ന്റെ മുത്തിന് തന്ന വാക്ക് ഞാൻ തെറ്റിക്കോ. ഞാൻ കാത്തിരിക്കാണ് ന്റെ മുത്തിന്റെ…

എഴുത്ത്: ഫാരിസ് ബിൻ ഫൈസി

====================

“നീ രക്ഷപ്പെട്ടല്ലോ മോനേ, ലോകത്തുള്ള എല്ലാ ഫുഡും ഉണ്ടാക്കാൻ അറിയുന്ന യൂട്യൂബിലെ ഫേമസ് ഫുഡ്‌ വ്ലോഗർ സഫ്നയെ അല്ലേ കല്യാണം കഴിക്കാൻ പോകുന്നേ. അപ്പോ ഇനിമുതൽ അടിപൊളി ഭക്ഷണമൊക്കെ കഴിക്കാലോ”

കൂട്ടുകാരൻ മനാഫിനെ നോക്കി അവൻ കെട്ടാൻ പോകുന്ന പെണ്ണിനെ കുറിച്ച് വാനോളം പുകഴ്ത്തി. ഇതൊക്കെ കേട്ട് മനാഫ് ദൃതങ്കപുളകിതനായി. മനാഫ് അവിടെ നിന്നും പോവാൻ നേരം കൂട്ടുകാരൻ ഒരുകാര്യം കൂടി പറഞ്ഞു

“സഫ്നയുടെ ഒരു ജാപ്പനീസ് ഡിഷ്‌ ഉണ്ട്, യാ മോനേ…അത് കണ്ടപ്പോൾ തന്നെ എന്റെ നാവിൽ കൊതിയൂറി. കഴിഞ്ഞ മാസം യൂട്യൂബിൽ പോസ്റ്റിയിരുന്നു അത്. എന്തായാലും നിന്റെ ഭാഗ്യം. ഇനി അതൊക്കെ അവളുടെ കൈകൊണ്ട് ഉണ്ടാക്കി നിനക്കല്ലേ ആദ്യം തരാ. നിന്റെ കൂട്ടുകാർ ആയോണ്ട് ഞങ്ങൾക്കും വെറൈറ്റി ഫുഡ്‌ കഴിക്കാനുള്ള ഭാഗ്യം ഉണ്ട്”

മനാഫ് കൂട്ടുകാരനെ നോക്കി

“തീർച്ചയായും…”

മനാഫ് കൂട്ടുകാരനോട് യാത്ര പറഞ്ഞ് വീട്ടിൽ പോയി. കുളിയൊക്കെ കഴിഞ്ഞ് ചുമ്മാ കിടക്കുമ്പോഴാണ് സഫ്നയുടെ കോൾ വരുന്നത്

“ഇക്കാ, എന്താ പരിപാടി”

“എന്ത് പരിപാടി, കല്യാണത്തിന് ഇനി രണ്ട് ദിവസല്ലേ ഒള്ളൂ. അതിന്റെ ഓട്ടത്തിൽ ആണ്. ആ… പിന്നേ…”

“ന്തേ…”

“എന്റെ കൂട്ടുകാരും കുടുംബക്കാരുമൊക്കെ നിന്റെ കട്ട ഫാൻസ് ആണുട്ടോ. നിന്റെ എല്ലാ വീഡിയോസും അവർ കാണാറുണ്ട്. എല്ലാവരും പറയുന്നത് നിന്നെ കെട്ടുന്നത് എന്റെ ഭാഗ്യം ആണെന്നാ”

സഫ്ന ഒന്ന് പുഞ്ചിരിച്ചു

“ആണോ, എന്നാ അവരോടൊക്കെ എന്റെ അന്വേഷണം പറ. ആ പിന്നെ ഇക്കാ, ഞാൻ പിന്നെ വിളിക്കാം. ഒരു വീഡിയോ ചെയ്യാനുണ്ട്. ഒരു സൗത്ത് ആഫ്രിക്കൻ ഡിഷ്‌. കല്യാണം കഴിഞ്ഞാൽ കുറച്ച് ദിവസത്തിന് വീഡിയോസ് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. അതോണ്ട് ഒരു വീഡിയോ ചെയ്ത് പോസ്റ്റാം എന്ന് കരുതി. വീഡിയോ കണ്ടില്ലേൽ ഫാൻസ്‌ ആകെ സീൻ ആക്കും”

“ഓക്കേ പൊന്നേ, ഫാൻസിനെ പിണക്കേണ്ട. ഞാൻ ഇവിടെ നിനക്ക് വീഡിയോ ചെയ്യാൻ ഒരു സ്റ്റൈലിഷ് കിച്ചൺ തന്നെ റെഡി ആക്കിയിട്ടുണ്ട്”

അത് കേട്ടപ്പോൾ സഫ്നക്ക് ഒരുപാട് സന്തോഷം തോന്നി

“ഇക്കാ, ഉമ്മാ”

രണ്ട് ദിവസങ്ങൾക്ക് ശേഷം…

ഇന്നാണ് അവരുടെ വിവാഹം…

അന്ന് രാവിലെ തൊട്ട് മനാഫ് ഫുഡ്‌ കഴിക്കാൻ നേരം സഫ്നയുടെ മെസ്സേജ് വരും

“ഇക്കാ ഒന്നും കഴിക്കല്ലേ, ഞാൻ വലിയൊരു സർപ്രൈസ് ഒരുക്കിയിട്ടുണ്ട്. ഞാൻ ഉണ്ടാക്കിയ ഒരുപാട് വെറൈറ്റി ഫുഡ്‌ ഞാൻ കൊണ്ടുവരും. ഇങ്ങ് കേരളം തൊട്ട് അങ്ങ് ആഫ്രിക്ക വരെയുള്ള സ്ഥലങ്ങളിലെ ഫേമസ് ഡിഷുകൾ. രാത്രി നമുക്ക് ഒരുമിച്ച് കഴിക്കാം”

“ഓഹ് ന്റെ പൊന്നേ, ന്റെ മുത്തിന്റെ കൈകൊണ്ട് ഉണ്ടാക്കിയ ഫുഡ്‌ കഴിക്കാൻ ഞാൻ എത്ര ദിവസം വേണേലും പട്ടിണി കിടക്കും”

രാവിലെ ഒന്നും കഴിക്കാതെ മനാഫ് തള്ളി നീക്കി. ഉച്ച ആയപ്പോൾ അവന്റെ വയറിനുള്ളിൽ ഒരു വരൾച്ച. നല്ല മട്ടൻ ബിരിയാണിയുടെ മണം അവന്റെ മൂക്കിലൂടെ തുളച്ച് കയറി. അവന്റെ വായിൽ വെള്ളമൂറി. പെട്ടെന്നാണ് സഫ്നയുടെ മെസ്സേജ് വന്നത്.

“ഇക്കൂസേ, ഞാൻ പറഞ്ഞത് മറക്കല്ലേ ട്ടോ. ഇപ്പൊ കഴിച്ചാ പിന്നെ നൈറ്റ്‌ കഴിക്കുമ്പോൾ ആ ടേസ്റ്റ് കിട്ടില്ല. അതോണ്ടാ. ഇക്കാക്ക് വേണ്ടി ഞാൻ പ്രത്യേകം ഉണ്ടാക്കിയതാ”

ആവി പറക്കുന്ന ബിരിയാണി ചെമ്പിലേക്ക് നോക്കി തന്റെ വയറിൽ മെല്ലെ തടവി മനാഫ് അവൾക്ക് ഒരു വോയ്‌സ് മെസ്സേജ് അയച്ചു

“ന്റെ മുത്തിന് തന്ന വാക്ക് ഞാൻ തെറ്റിക്കോ. ഞാൻ കാത്തിരിക്കാണ് ന്റെ മുത്തിന്റെ കൈപ്പുണ്യം അറിയാൻ”

അതുകേട്ടപ്പോൾ സഫ്നക്ക് ഒരുപാട് സന്തോഷം തോന്നി.

“ഇക്കൂസേ, ഉമ്മ്ഹ”

അങ്ങനെ അവരുടെ വിവാഹം കഴിഞ്ഞു. സഫ്ന വരുമ്പോൾ അവളുണ്ടാക്കിയ ഒരുപാട് വിഭവങ്ങൾ വലിയൊരു പെട്ടിയിലാക്കി കൊണ്ടുവന്നിരുന്നു. അവളുടെ കൂട്ടുകാരികൾ ആരും കാണാത്തെ ആ പെട്ടി മനാഫിന്റെ റൂമിൽ വെച്ചു.

രാത്രി ആയപ്പോഴേക്കും മനാഫ് വിശന്ന് തളർന്നിരുന്നു. എല്ലാം തന്റെ സഫ്ന ഉണ്ടാക്കിയ രുചിയേറിയ ഫുഡ്‌ കഴിക്കാൻ വേണ്ടിയാണല്ലോ എന്നോർത്തപ്പോൾ അവനൊരു സന്തോഷം.

കുടുംബക്കാരും അയൽവാസികളും ഒക്കെ പോയിക്കഴിഞ്ഞപ്പോൾ സമയം രാത്രി പന്ത്രണ്ട് മുപ്പത്. റൂമിൽ കയറിയതും മനാഫ് ആദ്യം തിരക്കിയത്

“എവിടെ, ഫുഡ്‌ എവിടെ…?”

സഫ്ന അവനെ നോക്കി പുഞ്ചിരിച്ചു

“കൊതിയൻ, ഇങ്ങനുണ്ടോ ഒരു കൊതി. ഓഹ്… ഞാൻ ഉണ്ടാക്കിയ ഫുഡ്‌ കഴിക്കാനുള്ള കൊതിയാണല്ലേ”

“ആ… ആ…”

സഫ്ന താൻ കൊണ്ടുവന്ന പെട്ടിയിൽ നിന്നും ഓരോ വിഭവങ്ങൾ എടുത്ത് കട്ടിലിൽ നിരത്തി. പിന്നെ ഒന്നും നോക്കിയില്ല മനാഫ് ആർത്തിയോടെ ഭക്ഷണം കഴിക്കാൻ ഒരുങ്ങി. സത്യം പറഞ്ഞാൽ ഒരുങ്ങിയിട്ടേ ഒള്ളൂ. സഫ്ന ഉണ്ടാക്കിയ ഫുഡ്‌ അല്പം വായിലായപ്പോൾ തന്നെ അവൻ കേരളം മുതൽ സൗത്ത് കൊറിയ വരെ കണ്ടു. വായിൽ വെക്കാൻ കൊള്ളാത്ത ഫുഡ്‌. ചില എരിവുള്ള ഫിഷ് കറിയിൽ ജിലേബിയുടെ പീസൊക്കെ കണ്ടപ്പോൾ അവൻ സഫ്നയെ ദയനീയമായൊന്ന് നോക്കി

“ഇതെന്താ മീൻകറിയിൽ ജിലേബിയൊക്കെ”

സഫ്ന അവനെ പുച്ഛത്തോടെ നോക്കി

“ഈ ഇക്കാക്ക് ഒന്നും അറിയില്ല. ഇതൊക്കെയല്ലേ വറൈറ്റിസ്. ദാ നോക്കിയേ ഈ ചിക്കൻ കറിയിൽ ഔലോസ് ഉണ്ടയുണ്ട്. ഞാൻ ആരുടേയും റെസിപ്പി കോപ്പി അടിക്കാറില്ല. ഇതെല്ലാം എന്റെ മാത്രം റെസിപ്പി ആണ്. പെട്ടന്ന് കഴിച്ചിട്ട് അഭിപ്രായം പറ ഇക്കാ”

മനാഫ് വീണ്ടും അവളെ ദയനീയമായി നോക്കി

“ഇനി എന്തോന്ന് അഭിപ്രായം പറയാൻ. രാവിലെ മുതൽ പട്ടിണി കിടന്ന എനിക്ക് ഇതിലും വലിയ പണി കിട്ടാനുണ്ടോ. യൂട്യൂബിൽ വീഡിയോ കാണുന്നോർക്ക് അറിയില്ലല്ലോ ഇതിന്റെയൊക്കെ ശരിക്കുള്ള രുചി. കണ്ടാൽ വായിൽ നിന്നും വെള്ളം വരും, കഴിച്ചാലോ… എന്റെ പൊന്നോ”

ഒന്ന് നിറുത്തിയിട്ട് തന്റെ വയറിൽ മെല്ലെ തലോടി മുണ്ട് മുറുക്കിയുടുത്ത് അവൻ സഫ്നയെ നോക്കി

“ഒരു അപേക്ഷയുണ്ട്, പെൻസിൽ കൂർപ്പിക്കാൻ കത്തി എടുക്കാൻ പോലും ന്റെ മോള് ഈ വീട്ടിലെ അടുക്കളയിൽ കയറി പോകരുത്… പ്ലീസ്”

സഫ്ന എന്തോ പറയാൻ വന്നതും അത് തടഞ്ഞ് മനാഫ് തന്റെ വയറിൽ പിടിച്ച് കരഞ്ഞു

“പോയി കിടന്നുറങ്ങടീ യൂട്യൂബിലെ ഷെഫേ… അയ്യോ എനിക്ക് വിശക്കുന്നേ…”

~ഞാൻ ഗന്ധർവ്വൻ