലം മുൻപായിരുന്നെങ്കിൽ ഗുണമുണ്ടായിരുന്നു. ഇതിപ്പോൾ, എനിക്ക് നടുവേദനയല്ലേ? കിടന്ന കിടപ്പു കിടക്കാനാ, ഡോക്ടറു പറഞ്ഞേക്കണ്. അല്ലെങ്കിൽ, ബെൽറ്റു വേണ്ടിവരൂത്രേ. നിങ്ങടെ അനിയനും, പെണ്ണും ക്ടാവും ഒരു മാസത്തേ ലീവിനു വന്നപ്പോളാ ഈ വേദന കൂടീത്. ദിവസോം, എത്ര തരം ഭക്ഷണങ്ങളാ ഉണ്ടാക്കുന്നത്. അനിയൻ്റെ ശ്രീമതി, നിങ്ങളു പോയിട്ടും ഒന്നര മണിക്കൂറ് കഴിഞ്ഞാ അടുക്കളേലു വരണത്. പോരാത്തേന്, ഇപ്പോൾ നിങ്ങടെ പെങ്ങളും വന്നിട്ടുണ്ട്. അളിയൻ, രണ്ടാഴ്ച്ച മുൻപ് ഗൾഫിൽ പോയപ്പോൾ ചേച്ചിയും ക്ടാവും ഇങ്ങോട്ടു വന്നു. വരണോണ്ട് കുഴപ്പമുണ്ടായിട്ടല്ല; അടുക്കളേല്, നിങ്ങടേ അമ്മേക്കൊണ്ടോ, പെങ്ങളെക്കൊണ്ടോ, അനിയൻ്റെ പെണ്ണിനേക്കൊണ്ടൊ എനിക്ക് യാതൊരു ഉപകാരവുമില്ല. ഒരാഴ്ച്ച കൂടി കഴിയുമ്പോഴേയ്ക്കും, എൻ്റെ നട്ടെല്ലിൻ്റെ പണി മൊത്തത്തിൽ തീരും”
ബിജു, എല്ലാം കേട്ട് ഒന്നും മിണ്ടാതെ കിടന്നു. അയാളുടെ ഉടലിനു പനിച്ചൂടുണ്ടായിരുന്നു. അവളും, വിയർത്തു. ദീപയ്ക്ക്, അവനോട് എന്തെന്നില്ലാത്ത അനുതാപം തോന്നി. അവൻ്റെ മുടിയിഴകളിൽ വിരലോടിച്ച്, ചുണ്ടുകളിൽ ചുംബിച്ച് അവൾ പറഞ്ഞു.
“ഇതൊന്നു മാറട്ടേ ട്ടാ, നമ്മള് പൊരിക്കും. അപ്പോൾ, മുതലും പലിശയും കൂട്ടിത്തരാം, ട്ടാ. കെട്ടിപ്പിടിച്ചു കിടന്നോട്ടാ, അഞ്ചര കഴിഞ്ഞിട്ട് എണീറ്റാൽ മതി. എനിക്ക്, രണ്ടാഴ്ച്ച എൻ്റെ വീട്ടിൽ പോയി നിൽക്കണം എന്നുണ്ടായിരുന്നു. പക്ഷേ, നിങ്ങള് തനിച്ചാവില്ലേ? നിങ്ങളാണെങ്കിൽ, ഞാനില്ലെങ്കിൽ ആരോടും മിണ്ടാതെ ഈ മുറിയിൽ കൂനിപ്പിടിച്ചിരിക്കും. മോനെ, മിസ് ചെയ്യുകയും ചെയ്യും. ജോലി കഴിഞ്ഞ്, എൻ്റെ വീട്ടിലേക്ക് വരാൻ പറഞ്ഞാൽ നിങ്ങൾക്ക് രണ്ടു ദിവസത്തിൽ കൂടുതല് പറ്റില്ല. ഒടുക്കത്തേ ദുരഭിമാനം. ഈ വീട്ടില്, അമ്മയടക്കമുള്ള മറ്റു പെണ്ണുങ്ങൾക്ക് എന്നെ, എന്തെങ്കിലും സഹായിച്ചു കൂടെ? എൻ്റെ നടുവേദനയുടെ കാര്യം പറയുമ്പോഴേക്കും, അമ്മ, നിങ്ങടെ പെങ്ങളുടെ തണ്ടലുവേദനയേക്കുറിച്ച് വിസ്തരിക്കാൻ തുടങ്ങും. അല്ലെങ്കിലും, ഈ അമ്മമാർക്ക് സ്വന്തം പെൺമക്കളുടെ കാര്യം മാത്രേയുള്ളൂ. ചേച്ചീടെ, ചേട്ടൻ പോയില്ലേ; ഇനി, നട്ടെല്ലിന് ഇത്തിരി പ്രശ്നണ്ടായാലും സാരല്യാ. അനിയത്തീടെ കാര്യം, പറയാണ്ടിരിക്ക്യാ ഭേദം”
ബിജു, ഒന്നും മിണ്ടിയില്ല. ദീപ പറഞ്ഞെതെല്ലാം അക്ഷരംപ്രതി ശരിയാണ്. അവൾ, ഇത്തിരി പാവപ്പെട്ട വീട്ടിലെയാണ്. തൻ്റെ കല്യാണം കഴിയും കാലത്ത്, അതിനുള്ള പാങ്ങേ ഈ വീട്ടുകാർക്കും ഉണ്ടായിരുന്നുള്ളു. അനിയൻ പ്രവാസിയായി, പണക്കാരനായി. അവൻ വാങ്ങിയതാണ് ടൗണിലെ ഈ വീട്. നേരത്തേയുള്ള തറവാട്, ഇപ്പോൾ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. സ്വന്തമായി ഒരഞ്ചു സെൻ്റു ഭൂമി വാങ്ങിയിട്ടുണ്ട്. അതിലൊരു വീടു പണിത്, ഇത്തിരിനാൾ സുഖമായി ജീവിക്കണം. രണ്ടുനിലകളുള്ള ഈ വലിയ വീട്ടിലെ ജോലികൾ, ദീപ ഒറ്റയ്ക്കാണ് ചെയ്യുന്നത്. അതിൻ്റെ ശേഷിപ്പാണ്, ഈ നട്ടെല്ലു വേദന. അയാൾ, അവളോടു ചേർന്നു കിടന്നു. നൈറ്റിയുടെ സിബ്ബിൻ മേലേക്കു നീണ്ട അയാളുടെ കൈ തട്ടിമാറ്റിക്കൊണ്ട്, അവളയാളെ പുണർന്നു കിടന്നു.
രാവിലെ എട്ടര….
പ്രഭാതത്തിലെ പലഹാരങ്ങളും, ഉച്ചക്കലേയ്ക്കുള്ള കറിയും തയ്യാറാക്കി കഴിഞ്ഞിരുന്നു. പുറകിലൊരു കാൽപ്പെരു മാറ്റം കേട്ട്, ദീപ തിരിഞ്ഞു നോക്കി. നന്ദിതയാണ്. ബിജുവേട്ടൻ്റെ അനുജൻ്റെ ഭാര്യ.
“എൻ്റെ ചേച്ചീ, ഇത്രവേഗം ബ്രേക്ക് ഫാസ്റ്റ് ഒക്കെ തീർന്നോ? ചേച്ചീനെ സമ്മതിക്കണം. ക്ടാവ് ഉറങ്ങിപ്പോ, പതിനൊന്നു മണി കഴിഞ്ഞു. പിന്നെ, ഞങ്ങള് കിടന്നപ്പോൾ, പന്ത്രണ്ടരയായി. ഇന്നെങ്കിലും നേരത്തേ എഴുന്നേൽക്കണം എന്നു കരുതിയതാണ്. ഇന്നും, വൈകി. സോറി ചേച്ചി, അല്ലാ, മ്മടെ രണ്ടിൻ്റേയും നാത്തൂൻ എണീറ്റില്ലേ?”
കുസൃതിച്ചോദ്യം എയ്തുകൊണ്ട്, നന്ദിത അടുക്കളയിലിട്ടിരുന്ന ഫൈബർ കസേരയിലിരുന്നു. നൈറ്റ് ഡ്രസ്സും ധരിച്ച്, രണ്ടു കാൽമുട്ടുകളും മടക്കി കസേരമേൽ വച്ചുള്ള അവളുടെ ഇരിപ്പു കണ്ടപ്പോൾ, ദീപയ്ക്ക് മറ്റൊരു കാര്യമാണ് ഓർമ്മ വന്നത്. അവൾ, ഊറിച്ചിരിച്ചു. നന്ദിതയുടെ മിഴികളിൽ, ഉറക്കമിളച്ചതിൻ്റെ ചുവപ്പുരാശിയുണ്ടായിരുന്നു.
പിന്നേയും വൈകിയാണ്, ബിജുവേട്ടൻ്റെ പെങ്ങൾ, ബിന്ദു അടുക്കളയിലേക്കു വന്നത്. ഈ ബിന്ദ്വേച്ചി ഒത്തിരി തടിച്ചിരിക്കുന്നു. നൈറ്റിയൊന്നും പാകല്യാണ്ടായിരിക്കണൂ. ചേച്ചിക്ക് ഭർത്താവു പോയിക്കഴിഞ്ഞാൽ, സ്വന്തം വീട്ടിൽ നിൽക്കാൻ തീരെ താൽപ്പര്യമില്ല. അവിടത്തേ അമ്മായിയമ്മക്കു വയസ്സായി. എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കണം. ഭർത്താവു പോയിക്കഴിഞ്ഞാൽ, ചേച്ചി ഓരോ മുട്ടുന്യായങ്ങൾ നിരത്തി ഇവിടേ വന്നു നിൽക്കും. അപ്പോളവിടേ ചേച്ചിയുടെ നാത്തൂൻ താമസിക്കാനെത്തും.
ബിജുവിൻ്റെ അനുജൻ, ബൈജു തീൻമേശയിലേക്കെത്താൻ പിന്നേയും വൈകി. അമ്മയും, രണ്ടു മക്കളും, താഴെയുള്ള മരുമോളും പ്രാതലിനിരുന്നു. ദീപ, എല്ലാവർക്കും വിഭവങ്ങൾ നിരത്തി വിളമ്പിക്കൊടുത്തു. അവൾക്ക് ഇടുപ്പിൽ കാര്യമായ വേദനയുണ്ടായിരുന്നു. കുറേക്കഴിഞ്ഞ്, ബൈജു പുറത്തേക്കെങ്ങോ പോയി. ഉച്ചയ്ക്കുള്ള കറികൾ കൂടി പാകമാക്കി, മോനു ഭക്ഷണം കൊടുത്ത്, അവനേ കളിക്കാൻ വിട്ട്, അവൾ മുറിയകത്തു വന്നുകിടന്നു. നട്ടെല്ലിനു വല്ലാത്ത നൊമ്പരം.
ഹാളിപ്പുറത്തേ ഇടനാഴിയിൽ ചേർന്നിരുന്ന്, മൂന്നു പെണ്ണുങ്ങൾ കുശുകുശുക്കുന്നത് അവ്യക്തമായി കേൾക്കാം. അമ്മായിമ്മയും നാത്തൂനും കൂടി, തൻ്റെ കുറവുകൾ അനിയത്തിക്കു മുൻപിൽ നിരത്തുകയാണ്. അടിമയേപ്പോലെ ജോലിയെടുത്താലും, കുറ്റപ്പെടുത്തലുകൾക്ക് ക്ഷാമമില്ല.
ആഴ്ച്ചകൾ പിന്നിട്ടു….
ബിജുവിൻ്റെ അനുജനും, നന്ദിതയും തിരിച്ചുപോയി. ദീപയുടെ തിരക്കുകൾക്ക് തെല്ലു ശമനമായി. പക്ഷേ, നടുവേദന ഇരട്ടിയായി. ഫിസിയോ തെറാപ്പി കഴിഞ്ഞിട്ടും, ഫലമില്ലയെങ്കിൽ ബെൽറ്റിട്ടു, കിടന്ന കിടപ്പു കിടക്കാൻ ഡോക്ടർ നിർദ്ദേശിച്ചു.
അമ്മ, ഒരു ദിവസം അവളുടെ അടുത്തു വന്നു പറഞ്ഞു.
“ദീപേ, നീ വേണമെങ്കിൽ ഇന്നു വീട്ടിൽ പോയ്ക്കോ, ബിന്ദുവിൻ്റെ ചെക്കൻ, ഇന്നു രാവിലേയും വിളിച്ചിരുന്നു. അവളോടു തിരികേ വീട്ടിലേക്കു പോകാൻ പറഞ്ഞിട്ട്. അവൻ്റെ പെങ്ങൾക്കു തിരിച്ചു പോകണമത്രേ. നീ വീട്ടിൽ പോയാൽ, ഇവിടെ ആളില്ലാന്നു പറഞ്ഞ്, ബിന്ദൂനേ ഒരു മാസം കൂടി ഇവിടെ നിർത്താം. അല്ലെങ്കില്, അവള് ആ അമ്മേനേം നോക്കി കഷ്ടപ്പെടേണ്ടി വരും. അല്ലെങ്കിൽ തന്നെ, ചടച്ച് അവളൊരു പരുവമായി. അവൾക്ക്, പണിയൊഴിഞ്ഞിട്ട് നേരല്ല്യ. നീ, പോയിട്ട് പതുക്കേ വന്നാൽ മതി. ഞാൻ, ആ തെക്കേലേ സരോജിനിയോടു ഇങ്ങോട്ടു ഒന്നരാടം വരാൻ പറയാം. അടിച്ചുതുടകളെല്ലാം അവള് ചെയ്തോളും, ബിജുനോട് പറഞ്ഞ്, ചെറുതായിട്ട് കൂലീം കൊടുക്കാം”
ദീപ, തെല്ലുനേരം മൗനമായി നിന്നു. എന്നിട്ടു പറഞ്ഞു.
“ഞാൻ വീട്ടിൽ പോണില്ലമ്മേ, ബിജുവേട്ടൻ, ഒറ്റയ്ക്കാകും. അതിൻ്റെ കാര്യങ്ങൾ നോക്കാൻ ഞാൻ തന്നെ വേണം. ഞാനും, മോനുമില്ലെങ്കിൽ ഏട്ടന് വല്യ ബുദ്ധിമുട്ടാണ്. ബിന്ദ്വേച്ചിയുടെ നാത്തൂനും, അവരുടെ വീട്ടിലേക്ക് പോകേണ്ടേ? അവർക്കും, ഒരു കുടുംബമുള്ളതല്ലേ?ഞാനെന്തായാലും പോണില്ല”
അമ്മയുടെ പുറകിൽ നിന്നിരുന്ന ബിന്ദുവിന്, ഹാലിളകി.
“അമ്മ, ഒരു ഓട്ടോ പറഞ്ഞേ, ഞാൻ, തിരിച്ചു പോവുകയാണ്. അവിടെ പണിയെടുത്തു ചാവാനാണ് എൻ്റെ വിധി. ഞാൻ പൂവ്വാ, ഡ്രസ് മാറട്ടേ”
അവൾ, അമ്മയെ മറികടന്ന്, ദീപയ്ക്കു മുന്നിലെത്തി. ചുണ്ടു കോട്ടിക്കൊണ്ട് ഒരാഗ്യം ദീപയോടു കാണിച്ച്, മുറിയിൽക്കയറി വാതിലടച്ചു. ദീപ, സ്വന്തം കിടപ്പുമുറിയിലേക്കു നടന്നു.
വിശാലമായ കിടക്കയിൽ പുറമമർത്തി മലർന്നു കിടന്നപ്പോൾ എന്തെന്നില്ലാത്തൊരാശ്വാസം തോന്നുന്നു. കമ്പ്യൂട്ടറിൽ, എന്തോ ഗെയിമെടുത്ത് മോനിരിപ്പുണ്ടായിരുന്നു. അവൻ്റെ പൊട്ടിച്ചിരികൾ, ഇടയ്ക്കിടേ മുറിയിലാകെ കലമ്പി. അവൾക്കുറക്കം വന്നു. അവൾ, മിഴികൾ പൂട്ടിയങ്ങനെ കിടന്നു. വെറുതേ;
അകത്തളത്തിൽ നിന്നും, മൂന്നു പെണ്ണുങ്ങളുടെ പിറുപിറുക്കലുകൾ അവൾക്കു കേൾക്കാമായിരുന്നു. അതൊരു താരാട്ടിന്റെ സൗഖ്യമാണ് പകരുന്നതെന്നു അവൾക്കു തോന്നി.
അവൾ, പതിയേ ഉറക്കമായി. പുറത്ത്, വെയിലാറാൻ തുടങ്ങിയിരുന്നു.