അവന്റെ മനസിലിരുപ്പ് മാലതി മുഖത്തുനോക്കി പറഞ്ഞപ്പോൾ നന്ദുവിന് അവളോട് ദേഷ്യം തോന്നി…

ഭാഗ്യം

എഴുത്ത്: ദേവാംശി ദേവ

=================

“ആരാ…”

വാതിൽ തുറന്ന് പുറത്തേക്ക് വന്ന നിമ മുറ്റത്ത് നിൽക്കുന്ന ചെറുപ്പകാരനോട് ചോദിച്ചു..

“ഇവിടുത്തെ ജോലിക്കാരി മാലതിയെ കാണാൻ വന്നതാണ്. ഇവിടെ ഇല്ലേ..”

“ഉണ്ട്..പക്ഷെ മാലതി ഇവിടുത്തെ ജോലിക്കാരിയല്ല..എന്റെ അമ്മയാണ്.”

“ഞാൻ അവരുടെ മകനാണ്.” പുച്ഛത്തോടെ അവൻ പറഞ്ഞത് കേട്ടതും അവളൊന്ന് ഞെട്ടി…പിന്നെ വേഗം അടുക്കളയിലേക്ക് നടന്നു.

“മാലുമ്മ..”

“ആരാ നിമകുട്ടി വന്നത്..കോളിംഗ് ബെൽ കേട്ടല്ലോ” ചൂടായ വെളിച്ചെണ്ണയിലേക്ക് മസാല പുരട്ടിയ മീൻ ഇട്ടുകൊണ്ട് മാലതി ചോദിച്ചു.

“അത്..മാലുമ്മയെ കാണാനാ..”

“എന്നെ കാണാനോ..ആര്. സ്റ്റെല്ലയാണോ”

“അത്..മാലുമ്മയുടെ മോൻ ആണെന്നാ പറഞ്ഞത്.”

തന്റെ വാക്കുകൾ മാലതിയിൽ ഉണ്ടായ മാറ്റങ്ങൾ വായിച്ചെടുക്കാൻ ശ്രെമിക്കുകയായിരുന്നു നിമയപ്പോൾ..പക്ഷെ അവൾ തോറ്റുപോയി..കാരണം മാലതിയിൽ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഉണ്ടായില്ല.

നിമയെ ഒന്ന് നോക്കിയ ശേഷം ഇടുപ്പിൽ കുത്തിയിരുന്ന സാരിത്തുമ്പ് അഴിച്ചുകൊണ്ട് മാലതി പുറത്തേക്ക് നടന്നു..

“മാലുമ്മ…” നിമയുടെ വിളികേട്ട അവൾ  തിരിഞ്ഞു നോക്കി.

“മാലുമ്മ പോവോ മോനോടൊപ്പം.” അത് ചോദിക്കുമ്പോൾ നിമയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“എന്റെ നിമകുട്ടിയെ വിട്ട് മാലുമ്മ എങ്ങോട്ട് പോകാനാ..” അവളുടെ അവിളിൽ മെല്ലെ തട്ടിക്കൊണ്ട് മാലതി ഉമ്മറത്തേക്ക് ചെന്നു.

“ആരാ..” അവളുടെ ചോദ്യം കേട്ടതും നന്ദു തിരിഞ്ഞു നോക്കി..

“അമ്മ…..” അവന്റെയാ വിളി കേട്ടതും അവൾ രൂക്ഷമായി അവനെയൊന്ന് നോക്കി..അ നോട്ടത്തിൽ താൻ കത്തി ചാമ്പലാകുമെന്ന് അവന് തോന്നി..

“ചെറിയമ്മ…” അവൻ മാറ്റി വിളിച്ചതും മാലതി പുച്ഛത്തോടെ ചിരിച്ചു കൊണ്ട് അവനെ നോക്കി.

“എന്താ നിനക്ക് വേണ്ടത്.”

“ചെറിയമ്മ..ഞാനും അച്ഛനും എത്ര നാളായി ചെറിയമ്മയെ അന്വേഷിക്കുന്നുണ്ടെന്നോ..എവിടെയൊക്കെ തിരഞ്ഞു…”

“ആണോ..എന്താണാവോ കാര്യം.”

“ഞാനും അച്ഛനും ചെറിയമ്മയോട് ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്.
ഞങ്ങളോട് ക്ഷെമിക്കണം..ചെറിയമ്മ എന്റെ കൂടെ വരണം..തറവാട്ടിൽ അച്ഛനോടൊപ്പം ഇനിയെന്നും ചെറിയമ്മ വേണം.”

“അത് നടക്കില്ല നന്ദു..നിന്റെയും നിന്റെ അച്ഛന്റെയും കൂടെ ജീവിക്കാൻ ഞാൻ തയാറല്ല..എന്നെ അന്വേഷിച്ച് നീ സ്റ്റെല്ലയുടെ അടുത്ത് ചെന്നപ്പോൾ അവൾ പറഞ്ഞതല്ലേ എന്റെ തീരുമാനം. പിന്നെ എന്തിനാ ഇങ്ങോട്ടേക്ക് വന്നത്.”

“ഞാൻ പറഞ്ഞല്ലോ..അച്ഛനും ഞാനും ചെയ്ത തെറ്റുകൾ തിരുത്താൻ..അതിന് ഞങ്ങൾക്കൊരു അവസരം തരണം.”

“നിനക്ക് എങ്ങനെ പറ്റുന്നു നന്ദു ഇങ്ങനെ മുഖത്തുനോക്കി കള്ളം പറയാൻ..നിനക്കും നിന്റെ ഭാര്യക്കും അമേരിക്കയിൽ പോയി സെറ്റിൽ ആവണം..അതിന് നിന്റെ അച്ഛനൊരു ബാധ്യതയാണ്. വല്ല വൃദ്ധസദനത്തിലും നിർത്താമെന്നുവെച്ചാൽ സ്വത്തുക്കളൊക്കെ ഇപ്പോഴും നിന്റെ അച്ഛന്റെ പേരിൽ തന്നെയാണ്…അല്ലേ..അപ്പൊ ഇലക്കും മുള്ളിനും കേടില്ലാതെ കാര്യം നടക്കണം..അതിന് ഞാൻ വന്ന് തറവാട്ടിൽ നിന്ന് നിന്റെ അച്ഛൻ മരിക്കും വരെ അയാളെ നോക്കണം..ഇതല്ലേ നിന്റെ ഉദ്ധ്യേശം..അതിന് എന്നെ കിട്ടില്ല.”

അവന്റെ മനസിലിരുപ്പ് മാലതി മുഖത്തുനോക്കി പറഞ്ഞപ്പോൾ നന്ദുവിന് അവളോട് ദേഷ്യം തോന്നി.

“നിങ്ങൾ ഇപ്പോഴും നിയമപരമായി എന്റെ അച്ഛന്റെ ഭാര്യയാണ്..ഇപ്പോ എന്റെ കൂടെ വന്നില്ലെങ്കിൽ എനിക്ക് നിങ്ങളെ നിയമപരമായി നേരിടാൻ അറിയാം.” നന്ദു അടുത്ത നിമിഷം യഥാർത്ഥ നന്ദുവായി മാറി..എന്നാൽ അവന്റെ മുഖത്തേക്ക് കൈ വീശി അടിച്ചുകൊണ്ടാണ് മാലതി അതിന് മറുപടി പറഞ്ഞത്.

“നിയമപരമായി നേരിടുമ്പോൾ ഇതുകൂടി ചേർത്ത് നേരിട്ടോ..ഇപ്പോ നീ ഈ മുറ്റത്തുനിന്ന് ഇറങ്ങിപോകാൻ നോക്ക്..” മാലതി അകത്തേക്ക് കയറി വാതിൽ വലിച്ചടച്ചു..

“മാലുമ്മ…ഞാൻ പേടിച്ചു പോയി..മാലുമ്മ എന്നെ വിട്ട് പൊകുമെന്ന്.” നിമയോടിവന്ന് അവളെ കെട്ടിപിടിച്ചു.

നിമയെ ചേർത്തുപിടിച്ചു കൊണ്ട് മാലതി എതിരെയുള്ള കണ്ണാടിയിൽ തന്റെ പ്രതിരൂപം നോക്കി..തനിക്കെതിരെ നിൽക്കുന്നത് മാലിനിയാണെന്ന് അവൾക്ക് തോന്നി.

മാലിനിയും മാലതിയും..ഇരട്ടകുട്ടികൾ..ജനിച്ചപ്പോഴേ അമ്മയെ നഷ്ടമായവർ. ആ കുറവ്‌ അറിയിക്കാതെ കഷ്ടപ്പെട്ടാണ് അച്ഛൻ അവരെ വളർത്തിയത്. പഠിക്കാൻ മോശമായിരുന്ന മാലിനിയെ പതിനെട്ട് വയസ്സിൽ തന്നെ വിവാഹം കഴിപ്പിച്ച് അയച്ച ശേഷം പഠിക്കാൻ മിടുക്കിയായ മാലതിയെ പഠിപ്പിച്ചു.

ഏതോ ബ്രോക്കറുടെ കൈയ്യിൽ നിന്ന് മാലിനിയുടെ ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ട അനന്ദൻ എന്ന കോടീശ്വരൻ വിവാഹം ആലോചിച്ച് വന്നു. അവരുടെ വിവാഹവും കഴിഞ്ഞു. എന്നാൽ അമ്മയുടെ വിധി തന്നെയായിരുന്നു മാലിനിക്കും. പ്രസവത്തോടെ അവൾ എല്ലാവരെയും വിട്ടു പോയി. അതോടെ മാലതിയുടെ വിധിയും മാറ്റി എഴുത്തപ്പെട്ടു.

പഠിത്തം നിർത്തി അവൾക്ക് ചേച്ചിയുടെ കുഞ്ഞിന് വേണ്ടി അനന്ദന്റെ ഭാര്യയാകേണ്ടി വന്നു. അവൾക്കൊട്ടും ഇഷ്ടമല്ലാഞ്ഞിട്ടുകൂടി നന്ദുവിനു വേണ്ടി വിവാഹത്തിന് സമ്മതിച്ചു.

നന്ദുവിനെ അവൾക്ക് ജീവനായിരുന്നെങ്കിലും ആനന്ദൻ അവളെ ഭാര്യയായോ നന്ദുവിന്റെ അമ്മയായോ അംഗീകരിച്ചില്ല..കുഞ്ഞിനെ നോക്കാനുള്ള ആയമാത്രമായിരുന്നു അയാൾക്ക് അവൾ. വളരും തോറും നന്ദുവും അവളിൽ നിന്നും അകന്നുകൊണ്ടിരുന്നു.

അവൻ പത്തിൽ പഠിക്കുമ്പോളാണ് മാലതിയുടെ അച്ഛൻ മരിക്കുന്നത്. ചടങ്ങൊക്കെ കഴിഞ്ഞ് തിരികെ പോകുമ്പോൾ അനന്ദനും നന്ദുവും അവളെ കൂടെ കൂട്ടിയില്ല…അവർക്ക് അവളെ വേണ്ടെന്ന് പറഞ്ഞു..നന്ദുവിനെ കെട്ടിപിടിച്ച് അവൾ ഒരുപാട് കരഞ്ഞെങ്കിലും അവളെ തളളിമാറ്റി അവനന്ന് അനന്തന്റെ കൂടെ പോയി. പലവട്ടം അവൾ നന്ദുവിനെ കാണാനും സംസാരിക്കാനും ശ്രെമിച്ചെങ്കിലും നന്ദു അതിന് താല്പര്യം കാണിച്ചില്ല.

“നിങ്ങൾ എന്തിനാ എന്റെ പുറകെ നടക്കുന്നത്..നിങ്ങളെന്റെ അമ്മയൊന്നും അല്ലല്ലോ..ചെറിയമ്മയല്ലേ..എനിക്കും അച്ഛനും നിങ്ങളെ വേണ്ട..ഇനി ഞങ്ങളെ ശല്യം ചെയ്യരുത്.” മാലതിയെ വീട്ടിൽ നിന്നും ഇറക്കി വിട്ട് അവൻ വാതിൽ വലിച്ചടച്ചു..അതായിരുന്നു അവസാനത്തെ കൂടിക്കാഴച.

അകെ തകർന്നുപോയവളെ കൈ പിടിച്ചുയർത്തിയത് സ്റ്റെല്ലയെന്ന കൂട്ടുകാരിയായിരുന്നു.

സ്റ്റെല്ലയുടെ കസിൻ ആയിരുന്നു അലോഷി..ഒരു അനാദാലയത്തിൽ നിന്നായിരുന്നു അലോഷി വിവാഹം കഴിച്ചത്..അവർക്കൊരു പെൺകുഞ്ഞും പിറന്നു..എന്നാൽ അധിക കാലം അവർക്ക് ആ കുഞ്ഞിനോടൊപ്പം ജീവിക്കാനുള്ള ഭഗ്യമുണ്ടായില്ല. ഒരാക്സിഡന്റിൽ അലോഷിയും ഭാര്യയും മരിച്ചു..അലോഷിയുടെ അമ്മയെയും മോളെയും നോക്കാനായിരുന്നു സ്റ്റെല്ലയോടൊപ്പം മാലതി അവിടേക്ക് വന്നത്.

ഇന്ന് നിമക്ക് അവൾ വേലക്കാരിയല്ല..അമ്മയാണ്..

“അതെ..ഇങ്ങനെ നിന്നാൽ മതിയോ..ഊണ് കഴിക്കണ്ടേ..” തന്നിൽ നിന്ന് നിമയെ അടർത്തി മാറ്റികൊണ്ട് അവൾ ചോദിച്ചു.

“അമ്മ വാരി തരണേ..”

“അല്ലെങ്കിൽ എന്നാ എന്റെ മടിച്ചി പാറു സ്വന്തമായി കഴിച്ചിട്ടുള്ളത്.” നിമയെയും ചേർത്തുപിടിച്ച് അടുക്കളയിലേക്ക് നടക്കുമ്പോൾ മാലതി ഈശ്വരനോട് നന്ദി പറയുകയായിരുന്നു..

നിമ എന്ന ഭാഗ്യത്തെ അവൾക്ക് നൽകിയതിന്.