കല്യാണത്തിന്റെ  ആരവങ്ങളെല്ലാമൊഴിഞ്ഞു കുറച്ചു ബന്ധുക്കളും കൂട്ടുകാരും മാത്രം അവശേഷിച്ച രാത്രി….

തള്ളിക്കളഞ്ഞ കല്ല്…മൂലക്കല്ല് 💙

Story written by Bindhya Balan

=================

“മോനേ കഴിഞ്ഞയാഴ്ച സരയൂനെ കണ്ടിട്ട് പോയ ചെക്കന്റെ വീട്ടീന്ന് വിളിച്ചിട്ടുണ്ടായിരുന്നു..അവർക്ക് ഇഷ്ട്ടായീന്നു പറഞ്ഞു. കാശായിട്ടോ പൊന്നായിട്ടോ അവർക്ക് ഒന്നും വേണ്ട..പക്ഷെ കല്യാണം മേടത്തില് തന്നെ നടത്തണമെന്നു പറഞ്ഞു. ചെക്കന്റെ ലീവ് തീരണേന് മുൻപ്..ഇന്ന് ഉച്ചയ്ക്കാണ് ആ മൂന്നാൻ വിളിച്ചത്. നീ വന്നിട്ട് നിന്നോട് കൂടി ആലോചിച്ചിട്ട് വൈകിട്ട് വിളിക്കാന്ന് അച്ഛൻ പറഞ്ഞു “

ജോലി കഴിഞ്ഞു വന്ന് കുളിച്ച് ഒരു ഗ്ലാസ്‌ ചായയുമായി ടിവിക്ക് മുന്നിലിരിക്കുമ്പോഴാണ് അമ്മയെന്നോട് പെങ്ങളുടെ കല്യാണക്കാര്യം പറഞ്ഞത്.

“മോനേ നമുക്ക് ഇതങ്ങു നടത്താം..അവൾക്കും നല്ല ഇഷ്ടമായി ആനന്ദിനെ..എല്ലാം കൊണ്ടും നല്ല ആലോചനയാ… ” ഞാൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് അമ്മ വീണ്ടും പറഞ്ഞു.

“ഉടനെ ഒരു കല്യാണം നടത്താനോ..എന്തെടുത്തിട്ട് നടത്താൻ…എന്റെ കയ്യിൽ ഒന്നുമില്ല…ആ എന്തായാലും  ഇപ്പൊ അവരോട് ചാടിക്കേറി ഒന്നും പറയണ്ടാന്ന് അച്ഛനോട് പറഞ്ഞേക്ക്.. “

എന്തെങ്കിലും അമ്മയോട് പറയണമല്ലോ എന്നോർത്ത് അങ്ങനെ പറഞ്ഞു കൊണ്ട് എഴുന്നേറ്റു പുറത്തേക്കു ഇറങ്ങാൻ നേരമാണ് പിന്നിൽ നിന്ന് അച്ഛൻ വിളിച്ചത്

“ഡാ..നീ ഒന്ന് നിന്നെ “

“എന്താ അച്ഛാ ” ഞാൻ ചോദിച്ചു

“അമ്മ നിന്നോട് പറഞ്ഞില്ലാരുന്നോ കാര്യങ്ങൾ..നീ പറഞ്ഞതൊക്കെ ഞാൻ കേട്ടു. വീടും കുടുംബവും ഞാൻ  നന്നായിത്തന്നെയാണ് നോക്കിയത്..നിനക്കറിയാല്ലോ എനിക്ക് ഇപ്പൊ പണ്ടത്തെപ്പോലെ പണിയെടുക്കാനുള്ള ആരോഗ്യം ഒന്നുമില്ല…കുടുംബത്തോട് ഒരു ഉത്തരവാദിത്തവുമില്ലാതെ ഇങ്ങനെ കൂട്ട്കാരുടെ കൂടെ കൂട്ട് കൂടി നടന്ന്, എന്റെ കാലം കഴിയുമ്പോ അമ്മയേം പെങ്ങളേം പെരുവഴീലാക്കാനാണോ നിന്റെ ഉദ്ദേശം.” 

അച്ഛൻ ദേഷ്യത്തോടെയാണ് സംസാരിച്ചത്. അല്ലെങ്കിൽ തന്നെ അച്ഛന് എന്റെ കൂട്ടുകാരെ കണ്ടുകൂടാ. അപ്പോപ്പിന്നെ ഇങ്ങനെയൊരു കാര്യത്തിൽ ഞാൻ ഉഴപ്പുന്നത് കാണുമ്പോൾ കൂട്ടുകാരെ പഴി പറയൽ കുറച്ചു കൂടുമല്ലോ.

ഞാൻ അച്ഛനോട് പറഞ്ഞു

“അച്ഛൻ വെറുതെ അവന്മാരെ പറയണ്ട..ഒരു മാസത്തിനകം കല്യാണം നടത്തണമെന്ന് പറഞ്ഞാൽ എങ്ങനെയാ….ഇവിടെ നീക്കിയിരുപ്പൊന്നുമില്ലല്ലോ..പിന്നെ കാശും സ്വർണവും ഒന്നും ചോദിച്ചില്ലെന്നും പറഞ്ഞ് അവളെയങ്ങനെ നടതള്ളി  വിടാൻ പറ്റോ…എനിക്ക് കുറച്ചു സമയം വേണം…അച്ഛൻ ഒന്ന് മനസിലാക്ക് ” 

അത്രയും പറഞ്ഞു കൊണ്ട് അച്ഛൻ പറയാൻ പോകുന്നതെന്താണെന്നു കൂടി  കേൾക്കാൻ നിൽക്കാതെ ഞാൻ കവലയിലേക്ക് നടന്നു.

*********************

“എന്താ അളിയാ നിനക്കിന്ന് ഇത്ര വലിയൊരു ചിന്ത…ഞങ്ങൾ അറിയാതെ വെല്ല പെമ്പിള്ളേരുമായി സെറ്റായോ…അല്ല പെയിന്റ് പണിക്ക് പോണ ആമ്പിള്ളേരെ പെമ്പിള്ളേർക്ക് ഒരു പ്രത്യേക  ഇഷ്ട്ടാണ്..അതോണ്ട് ചോദിച്ചതാ.. “

കവലയിലെ വായനശാലയിൽ കൂട്ടുകാരെല്ലാം വട്ടംകൂടിയിരുന്നു വർത്തമാനം പറയുമ്പോഴും എന്റെ ഉള്ളിൽ അച്ഛനും അമ്മയും പറഞ്ഞ കാര്യങ്ങളും പിന്നെ പെങ്ങളുടെ മുഖവും ആയിരുന്നു..എന്റെ ഇരുപ്പ് കണ്ട് കൂട്ടുകാരൻ അപ്പു അങ്ങനെ ചോദിച്ചപ്പോ എല്ലാവരും പെട്ടെന്ന് നിശബ്ദരായി..

ഞാൻ പറഞ്ഞു “ടാ  സരയൂനൊരു കല്യാണാലോചന..ചെക്കനും വീട്ടുകാർക്കും അവളെ  ഇഷ്ടായി….അവൾക്കും താല്പര്യം ഉണ്ട്..വീട്ടിലാണേ അച്ഛനും അമ്മയും ഇത് നടത്തണം എന്നാ പറയണേ പക്ഷെ പ്രശ്നം ന്താന്ന് വച്ചാ അവർക്ക് ഒരു മാസത്തിനകം തന്നെ കല്യാണം നടത്തണമെന്ന്. ചെക്കന് ലീവ് ഒരു മാസമേയുള്ളു…ഒരു മാസം കൊണ്ട് ഞാൻ എന്ത് ചെയ്യാനാടാ “

“അതാണോ കാര്യം…ടാ പെങ്ങളൊരുത്തിയെ കെട്ടിച്ചു വിട്ടവനാ ഞാനും..നിനക്ക് അറിയാവുന്നതല്ലേ..എല്ലാവരും കൈ നിറയെ കാശും വച്ചോണ്ടല്ല കല്യാണം നടത്തണത്..നീ ചെന്ന് അവളുടെ കല്യാണം ഉറപ്പിക്കാൻ നോക്ക്….ഞങ്ങൾ ഉണ്ടെടാ കൂടെ “

എന്നെ ചേർത്ത് പിടിച്ച് അപ്പു അങ്ങനെ പറഞ്ഞത് കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞതിനൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിപ്പോരുമ്പോൾ അച്ഛൻ പറഞ്ഞത് ഓർമ്മ വന്നു..കൂട്ടുകാരാണ് പോലും എന്നെ നശിപ്പിക്കുന്നത്…അച്ഛനെന്തറിയാം..

വായനശാലയിൽ നിന്ന് വീട്ടിലെത്തിയപ്പോ എന്നെയും കത്ത് അച്ഛനും അമ്മയും ഉണ്ട്…അമ്മാവനും…അമ്മാവനെ അമ്മ വിളിച്ച് വരുത്തിയിരിക്കുകയാണ്, കാര്യത്തിനൊരു തീരുമാനം ഉണ്ടാക്കാൻ…അകത്തേക്ക് കയറാനൊരുങ്ങിയ എന്നെ അമ്മാവൻ കലിപ്പിച്ചൊന്നു നോക്കി

“വിഷ്ണു എന്താ നിന്റെ തീരുമാനം..എന്തായാലും കേൾക്കണ്ടാ. ഈ കല്യാണം അമ്മാവന്റെ സ്ഥാനത്തു നിന്ന് ഞാൻ അങ്ങ് ഉറപ്പിക്കുവാ..നീയിങ്ങനെ കൂട്ടുംകൂടി കണ്ടിടം നിരങ്ങി നടന്നോ..ഒന്നും അറിയണ്ടല്ലോ.. ” 

അമ്മാവൻ ദേഷ്യത്തിലാണ്.

“അമ്മാവൻ ആവശ്യം ഇല്ലാത്തതൊന്നും പറയണ്ട. എന്തായാലും ഞാൻ ഉള്ളപ്പോ എന്റെ പെങ്ങള് ഒരിക്കലും കരയേണ്ടി വരില്ല. കല്യാണം ഞാൻ നടത്തും..”

അമ്മാവനോട് അത്രയും പറഞ്ഞിട്ട് അച്ഛനോട് ഞാൻ പറഞ്ഞു

“നാളെ അവരുടെ വീട്ടിലേക്ക് വിളിച്ച് അച്ഛൻ പറയ് കല്യാണം നടത്താമെന്നു. “

എന്റെ ആ സംസാരത്തിൽ ആർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. പിന്നെ കാര്യങ്ങളെല്ലാം വളരെ വേഗത്തിൽ നടന്നു. ഓരോ കാര്യത്തിനും കൂടെയോടിയതു കൂട്ടുകാരായിരുന്നു…കയ്യിൽ കാശില്ലാതെ വിഷമിച്ചിരുന്നപ്പോഴെല്ലാം, പെങ്ങളുടെ മുഖത്തെ സന്തോഷം മതിയായിരുന്നു എനിക്ക് സമാധാനിക്കാൻ. അവൾക്ക് വേണ്ടി ഇതൊക്കെ ചെയ്യാൻ ഞാനല്ലേയുള്ളു..അവൾ നന്നായി ജീവിക്കണം. സത്യത്തിൽ അവളുടെ കല്യാണം ഉറപ്പിച്ച നിമിഷത്തിലാണ് ഞാനെന്ന ആങ്ങള ജനിച്ചത്. അത് വരെയില്ലാതിരുന്നൊരു പക്വത വന്നത്..കുടുംബത്തോടുള്ള ഉത്തരവാദിത്തം എന്താണെന്ന് മനസിലായതൊക്കെ…

അവിടുന്നങ്ങോട്ടുള്ള എന്റെ മാറ്റങ്ങൾ കുടുംബകാർക്കൊക്കെ അത്ഭുതം തന്നെയായിരുന്നു. പണം പലിശക്കെടുത്തും, ബൈക്ക് വാങ്ങാൻ കൂടിയ ചിട്ടി വിളിച്ചെടുത്തും അവൾക്കുള്ള സ്വർണവും കല്യാണം നടത്താനുള്ള പണവും ഞാൻ ഒരുക്കി.

“മോനേ പന്തലിടാനുള്ള ആരേലും നീയറിയോ”

കല്യാണത്തിന് രണ്ടു ദിവസം മുൻപ്  അച്ഛൻ ചോദിച്ചപ്പൊ

“അത് ഞാൻ കഴിഞ്ഞയാഴ്ച തന്നെ മ്മടെ സുധാകരേട്ടനെ കണ്ട് ഏർപ്പാടാക്കി. വൈകിട്ട് വന്ന് പന്തലിടും “

അച്ഛൻ വീണ്ടും ചോദിച്ചു

“സദ്യയുടെ കാര്യം എങ്ങനാടാ? “

“അത് കല്യാണം ഉറപ്പിച്ച പിറ്റേ ദിവസം ഞാനും അപ്പുവും കൂടി പോയി സൂര്യ കാറ്ററിങ്ങിൽ പറഞ്ഞു. ആയിരംപേർക്കുള്ള സദ്യ ഞാൻ പറഞ്ഞിട്ടുണ്ട്. അച്ഛൻ ടെൻഷൻ ആവണ്ട ഒക്കെ ഞാൻ നോക്കിക്കോളാം”

സത്യത്തിൽ ഞാൻ പറഞ്ഞതൊക്കെ കേട്ട് അച്ഛന് അത്ഭുതമാണ് തോന്നിയത്..കുടുംബം നോക്കാതെ കറങ്ങി നടന്നവനെത്ര പെട്ടന്നാണ് ഉത്തരവാദിത്തങ്ങളിലെക്ക് മാറിയത് എന്നോർത്താവും..

ഒടുക്കം കല്യാണം വീട്ടു പടിക്കൽ എത്തിയ ശനിയാഴ്ച, കല്യാണത്തലേന്നു ഓരോ കാര്യങ്ങളും ചെയ്തും ചെയ്യിപ്പിച്ചും കല്യാണപന്തലിൽ ഓടി നടക്കുമ്പോൾ, സന്തോഷത്തിന് പുറമെ എന്തോ ഒരു സങ്കടം ഉള്ളിൽ നുരയുന്നത് പോലെ…അകത്തു ചിരിച്ചു കളിച്ച് ഓടി നടക്കുന്ന അനിയത്തിയെ കണ്ടതപ്പോഴാണ്..അപ്പോഴാണ്  ഓർമ്മ വന്നത് നാളെ കഴിഞ്ഞാൽ ഇത് അവളില്ലാത്ത വീടാണല്ലോ….

പണികളെല്ലാം കഴിഞ്ഞു ഓരോരുത്തരായി ഉറക്കത്തിലേക്ക് വീണ് തുടങ്ങുമ്പോഴും ഞാനും അപ്പുവും സിദുവും വിവേകും ഓഡിറ്റോറിയത്തിലെ അവസാന മിനുക്ക്‌ പണികളിയായിരുന്നു. വെളുപ്പിന് നാല് മണിയായി ഒന്ന് കണ്ണടച്ചപ്പോൾ.

അഞ്ചരയ്ക്ക് എഴുന്നേറ്റു കല്യാണമാലകളും ചെണ്ടും, ദക്ഷിണയ്ക്കായുള്ള വെറ്റിലയും പാക്കും പിന്നെ സരയൂനൊഴികെ ബാക്കിയുള്ളവർക്കുള്ള മുല്ലപ്പൂവും വാങ്ങി വീടെത്തിയപ്പോ എല്ലാവരുടെയും ഒരുക്കങ്ങൾ കഴിഞ്ഞിരുന്നു. വിയർത്തു കുളിച്ച് മുഷിഞ്ഞു ആകെ പരുവമായിട്ടുണ്ടായിരുന്നു അപ്പോഴേക്കും. ഒരിറക്ക് കട്ടൻ ചായ കുടിക്കാനെടുക്കുമ്പോഴാണ് അമ്മ വന്ന് പറഞ്ഞത്

“നീ പോയി കുളിച്ചിട്ട് വന്നേ അവിടെ ദക്ഷിണ കൊടുക്കാൻ തുടങ്ങി. “

കുടിക്കാനെടുത്ത ചായ അവിടെ തന്നെ വച്ചു വേഗം കുളിച്ചു പുതിയ ഷർട്ടും മുണ്ടുമൊക്കെ ധരിച്ചു ചെല്ലുമ്പോൾ എല്ലാവരും എന്നെയും കാത്തു നിൽപ്പാണ്

“ഏട്ടന് ആദ്യം കൊടുത്തിട്ടേ ബാക്കിയുള്ളവർക്ക് ദക്ഷിണ കൊടുക്കൂന്നു പറഞ്ഞു നിക്കുവാ പെങ്ങള്.. “

വല്യമ്മ ചിരിച്ചു കൊണ്ടത് പറഞ്ഞപ്പോൾ എന്റെ  കണ്ണുകൾ നിറഞ്ഞു…തളിർ വെറ്റിലയിൽ പാക്കും ഒറ്റരൂപയും ചേർത്ത് എന്റെ കയ്യിലേക്ക് തന്ന് അവളെന്റെ കാൽ തൊട്ട് വണങ്ങുമ്പോൾ എത്ര പെട്ടന്നാണ് അവളൊരു വലിയ കുട്ടിയായതെന്നു തോന്നിയെനിക്ക്.

താലി കെട്ടു കഴിഞ്ഞു അമ്മാവൻ അവളുടെ കൈ പിടിച്ച് ആനന്ദിനെ ഏൽപ്പിക്കുന്നത് കണ്ട് സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകൾ മുണ്ടിന്റെ കോന്തല കൊണ്ട് തുടച്ച് ഞാൻ കലവറയിലേക്ക് നടന്നു. സദ്യവട്ടങ്ങൾക്ക് നടുവിൽ ഒരു വിളമ്പുകാരനായും കാര്യക്കാരനായും ഞാൻ ഓടി നടന്നു. ഇടയ്ക്ക് ഇടയ്ക്ക് ഫോട്ടോ എടുക്കാനും പോകേണ്ടി വന്നു..സദ്യക്ക് പായസം വിളമ്പി നിൽക്കുമ്പോഴാണ് അമ്മാവൻ ഓടി വന്ന് പറഞ്ഞത്

“വിഷ്ണു..മോനേ ദാ ചെക്കനും പെണ്ണും ഇറങ്ങാൻ നിൽക്കുന്നു. നീയീ മുടിയൊക്കെ ഒന്നൊതുക്കി ആ മുഖമൊക്കെ ഒന്ന് തുടച്ചിട്ട് വന്നേ..അവരെ യാത്രയാക്ക് ” 

അതും പറഞ്ഞു അമ്മാവൻ എന്റെ കയ്യിൽ പിടിച്ചു വലിച്ച് നടക്കാൻ തുടങ്ങി ഒരു കൈ കൊണ്ട് മുടി മാടിയൊതുക്കി മുണ്ടിന്റെ തുമ്പ് കൊണ്ട് മുഖം തുടച്ചു ഞാൻ ചെല്ലുമ്പോൾ, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി എന്റെ പെങ്ങള് എന്നെ നോക്കി നിൽക്കുവാണ്. അത്രയും നേരം പിടിച്ചു നിർത്തിയ കണ്ണീര് പൊട്ടിയൊഴുകിയത് പെട്ടന്നായിരുന്നു. എന്നെ കെട്ടിപിടിച്ചു ഏങ്ങിക്കരയുന്ന അവളെ നെഞ്ചിൽ നിന്നടർത്തി മാറ്റി അവളുടെ തലയ്ക്കിട്ടൊന്നു കിഴുക്കിയിട്ട് ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു

“ഇന്നത്തോടെ നിന്റെ ശല്യം തീരുമല്ലോ..സമാധാനമായി..ഇനീപ്പോ ചിക്കൻ കറി വെക്കുമ്പോ ലെഗ് രണ്ടും എനിക്ക്…ല്ലേ അമ്മേ” 

ചിരിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും അവസാനം ഞാൻ പൊട്ടിക്കരഞ്ഞു പോയി. അവളും..ഒടുക്കം  വിരുന്നിനു വന്ന് നിൽക്കാല്ലോ എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു അവളുടെ നെറുകയിൽ ഒരുമ്മ കൂടി കൊടുത്തിട്ട് അവരെ യാത്രയാക്കി വീണ്ടും പണികളിലേക്കും തിരക്കുകളിലേക്കും തിരിഞ്ഞു ഞാൻ…

കല്യാണത്തിന്റെ  ആരവങ്ങളെല്ലാമൊഴിഞ്ഞു കുറച്ചു ബന്ധുക്കളും കൂട്ടുകാരും മാത്രം അവശേഷിച്ച രാത്രി, ഉമ്മറത്തൂണിൽ ചാരി കണ്ണുകൾ അടച്ച്  നടു നിവർത്തുമ്പോഴാണ് അച്ഛൻ വന്ന് അടുത്തിരുന്ന് നെറുകയിൽ തലോടിയത്.

“അകത്തു പോയി കിടന്നൂടെ നിനക്ക് കുറച്ചു നേരം. ബാക്കിയൊക്കെ നാളെയാവാം “

അച്ഛൻ പറഞ്ഞു. പറയുമ്പോൾ അച്ഛൻ വിതുമ്പുന്നുണ്ട്

“എന്താ അച്ഛാ…അവളില്ലാത്തത് കൊണ്ടാ അച്ഛന് ഇത്ര സങ്കടം. സാരമില്ല എന്നാണെകിലും വേണ്ടതല്ലേ. പിന്നെ ഞാൻ ഈ കല്യാണത്തിന് ആദ്യം മടി കാണിച്ചത് വേറൊന്നും കൊണ്ടല്ല അച്ഛാ..അത്രയും നാള് കൂടി അവളീ വീട്ടിൽ ഉണ്ടാവൂല്ലോ എന്നോർത്താ..അല്ലാതെ കുടുംബം നോക്കാൻ ഇഷ്ടം ഇല്ലാഞ്ഞിട്ടോ കുടുംബത്തോട് ഉത്തരവാദിത്തമില്ലാഞ്ഞിട്ടോ അല്ല. അച്ഛൻ എപ്പോഴും കുറ്റപ്പെടുത്താറുള്ള എന്റെയാ കൂട്ടുകാരില്ലേ. എല്ലാവർക്കും ഇതേ പോലെ പെങ്ങന്മാരുണ്ട്. അവരുടെ കല്യാണങ്ങൾക്ക് ഓടി നടന്നു ഓരോന്ന് ചെയ്യുമ്പോഴെല്ലാം  സരയു മോളെ ഓർക്കും. അവളെയും കെട്ടിച്ചു വിടുന്നതോർക്കും….അങ്ങനെയൊക്കെ ഓടി നടന്നത് കൊണ്ട് തന്നെയാണച്ഛാ അവളുടെ കല്യാണം  ഭംഗിയായി നടത്താൻ പറ്റിയത് “

ഞാൻ പറഞ്ഞതൊക്കെ കേട്ട് അച്ഛനൊന്നു മൂളി…പിന്നെ മെല്ലെയെഴുന്നേറ്റ് അകത്തേക്ക് നടന്നു. ഇടയ്ക്കൊന്നു തിരിഞ്ഞു നിന്ന് എന്നോട് പറഞ്ഞു

“ആവശ്യമില്ലാതെ നിന്നെ ഒത്തിരി കുറ്റപ്പെടുത്തിയിട്ടുണ്ട് അച്ഛൻ. കുടുംബത്തോട് ഉത്തരവാദിത്തമില്ലാത്തവനെന്നു കരുതി…ചിന്തിച്ചതും ധരിച്ചതുമൊക്കെ തെറ്റായിരുന്നു എന്ന് അച്ഛന് ഇപ്പോഴാണ് മനസിലായത്… “

ഞാൻ അച്ഛനെ നോക്കി കണ്ണുകൾ നിറച്ചൊന്നു ചിരിച്ചു. അച്ഛനെന്നെ നോക്കിയും. അച്ഛൻ നടന്നു പോകുന്നതും നോക്കി ആ ഉമ്മറത്തൂണിൽ ചാരി ഇരിക്കുമ്പോൾ  അച്ഛനോട് ബന്ധുക്കളിലാരോ പറയുന്നത് ഞാൻ കേട്ടു 

“ഒക്കെ ഭംഗിയായി കേട്ടോ..ന്നാലും  അവൻ..അവനൊറ്റയ്ക്ക് നിന്നല്ലേ പെങ്ങളുടെ കല്യാണം നല്ല അന്തസ്സായി നടത്തീത്…ആരേലും വിചാരിച്ചോ…സഹദേവൻ ചേട്ടൻ ഭാഗ്യമുള്ളവനാ..വിഷ്ണുനെപ്പോലൊരു മോനേ കിട്ടിയില്ലേ..”

അച്ഛന്റെ മറുപടിയും “നല്ല ആൺമക്കളെ കിട്ടാൻ പുണ്യം ചെയ്യണമെടോ..ഞാനാ പുണ്യം ചെയ്തിട്ടുണ്ട്”

എന്റെ കണ്ണുകൾ നിറഞ്ഞു. കാരണം ഒരു മകനെന്ന നിലയിൽ ആ ഒരു വാക്കിൽ കൂടുതൽ എനിക്കൊന്നും നേടാനില്ലായിരുന്നു ജീവിതത്തിൽ…  

~ബിന്ധ്യ ബാലൻ