അവൾ അയാൾക്കരികിലായിരുന്നു. വലതുകയ്യാൽ അയാളെ സ്വന്തം ദേഹത്തേക്കു വലിച്ചടുപ്പിച്ച് അവൾ ചോദിച്ചു…

ചൂണ്ട…..

എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്

=====================

ഇടവം മുഴുവനും പിണങ്ങി നിന്ന മഴ, സകല നീരസവും മാറി ആർത്തിരമ്പിപ്പെയ്യാൻ തുടങ്ങിയത്, മിഥുനത്തിന്റെ ആദ്യ നാളുകളിലാണ്. കുംഭവും മീനവും മേടവുമെല്ലാം തീവെയിലു പാറിച്ച്, വരണ്ടു വിണ്ടടർന്ന ഭൂമിയുടെ ദാഹമകറ്റാൻ, ഇടവത്തിലെ ചെറുതൂളലുകൾക്കു പ്രാപ്തിയില്ലായിരുന്നു. മോഹിതയായൊരു യുവതി കണക്കേ, ധരണിയൊരു പെരുമഴയ്ക്കു കാത്തുകിടന്നു. ശീതം നിറഞ്ഞൊരു കാറ്റായി തഴുകി, ചെറുചാറലുകളുടെ ചുംബനങ്ങൾ പകർന്ന്, ഒടുവിലൊരു പേമാരിയായ് തന്നിലേക്കാഴ്ന്നു പെയ്തിറങ്ങാൻ, ഇനിയുമെത്താത്തൊരു വർഷപാതത്തിനായി.

ഒരു മിഥുനസന്ധ്യയിൽ, ആകാശത്തും മണ്ണിലും ഒരുപോലെ കൂരിരുളു പടർന്നു.
മദയാനകളുടെ പതിന്മടങ്ങു വലിപ്പത്തിൽ മാനത്തു മഴമേഘങ്ങൾ നിരന്നു. ചീറിയടിച്ച കാറ്റിൽ, മേഘരൂപങ്ങൾ സമന്വയിച്ചു. ആകാശത്തൊരു കറുത്ത വിരിപ്പായി, അവ നീണ്ടുനിവർന്നു. കാറ്റു, കരിയിലകളെ ചുഴറ്റി നീക്കി ന ഗ്നമാക്കിയ മണ്ണിന്റെ മാറിലേക്ക് ആദ്യ മഴത്തുള്ളിയിറ്റു. പെരുമഴ പെയ്തിറങ്ങുകയായി. രാത്രി മുഴുവനും അലറിപ്പെയ്ത പേമഴയുടെ ഉന്മാദം, പത്തു ദിനരാത്രങ്ങൾ പിന്നിട്ടിട്ടും തീർന്നില്ലായിരുന്നു. നാട്ടുവഴി നീളേ, മരച്ചില്ലകളടർന്നു വീണു. ഓണത്തിനായൊരുങ്ങി നിന്ന നേന്ത്രവാഴകളെ കാറ്റുലച്ചു നിലം പതിപ്പിച്ചു.

പുഞ്ചക്കൊയ്ത്തു കഴിഞ്ഞ്, വേനൽ മഴയിൽ മുളച്ചുപൊന്തിയ പുൽപ്പരപ്പിന്റെ ശ്യാമഹരിത നിബിഢതയുടെ മേലാട പുതച്ച കാരേക്കാട്ടുകടവു പാടം നീണ്ടു പരന്നു കിടപ്പായിരുന്നു ഇത്ര നാളും. പാടത്തെ പകുത്ത കനാലിൽ, നേരിയൊരു ജലപ്രവാഹമേ  മുമ്പുണ്ടായിരുന്നുള്ളൂ. പെരുമഴയാർത്തിരമ്പി പത്തുനാൾ പെയ്തപ്പോളേക്കും പാടമാകെ നിറഞ്ഞു കവിഞ്ഞു. വീതിയുള്ള നടുവരമ്പിനെ കലക്കവെള്ളം മൂടിക്കളഞ്ഞു. വയലുകളിലേക്കു ജലമെത്തിച്ചിരുന്ന അഗാധമായ കുളങ്ങൾ , അതിവർഷമൊരുക്കിയ നിറജലത്തിന്റെ ഗർഭപാത്രത്തിൽ സുഷുപ്തിയിലമർന്നു. ദിവസങ്ങൾക്കെല്ലാം തോരാമഴയുടെ താളവും ഗീതവുമായിരുന്നു. പാടത്തിനരികിലൂടെ വളഞ്ഞുപുളഞ്ഞു നീണ്ട പഞ്ചായത്തു റോഡിലൂടെ പോയ വാഹനയാത്രികർ, കനാൽ ബണ്ടിനരികിൽ നിർത്തി , മഴയേയും നിറഞ്ഞ പാടത്തേയും ആസ്വദിച്ചു. ചിലരതും മൊബൈൽ ഫോണിലേക്കു പകർത്തി, കടന്നുപോയി.

സുരേന്ദ്രൻ, നാട്ടുപണിക്കാരനാണ്. നാട്ടിലെ പറമ്പുകളിലെ കൊത്തും കിളയും പുല്ലു പറിക്കലുമൊക്കെയായി നിത്യേനെ ജോലിയുണ്ടാകാറുണ്ട്. മഴക്കാലത്തു പക്ഷേ, കാര്യങ്ങൾ ബുദ്ധിമുട്ടിലാകാറുണ്ട്. അതിത്തവണയും വ്യത്യാസമില്ലാതെ തുടർന്നു.

ഉച്ചയ്ക്കലേ ഊണും കഴിഞ്ഞുള്ള നടുചായ്ക്കൽ, കാലങ്ങളായുള്ള ശീലമാണ്. ഇന്നു മയങ്ങിയുണർന്നപ്പോൾ, പതിവിലും വൈകിപ്പോയിരുന്നു. അയാൾ, അകമുറിയിലെ പഴകിയ മരക്കട്ടിലിലിരുന്നു ഒരു ബീഡിക്കു തീകൊളുത്തി. ചെത്തിത്തേയ്ക്കാത്ത വെട്ടുകൽച്ചുവരുകൾ മഴക്കാലശൈത്യത്തേ അപ്പാടെ ആഗിരണം ചെയ്തിരിക്കുന്നു. ജനൽക്കതകുകൾക്കു പകരം, ചണച്ചാക്കു നിവർത്തി പഴുതടച്ച ജാലകങ്ങളിലൂടെ ഇരച്ചുകയറുന്ന തണുത്ത കാറ്റ്. സുരേന്ദ്രൻ, ഒരു കവിൾ പുകയെടുത്തു വിഴുങ്ങി; വളരെ സാവകാശം അതു മൂക്കിലൂടെയും വായിലൂടെയും പുറത്തേക്കു വന്നുകൊണ്ടിരുന്നു. അയാളുടെ നോട്ടം, മുറിയുടെ മധ്യഭാഗത്തെ കുഞ്ഞു ഷെൽഫിൽ തറഞ്ഞു നിന്നു.

അതിൽ എണ്ണമറ്റ ട്രോഫികളും, ഷീൽഡുകളുമുണ്ടായിരുന്നു. റിബണിൽ ചേർത്തുവച്ച മെഡലുകൾ. എല്ലാം, മകൾ അപർണ്ണ വാങ്ങിക്കൂട്ടിയതാണ്. അവൾ, പത്താം ക്ലാസ്സിലാണ്. പെരുമഴയായിട്ടും, കളക്ടർ അവധി പ്രഖ്യാപിച്ചിട്ടില്ല. മോളു മടങ്ങി വരാനിനിയും, ഒന്നരമണിക്കൂർ ബാക്കിയുണ്ട്.

അന്നേരത്താണ്, അടുക്കളയിൽ നിന്നും ഒരു സ്റ്റീൽഗ്ലാസ്സിൽ ചായയുമായി ചന്ദ്രിക അയാൾക്കരികിലെത്തിയത്. ചായ, ഭർത്താവിന്റെ കയ്യിൽ കൊടുത്ത്, അവൾ അയാൾക്കരികിലായിരുന്നു. വലതുകയ്യാൽ അയാളെ സ്വന്തം ദേഹത്തേക്കു വലിച്ചടുപ്പിച്ച് അവൾ ചോദിച്ചു.

“എന്തിനാണിത്ര മൗനം? ഈ കാലത്ത് നമുക്കിത്തിരി കഷ്ടപ്പാടു പതിവല്ലേ; നമ്മുടെ മോൾക്കു പോലും അതു ശീലായിരിക്കണൂ, ദാസന്റെ, പലിശക്കാശിന്റെ കാര്യം ഓർത്താണോ?നമ്മളിതുവരേ മുടക്കിയിട്ടില്ലല്ലോ, ഒരവധി പറയാം. അയാള്,മറ്റുള്ളോരോട് എടുക്കണ മുഷ്ക് നമ്മളോട് എടുക്കാൻ വഴിയില്ല. നിങ്ങളൊന്നു സമാധാനമായിരിക്ക്”

സുരേന്ദ്രൻ, ചായ കുടിച്ചു തീർത്തു. ഇരുളു പരന്ന മുറിയകത്ത്, തെറുപ്പുബീഡിയുടെ ഗന്ധം ശേഷിച്ചു. അവൾ, അയാളെ ഒന്നുകൂടി ചേർത്തുപിടിച്ചു. അവളുടെ നനഞ്ഞ മാക്സിക്കുള്ളിൽ നിന്നും, വല്ലാത്തൊരു ഉടൽച്ചൂടു ബഹിർഗമിക്കുന്നുണ്ടായിരുന്നു. അവളുടെ മുടിക്കെട്ടിൽ നിന്നും, അയാൾക്കു സുപരിചിതമായ കാറച്ച എണ്ണയുടെ ഗന്ധമുതിർന്നു. അവൾ, അയാളുടെ മുഖം, സ്വന്തം മാറിടത്തിലേക്കു പൂഴ്ത്തി; പതിയേ, തഴപ്പായ വിരിച്ച കട്ടിലിലേക്കു ചായ്ച്ചു. തീ പിടിച്ച രക്തം പാഞ്ഞ ഞരമ്പുകൾ, അയാളെ ബാധ്യതകൾ മറക്കാൻ സഹായിച്ചു.

അപർണ്ണ, പെരുമഴയിലൂടെയാണ് വീട്ടിലേക്കെത്തിയത്. കാറ്റിലിലുഞ്ഞ മഴയുടെ ചരടുകൾ, അവളേയും വല്ലാതെ ഈറനണിയിച്ചിരുന്നു. നനഞ്ഞ സ്കൂൾ യൂണിഫോമും, ഉടലുമായി അവൾ വന്നുകയറുമ്പോൾ, സുരേന്ദ്രൻ ഉമ്മറക്കോലായിലിരിപ്പുണ്ടായിരുന്നു. മകളെ നോക്കി, അയാളൊന്നു വിളറിച്ചിരിച്ചു. ചന്ദ്രികയപ്പോൾ, അടുക്കളയിൽ മകൾക്കുള്ള ചായ ചൂടാക്കുകയായിരുന്നു.

“അച്ഛാ, ട്യൂഷൻ ഫീസ്, മാഷിന്നലേം ചോദിച്ചു. കഴിഞ്ഞാഴ്ച്ച കൊടുക്കേണ്ടതായിരുന്നു. മാഷോടു ഞാനെന്താ പറയേണ്ടത്?”

അയാൾ, കയ്യിലിരുന്ന ബീഡിത്തുണ്ട് ഉമ്മറത്തേ ചളിവെളളത്തിലേക്കു വലിച്ചെറിഞ്ഞു. ഇത്തിരിക്കനൽ ഒന്നു മിന്നിയണഞ്ഞു. ഒരിത്തിരി പുക മേലോട്ടുയർന്നലിഞ്ഞു.

“രണ്ടുദിവസത്തിനുള്ളിൽ തരാന്നു പറഞ്ഞോ മോളേ, അച്ഛനെന്തെങ്കിലും വഴിയുണ്ടാക്കാം”

അവളതു കേട്ടു തല കുലുക്കി. പതിയേ, അകത്തേക്കു നടന്നു മറഞ്ഞു. അകത്തു നിന്നും, ചന്ദ്രികയുടെ പതിഞ്ഞ ശബ്ദം വ്യക്തമാകുന്നു.

“മോള്, ട്യൂഷൻ മാഷോട് എന്തെങ്കിലും ഒഴിവുകഴിവു പറയണം, അച്ഛനാകെ സങ്കടത്തിലാണ്, എത്ര ദിവസായീ അച്ഛൻ പണിക്കു പോയിട്ട്, ഈ കനത്ത മഴയൊതുങ്ങിയാൽ, എല്ലാം ശരിയാകും.”

മഴയ്ക്കു പിന്നേയും കനം വച്ചു. കാറ്റു മഴയും വല്ലാതെ ഇരമ്പിക്കൊണ്ടിരുന്നു. വൈദ്യുതി നിലച്ചിട്ട്, നേരമേറെയായി. സായംകാലത്തിനു സന്ധ്യയുടെ പരിവേഷമാണിപ്പോൾ. ചന്ദ്രിക, അയാൾക്കരികിലേക്കു വന്നു. അവളുടെ കയ്യിൽ, ഒരു സഞ്ചിയും ചെറു കടലാസുതുണ്ടുമുണ്ടായിരുന്നു.

“നാളേക്ക് അരി തികയില്ല, ഇത്തിരി പഞ്ചാരേം ചായലേം വേണ്ടി വരും. പിന്നെ, ക്ടാവിന് ഒന്നുരണ്ടു സാധനങ്ങളും അത്യാവശ്യായിട്ടുണ്ട്. നിങ്ങള്, ചന്ദ്രേട്ടന്റെ കടേലൊന്നുപോയി വാ, കാശ് , കൊടുക്കാന്നു പറ. മ്മള്, നിത്യോം കടം വാങ്ങാറില്ലല്ലോ, ആൾക്കു പറഞ്ഞാൽ, ബോധ്യാവും”

സുരേന്ദ്രൻ, ചന്ദ്രിക തന്ന ലിസ്റ്റിലേക്കൊന്നു കണ്ണോടിച്ചു. അരിയും പഞ്ചസാരയും സാനിറ്ററി നാപ്കിനുമൊക്കെയടക്കം,  പത്തുപന്ത്രണ്ടിനങ്ങളുടെ പേരുണ്ട്.
പീടികക്കാരൻ ചന്ദ്രന്റെ, ദുർമ്മുഖം അപ്പോൾ മനസ്സിൽ തെളിഞ്ഞുവന്നു. ലിസ്റ്റ് ചുരുട്ടി, ഷർട്ടിന്റെ പോക്കറ്റിൽ നിക്ഷേപിച്ച ശേഷം അയാൾ വിറകുപുരയ്ക്കരികിലേക്കു നടന്നു.

ഈറൻ പടർന്ന ചകിരിച്ചാക്കുകൾക്കിടയിൽ നിന്നും പാതിയിലധികം തീർന്ന മ ദ്യക്കുപ്പിയെടുത്തു.  മദ്യപാനം, പതിവായുള്ളതല്ല. ചന്ദ്രികയുടെ ആങ്ങള, രണ്ടു മാസങ്ങൾക്കു മുൻപ് വന്നപ്പോൾ, അന്നേക്കായി വാങ്ങിച്ചതിന്റെ ബാക്കിയാണ്. ഗ്ലാസ്സിലേക്കു പകർത്താനൊന്നും മെനക്കെടാതെ, അയാൾ കുപ്പി വായിലേക്കു കമിഴ്ത്തി. ചങ്കിനെ എരിയിച്ചുകൊണ്ട്, മ ദ്യം ഇറങ്ങിപ്പോയി. കാലിയായ കുപ്പിയെ അലക്ഷ്യമായി വിറകുപുരയിൽ നിക്ഷേപിച്ച് പതിയേ പുറത്തേക്കിറങ്ങി.

ഇറയിൽ സൂക്ഷിച്ച, വലിയ മുളം ചൂണ്ട പുറത്തെടുത്തു. പോകും വഴി, ഇരയായി കുറച്ചു പൊടിച്ചിമീനുകളെ പിടിയ്ക്കണം. എന്തോ നിശ്ചയിച്ചുറച്ച മട്ടിൽ, അയാൾ പാടത്തേക്കു നടന്നു. ചന്ദ്രികയുടെ പിൻവിളി, കേട്ടില്ലെന്നു നടിച്ചു.

കാരേക്കാട്ടുകടവിലെ വിശാലമായ പാടശേഖരത്തിൽ, സന്ധ്യ ഇരുളു പടർത്താൻ തുടങ്ങിയിരുന്നു. ചെറിയ പാലത്തിനു കീഴെയായി,  മലവെള്ളം, ചേറിൽ കലങ്ങി കുത്തിയൊഴുകിക്കൊണ്ടിരുന്നു. വെള്ളപ്പാച്ചിലിനു വല്ലാത്തൊരു ഹുങ്കാരം കൈവന്നിരുന്നു. കനാലിലെ കൽക്കെട്ടുകൾ, മണ്ണടർന്നു ഒഴുക്കിൽ മറഞ്ഞുപോയിരുന്നു. പേമാരിയാർത്തു ചെയ്തു. കാഴ്ച്ചകളെ, മഴ മങ്ങിയ്ക്കുന്നു. ഒഴുക്കിലേക്കു വായ്പിളർത്തി, ആരോ തെല്ലകലെയായി വല പാകിയിട്ടുണ്ട്. ഊത്തക്കൂരികളും, കാരിയും കരിപ്പിടിയും ചേറ്റുപാമ്പുകളും അതിൽ കുടുങ്ങി നിറഞ്ഞിട്ടുണ്ടാകും. തെക്കേക്കണ്ടത്തിനപ്പുറത്തേ വലിയ കുളത്തിനരികിലേക്കു നടക്കുമ്പോൾ, സുരേന്ദ്രന്റെ ഉള്ളം കിടുകിടുത്തു.

ഈ കുളത്തിൽ, ഇതു പോലൊരു മഴക്കാലത്താണ് തന്റെ അച്ഛൻ മുങ്ങിമരിച്ചതെന്ന് അയാളോർത്തു. അന്ന്, തനിക്കു മീശ മുളച്ചിരുന്നില്ല. ചേറ്റിൽ പുതഞ്ഞ അച്ഛന്റെ മുഖത്തേ തുറുകണ്ണുകൾ എത്ര രാവുകളിൽ പേക്കിനാവായി കടന്നുവന്നിരിക്കുന്നു.

വയലിന്നു മീതേയുള്ള നെടുങ്കൻ വഴിയിൽ മുട്ടോളം വെള്ളമുണ്ടായിരുന്നു.
തണുപ്പ്, പാദങ്ങളിലൂടെ ശിരസ്സിലേക്കെത്തുന്നു. മഴ പൊതിഞ്ഞു തണുത്തൊരു കാറ്റുവീശി. ദേഹമാസകലം സുരേന്ദ്രനു പൊട്ടിത്തരിച്ചു.

അരിപ്പായലുകളും, കുളവാഴകളും ഒഴുക്കിൽ പോയ്മറഞ്ഞ നിലയില്ലാ വെള്ളത്തിലേക്ക്, അയാൾ ചൂണ്ട വലിച്ചെറിഞ്ഞു. വാകയോ, വരാലോ, ചേറാനോ ഏതെങ്കിലും വലിപ്പമുള്ളൊരു മീൻ കുടുങ്ങാതിരിക്കില്ല. ആയിരം രൂപയ്ക്കുള്ള മീൻ ലഭിച്ചാൽ ഭാഗ്യമായി. സുരേന്ദ്രൻ പോക്കറ്റിൽ പരതി. ചന്ദ്രിക തന്നയച്ച ലിസ്റ്റ്, കുതിർന്നലിഞ്ഞിരിക്കുന്നു.

അക്ഷമയോടെ, അയാൾ വീണ്ടും വീണ്ടും ചൂണ്ടയെറിഞ്ഞു. നിരാശയായിരുന്നു ഫലം. പോക്കാൻ തവളകളുടേയും , ചിവീടുകളുടേയും ശബ്ദങ്ങൾ ഇടകലർന്നുയർന്നു കൊണ്ടിരുന്നു. നൂറുകണക്കിനു ചുവപ്പൻ കുഞ്ഞുങ്ങളുമായി ഒരമ്മ വരാൽ തടം ചേർന്നലയുന്നുണ്ടോ?അയാൾ ചുറ്റും പരതി. അങ്ങനെയുണ്ടെങ്കിൽ, തള്ളവരാലിനെ പിടികൂടാൻ എളുപ്പമാണ്. പക്ഷേ, മലച്ച വെള്ളത്തിൽ മീനൊഴികെ മറ്റെന്തൊക്കെയോ സഞ്ചരിക്കുന്നുണ്ടായിരുന്നു. ജലമൊന്നുലഞ്ഞു. വലിയൊരു നീർക്കോലി, മറുകര തേടുകയാണ്. സുരേന്ദ്രനു കടുത്ത നിരാശ തോന്നി.

സുരേന്ദ്രൻ, സാവകാശം തിരികേ നടന്നു. മുട്ടോളം വെള്ളത്തിലൂടെ നടന്നുനീങ്ങുമ്പോൾ, ചേറു കുറുകിക്കലങ്ങുന്നുണ്ടായിരുന്നു. നടന്ന്, പാലത്തിനു കീഴേയുള്ള കൽക്കെട്ടിനരികിലെത്തി. കരിങ്കൽ ഭിത്തി ഒത്തിരിയടർന്നു പോയിരിക്കുന്നു. ചുവടുകൾ ഉറയ്ക്കുന്നുണ്ടായിരുന്നില്ല. വിറകുപുരയിലെ കുപ്പിയിൽ, മ ദ്യം പ്രതിക്ഷിച്ചതിലേറെയുണ്ടായിരുന്നു. അയാളുടെ നോട്ടം, ഒഴിക്കിനപ്പുറത്തേ വലയിൽ കുരുങ്ങി നിന്നു. വലയുയർത്തി നോക്കിയാലോ, ആയിരം വേണ്ട, അഞ്ഞൂറിനുള്ള മീനെങ്കിലും വലയിലുണ്ടാകും. ചെയ്യുന്നത് ശരികേടാണ്. പക്ഷേ, ഇന്നിത്തിരി പണം കൂടിയേ തീരൂ. മ ദ്യത്തിനു പൂർണ്ണമായി കീഴടങ്ങും മുമ്പേ വലയുയർത്താം. അയാൾ, പാലത്തിനപ്പുറത്തേക്കു നടക്കാൻ തുടങ്ങി.

പൊടുന്നനേയാണതു സംഭവിച്ചത്, കാൽക്കീഴിലെ മൺതിട്ടയർന്നു, സുരേന്ദ്രൻ ഒഴുക്കിലേക്കു പതിച്ചു. കയ്യിലെ മുളം ചൂണ്ട എങ്ങോ തെറിച്ചുപോയി. ഹുങ്കാരം മുഴക്കിപ്പാഞ്ഞ വെള്ളത്തിന്റെ കുത്തൊഴുക്കിൽ നിന്നുമുയരാൻ സുരേന്ദ്രനായില്ല. കാരേക്കാട്ടു കടവിലെ പാലത്തിൻ കീഴിലൂടെ പാഞ്ഞ ജലത്തിൽ, സുരേന്ദ്രൻ  മറഞ്ഞു. തെല്ലകലേ, ഒഴുക്കിലേക്കു വാ പിളർന്നു നിന്ന വലയുടെ കണ്ണികൾ വലിഞ്ഞുമുറുകി. മഴപ്പെയ്ത്തു തുടർന്നു, കുത്തൊഴുക്കും.

ചന്ദ്രികയപ്പോൾ, വീടിന്റെയുമ്മറത്ത് പാടത്തേയ്ക്കും കണ്ണുംനട്ട് കാത്തിരിക്കുയായിരുന്നു. ഒപ്പം, അപർണ്ണയും…