വിധി
എഴുത്ത്: ദേവാംശി ദേവ
====================
രാവിലെ അടുക്കളയിൽ തിരക്കിട്ട പണിയിൽ നിൽക്കുകയായിരുന്നു സുപ്രിയ..അപ്പോഴാണ് കോളിംഗ് ബെൽ കേട്ടത്..
ഈ സമയത്ത് ഇത് ആരാ എന്ന ചിന്തയോടെ അവൾ പോയി വാതിൽ തുറന്നു..മുന്നിൽ നിൽക്കുന്ന അച്ഛനെയും ചേച്ചിയുടെ ഭർത്താവ് രാഹുലേട്ടനെയും കണ്ടപ്പോൾ അവൾക്ക് അത്ഭുതമാണ് തോന്നിയത്.
അവളുടെയും പ്രവീണിന്റെയും പ്രണയവിവാഹം ആയിരുന്നു..പ്രവീണിന്റെ ബന്ധം അച്ഛനും രാഹുലിനും ഇഷ്ടമല്ലായിരുന്നു.
അവർ എത്രയൊക്കെ എതിർത്തിട്ടും അവൾ, പ്രവീണിനെ തന്നെ വേണമെന്ന് വാശി പിടിച്ചു..അങ്ങനെയാണ് വിവാഹം നടന്നത്.
അത് അറിയാവുന്നതുകൊണ്ടു തന്നെ പ്രവീണിന് അവരോടൊന്നും വലിയ താല്പര്യം ഉണ്ടായിരുന്നില്ല..അതുകൊണ്ട് അവർ വീട്ടിലേക്ക് അധികം വരാറും ഇല്ല.
“എന്താ അച്ഛാ ഇത്ര രാവിലെ തന്നെ..”
“ഞങ്ങൾ പ്രവീൺ വിളിച്ചിട്ട് വന്നതാ..”
“ഏട്ടൻ കുളിക്കുകയാ..നിങ്ങള് കയറി ഇരിക്ക്.” അവരെ വിളിച്ച കാര്യം തന്നോട് പറഞ്ഞില്ലല്ലോ എന്ന സംശയത്തോടെ അവൾ അവരെ അകത്തേക്ക് ക്ഷണിച്ചു.
“ആ..നിങ്ങൾ എത്തിയോ..സുപ്രിയേ ചായ എടുക്ക്.” അവൾ അതിശയത്തോടെ അവനെ നോക്കി. ആദ്യമായാണ് തന്നെ സുപ്രിയ എന്ന് മുഴുവൻ പേര് വിളിക്കുന്നത്..ഇല്ലെങ്കിൽ പ്രിയ എന്നുമാത്രമേ വിളിക്കാറുള്ളൂ..
അവൾ പോയി മൂന്നുപേർക്കുള്ള ചായയുമായി വന്നു.
“സുപ്രിയ..നമ്മുടെ റൂമിലെ കബോഡിൽ ഒരു ഫയൽ ഉണ്ട്..എടുത്തിട്ടു വാ..” അവൾ പോയി ഫയൽ എടുത്തുകൊണ്ട് കൊടുത്തു..
“ഞാൻ സുപ്രിയയുടെ അച്ഛനെയും രാഹുലിനെയും വിളിച്ചത് പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ്. എന്റെയും സുപ്രിയയുടെയും വിവാഹം കഴിഞ്ഞിട്ട് ഏഴ് വർഷം കഴിഞ്ഞു..ഇതുവരെ ഒരു കുഞ്ഞുണ്ടായില്ല. സുപ്രിയക്ക് ഒരു അമ്മയാകാനുള്ള കഴിവില്ല. അതുകൊണ്ട് തന്നെ ഈ ബന്ധവുമായി മുന്നോട്ട് പോകാനെനിക്ക് താൽപ്പര്യമില്ല. ഇത് ഡിവോഴ്‌സ് പെറ്റീഷനാണ്. പരസ്പര സമ്മതത്തോടെ പിരിയാനാണ് എനിക്ക് താല്പര്യം.”
“നിങ്ങൾ ഇതുവരെ ഡോക്ടറെ ഒന്നും കണ്ടില്ലല്ലോ..പിന്നെ എങ്ങനെ മനസ്സിലായി അവർക്കാണ് പ്രശ്നമെന്ന്.” തകർന്ന് നിൽക്കുന്ന അവളുടെ മനസ്സിലൂടെ കടന്നുപോയ ചോദ്യം രാഹുൽ ചോദിച്ചു..
അതിന് പ്രവീൺ എന്തെങ്കിലും മറുപടി പറയും മുൻപേ മുറ്റത്തൊരു കാർ വന്നുനിന്നു..അതിൽ നിന്നും ഒരു സ്ത്രീ പുറത്തേക്കിറങ്ങി.
അനഘ…പ്രവീണിന്റെ ഓഫീസിൽ ജോലിചെയ്യുന്ന സ്‌ത്രീയാണ്..പല ഫങ്ഷൻസിലും വെച്ച് സുപ്രിയ അവളെ കണ്ടിട്ടുണ്ട്.
“ഇത് അനഘ..എന്റെ കൂടെ ഓഫീസിൽ ജോലി ചെയ്യുന്നതാണ്..ഇവളുടെ വയറ്റിൽ എന്റെ കുഞ്ഞ് വളരുന്നുണ്ട്.” നിസാരമായി അവനത് പറയുമ്പോൾ വീണുപോകാതിരുക്കാൻ സുപ്രിയ വാതിലിൽ മുറുകെ പിടിച്ചു.
“വേണ്ടായിരുന്നെങ്കിൽ ഒരു വാക്ക് പറയാമായിരുന്നില്ലേ പ്രവിയേട്ടാ..ഞാനായി ഒഴിഞ്ഞു പോകുമായിരുന്നല്ലോ..ഞാൻ നിങ്ങളുടെ ഭാര്യയുടെ സ്ഥാനത്ത് ഇരിക്കുമ്പോൾ തന്നെ നിങ്ങൾ വേറൊരു പെണ്ണിനെ….”
ശബ്ദം ഇടറിയിട്ട് അവൾക്ക് സംസാരിക്കാൻ കഴിഞ്ഞില്ല..എങ്കിലും അവൾ കരഞ്ഞില്ല..ഡിവോഴ്‌സ് പേപ്പറിൽ ഒപ്പിട്ടു കൊടുത്തു..
“വാ മോളെ പോകാം..” അച്ഛൻ അവളെയും വിളിച്ച് പുറത്തേക്കിറങ്ങി.
അന്നുമുതൽ അനഘ അവന്റെ ഭാര്യയായി അവിടെ താമസിച്ചു തുടങ്ങി. പ്രവീണിന്റെ അച്ഛനും അമ്മക്കും സഹോദരങ്ങൾക്കൊന്നും അവളെ ഇഷ്ടമല്ലെങ്കിൽ കൂടി പ്രവീണിന്റെ കുഞ്ഞിനെയോർത്ത് അവർ അവളെ സ്വീകരിച്ചു..ദിവസങ്ങൾ കടന്നുപോയി..അനഘ ഒരു ആൺ കുഞ്ഞിന് ജന്മം നൽകി..
നാല് വർഷങ്ങൾ അതിവേഗം കടന്നുപോയി..
അനഘ, പ്രവീണിന്റെ വീട്ടുകാരുമായൊന്നും ചേരാത്തതുകൊണ്ട് അവൻ ട്രാൻസ്ഫർ വാങ്ങി അവളെയും മോനെയും കൂട്ടി മറ്റൊരു നാട്ടിലേക്ക് പോയി..
“നീ ഇതുവരെ റെഡിയായില്ലേ അനഘ.”
“ദാ വരുന്നു പ്രവി..” മോനെയും കൂട്ടി അവൾ വേഗം വന്നു.
പ്രവീണിന്റെ എം ഡി യുടെ ബാച്ചിലർ പാർട്ടിയാണ്..വലിയൊരു ഹോട്ടലിൽ വെച്ചാണ്. രണ്ടുപേരും അവിടെ എത്തുമ്പോൾ ഫങ്ഷൻ തുടങ്ങി കഴിഞ്ഞു..എം ഡി യുടെ കൂടെ നിൽക്കുന്ന പെൺകുട്ടിയെ കണ്ടതും പ്രവീണും അനഘയും ഞെട്ടി.
സുപ്രിയ..
അവളിൽ നിന്നും കണ്ണെടുക്കാൻ അവന് കഴിഞ്ഞില്ല..അത്ര മാത്രം സുന്ദരി ആയിരിക്കുന്നു അവൾ..തൻ്റെ കൂടെ ഉള്ളപ്പോൾ ഇത്രയും സുന്ദരിയായി താൻ കണ്ടിട്ടില്ലല്ലോ എന്നവനോർത്തു.
എം ഡിയോടൊപ്പം അവളെ കണ്ടിട്ട് അവന് സഹിക്കാൻ കഴിഞ്ഞില്ല..നമ്മൾ നഷ്ടപ്പെടുത്തിയത് നമ്മളെക്കാളും വലുതിനെ നേടുമ്പോഴുണ്ടാകുന്ന അസൂയയും ദേഷ്യവും ആ നിമിഷം അവനിലും ഉടലെടുത്തു.
“സർ..എനിക്ക് സാറിനോടൽപ്പം സംസാരിക്കാൻ ഉണ്ടായിരുന്നു.” എംഡിയെ തനിയെ കണ്ടപ്പോൾ പ്രവീൺ പറഞ്ഞു.
“എന്താ പ്രവീൺ..പറഞ്ഞോളൂ.”
“സാറിന്റെ ഭാര്യയാകാൻ പോകുന്ന കുട്ടിയെ എനിക്ക് അറിയാം. ആ കുട്ടി ഒരിക്കൽ വിവാഹം കഴിച്ചതാണ്.”
“അറിയാം പ്രവീൺ. അതൊരു പ്രണയവിവാഹം ആയിരുന്നു. എന്നിട്ടും അമ്മയാകാൻ കഴിയില്ലെന്ന് പറഞ്ഞ് അയാൾ അവളെ ഉപേക്ഷിച്ചു.” ഭാവവിത്യാസമില്ലാതെ അയാളത് പറയുമ്പോൾ പ്രവീണിന്റെ തല കുനിഞ്ഞു പോയി.
“പക്ഷെ പ്രവീൺ അയാൾ അറിയാതെ പോയൊരു കാര്യമുണ്ട്.” എന്താണെന്നുള്ള അർത്ഥത്തിൽ പ്രവീൺ അയാളെ നോക്കി.
“സത്യത്തിൽ പ്രിയക്ക് പ്രശ്നമൊന്നും ഇല്ല. അവർ പ്രണയിക്കുന്ന സമയത്ത് സുഹൃത്തുക്കളുമായി ടൂർ പോയ അയാൾക്ക് ഒരാകസിഡന്റ് ഉണ്ടായി..അയാളുടെ രണ്ട് കൂട്ടുകാർ മരിക്കുകയും ചെയ്തു..ജീവൻ തിരിച്ചു കിട്ടിയെങ്കിലും ഒരച്ഛനാകാനുള്ള കഴിവ് അയാൾക്ക് നഷ്ടമായി..ഡോക്ടർ അത് പറഞ്ഞത് രാപ്പകൽ ഇല്ലാതെ ഹോസ്പിറ്റലിൽ അയാൾക്ക് കൂട്ടിരുന്ന പ്രിയയോടാണ്..ആ സത്യമറിഞ്ഞാൽ അയാൾക്ക് സഹിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് അവൾ അത് അയാളെ അറിയിച്ചില്ല. മകളുടെ എന്ത് ആഗ്രഹത്തിനും കൂട്ടു നിന്നിരുന്ന അവളുടെ അച്ഛൻ അതോടെ ഈ വിവാഹത്തിന് എതിർത്തു..എന്നിട്ടും വാശി പിടിച്ച് അവൾ അവനെ നേടി എടുത്തു. മ ച്ചി എന്ന വിളി അയാളുടെ വീട്ടുകാർ ഒളിഞ്ഞും തെളിഞ്ഞും വിളിച്ചിട്ടും അവൾ എതിർത്തട്ടില്ല..പക്ഷെ അവളുടെ മനസ്സിന്റെ നന്മയറിയാൻ അവന് പറ്റിയില്ല..അത് എന്റെ ഭാഗ്യമാണെടോ..ഇല്ലെങ്കിൽ എനിക്ക് അവളെ കിട്ടില്ലായിരുന്നു.”
“കള്ളമാണ് സർ. അയാളിന്നൊരു കുഞ്ഞിന്റെ അച്ഛനാണ്..”
“അതിന് എന്ത് തെളിവാടോ ഉള്ളത്..ആ പെൺകുട്ടിയുമായി അയാൾക്കുണ്ടായിരുന്നതു പോലെ മറ്റുപലർക്കും റിലേഷൻസ് ഉണ്ടായിരുന്നിരിക്കാം..അതിൽ ആരുടെയെങ്കിലും കുഞ്ഞ് ആയിക്കൂടെ..” പറഞ്ഞു തീർന്ന അയാൾ നടന്നു പോകുമ്പോൾ പ്രവീൺ പൂർണമായും തകർന്നിരുന്നു..
“പ്രവീൺ…”
വിളികേട്ട് അവൻ തിരിഞ്ഞു നോക്കി..രാഹുൽ.
“സംസാരിച്ചതെല്ലാം ഞാൻ കേട്ടു..പ്രിയമോളെ വിവാഹം കഴിക്കാൻ പോകുന്ന നിന്റെ എം ഡിക്ക് നിന്നെ നന്നായി അറിയാം..അറിഞ്ഞുകൊണ്ട് തന്നെയാ അവൻ നിന്നാട് സംസാരിച്ചത്.
നിന്നെ രണ്ട് കാര്യങ്ങൾ ഏല്പിക്കാനാണ് ഞാൻ വന്നത്.
ഒന്ന് നിന്റെ ഹോസ്പിറ്റൽ റെക്കോർഡ്‌സ്..നിനക്കൊരിക്കലും അച്ഛനാകാൻ കഴിയില്ലെന്നുള്ള രേഖ. നീ അതൊരിക്കലും കാണാതിരിക്കാൻ അവൾ ഇത് അവളുടെ വീട്ടിലാണ് വെച്ചിരുന്നത്..
രണ്ടാമത്തത്…” ഒന്നും പറയാതെ രാഹുലൊരു കവർ അവന്റെ കൈയ്യിൽ കൊടുത്തു..പ്രവീൺ അത് വാങ്ങി തുറന്നു നോക്കി..
അതിൽ അനഘയുടെയും അവന്റെയോരു കൂട്ടുകാരന്റെയും പല തരത്തിലുള്ള ഫോട്ടോകളാണ്. പ്രവീണും അനഘയും അവനും ഒരുമിച്ചായിരുന്നു ജോലി ചെയ്തിരുന്നത്..അവരുടെ ബന്ധത്തിന് എല്ലാ സപ്പോർട്ടും ചെയ്തതും അവനായിരുന്നു..
എന്നാൽ സുപ്രിയക്ക് അവനെ ഇഷ്ടമായിരുന്നില്ലെന്ന് പ്രവീണ് ഓർത്തു. അവൻ വീട്ടിൽ വരുന്നത് അവൾ എതിർത്തിരുന്നു..അവന്റെ സ്വഭാവം ശരിയല്ലെന്ന് പലവട്ടം പറഞ്ഞു..താനതന്ന് കാര്യമാക്കിയില്ല.
“തന്റെ കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് ഇനി ഞാൻ പറഞ്ഞു തരണ്ടേ ആവശ്യം ഇല്ലല്ലോ..” രാഹുൽ തിരിഞ്ഞ് നടക്കുമ്പോൾ തളർന്നു പോയ പ്രവീൺ അവിടെ ഇരുന്നു..
“അച്ഛാ..” ഇതുവരെ തന്റെ ചോര എന്ന് വിശ്വസിച്ച് സ്നേഹിച്ച ആ കുഞ്ഞ് ഓടിവന്ന് അവന്റെ മടിയിൽ കയറി ഇരുന്ന് അവന്റെ മീശയിലും താടിയിലുമൊക്കെ പിടിച്ച് വലിച്ച് കളിക്കാൻ തുടങ്ങി….
ഇനിയെന്ത്…??????? എന്നറിയാതെ പ്രവീൺ ആ കുഞ്ഞിനെ തന്നെ നോക്കിയിരുന്നു..