കിടപ്പുമുറിയിലെ അവഗണനകൾക്ക് അന്ത്യമില്ലായിരുന്നു. സ്വന്തം ലാപ്ടോപ്പിൽ, വെളുത്ത സുന്ദരികളുടെ….

ശ്യാമം…

എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്

======================

“സുരേഷേട്ടാ, ഓട്ടോ വന്നൂ ട്ടാ, ഇത്തിരി വേഗമാകണം”

അടഞ്ഞുകിടന്ന ബാത്ത്റൂമിനു മുന്നിൽ വന്നുനിന്ന്, ഷീബ വിളിച്ചുപറഞ്ഞു. കുളിമുറിയിൽ നിന്നും, തോർത്തു കുടയുന്ന ശബ്ദം കേട്ടു.

“ദാ കഴിഞ്ഞൂ, ഓട്ടോ, ഒരു പത്തുമിനിറ്റു നേരത്തേ വന്നതാ, നമ്മൾ പതിവുകാരല്ലേ, ബാബു, വെയിറ്റ് ചെയ്തോളും. അമ്മ, ടി വി കാണുകയാണോ? നീ, റൂമിൻ്റെ വാതിലൊന്നടച്ചേ, ഞാൻ പുറത്തു കടക്കട്ടേ”

ഷീബ, കിടപ്പുമുറിയുടെ വാതിലടച്ചു. ബോൾട്ടു വീഴുന്ന ശബ്ദം കേട്ടയുടൻ കുളിമുറിയുടെ വാതിൽ തുറക്കപ്പെട്ടു. ഒറ്റത്തോർത്തുമുടുത്തു, സുരേഷ് പുറത്തേക്കിറങ്ങി. കുളിമുറിയുടെ ഉയർന്ന പടവിൽ കാൽതട്ടി, അയാൾ വീഴാനാഞ്ഞു. ഷീബ, അയാളുടെ ചുമലിൽ കൈചേർത്തുപിടിച്ചു കട്ടിലിൽ ഇരുത്തി. മടക്കിവക്കാൻ കഴിയാത്ത വലംകാൽ മുന്നോട്ടു നീണ്ടുനിന്നു. തോർത്തുമുണ്ടും ഉരിഞ്ഞു ദിഗംബരനായിരുന്ന ഭർത്താവിനു അ* ടിവസ്ത്രമടക്കം ധരിക്കാൻ അവൾ സഹായിച്ചു. നിവർന്നുനിന്നപ്പോൾ, അയാളുടെ അരക്കെട്ടിൽ മുണ്ടുമുറുക്കിയുടുപ്പിച്ചു. പുതിയ ഷർട്ടും ധരിച്ചു, മുടി ചീകിമിനുക്കിയൊരുങ്ങി വാതിൽ തുറന്നു പുറത്തേക്കിറങ്ങി. അത്രയുമായപ്പോളേക്കും, അവളുടെ സാരി തെല്ലു ചുളിഞ്ഞുലഞ്ഞിരുന്നു. കൈലേസെടുത്തു മുഖത്തേ വിയർപ്പൊപ്പി, അവളും അകത്തളത്തിലേക്കു നീങ്ങി.

അകത്തളത്തിൽ, ടി വി യിൽ എന്തോ പരമ്പരയുടെ സംഘർഷങ്ങളിൽ മുഴുകിയിരിക്കുകയാണ് അമ്മ. തൊട്ടടുത്തു ആൾപ്പെരുമാറ്റമുണ്ടായിട്ടും ദൃഷ്ടി പിൻവലിക്കാതെ അവർ അങ്ങനേയിരുന്നു. അറുപതിനോടടുത്ത പ്രായത്തിലും പൂർണ്ണ ആരോഗ്യവതിയായിരുന്നു അവർ.

“അമ്മേ, ഞങ്ങള് സാബൂൻ്റെ അനിയത്തീടെ കല്യാണത്തിനു പൂവ്വാണ്. ഞങ്ങൾ പോയിക്കഴിയുമ്പോൾ, ഉമ്മറവാതിലടച്ചേക്കണം. പരിചയമില്ലാത്തോരു വന്നാൽ ജനലിൽക്കൂടി സംസാരിച്ചാൽ മതി. ഞങ്ങളു വേഗം മടങ്ങിവരും”

അമ്മ, തെല്ലിട മിണ്ടാതെ നിന്നു. എന്നിട്ടു പിറുപിറുത്തു.

“കല്യാണോം സദ്യയും കഴിഞ്ഞാൽ നേരിട്ടു വീട്ടിലേക്കു വരിക, കുടിക്കാനും മോന്താനുമൊന്നും നിൽക്കണ്ടാ. സാബൂൻ്റെ മൂത്തപെങ്ങളുടെ കല്യാണദിവസം മറന്നിട്ടില്ലല്ലോ, ല്ലേ? ഓർമ്മകൾ നല്ലതാണ്”

അവർ, പിന്നെയും എന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരുന്നു. പിന്നീട്, വീണ്ടും ടെലിവിഷനിലേക്കു ശ്രദ്ധ തിരിച്ചു. ഓട്ടോയ്ക്കരികിലെത്തി,

സുരേഷാണ് ആദ്യം കയറിയത്. മടങ്ങാത്ത കാൽ കയറ്റിവക്കാൻ ഏറെ ക്ലേശം സഹിക്കേണ്ടി വന്നു. ഷീബയും കയറിയിരുന്നു. ഓട്ടോ, പതുക്കേ മുന്നോട്ടുരുണ്ടു. സുരേഷ് നിശബ്ദനായിരുന്നു. ഷീബ, വഴിയോരത്തേക്കു കണ്ണുനട്ടു. കാഴ്ച്ചകൾ പുറകോട്ടു പാഞ്ഞു. ഒപ്പം, ഓർമ്മകളും.

അത്യാവശ്യം സമ്പത്തുള്ള വീട്ടിലായിരുന്നു ഷീബ ജനിച്ചുവളർന്നത്. ഡിഗ്രി പൂർത്തിയാക്കി, വിവാഹാലോചനകൾ ആരംഭിച്ചപ്പോളാണ് ഷീബയുടെ ഇരുണ്ട നിറം അവളുടെ ശത്രുവാകാൻ തുടങ്ങിയത്. ഉടലിൻ്റെ അഴകളവുകൾ ആർക്കും മോഹം ജനിപ്പിക്കുന്നതായിരുന്നുവെങ്കിലും കറുമ്പിപ്പെണ്ണിനേ ആരും മോഹിച്ചില്ല. പലയിടങ്ങളിൽ നിന്നും പലതവണ അവഗണകളും തഴച്ചിലും നേരിട്ടപ്പോൾ, പെണ്ണുകാണലെന്നത് ഒരു ശിക്ഷയായി തോന്നാൻ തുടങ്ങി.

അങ്ങനേയിരിക്കേയാണ്, സുരേഷിൻ്റെ ആലോചന വന്നത്. പെണ്ണുകാണാൻ വന്ന വെളുത്തുതുടുത്ത സുഭഗനായ സുരേഷിനെക്കണ്ടപ്പോൾ ആദ്യം കരയാനാണ് തോന്നിയത്. പക്ഷേ, ഹോട്ടൽ ബിസിനസ് നടത്തി പരാജയപ്പെട്ട സുരേഷിനു പെണ്ണിനേക്കാൾ ആവശ്യം, പൊന്നും പണവുമായിരുന്നു. കനത്ത സ്ത്രീധനത്തുക നൽകി ഷീബയെ സുരേഷിനൊപ്പമയച്ചു. ഏകമകളുടെ സന്തോഷങ്ങൾക്കു വേണ്ടി മാതാപിതാക്കൾ സുരേഷിൻ്റെ ബാധ്യതകൾ ഓരോന്നായി വീട്ടി. വീണ്ടും, ഹോട്ടൽ ബിസിനസ് പുരോഗതിയിലേക്കു നീങ്ങാൻ തുടങ്ങി. സമ്പത്തിൻ്റെ മടങ്ങിവരവുകളുടെ കാലങ്ങളിൽ, ഷീബയുടെ നിറം സുരേഷിനു ബോധിക്കാതെ വന്നുതുടങ്ങി.

ഭർത്താവിൻ്റെയും അമ്മയുടെയും പരിഹാസങ്ങളും അവഗണനയുമായിരുന്നു, തുടക്കം. സ്വന്തം രൂപത്തേ, അവൾ അത്രമേൽ വെറുത്തു. കണ്ണാടിയിൽ പതിഞ്ഞ പ്രതിബിംബത്തിൻ്റെ, നിറം കൂടിയ മൂക്ക് വേറിട്ടുനിൽക്കുന്നത് ഏറ്റവും അസഹ്യത അവളിൽ തീർത്തു. ചടങ്ങുകളിലേക്കുള്ള യാത്രകളിൽ, സുരേഷ് തനിച്ചായി സഞ്ചാരം. ഷീബയും എത്തേണ്ട ചടങ്ങുകളിൽ, രണ്ടാളും രണ്ടു സമയങ്ങളിലെത്തി. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്താൽ, വധൂവരൻമാർക്കൊപ്പം ചിത്രമെടുക്കാൻ ഒരുമിച്ചുനിൽക്കാൻ സുരേഷ് ഒരിക്കലും തയ്യാറായിരുന്നില്ല.

കിടപ്പുമുറിയിലെ അവഗണനകൾക്ക് അന്ത്യമില്ലായിരുന്നു. സ്വന്തം ലാപ്ടോപ്പിൽ, വെളുത്ത സുന്ദരികളുടെ ന* ഗ്ന വീഡിയോകൾ സുരേഷ് മതിമറന്നിരുന്നു കാണുമ്പോൾ, ഷീബ ഉറങ്ങാതെ കിടപ്പുണ്ടാകും. ര* തിവന്യതകളുടെ സീൽക്കാരങ്ങൾ ശബ്ദം കുറഞ്ഞെങ്കിലും കാതുകളിലേക്കൊഴുകി വന്നുകൊണ്ടിരുന്നു.

“എടീ, വേണമെങ്കിൽ വന്നിരുന്നു കണ്ടോ? ഇത് നിൻ്റെ പോലെ കരിഞ്ഞതല്ല. മൊത്തം നല്ല കളറാ, ഇതു കണ്ടിട്ട്, നിന്നെ നോക്കുമ്പോൾ മരിക്കാനാണ് തോന്നുന്നത്”

സുരേഷിൻ്റെ പരിഹാസശരങ്ങളിൽ നൊന്ത്, ഉറക്കം കാത്തങ്ങനേ കിടക്കും.
അപ്പോളും ലാപ്ടോപ്പിൽ വൈകൃതങ്ങൾ തുടരുന്നുണ്ടാകും. പതിയേ, ഉറക്കത്തിലേക്കു വീഴുമ്പോളായിരിക്കും ശരീരത്തിൽ, പനിപിടിച്ച ചൂടുമായി സുരേഷ് അമരുന്നത്. വിവസ്ത്രയാകുമ്പോഴും, വഴങ്ങിക്കൊടുക്കുമ്പോഴും അവൾക്ക് പരാതികളില്ലായിരുന്നു. ഇടക്ക്, കാതുകളിൽ ഒരു മുരൾച്ച പോലെ കേൾക്കാം.

“ലൈറ്റണച്ചാൽ, പിന്നെന്ത് കളറ്, നിവർന്നു കിടക്കെടീ”

ഒരു മരവിപ്പിലങ്ങനെ വഴങ്ങുമ്പോൾ, ഓർമ്മകളിൽ വരാറുള്ളത് ഏതോ നോവലിൽ വായിച്ച ജന്മിയുടേയും അടിയാത്തിയുടെയും കഥയായിരുന്നു. പകൽ മുഴുവൻ തീണ്ടാപ്പാടകലെ നിർത്തിയവളുടെ ഉടലിൽ, രാത്രിയിൽ കാ* മശമനം തീർത്ത പഴയ പ്രതാപിയുടെ കഥ.bഅങ്ങനേ എത്രയോ രാവുകൾ.

സാബു, സുരേഷിൻ്റെ ഏറ്റവുമടുത്ത സുഹൃത്താണ്. ഒന്നരവർഷം മുൻപായിരുന്നു സാബുവിൻ്റെ മൂത്ത പെങ്ങളുടെ വിവാഹം. തലേദിവസം രാത്രി, വളരേ നേരംവൈകിയാണ് സുരേഷ് വീട്ടിത്തിയത്. കല്യാണത്തലേന്നിൻ്റെ ആഘോഷം, കിടപ്പുമുറിയിലാകെ മ * ദ്യഗന്ധമായിപ്പടർന്നു. പിറ്റേന്ന്, പത്തുമണിയാകുമ്പോഴേക്കും സുരേഷ് ചമഞ്ഞൊരുങ്ങി ബൈക്കിലേറി വിവാഹത്തിനു പുറപ്പെട്ടു. പുതുവസ്ത്രങ്ങളിൽ, അയാളൊരു സിനിമാനായകനേപ്പോലെ സുന്ദരനായിരുന്നു.

പതിനൊന്നരയ്ക്കാണ് ഷീബ പുറപ്പെട്ടത്, ഇളംനിറങ്ങളുള്ള പുടവകളാണുടുത്തത്. ആഭരണങ്ങളും വളരെക്കുറച്ചേ അണിഞ്ഞുള്ളൂ. കടുംനിറമുള്ള വസ്ത്രങ്ങളോടുള്ള പ്രണയത്തേ എന്നോ ഉപേക്ഷിച്ചിരുന്നു. എല്ലാം കഴിഞ്ഞ്, കണ്ണാടിയിൽ നോക്കിയപ്പോൾ നിറം കൂടിയ മൂക്കു വേറിട്ടുനിന്നു. കാളിദാസകൃതികളിലേതു പോലുള്ള ഉടൽച്ചേലു മാത്രം വ്യത്യസ്തമായി നിൽക്കുന്നു. തെല്ലു നിറം കൂടിയുണ്ടായിരുന്നുവെങ്കിൽ, എത്ര മാദകമായിരുന്നു തൻ്റെ ഉ ടലെന്നവൾക്കു തോന്നി.

ബാബുവേട്ടൻ്റെ ഓട്ടോയിൽ കല്യാണമണ്ഡപത്തിലെത്തുമ്പോഴേ കണ്ടു. മിന്നൽ കണക്കേ ജ്വലിച്ചുനിൽക്കുന്ന ഭർത്താവിനെ, സാബുവിൻ്റെ അരികിലേക്ക് ഒരുമിച്ചാണു ചെന്നത്. ഭക്ഷണം കഴിച്ച്, സമസ്ത ചടങ്ങുകളിലും പങ്കെടുത്തിട്ടേ പോകാവൂ എന്ന സാബുവിൻ്റെ അഭ്യർത്ഥന കേട്ടു ചിരിക്കാൻ തോന്നി. ഫോട്ടോവേളയ്ക്കു തൊട്ടുമുൻപു സുരേഷിനെ കാണുമ്പോൾ, ആ കണ്ണും കവിൾത്തടങ്ങളും ചുവന്നിരിക്കുന്നുണ്ടായിരുന്നു. ഇന്നലത്തെ മ* ദ്യപാനത്തിൻ്റെ തുടർച്ച ഇന്നുമുണ്ടായിരുന്നിരിക്കണം.

തിരികേ, ഓട്ടോയിൽ തനിച്ചുമടങ്ങുമ്പോൾ സുരേഷ് അവിടെയെങ്ങുമുണ്ടായിരുന്നില്ല. വീട്ടിലെത്തിയ ശേഷമാണ് ഫോണിലേക്ക് ആ വാർത്തയെത്തിയത്. കല്യാണമേളനങ്ങളുടെ ഉന്മാദത്തിൽ മടങ്ങിയ സുരേഷിൻ്റെ ബൈക്ക്, ഒരു കാറുമായി കൂട്ടിയിടിച്ചത്രേ.

ആശുപത്രിയിലും വീട്ടിലുമായി നീണ്ടുപോയ, കിടന്ന കിടപ്പ്. വലതു കാൽമുട്ടു തകർന്നിരുന്നു. മുഖമടിച്ചുള്ള വീഴ്ച്ചയിൽ മുഖമാകെ തകർന്നു പോയിരുന്നു. മച്ചും നോക്കി കിടന്നയാളുടെ മുറിയിൽ, മരുന്നുകളുടേയും മുഷിച്ചിലുകളുടേയും വിസർജ്യങ്ങളുടേയും ഗന്ധം സമന്വയിച്ചു. ഷീബക്കു പരാതികളില്ലായിരുന്നു. ആറുമാസം വേണ്ടിവന്നു, ഇന്നത്തെ സ്ഥിതിയിലെത്താൻ. പിന്നെയും ഒരുവർഷം കൂടി കടന്നുപോയി.

കല്യാണമണ്ഡപത്തിനു മുന്നിൽ ഓട്ടോ നിന്നു. ഷീബയിറങ്ങി. ഏറെ സാവകാശം സുരേഷും, ബാബുവേട്ടൻ ഓട്ടോയൊതുക്കി കാത്തിരിക്കാൻ പോയി.

സുരേഷിൻ്റെ കൈയ്യും പിടിച്ച്, ഷീബ മണ്ഡപത്തിലേക്കു നടന്നു. അവിടെക്കൂടിയവരുടെ നോട്ടം മുഴുവൻ അവരിലേക്കായി. പക്ഷേ, ഇത്തവണ നോട്ടങ്ങൾ കേന്ദ്രീകരിച്ചത്, അവളുടെ കറുത്ത ഉടലിൻ്റെ മാ ദകത്വങ്ങളിലേക്കായിരുന്നില്ല. സുരേഷിൻ്റെ മുഖത്തേക്കായിരുന്നു.

ഷീബ, അയാളുടെ മുഖത്തേക്കു നോക്കി. വേനലിൽ വിണ്ടടർന്ന പാടം കണക്കേ, വിണ്ടും വരഞ്ഞും നിന്ന മുറിവടയാളങ്ങൾ ആ മുഖത്തു ക്രൗര്യം തീർക്കുന്നു. സുരേഷ്, ഏതോ ഉൾപ്രേരണയാൽ കൈലേസു കൊണ്ടു മുഖം മറച്ചു. പുറകിലേ നിരയിലൊരറ്റത്ത് അയാൾ വലതുകാൽ നീട്ടിവച്ചിരുന്നു. പതിയേ, ഷീബയോടു പിറുപിറുത്തു.

“ഊണു കഴിഞ്ഞാൽ, ഉടനേ പോകാം”

അവൾ തലയാട്ടി. മണ്ഡപത്തിൽ നിന്നും വായ്ക്കുരവകളുയർന്നു. ഷീബ, അങ്ങോട്ടു നോക്കി. വെളുത്തു തുടുത്ത നവവധു, അവളെ മാലയിടുന്ന കറുത്തിരുണ്ടൊരു യുവാവ്. ഷീബയുടെ മനസ്സു മന്ത്രിച്ചു. അവർക്കു നന്മകൾ വന്നുചേരട്ടേ. ഉടലിനേക്കാൾ, ഉൾത്താർ ശോഭിയ്ക്കട്ടേ.

കെട്ടിമേളം തുടർന്നുകൊണ്ടേയിരുന്നു…