ആ നോട്ടത്തിലെ നക്ഷത്രത്തിളക്കങ്ങളേ തീർത്തും അവഗണിച്ച്, അവനുമൊന്നിച്ച് അയാൾ അകത്തേക്കു നടന്നു…

കൊതിമണങ്ങൾ….

എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്

=======================

ഇരുളു വീണ നാട്ടുവഴി നിശബ്ദത പുതച്ചു നെടുനീളെ കിടന്നു. കരിയിലകളെ ചവുട്ടിയരച്ച്, ബീഡിക്കനലെരിയിച്ച്, മൈക്കാട് പണിക്കാരൻ ഗോപി മുന്നോട്ടു നടന്നു. വഴിയവസാനിക്കുന്നിടത്തു, പാടശേഖരങ്ങൾക്കു തുടക്കമിടുന്നു. വയലിന്നതിരായി നിന്ന ഇത്തിരി മണ്ണിൽ, ഇരുട്ടിൽ വിലയം പ്രാപിച്ച് ആ വീടങ്ങനെ നിലകൊണ്ടു. ചെത്തിത്തേയ്ക്കാത്ത ചുവരുകളും, ചാക്കു മൂടിയ ജാലകങ്ങളും, ഉമ്മറത്തെ അന്തിത്തിരിയെരിയുന്ന കരിപിടിച്ച ഓട്ടുവിളക്കിൻ്റെ നാളത്തിൽ, പതിയേ തെളിയുന്നു.

അയാൾ ഉമ്മറമുറ്റത്തു വന്നു, ഒരു നിമിഷം നിന്നു. ബീ ഡിയുടെ അവസാന പുകയും വിഴുങ്ങി,  ഒന്നു മുരടനക്കി. അകലേക്കു കാർക്കിച്ചു തുപ്പി. പുറത്തേ ചലനങ്ങളുടെ അനന്തരഫലമായി, തകരവാതിൽ തുറന്ന്, ഒരു പത്തുവയസ്സുകാരൻ പുറത്തേക്കു വന്നു. അവൻ്റെ നോട്ടം മുഴുവൻ, അച്ഛൻ്റെ കയ്യിലെ കറുത്ത പ്ലാസ്റ്റിക്ക് കവറിലേക്കായിരുന്നു. ആ നോട്ടത്തിലെ നക്ഷത്രത്തിളക്കങ്ങളേ തീർത്തും അവഗണിച്ച്, അവനുമൊന്നിച്ച് അയാൾ അകത്തേക്കു നടന്നു.

അവൻ, അയാളുടെ വലതുകൈപ്പത്തി മുഖത്തോടു ചേർത്തു.

ആഹാ, ഒത്തിരി നാൾ മുൻപ്,  ഏതോ വിവാഹസദ്യയിൽ വയറുനിറച്ചു കഴിച്ച മാം സവിഭവത്തിൻ്റെ ഗന്ധം. പോ ത്തോ, കോ ഴിയോ??? ഏതെന്നറിയില്ല, എങ്കിലും, ഒന്നറിയാം. അച്ഛൻ്റെ മടങ്ങിവരവുകൾക്ക് അകമ്പടിയായി, എന്നും അവൻ്റെ രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്ന ഗന്ധമുണ്ടായിരുന്നു.

“അമ്മ, എന്ത്യേ ടാ?”

ഗോപിയുടെ പരുക്കൻ ശബ്ദമുയർന്നു.

“അകത്തുണ്ടച്ഛാ, തയ്ക്കുകയാണ്”

മകൻ്റെ മറുപടി.

അവരിരുവരും മുറിയകത്തേക്കു കയറി. മഞ്ഞച്ച വെളിച്ചം വിതറുന്ന നാൽപ്പതു വാൾട്ട് ബൾബിൻ്റെ വെളിച്ചത്തിൽ, അവൾ തയ്യൽ തുടരുകയായിരുന്നു.

അയാൾ, പ്ലാസ്റ്റിക് പൊതി അവളുടെ തയ്യൽ മേശയിലേക്ക് നീട്ടിയിട്ടു.

“ചാളയാണ്; വറുക്കണം. വെളിച്ചെണ്ണയില്ലാന്നുള്ള ന്യായങ്ങൾ കേൾക്കരുത്. തയ്ച്ച് നീ കുറേ ഉണ്ടാക്കുന്നുണ്ടെന്നറിയാം. ഇതു വറുത്തിട്ടു മതി, നാട്ടുകാരുടെ മുണ്ടും, കോ ണോം തയ്ക്കാൻ”

അയാൾ, അരയിൽ നിന്നും ഒരു ചതുരാകൃതിയിലുള്ള കുപ്പി പുറത്തെടുത്തു. അതിൽ ടാറിൻ്റെ നിറമുള്ള മ* ദ്യമായിരുന്നു. ജീർണ്ണതയുടെ ഗന്ധം നിറഞ്ഞ മുറിയിലെ ചുവരലമാരിയുടെ അസ്ഥിപഞ്ജരത്തിൽ,  അയാളാ കുപ്പിയെടുത്തു വച്ചു. ഷർട്ടും, അടിവസ്ത്രവും അവർക്കു മുന്നിൽ വച്ചു തന്നേ ഊരിയൊരു മൂലയിലേക്കെറിഞ്ഞു. ജീർണ്ണത പൂർണ്ണമായി. പിന്നേ, കരിവെള്ളം നിറച്ച കുപ്പിയിൽ നിന്നും, മ *ദ്യമെടുത്ത് പുകപിടിച്ചു മങ്ങിയപോലുള്ള ചില്ലുഗ്ലാസിൽ നിറയേ പകർത്തി മടുമടാ വിഴുങ്ങി.

ഒരു തുടം വെള്ളം കുടിച്ചു. കുപ്പിയും ഗ്ലാസും വെള്ളവും യഥാസ്ഥാനത്തു വച്ച് ഉമ്മറത്തേക്കു നടന്നു.

കുട്ടി അയാളെ അനുഗമച്ചു. ചാളമണം പേറുന്ന കവറുമായി അവൾ അടുക്കളയിലേക്കും നടന്നു. എല്ലാത്തിനും സാക്ഷിയായി, അകമുറിയുടെ വാതിലായിത്തീർന്ന, ഏതോ പാർട്ടിയുടെ ഫ്ലക്സിലെ നേതാവു ചിരിച്ചു.

ബാക്കിയുള്ള ബീ ഡികൾ ഉമ്മറത്തിരുന്നാണ് തീർക്കുക. അച്ഛനരികിൽ നിന്നും തെല്ലുമാറി കുട്ടിയിരുന്നു. അച്ഛനേ അതേ നല്ലമണം. അച്ഛൻ്റെ വൈകുന്നേരങ്ങൾക്ക് ഒരേ ഗന്ധമാണ്. അമ്മ പറയുന്നത് അതു ‘തട്ടുകട’യുടെ ഗന്ധമെന്നാണ്. ബീ ഡിപ്പുകയിൽ ചേർന്നലിഞ്ഞ തട്ടുകട ഗന്ധം. ബീ ഡിക്കനലുകളെരിഞ്ഞു. കഫക്കട്ടകൾ മുറ്റത്തു ചിതറി വീണുകൊണ്ടിരുന്നു.

ഇടയ്ക്കെപ്പോഴോ, അമ്മ അവനെ ഊണുകഴിക്കാൻ വിളിച്ചു. അടുക്കളയിൽ റേഷനരിച്ചോറിലെ കറുത്ത വറ്റും പെറുക്കി, ശരിക്കും മൊരിയാത്ത മീനും കൂട്ടി അവനുണ്ടു. അവൻ്റെ രുചിതേടലുകൾ അച്ഛൻ്റെ ‘തട്ടുകട’ ഗന്ധങ്ങളിൽ തടഞ്ഞു നിന്നു. അവൻ മുറിയിലേക്കു മടങ്ങി.

ചെറിയ കട്ടിലിലും, താഴേയും പായ വിരിച്ചിട്ടുണ്ട്. താഴെയാണ് അവൻ കിടക്കാറ്. അവനങ്ങനേ ഉറക്കം കാത്തുകിടക്കുമ്പോൾ,  അച്ഛൻ വീണ്ടും മുറിയിലേക്കു കടന്നു വന്നു. ‘കരിവെള്ളം’ നിറച്ച കുപ്പി മുക്കാലും തീർത്തു. ഇനി, അത്താഴത്തിനുള്ള ഒരുക്കമാണ്.

“ഡീ, എന്നും ചോറ്റീന്നു മുടിയാണല്ലോ?ഇത്, തലേൽത്തെ മുടി തന്നെയാണോ?
ചുരുണ്ടിരിക്കണല്ലോ”

പിന്നേ, പതിവായി അച്ഛൻ പറയാറുള്ള തെറിപ്പദങ്ങൾ. ഈ വാക്കുകളുടെ അർത്ഥമെന്താണ്? ആർക്കറിയാം.

സമയം പിന്നേയും കടന്നുപോകുന്നു. മുറിയിൽ അമ്മ വന്നിട്ടുണ്ട്. കുട്ടി മിഴികളടച്ചു കിടന്നു. അമ്മയുടെ കുളി കഴിഞ്ഞിരിക്കുന്നു. സോപ്പു മണം. അവൻ, പതിയേ ഉറക്കത്തിലേക്കു കടന്നു.

ഏതു സ്വപ്നമാണുണർത്തിയത്?തീർച്ചയില്ല. കട്ടിലുലയുന്നുണ്ട്. അച്ഛൻ്റെ കിതപ്പു നിറഞ്ഞ മന്ത്രണങ്ങളിൽ മുഴുവൻ നേരത്തേ പുലമ്പിയ തെറിവാക്കുകൾ നിറയുന്നു. പക്ഷേ, അതിനിപ്പോൾ മറ്റൊരു ഭാവമാണ്. അമ്മയുടെ പുലമ്പലുകൾ വ്യക്തമാകുന്നില്ല. അവൻ വാതിൽക്കലേക്കു തിരിഞ്ഞുകിടന്നു. ഫ്ലക്സിലേ നേതാവ് അപ്പോളും, പുഞ്ചിരിക്കുന്നതായി കൂരിരുട്ടിലും അവനറിഞ്ഞു.

അവൻ, കാത്തു. ഇനിയും വരാത്ത നിദ്രയേ. കട്ടിൽ ശാന്തമായിരുന്നു. മുറിയിലപ്പോഴും ഒരു ‘തട്ടുകട’ ഗന്ധം ശേഷിക്കുന്നതായി കുട്ടിക്കു തോന്നി. കൊതിയുണർത്തുന്ന ഗന്ധം.